ശ്രീരാമകൃഷ്‌ണപരമഹംസരുടെ ആധ്യാത്മികയാത്രകള്‍ സത്യാന്വേഷകരെ എക്കാലവും
പ്രചോദിപ്പിക്കുന്ന അനുഭവങ്ങള്‍കൊണ്ടു സമ്പന്നമായിരുന്നു എന്ന സത്യം
അനുസ്‌മരിക്കാതെ പരമഹംസരെക്കുറിച്ചു പറഞ്ഞുതുടങ്ങാനാവുകയില്ല. അതിസാധാരണമായ
സാഹചര്യങ്ങളില്‍ അവിദ്യാലംകൃതനായി അവതരിച്ച ആള്‍ സാഹചര്യങ്ങളെ സമരസപ്പെടുത്തി
സമകാലീനരെ മാത്രമല്ല, പിന്‍തലമുറകളേയും സ്വാധീനവലയത്തില്‍ ഒതുക്കുന്നത്
ചരിത്രത്തില്‍ അദൃശ്യമല്ലെങ്കിലും അതിവിരളമാണ്.
ശ്രീരാമകൃഷ്‌ണപരമഹംസര്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണല്ലോ ജനിച്ചത്.
കൃത്യമായിപ്പറഞ്ഞാല്‍, 1836ല്‍. ഭാരതീയസമൂഹം അപചയപാതയിലായിരുന്നു അക്കാലത്ത്.
അതിന്റെ കാരണം ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ ഭാരതീയയുവത ആകൃഷ്ടരായതുകൊണ്ടാണ് എന്നു
പറയുന്നതു വിവരക്കേടാണ്. 1757 ആണു പ്ലാസിയുദ്ധത്തിന്റെ കാലം. ഭാരതം
ബ്രിട്ടീഷ്‌സാമ്രാജ്യത്തിന്റെ ഭാഗമാകുന്നതും ഇവിടെ ഇംഗ്ലീഷ് വിദ്യാഭ്യാസം
പ്രചാരത്തിലാകുന്നതുമൊക്കെ 1857നു ശേഷമാണ്. അതായത്, പരമഹംസര്‍ ജനിച്ചുവളര്‍ന്ന
കാലത്തെ അപചയത്തിനു നാം ഇംഗ്ലീഷിനേയോ പരദേശികളേയോ ഇതരമതസ്ഥരേയോ ഒന്നും
പഴിക്കേണ്ടതില്ല.
പൂര്‍വ്വികരായ ഋഷീശ്വരന്മാരുടെ ആദര്‍ശങ്ങളെ വിസ്‌മരിച്ച്,
അവരുടെ ബാഹ്യസമ്പ്രദായങ്ങളെ അന്ധമായി അനുകരിക്കുക മാത്രം ചെയ്‌ത അനന്തരതലമുറകളാണ്
ഈ അപചയത്തിനു വഴി വെട്ടിയത്. ബുദ്ധജൈനമതങ്ങളുയര്‍ത്തിയ വെല്ലുവിളിയെ നേരിടാന്‍
വരേണ്യവിഭാഗം മൃഗബലി ഉപേക്ഷിയ്‌ക്കുകയും, ഭക്ഷണസമ്പ്രദായങ്ങള്‍ പരിഷ്‌കരിച്ച്,
മാംസാഹാരം ഏതാണ്ട് ബഹിഷ്‌കരിക്കുകയും, ജ്ഞാനപീഠം കയറിയ ആദിശങ്കരനേയും മറ്റും
പോലെയുള്ള തേജസ്വികളുടെ ആവിര്‍ഭാവം ആ നവീകരണപ്രക്രിയയ്‌ക്കു ധന്യത പകരുകയും
ചെയ്‌തുവെങ്കിലും, ഒരു ഭാഗത്ത് ചാതുര്‍വര്‍ണ്യാധിഷ്‌ഠിതമായ മനുഷ്യാവകാശലംഘനങ്ങളും
മറുഭാഗത്ത് അലസഗാമികളായ ഭിക്ഷാംദേഹികള്‍ ജീവിച്ചുകാണിച്ച സന്യാസവും ആ അപചയത്തിന്
ആഴം കൂട്ടി. അതിനു പരിഹാരം തേടിയുള്ള തീര്‍ത്ഥയാത്ര ബംഗാളിലാണ്
ആരംഭിച്ചത്.
ബംഗാളിലെ പാശ്ചാത്യമിഷണറിമാര്‍ ക്രിസ്‌തുമതപ്രചാരണം
ലക്ഷ്യമാക്കി വന്നവര്‍ തന്നെയാണ്. എന്നാല്‍ വിദ്യാഭ്യാസസാംസ്‌കാരികമേഖലകളില്‍
അവര്‍ വിതച്ച കാറ്റാണ് നവോത്ഥാനത്തിന്റെ കൊടുങ്കാറ്റായി മാറിയത്. അക്‌ബറുടെ കാലം
തൊട്ട് ജസ്വീറ്റ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ
ഉത്തരാര്‍ദ്ധത്തില്‍ മാര്‍പ്പാപ്പ ഈശോസഭയെ നിരോധിച്ചതിനെത്തുടര്‍ന്ന് സെറാംപൂര്‍
ബാപ്‌റ്റിസ്റ്റുകള്‍, വിശേഷിച്ച് വില്യം കേരി, ബംഗാളിഭാഷയുടേയും
സംസ്‌കാരത്തിന്റേയും നവീകരണത്തില്‍ വഹിച്ച പങ്ക് ചരിത്രമാണ്. സാഗരദ്വീപിലെ
ശിശുബലിയും സതിയുമൊക്കെ അവസാനിപ്പിക്കാന്‍ കഴിഞ്ഞത് അവരുടെ
ഇടപെടല്‍കൊണ്ടാണ്.
ഇങ്ങനെ നവോത്ഥാനത്തിന്റെ ആദ്യകിരണങ്ങള്‍ പരമഹംസരുടെ
ജനനത്തിനു മുന്‍പു തന്നെ ദൃശ്യമായിരുന്നുവെങ്കിലും പൊതുസമൂഹം വര്‍ണവ്യവസ്ഥയുടെ
സ്വാധീനത്തില്‍ നിന്നു മുക്തമായിരുന്നില്ല. റാണി രസമണിയെന്ന സ്‌ത്രീ
ധനികയായിരുന്നുവെങ്കിലും അവള്‍ ശൂദ്രയായിരുന്നു എന്നതായിരുന്നു അതിനേക്കാള്‍
പ്രധാനം. അതുകൊണ്ട് ഗംഗാതീരത്ത് ദക്ഷിണേശ്വരത്തില്‍ അവരുടെ ഉടമസ്ഥതയില്‍
സ്ഥാപിതമായ കാളീക്ഷേത്രത്തില്‍ ആഢ്യബ്രാഹ്മണര്‍ ശാന്തിപ്പണി ചെയ്യാന്‍
തയ്യാറായിരുന്നില്ല. അതാണ് ഉപകാരമായ ഉര്‍വ്വശീശാപം കണക്കെ, രാമകൃഷ്‌ണന്‍ എന്ന
യുവാവിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പ്രായേണ നിരക്ഷരനായിരുന്ന രാമകൃഷ്‌ണന്‍ ആ
ക്ഷേത്രത്തില്‍ ശാന്തിക്കാരനായി.
അനുഷ്‌ഠാനപ്രധാനമായ പൂജാകര്‍മ്മങ്ങള്‍
നിര്‍വ്വഹിച്ചു പിന്മാറുകയല്ല പരമഹംസര്‍ ചെയ്‌തത്. സ്‌തോത്രവും പൂജയും കൊണ്ട് ആ
യുവാവ് കാളീസാന്നിധ്യം സ്വാംശീകരിച്ചു. കാളീഭക്ത്യുന്മത്തമായ ഹൃദയം
ദേവീവിഗ്രഹത്തിലൂടെ ജഗദംബികയെ സാക്ഷാത്‌കരിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. സകലതും
ദേവീമയം. അവിടെ ആധുനികഭാരതത്തിലെ അത്യുന്നതമായൊരു ആത്മീയതേജസ്സ് സമാരംഭം
കുറിക്കുകയായിരുന്നു.
മതാതീതമായിരുന്നു പരമഹംസരുടെ ആധ്യാത്മികത.
കാളീഭക്തിപ്രചോദിതമായിരുന്നു അതു തുടക്കത്തില്‍. പിന്നീടത് വികസ്വരമായി. അമ്പതു
വര്‍ഷം ജീവിച്ച പരമഹംസര്‍ അവസാനത്തെ വ്യാഴവട്ടം സ്വജീവിതത്തിലും തന്റെ
വ്യക്തിത്വത്തിലും യേശുക്രിസ്‌തുവിനെ സ്വാംശീകരിച്ചും സാക്ഷാത്‌കരിച്ചും ആണു
കഴിച്ചുകൂട്ടിയത്. പരിചയപ്പെട്ടപ്പോള്‍ത്തന്നെ ശ്രീയേശുവുമായി ചൈത്യന്യവത്തായ ഒരു
ബന്ധം പരമഹംസര്‍ക്ക് അനുഭവപ്പെട്ടു. നിരക്ഷരനായിരുന്ന ആ മഹാത്മാവ് തന്റെ
അനുയായികളില്‍ ഒരാളുടെ സഹായത്തോടെ വേദപുസ്‌തകം പഠിച്ചു.
സെന്റ് പോള്‍
അടിവരയിട്ട പാപസങ്കല്‌പം അവിടുത്തേയ്‌ക്കു സ്വീകാര്യമായിരുന്നില്ല. ഞാന്‍
പാപിയാണെന്നു സ്വയം പറഞ്ഞുകൊണ്ടിരുന്നാല്‍ തനിയ്‌ക്ക് ഒരിയ്‌ക്കലും പുണ്യവാനാകാന്‍
കഴിയുകയില്ലെന്നു സ്വാമികള്‍ കരുതി. അതുകൊണ്ട് `അവിടുത്തെ നാമം
ജപിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ പുണ്യത്തിന്റെ പാതയിലാണ് എന്നാണു പറയേണ്ടതെന്ന്
അദ്ദേഹം വിശ്വസിച്ചു. സെന്റ് പോളിന്റെ ചിന്തയുടെ അടിസ്ഥാനത്തില്‍ െ്രെകസ്‌തവസഭകള്‍
പാപത്തേയും പാപമോചനത്തേയും കുറിച്ചു പറയാതെ വേദശാസ്‌ത്രം അവതരിപ്പിക്കാറില്ല.
എന്നാല്‍
ജാനാമിധര്‍മ്മം നചമേ പ്രവൃത്തി
ജാനാമ്യധര്‍മ്മം നചമേ
നിവൃത്തി
എന്നു ദുര്യോധനന്‍ വിദുരരോടു പറയുമ്പോലെയാണ് റോമാലേഖനത്തില്‍
?ഞാന്‍ പ്രവര്‍ത്തിക്കുന്നത് എന്തെന്ന് എനിക്കു നിശ്ചയമില്ല;
ഇച്ഛിക്കുന്നതിനെയല്ല, പകയ്‌ക്കുന്നതിനെയാണു ഞാന്‍ ചെയ്‌തുപോകുന്നത്? എന്നതിനെ
വ്യാഖ്യാനിക്കേണ്ടതെന്നാണ് ആധുനികെ്രെകസ്‌തവപണ്ഡിതരില്‍ പലരും കരുതുന്നത്. അവിടെ
ഇച്ഛിയ്‌ക്കാതെ ചെയ്‌തുപോകുന്ന മാനുഷികസ്‌ഖലിതം ആണു പാപം. അതിനെ അതിജീവിക്കാനുള്ള
മാര്‍ഗ്ഗങ്ങളെക്കുറിച്ചാണു നാം ചിന്തിയ്‌ക്കേണ്ടത്. ഞാന്‍ പാപം
ചെയ്‌തുപോകുന്നുണ്ടാവാം. എങ്കിലും അതില്‍ എനിക്കു തോന്നുന്ന ദുഃഖം ഞാന്‍
പുണ്യാത്മാവാകാനുള്ള സാധ്യതയിലേയ്‌ക്കാണു വിരല്‍ ചൂണ്ടുന്നത്.
പരമഹംസര്‍
ക്രിസ്‌തുമതത്തെ അറിയുന്നതിനു മുന്‍പ് ഇസ്ലാമിനെയാണ് അറിഞ്ഞത്. അത് 1866ല്‍
ആയിരുന്നു. സൂഫിസത്തിന്റെ പ്രയോക്താവായിരുന്ന ഗോവിന്ദറോയി എന്ന ഹിന്ദു ആചാര്യനാണ്
ഇസ്ലാമിനെക്കുറിച്ചു പറഞ്ഞുകൊടുത്തത്. പിന്നീടു സ്വാമികള്‍ അള്ളാഹു എന്ന നാമം
ജപിക്കുകയും, അറബ് മുസ്ലീമുകളുടെ നിസ്‌കാരക്കുപ്പായം ധരിച്ചു നിത്യം അഞ്ചുവട്ടം
പ്രാര്‍ത്ഥിക്കുകയും ചെയ്യാന്‍ തുടങ്ങി. ആ കാലയളവില്‍ ഹൈന്ദവചിന്താപഥങ്ങള്‍ തനിക്കു
തീര്‍ത്തും അന്യമായി അനുഭവപ്പെട്ട നാളുകളെക്കുറിച്ചു സ്വാമികള്‍ പറയുന്നത്
ഇഷര്‍വുഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗൌരവമാര്‍ന്ന മുഖമുള്ള ഒരു
തേജഃപുഞ്‌ജത്തിന്റെ ദര്‍ശനം തനിക്കുണ്ടായെന്നും, അതു പ്രവാചകന്‍
തന്നെയായിരുന്നെന്നും, ആ ചൈത്യന്യം തന്റെ ശരീരത്തിലേയ്‌ക്കു സംക്രമിച്ചെന്നും ആ
പുണ്യാത്മാവു കരുതി.
ഏഴു വര്‍ഷം കഴിഞ്ഞാണ്, 1873ലെ ശീതകാലത്ത് സ്വശിഷ്യനായ
ശംഭൂചരണ്‍ മല്ലിക്കില്‍ നിന്നു ക്രിസ്‌തുവിനെക്കുറിച്ചു കേള്‍ക്കുന്നത്. ഒരു ദിവസം
പരമഹംസര്‍ കന്യാമറിയം ശ്രീയേശുവിനെ വഹിച്ചുകൊണ്ടു നില്‍ക്കുന്ന ഒരു പ്രശസ്‌തചിത്രം
കാണാനിടയായി. മഡോണ ആന്റ് ചൈല്‍ഡ്. ആ ചിത്രത്തില്‍ നിന്ന് അദ്ദേഹത്തിനു
കണ്ണെടുക്കാനായില്ല. ഈശ്വരസാക്ഷാത്‌കാരം പ്രാപിച്ച മനുഷ്യരുടെ അത്യുദാത്തഭാവമാണല്ലോ
മനുഷ്യനായി അവതരിച്ച ഈശ്വരനെ ഉദരത്തില്‍ വഹിച്ച് പ്രസവിച്ച് പാലൂട്ടി
വളര്‍ത്തുന്ന മാതൃത്വം ദ്യോതിപ്പിക്കുന്നത്. ആവിലയിലെ വിശുദ്ധ ത്രേസ്യയുടെ
ആധ്യാത്മികാനുഭൂതികളെ അനുസ്‌മരിപ്പിക്കുന്നൊരു മിസ്റ്റിക് അനുഭവത്തിലേയ്‌ക്കാണ് ആ
ധ്യാനം പരമഹംസരെ നയിച്ചത്. ആ ദര്‍ശനത്തില്‍ യോഹന്നാന് പത്‌മോസ് ദ്വീപില്‍ ലഭിച്ച
വെളിപാടിന്റെ ഒരു വകഭേദം കണക്കെ സ്വാമി ഒരു ദേവാലയം കണ്ടു. ആ ദേവാലയത്തിലെ
പ്രതിഷ്‌ഠ ശ്രീയേശു ആയിരുന്നു. അവിടുത്തെ ആരാധനയില്‍ ആരതിയും മെഴുകുതിരിയും
ഉണ്ടായിരുന്നു.
ഈ മിസ്റ്റിക്കല്‍ അനുഭവത്തിന്റെ ആലക്തികപ്രഭാവത്തില്‍ നിന്നു
പുറത്തുവന്ന് നാലാം ദിവസമാണ് പരമഹംസര്‍ ശ്രീയേശുവിനെ മുഖാമുഖം കണ്ടത്.
ദക്ഷിണേശ്വറിലെ ഹരിതാഭയാര്‍ന്ന ഒരു കാവില്‍ ആയിരുന്നു, ആ അനുഭവം.
മാനുഷികസൌന്ദര്യവും ഈശ്വരചൈതന്യവും സമ്യക്കായി സമ്മേളിച്ച വ്യക്തിത്വത്തിന്റെ
ഉടമയായ ആ യുവാവ് ശ്രീയേശു തന്നെയെന്നു പരമഹംസര്‍ നിമിഷാര്‍ദ്ധം കൊണ്ടു
തിരിച്ചറിഞ്ഞു. െ്രെകസ്‌തവസന്യാസിമാരും മിസ്റ്റിക്കുകളും കൊതിക്കുന്ന പ്രത്യക്ഷത.
?ഇത് യേശു. മാനവകുലത്തിന്റെ പരിത്രാണത്തിനായി ആത്മാഹുതി ചെയ്‌ത അവതാരപുരുഷന്‍.
സ്‌നേഹത്തിന്റെ മൂര്‍ത്തഭാവം.? പരമഹംസര്‍ക്ക് അങ്ങനെയാണു തോന്നിയത്. പെട്ടെന്ന്
ആ രൂപം ബാഹ്യമല്ലാതായി. ക്രിസ്‌തു തന്നില്‍ ആവസിക്കുകയും ഇരുഭാവങ്ങളും ഒന്നാവുകയും
ചെയ്യുന്ന മിസ്റ്റിക് അനുഭവത്തിലേയ്‌ക്കു വഴുതിവീണു സ്വാമികള്‍.
പരമഹംസരുടെ
സമാധി കഴിഞ്ഞ് വ്യാഴവട്ടത്തോളം പിന്നിട്ട കാലത്താണല്ലോ വിവേകാനന്ദനും ഒമ്പതു
സഹപ്രവര്‍ത്തകരും രാമകൃഷ്‌ണമിഷന്‍ തുടക്കം കുറിക്കാന്‍ ഒത്തുചേര്‍ന്നത്. അന്നു
വിവേകാനന്ദസ്വാമികള്‍ ക്രിസ്‌തുവിനെക്കുറിച്ചു പറഞ്ഞു. അതൊരു ക്രിസ്‌മസ്
പൂര്‍വ്വസായാഹ്നമായിരുന്നു. പരമഹംസരും അനുയായിവൃന്ദവും തലമുറകളായി കാത്തുപോരുന്ന ഈ
ക്രിസ്‌തുബന്ധത്തിന്റെ വേര് പരമഹംസരുടെ മിസ്റ്റിക് അനുഭവങ്ങളിലാണ്.
എന്നു
വച്ച് പരമഹംസര്‍ ഹിന്ദുമതം ഉപേക്ഷിച്ചില്ല. എന്നല്ല, കേശബ്‌ചന്ദ്രസെന്‍
ക്രിസ്‌തുമതം സ്വീകരിച്ചതു പുനര്‍വിചിന്തനത്തിനു വിധേയമാക്കുവാന്‍ അവിടുന്നു
പ്രേരണയായി ഭവിക്കുകയും ചെയ്‌തു. പില്‍ക്കാലത്ത് ബംഗാളിലെ ഭദ്രാലോക് സമൂഹത്തിലെ
വരേണ്യവിഭാഗം പരമഹംസരെ സ്വീകരിക്കുന്നതിനു തയ്യാറായതില്‍ കേശബ്‌ചന്ദ്രസെന്‍ വഹിച്ച
പങ്ക് ചരിത്രമാണല്ലോ.
പാലക്കാടന്‍ വേരുകളുള്ള സ്‌പാനിഷ് വൈദികന്‍,
പണ്ഡിതപ്രകാണ്ഡം, റെയ്‌മുണ്ടോ പണിക്കരുടെ വിശ്രുതമായൊരു പ്രസ്‌താവന ഇവിടെ
പ്രസക്തമാണ്. ?ഞാന്‍ യൂറോപ്പില്‍ നിന്നു പുറപ്പെട്ടത് ഒരു
ക്രിസ്‌ത്യാനിയായിട്ടാണ്. (ഭാരതത്തില്‍ എത്തിയപ്പോള്‍) ഞാനൊരു ഹിന്ദുവാണെന്നു
ഞാന്‍ തിരിച്ചറിഞ്ഞു. യൂറോപ്പിലേയ്‌ക്കു ഞാന്‍ മടങ്ങുന്നത് ഒരു ബുദ്ധമതാനുയായി
ആയാണ്. ഈ യാത്രയില്‍ ഒരിക്കലും ഞാന്‍ ക്രിസ്‌ത്യാനി
അല്ലാതായതുമില്ല.?
പ്രഥമശ്രവണത്തില്‍ അസാധ്യമായിത്തോന്നുന്ന ഈ പ്രക്രിയയുടെ
രഹസ്യം ഫാദര്‍ പണിക്കര്‍ വിശദീകരിക്കുന്നത് ഇങ്ങനെ: `ഇതെങ്ങനെ സാധിക്കും? മതത്തെ
ഒരു പ്രത്യയശാസ്‌ത്രമായി കാണാതെ, ഒരനുഭവമായി കാണുമ്പോഴാണ് അതു സാധിക്കുക.'
പണിക്കരുടെ അമ്മ സ്‌പാനിഷ് കത്തോലിക്കാ വനിത. അച്ഛന്‍ പാലക്കാട്ടുകാരന്‍ ഹിന്ദു.
സംസ്‌കാരികമായോ മതപരമായോ താനൊരു സങ്കരവര്‍ഗ്ഗമായില്ല: ക്രിസ്‌തു പാതി മനുഷ്യനും
പാതി ദൈവവും ആയിരുന്നില്ലേ; എന്നതു പോലെ. ക്രിസ്‌തു പൂര്‍ണ്ണദൈവവും
പൂര്‍ണ്ണമനുഷ്യനും ആയിരുന്നതു പോലെ പണിക്കര്‍ നൂറു ശതമാനം ഭാരതീയനും ഹിന്ദുവും,
ഒപ്പം നൂറു ശതമാനം സ്‌പെയിന്‍കാരനും കത്തോലിക്കനും ആയിരുന്നു എന്നാണ് അദ്ദേഹം
അവകാശപ്പെട്ടിരുന്നത്. അതു സാധിച്ചതു മതത്തെ അനുഭവമായി പരാവര്‍ത്തനം ചെയ്യാന്‍
കഴിഞ്ഞതിനാലാണ് എന്നാണദ്ദേഹം വിശദീകരിച്ചത്.
ശ്രീരാമകൃഷ്‌ണപരമഹംസരുടെ
ആധ്യാത്മികപരിചയങ്ങള്‍ സുഗ്രാഹ്യമാകണമെങ്കില്‍ ഈ സത്യം തിരിച്ചറിയേണ്ടതുണ്ട്. മതം
സാമൂഹികമോ സ്ഥാപനബദ്ധമോ അനുഷ്‌ഠാനനിര്‍വ്വചിതമോ ആയി കണ്ടില്ല അവിടുന്ന്. അത്
അനുഭവമായിരുന്നു, ഈശ്വരസ്വാംശീകരണമായിരുന്നു.
ഞാന്‍ ക്രിസ്‌ത്യാനിയാണ്.
അത് പ്രഥമതഃ ജനനത്തിലെ യാദൃച്ഛികതയുടെ തുടര്‍ച്ചയാണ്. എന്റെ പൂര്‍വ്വികര്‍
ക്രിസ്‌തുമതം സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഞാനൊരു ഹിന്ദുകുടുംബത്തില്‍
ജനിക്കുമായിരുന്നു; ഹിന്ദുവായി വളരുമായിരുന്നു. അതായത് എന്റെ
ക്രിസ്‌ത്യാനിത്വത്തിന്റെ സ്ഥാപനബദ്ധഭാവം അനന്തതയിലെ ഒരു യാദൃച്ഛികതയില്‍
നിന്നുത്ഭവിക്കുന്നതാണ്. മാമ്മോദീസായില്‍ തുടരുന്നതുമാണത്.
എന്നാല്‍
അതിനപ്പുറമുള്ള ഒരു ആധ്യാത്മികഭൂമിക എനിക്കു സ്വന്തമാണ്. അത് ജിദ്ദു
കൃഷ്‌ണമൂര്‍ത്തി സങ്കല്‌പിച്ച `പാതകളില്ലാത്ത പീഠഭൂമി'യാണ്. യെഹസ്‌ക്കേല്‍
പ്രവാചകന്‍ വിവരിച്ച ഒരിടത്തും തിരിയാതെ എവിടേയ്‌ക്കും പോകാന്‍ വഴിയൊരുക്കുന്ന
താഴ്‌വരയാണ്. ആ ഭൂമികയില്‍ അനുഷ്‌ഠാനങ്ങള്‍
അനുപേക്ഷണീയങ്ങളല്ല.
ബഹുദൈവവിശ്വാസമോ വിഗ്രഹാരാധനയോ ഉപേക്ഷിക്കാനല്ല
പരമഹംസര്‍ പറഞ്ഞത്. കാളീഭക്തിയില്‍ ഉന്മത്തനാവാനും നബിശുദ്ധിയില്‍ ആകൃഷ്ടനാവാനും
കന്യകാമറിയത്തിന്റെ മാതൃത്വത്തില്‍ അലിഞ്ഞില്ലാതെയാവാനും ശ്രീയേശുവിനെ
സ്വവ്യക്തിത്വത്തില്‍ സ്വാംശീകരിക്കുവാനും കഴിഞ്ഞ രാമകൃഷ്‌ണപരമഹംസര്‍
മത്
കര്‍മകൃന്മത് പരമോമദ്‌ഭക്തഃ സംഗവര്‍ജിതഃ
നിര്‍വൈരഃ സര്‍വ്വഭൂതേഷു യഃ സ മാമേതി
പാണ്ഡവ
എന്ന ഭഗവദ്‌വചനം (11:55/വിശ്വരൂപദര്‍ശനയോഗം/ഭഗവദ്‌ഗീത) ജീവിതത്തില്‍
സാക്ഷാത്‌കരിച്ച മിസ്റ്റിക് ആയിരുന്നു. മിസ്റ്റിക്കിനും മിസ്റ്റിസിസത്തിനും മതം
അപ്രധാനമാണല്ലോ.