Image

അമ്മക്കൊരു സ്‌നേഹഗീതം (കവിത - മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 20 January, 2017
അമ്മക്കൊരു സ്‌നേഹഗീതം (കവിത - മഞ്ജുള ശിവദാസ്)
നിറദീപപ്രഭ ചൊരിഞ്ഞെന്‍ മുന്നില്‍ നില്‍ക്കുന്ന-
പ്രത്യക്ഷ ദൈവമാണെന്നുമമ്മ.

അമ്പലനടയിലും കിട്ടാത്ത ശാന്തിയാണമ്മേ-
നിന്‍ അരികിലണഞ്ഞിടുമ്പോള്‍.

ആ കരസ്പര്‍ശമൊന്നേറ്റാല്‍ മതി-
എന്‍റെ അകതാരിലാനന്ദമുറവയാകാന്‍.

നൊമ്പരമുക്തിക്കായ്‌ അമ്മേ ഈ പുത്രിതന്‍-
നെറുകയില്‍ തൊട്ടൊന്നനുഗ്രഹിക്കൂ.

നിന്നടുത്തുള്ളു തുറന്നപ്പൊഴൊക്കെയും-
ആശ്വാസമെന്തെന്നറിഞ്ഞു ഞാനും.

വാത്സല്ല്യമോടെന്നെ ചേര്‍ത്തണച്ചീടുവാന്‍,
പറയാതെയെന്നുള്ളു വായിച്ചെടുക്കുവാന്‍,
എവിടെയാണെന്നാലുമെന്‍ തുടിപ്പറിയുവാന്‍,
ജനനീ നിനക്കേ കഴിഞ്ഞിടുള്ളൂ.

കഠിനമാം വേദന നല്‍കീടിലും-
എത്ര കരുണ നീയെന്നില്‍ ചൊരിഞ്ഞിടുന്നു.

അനിഷ്ടങ്ങളെത്ര ഞാന്‍ കാട്ടീടിലും- 
എന്നുമിഷ്ടമോടെന്നെ പുണര്‍ന്നിടുന്നു.

അപരാധമെന്തൊന്നു ചെയ്തീടിലും-
എനിക്കഭയം നിഷേധിക്കാത്തേക ദൈവം.

അകലങ്ങളതിരായി നില്‍ക്കാത്തനുഗ്രഹം-
ചൊരിയണേ എന്നുമീ മകളിലമ്മേ.

ആഴിയോളം സ്നേഹമുള്ളിലെനിക്കായിട്ടാ-
ണ്ടെത്രയായാലും കരുതിവച്ചീടുവാന്‍-
അമ്മേ നിനക്കു ഞാനെന്തുനല്‍കി..

പ്രാര്‍ത്ഥനാഗീതിയായ് എന്നിലേക്കൊഴുകുന്ന-
സ്നേഹഗംഗേ നിനക്കെന്‍ പ്രണാമം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക