ഫ്രൈഡേ നൈറ്റിന്റെ ലഹരിയില്‍
ബാക് യാഡിന്റെ ഏകാന്തതയില്‍
മാനം നോക്കി ഞാന്‍
മരുത്വാ മല കയ്യിലേന്തി
വെളുത്ത ഹനുമാന്‍ മേഘങ്ങള്‍
ദ്രുതഗതിയില്‍ നീങ്ങുന്നു
അതില്‍ നിന്നു വീണു കുരുത്ത മലയാണ്മ
എന്റെ ചെടിച്ചട്ടികളില്‍...
മഞ്ഞ പൊക്കിള്‍ക്കുഴി കാട്ടി
വെളുത്ത ദലങ്ങളുമായി
മാദകത്വത്തിന്റെ ചെന്പകപ്പൂക്കള്‍
പൈങ്കിളി കഥയിലെ പനിനീര്‍പ്പൂക്കള്‍
നൊസ്റ്റാള്‍ജിയയുടെ കറിവേപ്പിലകള്‍
ഗ്രാമീണതയുടെ മുരിങ്ങപ്പൂക്കള്‍
ഉത്തരാധുനികതയുടെ ഓര്‍ക്കിഡ്ഡുകള്‍...
മാനത്തു
മാജിക് റിയലിസത്തിന്റെ അരങ്ങേറ്റം
നാഭിയില്‍ ലോക ഭൂപടം പച്ചകുത്തിയ
വെള്ളക്കാരി യുവതിയെപ്പോലെ
കാര്‍മേഘങ്ങള്‍ക്ക് നടുവില്‍
ചിരിച്ചു കൊണ്ട് മുഴു തിങ്കള്‍...
രണ്ടു കരിമേഘങ്ങള്‍
കരുത്തരായ കറുത്ത യുവാക്കളെപ്പോലെ,
സ്പാനിഷ് കാളപ്പോരുകാരെപ്പോലെ
ഇരുവശത്ത് നിന്നും
ഏറ്റുമുട്ടാനൊരുങ്ങുന്നു
കറുത്ത മേഘങ്ങള്‍
കൊന്പു കോര്‍ത്ത്
ചോര വാര്‍ന്നൊഴുകി
വേര്‍പെട്ടപ്പോഴും...
ലോക ഭൂപടം പച്ച കുത്തിയ നാഭി,
കൊളോണിയല്‍ തുടകളുടെ
സുരക്ഷിതത്വത്തിനുള്ളിലൊളിപ്പിച്ച്
ചിരിച്ചു കൊണ്ടേയിരിക്കുന്ന മുഴുതിങ്കള്‍
ഏകാന്തതയുടെ ശതവത്സരം* ധ്യാനിച്ച്
മക്കോണ്ടയിലെ
വാഴത്തോട്ടങ്ങള്‍ക്ക് മുകളിലൂടെ
ഒരൊറ്റയാന്‍ മേഘമായി ....
പിന്നെ അതിനെ ഭുമിയില്‍ നിന്ന്
തുടച്ചുമാറ്റുന്ന ചുഴലിക്കാറ്റായി.....
കൊമാലയുടെ**
വിജനമായ തെരുവുകളില്‍
ഒരു പ്രേത മൌനമായി....
ആല്‍ക്കെമിസ്റ്റിന്റെ*** ലാബില്‍
അമര്‍ത്യതയുടെ രസായനം തേടി ...
ചരിത്രാതീത കിടങ്ങുകളില്‍
ഒരു ദിനോസര്‍ മുട്ടയായി....
വാമനനായി, വരാഹമായി,
കൂര്‍മമായി, മത്സ്യമായി....
റിവേര്‍സ് ഗിയറില്‍ ഓടുന്ന
പറക്കും തളികയായി....
ഭുമിയുടെ ഹരിത നാഭിയില്‍
വീണ്ടും
പുനര്‍ജ്ജനിയുടെ ദ്രോണം തേടി
ആഴ്ന്നിറങ്ങുന്ന നാരായ വേരായി.........
*1 One Hundred Years of Solitude Gabriel Garcia Marquez
**2 കൊമാല Juan Rulfo യുടെ Pedro Paramo എന്ന നോവലിലെ പ്രേതനഗരം
***3 The Alchemist Paulo Coelho