Image

പ്രിയ കഥാകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം

Published on 05 December, 2015
പ്രിയ കഥാകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം
ആരോരും അറിയാതെ, അന്ത്യയാത്ര പറയാന്‍ അധികമാരുമെത്താതെ തെല്‍മ യാത്രയായി. പ്രിയ കഥാകാരി, ഇതല്ല നിങ്ങള്‍ അര്‍ഹിച്ചിരുന്നത്.

ദശകങ്ങളായി കഥകളും നോവലുകളും ലേഖനങ്ങളുമൊക്കെ എഴുതി മലയാളി മനസ്സില്‍- പ്രത്യേകിച്ച് പ്രവാസികളില്‍- സ്ഥാനമുറപ്പിച്ച എഴുത്തുകാരി വിടപറഞ്ഞുവെന്നറിഞ്ഞുവെങ്കിലും അതു സ്ഥിരീകരിക്കാന്‍ ദിവസങ്ങളെടുത്തു. ഹൂസ്റ്റണില്‍ നടന്ന അന്ത്യം സ്ഥിരീകരിക്കാന്‍ ഡാളസിലുള്ള പി.പി. ചെറിയാന്‍ വിളിക്കാത്ത നമ്പരില്ല.

അന്ത്യശുശ്രൂഷാ ചടങ്ങുകള്‍ നടന്ന ഇന്നലെ (ശനി) ആണ് വാര്‍ത്ത പുറത്തുവന്നത്. ഏതാനും മാസമായി അര്‍ബുദത്തിന്റെ പിടിയിലമര്‍ന്ന അവര്‍ ഒടുവില്‍ വിധിക്ക് കീഴടങ്ങുകയായിരുന്നു.

ഏതാനും മാസം മുമ്പാണ് അവരുടെ അവസാന നോവല്‍ "ഇവള്‍ വാഴ്ത്തപ്പെട്ടവള്‍' ഇ-മലയാളിയില്‍ അവസാനിച്ചത്. വര്‍ഷങ്ങളായി ഇ-മലയാളിയില്‍ എഴുതുന്നുവെങ്കിലും ഒരിക്കല്‍പോലും അവര്‍ വ്യക്തിഗത പ്രശ്‌നങ്ങള്‍ പറഞ്ഞിട്ടില്ല. രോഗാവസ്ഥയെപ്പറ്റിയോ മറ്റുപ്രശ്‌നങ്ങളോ ഒന്നും ഒരിക്കലെങ്കിലും ആ നാവില്‍ നിന്നു കേട്ടിട്ടില്ല. എപ്പോഴും പറയുന്നത് സാഹിത്യകാര്യങ്ങള്‍. എഴുതാന്‍ പോകുന്ന പുസ്തകങ്ങളെപ്പറ്റിയും അവര്‍ വാതോരാതെ സംസാരിച്ചു.

താന്‍ എഴുതുന്നതൊക്കെ ഇ-മലയാളിയില്‍ തലക്കെട്ടില്‍ തന്നെ വരണമെന്നവര്‍ക്ക് നിര്‍ബന്ധമായിരുന്നു. തലക്കെട്ടില്‍ കണ്ടില്ലെങ്കില്‍ ഫോണ്‍ വിളിക്കും. "ജോര്‍ജ് സാറേ....തെല്‍മയാണ്.' ഈ വിളി വരുമെന്നുറപ്പുള്ളതിനാല്‍ കഴിവതും തലക്കെട്ടില്‍ തന്നെ അതു നിലനിര്‍ത്താന്‍ മടികാട്ടുകയും ചെയ്തില്ല.

ഇ-മലയാളിക്ക് തരുന്ന സൃഷ്ടികള്‍ മറ്റുള്ളവര്‍ക്കുകൂടി കൊടുത്തതായി കണ്ടാല്‍ പിന്നെ തലക്കെട്ടില്‍ കൊടുക്കാതിരിക്കാനും ശ്രദ്ധിച്ചു. എക്‌സ്ക്ലൂസീവ് അല്ലെങ്കില്‍ തലക്കെട്ടില്‍ കൊടുക്കില്ല എന്നൊരു ന്യായവും പറയും. പക്ഷെ തെല്‍മയുടെ സ്‌നേഹനിര്‍ഭരമായ പരിഭവം കാണുമ്പോള്‍ നീരസം അലിഞ്ഞുപോകും. തെല്‍മ പറയുന്നതുപോലെ തന്നെ കൊടുക്കും.

2013-ല്‍ മാമിന്റെ അവാര്‍ഡ് വാങ്ങാന്‍ മേരിലാന്റിലും, 2014-ല്‍ കേരളാ സെന്റര്‍ അവാര്‍ഡ് വാങ്ങാന്‍ ന്യൂയോര്‍ക്കിലും എത്തുമെന്നവര്‍ ഉറപ്പുപറഞ്ഞതാണ്. പക്ഷെ രണ്ടിടത്തും വന്നില്ല. ശാരീരികമായ അവശതകളാകാം യാത്ര ചെയ്യുന്നതിനു തടസ്സമായത്. പക്ഷെ മധുരമുള്ള വാക്കുകളില്‍ അവര്‍ അവ മറച്ചുവച്ചു.

"വനിത'യില്‍ ഒരു നോവല്‍ തെല്‍മയുടെയല്ലാതെ മറ്റൊരു അമേരിക്കന്‍ മലയാളിയുടേയും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ആ നോവല്‍ ഇ-മലയാളിയില്‍ പുനപ്രസിദ്ധീകരിക്കാന്‍ അതിന്റെ കോപ്പി വനിതയില്‍ നിന്നു വരുത്താമെന്നവര്‍ ഉറപ്പുപറഞ്ഞതാണ്. രണ്ടു പതിറ്റാണ്ടു മുമ്പാണ് അതു വനിതയില്‍ വന്നത്.

അവസാനത്തെ നോവലിനു പല പേരുകള്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഒടുവില്‍ ഇ-മലയാളി മുന്നോട്ടുവച്ച "ഇവള്‍ വാഴ്ത്തപ്പെട്ടവള്‍' അവര്‍ സ്വീകരിക്കുകയായിരുന്നു.

ഈ നോവല്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പ്രസിദ്ധീകരണത്തില്‍ അവരെപ്പറ്റി ലേഖനം വന്നത് വലിയ അഭിമാനത്തോടെ അവര്‍ വിളിച്ചുപറഞ്ഞു. ഇ-മലയാളി എത്രയോ തവണ എഴുതി എന്ന് നീരസത്തോടെ പ്രതികരിച്ചത് അവരെ വിഷമിപ്പിച്ചുവെന്നു തോന്നി. പിന്നെ ഏതാനും ആഴ്ചത്തേയ്ക്ക് ഫോണ്‍ വിളികളും ഇമെയിലും വന്നില്ല. പിണക്കമാണോ എന്നു ചോദിച്ച ഇമെയിലുകള്‍ക്കും മറുപടിയില്ല. ഒടുവില്‍ ഫോണ്‍ ചെയ്തപ്പോഴും മറുപടിയില്ല. നാട്ടിലെങ്ങാനും പോയിരിക്കാമെന്നു കരുതി. പക്ഷെ അകാലത്തില്‍ വിടപറഞ്ഞ വാര്‍ത്തയാണ് വന്നത്.

പഠനകാലത്തുതന്നെ മലയാളത്തിലും ഇംഗ്ലീഷിലും കഥകളെഴുതി ശ്രദ്ധ നേടിയ അവര്‍ എഴുത്ത് ജീവിതവ്രതമാക്കി. എഴുത്തിലൂടെ മലയാളികളുടെ ജീവിതത്തെ സമ്പന്നമാക്കിയ പ്രിയ കഥാകാരി, കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. 

കൊല്ലം തെല്‍മയുടെ രചനകള്‍ വായിക്കുക 
------------------
സംസ്ക്കാരം  (ഡിസംബര്‍ 5) ഹൂസ്റ്റണിലെ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ (8701 Almeda Genoa Rd., Houston, TX 77075) നടന്നു. ലാസര്‍ കിഴക്കേടന്‍ ഏക മകനാണ്.
കുറച്ചു നാളുകളായി അര്‍ബ്ബുദരോഗബാധിതയായി ഹൂസ്റ്റണിലെ ബെയ്‌ടൗണ്‍ അസിസ്റ്റഡ് ലിവിംഗ് സെന്ററില്‍ ചികിത്സയിലായിരുന്ന തെല്‍മ ഡിസംബര്‍ 2 ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്.

മലയാള സാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള തെല്‍‌മ കൊല്ലം സ്വദേശിയാണ്. മേരി-ലാസര്‍ കാവോ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവളാണ്‌ തെല്‍മ. കൊല്ലം ഫാത്തിമാ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുള്ള തെല്‍‌മയുടെ ഹൃദയസ്പര്‍ശിയായ നിരവധി നോവലുകളും ചെറുകഥകളും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി കുടുംബപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന 'ചിലന്തിവല' എന്ന നോവലില്‍; വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയും ഒപ്പം ജിജ്ജാസഭരിതരാക്കുകയുംചെയ്യുന്ന, ലളിതവും ഹൃദ്യവുമായ ശൈലിയാണ്‌ തെല്‍മ സ്വീകരിച്ചിരിക്കുന്നത്‌.

ഫാത്തിമ കോളേജ് പഠനകാലത്ത് എന്‍.എന്‍. പിള്ളയുടെ 'അതിനുമപ്പുറം' എന്ന നാടകത്തിലെ അഭിനയത്തിലൂടെ തെല്‍മ ഒരു നല്ല നടിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. പഠനകാലത്തുതന്നെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തെല്‍മയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളകൗമുദിയില്‍ 'പാലമരച്ചോട്ടില്‍', 'ഇവിടെ വീണ്ടും ഒരു അഹല്യ', മലയാള നാട്ടില്‍ 'പുത്രകാമേഷ്‌ഠി', ചെന്താമരയിലെ 'ചിത്രശലഭം', കുങ്കുമത്തില്‍ 'ഒരു ഫീനിക്‌സ്‌ പക്ഷി', 'ദു:ഖമേ നിനക്കു വിട', മലയാള രാജ്യത്തില്‍ 'കണ്ണന്റെ മീര' തുടങ്ങിയവ അക്കാലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്.

തെല്‍മയുടെ കഥകളില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയും ഭാവനയും നിരീക്ഷണപാടവവും പ്രകടമായിരുന്നത്‌ അന്ന് പ്രത്യേകം ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം ആകാശവാണിയിലൂടെയും തെല്‍മ സ്വന്തം കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തെല്‍മയുടെ 'വൃദ്ധന്‍' എന്ന കഥയെക്കുറിച്ചു ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ പത്രത്തില്‍ എഴുതിയ അവലോകനക്കുറിപ്പില്‍ ഈയൊരു കൊച്ചുപെണ്‍കുട്ടിക്കു 'ഒരു വയോവൃദ്ധന്റെ മനസ്സ്‌' ഉള്‍ക്കൊണ്ടുകൊണ്ടു ഭംഗിയായി അവതരിപ്പിക്കാനായതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. കഥാകാരിയുടെ നിരീക്ഷണപാടവവും സര്‍ഗ്ഗാത്മകഭാവനയും വ്യക്തമാക്കുന്നവയായിരുന്നു അത്തരം കഥകള്‍. അഖിലകേരള ആംഗലവിദ്യാര്‍ത്ഥി സംഘടന (All Kerala English Literature Association) സംഘടിപ്പിച്ച 'ആംഗല ചെറുകഥാമത്സര'ത്തിലും തെല്‍മ സമ്മാനാര്‍ഹയായിട്ടുണ്ട്.

1984-ലാണ് തെല്‍മ അമേരിക്കയിലേക്ക് കുടിയേറിയത്. അതോടെ സാഹിത്യജീവിതം കൂടുതല്‍ വിശാലവും തീവ്രവുമായി. വനിത മാസികയിലൂടെ മലയാളികള്‍ വായിച്ചറിഞ്ഞ 'വെണ്‍മേഘങ്ങള്‍' തെല്‍മയുടെ രചനാകൗശല പക്വതയും ഭാവനാവിശാലതയും പ്രകടിപ്പിച്ചു. ഫിലാഡല്‍ഫിയായില്‍ നിന്ന് ആ കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന രജനി മാസികയില്‍ തെല്‍മയുടെ നിരവധി കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിക്കാഗോയില്‍ നിന്നുള്ള കേരളാ എക്‌പ്രസ്സിലൂടെ വെളിച്ചം കണ്ട 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന നോവല്‍ അമേരിക്കന്‍ മലയാളി മനസ്സുകള്‍ ആവോളം ആസ്വദിച്ചതാണ്‌. 1994-ല്‍ ഫൊക്കാന (Federation of Kerala Association of North America) യുടെ നോവല്‍ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയതും തെല്‍മയുടെ 'അപസ്വരങ്ങള്‍' എന്ന നോവലാണ്‌.

മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി സംഘടിപ്പിച്ച 2013-ലെ പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്മാരക അവാര്‍ഡ് തെല്‍മയുടെ 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനായിരുന്നു. തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ച് നല്ല മാര്‍ഗത്തില്‍ ജീവിക്കാന്‍ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരല്‍ ചൂണ്ടുന്നു. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം' എന്ന പ്രവണത തുടച്ചുനീക്കുക എന്നതായിരുന്നു തെല്‍മ തന്റെ നോവലില്‍ വരച്ചു കാട്ടിയത്.

പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകള്‍: 'സിനിമാ സിനിമാ', 'യാക്കോബിന്റെ കിണര്‍', 'ഒരു കന്യാസ്ത്രീയുടെ കഥ', 'മഞ്ഞില്‍ വിരിയുന്ന മഗ്നോളിയ', 'തങ്കശ്ശേരി' എന്നീ നോവലുകളുടെ പണിപ്പുരയിലായിരുന്നു തെല്‍മ.

2014 ആഗസ്റ്റ് 15ന് കോട്ടയത്തു നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തില്‍ തെല്‍മയെ ഇന്റര്‍നാഷണല്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അവസാനമായി 33 ലക്കങ്ങളായി പ്രസിദ്ധീകരിച്ച 'ഇവള്‍ വാഴ്‌ത്തപ്പെട്ടവള്‍' എന്ന നോവല്‍ പ്രവാസി മലയാളികളെ ഏറെ ആകര്‍ഷിച്ചിരുന്നു.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ സിവിക്‌ സെന്ററിന്റെ 2014 ലെ സാഹിത്യ പുരസ്‌കാരവും തെല്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു വൈരമണ്‍ 281 857 7538
പ്രിയ കഥാകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമംപ്രിയ കഥാകാരിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം
Join WhatsApp News
Karoor Soman 2015-12-06 14:06:51
We lost a good writer. My deepest Condolence to the family.
വായനക്കാരൻ 2015-12-06 18:44:43
തെല്മയുടെ മാത്രമല്ല നീന പനക്കലിന്റെ നോവലും 'വനിത' പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യത്തിനു സമർപ്പിച്ച ഒരു ജീവിതമായിരുന്നു തെല്മയുടേത്. ആദരാജ്ഞലികൾ.
Abraham Thomas 2015-12-07 09:02:15

I know her from our Kollam Fatima Mata National College days. She was in Economics and I was in  Commerce group for Pre Degree course. She was a good friend and a known writer (here in the U. S.). May her soul rest in peace.

Abraham Thomas

Raju Mylapra 2015-12-13 16:36:14
Sorry to hear the sad news.  Thelma was a simple and honest person.  Knew her thru phone conversations. Was very serious about Malayalam literary field in the U.S. My prayers.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക