തിരുവിതാംകൂര്‍ പ്രജ ആയിട്ടാണ് ജനിച്ചത്. പില്‍ക്കാലത്ത് ഞങ്ങളുടെ പൊന്നുതമ്പുരാനെ നേരില്‍ മുഖം കാണിച്ചപ്പോള്‍ “അങ്ങയുടെ പ്രജയായിട്ടാണ് അടിയന്‍ ജനിച്ചത്” എന്നതായിരുന്നു എന്റെ ആദ്യവാക്യം. ഇംഗ്ലീഷിലാണ് പറഞ്ഞത്. അത് 'അടിയന്‍' എന്ന പ്രയോഗം ഒഴിവാക്കാനുള്ള കൗശലമായിരുന്നു. ആ ബുദ്ധി എന്റേതല്ല, ടി.സി.എസ് (ട്രാവന്‍കോര്‍ സിവില്‍ സര്‍വീസ്) ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച രാമന്‍കുട്ടി സാര്‍ വഴി കിട്ടിയ അറിവ് ഞാന്‍ പ്രയോഗിച്ചു എന്നെ ഉള്ളൂ.
ഐ.സി.എസ്.മാതൃകയില്‍ സര്‍ സി.പി.രൂപപ്പെടുത്തിയതായിരുന്നു ടി.സി.എസ്. മഹാരാജാവുമായി വലിയ പ്രായവ്യത്യാസമില്ലാത്ത കുറെ ചെറുപ്പക്കാര്‍. എസ്.ഗോവിന്ദമേനോന്‍, ജോര്‍ജ് തോമസ്, സി.തോമസ്, പി.ഐ.ജേക്കബ്, കെ.കെ.രാമന്‍കുട്ടി, പി.എം.മാത്യൂ, അബ്ദുള്‍ സലാം, ജി.ഭാസ്‌കരന്‍ നായര്‍, ഒടുവിലായി സി.പി.രാമകൃഷ്ണപ്പിള്ള, യേശുദാസന്‍, പങ്കജാക്ഷന്‍ എന്നീ മൂന്ന് ഹതഭാഗ്യരും. ഹതഭാഗ്യരുടെ കഥ, എഴുതി വരുമ്പോള്‍ മറന്നില്ലെങ്കില്‍ പിന്നെ പറയാം.
ഇവരുടെ പരശീലനത്തിന്റെ ഭാഗമായി ആഴ്ചയിലൊരിക്കല്‍ ദിവാനോടൊപ്പം കാപ്പി കുടിക്കണം: അത് ഒരേ സമയം ഒരു പരിശീലനവും ഒരു വിലയിരുത്തലും ആയിരുന്നു. സര്‍ സി.പി.യുടെ ബുദ്ധിയും. അരയനായ രാമന്‍കുട്ടിയോടും ഈഴവനായ ചന്ദ്രഭാനുവിനോടും അഞ്ചാം വേദക്കാരായ ടി.സി.എസ്.കാരോടും ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനും ഒരു കാരണവരുടെ വാത്സ്യലത്തോടെ അവരെ ഗുണദോഷിക്കാനും സമയം കണ്ടെത്തിയ സര്‍ സി.പി.യുടെ 'ഭ്രാന്താലയാതീത ചിന്ത'യും അത് തെളിയിക്കുകയും ചെയ്തു.
ഒപ്പം മഹാരാജാവിനൊപ്പം കൊട്ടാര വളപ്പില്‍ ടെന്നീസ് കളിക്കാനും സി.പി. സൗകര്യം ഒരുക്കി. അന്ന് സി.പി. നിര്‍ദ്ദേശിച്ചതാണ് ടെന്നീസ് കോര്‍ട്ടിലെ വ്യവഹാര ഭാഷ പന്തും ഇംഗ്ലീഷും മാത്രം ആയിരിക്കുമെന്ന്. 'അടിയന്‍' തുടങ്ങിയ നാടുവാഴിത്ത ശൈലികള്‍ ഒഴിവാക്കാന്‍ വഴി കണ്ടെത്തിയ മൈലാപ്പൂര്‍ ബുദ്ധി. അവര്‍ണനും അഞ്ചാം വേദക്കാരനും എന്നല്ല, രാമനാഥനെയും പത്മനാഭനെയും പോലുള്ള സാക്ഷാല്‍ ബ്രാഹ്മണര്‍ക്കും തമ്പുരാന്‍ അപകടത്തില്‍പ്പെട്ട് നിസ്സഹായനായാല്‍ പോലും 'അടിയന്‍ ലച്ചിപ്പോം' എന്നല്ലാതെ 'തമ്പുരാന്റെ കാര്യം ഞാനേറ്റു' എന്ന് പറയാനാവുമായിരുന്നില്ലല്ലോ.
മലയാളത്തില്‍ 'ഞാന്‍' എന്നോ 'അങ്ങ്'എന്നോ പറഞ്ഞാല്‍ ധിക്കാരമാവും. അതുകൊണ്ട് 'ഐ'എന്നും 'യുവര്‍ ഹൈനസ്'എന്നും പറയാന്‍ ദിവാന്‍ജി നിര്‍ദ്ദേശിച്ചു. പുതിയ ഒരു തിരുവിതാംകൂറിനെക്കുറിച്ച് താന്‍ കണ്ട കിനാവുകള്‍ സാക്ഷാത്കരിക്കാന്‍ മത്സരപ്പരീക്ഷയിലൂടെ കണ്ടെത്തിയ പ്രതിഭകളെ നവയുഗ ശില്പികളായി ദൂരെക്കണ്ടു സര്‍ സി.പി. എന്ന ആ മഹാപ്രതിഭ.
ടി.സി.എസി.ല്‍ നിയമിക്കപ്പെട്ടവരെ തഹശീല്‍ദാര്‍ ആയിട്ടാണ് നിയമിച്ചിരുന്നത്. രാമന്‍കുട്ടി സാര്‍ കൊല്ലത്ത് തഹശീല്‍ദാര്‍ ആയിരുന്നപ്പോള്‍ ഒരു നാട്ടുപ്രമാണി കാണാന്‍ ചെന്നു. തഹശീല്‍ദാര്‍ ഇരിക്കുന്ന മട്ടില്‍ വീടിന്റെ പൂമുഖത്ത് കാലിന്മേല്‍ കാല്‍വെച്ച് ഇരുന്ന യുവാവ് തഹശീല്‍ദാരുടെ ധിക്കാരിയായ മകനായിരിക്കും എന്നാണ് വന്നയാള്‍ കരുതിയത്. “അച്ഛനില്ലേ, ഒന്ന് കാണണം” എന്നായി കസവുകരയുള്ള നേര്യത് ധരിച്ച സന്ദര്‍ശകന്‍.. അച്ഛന്‍ മരിച്ചു എന്ന മറുപടി അദ്ദേഹത്തെ അന്ധാളിപ്പിച്ചു. ഇനി ഈ യുവാവ് മകന്‍ പോലും അല്ല എന്നു വരുമോ? തഹശില്‍ദാരെയാണ് കാണേണ്ടതെന്ന് അടുത്ത വിശദീകരണം. “ഞാനാണ് തഹശീല്‍ദാര്‍” എന്ന് രാമന്‍കുട്ടി സാര്‍ പറഞ്ഞപ്പോള്‍, സന്ദര്‍ശകന് ബോധക്ഷയം ഉണ്ടായില്ല എന്നേ ഉള്ളൂപോല്‍. പത്തിരുപത്തിമൂന്ന് വയസ്സ് മാത്രം മതിക്കുന്ന പയ്യന്‍ തഹശീല്‍ദാരാവുകയോ.?
തഹശീല്‍ദാരെന്നല്ല പാര്‍വത്യകാര്‍ എന്ന വില്ലേജ് ഓഫീസര്‍ പോലും ആകാന്‍ ആ പ്രായം പോരാ എന്ന് ധരിച്ച ഒരു കാരണവരെ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതിനാലാണ് ഈ കഥ വിശ്വസിക്കാന്‍ എനിക്ക് വിഷമം തോന്നാതിരുന്നത്.
ക്രിസ്താബ്ദം 1965. തിരുവനന്തപുരത്ത് ഞാന്‍ 'അസിസ്റ്റന്റ് കളക്ടര്‍ (അണ്ടര്‍ ട്രെയിനിങ്)'. പരിശീലനത്തിന്റെ തുടക്കം വില്ലേജ് ഓഫീസിലാണ്. രണ്ടാഴ്ച വില്ലേജ് ഓഫീസറുടെ കൂടെ, ശേഷം രണ്ടാഴ്ച അക്കുത്ത് (ACUT) തന്നെ പെരുങ്കുത്ത്.
സാക്ഷാല്‍ പെരുങ്കുത്ത്. സാക്ഷാല്‍ പെരുങ്കുത്തിനെ കളക്ടര്‍ അവിടെനിന്ന് മാറ്റികകളയും അക്കാലത്ത്. അങ്ങനെ വഞ്ചിയൂര്‍ പാര്‍വത്യകാരായി കോട്ടയ്ക്കകത്ത് ഇരിക്കുന്ന അവസരത്തിങ്കല്‍ ഒരു വൃദ്ധന്‍ എന്തോ കാര്യത്തിന് വന്നു. അദ്ദേഹത്തിനും ഉണ്ടായി 'രാമന്‍കുട്ടി ശങ്ക' അത് പരിഹരിച്ചു. മൂപ്പര്‍ ആവശ്യം ബോധിപ്പിച്ചു. 'രണ്ട് ദിവസം കഴിഞ്ഞ് വരുമ്പോഴേയ്ക്ക് അന്വേഷണം പൂര്‍ത്തിയാക്കി മറുപടി പറയാം' എന്ന് ഞാന്‍ 'ഉത്തരവായി'. ഓഫീസില്‍ നിന്ന് ഇറങ്ങിയ കാരണവര്‍ ആദ്യത്തെ കല്ലടവില്‍ തന്നെ ഒന്നു നിന്നു.
വെള്ളി കെട്ടിയ വടി ഊന്നി മഴക്കോളുണ്ടോ എന്ന് നോക്കുന്ന മട്ടില്‍ ആകാശത്ത് മിഴിനട്ട് അങ്ങനെ ഒട്ടുനേരം. പിന്നെ തിരിച്ചുകയറി. വഴക്കിന് വരികയാണോ എന്നൊരു ശങ്ക എനിക്ക് തോന്നി. അദ്ദേഹമാകട്ടെ അനുഗ്രഹിക്കാനായിരുന്നു വന്നത്. “അല്ല, ഈ ഗുരുത്വം കൊണ്ടാണെ, ഇത്ര ചെറുപ്പത്തിലേ പാര്‍വ്വത്യാരായില്യോ.” മര്യാദയ്ക്ക് വര്‍ത്തമാനം പറയുന്ന ഉദ്യോഗസ്ഥര്‍ ഭാഗ്യവാന്മാര്‍: എന്തുകൊണ്ടെന്നാല്‍ അവര്‍ ഗുരുത്വമുള്ളവര്‍ എന്ന് വിളിക്കപ്പെടും. ഇങ്ങനെ പറയണം.
സര്‍ സി.പി. കുറെ മറ്റിംഗ്ലീഷുകാരെ (മെട്രിക്കുലേഷന് വടക്കന്‍ തിരുവിതാംകൂറില്‍ കേട്ട മംഗ്ലീഷാണ് ഈ മറ്റിംഗ്ലീഷ്) വില്ലേജ് ഓഫീസര്‍മാരായി നിയമിച്ചിരുന്നു. ഇപ്പോള്‍ സ്റ്റേറ്റ് സിവില്‍ സര്‍വീസ് എന്ന പേരില്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ നിയമിക്കുമ്പോലെ ഒരു രണ്ടാം നിര കെട്ടിപ്പടുക്കുകയായിരുന്നിരിക്കണം ആ ദീര്‍ഘവീക്ഷണപടുവിന്റെ ലക്ഷ്യം. ആ പരിപാടി പാളിയത് കെ.സി.എസ്. മണിയുടെ പരിപാടി വിജയിച്ചതുകൊണ്ടാണ്.
സി.പി. പോയതോടെ ഈ അരഡസന്‍ സമര്‍ത്ഥരുടെ കാര്യമാണ് കഷ്ടത്തിലായത്. അവരൊക്കെ കയറിയ കസേരയില്‍ ഇരുന്ന് പിരിഞ്ഞു. അതിലൊരാളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ഭാഗ്യം എനിക്കുണ്ടായി. ആ മനുഷ്യന്‍ നേരില്‍ക്കണ്ട് സമാധാനം ബോധിപ്പിക്കാന്‍ വന്നപ്പോഴാണ് ഈ ചരിത്രം പറഞ്ഞു തന്നത്. അപ്പോഴേയ്ക്ക് അദ്ദേഹം പാര്‍വത്യകാരുടെ കസേരയില്‍ കാല്‍ നൂറ്റാണ്ടോളം ഇരുന്നു മുരടിച്ചിരുന്നു. മാത്രവുമല്ല മലബാറിലെ ഫര്‍ക്കാ സമ്പ്രദായം തിരുവിതാംകൂര്‍ കൊച്ചിയിലേയ്ക്ക് വ്യാപിപ്പിച്ചതിനാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത മാത്രം ഉള്ള തന്നിലും ഇളയ യു.ഡി.ക്ലാര്‍ക്കുമാരെ റവന്യൂ ഇന്‍സ്‌പെക്ടര്‍മാരായി സഹിക്കേണ്ടിയും വന്നു.
അവരൊന്നും ഈ ഇന്‍സ്‌പെക്ടര്‍മാരെ വകവെച്ചിരുന്നില്ല എന്നത് വേറെ കാര്യം. എന്റെ വില്ലേജ് ഗുരു ടി.എന്‍.കൃഷ്ണന്‍ നായര്‍ ആയിരുന്നു. നല്ല നര്‍മ്മബോധം. കളക്ടറുടെ മൂക്കിന് താഴെ വഞ്ചിയൂരില്‍ തന്നെ വില്ലേജോഫിസറായി നിയമിക്കപ്പെടുവാന്‍ തക്ക പ്രാഗത്ഭ്യം. ആദ്യ ദിവസം കൃഷ്ണന്‍ നായര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ഇളംനീല നിറത്തില്‍ ജുബാ ധരിച്ച, അതിന്റെ കൈ പകുതിയോളം തെറുത്തുവെച്ച്, ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ വന്നുകയറി.
ആദ്യം കൃഷ്ണന്‍നായരെയും പിന്നെ അദ്ദേഹത്തിന്റെ അനുവാദത്തോടെയെന്നവണ്ണം എന്നെയും തൊഴുതു. എന്നിട്ട് 'ഇരുപതും കോലേ പതിനാറ ്' എന്ന അളവുള്ള ആ വിശാലമായ കച്ചേരിയുടെ ഒരു മൂലയില്‍ പോയി അക്കൗണ്ടന്റിനും(വില്ലേജ് അസിസ്റ്റന്റ്) മാസപ്പടിക്കും (വില്ലേജ്മാന്‍) നടുവില്‍ ഇരുന്നു. ഞാന്‍ കൃഷ്ണന്‍നായരോട് അടക്കത്തില്‍ ചോദിച്ചു. “ ആരാ” ? തപാല്‍ നോക്കുകയും (ജന്മിക്കരം കോമ്പന്‍സേഷനുള്ള നോട്ടീസു കെട്ടുകള്‍ കച്ചേരിയുടെ ഒരു മൂലയിലേക്ക് അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്തതിനിടെ ഒളിപ്പിക്കാന്‍ ശ്രമിക്കാതിരുന്ന പുച്ഛത്തോടെ മറുപടി പറഞ്ഞു ഗുരു. “ഓ, അത് ഫര്‍ക്ക്” മലബാറിലായിരുന്നു എന്റെ ഫര്‍ക്കാ പരിശീലനം.
ഭാരതപ്പുഴ കടന്നപ്പോഴാണ് റവന്യൂ ഇന്‍സ്‌പെക്ടറുടെ വില അറിഞ്ഞത്. കൃഷ്ണന്‍നായരും എന്റെ സസ്‌പെന്‍ഷന് ഇരയായ വര്‍ഗീസും ഒക്കെ മൈന്‍ഡ് ചെയ്യുമോ ഈ ഇനത്തെ! മലബാറില്‍ നാട്ടിലെ പ്രമാണി ആയിരുന്നു അംശം അധികാരി. അദ്ദേഹം ബഹുമാനിക്കുന്ന ഫര്‍ക്കാ ഇന്‍സ്‌പെക്ടര്‍ ഒരിക്കലും വെറും ഫര്‍ക്ക് ആയില്ല.
ഇനി ആ ഹതഭാഗ്യരുടെ കഥ പറയാം. തിരുവിതാംകൂറിലെ ഉദ്യോഗശ്രേണിയുടെ കഥയിലെ തിരിച്ചറിയപ്പെടാത്ത നൊമ്പരമാണ് തുടക്കത്തില്‍ സൂചിപ്പിച്ച ജെ.എസ്.യേശുദാസന്‍. സി.പി.രാമകൃഷ്ണപിള്ള എം.എ.പങ്കജാക്ഷന്‍ എന്ന മൂന്നുപേര്‍. ഭാരതത്തിന്റെ സ്വാതന്ത്ര്യലബ്ധി അല്പം കുറെ വൈകിയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന പദവികള്‍ വിധി അവര്‍ക്ക് അന്യമാക്കി.
സ്വാതന്ത്ര്യ പ്രാപ്തിയെ തുടര്‍ന്ന് നാട്ടുരാജ്യ സംയോജനവും പുനഃസംവിധാനവും ഒക്കെ നടന്നുവല്ലോ. നാട്ടുരാജ്യങ്ങളിലെ ഉന്നതോദ്യോഗസ്ഥരെ ഐ.എ.എസ്.ലും ഐ.പി.എസ്.ലും അംഗങ്ങളാക്കി. തിരുവിതാംകൂറിലെ സിവില്‍ സര്‍വ്വീസുകാര്‍ക്ക് തുടക്കത്തില്‍ തന്നെ പ്രശ്‌നം ഉണ്ടായി. അവരെ തഹശീര്‍ദാര്‍ ആയിട്ടാണോ നിയമിച്ചിരുന്നത്. ഐ.സി.എസ്.കാര്‍ അസിസ്റ്റന്റ് കള്ക്ടര്‍മാരായും സി.പി. കരുണാകരമേനോനെ പോലെ ഉള്ളവര്‍ ഡെപ്യൂട്ടി കളക്ടര്‍മാരായും തുടങ്ങിയിരുന്നു ആദ്യം തൊട്ട് തന്നെ. അതുകൊണ്ട് ടി.സി.എസ്. പ്രതിഭകളെ പരിഗണിക്കാനാവുകയില്ല എന്ന നിലപാട് ആയിരുന്നു ആദ്യം. അത് മാറിയപ്പോള്‍ അവര്‍ അസിസ്റ്റന്റ് പേഷ്‌ക്കാര്‍ ആയ തീയതി മുതല്‍ മാത്രമേ സര്‍വ്വീസ് പരിഗണിക്കയുള്ളൂ എന്നായി. അതും മാറ്റിയെടുക്കാന്‍ തിരുവിതാംകൂര്‍ കൊച്ചിയിലെ സര്‍ക്കാരിന് കഴിഞ്ഞു.
എന്നാല്‍ അവിടെ മറ്റൊന്ന് സംഭവിച്ചു. ഇവരെയൊക്കെ വീണ്ടും അംഗീകരിച്ചു കേന്ദ്രം. അവര്‍ അംഗീകരിച്ചവരെ മാത്രം ഐ.എഎസ്-ല്‍ എടുത്തു. വീണ്ടും സമ്മര്‍ദ്ദം ചെലുത്താന്‍ കഴിഞ്ഞതിനാല്‍ ബാക്കിയുള്ളവരെയും എടുത്തു. ഒരാള്‍ ഒഴികെ അവര്‍ ലിസ്റ്റ് I, ലിസ്റ്റ് II എന്നിങ്ങനെ വര്‍ഗ്ഗീകരിക്കപ്പെട്ടു. അപ്പോള്‍ ടി.സി.എസ് ലെ മൂന്നാം ബാച്ചുകാരന്‍ ഒന്നാം ബാച്ചുകാരന്റെ മുകളില്‍ ആകുന്ന അവസ്ഥ വരെ ഉണ്ടായി. അത് ബുദ്ധിമുട്ടായപ്പോള്‍ രണ്ട് ലിസ്റ്റുകളും കൂട്ടിച്ചേര്‍ത്ത് പഴയ ടി.സി.എസ് സീനിയോറിറ്റി പുനഃസ്ഥാപിച്ചു. ഏതാണ്ട് അപ്പോഴേയ്ക്കും ഒഴിവാക്കപ്പെട്ടയാള്‍ക്ക് സ്റ്റേറ്റ് സിവില്‍ സര്‍വീസില്‍ നിന്നുള്ള പ്രൊമോഷനും ലഭിച്ചു.
ഇതൊക്കെ നടക്കുമ്പോള്‍ ടി.സി.എസ-് ലെ അവസാനത്തെ ബാച്ചുകാര്‍ കളത്തിന് പുറത്തായിരുന്നു. ടി.സി.എസ്. ഇല്ലാതായതിനാല്‍ തഹശീല്‍ദാര്‍മാരായി നിയമിക്കപ്പെട്ട മൂന്ന് പേര്‍ക്കും മറ്റ് തഹശീല്‍ദാര്‍മാര്‍ക്കൊപ്പം ക്യൂവില്‍ നിന്ന് മാത്രമേ ഡെപ്യൂട്ടി കളക്ടര്‍മാര്‍ ആകാന്‍ കഴിഞ്ഞുള്ളൂ. സംസ്ഥാനസര്‍ക്കാര്‍ അവര്‍ക്കൊപ്പം നിന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. ഒടുവില്‍ രാജന്‍ എന്ന തിരു. കൊച്ചി ചീഫ് സെക്രട്ടറി കേന്ദ്രത്തിലെ അധികാരികളെ പറഞ്ഞു സമ്മതിപ്പിച്ചു. ഒരിക്കല്‍ക്കൂടെ പുനഃപരിശോധന ആവശ്യപ്പെട്ട് എഴുതാമെന്ന് രാജനും, അങ്ങനെ കത്ത് കിട്ടുമ്പോള്‍ പുനഃപരിശോധന നടത്തി അവരെക്കൂടെ റഗുലര്‍ റിക്രൂട്ട് ഇനത്തില്‍ പെടുത്താമെന്ന് കേന്ദ്രവും സമ്മതിച്ചു.
അപ്പോഴേയ്ക്കും പട്ടത്തിന്റെ മന്ത്രിസഭ വീണു. പനമ്പള്ളി മുഖ്യമന്ത്രിയായി. തിരു. കൊച്ചി സംയോജനത്തിന് തൊട്ടുമുന്‍പ് കൊച്ചിയിലെ ഉദ്യോഗസ്ഥരെ കണ്‍ഫര്‍മേഷന്‍ എന്ന ഐവര്‍ ജന്നിങ്‌സിലൂടെ രക്ഷിച്ച് ടി.പി.ജോസഫിനെയും പി.കെ.ത്രേസ്യയെയുമൊക്കെ തിരുവീതാകൂറിലെ സീനിയര്‍ എന്‍ജിനിയര്‍ മാരുടെ തലയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ച ബുദ്ധിരാക്ഷസനായിരുന്നു പനമ്പള്ളി. എന്നാല്‍ കൊച്ചിയില്‍ ഒരു സ്റ്റേറ്റ് സര്‍വീസ് ഉണ്ടായിരുന്നില്ല.
അതുകൊണ്ട് എം.എം.വര്‍ക്കിയെയും എം.കെ.ദേവസിയെയും ഭാസ്‌കരമാരാരെയും ഒക്കെ പോലെ വളരെ ചുരുക്കം പേരെ ഒഴിച്ചാല്‍ ഐ.എ.എസ് - ലോ, ഐ.പി.എസ് - ലോ കൊച്ചിക്കാര്‍ ഉണ്ടായിരുന്നില്ല.
അപ്പോഴാണ് മൂന്ന് ടി.സി.എസ് കാരെ രക്ഷിക്കാനുള്ള നിര്‍ദ്ദേശവുമായി ഫയല്‍ പനമ്പള്ളിയുടെ മുന്നിന്‍ എത്തിയത്. പനമ്പള്ളി എഴുതി: 'ദിസ് ഈസ് എ ക്ലന്‍ഡസ്റ്റെന്‍ അറ്റംപ്റ്റ് ടു സ്മഗിള്‍ ഇന്റു ഐ.എ.എസ്. ത്രീ മോര്‍ ട്രാവന്‍ കോറിയന്‍സ്. വീ നീഡ് നോട്ട് സീക്ക് റിവ്യൂ, ക്ലോസ് ദ് ഫയല്‍:
ഡീം…. ഭാസ്‌കരന്‍ നായര്‍ സാര്‍ കഴിഞ്ഞ് ചീഫ് സെക്രട്ടറി ആകേണ്ടിയിരുന്ന യേശുദാസനും തൊട്ടുപിറകെ വരേണ്ടിയിരുന്ന സി.പി. രാമകൃഷ്ണപിള്ളയും പന്ത്രണ്ട് വര്‍ഷം പിറകിലായി. പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും ആകാതെ പിരിഞ്ഞു.
'ദൈവഹിതം' എന്ന നിര്‍മലത നിറഞ്ഞ പ്രതികരണത്തില്‍ യേശുദാസന്‍ ആശ്വാസം കണ്ടു. രാമകൃഷ്ണപിള്ള സാര്‍ അവസാനം വരെ ഈ ദുരവസ്ഥയോട് 'സ്വാഗതാംഭ തൃണോര്‍ണ്ണമായ താപയിതും നഹിശക്യം'എന്ന ആപ്തവാക്യം അനുസ്മരിപ്പിച്ച് സംയമനം പാലിച്ചു. പൂര്‍ണ്ണമായി പൊരുത്തപ്പെട്ടില്ലെങ്കിലും നേരില്‍ പരിചയപ്പെടാന്‍ എനിക്ക് ഭാഗ്യം ഉണ്ടായില്ല. പങ്കജാക്ഷന്‍ അകാലത്തില്‍ നിര്യാണമടഞ്ഞു. വിധി വിഹിതമേവനും ലംഘിച്ചുകൂടുമോ?.