എന്റെ യാഗാശ്വത്തെ
ഞാന്‍ അഴിച്ചു വിട്ടു
ആശ്വമേധത്തിനല്ല
ദിഗ്വിജയങ്ങള്‍ക്കുമല്ല
നെറ്റിയിലെ
ജയപത്രമഴിച്ചുമാറ്റി
പാര്‍ശ്വദൃഷ്ട്‌ടികള്‍ മറയ് ക്കുന്ന
കറുത്ത കണ്ണട
എടുത്തുമാറ്റി
അതിനെ ഞാന്‍ സ്വതന്ത്രനാക്കി
എന്റെ പ്രിയപ്പെട്ട
അശ്വമേ...
അശ്വമേധയാഗങ്ങള്‍, രാജസൂയങ്ങള്‍
യജ്ഞശാലകള്‍, ദിഗ്വിജയങ്ങള്‍
ഹോമകുണ് ഡങ്ങള്‍, ഹവിസ്സിന്‍ നന്മണം
മുന്നോട്ടു മാത്രം കാണുന്ന
ദൃഷ്ടികള്‍
പടഹധ്വനികള്‍.....
പ്രപഞ്ചമാകെ പ്രതിധ്വനിക്കുന്ന
കുളന്‌പടികള്‍
ദ്രുത സഞ്ചാര വേളയില്‍
പിറകോട്ടു പാറിക്കളിക്കുന്ന
കുഞ്ചി രോമങ്ങള്‍
കീഴടക്കിയ
രാജ്യങ്ങള്‍
രാജാക്കന്മാര്‍....
എല്ലാം മറക്കുക
നേടിയവയൊക്കെയും
മറക്കുക
നേടാനാവാത്തവയും മറക്കുക
പ്രിയപ്പെട്ട
അശ്വമേ
യാത്രയാവുക
ഇനിയുള്ള നാളുകള്‍ നിനക്ക് സ്വന്തം
യഥേഷ്ടം
സഞ്ചരിക്കുക...
പച്ചപ്പുല്‍പ്പുറങ്ങളില്‍ മേഞ്ഞു നടക്കുക
സ്വച്ച്‌ഛ
ജലാശയങ്ങളില്‍ നിന്ന് കുടിക്കുക
ചാവാലി ക്കുതിരകളുമായി സംഗമിക്കുക
കോവര്‍
കഴുതകളുമായി കൂട്ടു ചേരുക...
മഴയുടെ മിഴിനീരില്‍ ഈറനണിയുക
മിന്നാ
മിനുങ്ങുകളെ
അന്തിവെട്ട കൂട്ടുകാരാക്കുക
മൂടല്‍ മഞ്ഞിന്റെ
പുതപ്പിലുറങ്ങുക
ലെബനോനിലെ,
ദേവദാരു മരങ്ങള്‍ക്കിടയിലൂടെ
അലസ സവാരി
നടത്തുക...
ശാരോണിലെ പനിനീര്‍പ്പൂക്കളുടെ
സുഗന്ധം നുകരുക
എന്‍ഗെദിയിലെ
മുന്തിരിത്തോപ്പുകളില്‍ അലയുക
കേദാറിലെ
കൂടാരങ്ങളില്‍
അന്തിയുറങ്ങുക...
ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കുക
രാവിലെ എണീറ്റ്
വയലുകളിലേക്ക് പോകുക
അവിടെ മുന്തിരിമൊട്ടിട്ടൊ എന്നും
മുന്തിരിപ്പൂക്കള്‍ വിടര്‍ന്നൊ എന്നും
മാതള നാരകം പൂവിട്ടൊ എന്നും
അന്വേഷിക്കാം...
അവിടെ വെച്ച് പ്രിയപ്പെട്ടവള്‍ക്ക്
നിന്റെ
പ്രേമം പകരുക
അവളുടെ അധരം
ചുംബനം കൊണ്ടു പൊതിയുക
അവളുടെ പ്രേമം
വീഞ്ഞിനെക്കാള്‍ ലഹരിയുള്ളത്
ആനന്ദിച്ചുല്ലസിക്കുക....
ഇലകളുടെ
മര്‍മരം കേട്ട്
അലസ നിദ്രയിലാഴുക
കിളികളുടെ സംഗീതം കേട്ട്
മയങ്ങുക
പുലരിവെട്ടം കണ്ടുണരുക
അന്തിവാന ചോപ്പു
കണ്ടാനന്ദിക്കുക...
പോകൂ പ്രിയപ്പെട്ട അശ്വമേ
യാത്രാ
മംഗളങ്ങള്‍
ഇനിയുള്ള നാളുകള്‍
നിനക്ക് സ്വന്തം.
(ഈ കവിതയില്‍
ഉപയോഗിച്ചിരിക്കുന്ന ചില വാക്കുകള്‍ക്കും വരികള്‍ക്കും ബൈബിളിലെ ഉത്തമ ഗീതത്തോട്
കടപ്പാട്)