ശോശാ മറിയം വാളുക്കാരന്‍ പാതിരാ വരെ ഫേസ്‌ബുക്കില്‍ കുത്തിയിരിക്കുകയും ഉറക്കം
വന്നപ്പോള്‍ അവിടെ തന്നെ പാ വിരിച്ചുറങ്ങുകയും ചെയ്‌തു. കുറെ നാളുകളായി ശോശാ മറിയം
അങ്ങനെയൊക്കെയാണ്.
തോന്നുമ്പോള്‍ ഉണരുക തോന്നുമ്പോള്‍ ഉറങ്ങുക, തോന്നുംപോലെല്ലാം
ഫേസ്‌ബുക്കിലും ട്വിട്ടറിലും വാട്ട്‌സ് ആപ്പിലും ചുറ്റുക.അവിടെ പച്ച
ലൈറ്റിട്ടിരിക്കുന്ന പട്ടിയോടും പൂച്ചയോടും കുരങ്ങുകളോടും ചാറ്റുക, മെസേജുകള്‍ക്ക്
മറുപടി കൊടുക്കുക, കാണുന്ന ചവറിനെല്ലാം ലൈക്കടിക്കുക, ഇടയ്‌ക്കിടെ
സെല്‍ഫിയെടുത്തിടുക, എത്ര പേര്‍ അതിനെല്ലാം ലൈക്കടിച്ചെന്നും കമന്റിട്ടെന്നും
കണക്കെടുക്കുക. ആരെല്ലാം അത് കണ്ടില്ലെന്നു നടിച്ചു. മനപ്പൂര്‍വം എത്ര
കുശുമ്പികള്‍ തന്നെ അവഗണിച്ചു എന്നെല്ലാം പരിശോധിക്കുക. തുടര്‍ച്ചയായി മൈന്‍ഡ്
ചെയ്യാത്തവരെ ഡിലിറ്റ് ചെയ്‌തു കളയുക, ചില ഞരമ്പുകളെയെല്ലാം ചീത്ത പറയുക. വീണ്ടും
തനിക്കു മധുരപ്പതിനേഴായത് പോലെ...
ശോശയുടെ അങ്ങിങ്ങ് നര വരാന്‍
തുടങ്ങിയിരുന്ന തലമുടിയിഴകള്‍ പെട്ടെന്നങ്ങു കറുക്കാന്‍ തുടങ്ങി. പള്ളിയില്‍ തന്റെ
കൂട്ടുകാരികളെന്നു നടിക്കുന്ന ചിലര്‍ അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവള്
ഹെന്നായാണോ, ഡൈയാണോ ഇടുന്നത് അവര്‍ അടക്കം പറഞ്ഞു. ചില ചെറുപ്പക്കാരികളുടെ വിചാരം
അവരുടെ മുടിയൊരിക്കലും നരക്കില്ലെന്നാണ്. അവര്‍ക്കൊരിക്കലും
പ്രായമാകില്ലയെന്നാണ്. എന്തായാലും ശോശാ മറിയത്തിന്റെ മുഖത്തിനൊരു പ്രത്യേക
പ്രസരിപ്പ്. കവിളുകള്‍ക്കൊരു തുടുതുടുപ്പ്. കൗമാരക്കാരായ മക്കള്‍ പോലും അമ്മയുടെ
മാറ്റം ശ്രദ്ധിച്ചു.
`അമ്മ,. ആര്‍ യു ഇന്‍ ലൗ ഗേള്‍?!!' അവര്‍
ഒരുമിച്ചാരാഞ്ഞു.
ശോശ മക്കളുടെ മുഖത്ത് നോക്കാതെ, തന്റെ ഫ്രഞ്ച് പെഡി
ചെയ്‌ത നഖങ്ങള്‍ ഒടിയാതെ കാലു കൊണ്ട് കാര്‍പ്പറ്റില്‍ കളം വരച്ചു.
`പൊക്കോണമവിടുന്ന്'
ശോശാമ്മ ചിരിച്ചു കൊണ്ടവിടെ നിന്നും ഓടി. ഈ പിള്ളേരുടെ കാര്യം. എന്തായാലും
അമേരിക്കയിലായത് കാര്യമായി. നാട്ടിലായിരുന്നെങ്കില്‍ ഇത്ര എളുപ്പം തനിക്കൊരു
ഡിവോഴ്‌സ് കിട്ടില്ലായിരുന്നല്ലോ. കൂടെ മക്കളുടെ അകമഴിഞ്ഞ സപ്പോര്‍ട്ടും. ഇവിടെ
പിന്നെ ഡിവോഴ്‌സ് ഒന്നും വലിയ കാര്യമല്ല. അവരുടെ ക്ലാസിലെ മുക്കാല്‍
ശതമാനത്തിന്റെയും മാതാപിതാക്കള്‍ ഡിവോഴ്‌സ് തന്നെ.
കാര്യം തന്റെ
കൈയിലിരുപ്പും നാക്കിന്റെ അടക്കമില്ലായ്‌കയുമാണെങ്കിലും, അവരുടെ അപ്പന്‍ തന്നെ
പട്ടിയെ തല്ലുന്നത് പോലെ തല്ലിച്ചതയ്‌ക്കുന്നത് താന്‍ മാക്‌ഡോനാല്‍സിന്റെ ക്വാര്‍ട്ടര്‍ പൗണ്ടറും ചിക്കന്‍ നഗട്‌സും, ഫ്രഞ്ച് ഫ്രൈയും വാങ്ങിച്ചു കൊടുത്തു തടി
വെപ്പിച്ച ആണ്‍മക്കള്‍ക്ക് അധിക കാലം നോക്കി നില്‍ക്കാനാകുമായിരുന്നില്ല. അവര്‍
കുഞ്ഞുമോനെന്ന തന്തയുടെ ഭീകര വാഴ്‌ച തടയുകയും അപ്പനെ പല തവണ വാണിംഗ് കൊടുത്ത്
ഒതുക്കുകയും ചെയ്‌തു. മലയാളം ഒരു മാതിരി അറിയാവുന്ന മൂത്ത മകന്‍ ഡേവിഡ്
അവനറിയാവുന്ന പോലെ അപ്പനെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു... കുഞ്ഞുമോന് ഇപ്പോഴും
പിള്ളേര് പറയുന്ന ഇംഗ്ലീഷ് നന്നായിട്ട് മനസിലാവില്ല.
``ഡാഡ് യു നോ
വാട്ട് ഹാപ്പെണ്ട് ടു ദാറ്റ് മലയാളി ഗൈ ഇന്‍ പെന്‍സില്‍വെനിയാ? ഇനി മമ്മിയെ നീ
തൊട്ടാല്‍ നിന്നെ അതുപോലെ കെട്ടിത്തൂക്കും,...ഡോണ്‍ട് എവര്‍ ടച് ഹേര്‍ ഓക്കേ''
അവന്‍ അലറി. അപ്പന്റെ കൈ പിടിച്ചു തിരിച്ചു. ആറടി പൊക്കക്കാരനും സ്‌റ്റേറ്റ്
കരാട്ടെ ചാമ്പ്യനും ആയ മകന്റെ കൈയില്‍ കുഞ്ഞുമോന്‍ ഒരു കോഴിക്കുഞ്ഞിനെ പോലെ
പിടഞ്ഞു. അവന്‍ ഒരു തിരി കൂടി തിരിച്ചിരുന്നേല്‍ അയാളുടെ എല്ലൊടിഞ്ഞെനെ.
``എടാ. വിടെടാ ഡാഡിയെ'' ശോശാമ്മ ദേഷ്യപ്പെട്ടു. മകന്റെ കയ്‌ക്കിട്ട് ഒരു
തട്ട് കൊടുത്തു.
എന്നാലും ചെറുക്കന്‍ പറഞ്ഞത് കേട്ടില്ലേ ! അത്ര അഹങ്കാരം
വേണ്ട. അടുത്ത കാലത്ത് അമേരിക്കയിലെവിടെയോ ഭര്‍ത്താവിന്റെ തല്ലുകൊണ്ട് മടുത്ത ഒരു
അമ്മയും അവരുടെ മൂന്നു ആമസോ ണിയന്‍ പെണ്‍മക്കളും കൂടി കള്ളു കുടിയന്‍ തന്തയെ
ഗരാജില്‍ ജീവനോടെ കെട്ടിത്തൂക്കികൊന്ന കഥ ഞെട്ടലോടെ ശോശാമ്മ ഓര്‍ത്തു.
അമേരിക്കയിലായിട്ടു കൂടി ആ കേസ് എങ്ങനെയോ ഒതുങ്ങി പോയി. അത് കുത്തിപ്പൊക്കാന്‍
കൊല്ലപ്പെട്ടയാള്‍ക്ക് ബന്ധുക്കളൊന്നും ഇവിടെ ഉണ്ടായിരുന്നില്ലല്ലോ. എന്നാലും
തന്റെ പിള്ളേരുടെ അപ്പനല്ലെ കൊല്ലാനും വെട്ടാനും ഒന്നും പോകണ്ട. അങ്ങനെ വല്ലതും
സംഭവിച്ചാല്‍ അവരുടെ ഭാവി ഗോപി വരച്ചാല്‍ മതി. അമേരിക്കയില്‍ കുറ്റക്കാരാണെന്ന്
വിധിച്ചു ജയിലില്‍ കയറിയാല്‍ പുറംലോകം കാണണേല്‍ കുറഞ്ഞത് നാല് തലമുറ കഴിയണം.
ഇതുപോലത്തെ നിയമങ്ങള്‍ കൊച്ചു കേരളത്തിലുണ്ടായിരുന്നെങ്കില്‍ നാടെന്നേ നന്നായേനെ!
അതൊന്നും വേണ്ട, ആളെ ഒന്ന് പേടിപ്പിച്ചാല്‍ മതി. തന്നെ തല്ലാന്‍ ഇനി ആ കൈ
പൊങ്ങരുത്. ഹാ... അത് മതി.
ശോശാമ്മ പിള്ളേര്‍ക്കും ഭര്‍ത്താവിനും മധ്യസ്ഥം
നിന്ന് രമ്യതക്ക് ശ്രമിച്ചു. പക്ഷെ പിള്ളേര്‍ വിടാന്‍ ഭാവമില്ല.
``മോം....യു ഡോണ്‍ട് ഹാവ് ടു ലിവ് ലൈക് ദിസ്.'' അവര്‍ അമ്മയെ
ഉപദേശിച്ചു.
``ഡാഡ്, ഹിറ്റിഗ് എ വുമെന്‍ ഈസ് റോങ്ങ്.'' രണ്ടാമന്‍
സോളമന്‍ അവന്റെ വീതം അപ്പന് നല്ല ബുദ്ധി ഉപദേശിച്ചു. അമ്മമാരുടെ നേരെ കൈ വെച്ചാല്‍
മക്കള്‍ക്ക് വൈരാഗ്യം കിടക്കും. അപ്പനോളം പോന്നാല്‍ അവരീ രീതിയില്‍
പെരുമാറുന്നതിനു കുറ്റം പറയാന്‍ പറ്റുമോ?
മകള്‍ മാത്രം ഒന്നും മിണ്ടിയില്ല.
അവള്‍ അമ്മയുടെ ചുവന്നു തിണിര്‍ത്തു കിടന്ന കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു
മാറ്റിക്കൊണ്ടിരുന്നു..
``അമ്മ, പ്ലീസ് ഡോണ്‍ട് ക്രൈ''.എങ്ങലടിയില്‍
അവളുടെ വാക്കുകള്‍ മുറിഞ്ഞു.
അങ്ങനെ പത്തൊമ്പത് വര്‍ഷത്തെ ദാമ്പത്യത്തിനു
ശേഷം ഇനിയും ശോശാമ്മയെന്ന സ്‌ത്രീയുടെ നേരെ കൈ ഓങ്ങിയാല്‍ താന്‍ ജന്മം കൊടുത്ത
പിശാചുക്കള്‍ തന്നെ കഷണിച്ചു കളയും എന്ന് തിരിച്ചറിവുണ്ടായപ്പോള്‍ കുഞ്ഞുമോന്‍
എന്ന പാഴ്‌ശ്രുതി മെല്ലെ കട്ട മാറ്റിപ്പിടിച്ചു. കുറെ ദിവസത്തേക്ക് ആള്‍ വീട്ടില്‍
നിന്ന് ഇറങ്ങിപ്പോയി. ഇടയ്‌ക്കൊക്കെ കസിനോകളിലേക്ക് മുങ്ങുന്ന സ്വഭാവമുള്ളതിനാല്‍
അമ്മയോ മക്കളോ അന്വേഷിക്കുവാനും പോയില്ല. കുറച്ചു ദിവസങ്ങള്‍ അയാളുടെ
കുടിക്കമ്പനിക്കാര്‍ കുഞ്ഞുമോനെ ചുമന്നു, സഹിച്ചു. ഭാര്യ നാട്ടില്‍ പോയിരുന്ന ഒരു
കുടിയന്‍ മൂന്നാഴ്‌ച കൂടെ താമസിപ്പിച്ചു. അയാളുടെ ഭാര്യ വരാറായപ്പോള്‍ കുഞ്ഞുമോന്‍
ജോലിക്കടുത്തായി ഒരു ഒറ്റ മുറി അപ്പാര്‍ട്ട്‌മെന്റ് എടുത്ത് മാറി.
ഇടക്കെപ്പോഴോ മക്കളില്ലാത്ത നേരം നോക്കി തന്റെ സ്ഥാവരജം ഗമവസ്‌തുക്കള്‍
കൊണ്ടുപോകാന്‍ അയാള്‍ ഒരു വയര്‍ കള്ളുമായി പ്രത്യക്ഷപ്പെട്ടു. സാധനങ്ങള്‍
പെട്ടിയില്‍ വാരി നിറയ്‌ക്കുമ്പോള്‍ കുഞ്ഞുമോന്‍ പല്ല് കടിക്കുകയും മുക്ര ഇടുകയും
എന്തൊക്കെയോ വലിച്ചെറിയുകയും മറ്റെന്തല്ലാമോ വൃത്തികെട്ട ശബ്ദങ്ങള്‍
പുറപ്പെടുവിക്കുകയും ചെയ്‌തു. ശോശാമ്മ ഒരക്ഷരം മിണ്ടാതെ അത് നോക്കി നിന്നു. മലയാള
അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ചേര്‍ത്തുള്ള തെറിവാക്കുകള്‍ അയാളുടെ നാവില്‍
നിന്ന് തെന്നിത്തെറിച്ചു കൊണ്ടേയിരുന്നു. ദ്രുതകാകളി വൃത്തത്തിലായിരുന്നു ആ
കാലുകളുടെ ചലനം.
എന്നാലും, പോകുന്നതിനു മുന്‍പ് ``കാപ്പി വേണോന്നുള്ള''
ചോദ്യത്തിന്, ``കൂപ്പി നിന്റെ തന്തക്കുകൊണ്ട് കൊടെന്നുള്ള'' കുഞ്ഞുമോന്റെ മറുപടി
ശോശാമ്മയെ ചൊടിപ്പിച്ചു. അതിനു മറുപടി പറയാഞ്ഞിട്ട് അവരുടെ നാക്കിനു വളരെയധികം
അസ്വസ്ഥത ഉണ്ടായെങ്കിലും ഒന്നും മിണ്ടിയില്ല. ഇനി ഈ മാരണത്തിന്റെ ശല്യം
ഉണ്ടാകില്ലല്ലോ എന്നോര്‍ത്ത് ഫിയാസ്റ്റായില്‍ നിന്ന് വാങ്ങിയ ഒരു പേരയ്‌ക്ക
എടുത്ത് ശോശാമ്മ വായില്‍ തിരുകി.
``ഇതാ ഇത് കൂടെ കൊണ്ട് പോ. ഇതായിട്ടിനി
ഇവിടെ വെയ്‌ക്കണ്ട''. കുഞ്ഞുമോന്റെ ചില തുള വീണ അണ്ടര്‍ വെയറുകളും കീറിയ
ബനിയനുകളും, ആരും കാണാതെ അയാള് ഒളിപ്പിച്ചു വെച്ചിരുന്ന സണ്ണിലിയോണ്‍ പടമുള്ള
സിഡികളും, പ്ലേ ബോയി മാഗസിനും, ചില മലയാള അശ്ലീല പുസ്‌തകങ്ങളും, കോണ്ടം
പായ്‌ക്കറ്റുകളും ഒരു വയാഗ്ര ഗുളികക്കുപ്പിയും അടങ്ങിയ ഒരു ചെറിയ കാര്‍ഡ്‌ബോര്‍ഡ്
ബോക്‌സ് പുരാവസ്‌തു പോലെ ശോശാമ്മ എടുത്തു നീട്ടി.
``ഹും വാസക്‌ടമി ചെയ്‌തിട്ട് പതിനഞ്ചു വര്‍ഷം
കഴിഞ്ഞു. ഇന്ന് വരെ നിങ്ങളി കുന്തമൊന്നുമിട്ടു ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ തനിയെ
നാട്ടില്‍ പോയി വരുമ്പോള്‍ കാണാം പെട്ടിയിടെ അടിയില്‍ ഇതെല്ലാം പായ്‌ക്കറ്റ്
തുറന്നും തുറക്കാതെയും കിടക്കുന്നത്. ഇത്ര നാള്‍ ഞാന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നാ
വിചാരം അല്ലെ? ഈ നീലഗുളികയൊന്നും എടുത്തിട്ടു ഒരു കാര്യവുമില്ല. നിങ്ങടെയീ മുടിഞ്ഞ
കുടിയെന്നു നിര്‍ത്തുന്നോ അന്നേ കാര്യങ്ങള്‍ ശരിയാവുകയുള്ളൂ. ഒരു വയാഗ്രാത്മാവ്
വന്നിരിക്കുന്നു'' അവര്‍ പുഛിച്ചു ചിരിച്ചു. എത്ര ശ്രമിച്ചിട്ടും ഇതില്‍
ശോശാമ്മക്ക് കണ്‍ട്രോള്‍ പോയേ പോച്ച്. അതുവരെ തടഞ്ഞു നിര്‍ത്തിയിരുന്ന പകയും
വെറുപ്പും അണപൊട്ടിയൊഴുകി. അവര്‍ പിന്നെയും എന്തൊക്കെയോ
പുലമ്പിക്കൊണ്ടിരുന്നു.
``കള്ളു കുടീം, ചീത്ത വിളീം, തല്ലും എങ്ങിനേം ഞാന്‍
സഹിച്ചു. പക്ഷെ, ഇത്!! വന്നു വന്ന് ആരെന്നില്ല. എന്റെ എത്ര കൂട്ടുകാരികളാ
നിങ്ങളുടെ വഴിവിട്ട രീതികളെക്കുറിച്ച് പറയുന്നത്?? നാണം കെട്ടിട്ട് പാടില്ല.
മക്കള്‍ വളര്‍ന്ന് വരുന്നുവെന്ന ചിന്ത പോലുമില്ല.'' അവര്‍ തുടര്‍ന്ന്
കൊണ്ടേയിരുന്നു.
അയാള്‍ പല്ല് കടിച്ചു കൊണ്ട് അവരുടെ മുഖത്തു നോക്കാതെ
അതെല്ലാം വാങ്ങി പെട്ടിയിലിട്ടു. കള്ളി, കാട്ടുകള്ളി, പെരും കള്ളി എല്ലാം
അറിയുന്നുണ്ടായിരുന്നല്ലെ!? നാട്ടില്‍ ചെന്നുള്ള തന്റെ കറക്കങ്ങളും ചുറ്റിക്കളികളും
കൂടി അവള്‍ അറിഞ്ഞിരിക്കുന്നു. ചുമ്മാതല്ല അവള്‍ക്ക് തന്നോട് ഇത്ര വെറുപ്പ്.
`മുടിഞ്ഞവള്‍, ഇവള്‍ നശിച്ചു പോകത്തെ ഒള്ളു. അയാള്‍ക്ക് കലി അടക്കാനായില്ല.
പോകുമ്പോള്‍ കുഞ്ഞുമോന്‍ യാത്ര പറഞ്ഞില്ലന്നു മാത്രമല്ല വഴിയിലോട്ടിറങ്ങി നിന്ന്
ശോശാമ്മയെയും അവളുടെ വീട്ടുകാരെയും സ്വന്തം ആണ്‍മക്കളെയും നല്ല ഭേഷായി
കൊടുങ്ങല്ലൂര്‍ മലയാളത്തിലും പിന്നെ അറിയാവുന്ന മുറി ഇംഗ്ലീഷിലും ലാവിഷായി ചീത്ത
വിളിച്ചൊരു ഗ്രാന്‍ഡ് ഫിനാലിയങ്ങ് നടത്തുകയും ചെയ്‌തു. ആ കാര്‍ഡ് ബോര്‍ഡ്
പെട്ടി കണ്ടതോടെ കള്ളിന്റെ കെട്ട് വിട്ടിരുന്നതിനാല്‍ അപ്പോള്‍ നാക്കിനൊരു
കുഴച്ചിലുമുണ്ടായിരുന്നില്ല. ഭാര്യമാരുടെ മുന്നില്‍ ഉത്തരം മുട്ടുന്ന ടിപ്പിക്കല്‍
മലയാളി പുരുഷന്മാരുടെ മൂന്നാം മുറകളിലൊന്നാണല്ലോ തന്തക്കു വിളിയും തെറി വിളിയും.
ഒരല്‍പം മദ്യമുള്ളിലുണ്ടെങ്കില്‍ എരിവു കൂടുമെന്ന് മാത്രം. കുഞ്ഞുമോനായിട്ട് ആ
പതിവൊന്നും തെറ്റിക്കാന്‍ പോയില്ല.
ജനലഴികളിലൂടെ കുഞ്ഞുമോന്റെ പ്രകടനം
കണ്ടു നിന്ന ശോശാമ്മ ഓടിപ്പോയി തന്റെ ഐ ഫോണ്‍ എടുത്തു അയാളുടെ കാളിയമര്‍ദനം ബാലെ
കാര്യമായിട്ടങ്ങു റിക്കോര്‍ഡും ചെയ്‌തു. ഡിവോഴ്‌സിന് അപേക്ഷിക്കുമ്പോള്‍ ഈ തരം
തെളിവുകള്‍ അത്യാവശ്യം ആണെന്നാണ് വക്കീലന്മാര്‍ പറയുന്നത്. ഈ തെറിയെല്ലാം എങ്ങനെ
മൊഴി പരിവര്‍ത്തനം നടത്തുമോ എന്തോ ? സായിപ്പിന് കായും പൂവും ഇലയും ചേര്‍ത്ത മലയാളം
ചീത്തവാക്കുകള്‍ അറിയില്ലെങ്കിലും എല്ലാറ്റിന്റെയും കൂടെ ചേര്‍ക്കാന്‍ പറ്റിയ
ഒരൊറ്റമൂലി വാക്കുണ്ടല്ലോ. കുഞ്ഞുമോന്‍ അമേരിക്കയില്‍ വന്നയിടയ്‌ക്ക് തന്നെ ആ
വിശുദ്ധ വാക്കിന്റെ അപാരസാധ്യതകള്‍ മനസിലാക്കുകയും സ്ഥാനത്തും അസ്ഥാനത്തും അത്
ധാരാളമായി ഉപയോഗിക്കുകയും ചെയ്‌തു പോന്നിരുന്നു. ഇംഗ്ലീഷ് അക്ഷരമാലയിലെ ആ
ആറാംതമ്പുരാന്‍ ഇല്ലായിരുന്നെങ്കില്‍ ഈ സായിപ്പന്മാര്‍ എന്ത് ചെയ്‌തേനെ!
അമേരിക്കയില്‍ ഇപ്പോള്‍ എല്ലാറ്റിനും ട്രാന്‍സ്‌ലേറ്റര്‍മാര്‍ ഉള്ള കാലമാണ്. തെറി
മൊഴിമാറ്റാനുള്ള വഴിയൊക്കെ വക്കീലന്മാര്‍ ഉണ്ടാക്കുമായിരിക്കും. അവര്‍
റിക്കോര്‍ഡിംഗ് തുടര്‍ന്നു.
ശോശാമ്മ മറഞ്ഞു നിന്നാണ് റിക്കോര്‍ഡ്
ചെയ്‌തതെങ്കിലും കുഞ്ഞുമോന്‍ വെളിയില്‍ നിന്നും അതുകണ്ടു പിടിച്ചു. ``ആ എന്നാ
പിന്നെ നീ ഇതും കൂടി എടുക്കടീ'' എന്ന് പറഞ്ഞു പുറംതിരിഞ്ഞു നിന്ന് തന്റെ
സ്വെറ്റ് പാന്റൂ പകുതിയൂരി ഭാര്യയെ ബേഷായി `മൂണ്‍ലൈറ്റ്` കാണിച്ചു കൊടുത്തു. ഈ
ഐറ്റം നേരത്തെ കരുതിക്കൂട്ടി താന്‍ ഗ്രാന്‍ഡ് ഫിനാലിയില്‍ പെര്‍ഫോം
ചെയ്യുമെന്നറിയാമായിരുന്നതിനാല്‍ കുഞ്ഞുമോന്റെ സംഗതികള്‍ക്ക് മനപ്പൂര്‍വം ഷഡ്‌ജം
ഉണ്ടായിരുന്നില്ല. കേരളത്തില്‍ ജനിച്ചു വളര്‍ന്ന മിക്ക മലയാളി പുരുഷന്മാരെയുംപോലെ
കുഞ്ഞുമോനും ഷഡ്‌ജത്തിലും ഗമകത്തിലുമൊന്നും വലിയ താല്‌പര്യമുണ്ടായിരുന്നില്ല.
സൗകര്യമല്ലെ എല്ലാം.
കാര്യം പത്തൊമ്പതു വര്‍ഷമായി താന്‍ കണ്ടിട്ടുള്ള
ഭീകരകൊലവെറിയാണെങ്കിലും, തന്നെ തുണി പൊക്കിക്കാണിച്ച് (അല്ല ഊരിക്കാണിച്ച്)
അപമാനിച്ചത് ശോശാമ്മക്ക് തീരെ സഹിച്ചില്ല. ദേഷ്യത്തിലും അതിലേറെ സങ്കടത്തിലും,
ഒരാവേശത്തിനു 9 1 1 കുത്തുന്നത് മാത്രം അവള്‍ ഓര്‍ക്കുന്നുണ്ട്. പിന്നെ എല്ലാം
വളരെ പെട്ടെന്നായിരുന്നു. ആ വഴിയെങ്ങോ പോയ ഒരു പട്രോളിങ്ങ് പോലിസുകാരന്‍ രണ്ടു
മിനിട്ടിനകം വന്ന് കുഞ്ഞുമോനെ `ഇന്‍ ഡീസന്റ്‌് എക്‌സ്‌പോഷറിന്' അറസ്‌റ്റ്
ചെയ്‌തപ്പോഴാണ് കളി കാര്യമായ വിവരം ശോശക്കുട്ടിക്കു ക്ലിക്ക് ചെയ്യുന്നത്. ഫോണ്‍
അപ്പോഴും റിക്കോര്‍ഡ് മോഡിലായിരുന്നു.
പോലിസിനെ കണ്ടപ്പോള്‍ ശോശാമ്മയുടെ
ധൈര്യം എല്ലാം പറ പറന്നു. ഒരാവേശത്തിനു വിളിച്ചു പോയതാണ്. ഇനി എന്ത് ചെയ്യും.?
അറിയാതെ വിളിച്ചതാണെന്നു പറയാം എന്നു കരുതി പോലിസ് വണ്ടിയുടെ അടുത്തേക്ക്
ഓടിച്ചെന്നപ്പോള്‍ അതാ, അയല്‍ക്കാരി മാദമ്മ ബ്രിണ്ടാ സ്റ്റാലിങ്ങ് ഓടി ഇറങ്ങി
വന്നു പോലിസുകാരനോട് സംസാരിക്കുന്നു. ഇത് മി. പോളിന്റെ സ്ഥിരം പതിവാണെന്നും,
എന്നും കള്ള് കുടിച്ച് വന്നുള്ള ഈ വഴക്ക് കണ്ടു താനും മറ്റ് അയല്‍ക്കാരും
മടുത്തെന്നും, പോളിന്റെ മൂണ്‍ലൈറ്റിംഗ് കണ്ടു ബൈപ്പാ സ് കഴിഞ്ഞിരിക്കുന്ന തന്റെ
ഹൃദയത്തിലെ വളരെ വിലയേറിയ പേസ്‌മേക്കര്‍ അടിച്ചു പോയേനെയെന്നുമെല്ലാം മിസിസ്.
സ്റ്റാലിങ്ങ് മൊഴി കൊടുത്തു. എല്ലാം താന്‍ ഈ കാംകോടാറില്‍ റിക്കോര്‍ഡ്
ചെയ്‌തിട്ടുണ്ടെന്നും കൂടി പറഞ്ഞു കേട്ടപ്പോള്‍ പോലിസുകാരന്‍ പിന്നെ ഒന്നും
നോക്കിയില്ല. അവിടെ നിന്ന് തന്നെ താന്‍ റിക്കോര്‍ഡ് ചെയ്‌ത ഭാഗങ്ങള്‍ പോലീസുകാരനെ
മാദാമ്മ കാണിച്ചു. അയാള്‍ അതും തെളിവായി വാങ്ങി കുഞ്ഞുമോന്റെ കൈ പുറകോട്ടു കെട്ടി
കൂച്ച് വിലങ്ങിട്ട് പോലീസ് കാറില്‍ കയറ്റിയിരുത്തി.
വണ്ടിയിലിരുന്ന്
കുഞ്ഞുമോന്‍ ശോശാമ്മയെ ഒന്ന് നോക്കി. വര്‍ഷങ്ങളായി അവളെ നോക്കിപ്പേടിപ്പിച്ചിരുന്ന
അതേ നോട്ടം. `നിന്നെ ഞാന്‍ കാണിച്ചു തരാമെടീ` എന്ന് പറയാതെ പറയുന്ന ക്രൂരനോട്ടം.
അവര്‍ പെട്ടെന്ന് കണ്ണ് വെട്ടിച്ചു കളഞ്ഞു. ശോശാമ്മയ്‌ക്ക് ഉള്ളിലെവിടെയോ ചെറിയ
ഒരു സങ്കടം എത്തി നോക്കിയോ? പക്ഷെ അയാള്‍ ഇടിച്ചിട്ടുള്ള ഇടിയുടെ നൊമ്പരവും പുളിച്ച
ചീത്തയുടെ ഓട നാറ്റവും ഓര്‍ത്തപ്പോള്‍ വന്ന സങ്കടം പടി കടന്നു പോവുകയും ചെയ്‌തു
സന്ധ്യയ്‌ക്കുള്ള ലോക്കല്‍ ന്യൂസ് കാണുമ്പോള്‍, അതാ കാണിക്കുന്നു.
`മധ്യവയസ്‌ക്കനായ പോള്‍ വാളുക്കാരന്‍ എന്ന ഇന്ത്യക്കാരനെ ഡൊമസ്‌റ്റിക് അബ്യൂസിനും
ഇന്‍ഡീസന്റ് എക്‌സ്‌പോഷറിനുമായി സിറ്റി പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നു. കൂടെ
കുഞ്ഞുമോന്‍ മൂണ്‍ലൈറ്റ് ചെയ്യുന്ന പടവും മാറി മാറി ഫ്‌ളാഷ് ചെയ്‌തു
കാണിക്കുന്നു. കുഞ്ഞുമോന്റെ സ്വതവേ ഇരുണ്ട ഗ്ലുഡിയസ് മാക്‌സിമസ് ഭാഗങ്ങള്‍
ചാനലുകാര്‍ ഒരു നിഴല്‍ വട്ടത്തിലാക്കിയിരിക്കുന്നു. ഇംഗ്ലീഷിലുള്ള ചീത്ത വാക്കുകള്‍
മാത്രം, നാട്ടിലെ ന്യൂ ജെന്‍ മൂവിയിലെ പോലെ ബീപ് ബീപ് ചെയ്യുന്നുണ്ട്. പക്ഷെ,
കുഞ്ഞുമോന്റെ മലയാളം പൂരപ്പാട്ട് സുന്ദരമായി ചാനലുകാര്‍ ഒഴുക്കി വിട്ടു.
അവര്‍ക്കറിയില്ലല്ലോ അതിന്റെ ഒരു ഭീകരത.
ശോശാമ്മയ്‌ക്ക് തല കറക്കമാണോ ഭൂമി
കുലുക്കമാണൊ സംഭവിക്കുന്നത് എന്ന് അല്‍പ്പനേരത്തേക്ക് ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായി.
എന്നാലും ഇയാള്‍ക്ക് ഇത്ര ബോധമില്ലാതെ പോയല്ലോ. എന്തെല്ലാമാണ് വിളിച്ചു കൂകിയത്?
ആ ഇനി വരുന്ന പോലെയൊക്കെ വരട്ടെ. അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു ശതമാനവും
നാട്ടില്‍ നിന്നുള്ള മലയാളം ചാനലുകള്‍ മാത്രം കാണുന്നവരായതിനാലും, മിക്കപേരും
അമേരിക്കയിലെ ലോക്കല്‍ ന്യൂസ് പോലും കാണാത്തവരായതിനാലും ആരും തന്റെ ഭര്‍ത്താവിന്റെ
അറസ്റ്റ് വാര്‍ത്ത കാണില്ലായിരിക്കുമെന്ന ചിന്തയില്‍ ശോശാമ്മ സ്വയം ആശ്വസിച്ചു
സോഫയില്‍ തളര്‍ന്നു കിടന്നു. അവരുടെ ലാന്‍ഡ് ഫോണും, സെല്‍ഫോണും മാത്രം നിര്‍ത്താതെ
നിലവിളിച്ചു കൊണ്ടിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല