'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.'
ആഴത്തില്‍ ചിന്തിപ്പിക്കുകയും ഇടയ്ക്കിടയ്‌ക്കെല്ലാം ഓര്‍മിപ്പിക്കുകയും
ചെയ്തിരുന്ന അര്‍ത്ഥവത്തായ ഈ വരികള്‍ മറ്റാരുടേതുമല്ല. ആടുജീവിതം എന്ന
ഒരൊറ്റ നോവലിലൂടെ ലോകമലയാളി മനസ് പിടിച്ചടക്കുകയും, അതിന്റെ ഇംഗ്ലീഷ്
വിവര്‍ത്തനമായ 'ഗോട്ട് ടേയ്‌സ്' ലൂടെ ആഗോളജനത മുഴുവന്‍ നെഞ്ചിലേറ്റുകയും,
ചെയ്ത കേരളത്തിന്റെ അഭിമാനമായ യുവ സാഹിത്യകാരന്‍ ബെന്ന്യമിന്റെ വരികളാണവ.
തന്റെ ഇരുപതാമത്തെ വയസില്‍ ബഹറിനില്‍ ജോലിക്കായി പോയ ബന്ന്യമിന്‍
പ്രവാസജീവിതം നയിച്ചത് ഏകദേശം ഇരുപതു വര്‍ഷം. ആട് ജീവിതത്തിനു മുമ്പും
അദ്ദേഹം എഴുതിയിരുന്നു. പക്ഷെ, മലയാള സാഹിത്യ രംഗത്ത് ഒരു
പുതുതരംഗമുണ്ടാക്കിയ ആടുജീവിതം ബെന്ന്യമിനെന്ന എഴുത്തുകാരനു മലയാള
സാഹിത്യത്തില്‍ മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നേടിക്കൊടുത്തു.
ഇന്നിപ്പോള്‍ ബഹറിനിലെ ജോലിയുപേക്ഷിച്ചു അദ്ദേഹം കേരളത്തിലേക്ക് തിരികെ
വന്നിരിക്കുന്നു. എഴുത്തില്‍ കൂടുതല്‍ സമയം കണ്ടെത്തുകയും, സാഹിത്യ
സമ്മേളനങ്ങളും യാത്രകളുമൊക്കെയായി പന്തളത്തിനടുത്തുള്ള കുളനടയിലെ
വീട്ടില്‍ സ്ഥിരതാമസമാക്കുകയും ചെയ്തിരിക്കുന്നു.
ഫേസ് ബുക്കുണ്ടായിരുന്നതിനാല്‍ ആട് ജീവിതം വായിക്കുന്നതിനു മുന്‍പേ തന്നെ,
ബന്യാമിന്‍ എന്ന പേര് സുപരിചിതമായിരുന്നു. ബ്ലോഗുകളില്‍ എഴുത്തും വായനയും
സജീവമായിരുന്ന കാലം അന്ന് അദ്ദേഹം 'പിന്നാമ്പുറ വായനകള്‍' എന്ന ബ്ലോഗില്‍
കഥകളും ലേഖനങ്ങളും എഴുതുമായിരുന്നു. ബെന്യാമിന്‍ എന്ന പേരിനു തന്നെ ഒരു
പ്രത്യേകത. വേദപുസ്തകത്തിലെ പഴയ നിയമത്തില്‍, യാക്കോബിന്റെ മക്കളില്‍
പതിമൂന്നാമനാണ് 'ബെന്യാമിന്‍' എന്ന് സണ്‍ഡേസ്‌കൂളില്‍ പഠിച്ചതോര്‍മയുണ്ട്.
2009 ലെ അവധിക്കാലത്ത് കുട്ടികളുമായി നാട്ടില്‍ ചെല്ലുമ്പോഴാണ് ആട് ജീവിതം
വാങ്ങുന്നത്. ആദ്യ
ദിവസങ്ങളിലെ ജെറ്റ് ലാഗിന്റെ ദിവസങ്ങളിലൊന്നിലാണ് ആട് ജീവിതം വായിക്കുവാന്‍
തുടങ്ങിയത്. വളരെ കൗതുകത്തോടെ, ഉദ്വേഗത്തോടെ പേജുകള്‍ മറിഞ്ഞു. ഉറക്കം
മാറി നിന്ന രാത്രികളിലെപ്പോലെ വായന തീരുമ്പോള്‍, മനസിന് എന്തെന്നില്ലാത്ത
അസ്വസ്ഥത, ഭീതി, സങ്കടം.. ഇങ്ങനെയൊക്കെ ഒരാളുടെ ജീവിതത്തില്‍ നടക്കുമോ?
എന്തൊരനീതിയാണ് നജീബ് എന്ന പാവം മനുഷ്യന്‍ അനുഭവിക്കേണ്ടി വന്നത്.
ദിവസങ്ങളോളം, നജീബിന്റെ സങ്കടങ്ങള്‍ എന്റേതും കൂടിയായി. ഇത്
യഥാര്‍ത്ഥത്തില്‍ നടന്ന കഥയാണ് എന്ന് വിശ്വസിക്കുവാന്‍ മനസ് വിസമ്മിതിച്ചു.
അത്രയും ദാരുണാമായിരുന്നു നജീബെന്ന പച്ച മനുഷ്യന്റെ മെസ്രയിലെ ആട് നോട്ടം.
എന്റെ വായനാ ജീവിതത്തിലെ വളരെ വ്യത്യസ്തമായ ഒരനുഭവമായിരുന്നു ആട്
ജീവിതമെന്ന നോവല്‍.
പിന്നിട് പല സുഹൃത്തുക്കളും ആട് ജീവിതം വായിച്ചു അനുഭവങ്ങളെ പങ്കു വെച്ച്.
പലര്‍ക്കും പല രീതിയിലായിരുന്നു അത് നോവിച്ചത്. അമേരിക്കയിലുള്ള ഒരു
സുഹൃത്ത് പറഞ്ഞത്, ദിവസങ്ങളോളം അദ്ദേഹത്തെ ഉറക്കം വിട്ടകലുകയും ശരീരത്തിനു
ചൊറിച്ചിലും അസ്വാസ്ഥ്യവും അനുഭവപ്പെടുകയും ചെയ്തു എന്നാണ്. എനിക്കതില്‍
ഒട്ടും അദ്ഭുതം തോന്നിയില്ല. നോവലും അതിലെ കഥാപാത്രങ്ങളും, ആള്‍ക്കാരെ
ഹൃദയത്തിലേക്കടുപ്പിച്ച വഴികള്‍ വ്യത്യസ്തമായിരുന്നു. കഥാപാത്രങ്ങളുടെ
വേദനകള്‍ വായനക്കാരുടെയും മുറിപ്പാടുകളായും, നൊമ്പരങ്ങളായും,
അനുഭവങ്ങളായും മാറുകയായിരുന്നു.
നാട്ടില്‍ നിന്നും ആട് ജീവിതത്തിന്റെ കുറെ പതിപ്പുകള്‍ വാങ്ങിക്കൊണ്ടു വന്നു സുഹൃത്തുക്കള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും കൊടുത്തു. രണ്ടു പതിറ്റാണ്ടുകളായി ഒരു മലയാളം നോവല്‍ വായിച്ചിട്ടില്ലാതിരുന്ന പ്രിയ ഭര്‍ത്താവ് ഒറ്റയിരിപ്പില്‍ ആട് ജീവിതം വായിച്ചു തീര്‍ത്തത് ഈ നൂറ്റാണ്ടിലെ മഹാത്ഭുതങ്ങളിലൊന്നായി ഞാന്‍ കാണുന്നു. വായിക്കുക തന്നെയല്ല കൂട്ടുകാരോടൊക്കെ ബെന്യാമിനെക്കുറിച്ചും ആട് ജീവിതത്തെക്കുറിച്ചും പറയുകയും അവരെ വായിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരവധി കോപ്പികള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റലുകളിലെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം വിതരണം ചെയ്തു. ആയിടയ്‌ക്കെല്ലാം ആട് ജീവിതവും ബെന്യാമിനും ആയിരുന്നു മിക്ക സാഹിത്യ സമ്മേളനങ്ങളുടെയും ചര്‍ച്ചാവിഷയം.
അന്ന് മുതലാണ് ഈ നോവലിസ്റ്റിനെ പരിചയപ്പെടണം എന്ന ആഗ്രഹവും ഉണ്ടാവുന്നത്.
ഫേസ് ബുക്ക് ഉണ്ടായിരുന്നതിനാല്‍ അതിനു പ്രയാസം ഉണ്ടായില്ല. ഒരു ഫ്രണ്ട്
റിക്വസ്റ്റ് അയയ്ക്കുകയേ വേണ്ടിയിരുന്നുള്ളൂ. എഴുത്തുകാരനോട് നന്ദി പറഞ്ഞു
കൊണ്ടും എന്റെ തലമുറയില്‍ അദ്ദേഹത്തെ പോലെയൊരാള്‍ ഇത്ര ശക്തമായി കടന്നു
വന്നതിലുള്ള അഭിമാനം പങ്കു വെച്ച് കൊണ്ടും എഴുതിയ വരികള്‍ക്ക് വളരെ
സന്തോഷത്തോടും കൃതജ്ഞതയോടും അദ്ദേഹം മറുപടി തന്നു. അന്നദ്ദേഹം ബഹറിനിലാണ്.
അന്ന് തുടങ്ങിയ ആ സൗഹൃദം വല്ലപ്പോഴുമുള്ള ഈ മെയിലുകളിലൂടെയും ഫോണ്‍
വിളികളിലുമായി നിലനിന്നിരുന്നു.
2013ല്‍ ലാനാ സെക്രട്ടറി ഷാജന്‍ ആനിത്തോട്ടത്തിന്റെ നിര്‍ദേശ പ്രകാരം ഷിക്കാഗോയിലെ ലാന മീറ്റിങ്ങിനു വരുവാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ബെന്യാമിനെ ക്ഷണിക്കുകയും അദ്ദേഹം അതിനു വേണ്ടി ദിവസങ്ങള്‍ മാറ്റി വെയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ, പിന്നിട് പല കാരണങ്ങള്‍ കൊണ്ടും ലാന തീരുമാനങ്ങള്‍ മാറ്റുകയും സീനിയര്‍ എഴുത്തുകാരനും അന്നു കേരളസാഹിത്യ അക്കാദമിയുടെ ചെയര്‍മാനും ആയിരുന്ന ശ്രീ പെരുമ്പടവംസാറിനെ മുഖ്യാതിഥി ആയി ക്ഷണിക്കുവാന്‍ ഭാരവാഹികള്‍ തീരുമാനിക്കുകയും ചെയ്തു. ക്ഷമാപണത്തോടു കൂടി ബെന്യാമിനെ ഈ വിവരം അറിയിക്കുമ്പോള്‍ അദ്ദേഹം അത് വളരെ ലാഘവമായി എടുത്തു ഇങ്ങോട്ട് ആശ്വാസം പറഞ്ഞു. എന്തായാലും 2014 ഇല്‍ അമേരിക്കയില്‍ വരാന്‍ ഫോമ വഴി അവസരം ലഭിക്കുകയും ഫോമയുടെയും ഫൊക്കാനയുടെയും സാഹിതിയ സമ്മേളനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും അക്കൂടെ അമേരിക്കയുടെ ചില ഭാഗങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്താന്‍ അദ്ദേഹത്തിന് അവസരം ഉണ്ടാവുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയോപ്പോള്‍, ശ്രി. ബെന്യാമിനെ പരിചയപ്പെടുവാനുള്ള അവസരം ലഭിച്ചു.
ശ്രീ. ബെന്യാമിന്റെ വിനയം നിറഞ്ഞ
പെരുമാറ്റവും പുഞ്ചിരിയുടെ അകമ്പടിയോടെയുള്ള പതിഞ്ഞ സംസാരവും എളിമയും
കാണുമ്പോള്‍ നമുക്ക് സംശയം ഉണ്ടായേക്കും. സാധാരണക്കാരില്‍ സാധാരണക്കാരനായ ഈ
കുളനടക്കാരനാണോ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍
ബെന്യാമിന്‍? അതെ ബെന്യാമിന്‍ സിമ്പിളാണ്, എഴുത്ത് പവര്‍ഫുള്ളും.
അതാണദ്ദേഹത്തെ പലരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ഒരിക്കല്‍
മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയതോര്‍മിക്കുന്നു. വളരെയേറെ വര്‍ഷങ്ങള്‍
നീണ്ടു നിന്ന പരന്ന വായനയിലൂടെയാണ് താന്‍ എഴുത്തിലേക്ക് കടന്നു
വരുന്നതെന്ന്. ആ വീട്ടിലെ ധാരാളം പുസ്തക ശേഖരങ്ങളുള്ള ആ വലിയ ലൈബ്രറി
കണ്ടപ്പോള്‍ ഞാനതോര്‍ത്തു. വളരെ ചിട്ടയോടെയുള്ള ജീവിതവും ദിവസവുമുള്ള
എഴുത്ത്‌സപര്യയും ആണ് തന്നെ ഇത്രത്തോളം എത്തിച്ചതെന്നും എഴുത്തിനെ
തീര്‍ച്ചയായും ഗൗരവത്തില്‍ എടുക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
നല്ലയൊരു പ്രസംഗികനും കൂടിയായ അദ്ദേഹത്തെ ലോകമെമ്പാടുമുള്ള സാമൂഹിക
സാംസ്‌കാരിക സാഹിത്യ സംഘടനകള്‍ ക്ഷണിച്ചു കൊണ്ടേയിരിക്കുന്നു
രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്കും ഇന്ത്യ ഒട്ടാകെയും അദ്ദേഹം
യാത്രകള്‍ നടത്തുന്നു. ആട് ജീവിതത്തിന് ശേഷം മൂന്നു നോവലുകളും ഒരു യാത്ര
വിവരണവും (കറാച്ചി) അദ്ദേഹം പ്രസിദ്ധികരിച്ചു. ഒക്‌ടോബര്‍ 30, 31
നവംബര്‍ 1 തീയതികളിലായി ഡാലസില്‍ നടക്കുന്ന ലാനാ 2015 കണ്‍വന്‍ഷനില്‍
മുഖ്യാഥിതി ശ്രീ ബെന്യാമിനാണ്. ലാനയുടെ ക്ഷണം സ്വീകരിച്ചു ഭാര്യ സമേതനായി
അദ്ദേഹം അമേരിക്കയിലേക്ക് വരുമ്പോള്‍ മലയാളഭാഷയെ സ്‌നേഹിക്കുന്ന എല്ലാ
വായനക്കാരും എഴുത്തുകാരും ഡാലസില്‍ നടക്കുന്ന ലാനാ കണ്‍വന്‍ഷനില്‍
പങ്കെടുത്തു അവരെ സ്വാഗതം ചെയ്യണമെന്നും കണ്‍വന്‍ഷനെ
വിജയിപ്പിക്കണമെന്നും സ്‌നേഹപൂര്‍വം ഓര്‍മപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ
പുസ്തകങ്ങളുടെ ഒരു ചെറു ശേഖരം വില്പനക്കായി വയ്ക്കുവാനും ആഗ്രഹിക്കുന്നു.
സഹകരിക്കുമല്ലോ. ശേഷം ഡാലസില്‍.