'വാടാ കുളിക്കാന്‍ പോകാം. നിനക്ക് അലക്കാനുള്ള തുണിയൂടെ എടുത്തോ'
മൂത്ത പെങ്ങള്‍ അച്ചാമ്മ ചേച്ചിയാണ് വിളിക്കുന്നത്. നല്ല മര്യാദക്കുള്ള വിളി. ഇത്രേം മയത്തില്‍ അച്ചാമ്മ ചേച്ചിയേ വിളിക്കൂ.
എന്റെ തുണികളൊന്നും ഞാനായിട്ട് അലക്കാറില്ല...അന്നും ഇന്നും. അപ്പോള്‍ പിന്നെ മുന്‍കൈ എടുത്ത് തുണികള്‍ അലക്കിത്തരാമെന്ന് ആരെങ്കിലും പറഞ്ഞാ എന്തിന് വേണ്ടാന്ന് വക്കണം.
മണി രാവിലെ പതിനൊന്ന് – പതിനൊന്നര. സാധാരണ ആളുകള്‍ തോട്ടില്‍ കുളിക്കാന്‍ പോകുന്നത് ഒന്നുകില്‍ വെയില്‍ ഉറയ്ക്കുന്നതിന് മുന്‍പേ. അല്ലെങ്കില്‍ വെയില്‍ താഴ്ന്നതിന് ശേഷം. നട്ടുച്ചക്ക് ആരും തോട്ടില്‍ പോയി കുളിക്കാറില്ല. ഉച്ചക്കിറുക്കാണെന്നെ ആളുകള്‍ പറയൂ. അല്ലേല്‍ തലക്ക് ഓളം. പക്ഷെ അച്ചാമ്മ ചേച്ചിയുടെ ന്യായം ഉച്ചക്ക് പോയാല്‍ തോട്ടില്‍ തിരക്കുണ്ടാവില്ല, പിന്നെ തുണികള്‍ അലക്കി വിരിയ്ക്കാന്‍ ഇഷ്ട്ടം പോലെ പാറകള്‍ ഉണ്ടാവും. തന്നെയുമല്ല അലക്കി വിരിക്കുന്ന തുണികള്‍ ഉച്ച വെയില്‍ ചൂട് കാരണം മിനിട്ടുകള്‍ക്കകം പപ്പടം പോലെ ഉണങ്ങി കിട്ടും.
ഞാന്‍ എതിരൊന്നും പറഞ്ഞില്ല. എന്റെ തിരക്കുകള്‍ എല്ലാം മാറ്റിവച്ച് ഒരു വലിയ പുതപ്പിനുള്ളില്‍ മുഷിഞ്ഞ തുണികളെല്ലാം വാരിക്കെട്ടി ഞങ്ങള്‍ തോട്ടിലേക്ക് യാത്രയായി. നാട്ടുകാര്‍ക്ക് മുഴുവന്‍ തുണികള്‍ അലക്കിക്കൊടുത്ത് ഉപജീവനം കഴിയുന്ന അലക്കുകാരെ പോലെ തോന്നും ഇപ്പൊ ഞങ്ങളെ കണ്ടാ...
പോകുന്ന വഴി ആശാരി പണിക്കനുണ്ട്, തൊണ്ടുവേലില്‍ സാറുണ്ട്, ബാര്‍ബര്‍ കുട്ടന്‍ മൂപ്പരുണ്ട്, ശങ്കരന്‍ മൂപ്പനുണ്ട്, അവരുടെ മക്കളുണ്ട്...മക്കള്‍ എല്ലാവരും തൊഴിലായി ബാര്‍ബര്‍ പണി പരമ്പരാഗതമായി സ്വീകരിച്ചവര്‍. വഴിയെ ആരെങ്കിലും പോകുന്നത് കണ്ടാ അവരെ പിടിച്ചുനിര്‍ത്തി കുശലോം വിശേഷോം പരദൂക്ഷണോം ഒരു ദാരിദ്ര്യോം ഇല്ലാത് വിളമ്പുന്ന ലക്ഷ്മിമൂപ്പത്തീം. വായുഗുളിക മേടിക്കാനുള്ള തിരക്കിലാണെങ്കിലും ലക്ഷ്മി മൂപ്പത്തിക്ക് അതൊന്നും ഒരു കാര്യമല്ല. പിടിച്ചു നിര്‍ത്തും. ശങ്കരന്‍ മൂപ്പരുടെ നിഷ്‌ക്കളങ്കയായ ഭാര്യയാണാ സ്വത്ത്.
അന്നമ്മയുടെ മക്കളെ മൂപ്പത്തിക്ക് വല്യ കാര്യമാ. അതുകൊണ്ട് ഞങ്ങളെ എപ്പോ കണ്ടാലും പിടിച്ചു നിര്‍ത്തി സംസ്സാരിക്കും. ചിലപ്പോ വീട്ടില്‍ വിളിച്ചുവരുത്തി ഉള്ളതിന്റെ വീതം വിളബീം തരും. അയലോക്കത്തെ വീട്ടില്‍ നിന്നും എന്ത് കിട്ടിയാലും ഞാന്‍ മേടിച്ചു കഴിക്കാറുണ്ട്. വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ സ്വാദില്‍ നിന്നും വിഭിന്നമായ ഒരു സ്വാദ് അതിനുണ്ട്.
മൂപ്പത്തിയുടെ കണ്ണുവെട്ടിച്ച് ഞാനും അച്ചാമ്മ ചേച്ചിയും കടവിലെത്തി. കടവ് ഞങ്ങള്‍ക്ക് മാത്രം. തോട്ടിലെ വെള്ളം വറ്റിവരികയാണ്. ഒഴുക്ക് വളരെ കുറവ് പക്ഷെ കണ്ണുനീര്‍ പോലെ തെളിഞ്ഞ വെള്ളം. കാല് ചവിട്ടുമ്പോള്‍ നല്ല സുഖമുള്ള തണുപ്പും. ചെറുമീനുകള്‍ കൂട്ടത്തോടെ നീന്തിപോകുന്നത് വെള്ളത്തിന് മീതേ നോക്കിയാല്‍ കാണാം.
അച്ചാമ്മ ചേച്ചി പുതപ്പിനുള്ളിലെ തുണികള്‍ അഴിച്ച് കടവില്‍ നിരത്തി. എന്നിട്ട് ഓരോന്നോരോന്നായി എടുത്ത് നനച്ച് അതില്‍ ബാര്‍ സോപ്പ് പുരട്ടി പതപ്പിച്ചു കല്ലേല്‍ അടിച്ചു വെളുപ്പിക്കാന്‍ തുടങ്ങി. കുറെ തുണികള്‍ എനിക്കും തന്നു. ഞാന്‍ എന്നെക്കൊണ്ട് കഴിയുന്ന രീതിയിലും വെളുപ്പിക്കാന്‍ തുടങ്ങി.
ഒരിടത്തും എത്താത്ത ഒരു കുട്ടിതോര്‍ത്താണ് എന്റെ ആകെയുള്ള വസ്ത്രം. അന്നതിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങള്‍ തുണികള്‍ നനച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ദൂരേന്ന് കേള്‍ക്കാം ഒരു ബഹളം. ആരോ വല്യ വായിലെ കരയുന്നു. കരച്ചിലിന് പുറകെ ഒരാളുടെ അട്ടഹാസ്സവും.
ഞാന്‍ തലപൊക്കി നോക്കി പക്ഷെ ആരെയും കണ്ടില്ല. തിരിഞ്ഞ് അച്ചാമ്മ ചേച്ചിയെ നോക്കി. ചേച്ചിയും അലക്ക് നിറുത്തി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി നില്‍ക്കുകയാണ്. ആരെയും കാണുന്നില്ല. അലര്‍ച്ചയും കരച്ചിലും മാത്രം കേള്‍ക്കാം. അതടുത്തടുത്ത് വരുന്നു.
ചേച്ചി അലക്കിക്കൊണ്ടിരുന്ന തുണി താഴെ ഇട്ടു.
'ഫാ...നിക്കട കഴുവേറി അവിടെ...നിന്നെ ഞാനിന്ന് കൊല്ലും..'. കോപം കൊണ്ട് വിറയ്ക്കുന്ന ഒരാളുടെ ശബ്ദം!
ഒരാള് കൊല്ലുമെടാ തിന്നുമെടാ എന്നൊക്കെ ഉറക്കെ പ്രഘ്യാപിച്ചുകൊണ്ട് ഓടി അടുക്കുമ്പോ ആരെങ്കിലും ചാകാന്‍ നിന്ന് കൊടുക്കുമോ. ഇയാള് ഏത് കോത്താഴത്തുകാരന്‍!
അപ്പൊ കാണാം ദൂരേന്ന് രണ്ടു രൂപങ്ങള്‍ തോടിറങ്ങി ഓടി വരുന്നു. മുന്നില്‍ ബര്‍ത്ത് ഡേ സ്യൂട്ടില്‍ നൂല് ബന്ധമില്ലാത്ത ഒരു പയ്യന്‍സ്! അല്‍പ്പം പുറകിലായി പ്രായം ചെന്ന മെലിഞ്ഞ ഒരു മനുഷ്യനും.
അടുത്തു വന്നപ്പോള്‍ എനിക്കാളെ മനസ്സിലായി. കള്ളന്‍ ശശി എന്ന അലങ്കാര നാമത്താല്‍ അറിയപ്പെടുന്ന എന്റെ സഹപാഠി ശശി.
പുറകില്‍ വെളിച്ചപ്പാടിനെ പോലെ കൈയില്‍ ഉയര്‍ത്തി പിടിച്ച വടിയുമായി പാഞ്ഞുവരുന്നത് ശശിയുടെ അപ്പന്‍ പൊടിയന്‍.
വൈറ്റ് വാഷ് പൊടിയന്‍!
അമേരിക്ക വൈറ്റ് ഹൌസ് കണ്ടുപിടിക്കുന്നതിനും മുന്‍പേ ഞങ്ങളുടെ നാട് മൊത്തമായി വൈറ്റ് വാഷ് ചെയ്ത് ഞങ്ങളെയും ഞങ്ങളുടെ വീടുകളെയും ഒരേപോലെ വെളുപ്പിച്ച ഞങ്ങളുടെ അഭിമാനം...പൊടിയന്‍!
സ്വന്തം അമ്മയോടുള്ള വാക്ക് പാലിക്കാന്‍ ശശി എവിടെ നിന്നോ എന്തോ മോഷ്ട്ടിച്ചു. ഒരു ചെറിയ മോഷണം! പക്ഷെ അത് പൊടിയന്റെ നിലക്കും വിലക്കും നിലനില്‍പ്പിനും ചേരാത്ത പ്രവര്‍ത്തിയായ് പോയി. അയാളുടെ ആത്മാഭിമാനം ഉണര്‍ന്നു. പൊടിയന്‍ വേറൊരു മനുഷ്യനായ് കലികൊണ്ട് തുള്ളി. ഇനി കസ്റ്റമേഴ്‌സിന്റെ മുഖത്ത് അങ്ങനെ നോക്കും? നാട്ടുകാര്‍ എന്ത് പറയും? ആരെങ്കിലും ഇനി തന്നെ വൈറ്റ് വാഷിന് വിളിക്കുമോ? പൊടിയനെ അത് വല്ലാത് അലട്ടി.
തന്റെ അപകീര്‍ത്തിക്ക് കാരണഭൂതനായ മകനെ പിടിച്ചു രണ്ടു പൊട്ടിക്കാന്‍ പൊടിയന്റെ മനസ്സ് വെമ്പിയതിന്റെ ആവിഷ്‌ക്കാരമാണ് ഈ കാണുന്നത്.
ശശി അപ്പന്റെ നടപടി മുന്‍കൂറായി കണ്ടു. പക്ഷെ പൊടിയന്‍ ഉത്തരത്തില്‍ ഇരുന്ന വടി എത്തി പിടിക്കുന്ന സമയം വേണ്ടായിരുന്നു ശശിക്ക് ഇറങ്ങി ഓടാന്‍.
വീടിന്റെ തൊട്ടടുത്ത് തോടായിരുന്നതിനാല്‍ ശശി തോട്ടിലേക്ക് ഇറങ്ങി ഓടി. ഓട്ടത്തിനിടെ വാഴനാര് കൊണ്ട് കെട്ടി വച്ചിരുന്ന ശശിയുടെ നിക്കര്‍ അഴിഞ്ഞുവീണെങ്കിലും എങ്കിലും അവനത് കാര്യമാക്കിയില്ല. നാട്ടുകാര്‍ കാണുന്നെങ്കില്‍ കാണട്ടെ...ഇന്നല്ലെങ്കില്‍ നാളെ നാട്ടുകാര്‍ മൊത്തം കാണാനുള്ളതല്ലേ. ശശി നൂറേല്‍ നൂറേല്‍ വിട്ടു.
പൊടിയന്‍ വടിയുമായി പുറകെ...
'അവിടെ നില്ലടാ മൈ....നിന്നെ ഞാനിന്ന് കൊല്ലും'
കൈയില്‍ ഉയര്‍ത്തി പിടിച്ച വടിയുമായി ആക്രോശിച്ച് പുറകെ ഓടി വരുകയാണ് പൊടിയന്‍. അവര് ഞങ്ങള് കുളിക്കുന്ന കടവിനടുത്തെത്തി.
പൊടിയന് നന്നായി കോങ്കണ്ണുള്ളതിനാല്‍ നോട്ടം എങ്ങോട്ടാണെന്ന് പറയാന്‍ പാടാ. ശശിയേ നോക്കി ഓടിവരുന്ന പൊടിയന്റെ നോട്ടം കണ്ടപ്പോ ഞാന്‍ കരുതി നോട്ടം എന്റെ മേലെയാണെന്ന്.
എന്നെ ആലില പോലെ വിറയ്ക്കാന്‍ തുടങ്ങി. എനിക്കിന്ന് അടി ഉറപ്പാ. വീട്ടീന്ന് കിട്ടുന്നതൊന്നും പോരാഞ്ഞിട്ടാരിക്കും.
ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ശശിയുടെ റേഞ്ച് ആണൊ പൊടിയന്. ഒരു പാറയില്‍ നിന്നും അടുത്ത പാറയിലേക്ക് കൊഞ്ച് തെറിക്കുന്നപോലെ ശശി തെറിച്ചു. പാറയില്‍ തെന്നി വീഴാത് ഓരോ ചുവടും ശ്രദ്ധാപൂര്‍വ്വം വച്ച് ശശിയുടെ പുറകെ പൊടിയന്‍ ഓടിയെത്തിയപ്പോഴേക്ക് ശശി ഞങ്ങടെ പഞ്ചായത്തും കഴിഞ്ഞ് അടുത്ത പഞ്ചായത്തില്‍ എത്തി.
ഞാന്‍ അങ്ങനെ വിറച്ചു കരഞ്ഞു നില്‍ക്കെ പൊടിയനും ശശിയും ഞങ്ങളുടെ കടവും കഴിഞ്ഞ് താഴോട്ടോടി. അവര്‍ കണ്ണില്‍ നിന്നും മറഞ്ഞിട്ടും എന്റെ വിറയല്‍ മാറിയില്ല
രണ്ടാഴ്ചക്കകം പൊടിയനെ അച്ചാച്ചന്‍ വീട്ടില്‍ പണിക്ക് വിളിച്ചു. വൈറ്റ് വാഷ് തന്നെ പണി.
സാധന സാമഗ്രികളുമായി വീട്ടില്‍ പണിക്കെത്തിയ പൊടിയനെ ഞാന്‍ വിറയലോടെ ശ്രദ്ധിച്ചു...കൈയില്‍ വടിയുണ്ടോ? ശശിയെ കൈയില്‍ കിട്ടാത്ത വാശിക്ക് അന്നോങ്ങി വച്ച ആ അടി എനിക്കിന്ന് കിട്ടുമോ? ഇല്ലെങ്കില്‍ അച്ചാച്ചനോട് പറഞ്ഞ് എനിക്ക് തല്ല് വാങ്ങിത്തരുമോ? പൊടിയന്റെ കണ്ണില്‍ പെടാത് ഞാന്‍ പതിയെ വീടിനുള്ളിലേക്ക് വലിഞ്ഞു.
**************************
പൊടിയന് ഞങ്ങളെ വലിയ ബഹുമാനമായിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ എത്തിയപ്പോഴും പൊടിയന്‍ കാണാന്‍ വന്നിരുന്നു. എന്നാല്‍ ആവുന്ന വിധം ഞാന്‍ പൊടിയനെ സഹായിക്കുകയും ചെയ്തു. ഇത്തവണ പൊടിയന്‍ വന്നപ്പോഴും കൈയില്‍ ഒരു വടിയുണ്ടായിരുന്നു.....ഊന്നി നടക്കാന്‍! അത് കണ്ടു ഞാന്‍ വിറച്ചില്ല, പകരം ഉള്ളില്‍ ഊറിച്ചിരിച്ചു.