ചരിത്രാതിത കാലംമുതല്‍ സാമൂഹിക തലങ്ങളിലും രാഷ്ട്രീയ സാംസ്‌ക്കാരിക സാമ്പത്തിക തലങ്ങളിലും ദളിതരെ തലമുറകളായി ചൂഷണം ചെയ്തുകൊണ്ടിരുന്ന ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. സമൂഹത്തില്‍ അധകൃതരായി ജീവിക്കുന്ന ദളിതര്‍ തങ്ങളുടെ മെച്ചമായ മുന്നേറ്റത്തിനായി അധികാര സവര്‍ണ്ണ മേധാവിത്വത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നാടാകെ സംഘടിപ്പിക്കാറുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടം മുതലാണ് ദളിതരുടെ പ്രതിഷേധ പ്രകടനങ്ങള്‍ കേരള ചരിത്രത്തിനു തുടക്കമിട്ടത്. ഈ കാലഘട്ടത്തില്‍ കര്‍മ്മോദ്യുക്തരും ഊര്‍ജസ്വലരും വ്യക്തിപ്രഭാവവുമുള്ള നേതാക്കന്മാര്‍ സമൂഹത്തിലെ അധകൃതരായ ദളിതരുടെ സാമൂഹിക മുന്നേറ്റത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ അവകാശങ്ങളെ ബോധാവാന്മാരാക്കുവാനും പ്രയത്‌നിച്ചിട്ടുണ്ട്. അതിന്റെ ഫലമായി പുത്തനായ സാമൂഹിക മാറ്റങ്ങള്‍ക്കായി ദളിതരും സംഘടിക്കാന്‍ തുടങ്ങി. ദളിതരുടെ അത്തരം അഭിലാഷങ്ങള്‍ എക്കാലവും ഉയര്‍ന്ന ജാതികളുടെ അധികാര വര്‍ഗങ്ങള്‍ പരാജയപ്പെടുത്തിയ ചരിത്രമാണ് ഭാരതമൊട്ടാകെയുള്ളത്. ജാതിഭ്രഷ്ടു കല്പ്പിച്ചിരുന്ന ദളിതരെ മേല്‍ജാതിക്കാര്‍ എന്നും അടിമകളെപ്പോലെയാണ് കരുതിയിരുന്നത്. അത് ഇന്നും തുടരുന്നു. എങ്കിലും കാലത്തിന്റെ ചുവരെഴുത്തുങ്കല്‍ ഇന്ന് ദളിതരുടെ ഭയം കുറഞ്ഞു വരുന്നുണ്ട്. പൊതുസ്ഥലങ്ങളും സര്‍ക്കാര്‍ ഓഫീസുകളും ശുചീകരണം ചെയ്യുന്നവരുടെ ന്യായമായ വേതനത്തിനായുള്ള അവകാശ സമരങ്ങള്‍ സാധാരണമായിരിക്കുന്നു.
ആര്യന്മാരാണ് വര്‍ണ്ണവ്യവസ്ഥകള്‍ നടപ്പാക്കിയതെന്ന് ചരിത്രം എഴുതുന്നവര്‍ അനുമാനിക്കുന്നു. ആര്യന്മാര്‍ ഇന്ത്യയില്‍ വരുന്നതിനു മുമ്പ് ചാതുര്‍വര്‍ണ്യങ്ങള്‍ ദ്രാവിഡരുടെയിടയില്‍ ഉണ്ടായിരുന്നില്ലെന്ന് ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. ആര്യന്‍ ആക്രമണവും സംസ്‌കൃത ഭാഷയുടെ ആവിര്‍ഭാവവും മനുഷ്യജാതികളെ തരം തിരിക്കുന്നതിനും മണ്ണിന്റെ മക്കളായ ആദിദ്രാവിഡരെ അടിമകളാക്കുന്നതിനും സാധിച്ചുവെന്നു ബ്രിട്ടീഷ്ചരിത്രങ്ങളില്‍ സ്ഥിതികരിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍. ശുദ്രര്‍ എന്നിങ്ങനെ ചതുര്‍വര്‍ണ്ണങ്ങള്‍ തരം തിരിച്ചിരിക്കുന്നു. ഈ നാലു വര്‍ണ്ണങ്ങളില്‍ പെടാത്തവരെ വര്‍ണ്ണങ്ങള്‍ക്കു വെളിയിലുള്ള അവര്‍ണ്ണരായും തൊട്ടുകൂടാ ജാതികളായും ഭ്രഷ്ടും കല്പ്പിച്ചിരിക്കുന്നു. ഇത്തരം വര്‍ണ്ണ വിവേചനങ്ങളാണ് എക്കാലവും ഭരിക്കുന്ന സവര്‍ണ്ണ ജാതികളെ സൃഷ്ടിച്ചത്. സവര്‍ണ്ണരായവര്‍ ശുദ്ധവും പരിശുദ്ധവും അവര്‍ണ്ണരായവര്‍ അശുദ്ധവും കളങ്കപ്പെട്ടവരും. അങ്ങനെ ശുദ്ധമാണെന്നു കരുതുന്ന ജനതയും അവര്‍ അശുദ്ധമെന്നു കരുതുന്നവരും വ്യത്യസ്ത ജനതകളായി രൂപാന്തരപ്പെട്ടു. അവര്‍ണ്ണരെ അടിമകളാക്കിക്കൊണ്ട് അധികാരവും വിഭവങ്ങളും സാമൂഹിക പദവികളും സ്ഥാനമാനങ്ങളും ഭരിക്കുന്ന സവര്‍ണ്ണ വര്‍ഗങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരുന്നു.
ഭാരതത്തില്‍ മറ്റേതു പ്രദേശങ്ങളിലും നടപ്പിലായിരുന്നപോലെ കേരളത്തിലും അത്തരം ദുരാചാരാങ്ങള്‍ അതിപുരാതന കാലം മുതലേയുണ്ടായിരുന്നു. സാമ്പ്രദായികമായ ചതുര്‍ വര്‍ണ്ണങ്ങളില്‍ കേരളത്തെ സംബന്ധിച്ച് ബ്രാഹ്മണരും ക്ഷത്രിയരും ശുദ്രരരും ഉള്‍പ്പെട്ടിരുന്നെങ്കിലും വൈശ്യരുണ്ടായിരുന്നില്ല. വൈശ്യരുടെ അഭാവത്തില്‍ അവരുടെ കര്‍മ്മാനുഷ്ഠാനങ്ങളായ കച്ചവടങ്ങളും വ്യവസായങ്ങളും മുസ്ലിമുകളും ക്രിസ്ത്യാനികളും മറ്റുള്ള ജാതികളും വഹിച്ചിരുന്നു. ജാതികളുടെ ശ്രേഷ്ടതയനുസരിച്ച് തിരുവിതാകൂര്‍ ജനതകളില്‍ ബ്രാഹ്മണരും നായന്മാരും ധനവും അധികാരവുമുള്ള വര്‍ഗങ്ങളായിരുന്നു. ഈഴവര്‍, നാടാര്‍, അടിമ ജാതികള്‍, തൊട്ടു തീണ്ടാന്‍ പാടില്ലാത്തവര്‍ എന്നിവരെ ബ്രാഹ്മണര്‍ക്കും നായന്മാര്‍ക്കും തൊട്ടു താഴെയുള്ള ജാതികളായും കണക്കാക്കിയിരുന്നു. അവര്‍ണ്ണരായ നാടാരും ഈഴവരും പറയരും പുലയരും സവര്‍ണ്ണ ഹിന്ദുക്കള്‍ക്കായി അടിമ ജോലി ചെയ്യണമായിരുന്നു. ഓരോ ജാതികള്‍ക്കും താഴെ കീഴ് ജാതികളുമുണ്ടായിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ജാതി വ്യവസ്ഥയില്‍ നമ്പൂതിരിമാരെയാണ് ബ്രാഹ്മണരെന്നു പറഞ്ഞു വന്നിരുന്നത്. മറ്റുള്ള ജാതികളെക്കാളും ഉയര്‍ന്ന സ്ഥാനമാനങ്ങളും സര്‍ക്കാര്‍ വകുപ്പ് മേധാവിത്വവും ബ്രാഹ്മണര്‍ കയ്യടക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനം കൊണ്ടും സാമ്പത്തിക മെച്ചം കൊണ്ടും അമ്പല പൂജാരികളെന്ന നിലയിലും പരിശുദ്ധിയുടെ കവചങ്ങള്‍ അണിഞ്ഞതുകൊണ്ടും സമൂഹത്തിലുള്ള സ്ഥാനമാനങ്ങള്‍ അവര്‍ക്കു മാത്രം ലഭിച്ചിരുന്നു. മതപരമായ അനുഷ്ഠാന വിധിപ്രകാരം ദൈവത്തിന്റെ അടുത്ത ആള്‍ക്കാരുമായും അവരെ കരുതിയിരുന്നു. വേദങ്ങള്‍ വായിക്കാന്‍ ബ്രാഹ്മണര്‍ക്ക് മാത്രമേ അനുവദനീയമായിരുന്നുള്ളൂ. മനുവിന്റെ നിയമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങളായും കരുതിയിരുന്നു. രാജ്യത്തുള്ള മതത്തിന്റെ നിയമമനുസരിച്ച് സര്‍ക്കാരിന്റെ ചെലവില്‍ ബ്രാഹ്മണര്‍ക്ക് ഊട്ടുപുരയില്‍ സൗജന്യമായി ഭക്ഷണം നല്കിയിരുന്നു. ബ്രാഹ്മണര്‍ക്ക് ഭക്ഷണം കൊടുക്കുകയെന്നുള്ളത് രാജാവിന്റെ പുണ്യ കര്‍മ്മങ്ങളും. ബ്രാഹ്മണര്‍ വന്‍കിട ഭൂവുടമകളും വമ്പിച്ച സ്വത്തുക്കളുടെ അധിപരുമായി മാറി. ഫ്യൂഡല്‍ പ്രഭുക്കരെന്ന നിലയില്‍ ജന്മി സമ്പ്രദായഭൂമി അടുത്തുള്ളവര്‍ക്ക് കൃഷിക്കായി പാട്ടത്തിനു നല്കിയിരുന്നു. നായന്മാര്‍ പൊതുവേ സൈനിക ജോലികള്‍ നിര്‍വഹിച്ചിരുന്നു. താണ ജാതിക്കാരായ കുടിയാന്മാര്‍ ഭൂപ്രഭുക്കളുടെ കരുണയില്‍ ജീവിച്ചിരുന്നു. രാജാവിന്റെ മേല്‍ ബ്രാഹ്മണര്‍ക്ക് സ്വാധീനമേറെയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ പതിനാറാം നൂറ്റാണ്ടു വരെ നമ്പൂതിരിമാര്‍ രാജ്യം ഭരിച്ചിരുന്നു. സാമൂഹിക ക്ഷേമങ്ങളും വിദ്യാഭ്യാസ ചുമതലകളും കലകളും സംസ്‌ക്കാരങ്ങളും ശാസ്ത്രവും വൈദ്യവും അവര്‍ നിയന്ത്രിച്ചിരുന്നു.
സാമൂഹിക വ്യവസ്ഥയില്‍ ബ്രാഹ്മണര്‍ കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാനങ്ങള്‍ അലങ്കരിച്ചിരുന്നത് നായന്മാരായിരുന്നു. യുദ്ധങ്ങള്‍ അഭ്യസിച്ചിരുന്ന സൈനിക ജോലികള്‍ നായന്മാര്‍ക്ക് നല്കിയിരുന്നു. ഈ സമൂഹത്തെ ശൂദ്രന്മാരായും മാനിക്കുന്നുണ്ട്. ബ്രാഹ്മണരും നായന്മാരുമായുള്ള സഖ്യം മൂലം നായന്മാരെ ബ്രാഹ്മണ ജന്മികളുടെ വസ്തു വകകള്‍ സൂക്ഷിക്കാനുള്ള ചുമതലകളും പണപരമായ ക്രയ വിക്രയ കാര്യങ്ങളും ചുമതലപ്പെടുത്തിയിരുന്നു. രാജ്യത്തിലെ വസ്തു വകകളുടെ സംരക്ഷകരായും നായന്മാരെ അറിയപ്പെട്ടു. ബ്രാഹ്മണര്‍ക്കാണ് വസ്തുവകകളുടെ ജന്മിത്വമെങ്കിലും നായന്മാര്‍ വസ്തുക്കളുടെ ഉടമസ്തരായിരുന്നു. യുദ്ധം വരുമ്പോള്‍ രാജാവിന് പട്ടാളത്തെ എത്തിച്ചു കൊടുത്തിരുന്നത് നായന്മാരായിരുന്നു. നായന്മാരുടെ ഇടയില്‍ നടപ്പിലായിരുന്നത് മരുമക്കത്തായവും. സ്ത്രീകള്‍ക്കായിരുന്നു സ്വത്തുക്കള്‍ക്ക് അവകാശമുണ്ടായിരുന്നത്. കൂട്ടുകുടുംബങ്ങളായി ഒരേ മേല്‍ക്കൂരയില്‍ കഴിഞ്ഞിരുന്നു. കൂട്ടു കുടുംബത്തില്‍ ഏറ്റവും മൂത്ത സഹോദരന്‍ കാരണവരായി മറ്റുള്ളവരെ നിയന്ത്രിച്ചിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ നായന്മാര്‍ക്ക് പിന്നാലെ ഈഴവരെയും നാടാന്മാരെയും താഴെക്കിടയിലുള്ളവരായി കരുതി വന്നു.
ഈഴവരെയും നാടാന്മാരെയും സമുന്നത ജാതികള്‍ പീഡിപ്പിച്ചുകൊണ്ടുമിരുന്നു. വര്‍ണ്ണ വ്യവസ്ഥയില്‍ താണ ജാതിയില്‍പ്പെട്ട അവര്‍ണ്ണരായവരില്‍ ഈഴവരാണ് ഏറ്റവും പ്രമുഖരായവര്‍. ഈഴവര്‍ മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും വ്യാപിച്ചു കിടക്കുന്നു. തെക്കേ തിരുവിതാംകൂറില്‍ അവരെ ഈഴവരെന്നു അറിയപ്പെടുമ്പോള്‍ തിരുവിതാംകൂറിന്റെ മറ്റു പ്രദേശങ്ങളിലും കൊച്ചിയിലും അവരെ ചൊവോന്മാരെന്നു പരക്കെ വിളിക്കുന്നു. മലബാറില്‍ തീയ്യന്മാരെന്ന നിലയില്‍ ഈഴവരെ അറിയപ്പെടുന്നു. തെങ്ങില്‍ നിന്നും പനകളില്‍ നിന്നും കള്ള് ചെത്തല്‍, കൃഷി, കച്ചവടം, കയര്‍ ഉത്പ്പാദിപ്പിക്കല്‍, നെയ്ത്ത് എന്നിവ അവരുടെ തൊഴിലുകളായിരുന്നു. ചിലര്‍ ആയുര്‍വേദ വൈദ്യരും, ജ്യോതിഷരുമായിരുന്നു. സംസ്‌കൃതം പഠിച്ച വിദ്വാന്മാരും ഈഴവ ജാതികളിലുണ്ടായിരുന്നു. നാടാന്മാരെപ്പോലെ ഈഴവരെയും താണ ജാതികളായി കണക്കാക്കിയിരുന്നെങ്കിലും പുലയ, പറയ, തൊട്ടുകൂടാ അധകൃത ജാതികളെക്കാളും മാന്യത കല്പ്പിച്ചിരുന്നു.
ഈഴവര്‍ക്കും ഉന്നത ജാതികളുടെ ചൂഷണവും സാമൂഹികമായ വിലക്കുകളുമുണ്ടായിരുന്നു. താണ ജാതികള്‍ക്കു മൊത്തം അശുദ്ധി കല്പ്പിച്ചിരുന്നതുകൊണ്ട് പൊതുവഴികളില്‍ക്കൂടി അവര്‍ നടക്കുന്നത് നിരോധിച്ചിരുന്നു. പൊതുസ്ഥലങ്ങളിലോ അമ്പലങ്ങളുടെയടുത്തോ ഉയര്‍ന്ന ജാതികള്‍ ഉപയോഗിക്കുന്ന കിണറുകള്‍ക്കു സമീപമോ പോകാന്‍ അവര്‍ക്ക് പാടില്ലായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. ബ്രാഹ്മണിത്വത്തിന്റെ കുലീനത കല്പ്പിച്ചിരുന്ന കുടകള്‍ ചൂടാനോ മേല്‍വസ്ത്രം ധരിക്കാനോ അവകാശങ്ങളുണ്ടായിരുന്നില്ല. തലയുടെ മുമ്പില്‍ തലമുടി കൂട്ടി കെട്ടണമായിരുന്നു. അവരുടെ സ്ത്രീകള്‍ക്ക് മാറു മറക്കാനായി മേല്‍ കച്ചകള്‍ ധരിക്കാനോ ആഭരണങ്ങളിടാനോ അനുവദിച്ചിരുന്നില്ല. അമ്പലങ്ങളില്‍ പൂജ നടത്തുവാന്‍ നിരോധിച്ചിരുന്നു. നമ്പൂതിരിമാരുടെ മുപ്പത്തിയാറടി സമീപവും നായന്മാരുടെ പന്ത്രടി സമീപവും ഈഴവര്‍ മുതല്‍ താണ ജാതികള്‍ സഞ്ചരിക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാരിനും ബ്രാഹ്മണര്‍ക്കും കൂലിയില്ലാതെ സൗജന്യമായി ജോലിയും ചെയ്യണമായിരുന്നു.
നാടാന്മാര്‍ അല്ലെങ്കില്‍ ചാന്നാന്മാര്‍ തെക്കേ തിരുവിതാകൂറിലും തമിഴ്‌നാട്ടിലും കൂടുതലായും കാണപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ പനയില്‍ കയറുക, കൃഷി, വഴി കച്ചവടങ്ങള്‍ മുതലായവകള്‍ അവരുടെ തൊഴിലുകളായിരുന്നു. നാടാന്‍മാരെയും ജാതിക്കും ചതുര്‍ വര്‍ണ്ണത്തിനും പുറത്തുള്ള തൊട്ടുകൂടാ ജാതികളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അവരുടെ സ്ത്രീകളുടെയും മാറിടങ്ങള്‍ മറയ്ക്കാന്‍ പാടില്ലായിരുന്നു. സര്‍ക്കാരും അവരോടു ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നത്. അവരുടെ കുടുംബത്തില്‍ മരിച്ചവരുടെ ബന്ധുജനങ്ങളില്‍ നിന്നും മരണ നികുതി ചുമത്തിയിരുന്നു. അമ്പലത്തിലും സര്‍ക്കാരിലും ജന്മികള്‍ക്കും വേണ്ടി ഇവര്‍ സൗജന്യമായി തൊഴിലുകളും ചെയ്യണമായിരുന്നു.
കേരളത്തെ സംബന്ധിച്ച് അടിമകളായി കണക്കാക്കിയിരുന്നത് പുലയരേയും പറയരെയും കുറവരെയുമായിരുന്നു. ഉന്നത ജാതികള്‍ മൃഗീയമായിട്ടായിരുന്നു അവരോടു പെരുമാറിയിരുന്നത്. കഠിനമായി ജോലി ചെയ്യിപ്പിച്ച ശേഷം അന്നന്നുള്ള അപ്പത്തിനു കഷ്ടി മാത്രം കൂലി നല്കിയിരുന്നു. കന്നുകാലികളെപ്പോലെ അവരെ ചന്തകളില്‍ ലേലം വിളികള്‍ നടത്തി വില്‍പ്പന വാങ്ങലുകളും നടത്തിയിരുന്നു. കുറ്റം കാണിക്കുന്ന തൊഴിലാളികളെ ഉടമസ്ഥര്‍ക്ക് ഏതു വിധത്തിലും ശിക്ഷിക്കാന്‍ സാധിക്കുമായിരുന്നു. അവരെ തൊട്ടു തീണ്ടാജാതികളായി ഐത്തവും കല്പ്പിച്ചിരുന്നു. വഴികളില്‍ സഞ്ചരിക്കുന്ന ഉന്നത ജാതികളുമായി ഒരു പ്രത്യേക ദൂര വ്യത്യാസത്തില്‍ നടക്കണമായിരുന്നു. അമ്പലങ്ങളുടെ സമീപമോ, പൊതു വഴികളില്‍ക്കൂടിയോ നടക്കാന്‍ പാടില്ലായിരുന്നു. മണ്ണും ചാണകവും കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളില്‍ പുലയരും പറയരും മറ്റു താണ ജാതികളും താമസിച്ചിരുന്നു. വിദ്യാഭ്യാസം ചെയ്യാനോ, മാന്യമായി വസ്ത്രധാരണം ചെയ്യാനോ അവര്‍ക്ക് അവകാശം ഉണ്ടായിരുന്നില്ല. ആഭരണം ധരിക്കുന്നതു പോലും കുറ്റകരമായിരുന്നു. അവര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കുപോലും അവകാശമുണ്ടായിരുന്നില്ല. പ്രായപൂര്‍ത്തിയാകും മുമ്പ് അടിമ ജോലിയ്ക്കായി തൊഴിലുടമകള്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അടര്‍ത്തിയെടുക്കുമായിരുന്നു. മനുഷ്യത്വമില്ലാത്ത അപരിഷ്‌കൃത ലോകമായിരുന്നു അന്ന് ജാതി വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നത്.
തിരുവിതാം കൂറിലും മലബാറിലും കേരളമാകെയും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും മാറു മറയ്ക്കാനുള്ള ഈഴവനാടാര്‍ സമരം സ്ത്രീസമത്വത്തിനു വേണ്ടിയുള്ള ഒരു മുറവിളിയായിരുന്നു. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ഇതൊരു പരിഹാസം നിറഞ്ഞ കഥയായി തോന്നിയേക്കാം. പരസ്യമായി പൊതു നിരത്തുകളില്‍ക്കൂടി ഈഴവസ്ത്രീകള്‍ മുലക്കച്ചകള്‍ ധരിക്കാന്‍ പാടില്ലായെന്ന നിയമം ബ്രാഹ്മണരുടെ നിയമ പുസ്തകങ്ങളിലുണ്ടായിരുന്നു. അടിമവേല അവസാനിപ്പിക്കുന്നതിനും ആരാധന സ്വാതന്ത്ര്യം അനുവദിക്കുന്നതിനും പൊതുനിരത്തില്‍ക്കൂടി സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും ഈഴവര്‍ സമരങ്ങളും നടത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ ഏതു ജാതിയെന്ന് അറിയുവാനായിരുന്നു ഉയര്‍ന്ന ജാതികള്‍ വസ്ത്ര കോഡുകള്‍ താണ ജാതികളെ അടിച്ചേല്‍പ്പിച്ചിരുന്നത്. സ്ത്രീകളടക്കം നായന്മാര്‍ക്കും നമ്പൂതിരിയുടെ മുമ്പില്‍ ചെല്ലുമ്പോള്‍ മാറു മറയ്ക്കാന്‍ പാടില്ലായെന്ന നിയമം ഉണ്ടായിരുന്നു. ഈഴവര്‍, നാടാര്‍ മുതല്‍ താഴോട്ടുള്ള അവര്‍ണ്ണരായവര്‍ കണങ്കാല്‍വരെ, മുട്ടിനു താഴെ, മുട്ടുവരെ എന്നുള്ള വസ്ത്ര ധാരണ രീതികളിലെ മാമൂലുകള്‍ അവരവരുടെ ജാതികളുടെ മാനദണ്ഡമനുസരിച്ച് മാനിച്ചിരുന്നു.
1960കളില്‍ വടക്കേ മലബാറില്‍ നഗ്‌നമാറുകളുമായി സ്ത്രീകള്‍ പാടങ്ങളില്‍ പണിയെടുക്കുന്നത് തീവണ്ടികളില്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന കാഴ്ചകളായിരുന്നു. മാറു മറയ്ക്കല്‍ നിയമങ്ങള്‍ ലംഘിച്ച സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച കഥകളും കേരള ചരിത്രത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഒരു ഈഴവ സ്ത്രീ വിദേശത്തു പോയിട്ടു മടങ്ങി വന്നത് നല്ല വിധം ഡ്രസ്സുകള്‍ ധരിച്ചു കൊണ്ടായിരുന്നു. അവരെ അന്ന് ഭരിച്ചിരുന്ന ആറ്റിങ്ങല്‍ മഹാറാണി കൊട്ടാരത്തില്‍ വിളിപ്പിക്കുകയും മാറിടം മറച്ചു വെച്ചതിനു ആ സ്ത്രീയുടെ സ്തനങ്ങള്‍ മുറിച്ചു കളയുകയും ചെയ്തു. മുട്ടിനു താഴെ ഒരു ഈഴവ സ്ത്രീ മുണ്ട് ധരിച്ചതിന് ഒരു കൂട്ടം ഉന്നത ജാതികളില്‍പ്പെട്ടവര്‍ അവരെ പീഡിപ്പിച്ച കഥയും പഴങ്കാല ചരിത്രത്തില്‍ കുറിച്ചു വെച്ചിട്ടുണ്ട്. 1859ല്‍ തിരുവിതാകൂറില്‍ ചാന്നാര്‍ സ്ത്രീകള്‍ മാറു മറയ്ക്കാന്‍ വേണ്ടി സമരം ചെയ്തു. അതിനെ ചേല കലാപമെന്നു വിളിക്കുന്നു. ഹൈന്ദവ ജനതയുടെ കീഴ് ജാതിക്കാരില്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഇത്തരം അനാചാരങ്ങളില്‍ ടിപ്പു സുല്‍ത്താന്‍ കുപിതനായിരുന്നു. ഹൈന്ദവ ജനത പരിശുദ്ധമായി ആചരിച്ചിരുന്ന ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥിതി ടിപ്പു സുല്‍ത്താന്‍ നിന്ദ്യവും നിര്‍ദ്ദയവും മനുഷ്യത്വമില്ലാത്തതെന്നും കരുതിയിരുന്നു. ഹൈന്ദവ സ്ത്രീകളുടെ അര്‍ദ്ധ നഗ്‌നതയ്‌ക്കെതിരെയും ഒരേ സമയം ഒന്നിലധികം ഭര്‍ത്താക്കന്‍മാരെ വരിക്കുന്ന സമ്പ്രദായത്തെ എതിര്‍ത്തും രാജവിളമ്പരം പ്രഖ്യാപിച്ചപ്പോള്‍ ടിപ്പു ഹൈന്ദവരെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന പരാതികള്‍ ഹൈന്ദവ ജനതയില്‍ നിന്നും വന്നിരുന്നു. മുസ്ലിമുകളെപ്പോലെ ഹൈന്ദവരും മാറു മറയ്ക്കണമെന്ന് ടിപ്പു ആവശ്യപ്പെട്ടപ്പോള്‍ ഹൈന്ദവര്‍ അത്തരം പരിഷ്‌ക്കാരങ്ങള്‍ക്ക് തയ്യാറല്ലായിരുന്നു. ക്രിസ്ത്യാനികളാകുന്ന താണ ജാതിക്കാരെ മാറു മറയ്ക്കാന്‍ ബ്രിട്ടീഷ് മിഷ്യണറിമാര്‍ സഹായിച്ചിരുന്നു. 1859ല്‍ ക്രിസ്ത്യാനികളായി മതം മാറുന്നവരൊഴികെ താണ ജാതികള്‍ അരയ്ക്കു മേലെ നഗ്‌നരായിരിക്കണമെന്ന് ഒരു രാജ വിളമ്പരവും ഉണ്ടായി. അവസാനം തിരുവിതാംകൂറില്‍ ബ്രിട്ടീഷുകാരുടെ സ്വാധീനത്തില്‍ ജാതിമത ഭേദമേന്യേ എല്ലാ വിഭാഗങ്ങള്‍ക്കും മാറു മറയ്ക്കാമെന്നുള്ള രാജാവകാശവും ലഭിച്ചു.
ഇരുപതാം നൂറ്റാണ്ടിലെ ഈഴവസമുദായ പരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനും 1930ലെ വൈക്കം സത്യാഗ്രഹത്തിന്റെ മുഖ്യ സംഘാടകനുമായിരുന്ന ടി.കെ. മാധവന്റെ ജീവചരിത്രത്തില്‍ ഒരു അനുഭവകഥ വിവരിച്ചിട്ടുണ്ട്. ഈഴവ സ്ത്രീകള്‍ അന്ന് ബ്ലൌസ് ധരിക്കുന്ന കാലമല്ലായിരുന്നു. മാധവന്റെ ഭാര്യക്ക് ബ്ലൌസിടണമെന്ന ആഗ്രഹമുണ്ടായി. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കുകയും ചെയ്തു. പുരോഗമന ചിന്താഗതിക്കാരനായ ഭര്‍ത്താവ് ഭാര്യയുടെ ഇഷ്ടമനുസരിച്ച് ബ്ലൌസ് വാങ്ങി കൊടുക്കുകയും ചെയ്തു. അമിതമായ സന്തോഷത്തോടെ ബ്ലൌസിട്ടുകൊണ്ട് ഭാര്യ മുറ്റത്തു നില്ക്കുകയായിരുന്നു. വിസ്മയഭരിതയായി അവര്‍ സ്വന്തം ശരീരത്തെ നോക്കി ആകമാനം വീക്ഷിച്ചുകൊണ്ടിരുന്നു. അന്നു ബ്ലൌസ് ധരിച്ചതും നൂറ്റാണ്ടുകളിലൂടെ അര്‍ദ്ധനഗ്‌നതയില്‍ നിന്നും ഒരു സ്ത്രീയുടെ വൈകാരിതയില്‍ വന്ന മാറ്റത്തിന്റെ തുടക്കമായിരുന്നു. തിരിഞ്ഞും മറിഞ്ഞും ബ്ലൌസിട്ടുകൊണ്ട് അവര്‍ സ്വന്തം ശരീരത്തെ നോക്കി നില്‍ക്കേ, ടി. കെ. മാധവന്റെ അമ്മ ഓലമടലും വലിച്ചുകൊണ്ട് വരുകയായിരുന്നു. അവര്‍ ഒരു മടലെടുത്ത് മരുമകളെ 'ആട്ടക്കാരി'യെന്നു വിളിച്ചു കൊണ്ട് ഭീകരമായി മര്‍ദ്ദിച്ചു. യാഥാസ്ഥിതികയായ മാധവന്റെ അമ്മയ്ക്ക് അന്ന് മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ലായിരുന്നു. ഇന്നാണെങ്കില്‍ പെണ്‍പിള്ളേര്‍ ബ്ലൌസില്ലാതെ നടന്നിരുന്നെങ്കില്‍ കഥ വേറെയാകുമായിരുന്നു. പിന്നീട് മാധവന്റെ ഭാര്യയ്ക്ക് രാത്രിയില്‍ ബ്ലൌസിടാനും പകല്‍ ബ്ലൌസില്ലാതെ നടക്കാനും അനുവാദം കൊടുത്തു. ഇന്നത്തേതില്‍നിന്നും വ്യത്യസ്തമായി അന്ന് നിലവിലുണ്ടായിരുന്ന കാലത്തിന്റെ ഒരു വൈകൃതമെന്നു മാത്രം ചിന്തിച്ചാല്‍ മതി.
ഭാരതത്തിലെ രാജ്യങ്ങളില്‍ കൊളോണിയല്‍ കാലത്ത് അങ്ങേയറ്റം ബാര്‍ബേറിയന്‍ ചിന്താഗതികളുള്ള രാജാക്കന്മാര്‍ ഭരിച്ചിരുന്ന നാട് കേരളം മാത്രമായിരുന്നു. തിരുവിതാംകൂറിന്റെ ജനസംഖ്യയില്‍ എഴുപതു ശതമാനത്തോളം അവര്‍ണ്ണരായിരുന്നെങ്കിലും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ താണ ജാതിക്കാരെ അടിമകളായി കണ്ടിരുന്നു. രാജ്യത്തിലെ കിരാത നിയമവും വികൃതമായ നികുതി പിരിവുകളും അവര്‍ണ്ണരായവരെ കടക്കാരാക്കിയിരുന്നു. പുലയ ജാതി മുതല്‍ സ്ത്രീ പുരുഷന്മാര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിലും പുരുഷന്മാര്‍ മീശ വളര്‍ത്തുന്നതിനും നികുതി കൊടുക്കണമായിരുന്നു.
തിരുവിതാംകൂറിലെ അവര്‍ണ്ണര്‍ക്ക് സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പമനുസരിച്ചു 'മുലക്കരം' നല്കണമായിരുന്നു. തികച്ചും ജുഗുപ്‌സാവഹമായ മാറിട നികുതി അവര്‍ണ്ണ ജാതി സ്ത്രീകളുടെ സ്ത്രീത്വത്തോടുള്ള ഒരു വെല്ലുവിളിയുമായിരുന്നു. അവര്‍ണ്ണ ജാതികളെ സവര്‍ണ്ണ ജാതികളില്‍ നിന്നും വേറിട്ടു തിരിച്ചറിയാന്‍ അവര്‍ണ്ണ സ്ത്രീകളുടെ മാറിടം മറയ്ക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. മനുഷ്യത്വത്തെ നിന്ദിക്കുന്ന ഈ കിരാത നിയമത്തില്‍ താണ ജാതികളിലുള്ള സ്ത്രീകള്‍ അടിമപ്പെട്ടിരുന്നു. 1803ലുണ്ടായിരുന്ന ചരിത്രത്തിന്റെ ഈ ഇരുണ്ട നാളുകളില്‍ 'നങ്ങേലി'യെന്ന ഒരു യുവതിയായ സ്ത്രീ നികുതിയ്ക്കു പകരം തന്റെ സ്വന്തം മാറിടം മുറിച്ചു കൊടുത്ത വെല്ലുവിളിയോടെ രാജാവിന്റെ മുലക്കര നികുതി അസാധുവാക്കി.
നങ്ങേലി ചേര്‍ത്തലയിലുള്ള ദരിദ്രകുടുംബത്തില്‍പ്പെട്ട ഒരു സാധു ഈഴവ സ്ത്രീയായിരുന്നു. അവരുടെ കുടുംബത്തിനു നികുതി കൊടുക്കാന്‍ കഴിവില്ലാത്ത കാരണം രാജാവിനു കടക്കാരായിരുന്നു. നികുതി പിരിക്കുന്ന ഉദ്യോഗസ്ഥനായ പാര്‍വത്യാരും കൂട്ടാളികളും വീട്ടില്‍ വന്ന് അവരോടു രാജാവിന്റെ കരം കൊടുക്കാന്‍ ആവശ്യപ്പെട്ടു. നങ്ങേലി തന്റെ ശരീരത്തില്‍ നിന്നും മുലകള്‍ മുറിച്ച് ഒരു വാഴയിലയില്‍ പാര്‍വത്യാരുടെ മുമ്പില്‍ സമര്‍പ്പിച്ചു. രക്തം കുളിച്ചു വാതിക്കല്‍ മരിച്ചു വീഴുന്ന നങ്ങേലിയെ കണ്ട് ഭയം കൊണ്ട് പാര്‍വത്യാരും സംഘവും അവിടെനിന്നും സ്ഥലം വിട്ടു. അവരുടെ ഭര്‍ത്താവ് 'ചിറു കണ്ടന്‍' വന്നപ്പോള്‍ മാറിലെ അവയങ്ങള്‍ മുറിഞ്ഞ നിലയില്‍ ഭാര്യ മരിച്ചു കിടക്കുന്നതു കണ്ടു. ദുഖിതനായ അയാള്‍ ഭാര്യയുടെ ചിതയില്‍ ചാടി മരിച്ചു. സതിയെന്ന ദുരാചാരത്തില്‍ ഒരു സ്ത്രീയ്ക്ക് പകരം പുരുഷന്‍ ചിതയില്‍ ചാടി ആത്മഹത്യ ചെയ്യുന്നതും അത് ആദ്യത്തെ സംഭവമായിരുന്നു. ഈ ദയനീയമായ മരണം നാടു മുഴുവന്‍ പരക്കുകയും മുലക്കരമെന്ന നികുതിയെപ്പറ്റി ബ്രിട്ടീഷ് ഭരണാധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയും 1912ലെ രാജശാസനത്തില്‍ ക്കൂടി നികുതിയില്ലാതാക്കുകയും ചെയ്തു. ഇന്ന് നങ്ങേലി താമസിച്ചിരുന്ന സ്ഥലത്തെ മുലച്ചി പറമ്പെന്നു അറിയപ്പെടുന്നു. മുലക്കരം സംഭവം തിരുവിതാംകൂര്‍ രാജാവിനെതിരായ ആദ്യത്തെ കാര്‍ഷിക സമരമായിരുന്നു. അതിനുശേഷവും രാജാവിനെതിരായി തിരുവിതാംകൂറില്‍ കാര്‍ഷിക വിപ്ലവങ്ങളുണ്ടായിട്ടുണ്ട്.
വിദ്യാഭ്യാസം കൈവരിക്കുന്നതോടെ അയിത്തം മാറുമെന്ന വിശ്വാസക്കാരനായിരുന്നു വിവേകാനന്ദന്‍. എന്നാല്‍ ഈഴവ സമുദായത്തില്‍ ജനിച്ചതുകൊണ്ട് ഡോക്ടര്‍ പരീക്ഷ പാസായ തനിക്കും ബി.എ.പാസായ തന്റെ ജേഷ്ഠനും തിരുവിതാംകൂറില്‍ ജോലി ലഭിച്ചില്ലെന്ന് ഡോക്ടര്‍ പല്പു പറഞ്ഞപ്പോള്‍ വിവേകാനന്ദന്റെ വിശ്വാസം തെറ്റി. അമ്പലത്തിലല്ല അമ്പലവഴികളില്‍കൂടി അയിത്ത ജാതിക്കാര്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം ഇല്ലെന്ന് ഡോ. പല്പു വിവേകാനന്ദനെ അറിയിച്ചു. ശ്രീ മൂലം രാജാവായിരുന്നു അന്ന് രാജ്യം ഭരിച്ചിരുന്നത്. ഐത്യ ജാതിയില്‍പ്പെട്ടവര്‍ക്ക് ഉദ്യോഗത്തിന് വിലക്കുണ്ടായിരുന്ന കാര്യവും വിവേകാനന്ദന്‍ മനസിലാക്കി. ശ്രീ പത്‌നാഭ ക്ഷേത്രത്തിലെ കോട്ടയ്ക്കുള്ളില്‍പ്പോലും അവര്‍ണ്ണരായവര്‍ക്ക് പ്രവേശനമില്ലായിരുന്നു. കൗമാര പ്രായത്തില്‍ നില്ക്കുന്ന പെണ്‍ക്കുട്ടികളെ പടുവൃദ്ധന്മാര്‍ക്കു കൊടുക്കുന്ന ആചാരവും വിവേകാനന്ദന്റെ ശ്രദ്ധയില്‍പ്പെട്ടു. കേരളത്തെ ഭ്രാന്താലയമെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു.
മഹാകവി വള്ളത്തോള്‍ പണ്ടു പാടി,'ഭാരതമെന്നു കേട്ടാല്‍ അഭിമാന
പൂരിതമാകണം അന്തരംഗം. കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമുക്ക് ഞെരമ്പുകളില്‍.'വാസ്തവത്തില്‍ നാം സ്വാതന്ത്ര്യം നേടിയിരുന്നോ? കവിയുടെ ഈ മഹാ ഈരടികള്‍ തെറ്റുപറ്റിയതെന്നും തോന്നിപ്പോവുന്നു. (തുടരും)