ഫൊക്കാനാ ദേശീയ കണ്വന്ഷന് കൊഴുപ്പേകാന്‍ മലയാളത്തിന്റെ സുപ്പര്സ്റ്റാര് ദിലീപിനൊപ്പം മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസും എത്തുന്നു .
ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ ജനറല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ദിലീപിന്റെ വരവ് പോലെ തന്നെ മംമ്തയുടെ വരവും കാനഡാ മലയാളികള്‍ ഉത്സവമാക്കും .
മംമ്ത ദിലീപിനൊപ്പം അഭിനയിച്ച 'ടു കണ്ട്രീസ്' പൂര്‍ണ്ണമായും കാനഡയിലായിരുന്നു ചിത്രീകരിച്ചത് വളരെ സമയബന്ധിതമായി ചിത്രീകരണം നടന്നതിനാല്‍ കാനഡാ മലയാളികളുമായി സമയം ചിലവഴിക്കാന്‍ കഴിയാതെ പോയതായി ദിലീപും മംമ്തയും അഭിപ്രായപ്പെട്ടിരുന്നു മംമ്തയും കണ്വന്ഷന് എത്തുമ്പോള്‍ ഒരു നടിയെ മാത്രമല്ല നല്ലൊരു ഗായികയെ കൂടിയാണ് ലഭിക്കുക.
മംമ്ത ജനിച്ചത് ബഹ്റൈനിലാണ്. വളര്‍ന്നതും പന്ത്രണ്ടാം തരം വരെ വിദ്യാഭ്യാസം ചെയ്തതും ബഹ്റൈനിലാണ്. പിന്നീട് ബാംഗളൂരില്‍ മൗണ്ട് കാര്‍മല്‍ കോളേജില്‍ നിന്നും ബിരുദം നേടി.
അഭിനയ രംഗത്ത് തിളങ്ങി നിന്ന സമയത്ത് കാന്‍സര്‍ രോഗബാധിതയായെങ്കിലും മംമ്ത തന്നെ ബാധിച്ച അര്‍ബുദത്തോട് ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു.
2005 ല്‍ ഹരിഹരന് സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലാണ് മംമ്ത ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രം ഒരു വിജയമായിരുന്നില്ല എങ്കിലും മംമ്തയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് മമ്മൂട്ടി നായകനായ ബസ്സ് കണ്ടക്ടര്‍ എന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ജയറാം നായകനായ മധുചന്ദ്രലേഖ, ദിലീപിനൊപ്പം അഭിനയിച്ച മൈ ബോസ് എന്നിവ സൂപ്പര്‍ ഹിറ്റായിരുന്നു .
രോഗം ഭേദമായ ശേഷം മമ്മുട്ടിയോടൊപ്പം വര്‍ഷം എന്ന സിനിമയിലും അഭിനയിച്ചു . ഇത് കൂടാതെ ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.
2007 -ല്‍ തെലുങ്കില്‍ ശങ്കര്‍ദാദ സിന്ദാബാദ് എന്ന ചിത്രത്തില്‍ പിന്നണിഗാനം പാടി. കൂടാതെ തെലുഗു ചിത്രങ്ങളിലും അഭിനയിച്ചു.
തന്റെ രോഗത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ചികിത്സയെക്കുറിച്ചും 'ടു കണ്ട്രീസ്' എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയതും മംമ്ത തന്നെ പറയുന്നത് കേള്ക്കു. 'ഞാന്‍ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ആഞ്ചലസില്‍ (യു.സി.എല്‍.എ ) ഒരു പരീക്ഷണ ചികിത്സ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
ജീവന് ഭീഷണിയിലാകുമ്പോള് അതിജീവനത്തിനുള്ള അവസരം എവിടെയുണ്ടോ, ആരും അതു തേടി പോകും. ഞാന്‍ ചെയ്തതും അതാണ്. അമേരിക്കയില്‍ ചെന്ന നാള് തൊട്ട് സിനിമ എന്റെ ഓര്‍മകളില്‍ പോലും ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ഒരു വര്‍ഷമായി ഞാനൊരു മലയാള സിനിമയും കണ്ടില്ല.
സിനിമയില്‍ ചുരുക്കം പേര്‍ക്കാണ് ഞാനെന്റെ ഡയറക്ട് നമ്പര്‍ കൊടുത്തത്. ശരീരം അവിടെയും മനസ്സ് ഇവിടെയും ആയാല്‍ ചികിത്സ ശരിയാകില്ല എന്നു തോന്നി.'ടു കണ്ട്രീസ്', “'മൈ ബോസ്' ചെയ്യുന്ന സമയത്ത് പ്ലാന്‍ ചെയ്തതാണ്. കഴിഞ്ഞ ജൂലൈയില്‍ ദിലീപേട്ടന് വിളിച്ച് പറഞ്ഞു. ''നമ്മള് നേരത്തെ പ്ലാന്‍ ചെയ്ത സിനിമയുണ്ടല്ലോ.
അത് ഉടനെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്'.അപ്പോഴാണ് ഞാന്‍ ഓര്‍ക്കുന്നത്, 'ശരിയാണല്ലോ. അങ്ങനെയൊരു സിനിമ എന്നോടു വര്‍ഷങ്ങള്‍ക്കു മുന്‍പേ പറഞ്ഞതാണല്ലോ'എന്ന്. കാനഡ ഒട്ടാവോയിലെ 'ടു കണ്ട്രീസിന്റെ' സെറ്റിലേക്ക് ഞാന്‍ ലോസ് ആഞ്ചലസില്‍ നിന്ന് മോണ്ട്രിയല് വഴിയാണ് പോയത്.
മോണ്ട്രിയലില് വിമാനമിറങ്ങി ലഗേജുകള്‍ സ്വീകരിക്കാന്‍ നില്‍ക്കുമ്പോഴാണ് കൊച്ചിയില്‍ നിന്ന് ഖത്തര്‍ വഴി മൊത്തം ക്രൂ അവിടെ എത്തുന്നത്. ഒരു നിമിഷം ഞാന്‍ എന്നെ തന്നെ മറന്നു.സന്തോഷം നിയന്ത്രിക്കാനാവാതെ പൊട്ടിക്കരയുകയായിരുന്നു. ഞാനെന്റെ രോഗാവസ്ഥയെക്കുറിച്ച് ഓര്‍ക്കാത്ത നാളുകളായിരുന്നു സെറ്റിലെ ആ 40 ദിവസങ്ങള്‍.
നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലെ സുഹൃത്തുക്കളെ അടുത്തു കാണാന്‍ പറ്റി എന്നതു തന്നെയായിരുന്നു കാരണം. കുടുംബാംഗങ്ങളെ പോലെ അവരെന്നോട് വിശേഷങ്ങള്‍ പങ്കുവെച്ചു, പഴയ കഥകള്‍ ഓര്‍മിച്ചു, തമാശകള്‍ പറഞ്ഞു.
സിനിമ എന്റെ മനസ്സിനെ എത്ര ഹാപ്പിയാക്കുന്നു എന്നു ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.'
ഈ നിമിഷങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് ഫൊക്കാനാ കണ്വന്ഷന് വേദിയില്‍ . അവിടെ മംമ്തആടുകും പാടുകയും ചെയ്യും .
'ടു കണ്ട്രീസ്' എന്ന സിനിമയിലെ 'വെളുവേളുത്തൊരു പെണ്ണേ' എന്നഗാനത്തിനോപ്പം ദിലീപും മംതയും ഫൊക്കാനാ നൃത്തച്ചുവടുകള്‍ കൂടി വച്ചാല്‍ കാനഡ മലയാളികള്‍ ഹാപ്പി ...