Image

സ്വപ്‌നഭൂമിക (നോവല്‍: 29 - മുരളി ജെ നായര്‍)

മുരളി ജെ നായര്‍ Published on 13 June, 2015
സ്വപ്‌നഭൂമിക (നോവല്‍: 29 - മുരളി ജെ നായര്‍)
ഇരുപത്തിയൊന്‍പത്

ഡ്രൈവ് വേയില്‍ കാര്‍ നിര്‍ത്തി, റോസമ്മ ഇറങ്ങി.
വീട്ടില്‍ ആരുമില്ലെന്നു തോന്നുന്നു.
രാവിലെ എട്ടുമണി കഴിഞ്ഞതേയുള്ളെങ്കിലും വല്ലാത്ത ചൂട്. ഈ സമ്മറില്‍ ചൂടു കൂടുതലായിരുന്നു.
വാതില്‍ തുറന്ന് അകത്തേക്കു കയറി.
ഇല്ല, ആരുമില്ല. താന്‍ ആഗ്രഹിച്ചതുപോലെതന്നെ.
ഹാന്‍ഡ്ബാഗ് കോഫ് ടേബിളില്‍ വച്ചു.
സോഫയില്‍ ഇരുന്നു.
മനസിന് ഒരു ലാഘവത്വം. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കാന്‍ പോകുന്നു.
ചുവരിലെ ചിത്രങ്ങളിലേക്കു കണ്ണയച്ചു. താനും അച്ചായനും അനില്‍മോനും സന്ധ്യമോളും കൂടി എടുത്ത ചിത്രം. ഒരു വര്‍ഷത്തില്‍ താഴെ മാത്രമെ ആ ചിത്രത്തിനു പഴക്കമുള്ളൂ. അമേരിക്കയിലെ മിക്ക മലയാളി വീടുകളിലും കാണാവുന്ന കുടുംബചിത്രം! എല്ലാവരുടെയും മുഖത്ത് പ്രസന്നത, പുഞ്ചിരി. അതിനു പുറകില്‍ ഒളിച്ചിരിക്കുന്ന വേദന ഒപ്പിയെടുക്കാന്‍ ഒരു ക്യാമറാക്കണ്ണിനു കഴിയുകയില്ലല്ലോ!
വിനോദിന്റെ പടം ഭിത്തിയില്‍ സ്ഥാനം പിടിച്ചില്ല, ഇതുവരെ. ഇനി അതിനു സാദ്ധ്യതയുണ്ടാകുന്ന കാര്യവും സംശയമാണ്.
വിനോദ് വീടുവിട്ടിറങ്ങിയിട്ട് ഇന്ന് അഞ്ചാംദിവസം.
എവിടെയാണു താമസമെന്ന് അറിയില്ല.
പുതിയ 'ഗാങ്ങി'ല്‍പെട്ട ആരുടെയോ വീട്ടിലാണെന്ന് സന്ധ്യ പറയുന്നതു കേട്ടു. അച്ചായനാണെങ്കില്‍ ആ വിഷയം സംസാരിക്കാനേ ഇഷ്ടമില്ലാത്തതു പോലെ.
ഇതൊക്കെയായിട്ടും വിനോദ് മോട്ടലിലെ ജോലിക്ക് സ്ഥിരമായി പോകുന്നുണ്ടത്രെ.
താന്‍ ഇന്നലെ മോട്ടലില്‍ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചതാണ്. എത്ര താഴാനും കാലുപിടിക്കാനും തയ്യാറാണ്. സന്ധ്യമോള്‍ ഇനി ദുഃഖിക്കുന്നതു കാണാന്‍ വയ്യ. ഇതിനകം അവള്‍ ആവുന്നതിലധികം സഹിച്ചു കഴിഞ്ഞു.
എന്നാല്‍ വിനോദിന് സംസാരിക്കാന്‍ താല്‍പര്യമില്ലായിരുന്നു. ജോലിത്തിരിക്കിലാണത്രെ. എന്നു മാത്രമല്ല, നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന സ്വരത്തില്‍ പറയുകയും ചെയ്തു. 'തല്ക്കാലം എനിക്കൊന്നും പറയാനില്ല ആന്റീ. സമയമാകുമ്പോള്‍ അറിയേണ്ട രീതിയില്‍ എല്ലാം നിങ്ങള്‍ അറിയും.'
'മോനേ!'
'ബൈ, ആന്റീ.'
ഫോണ്‍ വയ്ക്കുന്ന ശബ്ദം.
അപ്പോള്‍ വിവാഹമോചനം നേടാന്‍ തന്നെയാണോ അവന്റെയും തീരുമാനം? ഡിവോഴ്‌സ് ചെയ്താല്‍പ്പിന്നെ വിനുവിന് അമേരിക്കയില്‍ നില്‍ക്കാന്‍ പറ്റില്ലല്ലോ. ഇവിടുത്തെ ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ വിലക്കുകള്‍ ഇതിനകം അവനും ഗ്രഹിച്ചു കാണണം. അവന്റെ ഗ്രീന്‍ കാര്‍ഡ് പെര്‍മനന്റ് ആകണമെങ്കില്‍ രണ്ടു വര്‍ഷം കഴിയേണ്ടേ?
ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നു വരുമോ? വ്യക്തി സ്വാതന്ത്ര്യത്തിന് അമിതപ്രാധാന്യം കല്പിക്കുന്ന ഈ രാജ്യത്ത് ഒരു നല്ല വക്കീലിനെപ്പിടിച്ചാല്‍ നിയമത്തിന്റെ പല പഴുതുകളും ഉപയോഗിച്ച് കുറേക്കാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞേക്കാം.
അതല്ലെങ്കില്‍, നാട്ടിലേക്കു തിരികെപ്പോകാനും വിനുവിനു വിഷമം കാണുകയില്ല. അമേരിക്കയില്‍ ഒരു വിനോദയാത്ര നടത്തിയ ലാഘവത്വമേ തോന്നൂ.
സന്ധ്യമോളുടെ ഭാവിയോ?
എന്നാല്‍ അവള്‍ക്ക് ഒരു കുലുക്കവുമില്ല.
'വിവാഹമോചനം എന്നു പറയുന്നത് ഈ രാജ്യത്ത് അത്ര വലിയ പ്രശ്‌നമൊന്നുമല്ലെന്നു മമ്മിക്കറിയാമല്ലോ.' അവളുടെ ന്യായീകരണം. 'അതില്‍നിന്നു വരുന്ന മാനക്കേട് ഞാനങ്ങു സഹിച്ചുകൊള്ളാം. എന്നാലും വിനുവിനെപ്പോലൊരു കാട്ടാളന്റെ കൂടെ ജീവിക്കാന്‍ എന്നെക്കിട്ടില്ല.'
തരിച്ചിരുന്നുപോയി. സന്ധ്യമോള്‍ തന്നെയോ, ഈ പറയുന്നത്! തന്നെ വേദനിപ്പിച്ചതിന് ഒരായിരം വട്ടം മാപ്പുപറഞ്ഞ സന്ധ്യമോള്‍!
'മോളേ, നമ്മള്‍ നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും?'
'കണ്ടോ, ഇതാ ഞാന്‍ എപ്പഴും പറേന്നെ,' അവള്‍ സ്വരമുയര്‍ത്തി. നമ്മള്‍ മറ്റുള്ളവര്‍ക്കുവേണ്ടിയാണോ ജീവിക്കുന്നത്? മമ്മിക്കതിനു കഴിയുമായിരിക്കും. എന്നെക്കൊണ്ടു പറ്റില്ല.'
'എല്ലാം ഒന്നുകൂടി ആലോചിച്ചിട്ടുപോരേ മോളേ?' തന്റെ ചോദ്യത്തില്‍ നിസ്സഹായതയാണ് മുന്നിട്ടു നിന്നത്. അത്ര വലിയ പ്രശ്‌നമൊന്നും എന്തായാലും ഉണ്ടായിട്ടില്ലല്ലോ.'
'എന്തോന്ന് ആലിക്കാന്‍?' സന്ധ്യ കരയാനുള്ള ഭാവമായി. 'മമ്മിക്കും ഡാഡിക്കും വേണ്ടി ഇത്രയൊക്കെ ചെയ്തു. ഇനി കൂടതലൊന്നും ആവശ്യപ്പെടരുത്.'
അതിലും പരുക്കനായിരുന്നു അനിലിന്റെ പ്രതികരണം.
'കുറേ ദിവസം അലഞ്ഞുതിരിഞ്ഞിട്ട് തിരികെ വരും. അല്ലാതെവിടെപ്പോകാന്‍?' അനില്‍ ചിരിച്ചു.
'അവന്റെ ഗാങ്ങുകാര്‍ എത്ര സപ്പോര്‍ട്ടു ചെയ്യുമെന്നു നമുക്കറിഞ്ഞുകൂടേ?'
സ്തംഭിച്ചിരുന്നുപോയി, ദൈവമേ!
അച്ചായന്റെ ന്യായീകരണം കൂടുതല്‍ വിചിത്രമായി തോന്നി.
'അവന്റെ പാട്ടിനുപോകട്ടെ. അമേരിക്കയില്‍ അത്രയ്ക്കങ്ങു വിലസാന്‍ പറ്റില്ലെന്ന് അവനറിയാമല്ലോ. അതിനു തക്ക വിവരമൊക്കെയുണ്ട്. കുറേ പാടുപെടുമ്പം തിരിച്ചിങ്ങു വരും. കാലുപിടിക്കാന്‍.'
'അവനു നാട്ടിലേക്കു തിരികെപ്പോകാനും അത്ര വിഷമം കാണില്ലല്ലോ?' താന്‍ വാദിക്കാന്‍ നോക്കി.
'പോകുന്നെങ്കില്‍ പോകട്ടെ,' അച്ചായന്‍ ഒന്നു നിര്‍ത്തി. 'എന്റെ റോസീ, അവന്റെ പ്രായത്തിലുള്ളവരാരും ഒരിക്കല്‍ അമേരിക്കന്‍ ജീവിതം അനുഭവിച്ചാല്‍ പിന്നെ തിരികെപ്പോകാന്‍ ഇഷ്ടപ്പെടില്ല.'
എന്തൊരു ന്യായീകരണം! ദൈവമേ ഈ മനുഷ്യര്‍ക്കൊക്കെ എന്തുപറ്റി?
സോഫയില്‍ നിന്നെഴുന്നേറ്റു.
വീടിനുള്ളില്‍ എല്ലായിടവും ഒന്നു ചുറ്റിക്കറങ്ങാന്‍ തോന്നി. വര്‍ഷങ്ങളായുള്ള താളങ്ങളും താളക്കേടുകളും മോഹങ്ങളും മോഹഭംഗങ്ങളും വിതുമ്പി നിന്ന അന്തരീക്ഷം.
ചുറ്റി നടക്കവേ. ഓര്‍ത്തു, ഓരോ ഇഞ്ചു സ്ഥലത്തിനും കഥകള്‍ പറയാനുണ്ട്.
ബാത്‌റൂമിലേക്കു കയറി. ഇനിയത്തെ നീണ്ട യാത്രയ്ക്കു മുമ്പ് ഒരു കുളി എന്തായാലും അത്യാവശ്യമാണ്. ശരീരത്തിലെയും മനസിലേയും എല്ലാ മാലിന്യങ്ങളും അകറ്റണം.
കുളി കഴിഞ്ഞ് ബെഡ്‌റൂമിലെത്തി.
ക്രൂശിതരൂപത്തിനു മുമ്പില്‍ പതിവുള്ള പ്രാര്‍ത്ഥന.
നിത്യമായ വേര്‍പാടിനുമുമ്പ് പ്രിയപ്പെട്ടവര്‍ക്കായി ഒരു കുറിപ്പ് എഴുതിവയ്ക്കണം.
പേനയും റൈറ്റിങ് പാഡുമെടുത്ത് ഇരുന്നു.
എന്താണെഴുതുക?
അല്ലെങ്കില്‍ വേണ്ട. എന്തായാലും ആരും തന്റെ ആഗ്രഹങ്ങള്‍ മാനിച്ചല്ലല്ലോ ജീവിക്കുന്നത്. ഇനി അവസാനമായി താന്‍ ഒരു ഭാരം ഏല്പിച്ചുപോയി എന്ന പഴി വേണ്ട.
തന്നെക്കൊണ്ട് ഒന്നും നേരെയാക്കാന്‍ കഴിഞ്ഞില്ല.
താന്‍ ഇല്ലാതായാലെങ്കിലും അവരവര്‍ ഇഷ്ടംപോലെ ജീവിച്ചു കൊള്ളുമല്ലോ.
ഹാന്‍ഡ്ബാഗില്‍ നിന്ന് പൊതി എടുത്തു.
പത്തു ഗുളികകളുണ്ട്. ഡെമറോള്‍.
ഈ വെളുത്ത ഗുളികകളുടെ സ്വഭാവത്തെപ്പറ്റി വായിച്ചത് ഒരിക്കല്‍ക്കൂടി ഓര്‍ത്തു. മെപ്പരിഡൈന്‍ ഡൈഡ്രോക്ലോറൈഡ്. തലച്ചോറും സുഷ്മനാനാഡിയുമൊക്കെ ഉള്‍പ്പെട്ട സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റത്തെ മയക്കി, വേദനയോടുള്ള ഇമോഷനല്‍ റെസ്‌പോണ്‍സ് കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്ന്, ഗാസ്‌ട്രോ ഇന്റസ്‌റ്റെനല്‍ ട്രക്റ്റില്‍ വച്ച് നന്നായി ആഗിരണം ചെയ്യപ്പെടുന്നു. മെറ്റാബളിസം പ്രധാനമായും കരളിലാണു നടക്കുന്നതെങ്കിലും മരുന്ന് ശരീരത്താകമാനം പെട്ടെന്നു വ്യാപിക്കുന്നു.
തന്റെ ഉദ്യമത്തിന് ഏറ്റവും പറ്റിയ മാര്‍ഗം!
ഗുളികയുടെ പൊതി മേശപ്പുറത്തുവച്ചിട്ട് കിച്ചനിലേക്കു നടന്നു. ഒരു ഗ്ലാസ് വെള്ളമെടുക്കണം.
താന്‍ ഈ ഗുളികകള്‍ മോഷ്ടിച്ച കാര്യം പെട്ടെന്ന് ഏലിയാമ്മ കണ്ടുപിടിക്കാതിരുന്നാല്‍ മതിയായിരുന്നു. മുപ്പത്തേഴു ഗുളികകളേ ഇനി സ്റ്റോക്കില്‍ ഉള്ളൂ. 47 എന്നാണ് എഴുതിക്കൊടുത്തത്. ഇന്നലെ രാത്രി താന്‍ ടെയ്ക് ഓവര്‍ ചെയ്യുമ്പോള്‍ അമ്പതെണ്ണം ഉണ്ടായിരുന്നു. പോസ്റ്റ് സര്‍ജറിയിലെ പേഷ്യന്റുകള്‍ക്കായി മൂന്നെണ്ണം രാത്രി ചെലവായി.
വെള്ളവുമായി ബെഡ്‌റൂമില്‍ തിരിച്ചെത്തി. ഗ്ലാസ് നൈറ്റ്സ്റ്റാന്റില്‍ വച്ചു. കുറേശ്ശെ നെര്‍വസ് ആകുന്നുണ്ടോ?
ഏയ് ഇല്ല!
ഗുളികകള്‍ എടുത്ത് ഇടതു കൈയിലേക്കിട്ടു. വലതു കൈയില്‍ വെള്ളമെടുത്തു ക്രൂശിത രൂപത്തെ നോക്കി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു. മനസുകൊണ്ട് കുരിശു വരച്ചു.
ഗുളികകള്‍ ഒന്നായി വായിലേക്കിട്ടു.
ഗ്ലാസിലെ വെള്ളം ഒറ്റവലിക്കു കുടിച്ചു.
കട്ടിലിലേക്ക് കയറി നീണ്ടു നിവര്‍ന്ന് കണ്ണടച്ചു കിടന്നു.
എല്ലാം ശാന്തം. എയര്‍കണ്ടിഷനറിന്റെ മുരള്‍ച്ച മാത്രം.
മുറിയില്‍ തണുപ്പ് ഏറിവരുന്നതുപോലെ, ഇതെങ്ങനെ സംഭവിച്ചു?
പുതപ്പു വലിച്ച് ആസകലം മൂടി.
ഇല്ല, പുതപ്പിനു രക്ഷിക്കാനാവുന്നില്ല, കൊടും ശൈത്യം!
ജനലിനു പുറത്തും ശൈത്യക്കാറ്റ് ചിന്നം വിളിക്കുന്നുണ്ടെന്നു തോന്നുന്നു. അതെങ്ങനെ? ഇത് സമ്മറല്ലേ?
അയ്യോ മുറിക്കകത്ത് മഞ്ഞിന്റെ കനത്ത പടലങ്ങള്‍!
ശതകോടി പ്രാണികളെപ്പോലെ സ്‌നോഫ്‌ളേക്‌സ്.
ഈ സ്‌നോഫ്‌ളേക്‌സ് സന്ധ്യമോള്‍ക്ക് ചെറുപ്പത്തില്‍ ഇഷ്ടപ്പെട്ട കാഴ്ചയായിരുന്നു.
സന്ധ്യമോളുടെ കരച്ചിലല്ലേ കേള്‍ക്കുന്നത്?
എന്ത്, താനും പറക്കുകയാണോ ഈ മഞ്ഞിന്‍ ശലാകകളുടെ കൂടെ?
കാതിലും വിരലിലുമൊക്കെ ഇക്കിളിയിടുന്ന തണുപ്പ്. കണ്ണുകളിലൂടെ വെള്ളമൊലിക്കുന്നു. അതോ താന്‍ കരയുകയാണോ?
കൈ നിവര്‍ത്തി കണ്ണുനീര്‍ തുടയ്ക്കാന്‍ നോക്കി. കഴിയുന്നില്ല. 
കാറ്റിനു ശക്തി കൂടുന്നു.
അതാ വീണ്ടും സന്ധ്യമോളുടെ കരച്ചില്‍.
അതാ അവളുടെ മുഖം. മൂന്നു വയസ്സായ സന്ധ്യമോള്‍. അയ്യോ, അവളെ ആരും വിന്റര്‍ക്ലോത്സ് ഇടുവിച്ചില്ലേ? തണുത്തുമരവിച്ചാണെന്നു തോന്നുന്നു കരയുന്നത്.
'സന്ധ്യമോളേ....'
വാരിയെടുക്കാന്‍ അടുത്തേക്കു ചെല്ലുന്തോറും അവള്‍ അകന്നകന്നു പോകുന്നോ!
'അമ്മേ....'
ആ വിളിമാത്രം കേള്‍ക്കാം. 'മമ്മീ' എന്നല്ല. 'അമ്മേ' എന്ന്.
'മോളേ....'
ശബ്ദം തൊണ്ടയില്‍ കുടുങ്ങി.
മഞ്ഞിന്‍ പടലങ്ങള്‍ക്കിടയില്‍ അവളുടെ മുഖം ഒന്നുകൂടി കണ്ടു.
'മോളേ..... എന്റെ പൊന്നുമോളേ....'
ശബ്ദം പുറത്തേക്കു വരുന്നില്ലേ?
തണുപ്പുകാരണം വായ തുറക്കാനേ കഴിയുന്നില്ല. മോളെ ഒന്നുകൂടി കാണാന്‍ കഴിഞ്ഞെങ്കില്‍!
തണുപ്പ് വലിയൊരു മഞ്ഞുമലയായി തന്നെ വന്നു പൊതിയുന്നതറിഞ്ഞു.


സ്വപ്‌നഭൂമിക (നോവല്‍: 29 - മുരളി ജെ നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക