എനിക്കീ വിശുദ്ധ വേഷമൊന്നൂരി വെയ്ക്കണം
വെറുമൊരു 'പോത്തി'നെ പോലെ വിലസണം
എത്ര നാളിങ്ങനെ നാണം കുണുങ്ങിയും
അണി ഞ്ഞൊരുങ്ങിയും യാത്ര മുടക്കിയും
ഈ വിമൂകമാം തൊഴുത്തിന്‍ ചുമര്‍ ചാരിയും
മൌനിയായ് വിവശയായ് മേവണം?
എനിക്കും വാഴണം
വെറുമൊരു 'പോത്തി'നെ പോലെ
വഴിവക്കിലെയോരോ പുല്ലും ചെടിയും
എന്‍ വിശപ്പാറ്റാന്‍ കാര്‍ന്നു തിന്നുമ്പോഴും
ഒരുനാള്‍ സ്വയം ബലിയായപരന്
ഭോജ്യമാവുകയെന്നൊരു കിനാവെന്റെ സ്വന്തം
ധീരയായ് മൃത്യു വരിച്ചു മാനവന്റെ
ഇഷ്ട ഭോജ്യമായൂര്‍ജ്ജ മായ്
പ്രകൃതി തന്‍ ഭക്ഷ്യ മാലയിലൊരു കണ്ണിയായ്
മാറു മെന്ന കിനാവുമെന്‍ സ്വന്തം
ഇന്ന് ഞാനീ തൊഴുത്തില്‍ കച്ചിതുരുമ്പു
കടിച്ചു ചവച്ചും മിച്ചമുള്ള വേളയില്‍
മയങ്ങിയും പൊലിഞ്ഞ കിനാക്കള്‍
അയവിറക്കിയും മേവുന്നു
എന്‍ മോഹമൊക്കെ ചേര്‍ന്നലിഞ്ഞെന്നകിടു
ച്ചുരത്തുമാ പാലെടുത്തെന്നെ നോക്കിയിളി
ച്ചിത്തിരി പച്ച പുല്ലുകാട്ടി
കെട്ടിയിട്ടു കൊതിപ്പിച്ചു പോകുന്നു നിങ്ങള്‍
എന്‍ പ്രിയ ഭൂമി മാതാവിന്നരുമമക്കള്‍
വിശന്നു കേഴുന്നു ചുറ്റിലും
എന്നുറക്കം കെടുത്തുന്ന നിസ്വനം
അഴിച്ചു മാറ്റുക യെന്‍ വിശുദ്ധ വേഷങ്ങളെ
ധീര മൃത്യുവരിച്ചു ഞാനന്നമാകട്ടെയേവര്‍ക്കും
'ഗോമാതാവ്' ഞാനെന്നുച്ച ത്തില്‍
തെല്ലൊരഭിമാനമോടെ പറയട്ടെ ഞാനിന്ന്!
ബിന്ദു ടിജി