ഇത്തവണ വെക്കേഷന് നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയപ്പോള്‍ സി.എം.സി.യുടെ സന്ദേശം വന്നു: 'വരുമ്പോള്‍ അമേരിയ്ക്കയില്‍ നിന്നും ഒരു ഹെലികോപ്ടര്‍ കൂടി കൊണ്ടുവരണം, നമ്മുടെ റോഡുകള്‍ അത്രയ്ക്ക് ഗംഭീരമാണ്.' ന്യൂയോര്‍ക്കില്‍ നാലു ദശാബ്ദക്കാലം താമസിച്ച് ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമമാക്കിയിരിയ്ക്കുന്ന എഴുത്തുകാരനും സഹൃദയനുമായ അദ്ദേഹത്തിന്റെ നര്‍മ്മബോധം അസ്സലായി. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി എറണാ'കുളം' വഴി യാത്ര ചെയ്തപ്പോള്‍ത്തന്നെ നാട്ടിലെ റോഡുകളുടെ പരിതാപകരമായ പരിഛേദം നേരിട്ടുകണ്ടു. കൊച്ചി മെട്രോയുടെ പണികള്‍ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിയ്ക്കുന്ന മഹാനഗരത്തിലൂടെ പുലര്‍ച്ചെയുള്ള യാത്രയിലും ബബര്‍ ടു ബമ്പര്‍ ട്രാഫിക്ക്. രാത്രിയിലും പണി നടക്കുകയാണ്. നടക്കട്ടെ. എത്രയോ നാളുകളായുള്ള നഗരവാസികളുടെ സ്വപ്‌നപദ്ധതിയാണിത്. ആ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി എത്രമാത്രം ത്യാഗമാണവര്‍ അനുഭവിയ്ക്കുന്നതെന്ന് ഓര്‍ത്തുപോയി. കഴിഞ്ഞവര്‍ഷം കൊച്ചിയില്‍ നടയ്‌ക്കേണ്ടിയിരുന്ന സ്‌ക്കൂള്‍ യുവജനോല്‍സവം കോഴിക്കോട്ടേയ്ക്ക് മാറ്റി. ഇപ്പോഴും ഒട്ടനവധി ബിസിനസ്സ് കോണ്‍ഫ്രന്‍സുകള്‍ മാറ്റിവയ്ക്കപ്പെടുകയോ റദദുചെയ്യപ്പെടുകയോ ചെയ്യുന്നു. നഗരത്തിന്റെ ഒരു കോണില്‍ നിന്നും മറ്റൊന്നിലേയ്ക്ക് ബസ്സിലോ സ്വകാര്യവാഹനങ്ങളിലൊ യാത്ര ചെയ്യുമ്പോള്‍ അവരുടെ വിലപ്പെട്ട മണിക്കൂറുകളാണ് വെറുതെ വഴിയില്‍ നഷ്ടപ്പെടുന്നത്. എങ്കിലും പച്ചാളത്തെ സ്‌നേഹിതന്‍ പറഞ്ഞതുപോലെ, കൊച്ചിക്കാര്‍ പ്രതീക്ഷയോടെ, ആവേശത്തോടെ കാത്തിരിയ്ക്കുകയാണ്, ആലുവാപ്പുഴയുടെ തീരത്തുനിന്നും മാര്‍ഗ്ഗഴിക്കാറ്റുപോലെ ചൂളമടിച്ചുകൊണ്ട് പാഞ്ഞുവരുന്ന സുന്ദരി മെട്രോയ്ക്കുവേണ്ടി..... അതുവരെ ചെളിയും കുഴിയും നിറഞ്ഞ റോഡുകളിലൂടെ തന്നനം തെന്നിത്തെന്നിയവര്‍ നടക്കും'!
കൊച്ചിയില്‍ മാത്രമല്ല, കേരളത്തിന്റെ തെക്കന്‍ പ്രദേശങ്ങള്‍ മുഴുവനും ഇപ്പോള്‍ പൊളിഞ്ഞ് തകര്‍ന്നു കിടക്കുന്ന റോഡുകളാണ്. വലിയൊരു മഴ പെയ്തു കഴിഞ്ഞാല്‍ ചെളിയും മാലിന്യങ്ങളും കൊണ്ട് പൊതുവഴികള്‍ മുഴവനും അപകടകരമായ അവസ്ഥയിലാവും. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്തപ്പോള്‍ അത്ര പ്രശ്‌നമില്ലായിരുന്നു. പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ കൊച്ചുഗ്രാമങ്ങളില്‍ പോലും നല്ല പാതകളാണ് പണിതുവച്ചിരിക്കുന്നത്. പൊതുമരാമത്തു മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ക്ക് മേധാവിത്വമുള്ളതു കൊണ്ടാണോയെന്ന് ആരും സംശയിച്ചുപോകുന്ന അവസ്ഥ. പക്ഷേ കേരളത്തിന്റെ അഭിമാനമായ എം.സി.റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ ഭയാനകമാണ്. ലോകബാങ്കിന്റെ ധനസഹായത്തോടെ കെ.എസ്.ടി.പി. തുടങ്ങി വച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ, വ്യവസായ കോമരങ്ങളുടെ ധനാര്‍ത്തിയിലും വെട്ടിപ്പിലും പെട്ട് നാട്ടുകാരുടെ നടുവൊടിയ്ക്കുന്ന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ലീ ബീന്‍ എന്ന മലേഷ്യന്‍ എഞ്ചിനീയര്‍ ക്വാലാലമ്പരിലെ ഒരു ഇരുമ്പുപാലത്തില്‍ തൂങ്ങിമരിച്ചത് അന്നത്തെ കേരള സര്‍ക്കാര്‍ അദ്ദേഹത്തോട് ചെയ്ത വഞ്ചനയുടെ വേദനിയ്ക്കുന്ന ഉദാഹരണമായി ഓരോ മരാമത്ത് പണിയ്ക്കിടയിലും ജനം ഓര്‍ക്കാതിരിയ്ക്കില്ല. എം.സി. റോഡിന്റെ പണികള്‍ കെ.എസ്.ടി.പി.യ്ക്കുവേണ്ടി ചെയ്തുകൊണ്ടിരുന്ന പാറ്റിബെല്‍ എന്ന കമ്പനിയുടെ ചീഫ് പ്രോജക്ട് മാനേജരായിരുന്ന അദ്ദേഹം ഇടനിലക്കാര്‍ക്കും രാഷ്ട്രീയമാഫിയകള്‍ക്കും അവിഹിത സംഭാവനകള്‍ നല്‍കാന്‍ വിസമ്മതിച്ചതുകൊണ്ട് അദ്ദേഹത്തിന് കിട്ടേണ്ട പണം കൊടുക്കാതെ നീട്ടിവച്ചു. മന്ത്രിമാരുടെയും രാഷ്ട്രീയ ദല്ലാളന്മാരുടെയും വീടുകള്‍ കയറിയിറങ്ങി മടുത്ത അദ്ദേഹം സഹികെട്ട് നാട്ടിലെത്തി ജീവനൊടുക്കുയായിരുന്നു. ലീയുടെ കണ്ണുനീരിന്റെ ശാപമായിരിയ്ക്കണം ഇപ്പോഴും അപകടങ്ങള്‍ തുടര്‍ക്കഥയായി സംഭവിയ്ക്കുന്ന നമ്മുടെ പൊതുവഴികള്‍.
തെരുവുപട്ടികള്‍ പൊതുജനങ്ങളെ ഇത്രമാത്രം ഉപദ്രവിയ്ക്കാത്ത ഒരു കാലം കേരളത്തില്‍ ഇതിനുമുമ്പുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. കന്നിമാസത്തില്‍ മാത്രമല്ല, എല്ലാ ദിവസവും അവര്‍ പെറ്റുപെരുകുകയാണ്. നാട്ടില്‍ അവധിയ്ക്ക് പോകുന്ന ഏത് പ്രവാസിയും ഈ മാറ്റം ശ്രദ്ധിയ്ക്കും. നായ ശല്യം ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലും കടപ്പുറങ്ങളിലുമുണ്ട്. എവിടെചെന്നാലും പട്ടിയെ തട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. പത്രങ്ങളുടെ പ്രാദേശികപേജുകള്‍ നിറയെ തെരുവ്‌നായ് കടിച്ച കുട്ടികളുടെയും വഴിയാത്രക്കാരുടെയും വാര്‍ത്തകള്‍.
മൃഗസ്‌നേഹം അതിരു കടന്ന ഒരു കേന്ദ്രമന്ത്രിയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിയ്ക്കുന്ന നാട്ടിലെ അഭിനവ പരിസ്ഥിതി മൃഗസ്‌നേഹികളുമാണ് ഇത്രമാത്രം പ്രശ്‌നം വഷളാക്കിയത്. പേപ്പട്ടിയെ പോലും കൊല്ലാന്‍ ജനം ഭയക്കുന്നു. കൊന്നാല്‍ അവിയെണ്ണേണ്ടി വരുമെന്ന ഭയമാണ് എല്ലാവര്‍ക്കും. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്ന കുട്ടികളും അതിരാവിലെ പള്ളിയില്‍ പോകുന്ന വിശ്വാസികളുമൊക്കെ പട്ടികടിയുടെ വേദനയറിയുന്നു.
നാടു മുഴുവനും നായശല്യമനുഭവിയ്ക്കുമ്പോള്‍ നിയമവാഴ്ചയും സുരക്ഷയും ഉറപ്പുവരുത്തേണ്ട ഭരണാധികാരികള്‍ അതെല്ലാം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. ആര്‍ക്കെങ്കിലും ഗുരുതരമായി പട്ടികടിയേറ്റുവെന്ന് മാധ്യമങ്ങള്‍ പെരുമ്പറ മുഴക്കുമ്പോള്‍ ചെറിയൊരു നഷ്ടപരിഹാരം പ്രഖ്യാപിച്ച് അധികാരികള്‍ തലയൂരുന്നു. ആര്‍ജവത്തോടെ ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ എന്തുകൊണ്ടവര്‍ തയ്യാറാവുന്നില്ലായെന്ന് നമ്മള്‍ അത്ഭുതപ്പെടരുത്. കാരണം ഇത് കേരളമാണ്. ഇവിടെ എന്തും നടക്കും; ജനത്തിന് വേണ്ടത് വിവാദങ്ങളും കുറെ ഹര്‍ത്താലുകളും. നാഗാലാന്‍ഡിലൊക്കെ പട്ടിയെ കൊന്ന് സൂപ്പും അതിവിശിഷ്ട ഭോജ്യങ്ങളും ഉണ്ടാക്കും, അങ്ങോട്ടേയ്ക്ക് കയറ്റുമതി ചെയ്താല്‍ സര്‍ക്കാരിന് ആദായവുമുണ്ടാക്കാമെന്ന് മനോരമയില്‍ പത്രാധിപര്‍ക്കുള്ള കത്തില്‍ അവിടെ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന ഒരാളുടെ കത്തു കണ്ടു. എന്തുകൊണ്ട് സര്‍ക്കാര്‍ തലത്തില്‍ അത്തരമൊരു ശ്രമം നടത്താന്‍ സാധിക്കുന്നില്ല? നാടുനീളെ നടന്ന് തെരുവുനായ്ക്കളെ വന്ധ്യം കരിയ്ക്കല്‍ നടത്തിയാല്‍ പ്രശ്‌നപരിഹാരമാവുമെന്ന് അധികാരികള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് നാടിനെയോര്‍ത്ത് സഹതപിയ്ക്കാനേ കഴിയൂ.
കേരളത്തിലങ്ങോളമിങ്ങോളം കാണുന്ന പുതിയൊരു പ്രതിഭാസമാണ് ബംഗാളികളും ബീഹാറികളുമുള്‍പ്പെടുന്ന അന്യദേശക്കാരായ തൊഴിലാളികളുടെ തള്ളിക്കയറ്റം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടന്നുകൊണ്ടിരിയ്ക്കുന്ന ഈ കുടിയേറ്റം ഇപ്പോള്‍ കേരളത്തില്‍ വലിയ സാമൂഹ്യമാറ്റങ്ങള്‍ക്കാണ് തിരികൊളുത്തിയിരിയ്ക്കുന്നത്. ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തിലെ നിലവിലെ ജനസംഖ്യ മൂന്നുകോടി മുപ്പതു ലക്ഷമാണ്. അതില്‍ മുപ്പത്തഞ്ച് ലക്ഷവും അന്യഭാഷാ തൊഴിലാളികളാണെന്നറിയുമ്പോഴാണ് ഈ കുടിയേറ്റത്തിന്റെ വ്യാപ്തി നമുക്ക് മനസ്സിലാവുന്നത്. പണ്ട് തമിഴര്‍ ചെയ്തിരുന്ന പണികളൊക്കെ ഇപ്പോള്‍ ബംഗാളികല്‍ ചെയ്യുന്നു. മരാമത്തു പണികള്‍ മാത്രമല്ല, റബ്ബര്‍ ടാപ്പിംഗ് മുതല്‍ കള്ള് ചെത്ത് വരെ!! നാട്ടിന്‍പുറങ്ങളിലെ മരച്ചുവടുകളിലും വഴിയോരങ്ങളിലും സ്‌ക്കൂള്‍ നടകളിലുമൊക്കെ സന്ധ്യാസമയങ്ങളില്‍ ഇവര്‍ സൊറ പറഞ്ഞിരിയ്ക്കുന്നത് സമകാലിക കേരളത്തിലെ പതിവ് കാഴ്ചകളാണ്. പെരുമ്പാവൂര്‍, ആലുവ, മേഖലകളില്‍ അവര്‍ താമസിയ്ക്കുന്ന കോളനികള്‍ വരെയുണ്ട്. അവിടെ വഴി പോകുന്ന ചില പ്രൈവറ്റ് ബസ്സുകളില്‍ ബംഗാളിഭാഷയില്‍ സ്ഥലപ്പേര് എഴുതിവച്ചിരിയ്ക്കുന്നത് കണ്ടപ്പോള്‍ കൗതുകം തോന്നി. തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ശാഖകള്‍ ചിലയിടങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞുവെന്ന് പലരും പറഞ്ഞ് കേള്‍ക്കുകയുണ്ടായി. മാര്‍ക്കിസ്റ്റ് പാര്‍ട്ടിയും അവര്‍ക്ക് അംഗത്വം നല്‍കിത്തുടങ്ങിയത്രെ.
അന്യസംസ്ഥാന തൊഴിലാളികള്‍ അവിഭാജ്യഘടകമായി മാറുമ്പോഴും കേരളത്തിലെ പല സ്ഥലങ്ങളിലും നടന്നുകൊണ്ടിരിയ്ക്കുന്ന ക്രിമിനല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ അവരാണെന്നറിയുമ്പോഴാണ് നമ്മള്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാവുന്നത്. അവരെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ള ഒരു പദ്ധതിയും ഇനി നടപ്പില്ല. മേനി പറഞ്ഞ് നടക്കുവാനല്ലാതെ മേലനങ്ങി പണിയാന്‍ നമ്മുടെ ആള്‍ക്കാര്‍ തയ്യാറാവാത്തിടത്തോളം കാലം അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചേ പറ്റൂ. പക്ഷേ അവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ രജിസ്ട്രേഷനോ തിരിച്ചറിയല്‍ രേഖകളോ നല്‍കി അതിന്റെയടിസ്ഥാനത്തില്‍ മാത്രം അവരെ പണിയ്ക്ക് വിളിയ്ക്കാന്‍ ജനം തീരുമാനിച്ചില്ലെങ്കില്‍ അപ്രതീക്ഷിത കൊലപാതകങ്ങളും കൊള്ളയും ഇനിയും നടന്നേക്കാം. ഇതിനോടകം എത്രയോ കൊലകള്‍ക്ക് പിന്നില്‍ അന്യസംസ്ഥാന തൊഴിലാളികലാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു? എന്നിട്ടും കേരളം പഠിയ്ക്കുന്നില്ലായെങ്കില്‍ അതിന് മറ്റാരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
'പ്രേമം' എന്ന പേരിലിറങ്ങിയ ഒരു ന്യൂജെന്‍ സിനിമ കേരളത്തിലെ വിനോദ മണ്ഡലങ്ങളില്‍ പുതിയ സമവാക്യങ്ങളാണ് സൃഷ്ടിച്ചത്. റിലീസിംഗ് കഴിഞ്ഞ് ഒട്ടേറെ ആഴ്ചകള്‍ കഴിഞ്ഞിട്ടും പ്രസ്തുത ചിത്രം പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സില്‍ തകര്‍ത്തോടി. ഇപ്പോഴും 'ബി' ക്ലാസ്് തിയേറ്ററുകളില്‍ അത് വിജയകരമായി പ്രദര്‍ശിപ്പിച്ചുവരുന്നു. നാട്ടില്‍ ചെന്നപ്പോള്‍ എവിടെയും 'പ്രേമ' തരംഗമായിരുന്നു. ഒരു സിനിമയ്ക്ക് ചെറുപ്പക്കാരുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. നിര്‍ഭാഗ്യവശാല്‍ 'പ്രേമം' കേരളത്തിന് നല്‍കിയത് തെറ്റായ പല സന്ദേശങ്ങളുമാണ്. കാമ്പസുകളില്‍ ലഹരിയായി നിവിന്‍ പോളിയും മലരും മാറിയപ്പോള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ മുണ്ട് മടക്കിക്കുത്തി കറുത്ത ഷര്‍ട്ടും കൂളിംഗ് ഗ്ലാസ്സും ധരിച്ച് നടക്കുന്നത് ഒരു കൗതുകമായി കാണാം. തിരുവോണാഘോഷങ്ങള്‍ക്ക് ഇത്തവണ പല കോളേജുകളിലും പെണ്‍കുട്ടികള്‍ സെറ്റ് സാരിയും ബ്ലൗസും ഉപേക്ഷിച്ച് മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ചു വന്നുവെന്നതും നമുക്ക് ഒരു തമാശയായി ആസ്വദിക്കാം. പക്ഷേ മദ്യപിച്ച്, അമിത വേഗത്തില്‍ വാഹനങ്ങളോടിച്ച് വന്ന് കാമ്പസുകളെ കലാപശാലകളാക്കുന്നത് എങ്ങിനെ കണ്ടുനില്‍ക്കാനാവും? തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ ഇത്തരമാഘോഷത്തിനിടെ ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതും അടൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ ഓണാഘോഷത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതും ഇത്തരം സിനിമകള്‍ നല്‍കുന്ന എതിര്‍സാക്ഷ്യങ്ങളും തെറ്റായ സ്വാധീനവും കാരണമാണ്. സിനിമയെ കുറ്റപ്പെടുത്തരുത്, അത് കണ്ട് തെമ്മാടിത്തരം കാണിയ്ക്കുന്നവരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് പറയുന്നവര്‍ തലമറന്ന് എണ്ണ തേയ്ക്കുകയാണ്. പക്വത വരാത്ത പ്രായത്തില്‍ ഇത്തരം ചിത്രങ്ങള്‍ അറിഞ്ഞും അറിയാതെയും യുവതലമുറയെ സ്വാധീനിക്കും.
ഒരുപാട് കൊട്ടിഘോഷിയ്ക്കപ്പെട്ട ഈ സിനിമയില്‍ എന്തെങ്കിലും ആകര്‍ഷണീയതയുണ്ടാകുമെന്ന് കരുതി കുടുംബസമ്മേതം പോയി കണ്ടപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. എത്രമാത്രം തെറ്റായ സന്ദേശമാണ് ഈ ചിത്രം നല്‍കുന്നതെന്ന് ഇതിന്റെ അണിയറ ശില്പികള്‍ മനസ്സിലാക്കുന്നില്ല. അഭിനേതാക്കളെല്ലാം നന്നായി അഭിനയിച്ചിട്ടുണ്ട്, നല്ല കുറെ ഗാനങ്ങളും ചിത്രത്തിലുണ്ട്. സിനിമാറ്റോഗ്രാഫിയും ഗംഭീരം. പക്ഷേ കഥയില്ലായ്മയും തെറ്റായ സന്ദേശവും പ്രേമത്തെ വികലവിനോദമാക്കുന്നു. പഠിപ്പിയ്ക്കുന്ന അദ്ധ്യാപികയെ പ്രേമിയ്ക്കുന്ന നായകന്‍ തീര്‍ച്ചയായും തെറ്റായ സന്ദേശമാണ് സമപ്രായക്കാര്‍ക്ക് നല്‍കുന്നത്; പ്രത്യേകിച്ചും ആ താരം പ്രശസ്തനും ജനപ്രിയനുമാകുമ്പോള്‍. നമ്മുടെ മൂല്യങ്ങള്‍ക്ക് ഒട്ടും ചേരുന്നതല്ല ആ ചിത്രത്തില്‍ കാണുന്ന പല രംഗങ്ങളും. കാമ്പസ് വയലന്‍സിനെ ഹീറോയിസമായി ചിത്രീകരിച്ചിരിയ്ക്കുന്നതും അപലപനീയം തന്നെയാണ്. 'സുഖമോ ദേവി'യും 'നിറവും' 'ക്ലാസ്‌മേറ്റ്‌സും' പോലുള്ള എത്രയോ മനോഹര കാമ്പസ് ചിത്രങ്ങള്‍ നമ്മള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുന്നു. പ്രേമം കണ്ടിട്ട് പ്രശ്‌സ്ത ഗായകന്‍ ജി.വേണുഗോപാല്‍ പരിതപിച്ച്ത് 'ആ ചിത്രം ആഘോഷിക്കുന്ന കേരളക്കരയ്ക്കാണോ അതോ തനിയ്ക്കാണോ വട്ട്' എന്നാണ്. ആര്‍ക്കാണ് വട്ടെന്ന് സമീപകാലത്ത് നമ്മുടെ യുവജനങ്ങളുടെ പ്രവര്‍ത്തികള്‍ തെളിയിച്ചുകഴിഞ്ഞു. 'കേഴുക പ്രിയ നാടേ' എന്ന് പറയാനല്ലാതെ എന്തു ചെയ്യും നമ്മള്‍?
അടുത്ത ലക്കം: പടിയിറങ്ങിയ പടനായകന്‍