Image

ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍

Published on 14 June, 2016
ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍
ഇസ്രായലില്‍ എത്തി അടുത്തദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റിനുശേഷം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ഗലീലിയ തടാകത്തിലൂടെയുള്ള ബോട്ടു യാത്രയ്ക്കാണ് ഗൈഡ് ബിനോയി അച്ഛന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട് ലഘുവിവരണം നല്‍കിയശേഷമാണ് ഞങ്ങള്‍ യാത്രയ്ക്ക് തിരിച്ചത്. യേശുവിന്റെ  കുരിശുമരണത്തിനും ഉത്ഥാനത്തിനും ശേഷം  ശിഷ്യന്മാര്‍ എന്തു ചെയ്യണമെന്നറിയാതെ തങ്ങളുടെ നാഥന്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ കഴിഞ്ഞിരുന്നവര്‍ തങ്ങളുടെ പഴയ തൊഴിലിലേയ്ക്കും തിരികെപ്പോയി. വലിയ  മുക്കുവനായ പത്രോസിന്റെ നേതൃത്വത്തില്‍ മീന്‍ പിടിത്തത്തിലേയ്ക്ക് തിരിഞ്ഞു. എത്ര ശ്രമിച്ചിട്ടും മീന്‍ ഒന്നും ലഭിക്കാത്ത അവരുടെ ഇടയിലേയ്ക്ക് യേശു കടന്നു വരുന്ന ഭാഗമാണ് ഇവിടെ അനാവരണം ചെയ്യുന്നത്.

മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് ബോട്ടു  ഞങ്ങള്‍ക്കായി കാത്തു നിന്നിരുന്നു. ബോട്ടില്‍ കയറി കുറെ സമയം ഗലീലിയ തടാകത്തിലൂടെ യാത്ര ചെയ്തു. ഇതിനിടയില്‍ ഇസ്രായേല്‍ക്കാരനായ ബോട്ട് ഡ്രൈവര്‍ സ്രാങ്കും ചേര്‍ന്ന് മലയാള ഗാനങ്ങള്‍ ആലപിച്ച് ഞങ്ങളോടൊപ്പം ചേര്‍ന്നു. പാട്ടും ഡാന്‍സുമായി ഒരു മണിക്കൂര്‍ ഇതിനിടയില്‍ വലയെറിഞ്ഞ് മീന്‍ പിടുത്തവും സിമ്പോളിക്കായി നടത്തി. യാത്ര എല്ലാവരും ആസ്വദിക്കുകയും ബൈബിളിലെ കാലത്തേയ്ക്ക് മനസ്സ് കൊണ്ട് പോകുന്നതിനുള്ള അവസരവുമായി.

പിന്നീട് ഞങ്ങള്‍ സന്ദര്‍ശിച്ചത് ബൈബിളില്‍ പറഞ്ഞറിയുന്ന അത്ഭുതങ്ങളിലൊന്നായ അഞ്ചപ്പവും രണ്ട് മത്സ്യവും കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയ സ്ഥലവും അവിടെ ഇപ്പോള്‍ സ്ഥാപിച്ചിരിക്കുന്ന ദേവാലയവുമാണ്. റോമന്‍ കത്തോലിക്കരുടെ കൈവശമുള്ള ഈ ദേവാലയം സംരക്ഷിക്കുന്നത് ബനഡിറ്റന്‍ സഭക്കാരാണ്. ഈ ദേവാലയം സ്ഥിതിചെയ്യുന്നത് 'റ്റബഹ' എന്ന സ്ഥലത്താണ്.

'പത്രേസെ നീ പാറയാകുന്നു ഈ പാറമേൽ ഞാൻ എന്റെ പള്ളി പണിയും' എന്ന് യേശു പറഞ്ഞ സ്ഥലം. പത്രോസിനെ അധിപനായി വാഴിച്ച സ്ഥലം, ഇന്ന് പ്രൈമസി ഓഫ് പീറ്റര്‍ എന്നറിയപ്പെടുന്നു. അവിടെ ഉയര്‍ത്തപ്പെട്ടിരിക്കുന്ന ദേവാലയം സന്ദര്‍ശിച്ചു. ചര്‍ച്ച് ഓഫ് പ്രൈമസി ഓഫ് പീറ്റര്‍ എന്നറിയപ്പെടുന്ന ദേവാലയം ഇപ്പോള്‍ റോമന്‍ കത്തോലിക്ക (ഫ്രാന്‍സിസ്‌ക്കന്‍) അച്ചന്മാരുടെ സംരക്ഷണത്തിലാണ്. അതിനുടുത്തു തന്നെയാണ് യേശുവും ശിഷ്യന്മാരും ഗലീലിയ തടാകത്തില്‍ നിന്ന് പിടിച്ച മത്സ്യം പാകം ചെയ്തത്. 'മെന്‍സ ക്രിസ്റ്റി' കര്‍ത്താവിന്റെ മേശ എന്ന് ലാറ്റിന്‍ ഭാഷയില്‍ പറയുന്നു. 

മേല്‍പ്പറഞ്ഞ രണ്ടു സ്ഥലങ്ങളും ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.  കാരണം ക്രിസ്തീയ സഭകളുടെ ആരംഭം ക്രിസ്തു പറഞ്ഞ വാക്കുകളില്‍ നിന്നാണ്. പത്രേസെ നീ പാറയാകുന്നു ഈ പാറമേല്‍ ഞാന്‍ പള്ളി പണിയും. ഓര്‍മ്മിയ്ക്കുക, ക്രിസ്തു ഒരു പള്ളിയും പണി കഴിപ്പിച്ചിട്ടില്ല. ഈ പള്ളിയും പരിസരവും പരിപാവനമായി സൂക്ഷിക്കുന്നു. ഒരു തരത്തിലുള്ള സംസാരവും ഇവിടെ അനുവദിക്കില്ല മൗനമായിരുന്നു പ്രാര്‍ത്ഥിക്കാം. അവിടെ എത്തിയപ്പോള്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ വല്ലാത്തൊരു ശാന്തത മനസ്സിനുണ്ടായി.

വളരെയേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു സ്ഥലമാണ് 'കഫര്‍ണാഹം' പഴയനിയമത്തിലും, പുതിയ നിയമ ബൈബിളിലും പ്രാധാന്യമുള്ള ഈ പുണ്യഭൂമി ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ സിനഗോഗ് ആയിരുന്നു. ക്രിസ്തുവിന്റെ കാലത്ത് ഈ സിനഗോഗില്‍ വെച്ചാണ് ഒരു സാബത്ത് ദിനത്തില്‍ ക്രിസ്തു ജനങ്ങളെ പഠിപ്പിച്ചത് എന്ന് നമ്മള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. സുവിശേഷകരായ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നിവര്‍ ഈ സ്ഥലത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്.

സിനഗോഗിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണുവാന്‍ സാധിക്കും, യേശു ശിഷ്യനായിരുന്ന പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തിയ സ്ഥലം, തളര്‍വാത രോഗിയെ തൊട്ട് സൗമ്യമാക്കിയ സഥലം. ഇവിടെയിപ്പോള്‍ ഒരു ദേവാലയമാണ്. ബിനോയി അച്ചന്റെ ചരിത്രവും ദൈവശസ്ത്രപരവുമായ വിവരണങ്ങള്‍ ഈ സ്ഥലത്തിന്റെ പൗരാണികതയും പരിപാവനതയെപ്പറ്റിയും ആഴത്തില്‍ ഗ്രഹിക്കുവാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞങ്ങള്‍ പീറ്റര്‍ ഫിഷ് ലഞ്ച് കഴിയ്ക്കുവാനായി പുറപ്പെട്ടത്. ഒരു വശത്ത് ഭക്തിയും മറുവശത്ത് ബിസിനസ്സും ചേര്‍ന്നതാണ് ഈ വിശുദ്ധനാട് എന്ന് ഏറെ പറയേണ്ടതില്ലല്ലോ? നമ്മുടെ നാട്ടില്‍ തിലോഫിയ എന്നറിയപ്പെടുന്ന മത്സ്യത്തോട് സമാനമായ ഈ മീന്‍ വലിയ മുക്കുവനായിരുന്ന പത്രോസിന്റെ കാലത്തുണ്ടായിരുന്നു എന്നതാണ് ഇവിടത്തെ ബിസിനസ്സ് തന്ത്രം ഈ മത്സ്യം മുഖ്യ ഐറ്റമായ ലഞ്ച് ഓരോ ഗ്രൂപ്പുകാര്‍ക്കും വിളമ്പുന്നു. ഇതിലൊരു മീനിന്റെ ഉള്ളില്‍ ഒരു നാണയം ഒളിപ്പിച്ചു വയ്ക്കും. അത് കിട്ടുന്നയാള്‍ ഭാഗ്യവാനോ, ഭാഗ്യവതിയോ ആയിരിക്കും എന്ന വിവരണത്തോടെയാണ് ഉച്ചഭക്ഷണത്തിനിരുന്നത്. ഭക്ഷണത്തിനിടയില്‍ കിട്ടിപ്പോയി എന്നാര്‍ത്തലച്ചു കൊണ്ട് എന്റെ ഭാര്യ സെലിന്‍ നാണയം കിട്ടിയ സന്തോഷത്തിലും അതിലേറെ  ഭക്തിപാരവശ്യത്തിലുമായിരുന്നു.

താബോര്‍ മലയില്‍ വെച്ച് രൂപാന്തരപ്പെടുകയും തന്റെ മഹത്വം കണ്ട് ഭീതിപൂണ്ട വത്സല ശിഷ്യന്മാരെ ധൈര്യപ്പെടുത്തുകയും ചെയ്ത യേശുവിനെപ്പറ്റി ബൈബിളില്‍ വായിക്കുന്നുണ്ട്. ആ രൂപാന്തരീകരണം നടന്ന മലയാണ്. താബോര്‍, നമ്മുടെ നാട്ടിലെ വയനാട്ടിലേയ്ക്ക് പോകുന്ന താമരശ്ശേരി ചുരത്തിന് സമാനമായ ഹെയര്‍പിന്‍ വളവുകള്‍ ഇതിലൂടെയാണ് താബോര്‍ മലയിലേയ്ക്ക് കയറുന്നത് ഞങ്ങളുടെ ബസ്സ് അങ്ങോട്ട് കയറുകയില്ല, പ്രത്യേകമായ ടാക്‌സിയിലാണ് മല കയറിയത്. മത്തായിയുടെ സുവിശേഷത്തില്‍ പറയുന്നുണ്ട്, യേശു താന്‍ ദൈവപുത്രനാണെന്ന് പത്രോസിനും, ജെയിംസിനും, യോഹന്നാനും വെളിപ്പെടുത്തി കൊടുത്ത സംഭവം. താബോര്‍ മലയില്‍ എത്തിയ അവരിടെ മുമ്പില്‍ വെച്ച് രൂപാന്തരീകരണം സംഭവിക്കുകയും, ഏലിയ പ്രവാചകനും, മോസ്സസിനുമൊപ്പം ഒരു പടി മുകളിലായി അവര്‍ക്ക് യേശുവിന്റെ പ്രകാശപൂരിതമായ മുഖം കാണുവാന്‍ കഴിഞ്ഞെന്നും അപ്പോള്‍ അവര്‍ ഒരശരീരി കേട്ടു . ഞാന്‍ സ്‌നേഹിക്കുന്ന എന്റെ പുത്രന്‍ നിങ്ങള്‍ ഇവനെ ശ്രവിയ്ക്കുക ഇത് കേട്ട് ഭയവിഹ്വലമായ ശിഷ്യന്മാരെ സ്പര്‍ശിച്ച് അവരെ എവുന്നേല്‍പ്പിച്ച് ഭയപ്പെടേണ്ട എന്നു പറഞ്ഞു. അവര്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഇവിടെ യേശുവിനെയല്ലാതെ മറ്റാരെയും കാണുവാന്‍ കഴിഞ്ഞില്ല എന്നും ബൈബിളില്‍ വായിയ്ക്കുന്നുണ്ട്. 

ചര്‍ച്ച് ഓഫ് ട്രാന്‍സ്ഫിഗറേഷന്‍ എന്ന പേരില്‍ പള്ളിയും  അവിടെ മൂന്ന് അള്‍ത്താരകളും സ്ഥാപിച്ചിട്ടുണ്ട്. ഏലിയായ്ക്കും, മോസ്സസിനും യേശുവിനും യേശുവിന്റെ പേരില്‍ പണി കഴിപ്പിച്ച അള്‍ത്താരയില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മൂന്ന് അച്ഛന്‍മാരും ചേര്‍ന്ന് ബലിയര്‍പ്പിച്ച് തിരികെപ്പോന്നു. വിശ്വാസത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുന്ന ഒരാള്‍ക്ക് വലിയ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഇതിന്റെ ഓരോ ദൃശ്യങ്ങളും തിരശ്ശീലയിലൂടെന്നപോലെ മനസ്സില്‍ കടന്നു വന്നു. 

സംഭവബഹുലവും ഭക്തി നിര്‍ഭരവുമായ താബോര്‍ മലയില്‍ നിന്ന് ഞങ്ങള്‍ എത്തിച്ചേര്‍ന്നത് ഏവര്‍ക്കും സന്തോഷത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന കാനായിലെ കല്യാണവിരുന്നിനെ ഓര്‍മ്മിപ്പിയ്ക്കുന്ന സംഭവം അരങ്ങേറിയ സ്ഥലത്താണ്. കാനായിലെ കല്യാണവിരുന്നിന് ഉപയോഗിച്ചു എന്ന് കരുതുന്ന അല്ലെങ്കില്‍ ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന കല്‍ഭരണി അവിടെ സൂക്ഷിച്ചിട്ടുണ്ട്. യേശു നടത്തിയ ആദ്യത്തെ അത്ഭുതം. കാനായിലെ കല്യാണവിരുന്നിന് വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ മാതാവായ മറിയം  ഈ വിവരം യേശുവിനെ അറിയിക്കുകയും യേശു പറഞ്ഞതനുസരിച്ച് കല്‍ഭരണികളില്‍ വെള്ളം നിറച്ച് അത് വീഞ്ഞാക്കി മാറ്റിയ സംഭവം നമ്മള്‍ ബൈബിളില്‍ വായിക്കുന്നുണ്ട്. ക്രൈസ്തവരുടെ ഇടയില്‍ വിവാഹവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കാനായുമായി ചേര്‍ത്തു പറഞ്ഞു വരുന്നുണ്ട്. ദമ്പതികളായി ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്നവര്‍ക്ക് അവരുടെ വിവാഹപ്രിത വാഗ്ദാനം നവീകരിയ്ക്കാനുള്ള അവസരം ഒരുക്കിയിരുന്നു. ഞങ്ങളോടൊപ്പമുള്ള മൂന്ന് വൈദികര്‍ ആ ചടങ്ങിന് നേതൃത്വം നല്‍കി. എല്ലാവരും അതിനുള്ള ഒരുക്കത്തിലുമായിരുന്നു.

പള്ളിയിലെ പ്രാര്‍ത്ഥനകളും ചടങ്ങുകളും കഴിഞ്ഞ് പള്ളിയോടനുബന്ധിച്ചുള്ള ഷോപ്പില്‍ കാന വീഞ്ഞ് വാങ്ങാനുള്ള തിരക്കായിരുന്നു കൂടെയുള്ള അച്ഛന്മാര്‍ പറഞ്ഞു ഇന്ന് അല്പം വീഞ്ഞ് സേവിച്ച് വിവാഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നത് നന്നായിരിയ്ക്കുമെന്ന്. കല്യാണം കഴിഞ്ഞ പുതുമോടികളെപ്പോലെ ദമ്പതികള്‍ വീഞ്ഞും വാങ്ങി ആഘോഷത്തിനായി ഹോട്ടലിലേയ്ക്ക് തിരിച്ചു. വിവാഹത്തിന്റെ നാല്‍പതാം വര്‍ഷത്തിലെത്തിയ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജോണ്‍ പയ്യപ്പിള്ളിയും ഭാര്യ പുഷ്പമ്മയും മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്ന ബാബു സാറും അമ്മിണി സാറും, പിന്നെ 25 വര്‍ഷങ്ങള്‍ കഴിഞ്ഞ ഈ ഞാനും എന്റെ ഭാര്യ സെലിനും ഒരുമിച്ചു ചേര്‍ന്ന് കാനാ വീഞ്ഞു സേവിച്ച് ഈ പുണ്യ ഭൂമിയില്‍ വെച്ച് വിവാഹ വ്രത വാഗ്ദാനം ഒന്നുകൂടി ദൃഢമാക്കി. 

(തുടരും....)

ഫോട്ടോസ്: കടപ്പാട് (റെക്‌സണ്‍ റോഡ്രിഗസ്)


ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍ഞാന്‍ കണ്ട വിശുദ്ധനാട് (മൂന്നാം ഭാഗം) ജോര്‍ജ്ജ് ഓലിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക