Image

ലാളിത്യത്തിന്റെ കവിതകള്‍- വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 13 October, 2015
ലാളിത്യത്തിന്റെ കവിതകള്‍- വാസുദേവ് പുളിക്കല്‍
(വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്)
മുബൈ നിവാസിയായ തോടുപുഴ ശങ്കര്‍ ലേഖകനായും കവിയായും ഇവിടത്തെ മാധ്യമങ്ങളിലൂടെ നമുക്ക് സുപരിചിതനാണ്. അദ്ദേഹത്തിന്റെ കവിതാസരണിയിലൂടെ സഞ്ചരിച്ച് കവിയുടെ കാവ്യപ്രതിഭ  കണ്ടെത്താനാണ് ഈ ചര്‍ച്ചയിലൂടെ ശ്രമിക്കുന്നത്. സരളമായ പദങ്ങള്‍ കൊണ്ടും 'ജുവായ രചനാരീതികൊണ്ടും ലളിതമായ അദ്ദേഹത്തിന്റെ കവിതകള്‍ അനുവാചകരുടെ മനസ്സിലേക്ക് അനായാസം ഇറങ്ങിച്ചെല്ലുന്നു. ലാളിത്വത്തിന്റെ ഇടയിലൂടെ ഇഴചേര്‍ന്നു കിടക്കുന്ന ഗൗരവമുള്ള ജീവിതദര്‍ശനത്തിന്റെ സ്വര്‍ണ്ണ നൂലുകള്‍ കവിതകള്‍ക്ക് അഭൗമമായ ഒരു സൗന്ദര്യം നല്‍കുന്നുണ്ട്. ഭൗതികതയില്‍ നിന്ന് ആദ്ധാത്മികതയുടെ ഔന്നത്യത്തിലേക്കുള്ള പ്രയാണത്തിലൂടെ തിന്മയില്‍ നിന്ന് നന്മയിലേക്ക് നയിക്കുന്ന പാത തെളിച്ചിടുന്നത് ശങ്കര്‍കവിതകളുടെ മുമുദ്രയായി കണക്കാക്കാം. സമൂഹത്തിന്റെ ജീവിത ശൈലി ആത്മീയതയുടെ കരുത്തില്‍ അടിയുറച്ചതായിരിക്കണം എന്ന് കവി വിശ്വസിക്കുന്നുണ്ടാവും. കവിതകളിലൂടെ മാനവപരിണാമത്തെ ഉദ്ഗാനം ചെയ്യുന്ന കവിയില്‍ സ്പന്ദിക്കുന്നത് ശുഭാപ്തി വിശ്വാസമാണ്.

സര്‍വ്വേശ്വരനെ ഹൃദയകമലത്തില്‍ പ്രതിഷ്ഠിച്ച് പൂജിക്കുമ്പോള്‍ ഭക്തിയുടെ കിരണങ്ങള്‍ കൊണ്ട് ഹൃദയകമലം ശോഭിതമാകാന്‍ തുടങ്ങും. മനുഷ്യരെ  ഈശ്വരസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന  ഭക്തിയുടെ മഹത്വം മനസ്സിലാക്കാത്ത കപടഭക്തരെ അവതരിപ്പിക്കുകയാണ് 'കൈക്കോട്ട് ഭക്തി' എന്ന കവിതയില്‍. അവരുടെ ഭക്തിയെ കൈക്കോട്ടിനോടാണ്ല്പ ഉപമിച്ചിരിക്കുന്നത്. ഒന്നും പുറത്തേക്ക് വിടാതെ എല്ലാം തന്നിലേക്ക് വാരിയിടുകയാണ് കൈക്കോട്ട് ചെയ്യുന്നത്. അകവും പുറവും തിങ്ങി നില്‍ക്കുന്ന സര്‍വ്വേശ്വരമഹിമ കൈക്കോട്ട് ഭക്തര്‍ മനസ്സിലാക്കുന്നില്ല. 'കൈക്കോട്ട്' സ്വാര്‍ത്ഥതയുടെ പ്രതീകമാണ്. സ്വാര്‍ത്ഥമതികള്‍ അവരുടെ സുസൗഭാഗ്യങ്ങള്‍ മാത്രം ആഗ്രഹിക്കുന്നവരാണ്. സ്വന്തം ആവശ്യങ്ങളുടെ പട്ടിക ഇഷ്ടദേവതയുടെ  മുന്നില്‍ തുറന്നു വച്ച് അവയുടെ നിറവേറ്റലിനു വേണ്ടി കണ്ഠമിടറി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ ചിന്താമണ്ഡലത്തിന്റെ വ്യാസം ചുരുങ്ങിപ്പോകുന്നു, അവര്‍ സാര്‍വ്വലൗകികതയില്‍ നിന്ന് അകന്നു പോകുന്നു. 'കൈക്കോട്ടു കൊണ്ടല്ലോ പോകുന്നു ക്ഷേത്രങ്ങളില്‍' എന്ന് ഭക്തരുടെ നാട്യത്തില്‍ ക്ഷേത്രങ്ങളില്‍ പോകുന്നവരെ കവി പരിഹസിക്കുകയാണ്. എത്രതാന്‍ ലഭിക്കിലും തൃപ്തിയില്ലൊരിക്കലും എന്ന വരികള്‍  ഭൗതിക സുഭോഗ വസ്തുക്കള്‍ സമാഹരിക്കാനുള്ള മുനുഷ്യന്റെ അടങ്ങാത്ത തൃഷ്ണ തുറന്നു കാണിക്കുന്നു. ഇതു വയിച്ചപ്പോള്‍ കമുകറ പുരുഷോത്തമന്‍ ആലപിച്ച 'പത്തു ലഭിച്ചാല്‍ നൂറിനു ദാഹം, നൂറിനെ ആയിരമാക്കാന്‍ മോഹം, ആയിരമോ പതിനായിരമാകണം, ആശക്കുലകിതിലളവുണ്ടാമോ?.  എന്ന ഗാനം ഓര്‍മ്മ വന്നു. 'ചിന്മയനിച്'ിപ്പതു കൈക്കോട്ടു ഭക്തിയല്ല, സന്മനസ്സോടേകിടും നിസ്വാര്‍ത്ഥ സമര്‍പ്പണം' എന്നു പറയുന്ന കവിയുടെ അഭിവാഞ്ച കപടഭക്തരെ ആത്മ സമര്‍പ്പണത്തിലൂടെ ഈശ്വരസാക്ഷാത്ക്കാരം സാധ്യമാക്കുന്ന  യഥാര്‍ത്ഥ ഭക്തിയിലേക്ക് നയിക്കലാണ്. പരിഹാസത്തിന്റെ പരിവേഷത്തില്‍ നന്മയുടെ കിരണങ്ങള്‍ ചൊരിയുന്ന രചനാസംബ്രദായമാണ് കവി സ്വീകരിച്ചിരിക്കുന്നത്. കവി സ്വയം അനുഭവിക്കുന്ന ഭക്തിപ്രസരത്തില്‍ നിന്ന് വിരിഞ്ഞ വന്ന കവിതയായതുകൊണ്ടായിരിക്കാം കാവ്യഭാവന ഇത്രയും നൈസ്സര്‍ഗ്ഗികമായത്.

വഴിത്തെറ്റി സഞ്ചരിക്കുന്ന പഞ്ചേന്ദിയങ്ങള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കുകയാണ് കവി 'ഇന്ദ്രിയങ്ങളേ' എന്ന കവിതയിലൂടെ. ഇന്ദ്രിയങ്ങളായ കണ്ണും കാതും മൂക്കും നാവും ഓരോന്നും തൊട്ടറിയുന്ന വിരലുകളും നമ്മേ വിവിധ ദിശയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി അരുതാത്തത് പലതും ചെയ്യിക്കുന്നു. എവിടേയും കാണാത്ത മനസ്സാണ് ഇന്ദ്രിയങ്ങളെ നയിക്കുന്നത്. ഇന്ദ്രിയങ്ങള്‍ മനസ്സിന്റെ ആജ്ഞാനുവര്‍ത്തികള്‍ മാത്രം. ഭൂമിയില്‍ നരകവും സ്വര്‍ഗ്ഗവും സൃഷ്തിക്കുന്ന പഞ്ചേന്ദ്രിയങ്ങളെ അനുയോജ്യമായ പദപ്രയോഗങ്ങളിലൂടെ പക്വത വന്ന ഒരു അദ്ധ്യാപകനെ പോലെ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് കവി.  ഭ്രമകല്‍പനയില്‍ മുഴുകിപ്പോകുന്ന ഇന്ദ്രിയങ്ങളോട് കവി നേരിട്ട് സംവദിക്കുകയാണ്. 'അക്ഷികളെ വീക്ഷിച്ചീടല്ലേ വേണ്ടാകൃത്യങ്ങളൊരിക്കലും, കാതുകളെ കൗതുകം കാട്ടീടല്ലെ ശ്രവിപ്പാനസഭ്യങ്ങള്‍, നാസികാദ്വാരങ്ങളെ ഘ്രാണിക്ക സൗരഭ്യമേ, നാവേ നല്ലതുമാത്രം ചൊല്ലൂ, ത്വക്കേ തക്കതായുള്ളതു മാത്രം സ്പര്‍ശിച്ചു ശീലിക്കു നീ'. എന്നിട്ട് പറയുന്നു 'മനസ്സേ നീ തെളിക്കു' എന്ന്. എപ്പോഴും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് മനസ്സ്.ല്പമനസ്സു തന്നെ ഒരു ചോദ്യമാണ്. മനസ്സിന്റെ ചോദ്യങ്ങളെല്ലാം ന്യായവിധിക്കായി ബുദ്ധിയുടെ മുന്നിലാണ് വയ്ക്കുന്നത്. മനസ്സിന് മനുഷ്യനെ ആത്മസത്തയിലേക്കും ബാഹ്യപ്രപഞ്ചത്തിലേക്കും നയിച്ചു കൊണ്ടു പോകാനുള്ള കഴിവുണ്ട്. ഇന്ദ്രിയങ്ങളെ ആത്മസത്തയിലേക്ക് നയിക്കാന്‍ കവി മനസ്സിനോട് ആഹ്വാനം ചെയ്യുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ആദ്ധ്യാത്മപ്രമാണത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണമെന്നാണ്. 

കവികളുടെ ചിന്താമണ്ഡലത്തില്‍ ഉരുത്തിരിയുന്ന വിചാരവികാരങ്ങളുടെ സങ്കീര്‍ണ്ണതയും വ്യപ്തിയും ചിലപ്പോള്‍ ഒരു കവിതയില്‍ ഒതുക്കാന്‍ സാധിച്ചെന്നു വരില്ല.  'ഇന്ദ്രിയങ്ങളേ' എന്ന കവിതാസന്ദര്‍ഭം കവിയുടെ 'ഓടക്കുഴല്‍' എന്ന കവിതയോട് ചേര്‍ത്തു വയ്ക്കാവുന്നതാണ്. ഇന്ദ്രിയങ്ങള്‍ കാണിക്കുന്ന വികൃതികളില്‍ വ്യാകുലചിത്തനായി കവി ഓടക്കുഴലില്‍ കാട്ടുമൃഗങ്ങളെപ്പോലെ നിയന്ത്രണമില്ലാതെ പായുന്ന ഇന്ദ്രിയങ്ങളുടെ മേല്‍ പിന്നെയും കടിഞ്ഞാന്‍ മുറുക്കുകയാണ്.

അഞ്ചിതശരീരമാമോടക്കുഴലിലെഴും
പഞ്ചേന്ദ്രിയങ്ങളാകും മോഹനസുഷിരങ്ങള്‍,
നല്ലതു കാണാന്‍, കേള്‍പ്പാന്‍, ശ്വസിപ്പാന്‍, സ്പര്‍ശിക്കുവാന്‍
നല്ലതു ഘ്രാണിക്കുവാനീശ്വരനോടര്‍ത്ഥിക്ക നാം
ആശകള്‍ യാഗാശ്വങ്ങള്‍! അതിന്മേല്‍ മനസ്സുതന്‍
ആശപോല്‍ സവാരിചെയ്താനന്ദമടയുന്നു!
ആശകളത്യാശകളായെന്നാല്‍ അപസ്വരം
ആയിടാം ഹൃദയമാം മണിവേണുവിന്‍ സ്വരം!

ഭഗവാന്‍ സമ്മാനിച്ച ഓടക്കുഴലില്‍ നിന്ന് നിര്‍ഗ്ഗളിക്കുന്നത് ഹൃദയരാഗമായിക്കണ്ട് അതിനെ കളങ്കപ്പെടുത്താതിരിക്കുക എന്ന് പറയുന്ന കവി ആത്മീയതയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ജീവിതക്രമമാണ് സ്വപ്നം കാണുന്നത്. ഒരേ പ്രമേയം രണ്ടു കാവ്യസന്ദര്‍ഭങ്ങളില്‍ അവതരിപ്പിച്ചുകൊണ്ട് പ്രതിപാദ്യ വിഷയത്തിന്റെ തേജസ്സ് കവി പിന്നെയും പിന്നെയും വര്‍ദ്ധിപ്പിക്കുകയാണ്. കവിയുടെ ഭാവനയിലും പദപ്രയോഗങ്ങളിലും വരുന്ന മാറ്റങ്ങളും ശ്രദ്ധേയമാണ് 

ധ്വന്യാത്മകതയാണ് 'ധാരണ' എന്ന കവിതയുടെ പ്രത്യേകത. 'ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമൊരേയാത്മ ബിന്ദുതന്‍ സ്ഫുലിംഗങ്ങള്‍' എന്ന്ല്പതിരിച്ചറിഞ്ഞ് സമത്വവാദത്തെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യണമെന്ന ധ്വനി ഈ കവിതയില്‍ മുഴങ്ങുന്നു. പ്രചഞ്ച നാടകവേദിയില്‍ വിഭിന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒടുവില്‍ മരണത്തിന്റെ പിടിയില്‍ പെട്ടുപോകുമ്പോള്‍ 'വരുന്നു, തങ്ങുന്നു, നമീവഴിയമ്പലത്തില്‍, വന്ന പോല്‍ മടങ്ങുന്നു ദൗത്യത്തിന്‍ സമാപ്തിയില്‍' എന്ന ജീവിത രഹസ്യം കവി വരച്ചിടുന്നു. ജീവിത വീക്ഷണത്തിന്റേയും പ്രപഞ്ചദര്‍ശനത്തിന്റേയും ഒരു ആശയവ്യൂഹം തന്നെ കവി സൃഷ്ടിക്കൂന്നു. 'പാന്ഥര്‍ പെരുവഴിയമ്പലം തന്നില്‍ താന്തരായ് കൂടും  വിയോഗം വരുമ്പോലെ, നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയുമെത്രയും ചഞ്ചലമാലയസംഗമം'. 'കടല്‍പ്പുറത്തെ പൊടിമണ്ണടിച്ചു കൂട്ടുന്നു തട്ടിക്കളയുന്നിതൊപ്പം, സനാതനം മാരുതനീശ്വരന്റെ സര്‍ഗ്ഗക്രമം കണ്ടു കുറിക്കയാമോ'. എന്ന് ഈശ്വരന്റെ ലീലാവിലാസങ്ങള്‍ മുമ്പേ പോയ എഴുത്തച്'നും നാലപ്പാടനും പറഞ്ഞു വച്ചിട്ടുണ്ടെങ്കിലും അവയുടെ അനുസ്മരണം ജീവിതത്തിന്റെ ക്ഷണികതയേയും അനിശ്ചിതത്വത്തേയും  പറ്റി ജനങ്ങളില്‍ ബോധം ജനിപ്പിച്ച് അവരെ ഉല്‍ബുദ്ധരാക്കാന്‍ ഉതകുന്നു.

'ഗാന്ധര്‍വജന്മ'ത്തില്‍ പത്മശ്രീ യേശുദാസിന്റെ ജീവിതം മാതൃകായായെടുത്ത് ജീവിത വിജയത്തിന് അനിവാര്യമായ ഗുണങ്ങള്‍ വിസ്തരിക്കുന്നു. 'സൂക്ഷ്മമാം സമര്‍പ്പണബോധവും പ്രയത്‌നവും മാത്രമാണെന്‍ നേട്ടത്തിന്‍ പിന്നിലെ സത്യം, തീര്‍ത്ഥയാത്ര താനെല്ലാമെന്റെ സംഗീത സപര്യയില്‍' എന്ന് കുറിച്ചിടുന്ന കവി വിരല്‍ ചുണ്ടുന്നത് ഈശ്വരഭക്തിയോടും നിസ്വാര്‍ത്ഥമായ അര്‍പ്പണ മനോഭാവത്തോടുമുള്ള പ്രവൃത്തിയുടെ മഹത്വത്തിലേക്കാണ്. ജീവിതം ഒരു സങ്കീര്‍ത്തനം പോലെ സ്വരമധുരിമയും താളക്കൊഴുപ്പും അര്‍ത്ഥവുമുള്ളതാകണമെന്ന് കവി വായനക്കാര്‍ക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു. ദൈവികമായ സര്‍ഗ്ഗശക്തിയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന കവിവചനങ്ങള്‍ മാനവരാശിക്ക് എന്നും  മാര്‍ഗ്ഗദര്‍ശനമാണ്. യേശുദാസ് ഈ കവിത ആലപിക്കുകയും ജനഹൃദയങ്ങളില്‍ അത് സ്ഥാനം പിടിക്കുകയും  ചെയ്തിട്ടുണ്ട്. സംഗീതമകരന്ദമുള്ളില്‍ സംഭരിച്ച് സംഗീതത്തെ ഉപാസിക്കുന്ന യേശുദാസിനെ ഗന്ധര്‍വന്‍ എന്ന് ജനലക്ഷങ്ങള്‍ ആദരവോടെ പുകഴ്ത്തുമ്പോള്‍ പൊതുജനങ്ങളോടുള്ള അദ്ദേഹത്തിന്റെ  പെരുമാറ്റത്തില്‍ സൗമ്യതക്കു പകരം അനുഭവപ്പെടുന്നത് പരുപരുപ്പാണെന്ന് പത്രങ്ങളില്‍ വായിക്കുന്നു. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൈവന്നപ്പോള്‍ ഞാന്‍, ഞാന്‍ എന്ന അഹങ്കാരമാണോ? ചാരം പൊതിഞ്ഞുല്പകിടക്കുന്ന തീക്കട്ട എടുക്കാന്‍ ശ്രമിക്കുമ്പോഴാണ്, അണ്ടിയോടടുക്കണം മാങ്ങയുടെ പുളി അറിയണമെങ്കില്‍ എന്നു പറയുന്നതു പോലെ, കൈ പൊള്ളൂന്നത്.

കവി സൗന്ദര്യരാരധകനാണ്. പക്ഷെ കവിക്ക് ബാഹ്യസൗന്ദര്യത്തില്‍ കമ്പമില്ല. കാരണം, 'ബാഹ്യസൗന്ദര്യം വെറും ക്ഷണഭംഗുരമതില്‍ ബലിയാടാകുന്നു ജീവാത്മാക്കള്‍'. ഓരോരുത്തരിലും പരിലസിക്കുന്ന ആനന്ദസ്വരൂപത്തിന്റെ നിസ്തുല സൗന്ദര്യമാണ് ശ്വാശതമായിട്ടുള്ളത്. കവിയുടെ ആന്തരിക സൗന്ദര്യത്തോടുള്ള പ്രേമത്തിന്റെ മൊട്ട് 'ബാഹ്യസൗന്ദര്യം' എന്ന  കവിതയില്‍ വിരിയുന്നതായി കാണാം. 'ആരെയുമഭൗമമാം ആനന്ദാമൃതമൂട്ടും ആത്മസൗന്ദര്യം കാണ്മാനാവണ മുള്‍ക്കണ്ണിനാല്‍' എന്ന് പ്രാര്‍ത്ഥിക്കണം. ആ പ്രാര്‍ത്ഥന സഫലീകൃതമാകാനും ആത്മസൂര്യന്റെ കിരണങ്ങള്‍ നമ്മേ തഴുകിത്തലോടാനും അനിവാര്യമായി വേണ്ടത് ഇന്ദ്രിയങ്ങളെ അന്തര്‍മുമാക്കുകയാണ്. ജീവിതത്തില്‍ ആത്മീയത വിരിയിച്ചെടുക്കാന്‍ സാധിക്കാത്ത പക്ഷം അനശ്വരമായ ആന്തരിക സൗന്ദര്യം ആസ്വദിക്കാനാവാതെ പോകും. ആത്മീയത നഷ്ടപ്പെടാത്ത വ്യക്തിത്വത്തിന്റെ മാതൃകയായി കവി ഗാന്ധിജിയെ 'പഞ്ചാമൃതം' എന്ന കവിതയില്‍ ചൂണ്ടിക്കാണിക്കുന്നു. 'അഹിംസതന്‍ ഗാണ്ഡീവം സ്വന്തം കയ്യിലേന്താന്‍ കഴിഞ്ഞത്, വെള്ളക്കാര്‍ നല്‍കിയ ക്ലേശങ്ങള്‍ വെള്ളം പോലെ പാനം ചെയ്യാന്‍ സാധിച്ചത്' ഗാന്ധിജിയുടെ ആത്മീയമായ ഉള്‍ക്കാഴ്ച മൂലമാണ്. അഹിംസയുടെ അടിത്തറയില്‍ നിന്നു കൊണ്ടാണ് ഗാന്ധിജി സ്വാതന്ത്ര്യ സമരം നയിച്ചതെങ്കിലും 'ഇന്നു നാമാസ്വദിക്കുമീ സ്വാതന്ത്ര്യപഞ്ചാമൃതം ജനലക്ഷങ്ങള്‍ രക്തസാക്ഷികളായിട്ടല്ലേ' എന്ന് കവി വ്യസനിക്കുന്നു. ജാലിയന്‍വാലാബാഗ് ദുരന്തവും  മറ്റും കവിയുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവേല്‍പ്പിച്ചിട്ടുണ്ടാവണം. ഗാന്ധിജി വിഭാവന ചെയ്ത സ്വാതന്ത്ര്യത്തിലധിഷ്ടിതമായ സാമൂഹ്യക്രമവും രാഷ്ട്രീയവ്യവസ്ഥയും നടപ്പിലായിട്ടില്ല എന്നതുനുദാഹരണമാണ് സ്വതന്ത്രമായി സാഹിത്യരചനകള്‍ നടത്തുന്ന സാഹിത്യകാരന്മാരുടേയും മതപ്രചരണം നടത്തുന്ന മിഷനറിമാരുടേയും ജീവനെടുക്കുന്നത്. ഗാന്ധിജി നല്‍കിയ സ്വാതന്ത്യപഞ്ചാമൃതത്തില്‍ വിഷത്തുള്ളികള്‍ വീണു കൊണ്ടിരിക്കുകയാണ്.ല്പ

മനുഷ്യമുല്യങ്ങളുടെ അന്തര്‍ധാര ശങ്കര്‍കവിതകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. അദ്ദേഹത്തിന്റെ രചനകളില്‍ സ്വാതന്ത്ര്യ ബോധവും ജീവകാരുണ്യവും ആത്മവിശ്വാസവും നിരന്തരം സ്പന്ദിക്കുന്നുണ്ട്. ആദ്ധ്യാത്മികതയിലും സാംസ്‌കാരിക ആദര്‍ശങ്ങളിലും അധിഷ്ഠിതമായ ഒരു സമുഹം വിഭാവന ചെയ്യുകായാണ് കവി.ല്പഭക്തി, കപടഭക്തി, ആദ്ധ്യാത്മികത, ജീവിതദര്‍ശനം, സൗന്ദര്യബോധം എന്നിങ്ങനെ തൊടുപുഴ ശങ്കറിന്റെ കാവ്യരംഗത്ത് വിഷയങ്ങളുടെ വൈവിധ്യമുണ്ട്. വിഷയസ്വഭാവമനുസരിച്ച് കവികള്‍ കാവ്യഭാഷ രൂപപ്പെടുത്തുന്നു. കാവ്യഭാഷക്ക് മികവ് നല്‍കുന്ന ഘടകം പദസമ്പത്താണല്ലോ.. പദസിദ്ധിയെ കുറിച്ച് മിതിപ്പുണ്ടാകത്തക്ക വിധത്തിലുള്ള പദപ്രയോഗങ്ങള്‍ കൊണ്ട്  ശങ്കര്‍കവിതകള്‍ല്പസാമാന്യം സമൃദ്ധമാണ്.
ലാളിത്യത്തിന്റെ കവിതകള്‍- വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക