Image

തിരഞ്ഞെടുപ്പുകാലത്ത് ചില തെരിഞ്ഞെടുപ്പുകള്‍ (ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍)

Published on 21 April, 2016
തിരഞ്ഞെടുപ്പുകാലത്ത് ചില തെരിഞ്ഞെടുപ്പുകള്‍ (ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍)
പ്രകടന പത്രിക
കേരളത്തില്‍ ഒരാളെങ്കിലും പട്ടിണി അനുഭവിക്കുന്നുണ്ടെങ്കില്‍, ഒരാളെങ്കിലും പാര്‍പ്പിടമില്ലാതെ വഴിയോരങ്ങളില്‍ അലയുന്നുണ്ടെങ്കില്‍, കുടിക്കാന്‍ ശുദ്ധജലം ലഭിക്കുന്നില്ലെങ്കില്‍, വിഷമുക്തമായ ആഹാര സാധനങ്ങള്‍ ഭക്ഷിക്കാന്നാവുന്നില്ലെങ്കില്‍ എന്തെല്ലാം പ്രകടന പത്രിക ഇറക്കിയാലും വികസനത്തിന്റെ പേരില്‍ കോടികള്‍ മുടക്കിയാലും അതിലൊരര്‍ത്ഥവും കാണാനാവുകയില്ല.

പാവപ്പെട്ടവനു ഭക്ഷണവും പാര്‍പ്പിടവും ആരൊഗ്യവും ഉണ്ടായെ നാടു നന്നാകു.. ഒരു നാടിന്റെ സ്വത്തു അതിലെ ആരോഗ്യമുള്ള ജനങ്ങളാണു. കാന്‍സര്‍ സെന്ററുകള്‍ ഉണ്ടാക്കും മുന്‍പു ജനങ്ങളുടെ ആരൊഗ്യ മാര്‍ഗ്ഗങ്ങളാണ് ആരായേണ്ടത്. അതിനവരെ ബോധവല്‍ക്കരിക്കണം. ഒപ്പം ഭാരതത്തിന്റെ മഹത്തയ പരമ്പര്യവും ആയുവേദ ചികിത്സാരീതികളും ജൈവ സമ്പത്തിന്റെ സംരക്ഷണവും മനസ്സിലാക്കാനുള്ള അവസരങ്ങളും ഉണ്ടാക്കണം.

വൃദ്ധജനങ്ങള്‍ക്കു ശരിയായ സംരക്ഷണം ഉറപ്പു വരുത്തണം. മതാപിതാക്കളെ സംരക്ഷിക്കാത്ത, അവരെ നിന്ദിക്കുന്ന മക്കള്‍ക്കു പരമാവധി ശിക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാകണം. പ്രത്യേക സഹചര്യങ്ങളില്‍ വൃദ്ധ മന്ദിരങ്ങള്‍ ആവശ്യമായേക്കാം എന്നാല്‍ അതിലേക്കുള്ള പ്രോത്സാഹനങ്ങള്‍ അധികമാകരുത്.

തെരുവ് നായ്ക്കളും പേപിടിച്ച പട്ടികളും മനുഷ്യജീവിതത്തിന്റെ സൈ്വരത കെടുത്താന്‍ ഇടവരരുത്.

ശുചിത്വം
വികസനത്തിന്റെ ഭാഗമായി പുതിയ റോഡുകള്‍ പാലങ്ങള്‍ എന്നിവ പണിയുമ്പോഴും എന്തുകൊണ്ടു നല്ല കക്കൂസുകള്‍ ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിക്കുന്നില്ല? ദീര്‍ഘദൂര യാത്രകള്‍ ചെയ്യേണ്ടി വരുമ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം രാഷ്ട്രീയ മേലധികാരികള്‍ അറിയാതെ പോകുന്നതു എന്തു കൊണ്ടാണ്? ശുചിത്വ കേരളം എന്നു പറയുന്നതല്ലാതെ ബസ്സ് സ്റ്റേഷനുകളിലൊ റയില്‍വേ സ്റ്റേഷനുകളിലൊ വൃത്തിയുള്ള ടൊയിലറ്റുകള്‍ ഉണ്ടൊ? അതു ശുചിയായി സുക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടോ?

നഗരങ്ങളും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതെങ്ങനെയെന്നു ബോധവല്‍ക്കരണം നടത്തുകയും നിയമങ്ങള്‍ ഉന്ണ്ടാക്കുകയും നിയമ ലംഘനത്തിനു പിഴ ഈടാക്കുകയും ചെയ്യണം. പ്രാഥമികങ്ങളായ ഇത്തരം കാര്യങ്ങള്‍ ആദ്യം നടത്തട്ടെ. പണം കൊയ്യാന്‍ വലിയ വികസനങ്ങള്‍ നടത്തിയാലെ പറ്റു എന്നതുകൊണ്ടു ചെറിയ വികസനങ്ങള്‍ക്കു ആരും മുന്നോട്ടു വരില്ലാ എന്നറിയാം, എങ്കിലും ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. അല്ലെങ്കില്‍ മനസ്സാക്ഷിയുള്ളവര്‍ അതേറ്റെടുക്കട്ടെ; നടപ്പാക്കട്ടെ. പിന്നീടാകട്ടെ വലിയ വികസനങ്ങള്‍..

സ്ത്രീയോടുള്ള മനോഭാവം
സ്വാതത്ര്യം സമത്വം സാഹൊദര്യം എന്നെല്ലാം പറയുമ്പോഴും സ്ത്രീക്കു ഭയം കൂടാതെ, യാത്രചെയ്യാനും ജീവിക്കാനും കഴിയണം. സ്ത്രീയെ ഉപഭോഗ വസ്തുവായി മാത്രം കാണുമ്പൊഴാണു പീഡനവും വര്‍ദ്ധിക്കുന്നത്. പുരുഷനു തുല്യം എല്ലാ മെഖലകളിലും പരിഗണന ഉണ്ടാവുകയും സ്ത്രീയോടുള്ള ബഹുമാനം കാത്തു സൂക്ഷിക്കുകയും വേണം. പുരുഷ മേധാവിത്വം അതിരു കടക്കുന്ന സാഹചര്യം ഒരിടത്തും ഉണ്ടാകാന്‍ ഇടയാകരുത്. കടുംബത്തില്‍ പോലും അസഹിഷ്ണുതയുണ്ടാക്കാന്‍ അതു കാരണമാകും.

ആള്‍ദൈവങ്ങള്‍.
ചാരിറ്റിയുടെ പേരില്‍ കണക്കില്ലാതെ ഒഴുകിയെത്തുന്ന പണം ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുണ്ടൊ എന്നറിയാനുള്ള സംവിധാനം ഉണ്ടാവണം. ആള്‍ ദൈവങ്ങളെ ഒരു തരത്തിലും പ്രൊത്സഹിപ്പിക്കരുത്. അല്ലെങ്കില്‍ തന്നെ ഒരൊ മതത്തിനും ആവശ്യത്തിലും അതിലധികവും ദൈവങ്ങളുള്ളപ്പൊള്‍ ഈ ദൈവങ്ങളുടെ അവശ്യം എന്താണ്. ചാനലുകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആള്‍ ദൈവങ്ങള്‍ പണം കായ്ക്കുന്ന മരങ്ങളായതു കൊണ്ടാണ് ഇവര്‍ ഇത്ര തഴച്ചു വളരുന്നതും അവരെക്കുറിച്ചുള്ള പരാതികള്‍ കാറ്റില്‍ പറക്കുന്നതും.

വിദ്യാഭ്യാസം

മാനുഷിക മൂല്യങ്ങള്‍ക്ക ുപ്രാധാന്യം കല്‍പ്പിക്കുന്ന വിദ്യഭ്യസ സബ്രദായം നിലവില്‍ വരണം. ഒരു വ്യക്തി വളര്‍ന്നു വലുതായാല്‍ അവന്‍ സമുഹത്തിനു നന്മ ചെയ്യുന്നവനാകണം, എന്ന ബോധ്യമാണു നല്‍കേണ്ടതു. പണത്തിനും പ്രതാപത്തിനും വേണ്ടി മാത്രമാണ് വിദ്യഭ്യാസം എന്ന ചിന്ത കുട്ടികളില്‍ രൂഡമൂലമാകരുത്. അവര്‍ക്കു മാതൃകയാവാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കഴിയണം. മഹത്മാഗാന്ധി, ശ്രീ നാരായണഗുരു, രവീന്ദ്രനാഥ ടാഗോര്‍, സ്വമി വിവേകാനന്ദന്‍, എ പി ജെ അബ്ദുല്‍ കലാം തുടങ്ങിയവരെക്കുരിച്ചു കുട്ടികള്‍ പഠിക്കട്ടെ. സിനിമാ താരങ്ങളും സീരിയല്‍ താരങ്ങളുമല്ല സമൂഹത്തിനു മാതൃകയെന്നു വീട്ടില്‍ നിന്നു തന്നെ അവര്‍ മനസ്സിലാക്കണം.

ലൈംഗിക വിദ്യാഭ്യാസം പാഠപദ്ധതിയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. അതിനു പ്രത്യേകം വൈദഗ്ധ്യം സിദ്ധിച്ച അധ്യാപകരെക്കൊണ്ടു ക്ലാസ്സുകള്‍ എടുപ്പിക്കണം. താഴ്ന്ന ക്ലാസ്സുകളിലെങ്കിലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം.

ചാനലുകള്‍
ചനലുകളുടെ അതിപ്രസരവും സീരിയലുകളും കേരളനാടിന്റെ സംസ്‌കാരത്തെ തന്നെ മാറ്റി മറിച്ചിരിക്കുന്നു. അടര്‍ത്തി മറ്റാനാവത്തവിധം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന സീരിയലുകള്‍. മനുഷ്യനെ വഴിതെറ്റിക്കുന്ന, മാനസിക വികലത ഉണ്ടാക്കുന്ന സീരിയലുകളുടെ നിര്‍മ്മാണം തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

.കണ്ണീര്‍ സീരിയലുകളുടെ കാലം കഴിഞ്ഞുവെന്നു തോന്നുന്നു. ഇപ്പൊള്‍ കുശുമ്പും കുരുട്ടുബുദ്ധിയും ക്രിമിനല്‍ സ്വഭാവവുമുള്ള കഥാപാത്രങ്ങളേക്കൊണ്ടാണ് അരങ്ങ് കൊഴുപ്പിക്കുന്നത്. ചിന്താശക്തി നശിച്ച യാതൊരു നന്മയും പ്രതീക്ഷിക്കനാവാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാനെ ഇത്തരത്തിലുള്ള സീരിയലുകള്‍ക്ക് കഴിയൂ. സമൂഹ നന്മയെ ലാക്കാക്കിയുള്ളതും മാനസികാനന്ദം നല്‍കുന്നതും ബുദ്ധിവികാസത്തിനു ഉതകുന്നതുമായ പരിപടികളാണ് ഉണ്ടാകേണ്ടത്.

സിനിമാതാരങ്ങള്‍
സിനിമാതാരങ്ങള്‍ക്കും സീരിയല്‍ താരങ്ങള്‍ക്കും ഇത്രയേറെ പ്രധന്യം നല്‍കുന്നതു എന്തിനാണ്?
വിഷുവൊ ഓണമൊ ക്രിസ്സ്മസ്സൊ വന്നാല്‍ ആശംസ അര്‍പ്പിക്കാന്‍ യോഗ്യരായ എത്രയോ പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ ഉണ്ടായിരിക്കെ ഒന്നൊ രണ്ടൊ സിനിമയില്‍ അഭിനയിച്ചു എന്ന കാരണത്താല്‍ സിനിമാ താരങ്ങള്‍ക്കു പ്രമുഖ്യം കൊടുക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. ഇപ്പോള്‍ നടക്കുന്ന റിയാലിറ്റി ഷോകള്‍ എല്ലാം തന്നെ സിനിമയേയും സിനിമാ താരങ്ങളേയും പ്രോത്സാഹിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമുള്ള വേദികളായി മാറിയിരിക്കുന്നു. സമൂഹ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മുന്‍പോട്ടു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ എന്തുകൊണ്ട് ഉണ്ടാവുന്നില്ല?

സിനിമാ മോഹം തലയ്ക്കു പിടിച്ച് അപകടത്തില്‍ ചെന്നു ചാടുന്നവര്‍ ധരാളമാണ്. കാണാതാവുന്ന പെണ്‍കുട്ടികള്‍, ചതിക്കപ്പെട്ടിട്ടു അത്മഹത്യ ചെയ്യുന്നവര്‍ ഒക്കെ ഉണ്ടായിരിക്കെ, ഇതൊന്നും കണ്ടില്ലെന്നു നടിച്ച് ചാനലുകള്‍ എന്തുകൊണ്ടു ഗ്ലാമര്‍ ലോകത്തേക്കുള്ള വഴികള്‍ കാണിച്ചു കൊടുക്കുന്നു? സിനിമയില്‍ വന്നു ജയിച്ചവരെക്കാള്‍ കൂടുതല്‍ തോറ്റവര്‍ ആണെന്നു അവരെ മനസ്സിലാക്കേണ്ട ചുമതല അര്‍ക്കും ഇല്ലാതെ പോകുന്നതു എന്തു കൊണ്ടാണ്?

മാനുഷിക മൂല്യങ്ങള്‍
നൂതന സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ സുഗമമായ ജീവിതത്തിന് ഉതകേണ്ടതാണ്. അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചെറുപ്പകാലത്തു തന്നെ മുതിര്‍ന്നവരില്‍ നിന്നും ലഭ്യമാകണം. അല്ലാത്തപക്ഷം ഉണ്ടാകുന്ന വിപത്തുകള്‍ ഉദാഹരണമായി കാട്ടിക്കൊടുക്കണം. ആറ്റിങ്ങല്‍ കൊലപാതകം ഉത്തമ ദൃഷ്ടാന്തമാണല്ലൊ. ഉന്നത വിദ്യഭ്യാസം നേടിയിട്ടും മാനുഷിക മൂല്യങ്ങള്‍ മനസ്സിലാക്കാതെ പോയതിന്റെ പരിണതഫലം ഒരു നാടിന്റെ തന്നെ സമാധാനത്തെയാണ് നശിപ്പിച്ചത്. കൂട്ടു കുടുംബ വ്യവസ്ഥിതി മാറിയതോടെ സ്വന്തം കാര്യം സ്വന്തം സുഖം എന്ന ചിന്തക്കു പ്രമുഖ്യം കൂടി. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും ഞങ്ങള്‍ എന്നതിനെക്കാള്‍ പ്രാധാന്യം ഞാന്‍ എന്നതിനായി. നിന്റെ സുഖം എന്റെ സുഖം എന്നു വഴി മാറി ചിന്തിക്കാനും തുടങ്ങിയിരിക്കുന്നു.

വിവാഹം എന്നതു വ്യത്യസ്തമായ ഒരു ജീവിതാന്തസ്സാണ്. അതുവരെ ആയിരുന്ന അവസ്ഥയില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു അവസ്ഥ. അപ്പോള്‍ തീര്‍ച്ചയായും വിവാഹ ഒരുക്ക ക്ലാസ്സുകള്‍ അത്യാവശ്യമാണ്. വീടുകളില്‍ നിന്നും കിട്ടുന്ന മാതൃകകള്‍ മാത്രമാണ് പലപ്പോഴും വധൂവരന്മാര്‍ക്കു ആശ്രയമായിട്ടുള്ളത്. ശരിയായ മാതൃക നല്‍കാന്‍ എത്ര വീടുകള്‍ക്കാകുന്നുണ്ടെന്നത് സംശയമുള്ള കാര്യമാണ്. വിവാഹം കഴിഞ്ഞു വേര്‍പിരിഞ്ഞുള്ള ജീവിതമാണു പലയിടത്തും പ്രശ്‌നങ്ങളാകുന്നത്..

സ്ത്രീക്കു കിട്ടേണ്ട താങ്ങും തണലും കിട്ടാതെയാകുമ്പോള്‍ പല പ്രലോഭനങ്ങളിലും പെട്ടുപോകാന്‍ ഇട വരും. അതുകൊണ്ട് കഴിവതും ഒന്നിച്ചു ജീവിക്കാനുള്ള സഹചര്യം ഒരുക്കുന്നതാണ് അഭികാമ്യം. ഒരു നല്ല ഭര്‍ത്താവുള്ള സ്ത്രീ ഒരിക്കലും തെറ്റാനിടവരില്ല എന്നത് പരക്കെ അംഗീകരിക്കുമ്പോള്‍ പുരുഷന്റെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങള്‍ ഉണ്ടാവേണ്ടതാണ്. കരുതലിനും സ്‌നേഹത്തിനും വേണ്ടി അവള്‍ ആരെയും തിരഞ്ഞു പൊകാന്‍ ഇടവരരുത്.

കേരളവും അമേരിക്കയും
കേരളത്തിലിരുന്നു കൊണ്ട് അമേരിക്കയിലെ പോലെ ജീവിക്കനാണു പലരും ശ്രമിക്കുന്നത്. അതായത് അമേരിക്ക കേരളത്തിലേക്കു വളരുന്നൊ എന്നൊരു സംശയം. ഭാഷയിലും വേഷത്തിലും സ്വാതന്ത്ര്യത്തിലും അമേരിക്കയെ അനുകരിക്കുമ്പോള്‍ കാലവസ്ഥ, സംസ്‌ക്കാരം നിയമങ്ങള്‍ ഇവയിലെല്ലാമുള്ള വ്യത്യാസം അറിയാന്‍ ശ്രമിക്കുന്നില്ല. അമേരിക്കയില്‍ സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ ഏതു പാതിരാത്രിയിലും ഭയം കൂടാതെ സ്ത്രീകള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയുന്നുവെങ്കില്‍ അതു നിയമങ്ങളുടെ കാര്‍ക്കശ്യവും മനൊഭാവങ്ങളിലെ സന്തുലിതാവസ്ഥയുമാണ്. നിയമങ്ങള്‍ പാലിക്കപ്പെടുകയും പാലിച്ചില്ലെങ്കില്‍ തക്കതായ ശിക്ഷ ലഭിക്കുകയും ചെയ്യും. കൈക്കൂലിയും കോഴകൊടുപ്പും കൂട്ടിക്കൊടുപ്പും ഒന്നും അവിടെ വിലപ്പോകില്ല.

സാക്ഷരതയിലും സാങ്കേതിക വിദ്യയിലും മറ്റു പല കാര്യങ്ങളിലും കേരളം മുന്‍പില്‍ നില്‍ക്കുന്നു എന്നഭിമാനിക്കുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിലും സ്ത്രീകളുടെ സംരക്ഷ്ണത്തിലും നിയമങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം വളരെ പിന്നോക്കാവസ്ഥയില്‍ത്തന്നെയാണ്. പീഡനങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, കാണാതാകലുകള്‍ തുടങ്ങിയവ കൊണ്ട് കലുഷിതമായ ഒരന്തരീക്ഷത്തില്‍ പ്രകടന പത്രികകളും വികസനപദ്ധതികളും കാണിച്ച് ഒരു തിരഞ്ഞെടുപ്പ് മത്രം പോരാ മറ്റു പല തെരഞ്ഞെടുപ്പുകളും ആവശ്യമാണ്.
തിരഞ്ഞെടുപ്പുകാലത്ത് ചില തെരിഞ്ഞെടുപ്പുകള്‍ (ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍)
Join WhatsApp News
vayanakaran 2016-04-21 18:54:04
ഇ മലയാളിയിൽ ഇയ്യിടെ വന്ന വിഷുഫലം
മാതൃക... എന്നാലും കൊള്ളാം, ജനം
വായിക്കുകയും ചിന്തിക്കയും
ചെയ്യുമ്പോൾ കല വികസിക്കുന്നു. വിഷുഫല
കണിയാർക്കും, ഇ മലയാളിക്കും, ത്രേസ്യാമ ചേടത്തിക്കും അഭിനന്ദനം.
വിദ്യാധരൻ 2016-04-21 21:00:54
ശുചിത്വം 

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും 
അവിടെല്ലാം മാലിന്യ കൂന മാത്രം 
കണ്ടാലോ ആളൊരു മന്യനത്രേ 
കൈൽ ഇരിപ്പതോ ദുർഗന്ധിയത്രെ
 ചപ്പു ചവറുകൾ ചാക്കിലാക്കി 
എറിയുന്നു അന്യന്റെ പറമ്പിലേക്ക്
അവിടൊക്കെ കൊതുകുകൾ കൂട്ടമായി 
പെറ്റുപെരുകുന്നു സഹസ്രമായി 
തക്കാളി ഡങ്കി ചിക്കൻ ഗുനിയാ 
വൈറസു വാരി വിതറിടുന്നു 
എൻ നാടിൻ മുക്കിൻ മൂലകളും 
ചീഞ്ഞഴുകുന്നു നാറിടുന്നു 

സ്ത്രീകൾ 

ഒരു കോലു ചേലയിൽ ചുറ്റിയെന്നാൽ  
അവിടുടൻ  ആണുങ്ങൾ തടിച്ചു കൂടും 
പെട്ടുന്നു തിക്കും തിരക്കുമാകും 
കൈകാലു പെട്ടെന്ന് നീണ്ടു വരും 
ഒരു സ്ത്രീ അറിയാതെ  ചിരിച്ചു പോയാൽ 
അതുമതി അവനങ്ങ്‌ കൂടെപോകും 
ബസും ട്രെയിനും പ്ലെയിനും എല്ലാം 
സ്ത്രീ പീഡകരുടെ  വിലാസ വേദി 
മന്ത്രിമാർ തന്ത്രിമാർ എംപിമാരും 
സൗകര്യം ഒത്താൽ കാമ കിങ്കരന്മാർ
അമ്മയേം പെങ്ങളേം പെൺമക്കളേയും 
കണ്ടാൽ അറിയാത്ത കഴുകു വർഗ്ഗം 
സരിതയിൻ സാരീടെ തുമ്പിൽ ഇന്ന് 
കുടുങ്ങിയ കേരള ഭരണകൂടം 
സ്ത്രീകളെ മാനിക്കാൻ കേരളത്തിനോ 
അവിടുത്തെ പുരുഷർക്കൊ ആയിടുമോ?

വിദ്യാഭാസം 

നൂറു ശതമാനം സക്ഷാരത്വം 
കൈരളിക്കെന്നും അഭിമാനമല്ലോ 
അറിവ് മനുഷ്യ മാനസത്തെ 
വിമലീകരിച്ചില്ലേൽ എന്ത് കാര്യം?
വാലുപോലുള്ള ഡിഗ്രിയുമായി 
വാനരക്കൂട്ടം കറങ്ങിടുന്നു 
ആഹന്ത തലക്ക് പിടിച്ച കൂട്ടർ 
നാടിന്റെ തീരാത്ത ശാപം അത്രേ .
"എമ്പ്രാന്മാർ ഒക്കെയും കട്ടു തിന്നാൽ 
അംമ്പലവാസിയും കട്ടു തിന്നും" 
മൂല്യബോധം ശുചിത്വ ബോധം 
സ്ത്രീകളോടുള്ള മനോ ഭാവമൊക്കെ 
യഥാർഥ വിദ്യയാൽ വാർത്തെടുക്കാം 

പരിചിന്തിതമായ ലേഖനത്തിന് അഭിനന്ദനം .

Ponmelil Abraham 2016-04-22 15:57:55
An article based on deep study of the subjects with valuable suggestions on each of them along with remedial measures for the common good of the society.

Thresiamma Thomas 2016-04-23 12:09:50
ഈമലയാളിയില്‍ വന്ന വിഷുഫലം മാതൃക എന്ന വായനക്കാരന്റെ അഭിപ്രായം മനസ്സിലായില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക