Image

അമേരിക്ക(നോവല്‍-6) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 11 April, 2016
അമേരിക്ക(നോവല്‍-6) മണ്ണിക്കരോട്ട്
അമേരിക്കയില്‍ പ്രഭാതം പൊട്ടിവിടര്‍ന്നു.

പട്ടണത്തിലെ വൈദ്യുതിവിളക്കുകള്‍ അണഞ്ഞു. പ്രഭാത സൂര്യന്റെ കിരണങ്ങള്‍ കെട്ടിടങ്ങളുടെ ചില്ലകളില്‍ തട്ടി വെട്ടിത്തിളങ്ങി. റോഡുകളില്‍ കാറുകള്‍ നിറഞ്ഞൊഴുകി. വാഹനങ്ങളുടെ ചീറ്റലും മൂളലും ഇരമ്പലും എങ്ങും കേള്‍ക്കാം. പട്ടണം ഉണര്‍ന്നു കഴിഞ്ഞു. 

ബ്രോണ്‍സ്‌വ്യൂ അപ്പാര്‍ട്ടുമെന്റില്‍ അമ്മിണിയും മറ്റാരും ഇനിയും ഉണര്‍ന്നിട്ടില്ല. ബ്ലൂഹെവന്‍ അപ്പാര്‍ട്ടുമെന്റില്‍ പോളും മോനിയും ഉറങ്ങാന്‍ തുടങ്ങിയതേയുള്ളൂ. 

പോള്‍ അന്ന് ഓഫീസില്‍ പോയില്ല. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് ഓഫീസില്‍. അമേരിക്കയിലെങ്ങും പ്രസിദ്ധമായ ഒരു ഇന്‍ഷ്വറന്‍സ് കമ്പനി. 

അപ്പോള്‍ നാട്ടില്‍ അവളെ മാത്രം സ്വപ്നം കണ്ടു കഴിയുന്ന തങ്കച്ചനെ അവള്‍ ഓര്‍ത്തില്ല. അവളുടെ പ്രിയപ്പെട്ടവനായിരുന്ന തങ്കച്ചന്‍. അയാള്‍ അവളെ മാത്രം ധ്യാനിച്ചു കഴിയുന്നു. ചെറുപ്പത്തില്‍ അവര്‍ രണ്ടും ഒരുമിച്ചു സ്‌കൂളില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു. രണ്ടു പേരുടെയും വീടുകള്‍ തമ്മില്‍ വലിയ അകലമില്ല. തിരുവല്ലായിലെ സ്വാമി പാലത്തിന് കിഴക്കും പടിഞ്ഞാറും ഒരുമിച്ച് പഠിച്ചും കളിച്ചും അവര്‍ വളര്‍ന്നു.

ചെറുപ്പത്തിലെ അവരുടെ അടുപ്പം പ്രായമായതോടെ പ്രേമത്തിലേയ്ക്കു കടന്നു.
പത്താം ക്ലാസ് കഴിഞ്ഞ് തങ്കച്ചന്‍ കോളേജില്‍ പോയി. രണ്ടു വര്‍ഷം കഴിഞ്ഞ് ടീച്ചേഴ്‌സ് ട്രെയിനിംഗിനും.

പത്താം ക്ലാസ് കഴിഞ്ഞ് മോനിക്ക് തുടര്‍ന്ന് പഠിക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ക്ക് നിവൃത്തിയില്ലായിരുന്നു. അടുത്ത വര്‍ഷം അവള്‍ നേഴ്‌സിംഗിനു പോയി - ബോംബെയില്‍.

അവള്‍ പോകുന്നതിന്റെ തലേരാത്രിയില്‍ അവര്‍ തമ്മില്‍ കണ്ടു. അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ക്ക് തങ്കച്ചനെ വിട്ടുപോകാന്‍ കഴിയുന്നില്ല. അവര്‍ വളരെ നേരം സംസാരിച്ചു.

'നിന്റെ ട്രെയിനിംഗ് കഴിഞ്ഞിട്ടു വേണം നമ്മുടെ വിവാഹം നടത്താന്‍. ഞാന്‍ കാത്തിരിക്കും മോനി.'
അത് പറയുമ്പോള്‍ തങ്കച്ചന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

'ലോകത്തിലെ ഒരു ശക്തിയും നമ്മളെ വേര്‍പിരിക്കാന്‍ കഴിയുകയില്ല തങ്കച്ചാ. ഞാന്‍ തങ്കച്ചനു വേണ്ടി മാത്രം ജീവിക്കും. തങ്കച്ചന്‍ മാത്രമേ എന്റെ കഴുത്തില്‍ താലികെട്ടു.'

അവള്‍ വാക്കുകൊടുത്തു. അവര്‍ കെട്ടിപ്പുണര്‍ന്നു. 

മോനി ബോംബെ ജെ.ജെ.ഹോസ്പിറ്റലില്‍ നേഴ്‌സിംഗ് പഠിച്ചു. വര്‍ഷം കഴിയുംതോറും അവളില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു. ഭാവത്തിലും രൂപത്തിലും.

സ്റ്റാഫായി കഴിഞ്ഞപ്പോള്‍ ആള്‍ ആകപ്പാടെ മാറി. ഇന്നലെ കണ്ട പെണ്ണല്ല ഇന്നവള്‍. ശാരീരികമായും മാനസികമായും വളര്‍ന്നു. ആരെയും ആകര്‍ഷിക്കത്തക്ക ആകാരഭംഗി. എന്തും ചെയ്യാനുള്ള ധൈര്യം, ആരേയും വശീകരിക്കാനുള്ള കഴിവ്.

മോനിക്ക് ബോംബെയില്‍ ധാരാളം ആരാധകരുണ്ടായി. ആശുപത്രിയ്ക്കത്തും പുറത്തും. വലിയ പണക്കാരുമായിട്ടും അവള്‍ക്ക് ഇടപാടുണ്ടായിരുന്നെന്ന് പറയുന്നു. പലപ്പോഴും വളരെ താമസിച്ചാണ് ഹോസ്റ്റലില്‍ എത്തിയിരുന്നതത്രെ.

ട്രെയിനിംഗ് കഴിഞ്ഞുള്ള ആദ്യത്തെ അവധിയില്‍ തന്നെ തങ്കച്ചന്‍ വിവാഹക്കാര്യം പറഞ്ഞു. അമേരിക്കയില്‍ പോകാന്‍ ശ്രമിക്കുന്നുണ്ട്. അക്കാര്യം ഒന്ന് ശരിയായിട്ടാകട്ടെ എന്നായി മോനി.
രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അതു ശരിയായി. പോകുന്നതിനു മുന്‍പെ വിവാഹം നടത്താന്‍ തങ്കച്ചന്‍ നിര്‍ബന്ധിച്ചു. ആദ്യത്തെ അവധിക്കാകട്ടെ എന്നായി മോനി.

എന്നിട്ടും തങ്കച്ചന് അവളോടുള്ള സ്‌നേഹത്തിന് മാറ്റമുണ്ടായില്ല. അവള്‍ക്ക് അമേരിക്കയ്ക്കയ്ക്കുള്ള ടിക്കറ്റെടുത്തു കൊടുത്തു. മറ്റെല്ലാ ചിലവുകളും അയാള്‍ വഹിച്ചു. പാവം. കടത്തിലായി.

മോനി കൊച്ചിയില്‍ നിന്ന് വിമാനം കയറുമ്പോള്‍ തങ്കച്ചന്റെ ഹൃദയം പൊട്ടിത്തകരുന്നുണ്ടായിരുന്നു. തന്റെ മനസ്സും ഹൃദയവും അവളോടൊത്തു പറന്നുപോകുന്നതായി തോന്നിയിരുന്നു.

മോനിക്ക് ബോംബെയില്‍ നിന്നുതന്നെ വിസാ കിട്ടി. ബോംബെയിലെ ഏജന്റ് ഡല്‍ഹിയിലെ പീറ്ററുമായി ഇടപെട്ടു. അങ്ങനെ പോള്‍വഴി അമേരിക്കയില്‍ താമസവും ശരിയായി.

ന്യൂയോര്‍ക്കല്‍ വെച്ച് തിരിച്ചറിയാന്‍ പോളിന്റെ ഫോട്ടോ പീറ്റര്‍ അയച്ചുകൊടുത്തു. പടം കണ്ടപ്പോഴെ പെണ്ണിനു ഭ്രമമായി. സുന്ദരന്‍. അതും അമേരിക്കയില്‍ സ്വാധീനമുള്ള ചെറുപ്പക്കാരന്‍.

ന്യൂയോര്‍ക്ക് കെന്നഡി എയര്‍പോര്‍ട്ടില്‍ പോള്‍ ഉണ്ട്. പതിവുപോലെ തനിയെ. അവളെ കണ്ടപ്പോള്‍ അയാള്‍ക്കും ഭ്രമമായി. ചെറുപ്രായം. കണ്ടാല്‍ കൊള്ളാം. ചുറുചുറുക്കുള്ള പെണ്ണ്.

പോളിനെ തനിയെ കണ്ടപ്പോള്‍ അമ്മിണിയെപ്പോലെ മോനി പതറിയില്ല. പരിഭ്രമിച്ചില്ല. അവള്‍ അയാളെ അപ്പാടെ സൂക്ഷിച്ചുനോക്കി. പടത്തില്‍ കണ്ടതിലും സുന്ദരന്‍.

രണ്ടുപേരും എത്ര പെട്ടെന്നാണ് ലോഹ്യത്തിലായത്. പണ്ടേ പരിചയമുള്ളവരെപ്പോലെ മിണ്ടാന്‍ തുടങ്ങി.

അവള്‍ അയാളോടൊപ്പം കാറിന്റെ മുന്‍സീറ്റില്‍ തന്നെയിരുന്നു. കാര്‍ ഓടിക്കൊണ്ടിരുന്നപ്പോള്‍ അയാള്‍ പട്ടണത്തിന്റെ കാഴ്ചകള്‍ വിവരിച്ചുകൊണ്ടിരുന്നു. അയാളില്‍ നിന്ന് കേള്‍ക്കാന്‍ അവള്‍ക്ക് കൗതുകമായിരുന്നു. അവളോട് പറയാന്‍ അയാള്‍ക്കും.

തെക്കന്‍ ബ്രോണ്‍സിന്റെ തെരുവുകളില്‍ കടന്നപ്പോള്‍ അവിടുത്തെ പതിവു പരിപാടികള്‍ അപ്പോഴും കാണാമായിരുന്നു. പോള്‍ പതുക്കെ കാറോടിച്ച് അതൊക്കെ കാണിച്ചു കൊടുത്തു. അപ്പോഴെല്ലാം അയാളുടെ വലതുകരം അവളുടെ ശരീരത്തിലെങ്ങും വിഹരിച്ചുകൊണ്ടിരുന്നു. അവളില്‍ പ്രത്യേകിച്ച് യാതൊരു മാറ്റവും കണ്ടില്ല.

'അയ്യെ, അവിടെ നിന്നുകൊണ്ട് അവര് എന്തൊക്കെയാ ഈ കാണിക്കുന്നത്. അതും തെരുവിന്റെ നടുവില്‍. എല്ലാവരുടെയും മുന്‍പില്‍. ഇവിടെ അതിനൊന്നും ഇല്ലിയൊ.'

മോനിക്കു ഉത്ക്കണ്ഠയായി.

'ഇതൊക്കെ എന്തിരിക്കുന്നു മോനി. ഇത് അമേരിക്കയാ. പുറത്തുവെച്ച് ഇങ്ങനെയൊക്കെ എങ്കില്‍ 
അകത്തായാലുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്ക്....'

പറഞ്ഞുകൊണ്ട് പോള്‍ അവളെ തന്നോട് ചേര്‍ത്തു പിടിച്ചു.

'എന്നാലും ഇതൊക്കെ പുറത്തുവെച്ച്, എനിക്കു നാണം വരുന്നു.'അവള്‍ കൊഞ്ചിക്കുഴഞ്ഞ് അയാളോട് ചേര്‍ന്നിരുന്നു.

പിന്നീട് കാര്‍ പതുക്കെ ഓടിയില്ല. തെരുവിലെ സ്പീഡ് ലിമിറ്റുകളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടു പറന്നു. നിമിഷങ്ങള്‍കൊണ്ട് അവര്‍ ബ്ലൂഹെവന്‍ അപ്പാര്‍ട്ടുമെന്റിലെത്തി. അവിടെ മറ്റാരെയും കാണാതിരുന്നപ്പോള്‍ അവള്‍ പരിഭ്രമിച്ചില്ല. അയാള്‍ അവളെ വാരിപ്പുണര്‍ന്നു ചുംബനങ്ങളാല്‍ മൂടി.

അയാള്‍ പറഞ്ഞതുപോലൊക്കെ ചെയ്യാന്‍ മോനിക്ക് ഉത്സാഹമായിരുന്നു. കുളിച്ച് വസ്ത്രങ്ങള്‍ മാറിവന്നപ്പോള്‍ അവള്‍ ആദ്യം കണ്ടതിലും സുന്ദരിയായിരിക്കുന്നു. ആരെയും ആകര്‍ഷിക്കുന്ന ആകാരഭംഗി.

അയാള്‍ കള്ളുമായി വന്നു. അവള്‍ക്ക് വൈന്‍ പകര്‍ന്നു. അയാള്‍ വിസ്‌കി കുടിച്ചു. പിന്നെ കിടക്കയിലേക്കും.

അയാളുടെ രീതികള്‍ അവള്‍ക്കിഷ്ടമായപ്പോള്‍ രാത്രിയുടെ യാമങ്ങള്‍ നിമിഷങ്ങളായി കടന്നുപോയി. പോളിന്റെ അമേരിക്കന്‍ രീതി അനുഭവിച്ചപ്പോള്‍ നാട്ടിലെ മനുഷ്യരെയൊക്കെ എന്തിനു കൊള്ളാമെന്ന് മോനിക്കു തോന്നി. പിറന്നു വീണ അമേരിക്കയില്‍ നിന്ന് പറുദീസയിലേക്ക് പറന്നുയരുന്നതായി അവള്‍ക്കു തോന്നി.

ആ രംഗങ്ങള്‍ എന്നും ആവര്‍ത്തിക്കാന്‍ തുടങ്ങി. പോളിന്റെ കിടക്കയില്‍ മോനിയുടെ രാത്രികള്‍ കൊഴിഞ്ഞു വീണു. ഇന്ന് അവള്‍ക്ക് അയാളില്ലാതെ വയ്യെന്നായി. അയാള്‍ തന്റേത് മാത്രമെന്ന് അവള്‍ കരുതി. തങ്കച്ചനെ അവള്‍ ഓര്‍ത്തില്ല.

എന്നാല്‍ പോളിന് ഒരു സ്ഥിരം കാമുകിയുള്ള വിവരം മോനി എങ്ങനെ അറിയാന്‍? അതാണ് മേരി. കാനഡയില്‍ അയാളെ മാത്രം ധ്യാനിച്ച് കണ്ണില്‍ എണ്ണയുമൊഴിച്ച് കാത്തിരിക്കുന്നു.

നാട്ടില്‍ മൊട്ടിട്ട പ്രേമം-പോളും മേരിയും. പ്രേമം മൂത്തപ്പോള്‍ അവളുടെ വീട്ടുകാര്‍ ഇടപെട്ടു. പാവപ്പെട്ടവനായ പോളിനെ വിവാഹം കഴിക്കുന്നത് മേരിയുടെ മാതാപിതാക്കള്‍ എതിര്‍ത്തു. മേരിയെ വേറെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.

എന്നാല്‍ മേരി ചില ബന്ധുക്കളുടെ സഹായത്തോടെ കാനഡയില്‍ കടന്നുകൂടി. അവള്‍ പോളിനെയും രഹസ്യത്തില്‍ സ്റ്റുഡന്റ് വിസയില്‍ കാനഡയില്‍ എത്തിച്ചു.

അയാള്‍ ഇമ്മിഗ്രന്റായിട്ട് മതി വിവാഹമെന്ന് രണ്ടുപേരും സമ്മതിക്കുകയും ചെയ്തു. 
സ്റ്റുഡന്റായിരുന്നപ്പോഴെ പോള്‍ ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് ചില്ലറ ബിസിനസ് തുടങ്ങി.

ക്രമേണ അയാള്‍ ഇമ്മിഗ്രന്റായി. അപ്പോഴാണ് നാട്ടില്‍ നിന്ന് നേഴ്‌സുമാരെ അമേരിക്കയില്‍ കൊണ്ടുവരികയും പാര്‍പ്പിക്കുകയും ചെയ്യുന്ന ബിസിനസ് തുടങ്ങിയത്. അത് അയാളുടെ ശുക്രന്റെ ആരംഭമായിരുന്നു. എല്ലാവിധത്തിലും കൊയ്ത്തായിരുന്നു എന്നു പറയാം. വിവാഹം പതുക്കെയാവട്ടെ എന്നായി.

മേരിയുടെ വിവാഹത്തെപ്പറ്റിയുള്ള സംസാരം അയാള്‍ നിസ്സാരമായി കണക്കാക്കി. വെറുതെ പാലു കിട്ടുമ്പോള്‍ പശുവിനെ വാങ്ങിക്കുന്ന തൊന്തരവെന്തിനെന്ന് അയാള്‍ ചിന്തിച്ചു.

അവള്‍ വളര്‍ത്തി വലുതാക്കിയ പോള്‍. അയാളെ മാത്രം കാത്തിരിക്കുന്ന മേരി. ഇന്ന് തന്നെ കൊള്ളുമോ തള്ളുമോ എന്ന ചിന്തയില്‍ അവളുടെ ഹൃദയം പിടഞ്ഞു. കണ്ണുനീര്‍ അവള്‍ക്കു കൂട്ടുനിന്നു.



അമേരിക്ക(നോവല്‍-6) മണ്ണിക്കരോട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക