ബെന്നികൊട്ടാരത്തിലിനെപ്പോലെ പ്രവചന വരമൊന്നും ഇല്ലെങ്കിലും ഈ ലേഖകനും ഒന്നു പ്രവചിച്ചു നോക്കി. ഹിലരി ക്ലിന്റന്‍ ജയിക്കില്ലെന്നായിരുന്നു നിഗമനം. കാരണം സിമ്പിള്‍. ജയിക്കാനായിരുന്നെങ്കില്‍ എട്ടു വര്‍ഷം മുന്‍പ് ജയിക്കണമായിരുന്നു. അന്നു ഹിലരിക്ക് നല്ല പ്രായം. എതിരാളി ഒബാമ കറുത്ത വര്‍ഗക്കാരന്‍, ആരൊരും അറിയാത്തയാള്‍. എന്നിട്ടും ഹിലരി തോറ്റു. അതിനര്‍ഥം ഹിലരിക്കു പ്രസിഡന്റാകാന്‍ തലേവര ഇല്ലെന്നു തന്നെ എന്നു തോന്നി. ഇത്തവണ പോലും ബെര്‍ണി സാന്‍ഡേഴ്‌യ്‌സ് വിജയത്തിനടുത്തായതാണ്.
ഹിലരി ജയിക്കില്ലെന്നു എഴുതിയാല്‍ ഹിലരി ഫാന്‍സ് പിണങ്ങുമോ എന്നു പേടിച്ചു. അതിനാല്‍ സുധീര്‍ പണിക്കവീട്ടിലിനു മാത്രം വായിക്കാന്‍ നല്‍കിയ ലേഖനം പ്രസിദ്ധീകരിക്കുന്നു.
-----------------------
കാലം 1991. രാജീവ് ഗാന്ധിയുടെ വധം വരെയെത്തിയ ദേശീയ തെരഞ്ഞെടുപ്പിന്റെ സമയം. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് മഹാഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ രാജീവ് ബോഫോഴ്‌സ് വിവാദത്തില്‍ 1989ലെ ഇലക്ഷനില്‍ പരാജയപ്പെട്ടു. തുടര്‍ന്നു വന്ന വി.പി സിംഗിന്റേയും ചന്ദ്രശേഖറുടേയും മന്ത്രിസഭകള്‍ അല്‍പായുസായിനാല്‍ വേണ്ടിവന്ന തെരഞ്ഞെടുപ്പ്.
മലയാള മനോരമയുടെ ബോംബെ പ്രതിനിധിയായിരുന്ന ലേഖകനും, മാതൃഭൂമിയുടെ ലേഖകനായിരുന്ന എം.പി. കൃഷ്ണദാസും ഗുജറാത്തില്‍ ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗിനു പോയി. പത്രങ്ങള്‍ തമ്മില്‍ മത്സരമുണ്ടെങ്കിലും റിപ്പോര്‍ട്ടര്‍മാര്‍ തമ്മില്‍ മത്സരമില്ല എന്നതായിരുന്നു അന്നത്തെ തത്വശാസ്ത്രം.
ബോംബെയില്‍ നിന്നു ബസില്‍ സൂററ്റില്‍. അവിടെ നിന്നു കാറില്‍ ബറോഡയിലെത്തി. ബി.ജെ.പിയുടെ പ്രമുഖ നേതാവ് എല്‍.കെ. അഡ്വാനിയുടെ ആദ്യ പ്രസംഗം അവിടെയായിരുന്നു. ബോംബെയില്‍ നിന്നുള്ള പത്രക്കാര്‍ എന്ന നിലയില്‍ പ്രാദേശിക പത്രക്കാര്‍ ഉപചാരപൂര്‍വ്വം പെരുമാറി. അവരുടെ കൂടെ അഡ്വാനിയെ സന്ദര്‍ശിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി. സിംഘാനിയയുടെ വക ചാര്‍ട്ടര്‍ വിമാനത്തിലായിരുന്നു അഡ്വാനിയെത്തിയത്.
അന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് തന്നെയാണ് ഭരണത്തിലെങ്കിലും ബി.ജെ.പി തഴച്ചുവളരുന്ന സമയം. ദേശീയ നേതാവെന്ന നിലയില്‍ അഡ്വാനിയുടെ മീറ്റിംഗില്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി. അഡ്വാനി വിവിധ നഗരങ്ങളിലേക്ക് പോകുമ്പോള്‍ ഞങ്ങളും കാറില്‍ മുന്‍കൂട്ടി എത്തും. ഹിമ്മത്ത് നഗറില്‍ വച്ച് ഗാന്ധിജിയുടെ കൊച്ചുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. അദ്ദേഹം അവിടെ കോണ്‍ഗ്രസും ബി.ജെ.പിയുമല്ലാത്ത ഏതോ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ്. മണ്ഡലത്തിലെ ജാതി വോട്ടിലാണ് അദ്ദേഹം കണ്ണുവെച്ചത്. 'ഖാം' എന്നു ചുരുക്കപ്പേര്. താണ ജാതിക്കാരും മുസ്ലീംകളും ചേര്‍ന്ന മുന്നണി. ഗാന്ധിജിയുടെ കൊച്ചുമകന്‍ ജാതി ലക്ഷ്യം വെച്ചുള്ള വോട്ട് തേടാമോ എന്ന ചോദ്യത്തിനു പ്രാദേശിക രാഷ്ട്രീയത്തിന്റെ അവസ്ഥയും നിവൃത്തികേടുമാണു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വിവിധ നഗരങ്ങളില്‍ ചുറ്റിക്കറങ്ങി ജനങ്ങളുമായൊക്കെ ബന്ധപ്പെട്ടപ്പോള്‍ ബിജെപി എത്ര ആഴത്തില്‍ ജനമനസ്സുകളില്‍ വളരുന്നുവെന്ന് മനസിലായി. ഒടുവില്‍ കറങ്ങിത്തിരിഞ്ഞ് തലസ്ഥാനമായ അഹമ്മദാബാദിലെത്തി.
രാവിലെ ഒമ്പതു മണിക്ക് പ്രഭാത ഭക്ഷണം കിട്ടുമോ എന്നു നോക്കി പുറത്തിറങ്ങിയപ്പോള്‍ മിക്ക കടകളിലും മധുര പലഹാരങ്ങള്‍ മാത്രമാണ് രാവിലെ കണ്ടതെന്നതും മനസ്സില്‍ കയ്പുള്ള ഓര്‍മ്മയായി കിടക്കുന്നു.
ബി.ജെ.പി ഓഫീസിലും കോണ്‍ഗ്രസ് ഓഫീസിലും പോയി. ബി.ജെ.പി ഓഫീസില്‍ ചെന്നപ്പോള്‍ സ്‌റ്റേറ്റ് സെക്രട്ടറി (പേര് മറന്നു) ദീര്‍ഘനേരം സംസാരിച്ചു. കൗമാരം കഴിയാത്ത ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു.
ബി.ജെ.പി ഓഫീസിലെ ഒരു മേശയുടെ/ഡെസ്‌കിന്റെ പിന്നില്‍ ഇരുന്ന താടിക്കാരനായ യുവാവിനെ ശ്രദ്ധിച്ചു. ബി.ജെ.പിയുടെ ഭാരവാഹിയായി ആരും പരിചയപ്പെടുത്തിയില്ല. അതിനാലൊട്ടു സംസാരിച്ചതുമില്ല.
ഞങ്ങളുടെ കാറില്‍ മറ്റൊരു സ്ഥലത്തേക്ക് വഴികാട്ടിയായി ആ ആര്‍.എസ്.എസ് പ്രവര്‍ത്തകനും വന്നു. പോകുന്ന വഴിക്ക് അയാള്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. ഒന്ന് മുസ്ലീംകളുടെ ഒരു കേന്ദ്രം ചൂണ്ടിക്കാട്ടി അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്ന് പറഞ്ഞു. പിന്നീട് ആര്‍.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിച്ചു. ഓഫീസിലിരുന്ന താടിക്കാരന്‍ ആര്‍.എസ്.എസ് മിഷണറി ആണെന്നും പറഞ്ഞു. മിഷണറി എന്ന പദവും മനസ്സില്‍ കിടന്നു.
പിന്നീട് ആ താടിക്കാരന്‍ അവിചാരിതമായി ഗുജറാത്ത് മുഖ്യമന്ത്രിയായി. ഇപ്പോള്‍ പ്രധാനമന്ത്രിയും.
അന്ന് എല്‍.കെ. അഡ്വാനിയും വാജ്‌പേയിയുമായിരുന്നു വലിയ നേതാക്കള്‍. വാജ്‌പേയി പ്രധാനമന്ത്രിയായി. അതേ തലയെടുപ്പുണ്ടായിരുന്ന അഡ്വാനിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞില്ല.
കാലം മാറി. ഇന്നു ബി.ജെ.പിയില്‍ അദ്വാനി കാര്യമായ ആരുമല്ല. അദ്ദേഹത്തിന്റെ പ്രസംഗം മുന്‍ കൂട്ടി എഴുതി കൊടുത്താലെ സംസാരിക്കാന്‍ അനുവദിക്കൂ എന്നതാണു സ്ഥിതി. കാലത്തിന്റെ പോക്ക്.
സിംഹാസനങ്ങളുടെ തൊട്ടടുത്ത് എത്തിയ മറ്റൊരു വ്യക്തിയാണ് സോണിയാ ഗാന്ധിയും. പക്ഷെ ഒരിക്കലും അതിലിരിക്കാനായില്ല. റിമോട്ട് കണ്ട്രോളിലൂടെ ഭരണം നിയന്ത്രിക്കാനായത് അതിലും നന്നായെന്നു പറയുന്നവരുമുണ്ടാകാം.
ഇതേ ഒരവസ്ഥ ഹിലരി ക്ലിന്റനും. 2008-ല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിക്കുമ്പോള്‍ അവരുടെ വിജയസാധ്യതയെപ്പറ്റി ആര്‍ക്കും സംശയമില്ലായിരുന്നു. പക്ഷെ തീര്‍ത്തും അപ്രശസ്തനായ സെനറ്റര്‍ ബറാക് ഒബാമയ്ക്കു മുന്നില്‍ അവര്‍ പരാജയപ്പെട്ടു.
ഇത്തവണയും ഇതാ സെനറ്റര്‍ ബെര്‍ണി സാന്റേഴ്‌സന്റെ രൂപത്തില്‍ ശക്തമായ എതിര്‍പ്പും അവര്‍ക്ക് നേരിടേണ്ടി വന്നു. പൊതു തെരെഞ്ഞെടുപ്പില്‍ ട്രമ്പ് ആണു സ്ഥാനാര്‍ത്ഥിയെങ്കില്‍ അവര്‍ വിജയിക്കുമെന്നും വിധിയെഴുത്തൂണ്ടായി. പക്ഷെ സംഭവിച്ചത് മറ്റൊന്ന്.
ഇനി പരാജയത്തെപറ്റി കൂടി പറയട്ടെ. കുട്ടിക്രുഷ്ണ മാരാരുടെ ഭാരത പര്യടനത്തില്‍ ദുര്യോധനന്‍ ചാകാന്‍ കിടക്കുന്ന രംഗം വര്‍ണിക്കുന്നു. അപഹസിക്കുന്നവരോടൂ ദുര്യോധനന്‍ പറയുന്നു... 'ഞാന്‍ ലോകം അടക്കി വാണു. സകല ആഹ്ലാദങ്ങളും അനുഭവിച്ചു. മഹാരാജാക്കന്മാര്‍ എന്റെ മുന്നില്‍ പഞ്ഛപുച്ചമടക്കി നിന്നു. യുദ്ധത്തില്‍ ഞാന്‍ വീരനെപ്പോലെ പൊരുതി. വീരസ്വര്‍ഗം എനിക്കായി കാത്തിരിക്കുന്നു.....
പരാജയവും അത്ര മോശമല്ല എന്നര്ഥം.
ഇനി ട്രമ്പിനെപറ്റി കൂടി. ജീവിക്കുന്നെങ്കില്‍ ഇങ്ങനെ വേണം. എല്ലാത്തരം അനുഭവങ്ങളും പണവും നേടി. ഇപ്പോഴിതാ അധികാരത്തിന്റെ ഉത്തുംഗത്തില്‍ എത്തിയിരിക്കുന്നു. ഇങ്ങനെ എത്ര പേര്‍ ചരിത്രത്തില്‍ ഉണ്ട്?
വാല്‍ക്കഷണം കൂടി. ട്രമ്പ് ചുംബിച്ചുവെന്നും അവിടെയും ഇവിടെയുമൊക്കെ കയറി പിടിച്ചുവെന്നുമൊക്കെ ചില വനിതകള്‍ ആരോപിച്ചിരുന്നു. ഇനിയിപ്പോല്‍ അവര്‍ പ്ലേറ്റ് മാറ്റും. പ്രസിഡന്റിന്റെ കരലാളനമേല്‍ക്കാന്‍ ഭാഗ്യം കിട്ടി എന്നതിലഭിമാനിക്കുന്നവരായിരിക്കും പലരും.
മോണിക്ക ലൂവിന്‍സ്‌കി ആകാന്‍ കഴിഞ്ഞില്ലല്ലോ എന്നു പല വനിതകളും പിന്നീട് പറഞ്ഞുവെന്ന റിപ്പോര്‍ട്ടുകളോട് കടപ്പാട്.