Image

മിന്നുന്ന മോഹങ്ങള്‍' (കവിത: ബിന്ദു ടിജി)

Published on 07 March, 2016
മിന്നുന്ന മോഹങ്ങള്‍' (കവിത: ബിന്ദു ടിജി)
മഴയാണിവിടെ
മണ്ണിലും മനസ്സിലും
പകല്‍ക്കിനാവുമായ്
പൂത്തു നിന്ന മേഘം
ഇരുളില്‍ കനം വെച്ച്
പെയ്‌തൊഴിയുന്നു
വെള്ളിമിന്നല്‍ നാഗം
പോല്‍ ചുറ്റി പുളയുന്നു
പേടിച്ചരണ്ടു പാവം
ആര്‍ത്തലയ്ക്കുന്നു
ഇരുളിലേയ്‌ക്കോടിയകലുന്നു
നാകം കൈവിട്ട താരകള്‍
പോലെയീ നീര്‍മുത്തുകള്‍
നനുത്ത കാറ്റൊന്നവള്‍തന്‍
കണ്ണീരൊപ്പുവാനടുക്കവേ
മടിയില്‍ തല ചായ്ച്ചു
മിഴി പൊത്തിക്കരയുന്നു
നോവെരിയുമാ ഹൃത്തില്‍
തണുത്ത കയ്യാല്‍ ത്തെന്നല്‍
തേനമൃതു നേദിക്കവേ
പതിയെയടര്‍ന്നു വീഴുന്നുവോ
മധുരമാമൊരു സ്വരാഞ്ജലി കൂടി

മഴമണി മുത്തിനെ പോലും
ച്ചുട്ടെരിക്കുമാ മിന്നല്‍
ഒരു കുഞ്ഞു പ്രേമത്തിന്‍
മണമെന്തന്നറിയാതെ
ഒന്നു പുണരുവാനാവാതെ
കോപാര്‍ത്തനായലയുന്നു
മിന്നും വെളിച്ചമായ്
വിണ്ണിലുദിച്ച മോഹങ്ങള്‍
മണ്ണില്‍ പതിക്കുന്നു
കൊടും ഗര്‍ജ്ജനമായിത്തന്നെ

ബിന്ദു ടിജി
മിന്നുന്ന മോഹങ്ങള്‍' (കവിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക