പരിഹാസമേറ്റ് പിടഞ്ഞു തീരാനാവുകില്ലിനിയും,
പതിന്‍മടങ്ങു
പരിശ്രമത്തെയിരട്ടിയാക്കട്ടെ.
ശാപവാക്കുകള്‍ കേള്‍ക്കുവാനെന്‍
കാതുതരുകില്ല,
കര്‍മ്മപദമതു നന്മയാല്‍
സമ്പുഷ്ടമാക്കട്ടെ.
സ്ത്രീയായ്പിറന്നതില്‍ നൊന്തിരുന്നൊരു കാലമേകിയതാം,
ഉള്‍ക്കരുത്താല്‍ ഒന്നുകാലുകള്‍ പിച്ചവക്കട്ടെ.
നിന്ദ്യമാം
ചലനങ്ങളൊന്നും എല്‍ക്കുകില്ലിനിയും,
നന്ദിയോടെ സ്മരിച്ചിടാം
ഇവയൊക്കെയെന്നുമിവള്‍.
എന്‍റെ പാദമുറച്ചതാക്കാന്‍
പാടുപെട്ടവരെ,
മനസ്സുമിങ്ങനെ കഠിനമാക്കിയ
ചുറ്റുമുള്ളവരെ.
അറിവായകാലംതൊട്ടു നിങ്ങള്‍ നീട്ടിയതിനെല്ലാം,
അറിയുന്ന
വാക്കുകള്‍ കൊണ്ടു നന്ദി പറഞ്ഞിടട്ടെയിവള്‍.
ആര്‍ക്കുമപരാധത്തിനായ്
ചെറുചിന്തയില്ലിവളില്‍,
ലോകനന്മയതൊന്നു മാത്രമതുള്ളില്‍
നിറയുന്നു.
സല്‍പുത്രിയായ് പ്രിയപത്‌നിയായ് നല്‍പെങ്ങളായ്
വാഴാം,
വാത്സല്ല്യനിധിയാമമ്മയായ് തന്‍ കടമകള്‍ ചെയ്യാം.
ബന്ധമെന്ന
തണല്‍മരത്തിന്‍ നിഴലുവിട്ടെങ്ങും,
പോയിടാതെ പരിപാലനത്തിനു
കൂടെനിന്നീടാം.
അരുതാത്ത വാക്കുകളുച്ചരിച്ചു തളച്ചിടരുതിനിയും,
ഉരുക്കുഭേദിക്കാന്‍ കണക്കുള്‍ബലവുമുണ്ടിവളില്‍.
കലഹിച്ചുനേടും സ്ഥാനവും
സ്വാതന്ത്ര്യവും വേണ്ട,
കഴിവറിഞ്ഞതില്‍ തൃപ്തരായിട്ടേകുകെന്‍ പീഠം.
കാലമേ
നീയെന്തിനെന്നെ ഭയപ്പെടുന്നെന്നും
ബന്ധനസ്ഥയതാക്കി വച്ചു
ചതിക്കയരുതിനിയും.
നിന്‍റെ ജീവനുദിച്ചുയര്‍ന്നതുമെന്നില്‍
നിന്നല്ലേ,
നിന്‍റെ കാലുകള്‍ ശക്തമാവാന്‍ ഏകിയെന്‍ രക്തം.
ഇനിയുമെന്തിനു
ഭയമതെന്നറിയുന്നതേയില്ല,
കഴിയുമെങ്കിലൊരവസരത്തിനു കനിവുകാട്ടിടുക.
