Image

നീ പാടുന്നു....ഞാനും.... (കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 24 December, 2016
നീ പാടുന്നു....ഞാനും.... (കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
വളരുന്ന മനമസ്സിലേക്കതിസൗഖ്യ വചനങ്ങ-
ളുരുവിട്ടുകൊണ്ടണയുമവദൂധസാമ്യമായ്
ശുഭചിന്തയുള്ളില്‍നിറച്ചുകൊണ്ടരികിലായ്
ചിനുചിനെപ്പെയ്തുനില്‍ക്കുന്നു-പുലര്‍മഴ!

നിയമതമിതിന്‍ധര്‍മ്മ, മതിവേനലേറ്റവര്‍-
ക്കല്പകാലം സദയമാശ്വാസമാകയാല്‍
ഹരിതാഭമായ്മാറിടുന്നിതെന്നവനി, വിണ്‍-
മണ്ഡലമാശിച്ചപ്പോള്‍ പതിയെയെങ്കിലും.

ജീവന്റെദ്രുതതാളമിവിടെ പുല്‍നാമ്പുകള്‍
കവിതകളാക്കുന്നു വ്യതിരിക്തമായ്ക്ഷണം
കമനീയ പൂവാടികള്‍ ചിരിച്ചാര്‍ത്തപോല്‍
തലചായ്ച്ചുലഞ്ഞിടുന്നിരുവശങ്ങള്‍സമം.

സ്ഥിരകാലമിവിടെയില്ലെന്നുണര്‍ത്തുംപോലെ
വിരമിച്ചിടുന്നുപ്രിയ മാരിവില്‍പ്പൊന്‍കല
പരിതപിച്ചീടുന്നിടയ്ക്കിടെ പ്രകൃതിതന്‍
പ്രതിശബ്ദഭാഷയില്‍ മൊഴിയും നിശ്ശബ്ദത.

ശ്രുതിചേര്‍ത്തുപാടുവാന്‍ തോന്നുന്നെനിക്കുമി-
ന്നതിസൗമ്യഗീതമൊന്നുയരാതെ, സര്‍വ്വദാ
ഹൃദയമുരചെയ്,വുയിര്‍ച്ചിന്തുപോല്‍ സന്തതം
നിരുപമസ്‌നേഹകാവ്യങ്ങള്‍തന്‍ ചാരുത.

പാരിതിന്‍ പോരിമയ്‌ക്കെന്തുപേരിട്ടു നാം
പര്യായമാക്കുമിഹ! വേഗേനെ നേരിതിന്‍?
തൃക്കൈകളാല്‍നീ ചമയ്ക്കുന്ന നിരകള്‍ത-
ന്നൊക്കെയുമെന്നറിയുന്നയെന്നയീവേളയില്‍?

തുലനമൊന്നുംഞാന്‍ നടത്തുകല്ലുടയോന്റെ
നടനമല്ലൊന്നുമിത്; പരമസത്യം സഖേ,
പെരിയകാര്യങ്ങളേന്‍ മൊഴിയുവാനാളല്ല!
പരമാണുസാമ്യം പുലരുന്നവന്‍ നരന്‍.

സുരലോകമേകുന്നൊരല്പനേരത്തേയ്ക്കു
സകലതും; സജലമാകുന്നയീ മിഴികളും
മഴയിതളതിലേകമാണെന്നു മാത്രമെന്‍
മൊഴികളായൊഴുകിവന്നീടുന്നു സ്മൃതികളില്‍.

വികലമാക്കീടരുതെന്‍ മനനമിനിചില-
രുദ്രയാര്‍ക്കസാമ്യമല്ലെന്നുകരുതീടിലും
തരമി,ല്ലരക്കഷണ; മക്ഷരം നുകരുവോര്‍
പകരുകയേ ചെയ വൂ പകലുപോല്‍ സുസ്മിതം.

ഘടികാരസൂചിനീങ്ങുന്നപോലെന്നിലും
മന്ദമായ് സ്പന്ദിച്ചിടുന്ന ഹൃതന്തമേ,
വീഴുന്നയോരോ മഴത്തുള്ളിതന്നിലും
രേഖപ്പെടുത്തുന്നുവോ നാഥമൊഴികളും?

പുഴകളായൊഴുകിലു, മരുവിയായ്ത്തീരിലു-
മോരോമഴത്തുള്ളി മണ്ണില്‍പ്പതിക്കിലും
തവനാദമുയരുന്നിതോരോന്നിലും, മധുര-
ഗീതമായി പെയ്തിറങ്ങീടുന്നു മനസ്സിലും.

സാഷ്ടാംഗമിന്നീ ധാരാതലത്തില്‍,പെരിയ-
തരുനിരകള്‍പ്പോലുമിടറിവീണടിയവേ,
സഹചരഹൃദയങ്ങളിലേയ്‌ക്കൊഴുകുവാ-
നര്‍ത്ഥിപ്പു സുകൃതമാ, യല്പകാരുണ്യമായ്.

മമ മനോധാരണ തകരില്ല! കരുണതന്‍
കിരണങ്ങളായ് വീണ്ടുമുണരുന്നു ദിനകരന്‍
വീചികളാല്‍ വചനമോരോന്നനുസ്യൂത-
രചനയാക്യനുചര രസനകള്‍ക്കുടയവന്‍.

പിടികൊടുക്കില്ലയെന്നാല്‍ ചിലര്‍ക്കുനിന്‍
പടിവാതിലിന്‍മുന്നില്‍ നില്‍പ്പെന്നുവരികിലും
പാടുന്നുവെന്നാല്‍ പ്രപഞ്ചമേ, യൊരു തൃണം
പടവിലിരുന്നിതാ, പതിവായ് കൃപാവരം.


നീ പാടുന്നു....ഞാനും.... (കവിത : അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക