Image

9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-10 ബി.ജോണ്‍ കുന്തറ)

Published on 08 January, 2017
9 ദിവസങ്ങള്‍ ഒരു രക്ഷാദൗത്യത്തിന്റെ കഥ (നോവല്‍-10 ബി.ജോണ്‍ കുന്തറ)
മലയാളം വിവര്‍ത്തനം - എസ്. ജയേഷ്

അദ്ധ്യായം 10

മാത്യൂസിനെ കാണാതായതിന്റെ ഏഴാം ദിവസം…

മാത്യൂസിന് എന്ത് സംഭവിച്ചെന്ന് ഞങ്ങള്‍ക്ക് ഒരു ഊഹവുമില്ലായിരുന്നു. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നു. ആരുമായും കൂടിച്ചേര്‍ന്ന് പോകുന്ന ഒരു രസികനായ മനുഷ്യനായിരുന്നു അദ്ദേഹം. പരിക്കൊന്നും പറ്റിയിട്ടില്ലെങ്കില്‍ അദ്ദേഹം പിടിച്ചു നില്‍ക്കും. അദ്ദേഹത്തിന് പറയത്തക്ക രാഷ്ട്രീയമോ മതചിന്തയോ ഇല്ലായിരുന്നു. അപൂര്‍വ്വമായേ അദ്ദേഹം മറ്റുള്ളവരുമായി തര്‍ക്കിക്കാറുള്ളൂ. അങ്ങിനെയൊരാളെ വേദനിപ്പിക്കുന്നത് ആരായിരിക്കുമെന്നതാണ് എന്റെ ഏറ്റവും വലിയ ആശയക്കുഴപ്പം.

നമ്മള്‍ ഒരാളുടെ അസാന്നിധ്യത്തില്‍ മാത്രമേ അയാളുടെ സാന്നിദ്ധ്യത്തിന്റെ വില മനസ്സിലാക്കൂ എന്നത് ശരിയാണോ. എന്ത് ചെയ്യുന്നതാണ് മാത്യൂസിന് ഏറ്റവും ഇഷ്ടം എന്ന് ഞാന്‍ ആലോചിച്ചു. അദ്ദേഹം ഒന്നാന്തരം പാചകക്കാരനാണ്, പ്രത്യേകിച്ചും ബാര്‍ബീക്യൂ. നിസ്സാര കാര്യങ്ങള്‍ക്ക് ഞങ്ങള്‍ വഴക്ക് കൂടിയിട്ടുണ്ട്. ഞാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ചിരിക്കുന്നതിനെ കളിയാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.

നീല പിന്നില്‍ നിന്നും എന്റെ തോളിലൂടെ കൈയ്യിട്ടപ്പോഴാണ് ഞാന്‍ സ്വപ്നാടനത്തില്‍ നിന്നും ഉണര്‍ന്നത്. പ്രാതല്‍ കഴിഞ്ഞപ്പോള്‍, ആന്‍ഡ്രൂ വിന്റെ എഫ് ബി ഐ സുഹൃത്തിന്റെ സന്ദേശം വന്നതായി പറഞ്ഞു. ഉടനേ വിളിക്കാനായിരുന്നു സന്ദേശം. ആന്‍ഡ്രൂ ഏജന്റിനെ വിളിച്ചപ്പോള്‍ കിട്ടിയ വിവരം, അതിശയം എന്ന് പറയട്ടെ, മി. തോമസ് എബ്രഹാം എഫ് ബി ഐ ഫയലുകളിലെ ഒരു ക്രിമിനല്‍ ആയിരുന്നു.

അത് കേട്ടപ്പോള്‍ ആന്‍ഡ്രൂ വിന്റെ മുഖം വിളറുന്നത് ഞാന്‍ കണ്ടു. എന്തായാലും ഫെഡറല്‍ ഏജന്‍സിയ്ക്ക് വേണ്ടി ഒന്നിച്ച് ജോലി ചെയ്യാറുള്ള ഒരു യു എസ് നേവി വക്കീലിന് വേണ്ടിയായായതിനാല്‍ എന്ത് വിവരവും നല്‍കുന്നതില്‍ ഏജന്റിന് പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. “ഇത് മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര വിഷയമാണ്. ഇതില്‍ ഇടപെടുമ്പോള്‍ സൂക്ഷിക്കണം.” മൈക്ക് പറഞ്ഞു.

എഫ് ബി ഐ ഏജന്റുമായി സംസാരിച്ച ശേഷം ആന്‍ഡ്രൂ കുറിച്ചെടുത്തതെല്ലാം കാണിച്ച് തന്നു. ആ ഏജന്റ് പറഞ്ഞ ചില സ്ഥലപ്പേരുകളെക്കുറിച്ച് അവന് അറിയണമായിരുന്നു. അതിലൊന്നായിരുന്ന് മുത്തോലപ്പുറം. അത് പാലായ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണെന്ന് ഞാന്‍ പറഞ്ഞു.

തോമസ് എബ്രഹാം ജനിച്ചതും വളര്‍ന്നതും മുത്തോലപ്പുറത്തായിരുന്നു. അയാള്‍ കേരളത്തില്‍ നിന്നും ബി എസ് ബിരുദവും മദ്രാസിലെ ഐ ഐ റ്റിയില്‍ നിന്നും എഞ്ചിനീയറിംഗില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്. അയാളൊരു ബുദ്ധിമാനായ വിദ്യാര്‍ഥിയായിരുന്നെന്നാണ് രേഖകള്‍ പറയുന്നത്. ഐ ഐ റ്റി യില്‍ നിന്നും ബിരുദം നേടിയശേഷം അമേരിക്കയിലേയ്ക്ക് പോയി. 1983 ല്‍ അമേരിക്കയിലെത്തി.

എഫ് ബി ഐ വിവരമനുസരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തോമസിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അയാള്‍ അമേരിക്കയില്‍ നിന്നും മെക്‌സിക്കോയിലേയ്‌ക്കോ മറ്റോ കടന്ന് കളഞ്ഞെന്ന് എഫ് ബി ഐ കരുതി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എഫ് ബി ഐ യും സി ഐ ഏയും അയാള്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി കണ്ടെത്തി.

തോമസ് എബ്രഹാമിന്റെ പാസ്സ്‌പോര്‍ട്ടില്‍ മെക്‌സിക്കോ, സിംഗപ്പൂര്‍, ടര്‍ക്കി എന്നിവിടങ്ങളിലെ ഇമിഗ്രേഷന്‍ സ്റ്റാമ്പുകള്‍ കണ്ടതായി ഓര്‍ത്തു. ആന്‍ഡ്രൂ ആ വിവരങ്ങള്‍ ഏജന്റ് മൈക്കിന് കൈമാറി.

തോമസ് ശരിക്കും എന്ത് കുറ്റകൃത്യത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയാന്‍ ഈ കേസ് വിശദമായി പഠിക്കണമെന്ന് മൈക്ക് പറഞ്ഞു. എഫ് ബി ഐ അല്ലാതെ വേറെ ഏതെങ്കിലും ഏജന്‍സി ഈ കേസില്‍ ഇടപെടുന്നുണ്ടോയെന്ന് അറിയാന്‍ കുറച്ച് സമയം വേണമെന്നും അയാള്‍ അറിയിച്ചു. എത്രയും പെട്ടെന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്ന് പറഞ്ഞ് അയാള്‍ നിര്‍ത്തി.

“മമ്മീ, ഈ പ്രശ്‌നം വലുതാകുകയാണെന്ന് തോന്നുന്നു, എനിക്ക് ഇപ്പോള്‍ത്തന്നെ റോയിയുമായി സംസാരിക്കണം.”

ആന്‍ഡ്രൂ റോയിയെ വിളിച്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ചു. റോയിയും അത് തന്നെയാണ് പറഞ്ഞത്. അയാള്‍ എത്രയും പെട്ടെന്ന് വരാമെന്നും തോമസ് എബ്രഹാമുമായി സംസാരിക്കണമെന്നും പറഞ്ഞു. അര മണിക്കൂറിനകം റോയ് വേറൊരു ഓഫീസറിനൊപ്പം എത്തിച്ചേര്‍ന്നു. ആന്‍ഡ്രൂ എഫ് ബി ഐ യില്‍ നിന്നും കിട്ടിയ വിവരങ്ങളെല്ലാം റോയിയുമായി പങ്കുവച്ചു. “ഞങ്ങളുടെ ഡാറ്റാബേസില്‍ ഒരു പിടികിട്ടാപ്പുള്ളി ആയി അയാള്‍ ഉണ്ടെന്ന് എനിക്കറിയാം, അമേരിക്കന്‍ സര്‍ക്കാര്‍ അയാള്‍ക്ക് വേണ്ടി തിരയുകയാണ്.” ആന്‍ഡ്രൂ പറഞ്ഞു. എന്നിട്ട് അവര്‍ 4 ഇയിലേയ്ക്ക് പോയി. റോയ് കാളിംഗ് ബെല്‍ അമര്‍ത്തിയെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. കുറേ തവണ വാതിയില്‍ മുട്ടി കാത്ത് നിന്നു. “നമുക്ക് സെക്യൂരിറ്റിയുടെ അടുത്ത് പോകാം. അവര്‍ക്ക് തോമസ് എവിടെയുണ്ടാകുമെന്ന് വല്ല അറിവും ഉണ്ടെങ്കിലോ,“ റോയ് പറഞ്ഞു. ഞങ്ങള്‍ താഴേയ്ക്ക് പോയി.

സെക്യൂരിറ്റി ഗാര്‍ഡിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ അലി ബഹുമാനത്തോടെ കൈ പുറകില്‍ കെട്ടി വന്നു. റോയ് പോലീസില്‍ നിന്നാണെന്ന് അവനറിയാമായിരുന്നു. റോയ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

“4 ഇ യില്‍ താമസിക്കുന്ന മി. തോമസ് ഇപ്പോള്‍ എവിടെയാണെന്ന് നിനക്കറിയാമോ?”

“ഇല്ല സര്‍. ഇന്നലെ വൈകുന്നേരം വേറൊരാളുടെ കൂടെ തോമസ് സാര്‍ പോയി.” പറയുമ്പോള്‍ അലിയുടെ മുഖത്ത് ഭയമുണ്ടായിരുന്നു.

“അയാള്‍ അവിടെയില്ലെന്ന് നിനക്കെങ്ങിനെയറിയാം?” റോയ് കടുത്ത സ്വരത്തില്‍ ചോദിച്ചു.

ആ ചോദ്യം കേട്ടപ്പോള്‍ താനെന്തോ അബദ്ധം പറഞ്ഞെന്നത് പോലെ അലി ഭയന്നു. “സര്‍, തോമസ് സാറിന്റെ കൈയ്യില്‍ രണ്ട് ബാഗുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ കൈയ്യിലും ഒരെണ്ണം ഉണ്ടായിരുന്നു. അവര്‍ തിരിച്ച് വരുന്നത് ഞാന്‍ കണ്ടില്ല.” അലി പറഞ്ഞു.

റോയിയ്ക്ക് അലിയില്‍ നിന്നും കൂടുതല്‍ അറിയണമായിരുന്നു. “അയാള്‍ കാറിലാണോ പോയത്?”

“അല്ല സര്‍, ഇവിടെ നിന്നല്ല. അവര്‍ മെയിന്‍ റോഡ് വരെ നടക്കുകയായിരുന്നു. ഞാന്‍ അത്രയേ കണ്ടുള്ളൂ.”

“തോമസ്സിന്റെ ഒപ്പമുണ്ടായിരുന്ന ആളെ നീ മുമ്പ് കണ്ടിട്ടുണ്ടോ?”

“ഉവ്വ്. അയാള്‍ പല പ്രാവശ്യം തോമസ് സാറിന്റെ അപാര്‍ട്ട്‌മെന്റ് സന്ദര്‍ശിച്ചിട്ടുണ്ട്.”

“അയാളുടെ പേര് അറിയാമോ?”

“ഉവ്വ്,“ അലി വിശദീകരിച്ചു, “തോമസ് സാര്‍ അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്തയുടനെയാണ് അയാള്‍ ആദ്യമായി വന്നത്. 4ഇ യില്‍ കൊണ്ടാക്കുമ്പോള്‍ ഞാന്‍ പേര് ചോദിച്ചിരുന്നു. പോള്‍ എന്നാണ് പേരെന്നും തോമസ് സാറിന്റെ സുഹൃത്താണെന്നും പറഞ്ഞു. എനിക്ക് അത്രയേ അറിയൂ.”

“എനിക്ക് ആ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമസ്ഥനെക്കുറിച്ച് എല്ലാ വിവരങ്ങളും വേണം, പേര്, വിലാസം, ഫോണ്‍ നമ്പര്‍ എല്ലാം.”

“ശരി സര്‍,“ അലി പറഞ്ഞു. അവന്‍ തന്റെ ഓഫീസിലേയ്ക്ക് പോയി ഒരു ബുക്ക് കൊണ്ടുവന്നു. ഏതാനും പേജുകള്‍ മറിച്ച് ഒരു പേര് കാണിച്ചു. റോയ് ഉടമസ്ഥനെ അറിയാന്‍ ആവശ്യമുള്ളതെല്ലാം കുറിച്ചെടുത്തു.

“ഇക്ബാല്‍ സാറിന് രണ്ട് യൂണിറ്റുകളുണ്ട്. ഒന്ന് അദ്ദേഹം ഉപയോഗിക്കുന്നു. പക്ഷേ അദ്ദേഹം ദുബായിലാണ്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം വരാറുണ്ട്,“ അലി പറഞ്ഞു.

ഉടമസ്ഥന്‍ അല്ലാതെ മറ്റാരുടെയെങ്കിലും കൈയ്യില്‍ 4ഇയുടെ താക്കോല്‍ ഉണ്ടോ?”

“ഉണ്ട് സാര്‍, ഇക്ബാല്‍ സാറിന്റെ സഹോദരന്‍ ആലുവയിലുണ്ട്, അദ്ദേഹത്തിന്റെയടുത്ത് താക്കോല്‍ കാണും. തോമസ് വാടകയ്‌ക്കെടുത്തപ്പോള്‍ അദ്ദേഹമാണ് താക്കോല്‍ കൊടുക്കാന്‍ വന്നത്. ഈ രണ്ടാമത്തെ നമ്പര്‍ അദ്ദേഹത്തിന്റെയാണ്. സലീം എന്നാണ് പേര്.”

‘ഇന്നലെ വൈകുന്നേരം എത്ര മണിക്കാണ് തോമസും സുഹൃത്തും പുറത്തേയ്ക്ക് പോയത്?” അലിയോടുള്ള അവസാനത്തെ ചോദ്യമായിരുന്നു അത്.

“ആറ് മണിയാക്കാണും. അത് കഴിഞ്ഞാണ് ഞാന്‍ വാട്ടര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ പോയത്. എല്ലാ ദിവസവും ആറ് മണിയ്ക്കാണ് ചെയ്യാറുള്ളത്.” അലി പറഞ്ഞു.

“എന്റെ അനുവാദമില്ലാതെ ആരും ഇനി ആ ഫ്‌ലാറ്റില്‍ പ്രവേശിക്കാന്‍ പാടില്ല. ഞാന്‍ സലീമിനെ കണ്ട് താക്കോല്‍ വാങ്ങിക്കാന്‍ പോകുകയാണ്.” റോയ് അലിയോട് പറഞ്ഞു.

“ശരി സര്‍.” അലി മറുപടി പറഞ്ഞിട്ട് ഉറപ്പിക്കാനെന്ന പോലെ ചോദിച്ചു, “തോമസ് സാര്‍ വരികയാണെങ്കിലോ?”

“കുഴപ്പമില്ല. അയാളോട് ഒന്നും പറയണ്ട. അത് ഞങ്ങള്‍ നോക്കിക്കോളാം.” റോയ് പറഞ്ഞു.

റോയ് സെക്യൂരിറ്റി ഓഫീസില്‍ നിന്നും നീങ്ങി ആന്‍ഡ്രൂവിനോട് സലീമിനെ കാണാന്‍ പോകുകയാണെന്നും താക്കോല്‍ വാങ്ങി ഫ്‌ലാറ്റ് തുറക്കാന്‍ പോകുകയാണെന്നും അറിയിച്ചു. അത് പരാജയപ്പെടുകയാണെങ്കില്‍, ആ യുണീറ്റ് തുറക്കാനുള്ള അനുവാദം കോടതിയില്‍ നിന്നോ മേലുദ്യോഗസ്ഥരില്‍ നിന്നോ വാങ്ങിക്കും. അത്ര പ്രധാനമാണത്.

“റോയ് ഇതും ഡാഡിനെ കാണാതായതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് തോന്നുന്നുണ്ടോ?”

“ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. ഞാന്‍ ഓഫീസില്‍ പോയി കുറച്ച് കൂടി ഫോണ്‍ വിളികള്‍ നടത്തി ഈ തോമസ് എബ്രഹാമിനെക്കുറിച്ച് ഒന്നുകൂടി പഠിക്കട്ടെ.” റോയ് പറഞ്ഞു.

ശേഷം റോയ് സലീമിന് ഫോണ്‍ ചെയ്തു. അയാളുടെ കൈയ്യില്‍ 4ഇ യുടെ താക്കോല്‍ ഉണ്ടെന്നും ഇപ്പോള്‍ തൃശ്ശൂരില്‍ ആയതിനാല്‍ അഞ്ച് മണിയ്ക്ക് ഫ്‌ലാറ്റില്‍ എത്താമെന്നും സലീം അറിയിച്ചു. അയാള്‍ക്ക് അവിടെ എന്തൊക്കെയോ കാര്യങ്ങള്‍ ചെയ്യാനുണ്ടത്രേ.

റോയും കൂടെ വന്ന ഓഫീസറും ഫ്‌ലാറ്റില്‍ നിന്നും പോകുന്നതിന് മുമ്പ്, ആ ഓഫീസര്‍ ഒരു ഫോണ്‍ കാള്‍ ചെയ്തു. ഏതാനും നിമിഷങ്ങള്‍ക്കകം ഒരാള്‍ മോട്ടോര്‍ ബൈക്കില്‍ വന്നെത്തി ആ ഓഫീസറെ സല്യൂട്ട് ചെയ്തു.

ആന്‍ഡ്രൂ ഇതെല്ലാം കുറച്ചകലെ നിന്ന് കാണുകയായിരുന്നു. കാരണം ഔദ്യോഗികമായി അയാള്‍ക്ക് ഈ അന്വേഷണത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലായിരുന്നു. റോയ് മറ്റേ ഓഫീസറുടെ കൂടെയായിരിക്കുമ്പോള്‍ അയാള്‍ ഒരു അകലം സൂക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ആന്‍ഡ്രൂ വിന് മനസ്സിലായി. ബൈക്കില്‍ വന്നയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. റോയ് മെയിന്‍ റോഡിലേയ്ക്ക് വിരല്‍ ചൂണ്ടിക്കാണിക്കുന്നത് ആന്‍ഡ്രൂ കണ്ടു.

അയാളെക്കൊണ്ട് അടുത്തുള്ള കടകളില്‍ നിന്ന് തോമസിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിപ്പിക്കാനാണ് റോയിയുടെ പദ്ധതി എന്ന് ആന്‍ഡ്രൂ സംശയിച്ചു. റോയിയും മറ്റേ ഓഫീസറും അവിടെ നിന്നും പോകുന്നതിന് മുമ്പ്, റോയ് ആന്‍ഡ്രൂവിനെ അടുത്തേയ്ക്ക് വിളിച്ച് വൈകുന്നേരം സലീം താക്കോലുമായി വരുമ്പോള്‍ 4ഇ പരിശോധിക്കാന്‍ എത്തുമെന്ന് അറിയിച്ചു.

ആന്‍ഡ്രൂ ഫ്‌ലാറ്റില്‍ തിരിച്ചെത്തിയശേഷം അമേരിക്കയിലെ എഫ് ബി ഐ സുഹൃത്തിനെ വീണ്ടും വിളിച്ചു. ഇത്തവണ, മുക്കാല്‍ മണിക്കൂറിലധികം നേരം സംസാരിച്ചു. സംഭാഷണത്തിനിടയില്‍ അവന്‍ എന്തൊക്കെയോ കുറിച്ചെടുക്കുന്നത് കണ്ടു. സംഭാഷണം അവസാനിച്ചശേഷം ആന്‍ഡ്രൂ കുറച്ചു നേരം സോഫയില്‍ പോയിരുന്നു. അവന്‍ എന്നോട് കൂടെയിരിക്കാന്‍ പറഞ്ഞു. കുറച്ച് മുമ്പ് അമേരിക്കയില്‍ നിന്നും മൈക്ക് പറഞ്ഞതെല്ലാം എനിക്ക് വിശദീകരിച്ചു.

“മമ്മീ, നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ കുഴപ്പം നിറഞ്ഞതാണ് കാര്യങ്ങള്‍. തോമസ് എബ്രഹാം ഡാഡിനേയും മമ്മിയേയും പോലെ അമേരിക്കയില്‍ താമസമാക്കിയ സാധാരണ ഇന്ത്യാക്കാരനല്ല. അയാളിപ്പോള്‍ യു എസ് ഡിപ്പാര്‍ട്ട്‌മെറ്റ്ന്‍ ഓഫ് ജസ്റ്റിസ് അന്വേഷിക്കുന്ന ആളാണ്. എഫ് ബി ഐ അയാളുടെ പുറകേയുണ്ട്.”

ആന്‍ഡ്രൂ എന്നെ നോക്കി ഒന്ന് നിര്‍ത്തി. എനിക്ക് എന്തോ ചോദിക്കാനുണ്ടെന്ന് അവന് അറിയാം. “എന്റെ ദൈവമേ, ഡാഡിന് ഇതുമായി എന്ത് ബന്ധം? ഡാഡിന് ഈ തോമസ് എബ്രഹാമിനെ അറിയാമെന്ന് എനിക്ക് തോന്നുന്നില്ല.” ഞാന്‍ പറഞ്ഞു.

“അത് കുരുക്കഴിക്കേണ്ട ഒരു പ്രശ്‌നമാണ്.” ആന്‍ഡ്രൂ പറഞ്ഞു.

“തോമസിനെ എഫ് ബി ഐ എന്തിനാണ് തിരയുന്നത്?”

മൈക്കില്‍ നിന്നും അറിഞ്ഞതെല്ലാം ആന്‍ഡ്രൂ എനിക്ക് വിശദീകരിച്ചു തന്നു. തോമസ് പെന്‍സില്‍വാനിയയിലെ വെസ്റ്റിംഗ്‌ഹൌസ് ഇലക്ട്രിക് ആന്റ് റിസേര്‍ച്ചില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അയാള്‍ ആണവശേഷി വികസിപ്പിക്കാന്‍ ഇറാനെ സഹായിച്ചിട്ടുണ്ടെന്നാണ് എഫ് ബി ഐ കരുതുന്നത്. വെസ്റ്റിംഗ്‌ഹൌസിലെ അന്വേഷണസംഘം അയാളെ പിടികൂടിയിട്ടുണ്ട്. വെസ്റ്റിംഗ്‌ഹൌസ് എഫ് ബി ഐ യുമായി ചേര്‍ന്ന് അയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ അതെങ്ങിനെയോ മണത്തറിഞ്ഞ് അമേരിക്കന്‍ മണ്ണില്‍ നിന്നും അപ്രത്യക്ഷനായി.

“എപ്പോഴായിരുന്നു ഇതെല്ലാം സംഭവിച്ചത്?”

“എഫ് ബി ഐയിലെ സുഹൃത്ത് പറഞ്ഞതനുസരിച്ച്, 2012 മുതല്‍ തോമസ് അത് ചെയ്യുന്നുണ്ടായിരുന്നു. പിടിയിലായത് 2014 അവസാനവും,“ ആന്‍ഡ്രൂ പറഞ്ഞു.

അന്വേഷണം തുടങ്ങാന്‍ വെസ്റ്റിംഗ്‌ഹൌസിന് പല കാരണങ്ങളുണ്ടായിരുന്നു. വര്‍ഷത്തില്‍ പല തവണ അയാള്‍ ഇന്ത്യയിലേയ്ക്ക് പോകുമായിരുന്നു. എല്ലായ്‌പോഴും അയാളുടെ പ്രായമായ മാതാപിതാക്കള്‍ക്ക് സുഖമില്ലെന്നും അവരെ നോക്കാന്‍ വേണ്ടി പോകണമെന്നുമാണ് അയാള്‍ പറയാറുള്ളത്. പക്ഷേ ഒരു സംഭവത്തില്‍ വെസ്റ്റിംഗ്‌ഹൌസിന് സംശയം തോന്നുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ഒരിക്കല്‍ അയാള്‍ ഇന്ത്യയിലായിരുന്നപ്പോള്‍, അയാള്‍ വെസ്റ്റിംഗ്‌ഹൌസിലേയ്ക്ക് ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അയച്ചു. അതില്‍ തോമസിന് ഒരു ആക്‌സിഡന്റ് ഉണ്ടായെന്നും സുഖം പ്രാപിക്കാന്‍ രണ്ട് മാസത്തില്‍ കൂടുതല്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ എഴുതിയിരുന്നു. ആ റിപ്പോര്‍ട്ട് വച്ച് തോമസ് മൂന്ന് മാസത്തെ അവധിയ്ക്ക് അപേക്ഷിച്ചു.

“ഉം, പണം കൊടുത്താല്‍ ഇന്ത്യയില്‍ എന്താ കിട്ടാത്തത്?” ഞാന്‍ പറഞ്ഞു.

ആ സമയത്ത് വെസ്റ്റിംഗ്‌ഹൌസിലെ മറ്റൊരു തൊഴിലാളി, തോമസിന്റെ അതേ ഓഫീസില്‍ ജോലി ചെയ്യുന്ന മലയാളി, കേരളത്തിലേയ്ക്ക് അവധിയ്ക്ക് വന്നു. തോമസിന് കേരളത്തില്‍ വച്ച് ആക്‌സിഡന്റ് ആയെന്ന് അയാള്‍ക്കറിയാമായിരുന്നു. അയാള്‍ തോമസിന്റെ നാടായ മുത്തോലപ്പുറത്ത് പോയി അയാളെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.

വെസ്റ്റിംഗ്‌ഹൌസിലെ ഈ തൊഴിലാളി തോമസ് എബ്രഹാമിന്റെ വീട്ടില്‍ പോയി. അയാള്‍ അവിടെയെത്തിയപ്പോള്‍, അവിടെ തോമസിന്റെ അനുജനേയും കുടുംബത്തിനേയും മാത്രമേ കണ്ടുള്ളൂ. അയാള്‍ ആക്‌സിഡന്റിനെക്കുറിച്ച് അന്വേഷിക്കുകയും ഏത് ആശുപത്രിയിലാണ് തോമസ് ചികിത്സ നേടുന്നതെന്ന് ആരായുകയും ചെയ്തു. തോമസിന്റെ അനുജന്‍ കുഴപ്പത്തിലായി. അയാള്‍ തെറ്റായ സ്ഥലത്താണ് വന്നതെന്ന് സംശയിച്ചു. അയാളുടെ സഹോദരന് ആക്‌സിഡന്റ് ഒന്നും ഉണ്ടായിട്ടില്ല. അമേരിക്കയിലുള്ള സഹോദരനായ തോമസിനെക്കുറിച്ച് തന്നെയാണോ ചോദിക്കുന്നതെന്ന് അയാള്‍ വീണ്ടും ചോദിച്ചു.

തോമസ് എബ്രഹാമിനെപ്പറ്റി തന്നെയാണ് സംസാരിക്കുന്നതെന്ന് അയാള്‍ ഉറപ്പിച്ചു. പെന്‍സില്‍വാനിയയില്‍ അവര്‍ ഒന്നിച്ചാണല്ലോ ജോലി ചെയ്യുന്നത്. അത് പറഞ്ഞപ്പോള്‍ തോമസിന്റെ അനുജന് വിശ്വാസമായി.

തോമസിന് കുഴപ്പമൊന്നുമില്ലെന്നും ആക്‌സിഡന്റ് ഉണ്ടായിട്ടില്ലെന്നും തോമസിന്റെ അനുജന്‍ പറഞ്ഞു. അയാള്‍ രണ്ടാഴ്ച മുമ്പ് വന്ന് ഒരു രാത്രി താമസിച്ചിരുന്നു. അടുത്ത ദിവസം തിരിയ്ക്കുമ്പോള്‍ രണ്ട് ദിവസത്തിനകം അമേരിക്കയിലേയ്ക്ക് തിരിച്ച് പോകുമെന്ന് പറഞ്ഞിരുന്നു. അവര്‍ക്ക് അത്രയേ അറിയുള്ളൂ. അത് മാത്രമല്ല, തോമസിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്നില്ലെന്നും ആ സഹപ്രവര്‍ത്തകന്‍ മനസ്സിലാക്കി.

അവധി കഴിഞ്ഞ് ആ മനുഷ്യന്‍ വെസ്റ്റിംഗ്‌ഹൌസില്‍ തിരിച്ചെത്തിയപ്പോള്‍ അയാള്‍ ഈ വിവരങ്ങളെല്ലാം മേലുദ്യോഗസ്ഥരെ അറിയിച്ചു. തിരിച്ച് ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ആരോടും, തോമസിനോട് പോലും, ഈ വിവരങ്ങള്‍ പറയരുതെന്ന് അയാളുടെ ബോസ് പറഞ്ഞു.

സിക്ക് ലീവ് കഴിഞ്ഞ് തോമസ് തിരിച്ച് പോയി. എല്ലാം സാധാരണ പോലെ കാണപ്പെട്ടു. എന്നാല്‍ വെസ്റ്റിംഗ്‌ഹൌസ് തോമസിനെക്കുറിച്ച് ഒരു അന്വേഷണം തുടങ്ങിയിരുന്നു. തോമസ് കള്ളം പറഞ്ഞതെന്തിനാണെന്നും അവധി നീട്ടിയതെന്തിനാണെന്നും അവര്‍ക്കറിയണമായിരുന്നു. അവര്‍ അയാളുടെ എല്ലാ നീക്കങ്ങളും നിരീക്ഷിച്ചു. അയാള്‍ക്ക് ക്ലിയറന്‍സ് ഇല്ലാത്ത മറ്റ് സ്രോതസ്സുകളില്‍ നിന്നും ന്യൂക്ലിയര്‍ റിസര്‍ച്ചിന്റെ വിവരങ്ങള്‍ തിരയുന്നതായി അവര്‍ കണ്ടെത്തി.

തോമസ് ഇന്ത്യയിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ ചാരിറ്റി ഡോണേഷന്റെ ഭാഗമായി അയയ്ക്കുന്നതില്‍ പങ്കുചേരുന്നുണ്ടെന്നും കണ്ടെത്തി. കേരളത്തില്‍ ലക്ഷ്യസ്ഥാനത്ത് ഉല്പന്നം എത്തിയാല്‍ അയാള്‍ അവിടെ ചെന്ന് ആ മെഷീനുകളില്‍ നിന്നും ആവശ്യമുള്ളതെല്ലാം എടുക്കും. അതാണ് ഇടയ്ക്കിടെയുള്ള ഇന്ത്യയിലേയ്ക്കുള്ള യാത്രകളുടെ ഉദ്ദേശ്യം. അല്ലാതെ മാതാപിതാക്കളെ കാണാനല്ല. ഇതെല്ലാം കേട്ടപ്പോള്‍ നീല പറഞ്ഞു, “എന്തൊരു ജന്മം”

“ചിലര്‍ പണത്തിന് വേണ്ടി എന്തും ചെയ്യും.” ആന്‍ഡ്രൂ പറഞ്ഞു “ഇന്ത്യയിലെ യൂ എസ് എമ്പസ്സി മുഖേന, തോമസ്സിനെക്കുറിച്ച് എഫ് ബി ഐയ്ക്ക് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഇമ്മിഗ്രേഷന്‍ ബ്യൂറോ ഈ അന്വേഷണത്തില്‍ സഹായിച്ചിട്ടുണ്ട്. തോമസ് സിക്ക് ലീവിന്റെ സമയത്ത് ന്യൂ ഡല്‍ഹിയില്‍ നിന്നും എവിടെപ്പോയെന്ന വിവരം ബ്യൂറോയില്‍ നിന്ന്! യൂ എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റിന് കിട്ടിയിട്ടുണ്ട്.”

തോമസ് ടര്‍ക്കിഷ് എയര്‍ലൈന്‍സില്‍ ഇസ്താംബുളിലേയ്ക്ക് പോയതായി അറിഞ്ഞു. അത് മാത്രമല്ല, അയാള്‍ക്ക് ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റ് എടുത്ത് കൊടുത്തത് ആരാണെന്നും അറിവ് കിട്ടി. ഒരു ട്രാവല്‍ ഏജന്‍സി ഇന്ത്യയിലെ ഇറാനിയന്‍ എമ്പസ്സിയ്ക്ക് വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.

എഫ് ബി ഐയുടെ സംശയം തോമസ് ഇറാന് ന്യൂക്ലിയര്‍ റിയാക്ടറിനുള്ള സാങ്കേതികവിവരങ്ങള്‍ വില്‍ക്കുന്നെന്നായിരുന്നു. അമേരിക്ക ഇറാനെ “ടമേലേ ടുീിീെൃ െീള ഠലൃൃീൃശാെ” ആയി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അമേരിക്കയിലെ കമ്പനികള്‍ ഇറാനുമായി കച്ചവടത്തില്‍ ഏര്‍പ്പെടുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം തോമസ്സിന് നന്നായി അറിയാമായിരുന്നു. പണത്തിന് വേണ്ടി അയാള്‍ നിയമം ലംഘിക്കുകയായിരുന്നു.

സാങ്കേതികസഹായങ്ങളും, സ്‌പെയര്‍ പാര്‍ട്ട്‌സും മറ്റ് സാധനങ്ങളും യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വാങ്ങുന്നതിനായി ഇറാന് ടര്‍ക്കിയില്‍ കുറേ കമ്പനികള്‍ ഉണ്ടായിരുന്നു. ഇറാന് ആവശ്യമുള്ളതെല്ലാം ഈ കമ്പനികള്‍ കടത്തിക്കൊണ്ട് വരികയും ആ കച്ചവടത്തില്‍ നിന്നും നല്ല ലാഭം നേടുകയും ചെയ്യും.

ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ നിന്നും, തോമസ് സ്വയം ടര്‍ക്കിയില്‍ നിന്നും ഇറാനിലേയ്ക്ക് കള്ളക്കടത്ത് ചെയ്യുകയായിരുന്നെന്ന് എഫ് ബി ഐക്ക് ബോദ്ധ്യമായി. അയാള്‍ രണ്ട് മാസം ഇറാനില്‍ താമസിച്ച് ഇറാനികളെ ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതില്‍ സഹായിച്ചു. തോമസ് വെസ്റ്റിംഗ്‌ഹൌസില്‍ നിന്നും സിക്ക് ലീവ് എടുത്ത സമയത്തായിരുന്നു അത്.

ആന്‍ഡ്രൂ കുറച്ച് വെള്ളം കുടിച്ച് തുടര്‍ന്നു, “നോക്കൂ, ഞാന്‍ അയാളുടെ പാസ്സ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് കണ്ടതാണ്, ടര്‍ക്കിഷ് ഇമ്മിഗ്രേഷന്റെ സീല്‍, എഫ് ബി ഐയുടെ ഊഹവും ശരിയാണ്.” അല്ലെങ്കില്‍ തോമസ് രണ്ട് മാസം ടര്‍ക്കിയില്‍ എന്ത് ചെയ്യാനാണ്?

എല്ലാം കേട്ടപ്പോള്‍ എനിക്ക് കുറച്ചു നേരത്തേയ്ക്ക് ഒന്നും മിണ്ടാനായില്ല. “ഒരു മലയാളിയ്ക്ക് ഇത്രയും ധൈര്യമോ, വിശ്വസിക്കാനാവുന്നില്ല!” ഞാന്‍ പറഞ്ഞു.

“ടോം ക്ലാന്‍സിയുടെ അപസര്‍പ്പക നോവലിലെ കഥാപാത്രം പോലെയുണ്ട്.” നീല പറഞ്ഞു.

“4 ഇ പരിശോധിക്കാന്‍ വേണ്ടി റോയ് വൈകുന്നേരം എത്തും. ആ സമയത്ത് ഞാന്‍ അയാളുമായി സംസാരിക്കുന്നുണ്ട്. ഈ കേസിന് ഗൌരവം ഏറി വരുന്നു എന്ന് അയാളെ അറിയിക്കണം,“ ആന്‍ഡ്രൂ പറഞ്ഞു.

ഏതാണ്ട് 5 മണിയോടുകൂടി റോയ് എത്തിച്ചേര്‍ന്നു. ആന്‍ഡ്രൂവിനെ താഴെ ലോബിയില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. അവര്‍ ഇരുവരും സലീം വരാന്‍ വേണ്ടി ലിഫ്റ്റിന്റെ മുന്നില്‍ കാത്ത് നിന്നു. സലീമുമായുള്ള കാര്യങ്ങള്‍ കഴിഞ്ഞശേഷം എഫ് ബി ഐയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ റോയിയെ അറിയിക്കണമെന്ന് ആന്‍ഡ്രൂ കരുതി.

കുറച്ച് നിമിഷങ്ങള്‍ക്കകം, ഒരു വെളുത്ത കാര്‍ വന്നു, അലി ഓടിച്ചെന്ന് സലീം സാര്‍ വന്നു എന്നറിയിച്ചു. സലീം കാറില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ അലി അയളോട് എന്തോ പറഞ്ഞു. സലീം പുഞ്ചിരിയ്ക്കുന്ന മുഖവുമായി ഞങ്ങളുടെയടുത്തേയ്ക്ക് വന്നു. റോയ് തന്റെ ബാഡ്ജ് കാണിച്ച് സ്വയം പരിചയപ്പെടുത്തി. ആന്‍ഡ്രൂവിനെ മറ്റൊരു ഓഫീസര്‍ എന്നും പരിചയപ്പെടുത്തി. അവര്‍ ഹസ്തദാനം ചെയ്തു.

അവര്‍ ആരാണെന്നറിഞ്ഞപ്പോള്‍ സലീം വളരെ ഭവ്യതയോടും സഹകരണത്തോടും പെരുമാറി. “എന്തെങ്കിലും പ്രശ്‌നമുണ്ടോ സര്‍?” അയാള്‍ ചോദിച്ചു.

“ഇല്ല. നമുക്ക് 4 ഇ വരെ പോകാം. ഞങ്ങള്‍ക്ക് അതിന്റെ അകത്തൊന്ന് കാണണം,“ റോയ് പറഞ്ഞു. സലീം അല്പം വിഷമത്തിലാകുന്നത് മുഖത്ത് കാണാമായിരുന്നു.

“സര്‍, തോമസ് ആണ് അവിടെ താമസിക്കുന്നത്. വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.”

“അത് ഞങ്ങള്‍ക്കറിയാം, അയാള്‍ ഇപ്പോള്‍ അവിടെയില്ലെന്നും അറിയാം.” റോയ് പറഞ്ഞു.

സലീം അപ്പോഴും ആശയക്കുഴപ്പത്തിലാണെങ്കിലും താന്‍ സംസാരിക്കുന്നത് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനുമായാണെന്ന് അറിയാമായിരുന്നതുകൊണ്ട് ആവശ്യം നിരാകരിച്ചില്ല. “അയാള്‍ അവിടെയില്ലാത്തപ്പോള്‍ എങ്ങിനെയാ അകത്ത് കയറുക?” അയാള്‍ ചോദിച്ചു.

റോയിക്ക് അയാളുടെ പ്രശ്‌നം മനസ്സിലായി. “മി. സലീം. തോമസ് ഒരു സാധാരണ വാടകക്കാരനല്ല, മാത്രമല്ല അയാള്‍ പോയിക്കഴിഞ്ഞു.”

സലീം ഭയന്ന് വിളറിപ്പോയി. “സര്‍, അയാള്‍ പോയിക്കഴിഞ്ഞെന്ന് വച്ചാല്‍?”

“മുകളിലേയ്ക്ക് പോകാം. പോകുന്ന വഴിയ്ക്ക് പറയാം,“ റോയ് പറഞ്ഞു.

ആന്‍ഡ്രൂ ലിഫ്റ്റിന്റെ ബട്ടന്‍ അമര്‍ത്തി കാത്തുനിന്നു. അവര്‍ ലിഫ്റ്റില്‍ കയറിയപ്പോള്‍ റോയ് സംഭാഷണം തുടര്‍ന്നു.

“മി. സലീം, നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഇതൊന്നും നിങ്ങളെ ബാധിക്കുന്നതല്ല.”

അവര്‍ 4ഇ യില്‍ എത്തിച്ചേര്‍ന്നു. സലീം ഒരു ചെറിയ ബാഗില്‍ നിന്നും താക്കോല്‍ പുറത്തെടുത്തു. താക്കോല്‍ പഴുതിലേയ്ക്ക് ഇടുന്നതിനു മുമ്പ് അയാള്‍ ഒരിക്കല്‍ക്കൂടി ആന്‍ഡ്രൂവിനോട് ചോദിച്ചു. “സര്‍, തോമസ് അകത്തില്ലെന്ന് ഉറപ്പാണല്ലോ അല്ലേ?”

ആന്‍ഡ്രൂ ഉറപ്പ് നല്‍കി, “ഇന്നലെ വൈകുന്നേരം തോമസ് പോയി, ഇനി തിരിച്ച് വരില്ല.”

സലീം പിന്നീടൊന്നും ചോദിക്കാതെ വാതില്‍ തുറന്നു. അവര്‍ അകത്ത് കയറി എല്ലായിടവും നോക്കി. റോയ് വെള്ളക്കുപ്പികളിലും കപ്പുകളിലും വിരലടയാളം ഉണ്ടോയെന്ന് പരിശോധിച്ചു. ചിലത് കണ്ടുപിടിച്ചു. അവയെല്ലാം ഒരു തൂവാല കൊണ്ട് എടുത്ത് ബാഗില്‍ നിക്ഷേപിച്ചു. സലീം എല്ലാം നോക്കി നിന്നു.

തോമസ് പോയിക്കഴിഞ്ഞെന്ന് അപ്പോള്‍ സലീമിന് ബോധ്യമായി. ഫ്‌ലാറ്റില്‍ പ്ലാസ്റ്റിക് കസേരകളും ചെറിയ മേശയുമല്ലാതെ വേറൊന്നുമില്ലായിരുന്നു. അപ്പോള്‍, റോയ് സലീമിനോട് കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. ആന്‍ഡ്രൂ ഡൈനിങ് റൂമില്‍ നിന്നും കസേര കൊണ്ടുവന്ന് ഇരുന്നു.

“സലീം, താങ്കള്‍ തോമസിനെ കണ്ടുമുട്ടിയതും ഫ്‌ലാറ്റ് വാടകയ്ക്ക് കൊടുത്തതും മുതലുള്ള കാര്യങ്ങള്‍ ക്രമത്തില്‍ പറയണം.” റോയ് സംഭാഷണം പുനരാരംഭിച്ചു. കുറച്ചാലോചിച്ചിട്ട് സലീം പറഞ്ഞു “സര്‍, പറയാം. എന്റെ ദുബായിലുള്ള സഹോദരന് ഈ ബില്‍ഡിങില്‍ രണ്ട് ഫ്‌ലാറ്റുകളുണ്ട്. ഒരെണ്ണത്തില്‍ അവന്‍ കേരളത്തില്‍ വരുമ്പോള്‍ താമസിക്കും. മറ്റേത് വാടകയ്ക്ക് കൊടുക്കും.”

അവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയിക്കാനെന്ന പോലെ റോയിയും ആന്‍ഡ്രൂവും തലയാട്ടി. “ആറ് മാസം മുമ്പ് ഒരു കൂട്ടര്‍ ഫ്‌ലാറ്റ് കാലിയാക്കി പോയപ്പോള്‍ ഞാന്‍ ന്യൂസ് പേപ്പറില്‍ ഒരു പരസ്യം കൊടുത്തു. ഒരു ദിവസം ഫാദര്‍ ക്ലീറ്റസ് എന്ന് പേരുള്ള ഒരാള്‍ എന്നെ വിളിച്ച് ഫ്‌ലാറ്റിനെക്കുറിച്ച് അന്വേഷിച്ചു. ഞാന്‍ എല്ലാ വിവരങ്ങളും കൊടുത്തു. ഫാ. ക്ലീറ്റസ്സിന് എന്റെ കണ്ടീഷനുകളും വാടകയും സമ്മതമായിരുന്നു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന് വേണ്ടിയായിരുന്നു ഫ്‌ലാറ്റ്. മൂന്ന് മാസത്തെ വാടക അഡ്വാന്‍സ് ആയി തരാമെന്നും പറഞ്ഞു.”

“ശരി, സമയമെടുത്ത് എല്ലാം വിശദമായി പറഞ്ഞോളൂ.” റോയ് പറഞ്ഞു.

സലീം കുറച്ച് സമാധാനപ്പെട്ട് തുടര്‍ന്നു, “ഫാ. ക്ലീറ്റസ് അടുത്ത ദിവസം വന്ന് എഗ്രീമെന്റ് ഒപ്പ് വയ്ക്കാമെന്ന് അറിയിച്ചു. പറഞ്ഞത് പോലെ ഫാ. ക്ലീറ്റസ് വന്ന് അപാര്‍ട്ട്‌മെന്റ് നോക്കി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

അദ്ദേഹം എനിക്ക് തോമസിനെ പരിചയപ്പെടുത്തി. ആയാള്‍ അമേരിക്കയില്‍ നിന്നാണെന്നും ആലുവയിലെ പ്രീസ്റ്റ് കോളജില്‍ എന്തോ പഠിക്കുകയാണെന്നും ഈ സ്ഥലം വളരെ സൌകര്യപ്രദമാണെന്നും പറഞ്ഞു.”

റോയ് ചിരിച്ചുകൊണ്ട് അയാളെ തിരുത്തി, “സെമിനാരി എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?” ആന്‍ഡ്രൂവും സലീമും ചിരിച്ചു.

“പറഞ്ഞത് പോലെ, ഫാ. ക്ലീറ്റസ് മൂന്ന് മാസത്തെ വാടക മുന്‍ കൂറായി തന്നു. തോമസ് താമസവും തുടങ്ങി. അതിനുശേഷം ഞാന്‍ ഒരിക്കല്‍ മാത്രമേ തോമസിനെ നേരിട്ട് കണ്ടിട്ടുള്ളൂ. അതും മൂന്ന് മാസങ്ങള്‍ക്ക് ശേഷം വാടക വാങ്ങിക്കാന്‍ വന്നപ്പോള്‍. അതേ, ഒരു തവണ അയാള്‍ എന്തോ ഇലക്ട്രിക്കല്‍ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചിരുന്നു. ഞാന്‍ ഒരു ഇലക്ട്രീഷ്യനെ അയയ്ക്കുകയും ചെയ്തു.”

“അത് ശരി.” റോയ് ചോദിച്ചു, “ഫാ. ക്ലീറ്റസ് എവിടന്നാണ് വന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ?”

“അറിയാം. ഫാദര്‍ പാലായില്‍ നിന്നാണെന്ന് പറഞ്ഞിരുന്നു. അവിടെ ഒരു ആശുപത്രിയുടെ ചുമതലക്കാരനാണ്.” സലീം പറഞ്ഞു.

റോയ് എഴുന്നേറ്റു, സലീമും ആന്‍ഡ്രൂവും അയാളെ പിന്തുടര്‍ന്നു. സലീം ഭവ്യതയോടെ ചോദിച്ചു, “തോമസിന് എന്താണ് പ്രശ്‌നം? എന്നോട് പറയുകപോലും ചെയ്യാതെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പോയതെന്തിനാണ്?”

“അത്, അതിനെപ്പറ്റിയോ തോമസ്സിനെപ്പറ്റിയോ ഇപ്പോള്‍ അധികമൊന്നും പറയാന്‍ പറ്റില്ല, പക്ഷേ ഒരു കാര്യം പറയാം, വേറേയാരോടും പറയില്ലെങ്കില്‍.” റോയ് പറഞ്ഞു.

“ഇല്ല സാര്‍, ആരോടും പറയില്ല.” സലീം ഉറപ്പ് കൊടുത്തു.

“തോമസിന് പോലീസുമായി കുറേയേറെ പ്രശ്‌നങ്ങളുണ്ട്, അതിനെപ്പറ്റി അയാളോട് ചോദിക്കാന്‍ ഞങ്ങള്‍ മിനിയാന്ന് വന്നിരുന്നു. അന്ന് വൈകുന്നേരം തന്നെ അയാള്‍ സ്ഥലം വിട്ടു. ഇപ്പോള്‍ അത്രയേ പറയാന്‍ പറ്റൂ.” റോയ് പറഞ്ഞു.

സലീമിന് കാര്യം മനസ്സിലായി, കൂടുതലൊന്നും അയാള്‍ ചോദിച്ചില്ല.

“ഇപ്പോള്‍ ഇത്രയും മതി. ഇനി നമുക്ക് പോകാം.”

ഫ്‌ലാറ്റില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ റോയ് സലീമിനോട് പോലീസുമായി സഹകരിച്ചതിന് നന്ദി പറഞ്ഞു. “തോമസ് വിളിക്കുകയാണെങ്കില്‍ ഇതിനെപ്പറ്റിയൊന്നും പറയരുത് കേട്ടോ? അയാള്‍ വിളിക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് ഈ ഫ്‌ലാറ്റ് വേറേ ആര്‍ക്കെങ്കിലും വാടകയ്ക്ക് കൊടുക്കാം.” റോയ് പറഞ്ഞു.

ആ അഭിപ്രായത്തില്‍ ആന്‍ഡ്രൂവും സലീമും ചിരിച്ചു.

സലീം പോയ ശേഷം, ആന്‍ഡ്രൂ തോമസിനെക്കുറിച്ചുള്ള കുറച്ച് പ്രധാനപ്പെട്ട വിവരങ്ങള്‍ റോയുമായി പങ്കുവയ്ക്കാനുണ്ടെന്ന് പറഞ്ഞു. റോയും അത് തന്നെ പറഞ്ഞു.

“നമുക്ക് സ്വസ്ഥമായിരുന്ന് സംസാരിക്കാന്‍ പറ്റിയ വല്ലയിടത്തും പോകാം, ഏതെങ്കിലും റസ്‌റ്റോറന്റോ മറ്റോ.” റോയ് പറഞ്ഞു.

ആ പ്രദേശത്തെ റസ്‌റ്റോറന്റിനെക്കുറിച്ച് ആന്‍ഡ്രൂവിന് അറിവൊന്നുമില്ലായിരുന്നു. റോയ് അത് മനസ്സിലാക്കി പറഞ്ഞു, “ ഇടപ്പള്ളിയില്‍ നല്ലൊരു റസ്‌റ്റോറന്റ് ഉണ്ട്. ഞാന്‍ എറണാകുളം ഓഫീസില്‍ വരുമ്പോഴെല്ലാം അവിടെ നിന്നാണ് കഴിക്കുക. ഒന്നാന്താരമാണ്. അവിടെ െ്രെപവറ്റ് മുറികളുണ്ട്, എന്നെ അവര്‍ക്കറിയുകയും ചെയ്യാം.”

ഇടപ്പള്ളി എവിടെയാണെന്ന് ആന്‍ഡ്രൂവിന് യാതൊരു ധാരണയുമില്ലായിരുന്നു.

“നിങ്ങള്‍ക്ക് െ്രെഡവര്‍ ഇല്ലേ? എന്താണയാളുടെ പേര്?” റോയ് ചോദിച്ചു.

“പ്ലാസി”

“അയാള്‍ ഇവിടെയുണ്ടോ?

“ഉണ്ട്, അയാള്‍ കാറിലോ പരിസരത്തോ കാണും.” ആന്‍ഡ്രൂ പറഞ്ഞു.

ആന്‍ഡ്രൂ പ്ലാസിയെ തിരഞ്ഞ് ബില്‍ഡിങ്ങിന് ചുറ്റും നടന്നു. അയാള്‍ കാറില്‍ കിടന്നുറങ്ങുകയായിരുന്നു. ആന്‍ഡ്രൂ അയാളെ ഉണര്‍ത്തി റോയിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി.

റോയ് അയാള്‍ക്ക് റസ്‌റ്റോറന്റിലേയ്ക്കുള്ള വഴി പറഞ്ഞു കൊടുത്തു. പ്ലാസി തല കുലുക്കുന്നതില്‍ നിന്നും അയാള്‍ക്ക് വഴി മനസ്സിലായെന്ന് ആന്‍ഡ്രൂ ഊഹിച്ചു.

റോയ് ആന്‍ഡ്രൂവിന് നേരെ തിരിഞ്ഞ് പറഞ്ഞു, “പ്ലാസിയ്ക്ക് സ്ഥലം അറിയാം. ഞാന്‍ ഇപ്പോള്‍ വരാം.”

ഫ്‌ലാറ്റില്‍ പോയിട്ട് ഉടനേ വരാമെന്ന് ആന്‍ഡ്രൂ പ്ലാസിയോട് പറഞ്ഞു. റോയിയുമായി റസ്‌റ്റോറന്റിലെ മീറ്റിംഗിനെക്കുറിച്ച് പറഞ്ഞപ്പോള്‍ എനിക്കും കൂടെ പോകണമെന്നുണ്ടായിരുന്നു.

പക്ഷേ നീലയും, ഇച്ചാച്ചനും അമ്മച്ചിയും ഉള്ളപ്പോള്‍ ഞാനെങ്ങിനെ പോകും. അവര്‍ക്ക് ആഹാരം കൊടുക്കണ്ടേ. അവരെ ഒറ്റയ്ക്കാക്കി പോകാന്‍ കഴിയില്ല. ആന്‍ഡ്രൂ വേഗം കുളിച്ച് വസ്ത്രം മാറി പുറപ്പെട്ടു.


(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക