Image

നമ്മളൊരേ...(കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 27 July, 2016
നമ്മളൊരേ...(കവിത:അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ചിരകാലമായി നാം കേള്‍ക്കുന്നിവര്‍ക്കുമേല്‍*
ചാര്‍ത്തുവാറുളളപേര്‍­"കളളപ്പരിശകള്‍"
സൃഷ്ടിച്ചിടുന്നു തെ,റ്റാരുചെയ്തീടിലും;
കരിവാക്കുകള്‍ക്കൊണ്ടിടയ്‌കേറെ വാര്‍ത്തകള്‍!
മുറിയുന്നിതോരോ മനവുമെന്നോര്‍ക്കാതെ
വെറുതെയിന്നിവരെപ്പഴിക്കുന്നുറക്കെനാം
എന്തിനീ പാവങ്ങളെ നാം വെറുക്കണം;
പകലോന്റെ ചൂടിനൊപ്പം നാം ജ്വലിക്കണം?

അദ്ധ്വാനശീലരായോരിവര്‍ ധരയിതിന്‍
വൃദ്ധിയ്ക്കുണര്‍വ്വേകിടാന്‍ ശ്രമിക്കുന്നവര്‍
കൂരകളില്‍നിന്നുണര്‍ന്നുണര്‍ന്നൊരുപോലെ
യാശാചെരാതും തെളിച്ചണഞ്ഞീടുവോര്‍
"സോദരരാണുനാം ഭാരതീയര്‍”­സദാ
വേദമോതുന്നപോലോതുന്നു കാതിലായ്
പാതിമാത്രം തുറന്നീടുന്ന മനസ്സിനാല്‍
പാടേ മറന്നതും പതിവുപോല്‍ ഝടിതിനാം.

പെരിയകാര്യങ്ങള്‍ക്കടിത്തറപാകുവോര്‍­
ക്കെതിരെയിന്നെന്തിന്നിടുങ്ങുന്ന പാതകള്‍
ചിരകാല വൈരികള്‍പോലിവര്‍ക്കെന്തിനായ്
തീര്‍ക്കുന്നകമെയീ, കൂര്‍ത്തമുള്‍വേലികള്‍?
മണ്ണിന്റെ മക്കളായ് തന്‍ കര്‍മ്മചിന്തകള്‍
നിര്‍ണ്ണയം വെട്ടിത്തെളിക്കുന്നവര്‍ക്കുമേല്‍
കാട്ടേണ്ടതില്ലിന്നയിത്തമീ മണ്ണിലും;
വര്‍ണ്ണാഭമാകട്ടെയിന്നവര്‍ക്കുളളിലും!!

കാണ്‍മതെല്ലാം കരട്മാത്രമാണെന്നപോ­
ലഭിമാന മലയാളമേ,യിന്നിവര്‍ക്കഴല്‍­
ചാര്‍ത്തരുത്; ചില കളളനാണയങ്ങള്‍ക്കുമേ­
ലൊരുകണ്ണുവേണ്ടതാണെങ്കിലും­മേലിലും.
തൃണതുല്യമാക്കിനാ,മിതരര്‍ക്കൊരിക്കലും
വ്രണിതഹൃത്തേകിയിട്ടില്ലെന്ന പൈതൃകം
അകമേയുണര്‍ത്തേണ്ടതാണെന്നുമീവിധം
ഹൃദ്യമായ് നല്‍കാമിവര്‍ക്കുദയ സുസ്മിതം!!
­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­­
*കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാ­ളികള്‍
Join WhatsApp News
വിദ്യാധരൻ 2016-07-27 09:59:25
ദ്വൈമുഖംകൊണ്ട് ചരിക്കുന്നു ലോകം അ-
ദ്വൈതം  വിലപ്പോവില്ലിവിടെ കവേ 
ഒന്നിനൊന്നു വളമാകണം വളരുവാൻ 
മന്നിലെ നിഷേധിക്കാനാവാത്ത തത്വമാണിത് 
ഉള്ളിലെ സത്യം മറിച്ചാണെങ്കിലും 
കള്ളപരിഷകൾ എന്നുതന്നെ വിളിക്കണം'
ആർദ്രത ദയ കാരുണ്യംമൊക്കയും  
ശൂദ്ര വർഗ്ഗത്തിൻ സവിശേഷത 
തിന്നുന്നു തൃണത്തെ പുള്ളിമാൻ 
പുള്ളിമാനെ പിടിക്കുന്നു കേസരി
കണ്ണ് തുറന്നു നീ നോക്കുക ചുറ്റിലും  
മർത്ത്യൻ  മർത്ത്യന്റെ കണ്ഠം മുറിക്കുന്നു 
ബ്രഹ്മവും പ്രപഞ്ചവും രണ്ടാണ് സ്നേഹിതാ 
രണ്ടല്ലെന്ന വാദം നിരര്‍ത്ഥകം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക