Image

ദേവാമൃതം' (ക­വിത: ബിന്ദു ടിജി)

Published on 24 March, 2016
ദേവാമൃതം' (ക­വിത: ബിന്ദു ടിജി)
മൃത്യുവെ പുല്‍കിയ
ദേവന്‍റെ മാറില്‍ നിന്നെങ്ങനെ
ചിതറിത്തെറിക്കുന്നു
ശുദ്ധ നീര്‍ച്ചാലുകള്‍
ചലനമറ്റ മാറില്‍ നിന്നെങ്ങനെ
ജീവനേകുമരുവിയൊഴുകുന്നു
നിത്യമത്ഭുതമായി നില്‍ക്കുന്നു
അനന്ത കാരുണ്യമാകുമീ നീര്‍ധാര!

ഒരു കരളുരുകിയൊഴുക്കുന്നു
മര്‍ത്ത്യനോവു വിടര്‍ത്തിയ
രക്ത പുഷ്പങ്ങള്‍
ഒരു കരള്‍ പിളര്‍ന്നു
പാല്‍പ്പുഴപോലൊഴുക്കുന്നു
പാഴിരുളും വെളുപ്പിക്കും
തിങ്കള്‍ക്കിനാവുകള്‍

സങ്കടക്കടലുള്ളിലൊതുക്കി
നിത്യമശാന്തിതന്‍ തീരത്തലയുന്നു
തീരെ വ്യക്തമല്ലാത്ത മുഖമേന്തി മാനവര്‍
പൊട്ടക്കിണറുകളഞ്ചും കോരി മടുത്തവര്‍
ചുട്ടു പൊള്ളുന്നോരുച്ച നേരത്ത്
ചുറ്റും വരച്ചിട്ട കളങ്ങളും ഭേദിച്ച്
വീണ്ടുമെത്തുന്നു...ഇത്തിരിയിടം തേടി
ദാഹമാറ്റുമാ നീര്‍കുംഭവും തേടി
ദേവാ ... ഉറവ് നീ തന്നെയെന്ന
നേരിന്‍ വെളിച്ചമുള്ളില്‍
തുളുമ്പിത്തെളിയവേ
കുടമെറിയുന്നു
നടന്നകലുന്നു ... ധീരരായ് ത്തന്നെ

മൃതി കടഞ്ഞു നീയേകും ദയാമൃതം
ആശയറ്റ മാനസത്തിലേയ്ക്കിറ്റു
വീഴുന്നോരലിവിന്‍റെ നീര്‍ക്കണം !
ചലനമറ്റ മാറില്‍ നിന്നെങ്ങനെ
നിത്യജീവനേകുമരുവിയൊഴുകുന്നു
എന്നുമത്ഭുതമായി നില്‍ക്കുന്നു
അനന്ത കാരുണ്യമാകുമീ നീര്‍ധാര!

ബിന്ദു ടിജി
ദേവാമൃതം' (ക­വിത: ബിന്ദു ടിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക