Image

ജാതകം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 22 June, 2016
ജാതകം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ജനനമീ ജന്മത്തിലാദ്യഭാഗം
ജനനിതന്‍ സാഫല്യപൂര്‍വ്വഭാഗ്യം
നരകമോ നമ്മള്‍ക്കു പേടിസ്വപ്‌­നം
നാകമീ ലോകത്തില്‍ ഭാഗ്യകാലം.

വറുതിയും വരുതിയിലാക്കിയോര്‍ നാം
നിറമാര്‍ന്ന സ്വപ്നങ്ങള്‍ കണ്ടിരിക്കെ
സ്‌നേഹത്തിന്‍ തേന്‍മലരൊക്കെവാടി
ത്യാഗത്തിനര്‍ത്ഥമിന്നേറെമാറി.

ജന്മംകൊടുത്തൂവളര്‍ത്തിയോരും
ജന്മിയാം മക്കള്‍ക്കു ഭാരമായി
സ്­മരണീയമായതേയൊന്നുമില്ലാ­
തെന്നപോല്‍ ജീവിതം ബാക്കിയായി.

ഹൃദയത്തിന്‍ഭാഷ മറന്നുപോയോര്‍
സുകൃതക്ഷയത്തിന്‍ നിദാനമായി
കദനം നിറഞ്ഞവര്‍ ജീവിതത്തില്‍
ചരണംമുറിഞ്ഞ ഗാനങ്ങളായി.

സൗഭാഗ്യമേകും കൃപാരശ്­മികള്‍
സദാകാലവും ചിലര്‍ക്കന്യമായി
പ്രേമസ്വരൂപനാമീശ്വരന്റെ
കരുണകാക്കുന്നവേഴാമ്പലായി.

നിറയും നയനങ്ങളില്‍ത്തെളിയും
പ്രത്യാശയില്‍ ദിനം തളളിനീക്കാന്‍
പൊളളുന്ന യാഥാര്‍ത്ഥ്യമവഗണിച്ചും
ഉളളിലെത്തീകെടുത്തുന്നു മര്‍ത്യര്‍.

സര്‍വ്വം സഹിക്കാതെയെന്തുചെയ്‌­വൂ
കരിപുരണ്ടോര്‍മ്മയില്‍ ജീവിതങ്ങള്‍
കുരുതികഴിക്കുവാനായീടുമോ;
മണ്ണില്‍പ്പിറന്നുപോയെന്നതെറ്റില്‍?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക