മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് ആദ്യപതിപ്പായി ഇറങ്ങിയ, രവിവര്‍മ്മ
തമ്പുരാന്റെ "ഭയങ്കരാമുടി" എന്ന നോവല്‍ വായിക്കാന്‍ ഇപ്പോഴാണ്
അവസരമുണ്ടായത്.
പേരു സൂചിപ്പിക്കുന്നതുപോലെതന്നെ, "ഭയം" എന്ന വികാരത്തെ അതിന്റെ മുഴുവന്‍ തീവൃതയോടെ ഈ കൃതി അവതരിപ്പിക്കുന്നു.
പുരോഗമനവാദത്തിന്റെ
മൂടുപടമിട്ട് തങ്ങളുടെ സ്വകാര്യ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന
ഛിദ്രശക്തികളുടെ സ്വാധീനവലയത്തിലേക്ക് അറിഞ്ഞുകൊണ്ടോ അറിയാതെയോ
തെന്നിവീഴുന്ന ബുദ്ധിജീവികളുടേയും സാംസ്കാരിക്നായകരുടേയും ചെയ്തികള്‍ ഈ
കൃതിയില്‍ പരാമര്‍ശവിഷയമാകുന്നു. സ്വന്തം അസ്തിത്വത്തെപ്പറ്റിയയുള്ള ഭയമാണ്
അവരെക്കോണ്ട് ഇതു ചെയ്യിക്കുന്നത് എന്നത് കൂടൂതല്‍ ഭീതിദമായ ഒരു കാര്യമായി
നോവലിസ്റ്റ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. നാം കൊട്ടിഗ്ഘോഷിക്കുന്ന
വ്യക്തിസ്വാതന്ത്ര്യം, രാഷ്ട്രീയത്തിന്റേയും മതങ്ങളുടേയും സംഘടിത
രാക്ഷസീയതയ്ക്കുമുമ്പില് നിസ്സഹായ്മാകുന്ന നേര്‍ക്കാഴ്ച
ഞെട്ടലുളവാക്കുന്നു.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള
"ഭരണകൂട ഭീകരത"യ്ക്കു വഴിയൊരുക്കിയേക്കാവുന്ന ഒരു രാഷ്ട്രീയ അജണ്ടയല്ലേ
ഇപ്പോള്‍ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നു
സംശയിക്കേണ്ടിയിരിക്കുന്നു.
ഗുജറാത്തില്‍നടന്ന കൂട്ടക്കൊലയുടെ
ഓര്‍മ്മകള്‍ വര്‍ഷങ്ങളായി ജീവനോടെ നിര്‍ത്തി അതില്‍നിന്നു സാമ്പത്തികലാഭം
ഊറ്റിയെടുക്കുന്ന അര്ച്ചനാശര്മ്മയും ധ്യാനും വെറും പ്രതീകങ്ങള്‍മാത്രം.
ഇത്തരം സാമൂഹ്യവിരുദ്ധരും അവര്‍ക്കു കുടപിടിയ്ക്കുന്ന ബുദ്ധിജീവികളും,
വോട്ടുബാങ്ക്! രാഷ്ട്രീയം കളിച്ച് ഇത്തരം ദ്രോഹങ്ങള്‍ക്ക് എല്ലാ
ഒത്താശകളും ചെയ്തുകൊടുക്കുന്ന രാഷ്ട്രീയനേതൃത്വവും മാപ്പര്‍ഹിക്കാത്ത
അപരാധമല്ലേ, നൂറുശതമാനം സാക്ഷരതയുണ്ടെന്നഭിമാനിയ്ക്കുന്ന ഒരു സമൂഹത്തോടു
ചെയ്യുന്നത്?
സമകാലികകേരളത്തില്‍ രാഷ്ട്രീയതലത്തിലും
സാംസ്കാരികതലത്തിലും നടക്കുന്ന സംഭവങ്ങളെ ഫിക്ഷന്റെ
അതിരുകള്ക്കുപുറത്തേക്കാനയിച്ച് വിശ്വാസയോഗ്യമാക്കുന്നതില്, ഒരു
പത്രപ്രവര്‍ത്തകന്‍കൂടിയായ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു..
കേരളപ്പിറവിയ്ക്കു മുമ്പും പിമ്പുമുള്ള ചരിത്രത്തില്‍ മതങ്ങളുടേയും
ജാതികളുടേയും വിദേശശക്തികളുടേയും ഇടപെടലുകളെ രസകരങ്ങളായ അപഗ്രഥനങ്ങളിലൂടെ
വരച്ചുകാട്ടുന്നു. കഥാഗതിയെ സമകാലികസംഭവങ്ങളും യഥാര്ത്ഥവ്യക്തികളുമായി
ബന്ധിപ്പിക്കുന്നത് ഇതിവൃത്തത്തിന് ഒരു പ്രത്യേക സത്വരത (ശാാലറശമര്യ)
നല്‍കുന്നുണ്ട്.
ഒരു സംഭാഷണശകലം ശ്രദ്ധിക്കുക:
"അതെന്താ കേരളം മുഴുവന്‍ തീവൃവാദികളാണോ?"
"അതല്ല.
പക്ഷേ, തീവൃവാദവും വിഘടനവാദവുമൊക്കെ അംഗീകരിക്കാന്‍ കഴിയുംവിധം കേരളജനതയെ
ബുദ്ധിപരമായി സജ്ജരാക്കാന്‍ ആഴ്ചപ്പതിപ്പിനും സമാനബൌദ്ധികപ്രക്രിയകള്ക്കും
ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണം, സ്ത്രീ അവകാശം, ദളിത്
അവകാശം, ഭൂമിക്കുമേലുള്ള അവകാശം, മനുഷ്യാവകാശം, അമേരിക്കന്‍
സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം തുടങ്ങി വൈവിധ്യപൂര്‍ണ്ണമായ
ഇടപെടലുകളിലൂടെ കേരളസമൂഹത്തില്‍ നെടുകേയും കുറുകേയും വേരാഴ്ത്തിക്കഴിഞ്ഞു
തീവ്രവാദസംഘങ്ങള്‍."
വേറൊന്ന്: "മനുഷ്യാവകാശപ്രവര്ത്തങ്ങള്ക്ക്
പുതിയ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുകയും അവ ഉപയോഗിച്ച് തീവൃവാദത്തിനു
സമൂഹമദ്ധ്യത്തില്‍ സ്വീകാര്യത നല്കാന് ശ്രമിക്കുകയും ചെയ്ത ചില
സംഘടനകളുമുണ്ടായി."
ഇപ്പോള്‍ ഒരു എഴുത്തുകാരന്റെ ഭാവനാവിലാസം
മാത്രമായി തോന്നിയേക്കാവുന്ന "സ്വതന്ത്രകേരളം" എത്ര ഭീതിദമായ ഒരു
യാഥാര്‍ത്ഥ്യമായി സമീപഭാവിയില്‍ മാറിയേക്കാമെന്നുള്ള ഒരു സാധ്യതയിലേക്കും
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനുതന്നെ അതുവഴി സംഭവിക്കാവുന്ന വന്‍ വിപത്തിലേക്കും ഈ
കൃതി വിരല്‍ചൂണ്ടുന്നു.
വരാനിരിക്കുന്ന തലമുറകളുടെ
സുരക്ഷിതത്വത്തിലേക്കു കനല് കോരിയിടുന്ന സംഭവവികാസങ്ങള്‍ മാതൃദേശത്തു
നടക്കുന്നത് വിദേശത്തിരുന്നുകൊണ്ട് ആകുലതയോടെ വീക്ഷിക്കുന്ന
എന്നെപ്പോലെയുള്ളവരോട് ഈ നോവല്‍ നേരിട്ടു സംവദിക്കുന്നു.
ഓ.
ഹെന്‍ട്രി കഥകളെ അനുസ്മരിപ്പിക്കുന്ന അവസാനത്തെ ട്വിസ്റ്റ് പ്രത്യേകം
എടുത്തുപറയേണ്ടിയിരിക്കുന്നു. ആ ട്വിസ്റ്റില്‍ തന്റെ "കരുത്തു" കാട്ടുന്ന
ശ്രുതകീര്‍ത്തി എന്ന സ്ത്രീകഥാപാത്രത്തിന്റെ പേരിനുള്ളില്‍ത്തന്നെ
നോവലിസ്റ്റ് എന്തൊക്കെയോ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നു തോന്നുന്നു. കാരണം,
ഈ പേരില്‍ പെണ്ണും ആണുമായി മൂന്നു പുരാണകഥാപാത്രങ്ങളെങ്കിലുമുണ്ടല്ലൊ
ശത്രുഘ്നന്റെ ഭാര്യ, വസുദേവരുടെ ഒരു സഹോദരി, പിന്നെ അര്ജുനന്
പാഞ്ചാലിയിലുണ്ടായ മകന്.
നോവലിന്റെ ശില്പത്തെപ്പറ്റി ഒരു
വിയോജിപ്പായി ചൂണ്ടിക്കാണിക്കാനുള്ളത് കഥപറയുന്ന ബോധധാരാരീതിയില്‍
ഇടയ്ക്കിടെ വരുന്ന മാറ്റങ്ങളാണ്. ഒരു പക്ഷേ ഇതും നോവലിസ്റ്റിന്റെ
അറിഞ്ഞുകൊണ്ടുള്ള ഒരു പരീക്ഷണമായിരിക്കാം.
ഇതിലെ ഗൌരവപൂര്‍ണ്ണമായ
ഇതിവൃത്തവും മുന്നറിയിപ്പുകളും അര്ഹിക്കുന്നരീതിയല് ഈ കൃതി
ചര്ച്ചചെയ്യപ്പെട്ടിട്ടുണ്ടൊ എന്നു സംശയിക്കുന്നു.
മാദ്ധ്യമ
പ്രവര്ത്തകന്, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ പ്രസിദ്ധനായ
ഇദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുതിയ നോവല്‍ "ശയ്യാനുകമ്പ"യും
സാമൂഹ്യപ്രസക്തിയുള്ള ഒരു ഇതിവൃത്തമാണു കൈകാര്യം ചെയ്യുന്നത്
എന്നറിയുന്നതില്‍ സന്തോഷമുണ്ട്..
നോവലിലെ അവസാനവാചകങ്ങള്‍
ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് ഉപസംഹരിയ്ക്കാം: "ഭയങ്ങള്‍ തമ്മിലുള്ള
യുദ്ധത്തില്‍ ചെറിയ ഭയം വലിയ ഭയത്തിനു കീഴടങ്ങാന്‍ നിര്‍ബ്ബന്ധിതമാകും.
പക്ഷേ, അപ്പോഴേക്കും ശൂന്യമായിത്തീരുന്ന സ്വച്ഛജീവിതങ്ങളുടെ മേലേക്ക്
നാടൊരു ഭയങ്കരാമുടിയായി വളര്ന്നുയര്ന്നിട്ടുണ്ടാകും."