എഴുതുക നീയെന്നോര്‍മ്മ
പുസ്തകത്തിലിരുവരി
ഒട്ടും വൈകാതെയിന്ന്
നമ്മുടെ കരളിലെ കനവും
മിഴിയിലെയൊരേ മോഹവും
ചെറു കിളിയുടെ കനിവുള്ള പാട്ടും
മൗനമായെന്നോട് മൂളുന്നോരീരടി
ഇരു കയ്യാലെ കനല്‍ കോരി ഭുജിച്ചും
തീമുള്ളിന്റെ മീതെയും
കൊടും കാട്ടിലും കരിമേഘത്തിന്‍ കീഴിലും
ദൂരമേറെ നടന്നു കാല്‍ കുഴഞ്ഞു
ഞാനിത്തിരി തണല്‍ തേടി
വഴിവക്കിലെ മാമരച്ചോട്ടിലിരിക്കേ
മഴ മറന്നു വെച്ച മോഹമുത്തുകള്‍
പതിയെയിലകളിളകിയെന്‍ നെറുകയില്‍ ചാര്‍ത്തും
അന്നു നിന്‍ മുഖാംബുജ സ്മിതമെന്റെ
ചിന്തയിയിലാനന്ദ ദീപം കൊളുത്തും
പാഴ്ക്കരിങ്കല്ലായി മാറാന്‍ തുടങ്ങുമെന്‍
ഹൃത്തില്‍ പിന്നെയും പൂത്തു
വിരിയുമപൂര്‍വ്വ സുന്ദരത്താരക പൂക്കള്‍
തൂ മധു കിനിഞ്ഞൂറും കളിപ്പൊയ്ക
യായ് മാറുമെന്‍ മാനസം വീണ്ടും
ഈ ലഘു ജീവിത വീഥിയെ തെളിനീര്‍
നനച്ചു കുളിര്‍പ്പിച്ചു നിത്യവും
തളിര്‍പ്പട്ടുടുപിച്ചു മോഹിനിയാക്കി
യൊരുക്കി കയ്യില്‍ മംഗള ദീപവുമേകി
യിരുളകറ്റും നിറ സൗഹൃദത്തിങ്കളേ
നാം തമ്മില്‍ പിരിയുവാനില്ല നിമിഷങ്ങളേറെ
യതാകയാല്‍ നീയോര്‍ത്തു കുറിയ്ക്കുകയിരുവരി
യെന്നോര്‍മ്മ പുസ്തകത്താളില്‍
നമ്മുടെ കരളിലെ കനവും
മിഴിയിലെ സമ മോഹവും
ചെറു കിളിയുടെ കനിവുള്ള പാട്ടും
മൗനമായെന്നോട് മൂളുന്നോരീരടി