Image

പുതുയുഗ പിറവി (കാവ്യോത്സവം­-കവിത. ജോസഫ് നമ്പിമഠം)

Published on 05 July, 2016
പുതുയുഗ പിറവി (കാവ്യോത്സവം­-കവിത. ജോസഫ് നമ്പിമഠം)
1975 ല്‍ ഇന്ദിരാ ഗാന്ധി, ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. അക്കാലത്തെ പൊതുവായ അച്ചടക്കവും, മറ്റു നല്ല വശങ്ങളും കണ്ടപ്പോള്‍ എഴുതിയതാണ് ഈ കവിത. അന്ന് എനിക്കു 23 വയസു പ്രായം. അടിയന്തിരാവസ്ഥ ഒരു കരിനിയമം ആണ് എന്നുള്ള അറിവ്, അതു പ്രഖ്യാപിച്ചപ്പോള്‍ മറ്റുള്ള പലരെയും പോലെ എനിക്കും അറിയില്ലായിരുന്നു. അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്ന ഒരു പരാമര്‍ശവും ഈ കവിതയില്‍ ഇല്ല. കൊയ്­ത്തു നടക്കുന്ന ഒരു വയലിന്റെ വരന്പില്‍ കൂടെ നടന്നപ്പോള്‍ മനസ്സില്‍ പൊന്തിവന്ന 'പുതുനെല്ലിന്‍ പുതുമണം' എന്ന രണ്ടു പദങ്ങളില്‍ നിന്നാണ് കവിതയുടെ ജനനം. ഏഴാം കഌസില്‍ പഠിക്കുന്‌പോള്‍ മുതല്‍ കൊച്ചു കൊച്ചു കവിതാശകലങ്ങള്‍ കുത്തി കുറിച്ചിരുന്നെങ്കിലും ഈ കവിതയാണ് പ്രസിദ്ധീകൃതമായ ആദ്യ കവിത. വഞ്ചി പാട്ടിന്റെ ഈണത്തില്‍ പാടാവുന്നതാണ് ഈ കവിത. അക്കാലത്തെ ഒരു ഫോട്ടോ ആണ് കൂടെ കൊടുത്തിരിക്കുന്നത്.

1976 ല്‍ ദീപികയില്‍ ആണ് ആദ്യ കൃതികള്‍ പ്രസിദ്ധീകരിച്ചു വന്നത്. മരിയദാസ് നന്പിമഠം എന്ന തൂലികാ നാമത്തിലാണ് എഴുതി തുടങ്ങിയത്. 1976 ലെ ദീപിക ഓണപ്പതിപ്പിന്റെ മുഖ്യ ലേഖനമായി പ്രസിദ്ധീകരിച്ചത്' "ഓണം ഒരു മാതൃകാ ലോക സങ്കല്‍പ്പം" എന്ന എന്റെ ലേഖനമാണ്. ദീപിക, കേരളഭൂഷണം, മനഃശാസ്ത്രം, കേരള കവിത, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യ ലോകം തുടങ്ങി കേരളത്തിലെ പല പ്രശസ്ത പ്രസിദ്ധീകരണങ്ങളിലും കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1985 ല്‍ ആണ് അമേരിക്കയില്‍ എത്തുന്നത്. ഏഴു തവണ ഫൊക്കാന അവാര്‍ഡ്, മലയാളം പത്രം അവാര്‍ഡ്, ലാന പുരസ്കാരം, തുടങ്ങി പല അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങള്‍, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം എന്നിവ കേരളത്തിലെ മള്‍ബറി, പാപ്പിയോണ്‍ എന്നീ പ്രസിദ്ധീകരണ ശാലകള്‍ പുസ്തകം ആക്കിയിട്ടുണ്ട്. 2004 നു ശേഷം എഴിതിയ കൃതികള്‍ സമാഹരിച്ചിട്ടില്ല.


പുതുയുഗ പിറവി


പുതുയുഗപ്പിറവിയാല്‍ പുളകിത മമനാടേ
പാടീടട്ടെ പുതുമതന്‍ പുതുഗീതങ്ങള്‍.

ഹരിതമാം തുകിലുകള്‍ ചേലിലെടുത്തണിഞ്ഞിട്ടും
ഹിമകണം തുളുന്പുന്ന താലവുമായി,

വരവേല്‍ക്കാനണയുന്നു സുരഭില സുപ്രഭാത­
മലതല്ലുമാമോദത്തിന്‍ തിരയാണെങ്ങും.

വെള്ള മേഘപ്പാളികളില്‍ വെള്ളിപ്പൂക്കള്‍ നിറയുന്നു,
വെള്ളയാന്പല്‍ പൊയ്­കകളില്‍ പൂക്കളും നീളെ.

മൃദു തെന്നല്‍ തന്റെ ഉള്ളില്‍ പൂവുകള്‍ താന്‍ പുതുഗന്ധ­
മുണരുന്ന മമ നാടിന്‍ നിശ്വാസം പോലെ.

വനവര്‍ണ രാജികളെ തഴുകിച്ചരിക്കും ചോല­
കളും തവശ്രുതി നീട്ടിപ്പാടുന്നു നിത്യം.

ഇളമുളന്തണ്ടുകളീ കണ്ണന്‍ തന്റെ മുരളി പോല്‍,
തൂമയോടെ പാടീടുന്നു തുകിലുണര്‍ത്താന്‍.

സ്വച്ഛമാകുമംബരത്തില്‍ പഞ്ചവര്‍ണപ്പതംഗിക­
ലല്ലലേതു മറിയാതെ പറന്നീടുന്നു.

പുതുനെല്ലിന്‍ പുതുമണം നിറയുന്നു ധരണിയില്‍
പുതുഗന്ധമുയരുന്നു വയലുകളില്‍.

ഫുല്ലമായ മനമോടെ കരങ്ങളില്‍ കരിയേന്തി
കര്‍ഷകരെ ചെല്ലൂ നിങ്ങള്‍ കേദാരങ്ങളില്‍.

ശൂന്യമായ മൃത ഭൂവില്‍ വിരിയട്ടെ പുളകങ്ങള്‍
നിറയട്ടെ ഭൂതലങ്ങള്‍ കതിര്‍മണിയാല്‍.

തോക്കുകളെ ത്യജിച്ചിടും കാലം നിങ്ങള്‍ തന്നെ യോദ്ധാ­
ക്കളും വരും ഭാവിലോകത്തിന്റെ വിധാതാക്കളും.

ദൃഢമാകും മനസ്സോടെ പോകൂ തൊഴിലാളികളെ
കുറിക്കുക ഹൃദയത്തിന്‍ വാതായനത്തില്‍

നൂതനമാം മുദ്രാവാക്യമിന്നു ഞാനീ ഭാരതത്തെ
പ്പുതിയൊ'രുദയസൂര്യ' നാടാക്കി മാറ്റും.

യുവശക്തികളെ വേഗം കുലച്ചിടൂ വില്ലുകളെ
നിഹനിക്കൂ നിര്‍ദ്ദയമീ ശിഖണ്ഡികളെ.

മര്‍ക്കടങ്ങളായിരമാ മാര്‍ഗ്ഗമതില്‍ കിടന്നാലും
മടിയോടെ നിന്നീടല്ലേ നിര്‍വീര്യരായി.

കുരുക്ഷേത്ര യുദ്ധമിന്നു തുടങ്ങുന്നു വീണ്ടുമിതാ
ശരശയ്യാ തന്നിലിന്നും ശയിക്കും സത്യം.

പാഞ്ചജന്യം മുഴങ്ങുന്നു ഉണരുകയല്ലെന്നാകില്‍
കാല ചക്രമതിന്‍ കീഴില്‍ ഞെരിയും മര്‍ത്ത്യന്‍

നിദ്രതന്നെയകറ്റിടൂ, മിഴികളെത്തുറന്നീടൂ
പടച്ചട്ടയണിഞ്ഞിടൂ ഉത്സാഹമോടെ.

************************************************

ഉദയസൂര്യ നാട്­ ജപ്പാന്‍

ശിഖണ്ഡി ­­ ആണും പെണ്ണുമല്ലാത്തവന്‍, ഉപദ്രവകാരി

പാഞ്ചജന്യം ­­ വിഷ്­ണുവിന്റെ ശം­ഖ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക