കൂട്ടിക്കൊണ്ടു പോവാനുള്ള ആള്‍ വൈകിയതുകൊണ്ട് സമ്മേളനസ്ഥലത്ത് എത്തിയപ്പോഴേയ്ക്കും സ്വാഗതം തുടങ്ങിയിരുന്നു. ഹാളില്‍ തിങ്ങിനിറഞ്ഞ ആളുകളെ വകഞ്ഞു മാറ്റിക്കൊണ്ടാണ് വേദിയിലേയ്ക്ക് എത്തിച്ചത്. വേദിയുടെ മുന്‍നിരയില്‍ അതിഥികള്‍ നിരന്നു കഴിഞ്ഞിരിയ്ക്കുന്നു. വലത്തെ അറ്റത്തെ കസേര ഒഴിഞ്ഞുകിടക്കുന്നുണ്ട്. ആതിഥേയര്‍ തിടുക്കത്തില്‍ അവിടെ പിടിച്ചിരുത്തി.
വേദിയുടെ മുന്‍നിരയില്‍ നിരവധി ചെരാതുകള്‍ തെളിയിച്ചു വെച്ചിട്ടുണ്ട്. അതിന്റെ പിന്നില്‍ ദീര്‍ഘചതുരത്തിലുള്ള വെള്ളിക്കിണ്ണങ്ങള്‍. ഓരോ കിണ്ണത്തിന്റെ ചാരത്തും വെള്ളം നിറച്ച ഓരോ ഓട്ടുകിണ്ടി. കിണ്ടിയുടെ അടുത്ത് ഒരിലക്കീറില്‍ ജണ്ടുമല്ലിപ്പൂക്കളുടെ ഊരിയെടുത്ത ഇതളുകള്‍. വെള്ളിക്കിണ്ണത്തിന്റെ ഇടത്തെ വശത്ത് മഞ്ഞയും ചുവപ്പും നിറത്തില്‍ ചിത്രങ്ങളുള്ള കോടിത്തുണിക്കഷ്ണം നാലായി മടക്കിവെച്ചിരിയ്ക്കുന്നു. എവിടെയാണ് എത്തിപ്പെട്ടിരിയ്ക്കുന്നതെന്ന് അറിയാതെ അല്‍പം അന്ധാളിച്ചു.