Image

ഐലാന്‍ കുര്‍ദി: ഒരു ചിത്രമുയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)

Published on 13 September, 2015
ഐലാന്‍ കുര്‍ദി: ഒരു ചിത്രമുയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)
ആയിരം വാക്കുകള്‍ക്ക്‌ തുല്യമാണ്‌ ഒരു ചിത്രമെന്നത്‌ പഴമൊഴി. ആധുനിക കാലത്തും ലോക മനസാക്ഷിയെ തൊട്ടുണര്‍ത്താന്‍ തക്കവിധം എത്ര ശക്തമായ സന്ദേശം ഒരു ചിത്രത്തിന്‌ നല്‍കുവാന്‍ സാധിക്കുമെന്ന്‌ ഐലാന്‍ കുര്‍ദിയെന്ന മുന്നുവയസ്സുകാരന്റെ ചിത്രം തെളിയിച്ചിരിക്കുകയാണ്‌. ടര്‍ക്കി തീരത്തുനിന്നും ഗ്രീസിലെ കോസ്‌ ദ്വീപിലേയ്‌ക്കും ഒടുവില്‍ ജര്‍മ്മനി അല്ലെങ്കില്‍ കാനഡ എന്ന സ്വപ്‌നതീരത്തുമെത്താനുള്ള പലായനത്തിന്റെ ആദ്യപാദത്തില്‍ തന്നെ കുര്‍ദി കുടുംബത്തിന്റേയും ഒപ്പമുണ്ടായിരുന്ന ഒരു ഡസനോളം പേരുടേയും സ്വപ്‌നങ്ങള്‍ അവരുടെ ജീവനൊപ്പം ഏജിയാന്‍ കടലിടുക്കില്‍ മുങ്ങിത്താണു. ഐലാന്റെ അച്ഛന്‍ അബ്‌ദുള്ള കുര്‍ബിയുടെ വാക്കുകളില്‍ ഒരു ജനതയുടെ മുഴുവന്‍ വിലാപവും മുഴങ്ങുന്നു: `ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം ഒലിച്ചുപോയിരിക്കുന്നു....ഞങ്ങളുടെ ജീവിതങ്ങള്‍ക്ക്‌ അര്‍ത്ഥമില്ലാതായിരിക്കുന്നു...'

ജീവിതത്തിന്‌ അര്‍ത്ഥം തേടിയുള്ള യാത്രയിലായിരുന്നു അബ്‌ദുള്ളയും കുടുംബവും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പലായനത്തിന്റെ പല ഘട്ടങ്ങളിലൂടെയുള്ള യാത്രയിലായിരുന്നു അവരുടെ ജീവിതം. 2012-ലാണ്‌ ഡമാസ്‌കസില്‍ നിന്നും കുര്‍ദുകളുടെ ശക്തികേന്ദ്രമായ കോബിനിയിലേക്കും ഒടുവില്‍ ടര്‍ക്കിയിലെ ഇസ്‌താന്‍പൂളിലേയ്‌ക്കും അവര്‍ അഭയംതേടിപ്പോയത്‌. അവിടെ ബാര്‍ബര്‍ ജോലി ചെയ്‌തുവരവെ മൂന്നു തവണ യൂറോപ്പിലേക്ക്‌ കടക്കാന്‍ പരിശ്രമിച്ചെങ്കില്‍ അപ്പോഴൊക്കെ തുര്‍ക്കി കോസ്റ്റ്‌ഗാര്‍ഡിന്റെ പിടിയിലായി. ഒടുവില്‍ മനുഷ്യക്കടത്തുകാര്‍ക്ക്‌ നാലായിരം യൂറോ കൈക്കൂലി നല്‍കിയാണ്‌ നാലു കിലോമീറ്റര്‍ മാത്രമകലെയുള്ള ഗ്രീക്ക്‌ ദ്വീപിലേക്കുള്ള കള്ളക്കടത്ത്‌ ബോട്ടില്‍ നാലു സീറ്റ്‌ അവര്‍ തരപ്പെടുത്തിയത്‌. വെറും അഞ്ച്‌ മീറ്റര്‍ മാത്രം നീളമുള്ള പഴഞ്ചന്‍ ബോട്ടില്‍ ഒരു ഡസനിലധികം അഭയാര്‍ത്ഥികളെ കുത്തിനിറച്ച്‌ പുലര്‍ച്ചെ മൂന്നുമണിക്ക്‌ ടര്‍ക്കി തീരത്തുനിന്നും പുറപ്പെട്ട അവര്‍ മിനിറ്റുകള്‍ക്കകം കടല്‍ക്ഷോഭത്തില്‍പ്പെടുകയായിരുന്നു. വാര്‍ത്താമാധ്യമങ്ങളോട്‌ അബ്‌ദുള്ള പറഞ്ഞത്‌ തുര്‍ക്കിക്കാരനായ ബോട്ട്‌ ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന്‌ തീരത്തേക്ക്‌ നീന്തി രക്ഷപെട്ടുവെന്നും പിന്നീട്‌ മൂന്നുമണിക്കൂറോളം , തകര്‍ന്ന ബോട്ടിന്റെ ഭാഗങ്ങളില്‍ പിടിച്ച്‌ താന്‍ തൂങ്ങിക്കിടന്നുവെന്നുമാണ്‌. അതിനോടകം നീന്തലറിയാത്ത ഭാര്യ രെഹാനയും (35) മക്കളായ ഗലീബും (5), ഐലാനും (3) മരണത്തിന്‌ കീഴടങ്ങിയിരുന്നു.

അബ്‌ദുള്ള കുര്‍ദി പറയുന്നത്‌ ശരിയല്ലെന്ന്‌ വാദിക്കുന്നവരുമുണ്ട്‌ എന്നത്‌ ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്‌ എന്നു തോന്നുന്നു. ബ്രിട്ടണില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന `ഡെയിലി മെയിലിനെ' ഉദ്ധരിച്ചുകൊണ്ട്‌ `ദി മുസ്‌ലീം ഇഷ്യൂ' അവകാശപ്പെടുന്നത്‌ അബ്‌ദുള്ള യഥാര്‍ത്ഥത്തില്‍ ആ ബോട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ്‌. പടിഞ്ഞാറന്‍ യൂറോപ്പിലേക്കുള്ള പലായനത്തില്‍ കുട്ടികളുമായി ഒറ്റയ്‌ക്കു രക്ഷപെട്ടുവരുന്ന സ്‌ത്രീയെന്ന നിലയില്‍ `അഭയാര്‍ത്ഥി' പദവി ലഭിക്കാന്‍ രെഹനയെ കുട്ടികളോടൊപ്പം അയാള്‍ പറഞ്ഞയയ്‌ക്കുകയായിരുന്നത്രേ. കാലക്രമേണ അയാള്‍ക്കും കുടുംബത്തോടൊപ്പം ചേരുവാനുള്ള പദ്ധതിയായിരുന്നു അവര്‍ക്ക്‌. വിവിധ മാധ്യമങ്ങള്‍ക്ക്‌ അബ്‌ദുള്ളയും കാനഡയിലുള്ള അദ്ദേഹത്തിന്റെ സഹോദരി റ്റീമ കുര്‍ദിയും (ഫാത്തിമ) നല്‌കിയ അഭിമുഖങ്ങളിലേയും പ്രസ്‌താവനകളിലേയും വൈരുധ്യങ്ങള്‍ പത്രം വിവരിക്കുന്നു. ഒരു അഭിമുഖത്തില്‍ ഭാര്യയുടെ ശവശരീരം വെള്ളത്തില്‍ ബലൂണ്‍ പോലെ പൊങ്ങിയൊഴുകുന്നത്‌ കണ്ടുവെന്നും രണ്ട്‌ കുട്ടികളും അതിനോടകം തന്റെ കണ്‍മുന്നില്‍ വെച്ചുതന്നെ മരിച്ചുവെന്നും പറയുന്നു. മറ്റൊന്നില്‍ പറയുന്നത്‌ മൂത്ത മകന്‍ മാത്രമാണ്‌ തന്റെ മുന്നില്‍ വെച്ച്‌ മരിച്ചതെന്നും മറ്റു രണ്ടുപേരും ഒഴുകിപ്പോയെന്നുമാണ്‌. അവര്‍ രക്ഷപെട്ടിരിക്കാമെന്ന ധാരണയില്‍ പിന്നീട്‌ തീരത്തേക്ക്‌ സ്വയം നീന്തിയ താന്‍ അവരെ അവിടെയൊക്കെ അന്വേഷിച്ചുവെന്നും പറഞ്ഞതായി പത്രം ചൂണ്ടിക്കാട്ടി. ഒടുവില്‍ മാധ്യമങ്ങളില്‍ വന്ന ചിത്രങ്ങളില്‍ നിന്നാണത്രേ താന്‍ നടുക്കുന്ന ആ സത്യമറിഞ്ഞത്‌. യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചതെന്നറിയാവുന്ന ഏക വ്യക്തി അബ്‌ദുള്ള കുര്‍ദി തന്നെയാണ്‌. തല്‍ക്കാലം നമുക്കദ്ദേഹത്തിന്റെ ദുഖത്തില്‍ പങ്കുചേരാം.

ഒരു കാര്യം സത്യമാണ്‌. തുര്‍ക്കി പ്രസിഡന്റ്‌ തയ്യിബ്‌ എര്‍ദോഗാന്‍ പറഞ്ഞതുപോലെ മെഡിറ്ററേനിയന്‍ കടല്‍ അഭയാര്‍ത്ഥികളുടെ സെമിത്തേരിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ ആകാശവും പുതിയ ഭൂമിയും തേടിപ്പോകുന്ന ആയിരങ്ങളാണ്‌ മധ്യധരണ്യാഴിയുടെ ആഴങ്ങളില്‍ മുങ്ങി മരിക്കുന്നത്‌. സിറിയയില്‍ കഴിഞ്ഞ നാലു വര്‍ഷത്തിലധികമായി ഐസിസും കുര്‍ദിഷ്‌ പടയാളികളും പ്രസിഡന്റ്‌ ആസാദിന്റെ സ്വന്തം ഭടന്മാരും പോരടിക്കുന്ന സംഘര്‍ഷഭൂമിയില്‍ നിന്നും ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഇതിനോടകം തന്നെ രണ്ടുലക്ഷത്തിലധികം പേര്‍ തുര്‍ക്കിയില്‍ വവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. നരക ജീവിതം നയിക്കുന്ന അവര്‍ എങ്ങനെയെങ്കിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാന്‍വേണ്ടി ഇത്തരം മരണപേടകങ്ങളില്‍ കയറിപ്പോകുന്നത്‌ സ്വാഭാവികം. വലിയൊരു സ്വപ്‌നത്തിന്റെ പിറകെ പായുമ്പോള്‍ മെഡിറ്ററേനിയന്റെ ആഴങ്ങളോ, ഏജിയന്‍ കടലിടുക്കിന്റെ അപകടം പതിയിരിക്കുന്ന ചുഴികളോ അവരെ പിന്തിരിപ്പിക്കുന്നില്ല.

ലോക മനസാക്ഷിയെ ഞെട്ടിച്ച കുര്‍ദി കുടുംബത്തിന്റെ ദുരവസ്ഥ പക്ഷെ ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. മുല്ലപ്പൂ വിപ്ലവംകൊണ്ട്‌ ഒരുപാട്‌ അറബ്‌ മേഖലകളില്‍ ജനാധിപത്യത്തിന്റെ പുതുവെളിച്ചം പരന്നിട്ടും എന്തുകൊണ്ട്‌ ഡമാസ്‌മകസില്‍ ഏകാധിപത്യത്തിന്റെ അന്ധകാരം നിറയുന്നു? റഷ്യയും ഇറാനും പോലുള്ള വമ്പന്‍ ശക്തികള്‍ ഒപ്പമുള്ളപ്പോള്‍ ബാഷര്‍ അല്‍ ആസാദിക്ക്‌ ആരെയും ഭയപ്പെടേണ്ടതില്ല. സ്വന്തം ജനതയെപ്പോലും. പക്ഷെ ഐക്യരാഷ്‌ട്രസഭ എന്തുകൊണ്ട്‌ നോക്കുകുത്തിയായി നിലകൊള്ളുന്നു? എന്തുകൊണ്ട്‌ ശക്തരായ അറബ്‌ രാഷ്‌ട്രങ്ങള്‍ ചെറുവിരലനക്കാന്‍ പോലും മടിക്കുന്നു? സിറിയയില്‍ നിന്നും ഈജിപ്‌ത്‌, ലിബിയ, സുഡാന്‍, എരിത്രിയ പോലുള്ള വടക്കന്‍ ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട്‌ ലോകത്തിന്റെ മൊത്തം പ്രശ്‌നമായി നാം കാണുന്നില്ല?

ഐലാന്‍ കുര്‍ദിയുടെ ചിത്രം ലോകത്തിന്റെ വേദനയായി പടര്‍ന്നപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറായി മുന്നോട്ടുവന്നത്‌ സ്വാഗതാര്‍ഹമാണ്‌. ഫ്രാന്‍സീസ്‌ മാര്‍പാപ്പ യൂറോപ്പിലെ എല്ലാ ഇടവകകളും ഓരോ അഭയാര്‍ത്ഥി കുടുംബങ്ങളെ വീതമെങ്കിലും ദത്തെടുക്കണമെന്നു പറഞ്ഞ്‌ എല്ലാവര്‍ക്കും മാതൃകയായി. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണും തങ്ങളുടെ രാജ്യങ്ങളുടെ വാതിലുകള്‍ കൂടുതല്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചു. സ്വീഡന്‍, ഡെന്മാര്‍ക്ക്‌, ഹംഗറി, ഫ്രാന്‍സ്‌, ഓസ്‌ട്രിയ തുടങ്ങിയ ചെറിയ ദ്വീപ്‌ രാജ്യമായ ഐസ്‌ ലാന്‍ഡ്‌ പോലും ഉദാര നയമാണ്‌ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്‌. കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമെന്ന സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ജോണ്‍ കെറിയുടെ പ്രസ്‌താവനയോടെ അമേരിക്കയും തികഞ്ഞ ഹൃദയവിശാലതയുള്ളവരാണെന്ന്‌ തെളിയിച്ചു. ഓസ്‌ട്രിയന്‍ പ്രധാനമന്ത്രി ടോണി ആബട്ടും അഭയാര്‍ത്ഥികളോടുള്ള സമീപനത്തില്‍ തന്റെ രാജ്യത്തിന്റെ കടുംപിടുത്തത്തില്‍ അയവു വരുത്തുന്നതായറിയിച്ചു. (സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ അവിടെ നിന്നുമുള്ള ക്രിസ്‌ത്യന്‍ സിന്‌ മുന്‍ഗണ കൊടുക്കണമെന്ന അദ്ദേഹത്തിന്റെ കൃഷിമന്ത്രി ബാര്‍ണബി ജോയ്‌സിന്റെ പ്രസ്‌താവന വിവാദമാകുകയും ചെയ്‌തു). ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ വന്ന ഈ മാറ്റത്തിനിടയിലും ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്‌: എന്തുകൊണ്ടാണ്‌ അമ്പതിലധികം വരുന്ന സമ്പന്ന അറബ്‌ രാജ്യങ്ങളൊന്നും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയാറാവാത്തത്‌?

സിറിയയിലേയും പശ്ചിമേഷ്യയിലേയും പ്രശ്‌നങ്ങള്‍ ഇത്രമാത്രം വഷളാക്കിയതില്‍ അറബ്‌ രാഷ്‌ട്രങ്ങള്‍ പലതിനും നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നുവെന്നത്‌ ആര്‍ക്കും നിഷേധിക്കാനാവില്ല. സൗദി അറേബ്യയും, യു.എ.ഇയും, ഇറാനും പോലുള്ള സമ്പന്ന രാജ്യങ്ങള്‍ കൃത്യമായ അജണ്ടയോടുകൂടി ആയുധവും ആള്‍ബലവും നല്‍കി സിറിയയെ ഒരു തീവ്രയുദ്ധ ഭൂമിയാക്കി മാറ്റുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങളും ചെറുതല്ലാത്ത പങ്ക്‌ ഇക്കാര്യത്തില്‍ വഹിച്ചു. അപ്പോള്‍ അഭയാര്‍ത്ഥി പ്രശ്‌നത്തിനും പരിഹാരം കാണേണ്ടത്‌ സിറിയയിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയ എല്ലാ രാജ്യങ്ങളുടേയും ധാര്‍മികവും നൈതികവുമായ ബാധ്യതയാണ്‌. സമീപകാലത്ത്‌ ബര്‍മയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും പുറത്താക്കപ്പെട്ട്‌ അഭയതീരം തേടി ബോട്ടുകളില്‍ അലഞ്ഞ റോഹിംഗ്യ മുസ്‌ലീം അഭയാര്‍ത്ഥികളുടെ കാര്യത്തിലും ഇത്തരം നിരുത്തരവാദസമീപനം നാം കണ്ടതാണ്‌. മനുഷ്യക്കടത്തുകാരുടെ ചതിയിലും, പട്ടിണി മൂലം രോഗപീഢകള്‍ അനുഭവിച്ചും ഇന്‍ഡോനേഷ്യ, മലേഷ്യ, തായ്‌ലന്റ്‌ എന്നീ രാജ്യങ്ങളുടെ തീരങ്ങളിലൂടെ കടലില്‍ ബോട്ടുകളില്‍ അലഞ്ഞ അവരെ ഒടുവില്‍ അന്താരാഷ്‌ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക്‌ വഴിങ്ങിയാണ്‌ ഫിലിപ്പീന്‍സ്‌ പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്‌.

മറ്റൊരു പ്രധാനപ്പെട്ട യാഥാര്‍ത്ഥ്യം കൂടി ഇത്തരുണത്തില്‍ അംഗീകരിക്കേണ്ടതാണ്‌. അഭയാര്‍ത്ഥികളുടെ മറവില്‍ മധ്യധരണ്യാഴി കടന്ന്‌ യൂറോപ്പിലേക്ക്‌ കടക്കുന്നവരില്‍ ഒരു ചെറിയ ശതമാനമെങ്കിലും ഭീകരസംഘടനകളില്‍പ്പെട്ടവരാണ്‌. പാസ്‌പോര്‍ട്ട്‌ പോലുമില്ലാതെ, അല്ലെങ്കില്‍ വ്യാജ പാസ്‌പോര്‍ട്ടോടെ. ഇറ്റലിയുടേയും ജര്‍മ്മനിയുടേയും തീരത്ത്‌ വന്നിറങ്ങുന്നവരില്‍ ഐ.എസ്‌ ഭീകരന്മാരോ മറ്റ്‌ ഭീകര സംഘടനാ പ്രവര്‍ത്തകരോ ആകുമ്പോള്‍ ആതിഥേയ രാഷ്‌ട്രങ്ങളുടെ സമാധാന ജീവിതമാണ്‌ ധ്വംസിക്കപ്പെടുന്നത്‌. കാലക്രമേണ അവരും മറ്റ്‌ അഭയാര്‍ത്ഥികളോടൊപ്പം രേഖകള്‍ നേടിയെടുക്കുമ്പോള്‍ പുത്തന്‍ ഭീകരവിളനിലങ്ങള്‍ രൂപപ്പെട്ടുവരികയായി. മനുഷ്യക്കടത്തിന്‌ ആയിരക്കണക്കിന്‌ ഡോളര്‍ നല്‍കാന്‍ ഇവര്‍ക്കെവിടെനിന്നും പണം ലഭിക്കുന്നു എന്നാരും അന്വേഷിക്കുന്നില്ല. ഐലാന്‍ കുര്‍ദിയുടെ ചിത്രം നമ്മെയൊക്കെ ആര്‍ദ്രഹൃദയരാക്കുമ്പോള്‍ ഇത്തരം കുറെ ചോദ്യങ്ങള്‍ക്കുകൂടി നാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
ഐലാന്‍ കുര്‍ദി: ഒരു ചിത്രമുയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)ഐലാന്‍ കുര്‍ദി: ഒരു ചിത്രമുയര്‍ത്തുന്ന കുറെ ചോദ്യങ്ങള്‍ (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
Justice 2015-09-13 05:25:59
Terrorist are spreading all around the world to destroy the peaceful atmosphere due to the refugees
problem but we have to help the poor people.But in future they will create trouble in the world
andrew 2015-09-13 06:52:41
Terror is the first born of religion. The religious philosophy may say good things and advocate peace. But they are in paper only. In real life they spread evil. What they practice and the product is the true criteria of religion. So far all religions has used violence and spread terror.
So all religions has to go, then only there will be peace and humans will love each other.
വിദ്യാധരൻ 2015-09-13 08:42:54
ആ പിഞ്ചു കുഞ്ഞിൻ  മൃതശരീരം 
ഉയർത്തുന്നോരായിരം  ചോദ്യമിന്ന്
ഇല്ല കഴിയില്ലീ മർത്ത്യർക്കാർക്കും  
അതിനൊരു ഉത്തരം നൽകിടാനായി 
അത്രക്ക് സ്വാർത്ഥരായി മാറി നമ്മൾ 
തിമിരത്താൽ അന്ധരാണിന്നു  നമ്മൾ  
പോയ്‌പോയി നമ്മുടെ  ഉള്ളിൽ നിന്നും 
ആർദ്രത കരുണ സ്നേഹമൊക്കെ.
അവയൊക്കെ ദുർബല മാനസർക്ക് 
ആശ്വാസം നൽകുന്ന പൊള്ള വാക്ക്
ശക്തനാം മനുഷ്യന്റെ ഗുണഗണങ്ങൾ 
കൊലയും പീഡനോം കഴുത്തു വെട്ടും 
നല്ലൊരു  നേതാവായി വാഴണെങ്കിൽ 
ബലാൽസംഗം ഒന്നേലും ചെയ്തിടേണം
ആരേലും ചോദ്യം ചെയ്യിതിടുകിൽ 
അവനെ ജയിലിൽ അടച്ചിടേണം 
നെഹ്രുവിൻ കുപ്പായം ഇട്ടിട്ട് ലോകമെങ്ങും 
ചുറ്റി ആദർശ ഭാഷണം നല്കിടേണം
ഒരു നാണോം ഇല്ലാതെ വായിൽ നിന്നും 
യേശുവിൻ വാക്കുകൾ പൊഴിച്ചിടേണം 
ഇടയ്ക്കിടെ 'ഗുരുവിൻ'  ജീവിതശൈലികളെ 
മാതൃകയാക്കാനും ചൊല്ലിടേണം 
ഒരു സാഹിത്യ സമ്മേളനത്തിൽ 
മൂല്യച്യുതി ഭാഷണം നടത്തിടേണം.
പറഞ്ഞാൽ ഒരിക്കലും തീരാത്തപോൽ 
പറയാനുണ്ട് ഒരുപാട് കാര്യമിന്നു 
പറച്ചിലും പ്രവർത്തിയും തമ്മിലൊട്ടും 
കുലബന്ധം ഇല്ലേൽ പറഞ്ഞിട്ടെന്തു കാര്യം     
സംസ്കാര സമ്പന്നെർ എന്ന് നമ്മൾ 
ചുമ്മാതെ വീമ്പിളക്കി നടന്നിടുന്നു 
പകലൊക്കെ  ആദർശ ഭാഷണത്താൽ 
മനുഷ്യന്റെ കണ്ണിൽ പൊടിയിടുന്നു 
ഇരുളങ്ങ് ഭൂമിയിൽ പടർന്നിടുമ്പോൾ 
ആദർശവാദികൾ അറുകൊലതുള്ളിടുന്നു
ചാടിവീഴുന്നവർ സ്ത്രീകളെ പീഡിപ്പിക്കാൻ 
പിഞ്ചുകുഞ്ഞുങ്ങൾ ബാലിയാടയിടുന്നു
 ആ പിഞ്ചു കുഞ്ഞിൻ  മൃതശരീരം 
ഉയർത്തുന്നോരായിരം  ചോദ്യമിന്ന്
ഇല്ല കഴിയില്ലീ മർത്ത്യർക്കാർക്കും  
അതിനൊരു ഉത്തരം നൽകിടാനായി 
 
Anthappan 2015-09-13 20:15:28

When Devil and God makes alliance people suffer.  Here Devil the religion and God the politics are joining hand and sowing the seeds of destruction and thousands of families are displaced.  When   Assad, the notorious Doctor and the president of Syria and ISS the voice of Allah join together nobody can expect anything else other than brutality.     The picture of this young child clearly tells that the religion is the devil in disguise and it can only destroy the civilization.   Kudos to the writer for writing on it. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക