മുപ്പത്
ലോബിയില്‍ പരിചയക്കാരുടെ തിരക്ക്.
ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണെന്നും ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കു മാത്രമേ അവിടേക്കു പ്രവേശനമുള്ളൂവെന്നറിഞ്ഞിട്ടും സന്ദര്‍ശകരുടെ തിരക്ക്.
'ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ.' തോമസ് എല്ലാവരോടുമായി പറഞ്ഞു.
ഐ.സി.യു.വിലേക്കുള്ള ലിഫ്റ്റിനു കാത്തു നില്‍ക്കവേ ഓര്‍ത്തു.
എന്തായാലും അപകടഘട്ടം തരണം ചെയ്തു. ഏലിയാമ്മയാണു സഹായിച്ചത്.
റോസമ്മയെ എമര്‍ജന്‍സിയില്‍ കൊണ്ടു വന്നതും ഓ.ഡി(ഓവര്‍ ഡോസ്) ആണെന്ന കാര്യവും ആരോ പറഞ്ഞ് അവര്‍ അറിഞ്ഞിരുന്നു. ഏതോ നല്ല ബുദ്ധി തോന്നി ഉടനെ അവര്‍ റോസമ്മയേല്‍പിച്ച മരുന്നുകളൊക്കെ ചെക്ക് ചെയ്തു. ഡെമറോള്‍ ഗുളികകള്‍ പത്തെണ്ണം കുറവ്! പെട്ടെന്ന് വിവരം ഡോക്ടറെ അറിയിച്ചു.
ഓവര്‍ഡോസ് എടുത്ത മരുന്ന് ഏതാണെന്ന് അറിഞ്ഞാല്‍ ചികിത്സ എളുപ്പമായി.
ഏലിയാമ്മവഴി വിവരം അറിഞ്ഞപ്പോഴേക്ക് സ്‌റ്റൊമക്ക് വാഷും രക്തപരിശോധനയും നടത്തിക്കഴിഞ്ഞിരുന്നു.
'കതേറ്ററ്റൈസേഷന്‍' വഴി എടുത്ത യൂറിന്‍ പരിശോധിച്ചതില്‍ നിന്ന് ഡെമറോള്‍ തന്നെയെന്ന് ഉറപ്പായി.
അടുത്തപടി ആന്റിഡോട്ട് കൊടുക്കല്‍. ഡെമറോളിനുള്ള ആന്റി ഡോട്ട് നാര്‍കെയന്‍. അത് ഡ്രിപ്പുവഴി കൊടുത്തു കൊണ്ടിരിക്കയാണ്, കഴിഞ്ഞ ഏതാനും മണിക്കൂറുകളായി.
അപകടഘട്ടം തരണം ചെയ്തുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്.
എങ്കിലും ഇപ്പോഴും 'കോമ'യിലാണ്.
ഐ.സി.യു വിലെത്തി.
അനില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. സന്ധ്യ ഒരു മൂലയില്‍ താടിക്ക് കൈയും കൊടുത്തിരിപ്പാണ്. അവള്‍ നന്നേ പരിക്ഷീണയാണ്.
മുമ്പ് കുറേ നേരം നിര്‍ത്താതെ കരഞ്ഞു. സമാധാനിപ്പിക്കാന്‍ തനിക്കൊട്ടു കഴിഞ്ഞുമില്ല.
അനിലിന്റെ ഭാവം പകയുടേയും ദേഷ്യത്തിന്റേയുമാണെന്നു തോന്നി.
'അവനെ വെറുതെ വിട്ടുകൂടാ.' കുറേമുമ്പ് പല്ലു ഞെരിച്ചുകൊണ്ട് പറഞ്ഞു. വിനോദിന്റെ കാര്യം.
റോസമ്മയുടെ കിടപ്പ് ഒന്നുകൂടി നോക്കി കസേരയില്‍ വന്നിരുന്നു. സന്ധ്യ തന്റെ നേരെ ഉറ്റുനോക്കുന്നതു കണ്ടു. പിന്നെ അവള്‍ മുഖം കുനിച്ചു.
പാവം കുട്ടി. അവള്‍ക്കായിരിക്കും തന്നേക്കാള്‍ കുറ്റബോധം!
ഇന്നു രാവിലെ, താന്‍ സമയത്തു വീട്ടിലെത്തിയതു നന്നായി. അല്ലായിരുന്നെങ്കില്‍....
രാവിലെ ബാങ്കില്‍ പോയിരുന്നു. പുതിയ ലോണിന്റെ കാര്യം സംസാരിക്കാന്‍.
മോര്‍ട്ട്‌ഗേജിന്റെ കടലാസുകളില്‍ ഒരെണ്ണം കാണാനില്ല. അതിന്റെ കോപ്പി കൊണ്ടുവന്നാല്‍ ഇന്നുതന്നെ പ്രോസസ്സ് ചെയ്യാനാവുമെന്ന് ലോണ്‍സ്‌പെഷ്യലിസ്റ്റ് പറഞ്ഞു.
ഉടനെ വീട്ടിലേക്കു തിരിച്ചു.
ഡ്രൈവ് വേയില്‍ കാര്‍ കണ്ടു. റോസമ്മ എത്തിയിട്ടുണ്ടെന്നു മനസ്സിലായി.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുള്ള ഉറക്കമാണെന്നു കരുതി ഉണര്‍ത്താതിരിക്കാന്‍ ശ്രദ്ധിച്ചു.
എത്ര തിരഞ്ഞിട്ടും പേപ്പര്‍ കിട്ടിയില്ല. പിന്നീടാണ് ഓര്‍മ്മ വന്നത്, അത് റോസമ്മയുടെ കൈയിലായിരുന്നു കൊടുത്തിരുന്നത്.
അവളെ ഉണര്‍ത്താതെ പറ്റില്ല.
കുലുക്കിവിളിച്ചിട്ടും ഉണരുന്നില്ല. ചുമലില്‍ പിടിച്ച് ശക്തിയായി കുലുക്കിനോക്കി. ഫലമില്ല.
പേടി തോന്നി.
റോസമ്മയ്‌ക്കെന്തു പറ്റി.
ഒന്നുകൂടി ശക്തിയായി അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു.
'റോസീ!'
അതൊലര്‍ച്ചയായിരുന്നു.
പെട്ടെന്നാണ് താഴെക്കിടന്ന ഗുളികകളുടെ റാപ്പറുകള്‍ കണ്ടത്. 'നോ!'
ഒരു നിമിഷം പ്രജ്ഞയറ്റുപോയി.
ഉടന്‍തന്നെ ഫോണെടുത്ത് ഡയല്‍ ചെയ്തു-911.
എമര്‍ജന്‍സി! ആംബുലന്‍സ്!
അവള്‍ ജോലിചെയ്യുന്ന ഈ ആശുപത്രിയിലേക്കു തന്നെ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു.
നേരെ എമര്‍ജെന്‍സി വാര്‍ഡിലേക്ക്.
പേഷ്യന്റ് റോസമ്മയാണെന്ന കാര്യം ആശുപത്രി മുഴുവന്‍ പെട്ടെന്നറിഞ്ഞു.
അത് ഉപകാരമായി. ഏതു മരുന്നാണ് ഓവര്‍ഡോസില്‍ എടുത്തതെന്നറിയാന്‍ ഏലിയാമ്മ സഹായിച്ചു....
സന്ധ്യയേയും അനിലിനേയും ഉടനെ വിവരമറിയിച്ചു.
പിന്നെ ഉല്‍ക്കണ്ഠയുടെ മണിക്കൂറുകള്‍....
മെഡിക്കല്‍ പ്രൊസീഡിയറുകളെപ്പറ്റി ഏലിയാമ്മ വിശദീകരിച്ചു: മാരകമായ മരുന്നാണ് അകത്തു ചെന്നിരിക്കുന്നത്. പേഷ്യന്റ് മണിക്കൂറുകളോളം 'കോമാസ്‌റ്റോസ്' സ്‌റ്റേജില്‍ ആയിരിക്കും.
ശരീരത്തിലേക്ക് മരുന്നു മുഴുവന്‍ ആഗിരണം ചെയ്യുന്നതിനു മുമ്പായി അതു പുറത്താക്കണം. അതുവരെ ജീവന്‍ നിലനിര്‍ത്താനുള്ള സിംപ്‌റ്റൊമാറ്റിക് ട്രീന്റ്‌മെന്റ്. മരുന്ന് ഏതാണെന്നുറപ്പായതിനുശേഷം ആന്റിഡോട്ട്.
ആ സ്‌റ്റേജ് തരണം ചെയ്തു കിട്ടിയതു മഹാഭാഗ്യം.
ഐ.സി.യു.വില്‍ ഇരുപത്തിനാലു മുതല്‍ മുപ്പത്താറു മണിക്കൂറോ അതില്‍ കൂടുതലോ സമയം കിടക്കേണ്ടി വന്നേക്കാം.
ശാരീരികമായ ചികിത്സപോലെതന്നെയാണ് ഇക്കാര്യത്തില്‍ മാനസിക ചികിത്സയും. രോഗിയുടെ ശരീരത്തെ മരണവക്രതത്തില്‍ നിന്നും രക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ആത്മഹത്യ ചെയ്യാനുണ്ടായ മാനസികാവസ്ഥ ചികത്സിച്ചു ഭേദമാക്കുന്നതും.
ഈ ആശുപത്രിയില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു മലയാളി മനഃശാസ്ത്രജ്ഞനും ഉണ്ടെന്ന് ഏലിയാമ്മ പറഞ്ഞു.
ഫിലഡല്‍ഫിയയിലെ പ്രശസ്ത മാനസികരോഗവിദഗ്ദന്‍- ഡോ.ചെറിയാന്‍ പൗലോസ്. മലയാളികളുടെ പ്രിയപ്പെട്ട ചെറിയാച്ചന്‍.
മലയാളി സംഘടനകളുടെ പല പരിപാടികളിലും ഡോക്ടര്‍ ഒരു പ്രധാന പ്രാസംഗീകനായിട്ടുണ്ട്.
മലയാളികള്‍ക്ക്, വിശേഷിച്ചും പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക്, ഒരു മനഃശാസ്ത്രപരമായ വിലയിരുത്തല്‍ ആവശ്യമായി വന്നിരിക്കയാണെന്ന് എപ്പോഴും പറയാറുള്ളയാള്‍! പല വേദികളിലും അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തിട്ടുണ്ട്.
റോസമ്മയ്ക്കും അദ്ദേഹത്തെ അറിയാം. മലയാളി നേഴ്‌സുമാര്‍ക്ക് ഏറെക്കുറെ എല്ലാവര്‍ക്കും പരിചയമുണ്ട്. ആര്‍.എന്‍. പരീക്ഷയ്ക്ക് സഹായകമായിട്ടുള്ള പല സെമിനാറുകളും അദ്ദേഹം നടത്തിയിട്ടുണ്ട്.
എന്നാല്‍ ചെറിയാച്ചന്റെ അടുത്ത് സൈക്കിയാട്രിക് കണ്‍സള്‍ട്ടേഷനു പോകാന്‍ ആള്‍ക്കാര്‍ക്കു മടിയുള്ളത് അദ്ദേഹം മലയാളി ആയതുകൊണ്ടാണെന്നു തോന്നുന്നു. മറ്റൊരു മലയാളിയോട് തങ്ങളുടെ രഹസ്യങ്ങള്‍ പറയേണ്ടി വരുന്നതിലുള്ള ജാള്യത.
കാല്‍പ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി.
ഡോ.ചെറിയാന്‍ പൗലോസ്.
'ഹലോ.'
അദ്ദേഹം റോസിയുടെ ബെഡ്ഡിനടുത്തേക്ക് നടന്നു. അല്‍പനേരത്തെ നിരീക്ഷണത്തിനുശേഷം സന്ധ്യയുടെ അടുത്തേക്കു ചെന്ന് ചുമലില്‍ കൈവച്ചു.
'ഇനിയിപ്പോ കുറെ നേരത്തേക്ക് ഒന്നു ചെയ്യാനില്ല.' ഡോക്ടര്‍ തന്റെ നേരെ തിരിഞ്ഞുകൊണ്ടു പറഞ്ഞു. 'ബോധം തെളിഞ്ഞതിനു ശേഷം ഒരു സൈക്കിയാട്രിക് അസസ്‌മെന്റ് നടത്തേണ്ടിവരും.'
ഡോക്ടറുടെ മുഖത്തേക്കു നോക്കി, നിസ്സഹായതയോടെ.
'ടേയ്ക് ഇറ്റ് ഈസി,' അദ്ദേഹം തോളത്തു കൈവച്ചു. 'വരൂ, എന്റെ ഓഫീസിലേക്കു പോകാം. അല്പം സംസാരിക്കാനുണ്ട്.
ഡോക്ടറോടൊപ്പം നടന്നു.
'ഇത്തരം കേസുകളില്‍ മനഃശാസ്ത്രപരമായി ഒരു പ്രത്യേക സമീപനമാണ് ഞങ്ങളുടേത്,' അഭിമുഖമായി ഇരുന്നുകൊണ്ട് ഡോക്ടര്‍ പറഞ്ഞു. 'ആദ്യത്തെ പ്രശ്‌നം, പുതിയ ഒരു അറ്റംപ്റ്റു കൂടി നടത്തുന്നതില്‍ നിന്ന് രോഗിയെ പിന്തിരിപ്പിക്കുക എന്നതാണ്.'
അദ്ദേഹം വിശദീകരിച്ചു. 'മനഃൂശാസ്ത്രപരമായ വിലയിരുത്തലിലൂടെ ആത്മഹത്യയിലേക്കു നയിച്ച ഘടകങ്ങളെപ്പറ്റിയും ഇപ്പോഴത്തെ മാനസികനിലയെപ്പറ്റിയും ഒക്കെ പഠിക്കുന്നു. എന്നിട്ട് ഏറ്റവും ഫലപ്രദമെന്നു തോന്നുന്ന തരം കൗണ്‍സിലിങ്.'
കേട്ടിട്ട് കുറ്റബോധം തോന്നി. തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിയാണ് 'ആത്മഹത്യയിലേക്കു നയിച്ച ഘടകങ്ങള്‍' എന്നു ഡോക്ടര്‍ പറഞ്ഞത്. അതില്‍ വല്ല വ്യംഗ്യവുമുണ്ടോ?
'ഇതില്‍ മുഴുവന്‍ കുടുംബാംഗങ്ങളുടേയും സഹകരണം ആവശ്യമാണ്. കുടുംബബന്ധങ്ങളാണ് ഇത്തരം കേസുകളില്‍ പ്രധാന പങ്കുവഹിക്കുന്നത്.'
എന്തെങ്കിലും പറയണമെന്നുണ്ട്. എന്തു പറയും? ഡോക്ടറുടെ നോട്ടത്തിനുമുമ്പില്‍ ചൂളിപ്പോകുന്നതുപോലെ!
വീണ്ടും വിശദീകരണം.
ആത്മഹത്യാശ്രമത്തിന് മോട്ടിവേഷന്‍ പലതാകാം. മാനസിക രോഗം, പേര്‍സാണാലിറ്റി, അബ്‌നോര്‍മാലിറ്റീസ്, കുടുംബപരമായ കാരണങ്ങള്‍, തീരാവ്യാധികള്‍, എന്നിങ്ങനെ. ഏറ്റവുമടുത്ത ബന്ധങ്ങളില്‍ വരുന്ന ഉലച്ചില്‍ പെട്ടെന്നുള്ള കാരണമാകാം.
പൊരുത്തമില്ലാത്ത വൈവാഹിക ജീവിതവും കുട്ടികളുടെ ഭാവിയെ ച്ചൊല്ലിയുള്ള ഉത്ക്കണ്ഠയും അവ വരുത്തിവയ്ക്കുന്ന വിഷാദരോഗവുമെല്ലാം ആത്മഹത്യയ്ക്കു പ്രേരിപ്പിക്കാവുന്ന സംഗതികളാണ്.
'അങ്ങനെ പറയത്തക്ക വിഷാദരോഗം, അതായത് ഡിപ്രഷന്‍ ഒന്നും റോസമ്മയ്ക്കുണ്ടായിരുന്നില്ലല്ലോ?'
ഡോക്ടറുടെ ചോദ്യം.
'ഇല്ല.'
'പെട്ടെന്നുള്ള മറ്റ് എന്തെങ്കിലും കാരണങ്ങള്‍?'
'ഒന്നുമില്ല ഡോക്ടര്‍,' മടിച്ചു മടിച്ചു പറഞ്ഞു.
'ലുക്ക് തോമസ്,' ഡോക്ടറുടെ മുഖത്ത് നേരിയ പുഞ്ചിരി. 'ഒരു ഡോക്ടര്‍-രോഗി ഫോര്‍മാലിറ്റിയൊന്നും ഇവിടെ വേണ്ട. എന്നെ മറ്റും പലരും വിളിക്കുന്നതു പോലെ ചെറിയാച്ചന്‍ എന്നു വിളിച്ചാല്‍ മതി. ഞാന്‍ നിങ്ങളെ ശിക്ഷിക്കാന്‍ വേണ്ടിയല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്, രക്ഷിക്കാനാണ്.'
'താങ്ക് യു ചെറിയാച്ചാ.'
' നിങ്ങളുടേയും മക്കളുടേയും പരിപൂര്‍ണ്ണ സഹകരണം കൂടിയേ തീരൂ. എനിക്കു ഒരുപാടുകാര്യങ്ങള്‍ അറിയണം. ഈ ആത്മഹത്യാശ്രമത്തിനു തൊട്ടു മുമ്പു നടന്ന സംഭവങ്ങള്‍, നിങ്ങളുടെ കുടുംബത്തില്‍ ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍, മക്കളുമായി എന്തെങ്കിലും സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടെങ്കില്‍ അത്....' ഡോക്ടര്‍ ഒന്നു നിര്‍ത്തി, തന്റെ നേരെ തറപ്പിച്ചു നോക്കി.
'ഞാന്‍ പറയുന്നതുകേട്ടു പേടിക്കുകയൊന്നും വേണ്ട, കേട്ടോ. ഇഷ്ടം പോലെ സമയം തരാം. പറയാനുള്ളതൊക്കെ ആലോചിച്ചു പറഞ്ഞാല്‍ മതി.'
താനൊന്നും മിണ്ടുന്നില്ലെന്നു കണ്ട് ഡോക്ടര്‍ തുടര്‍ന്നു. 'റോസമ്മയുടെ ആത്മഹത്യാശ്രമം പെട്ടെന്നുള്ള ക്ഷോഭം കൊണ്ടുള്ള ഒരു പ്രവൃത്തിയായി കണക്കാക്കാം. ദേഷ്യവും നിരാശയും ഫ്രസ്‌ട്രേഷനും ഒക്കെ കാരണമാകാം, പെട്ടെന്നുള്ള ഒരു എടുത്തു ചാട്ടം. അതും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ തിരഞ്ഞെടുക്കുന്ന സ്വാഭാവിക മാര്‍ഗം. ആത്മഹത്യാ കുറിപ്പുകള്‍ ഒന്നും എഴുതി വച്ചിരുന്നില്ലല്ലോ. അതു വളരെ ശ്രദ്ധേയമാണ്. അത്ര വലിയ പ്രീമെഡിറ്റേഷന്‍ ഒന്നും ഇതില്‍ കാണുന്നില്ല. ട്രീറ്റ്‌മെന്റ് അത്ര ഈസി ആയിരിക്കുമെന്നര്‍ത്ഥം.'
മറുപടിയായി എന്തെങ്കിലും പറഞ്ഞാല്‍ക്കൊള്ളാമെന്നുണ്ട്. എന്തു പറയും?
ചെറിയാച്ചന്റെ മുമ്പില്‍ താന്‍ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായിപ്പോകുന്നതു പോലെ!
'ബോധം വന്ന് ഒന്നു സ്‌റ്റെബിലൈസ് ആയി കഴിഞ്ഞാല്‍ പിന്നെ ജനറല്‍ വാര്‍ഡിലേക്കു മാറ്റും. അവിടേയും ഒരു സൂയിസൈഡ് വാച്ചുണ്ട്. ഈ കേസിന്റെ സ്വഭാവം വച്ചു നോക്കുമ്പോള്‍ അവിടെ അധികം കിടക്കേണ്ടി വരുമെന്നു തോന്നുന്നില്ല.'
വീണ്ടും നിശ്ശബ്ദത.
'വളരെ നന്ദി ചെറിയാച്ചാ, എല്ലാ സഹായത്തിനും,' പറഞ്ഞൊപ്പിച്ചു.
'എനിക്ക് നിങ്ങളുടെയൊക്കെ സഹായമാണു വേണ്ടത്,' ചെറിയാച്ചന്‍ ചിരിച്ചു. 'ഇവിടെ രോഗിയുടെ ശരീരത്തിനല്ല, മനസിനാണു ചികിത്സ വേണ്ടത് എന്നറിയാമല്ലോ.'
തന്റെ മനസില്‍ ഉരുണ്ടു കൂടുന്ന ആശങ്കകള്‍ മനസിലാക്കിയിട്ടെന്നോണം ചെറിയാച്ചന്‍ പറഞ്ഞു.
'പൊയ്‌ക്കൊള്ളൂ. ഞാനീപ്പറഞ്ഞ കാര്യങ്ങളൊക്കെ മക്കളോടും ഒന്നും സൂചിപ്പിക്കണം.'
'ശരി താങ്ക്‌സ്.'
വിങ്ങുന്ന ഹൃദയത്തോടെ ഇറങ്ങി നടന്നു.