സമ്പന്നരാജ്യമായ അമേരിക്കയിലെ പൗരത്വം
കിട്ടാന്‍ അവിടെ തുടര്‍ച്ചയായി എട്ടു വര്‍ഷം ജീവിച്ചാല്‍ മതി. ചിലരുടെ
കാര്യത്തില്‍ ഏതാനും വര്‍ഷം കൂടി വേണ്ടി വന്നേക്കാം. അസ്വസ്ഥമായ
പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ യൂറോപ്പിലെ പല രാജ്യങ്ങളും
സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്, തുടര്‍ന്നും സ്വീകരിക്കുന്നുമുണ്ട്. ഇങ്ങനെ
സ്വീകരിക്കപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അതതു രാജ്യങ്ങളിലെ പൗരത്വം
കിട്ടാന്‍ എത്ര വര്‍ഷം വേണ്ടിവരുമെന്നു നോക്കാം: ജര്‍മ്മനി എട്ടു വര്‍ഷം.
ഹംഗറി മൂന്നു വര്‍ഷം. സ്വീഡന്‍ അഞ്ചു വര്‍ഷം, അഭയാര്‍ത്ഥികള്‍ക്കു നാലു
വര്‍ഷം മതി. ഇറ്റലി പത്തു വര്‍ഷം, അഭയാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷം.
ഫ്രാന്‍സ് അഞ്ചു വര്‍ഷം. പശ്ചിമേഷ്യയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍
ഇന്ത്യയിലെത്തുന്നതായി കേട്ടിട്ടില്ല. ഇന്ത്യയിലെത്തുന്ന ഒരു വിദേശിയ്ക്ക്
ഇന്ത്യന്‍ പൗരത്വം കിട്ടാന്‍ പന്ത്രണ്ടു വര്‍ഷം മതി. ഇടയ്‌ക്കൊരു സൂചന:
നാലായിരത്തിലേറെ പദങ്ങളുള്ള, നീണ്ട ലേഖനമാണിത്. സമയമുണ്ടെങ്കില്‍ മാത്രം
തുടര്‍ന്നു വായിക്കുക.
എന്നാല്‍ ഏഷ്യയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ മ്യാന്‍മാറിലെ പൗരത്വം
കിട്ടണമെങ്കില്‍ ഇപ്പറഞ്ഞ കാലയളവൊന്നും മതിയാവില്ല; 194 കൊല്ലം
തുടര്‍ച്ചയായി മ്യാന്‍മാറില്‍ ജീവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങള്‍ക്കു
മാത്രമേ സമ്പൂര്‍ണപൗരത്വം കിട്ടുകയുള്ളൂ! പണ്ടു നമ്മുടെ
തീവണ്ടികളിലുണ്ടായിരുന്നതു പോലുള്ള ഉച്ചനീചത്വങ്ങള്‍ മ്യാന്‍മാറിലെ
പൗരത്വത്തിനുമുണ്ട്. തീവണ്ടിയില്‍ പണ്ട് ഒന്നാം ക്‌ളാസ്സ്, രണ്ടാം
ക്‌ളാസ്സ്, മൂന്നാം ക്‌ളാസ്സ് എന്നിങ്ങനെ മൂന്നു ക്‌ളാസ്സുകളുണ്ടായിരുന്നു.
മ്യാന്‍മാറിലെ പൗരത്വവും മൂന്നു ക്‌ളാസ്സുകളിലായി വേര്‍തിരിച്ചിട്ടുണ്ട്:
പൗരത്വം, അസോസിയേറ്റ് പൗരത്വം, നാച്ച്വറലൈസ്ഡ് പൗരത്വം. ഇവയില്‍
സമ്പൂര്‍ണമായതു പൗരത്വമാണ്. പൗരത്വമുള്ളവര്‍ക്കു മാത്രമേ അവിടത്തെ
ഭരണത്തില്‍ പങ്കു വഹിക്കാനുള്ള അവകാശമുള്ളൂ. അസോസിയേറ്റ് പൗരത്വം,
നാച്ച്വറലൈസ്ഡ് പൗരത്വം എന്നിവ മാത്രമുള്ളവര്‍ക്കു തെരഞ്ഞെടുപ്പില്‍
മത്സരിക്കാനുള്ള അവകാശമില്ല; അതുകൊണ്ടവര്‍ക്കു ഭരണാധികാരികളുമാകാനാവില്ല.
നൂറ്റാണ്ടുകളായി മ്യാന്‍മാറില്‍ ജീവിച്ചുപോരുന്ന ഭൂരിപക്ഷസമുദായങ്ങള്‍ക്കു
മാത്രമായി ഭരണാധികാരം പരിമിതപ്പെടുത്തുകയാണ് ഈ നിയന്ത്രണങ്ങളുടെ
ഉദ്ദേശ്യലക്ഷ്യമെന്നു വ്യക്തം. വംശാധിപത്യേച്ഛയുടെ പല രൂപങ്ങളിലൊന്ന്.
നമ്മുടെ നാട്ടിലെ കാര്യമെത്ര എളുപ്പം! ഇരുപത്തഞ്ചു വയസ്സു തികഞ്ഞ ഏതു
പൗരനുമിവിടെ പ്രധാനമന്ത്രിയാകാം, മുപ്പത്തഞ്ചു വയസ്സു തികഞ്ഞ ഏതു
പൗരനുമിവിടെ രാഷ്ട്രപതിയുമാകാം. മ്യാന്‍മാറിലാകട്ടെ, എഴുപതു വയസ്സു കഴിഞ്ഞ
ആങ് സാന്‍ സൂ കീ എന്ന ആഗോളപ്രശസ്തയായ വനിതയ്ക്കു രാഷ്ട്രപതിയാകാന്‍
മറ്റാര്‍ക്കുമില്ലാത്ത യോഗ്യതകളെല്ലാമുണ്ടായിട്ടും അതു സാദ്ധ്യമാകുന്നില്ല.
സൂ കീയ്ക്കു സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയിട്ടുണ്ട്, ഒന്നിലേറെ
ബിരുദങ്ങളുണ്ട്, ബിരുദാനന്തരബിരുദമുണ്ട്. അഹിംസയിലും ജനാധിപത്യത്തിലും സൂ
കീയ്ക്ക് അടിയുറച്ച വിശ്വാസമുണ്ട്. മുകളില്‍പ്പറഞ്ഞ, 194 കൊല്ലം
തുടര്‍ച്ചയായി മ്യാന്‍മാറില്‍ ജീവിച്ചുപോരുന്നൊരു കുടുംബത്തിലെ അംഗവുമാണു
സൂ കീ. മ്യാന്‍മാറിന്റെ രാഷ്ട്രപിതാവായി കണക്കാക്കപ്പെടുന്ന, പരേതനായ ആങ്
സാന്‍ എന്ന മഹദ്‌വ്യക്തിയുടെ മകളുമാണു സൂ കീ. ഇതിനെല്ലാമുപരിയായി, സൂ
കീയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഏറ്റവുമൊടുവില്‍ നടന്ന പാര്‍ലമെന്റു
തെരഞ്ഞെടുപ്പില്‍ എണ്‍പതു ശതമാനത്തിലേറെ സീറ്റുകളും നേടിയിട്ടുണ്ട്.
ഇതൊക്കെയായിട്ടും, സൂ കീയ്ക്കു മ്യാന്‍മാറിലെ രാഷ്ട്രപതിയാകാനാകുന്നില്ല!
ഈ 194 കൊല്ലമെന്ന ഉപാധിയെപ്പറ്റി അല്പം ചരിത്രം: 194 വര്‍ഷം മുമ്പ്,
1823ല്‍, ബ്രിട്ടന്‍ മ്യാന്‍മാറിന്റെ ചില ഭാഗങ്ങള്‍ കൈയടക്കി. തുടര്‍ന്ന്,
അല്പാല്പമായി, മ്യാന്‍മാറിന്റെ ഭൂരിഭാഗവും ബ്രിട്ടന്‍ കൈവശപ്പെടുത്തി.
അധികം താമസിയാതെ മ്യാന്‍മാര്‍ ബ്രിട്ടന്റെ കോളനിയായി മാറി. അന്ന് ഇന്ത്യയും
ബ്രിട്ടന്റെ കോളനി തന്നെ. ഇന്ത്യയും മ്യാന്‍മാറും അടുത്തടുത്തു കിടക്കുന്ന
സ്വന്തം കോളനികളായതുകൊണ്ട്, ബ്രിട്ടന്‍ ഭരണസൗകര്യാര്‍ത്ഥം മ്യാന്‍മാറിനെ
ബ്രിട്ടീഷ് ഇന്ത്യയുടെ പ്രോവിന്‍സുകളിലൊന്നാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ
ആരംഭത്തില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ മദ്രാസ്, ബോംബേ, ബംഗാള്‍, മുതലായ എട്ടു
പ്രോവിന്‍സുകളുണ്ടായിരുന്നു. അവയിലൊന്നായിരുന്നു ബര്‍മ്മാ പ്രോവിന്‍സും.
1937ല്‍ ബ്രിട്ടന്‍ മ്യാന്‍മാറിനെ ബ്രിട്ടീഷിന്ത്യയില്‍ നിന്നടര്‍ത്തി,
ബര്‍മ്മാ ഓഫീസിന്റെ കീഴിലാക്കി; സ്വന്തം കോളനി തന്നെ, വേറിട്ട ഒന്ന് എന്നു
മാത്രം.
മ്യാന്‍മാറിനെ ബ്രിട്ടന്റെ കൈപ്പിടിയില്‍ നിന്നു വിടുവിക്കാന്‍
കഠിനാദ്ധ്വാനം നടത്തിയ വ്യക്തിയായിരുന്നു, ആങ് സാന്‍ സൂ കീയുടെ
പിതാവായിരുന്ന ആങ് സാന്‍. 'ആങ് സാന്‍', 'ആങ് സാന്‍ സൂ കീ': ഈ പേരുകള്‍
ആശയക്കുഴപ്പമുണ്ടാക്കാനിടയുണ്ട്. അതൊഴിവാക്കാന്‍ ചെറിയൊരു വിശദീകരണം
സഹായിക്കും. മാതാപിതാക്കളുടേയും, മാതാപിതാക്കളുടെ മാതാപിതാക്കളുടേയും
പേരുകളില്‍ നിന്നാണു മ്യാന്‍മാറിലെ പലര്‍ക്കും പേരുകള്‍ കിട്ടുന്നത്. ആങ്
സാന്‍ സൂ കീയുടെ പേരിന്റെ തുടക്കത്തിലുള്ള 'ആങ് സാന്‍' പിതാവായ ആങ് സാനില്‍
നിന്നാണു കിട്ടിയത്. ആങ് സാനിന്റെ മാതാവിന്റെ (സൂ കീയുടെ പിതൃമാതാവ്)
പേരില്‍ നിന്നു സൂ എന്ന പേരു കിട്ടി. ആങ് സാനിന്റെ പത്‌നിയും ആങ് സാന്‍ സൂ
കീയുടെ മാതാവുമായിരുന്ന ഖിന്‍ കീയില്‍ നിന്നു കീ എന്ന പേരും കിട്ടി.
അങ്ങനെ, ആങ് സാനിന്റേയും ഖിന്‍ കീയുടേയും മകള്‍ക്ക് ആങ് സാന്‍ സൂ കീ എന്ന
പേരു കിട്ടി.
ബ്രിട്ടനെതിരെ പോരാടാന്‍ ഇന്ത്യയില്‍ സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ നാഷണല്‍
ആര്‍മി രൂപീകരിച്ചു. അതേ പോലെ, മ്യാന്‍മാറില്‍ ബ്രിട്ടീഷ്
മേല്‍ക്കോയ്മയ്‌ക്കെതിരേ പോരാടാന്‍ ആങ് സാന്‍ ബര്‍മ്മാ ഇന്‍ഡിപെന്റന്‍സ്
ആര്‍മിക്കു രൂപം കൊടുത്തു. ബോസിനെപ്പോലെ ആങ് സാനും ബ്രിട്ടന്റെ
ശത്രുവായിരുന്ന ജപ്പാന്റെ സഹായം തേടി. ശത്രുവിന്റെ ശത്രു മിത്രം.
ഇമ്പീരിയല്‍ ജാപ്പനീസ് ആര്‍മിയോടൊത്ത് ബര്‍മ്മാ ഇന്‍ഡിപ്പെന്റന്‍സ് ആര്‍മി
ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടി. ഇരുകൂട്ടരും ചേര്‍ന്ന് 1942ല്‍
ബ്രിട്ടനെ പരാജയപ്പെടുത്തി. ആങ് സാന്‍ ബര്‍മ്മാ ഡിഫന്‍സ് ആര്‍മി
രൂപീകരിച്ചു. 1943ല്‍ ജപ്പാന്‍ തങ്ങളുടെ ആധിപത്യം കൈവിടാതെ തന്നെ
മ്യാന്‍മാറിനു നേരിയ ആഭ്യന്തര ഭരണസ്വാതന്ത്ര്യം അനുവദിച്ചു. ഭാഗികമായ
സ്വയംഭരണമുള്ള ബര്‍മ്മീസ് സര്‍ക്കാര്‍ രൂപം കൊണ്ടു. ആങ് സാനായിരുന്നു,
അതിന്റെ നേതൃസ്ഥാനത്ത്. ബര്‍മ്മാ ഡിഫന്‍സ് ആര്‍മി ബര്‍മ്മാ നാഷണല്‍
ആര്‍മിയായിത്തീര്‍ന്നു.
ജപ്പാന്‍ അധികം താമസിയാതെ മ്യാന്‍മാറിനു പൂര്‍ണസ്വാതന്ത്ര്യം നല്‍കുമെന്ന
പ്രതീക്ഷ അസ്ഥാനത്തായി. 'വിരുന്നു വന്നവര്‍ ഭരണം പറ്റി' എന്ന കവിവാക്യം
അന്വര്‍ത്ഥമായി. മ്യാന്‍മാര്‍ വിട്ടൊഴിഞ്ഞു പോകാന്‍ ജപ്പാന്‍ വരുത്തിയ
വിളംബം മ്യാന്‍മാറിനു പൂര്‍ണസ്വാതന്ത്ര്യം നല്‍കാനുള്ള യാതൊരുദ്ദേശവും
ജപ്പാന് ഇല്ലെന്നു വ്യക്തമാക്കി. ജപ്പാന്‍ ബ്രിട്ടനേക്കാള്‍
വെറുക്കപ്പെട്ടവരായി. ആങ് സാന്‍ ജപ്പാനെതിരെ പ്രതിഷേധിച്ചു, പട നയിച്ചു.
ജപ്പാന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ വേണ്ടി, ആങ് സാന്‍
ബ്രിട്ടീഷുകാരുമായി സഖ്യത്തിലെത്തി: വീണ്ടും ശത്രുവിന്റെ ശത്രു മിത്രം.
1945ല്‍ ബര്‍മ്മാ നാഷണല്‍ ആര്‍മിയുടെ സഹായത്തോടെ ബ്രിട്ടീഷ് സഖ്യസേന
ജപ്പാനെ മ്യാന്‍മാറില്‍ നിന്നു തുരത്തി. മ്യാന്‍മാര്‍ വീണ്ടും ബ്രിട്ടന്റെ
അധീനതയിലായി.
ഇത്തവണ വലിയ പ്രശ്‌നമുണ്ടായില്ല: മ്യാന്‍മാറിന്റെ ആധിപത്യം വീണ്ടും
ബ്രിട്ടനു കൈവന്നെങ്കിലും, അധികം താമസിയാതെ തന്നെ മ്യാന്‍മാറിനു
സ്വാതന്ത്ര്യം ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആങ് സാനിന്റെ
നേതൃത്വത്തില്‍ തുടക്കമായി. 1947 ജനുവരിയില്‍ ലണ്ടനില്‍ വെച്ച് ആങ് സാന്‍
അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്‌ളെമന്റ് അറ്റ്‌ലിയുമായി
കരാറൊപ്പു വെച്ചപ്പോള്‍ മ്യാന്‍മാറിന്റെ സ്വാതന്ത്ര്യം ഉറപ്പായി.
അധികാരക്കൈമാറ്റം സംബന്ധിച്ച നടപടികളുടെ ഭാഗമായി 1947 ഏപ്രിലില്‍ നടന്ന
പൊതുതെരഞ്ഞെടുപ്പില്‍ ആങ് സാന്റെ നേതൃത്വത്തിലുള്ള ആന്റി ഫാഷിസ്റ്റ്
പീപ്പിള്‍സ് ഫ്രീഡം പാര്‍ട്ടി കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്‌ളിയില്‍ 83%
സീറ്റുകള്‍ നേടി; ആങ് സാന്‍ പ്രധാനമന്ത്രിയായി.
പൂര്‍ണസ്വാതന്ത്ര്യലബ്ധിയ്ക്കു മാസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ, 1947
ജുലായ് പത്തൊമ്പതിന് ആങ് സാനിന്റെ രാഷ്ട്രീയപ്രതിയോഗിയായ യു സോ അയച്ച
ആയുധധാരികള്‍ ആങ് സാനിനേയും അദ്ദേഹത്തിന്റെ ആറു മന്ത്രിമാരേയും വെടിവെച്ചു
കൊലപ്പെടുത്തി. ആങ് സാന്‍ ചരിത്രാവശേഷനായെങ്കിലും, അദ്ദേഹം ആശിച്ചിരുന്നതു
പോലെ തന്നെ അടുത്ത വര്‍ഷം, 1948ല്‍, മ്യാന്‍മാറിനു സ്വാതന്ത്ര്യം കിട്ടി.
ആങ് സാന്‍ സ്വതന്ത്രമ്യാന്‍മാറിന്റെ രാഷ്ട്രപിതാവായി ആരാധിക്കപ്പെടുന്നു.
ഇത്രയും ചരിത്രം.
മ്യാന്‍മാര്‍ ബ്രിട്ടീഷ് കോളനി ആയിത്തീരുന്നതിനു മുമ്പു മ്യാന്‍മാറില്‍
ജീവിച്ചിരുന്നവരുടെ പരമ്പരകള്‍ക്കു മാത്രമേ പൗരത്വമുള്ളൂ എന്നൊരു നിയമം
1982ല്‍ മ്യാന്‍മാറില്‍ പ്രാബല്യത്തില്‍ വന്നതോടെയാണു പൗരത്വപ്രശ്‌നം
തലപൊക്കിയത്. 1823നു മുമ്പ് മ്യാന്‍മാറില്‍ ആരൊക്കെ
സ്ഥിരതാമസമാക്കിയിരുന്നു എന്നുള്ളതിന് ആധികാരികമായ തെളിവുകള്‍
ലഭ്യമായിരുന്നു കാണാനിടയില്ല. അവയന്വേഷിച്ചു കണ്ടെത്തുകയെന്ന
പാഴ്‌വേലയ്ക്ക് അന്നത്തെ സര്‍ക്കാര്‍ തുനിഞ്ഞുമില്ല; ഉര്‍വശീശാപം ഉപകാരം.
ബാമര്‍, കച്ചിന്‍, കയാഹ്, കയിന്‍, ചിന്‍, മോന്‍, രഹൈന്‍, ഷാന്‍ മുതലായ ചില
ഭൂരിപക്ഷ സമുദായങ്ങള്‍ക്കു മാത്രമായി പൗരത്വം
പരിമിതപ്പെടുത്തണമെന്നതായിരുന്നു സാന്‍ യൂ എന്ന ജനറല്‍ നേതൃത്വം
വഹിച്ചിരുന്ന അന്നത്തെ പട്ടാളസര്‍ക്കാരിന്റെ ഉദ്ദേശ്യം. പൗരത്വനിയമം
നിലവില്‍ വന്നപ്പോള്‍ ആ ഭൂരിപക്ഷ സമുദായങ്ങള്‍ക്കു പൂര്‍ണപൗരത്വം ലഭിച്ചു.
ബാമര്‍ എന്ന സമുദായം ജനസംഖ്യയുടെ അറുപത്തെട്ടു ശതമാനത്തോളം വരും. ബാമറും
അതോടൊപ്പം മുകളില്‍പ്പറഞ്ഞ സമുദായങ്ങളും ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു
ശതമാനത്തോളം വരും. സമ്പൂര്‍ണപൗരത്വം ലഭിച്ചിരിക്കുന്ന ഈ സമുദായങ്ങളെല്ലാം
ബുദ്ധമതവിശ്വാസികളുമാണ്. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റൊന്നു ശതമാനം
ബുദ്ധമതാനുയായികളുള്ള മ്യാന്‍മാര്‍ മതേതരരാഷ്ട്രമല്ല, പ്രത്യുത,
ബുദ്ധമതരാഷ്ട്രമാണ്; ബുദ്ധമതം ദേശീയമതവും.
വാസ്തവത്തില്‍ ഇന്ത്യയെപ്പോലുള്ള മതേതരരാഷ്ട്രങ്ങള്‍ ഏഷ്യയില്‍ കുറവാണ്.
മ്യാന്‍മാറുള്‍പ്പെടെ പത്തു രാഷ്ട്രങ്ങളുണ്ടു ദക്ഷിണപൂര്‍വേഷ്യയില്‍.
അവയില്‍, ഒരു കോടിയിലേറെ ജനസംഖ്യയുള്ള രാഷ്ട്രങ്ങളില്‍ മതേതരമെന്നു
പറയാവുന്നതായി ആകെ രണ്ടു രാഷ്ട്രങ്ങളേയുള്ളൂ: ഫിലിപ്പൈന്‍സും
വിയറ്റ്‌നാമും. അഞ്ചു കോടിയിലേറെ ജനങ്ങളുള്ള മ്യാന്‍മാര്‍
മതേതരരാഷ്ട്രമല്ല.
1982ലെ പൗരത്വനിയമം നിലവില്‍ വന്നതോടെ ഭരണാധികാരം ജനസംഖ്യയുടെ അറുപത്തെട്ടു
ശതമാനത്തോളം വരുന്ന ബാമര്‍ എന്ന വിഭാഗത്തിന്റെ കൈപ്പിടിയിലായെന്നു പറയാം.
ബാമര്‍ എന്ന പദത്തില്‍ നിന്നാണു ബ്രിട്ടീഷുകാര്‍ നല്‍കിയ ബര്‍മ്മ എന്ന പഴയ
പേരുണ്ടായത്. ബര്‍മ്മ ബാമര്‍മാരുടേത് എന്നൊരു പൊതുധാരണയുണ്ട്. മ്യാന്‍മാര്‍
എന്ന പദവും ബാമറില്‍ നിന്നുണ്ടായതാണ്. 1989ല്‍ നിലവിലുണ്ടായിരുന്ന
ബര്‍മ്മീസ് സര്‍ക്കാര്‍ സ്ഥലനാമങ്ങള്‍ക്കു മാറ്റം വരുത്തിയപ്പോള്‍ ബര്‍മ്മ
മ്യാന്‍മാര്‍ ആയിത്തീര്‍ന്നു, നമ്മുടെ കല്‍ക്കട്ട കൊല്‍ക്കത്തയും
കാലിക്കറ്റ് കോഴിക്കോടും ആയതുപോലെ. യൂറോപ്പുകാര്‍ വിരളമായി മാത്രമേ
മ്യാന്‍മാര്‍ എന്ന പേരുപയോഗിക്കാറുള്ളൂ. അവര്‍ക്കിപ്പോഴും മ്യാന്‍മാര്‍
ബര്‍മ്മ തന്നെയാണ്.
ബര്‍മ്മ എന്ന പേരു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും
ഇന്ത്യയിലുണ്ടായിരുന്ന ബര്‍മ്മാ ഓയില്‍ കമ്പനി (ബി ഓ സി), ബര്‍മ്മാ ഷെല്‍
എന്നീ പേരുകള്‍ ഓര്‍മ്മ വന്നേക്കാം. ഇവയ്ക്കു ബര്‍മ്മയുമായി എന്തെങ്കിലും
ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യവുമുയര്‍ന്നേക്കാം. നാലു പതിറ്റാണ്ടു
മുമ്പാണിവിടെ, ഇന്ത്യയില്‍, ബര്‍മ്മാ ഷെല്‍ എന്ന പെട്രോളിയം
കമ്പനിയുണ്ടായിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍,
അതു ബര്‍മ്മാ ഓയില്‍ കമ്പനിയായിരുന്നു. ബര്‍മ്മാ ഓയില്‍ കമ്പനിയുടെ
തുടക്കമാകട്ടെ, റംഗൂണ്‍ ഓയില്‍ കമ്പനിയെന്ന പേരിലും. എല്ലാം ബ്രിട്ടീഷ്
കമ്പനികള്‍. മ്യാന്‍മാറിന്റെ തലസ്ഥാനമായ യാംഗോണിന്റെ പഴയ പേരാണു റംഗൂണ്‍.
ബര്‍മ്മാ ഓയില്‍ കമ്പനി മ്യാന്‍മാറിലും പ്രവര്‍ത്തിച്ചിരുന്നെന്നു
പറയേണ്ടതില്ലല്ലോ. 1962ല്‍ ജനറല്‍ നെവിന്റെ നേതൃത്വത്തിലുള്ള ബര്‍മ്മീസ്
പട്ടാളം ഭരണം പിടിച്ചെടുത്തിരുന്നു. അതായിരുന്നു, നാല്പത്തെട്ടുകൊല്ലം
നീണ്ടുനിന്ന പട്ടാളഭരണത്തിന്റെ തുടക്കം. ജനറല്‍ നെവിന്‍ കുറേയേറെ
വ്യവസായങ്ങളെ കൂട്ടത്തോടെ ദേശസാല്‍ക്കരിച്ചു. അക്കൂട്ടത്തില്‍, 1963ല്‍,
ബര്‍മ്മാ ഓയില്‍ കമ്പനിയുടെ മ്യാന്‍മാറിലെ വിഭാഗവും പെട്ടു.
അങ്ങനെയുണ്ടായതാണ് ഇപ്പോഴത്തെ മ്യാന്‍മാ (കമ്പനിയുടെ പേരില്‍ 'മ്യാന്‍മാ'
എന്നേയുള്ളൂ, മ്യാന്‍മാര്‍ എന്നില്ല) ഓയില്‍ ആന്റ് ഗാസ് എന്റര്‍പ്രൈസ് എന്ന
സര്‍ക്കാര്‍ കമ്പനി.
പതിമൂന്നു വര്‍ഷത്തിനു ശേഷം, 1976ല്‍, ബര്‍മ്മാ ഷെല്ലിന്റെ ഇന്ത്യയിലെ
വിഭാഗവും ദേശസാല്‍ക്കരിക്കപ്പെട്ടു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധിയാണതു ദേശസാല്‍ക്കരിച്ചത്; അടിയന്തരാവസ്ഥക്കാലത്ത്. ആദ്യമതു
ഭാരത് റിഫൈനറീസ് ലിമിറ്റഡ് ആയി, അടുത്ത വര്‍ഷം ഭാരത് പെട്രോളിയം
കോര്‍പ്പറേഷനുമായി: ഇന്നത്തെ ബീ പീ സി എല്‍.
സോഷ്യലിസത്തിലേക്കുള്ള ചുവടുവെപ്പായാണു മ്യാന്‍മാറിലെ പട്ടാളഭരണകൂടം
വന്‍തോതിലുള്ള ദേശസാല്‍ക്കരണം നടത്തിയതെങ്കിലും, അത് ഒരിക്കല്‍
സമ്പന്നരാജ്യമായിരുന്ന മ്യാന്‍മാറിനെ ലോകത്തിലെ ഏറ്റവും ദരിദ്രമായ
രാഷ്ട്രങ്ങളിലൊന്നാക്കി മാറ്റി എന്നാണു പൊതു വിമര്‍ശം.
മ്യാന്‍മാറില്‍ അനേകം ന്യൂനപക്ഷങ്ങളുണ്ട്. അവയില്‍ മിയ്ക്കതിനും രണ്ടാം
ക്‌ളാസ്സ്മൂന്നാം ക്‌ളാസ്സ് പൗരത്വങ്ങളേ കിട്ടിയിട്ടുള്ളൂ. എന്നാല്‍
മൂന്നാം ക്‌ളാസ്സ് പൗരത്വം പോലും നിഷേധിക്കപ്പെട്ടൊരു ന്യൂനപക്ഷം
മ്യാന്‍മാറിലുണ്ട്: രൊഹിംഗ്യകള്‍. (രൊഹിഞ്ചായ, രൊഹിഞ്ച്യ എന്നും ഈ പദം
ഉച്ചരിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.) ഇവര്‍ പന്ത്രണ്ടു
ലക്ഷത്തിലേറെയുണ്ട്.
ഭൂപടത്തില്‍, ബംഗ്‌ളാദേശില്‍പ്പെട്ട കോക്‌സ് ബസാറിനു താഴെ, മ്യാന്‍മാറില്‍
പെട്ട, കടലരികത്തുള്ളൊരു സംസ്ഥാനമാണു രഹൈന്‍. (Rakhine എന്ന് ഇംഗ്ലീഷില്‍.
ശരിയുച്ചാരണം രഹൈന്‍ ആണെന്നാണു മനസ്സിലായത്. ചിലര്‍ രഖൈന്‍ എന്നും
പറയുന്നുണ്ടാവാം.) രഹൈനിലെ ജനസംഖ്യ മുപ്പത്തൊന്നു ലക്ഷം. അതില്‍ അമ്പത്തേഴു
ശതമാനം ബുദ്ധമതക്കാരാണ്. ഇവര്‍ സ്വയം രഹൈനുകള്‍ എന്നു വിളിക്കുന്നു.
തങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെത്തന്നെ താമസിക്കുന്നവരാണെന്നാണു രഹൈനുകള്‍
അവകാശപ്പെടുന്നത്. രഹൈനിലെ നാല്പത്തിമൂന്നു ശതമാനം വരുന്ന രൊഹിംഗ്യകള്‍
വിദേശങ്ങളില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും രഹൈനുകള്‍
ആരോപിക്കുന്നു. രഹൈനില്‍ പെട്ട മ്യാന്‍മാര്‍ബംഗ്ലാദേശ് അതിര്‍ത്തിയിലാണു
രൊഹിംഗ്യകളേറെയും താമസിക്കുന്നത്. ആ ഭാഗങ്ങളില്‍ അവരാണധികവും: എണ്‍പതു
മുതല്‍ തൊണ്ണൂറു ശതമാനത്തോളം.
മ്യാന്‍മാര്‍ ബ്രിട്ടീഷ് കോളനിയായിരുന്നപ്പോള്‍, തൊഴിലാവശ്യങ്ങള്‍ക്കായി
ബ്രിട്ടന്‍ ബംഗ്ലാദേശില്‍ നിന്ന് (അന്നു ബംഗ്ലാദേശല്ല,
ബ്രിട്ടീഷിന്ത്യയില്‍ തന്നെയുള്‍പ്പെട്ട ബംഗാള്‍ പ്രോവിന്‍സ്)
വിളിച്ചുവരുത്തിയവരാണു രൊഹിംഗ്യകളില്‍ കുറേപ്പേര്‍; 1971ല്‍ ഇന്ത്യാപാക്ക്
യുദ്ധത്തിനിടയില്‍ അന്നു പൂര്‍വപാക്കിസ്താനായിരുന്ന ബംഗ്‌ളാദേശില്‍ നിന്ന്
ഓടിപ്പോന്ന അഭയാര്‍ത്ഥികളാണു മറ്റു കുറേപ്പേര്‍.
ഇതു മ്യാന്‍മാര്‍ സര്‍ക്കാരിന്റെ ഭാഷ്യമാണ്. രൊഹിംഗ്യകളെല്ലാം
മുസ്ലീങ്ങളാണെന്നത് ഇവിടെ ശ്രദ്ധേയമാണ്. മ്യാന്‍മാറില്‍ തൊണ്ണൂറ്റൊന്നു
ശതമാനത്തോളം വരുന്ന ബുദ്ധമതവിശ്വാസികള്‍ക്ക് ന്യൂനപക്ഷങ്ങളിലൊന്നായ, നാലു
ശതമാനം മാത്രം വരുന്ന മുസ്ലീങ്ങളുമായി പൊതുവില്‍ വലിയ ചങ്ങാത്തമില്ല.
മുസ്ലീങ്ങളില്‍പ്പെടുന്ന രൊഹിംഗ്യകളോടാണെങ്കില്‍ ബുദ്ധമതവിശ്വാസികള്‍ക്കു
തികഞ്ഞ ശത്രുതയാണു താനും. രഹൈനുകള്‍ക്കു പ്രത്യേകിച്ചും. രൊഹിംഗ്യകളെ
കാണുമ്പോള്‍ മ്യാന്‍മാറിലെ ബുദ്ധമതവിശ്വാസികള്‍ ശ്രീബുദ്ധന്റെ
അഹിംസാസിദ്ധാന്തമെല്ലാം പാടെ വിസ്മരിച്ചുകളയുന്നു! തങ്ങളാരാധിക്കുന്ന
ദൈവങ്ങളുടെ ഉപദേശങ്ങള്‍ അനുസരിച്ചു ജീവിതം നയിക്കുന്ന മതവിശ്വാസികള്‍
ലോകത്തു വിരളമായിത്തീര്‍ന്നിരിക്കുന്നു എന്ന ദുഃഖസത്യം മ്യാന്‍മാര്‍ നമ്മെ
പരോക്ഷമായി ഓര്‍മ്മപ്പെടുത്തുന്നു. മതങ്ങള്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്നു
എന്നതിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന്.
ബ്രിട്ടീഷുകാര്‍ മ്യാന്‍മാറില്‍ ഭരണം നടത്തിയിരുന്നത് 1823 മുതല്‍ 1948
വരെയായിരുന്നു. രൊഹിംഗ്യകളെ രഹൈനില്‍ തൊഴില്‍ ചെയ്യാനായി ബ്രിട്ടീഷുകാര്‍
ബംഗാള്‍ പ്രോവിന്‍സില്‍ നിന്നു വിളിച്ചു വരുത്തിയതാണെങ്കില്‍ത്തന്നെയും,
അങ്ങനെ വന്നെത്തിയ ശേഷം കാലമെത്ര കഴിഞ്ഞുപോയി! ബ്രിട്ടീഷുകാര്‍ സ്ഥലം
വിട്ടിട്ടു തന്നെ ഏഴു പതിറ്റാണ്ടാകാറായി. രൊഹിംഗ്യാകുടുംബങ്ങളിലെ
ഭൂരിപക്ഷവും അതിനൊക്കെ വളരെ മുമ്പു വന്നവരായിരിക്കണം. 1971ലെ
അഭയാര്‍ത്ഥിപ്രവാഹത്തിന്റെ ബഹുഭൂരിഭാഗവും ഇന്ത്യയിലേക്കായിരുന്നു.
ഇന്ത്യയായിരുന്നല്ലോ ബംഗ്‌ളാദേശികളുടെ സ്വാതന്ത്ര്യത്തിന്നായി
പാക്കിസ്താനോട് എതിരിട്ടത്. ഇന്ത്യയിലേക്കു വന്ന അഭയാര്‍ത്ഥികളുടെ എണ്ണം
യുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളില്‍ കോടി കവിഞ്ഞിരുന്നു. കുറച്ചുപേര്‍
മ്യാന്‍മാറിലേക്കും കടന്നിരിക്കാം. അന്നു മ്യാന്‍മാറിലേക്ക്
ഓടിപ്പോന്നവരാണെങ്കില്‍ പോലും, അവരങ്ങനെ വന്നിട്ടിപ്പോള്‍ അര നൂറ്റാണ്ടു
തികയാറായി.
രൊഹിംഗ്യകള്‍ ഇത്ര നീണ്ട കാലമായി രഹൈനില്‍ താമസിക്കുന്നവരാണെന്ന കാര്യം
പരിഗണിക്കാന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തങ്ങളുടെ
പൂര്‍വികര്‍ 194 കൊല്ലത്തിനു മുമ്പ് മ്യാന്‍മാറില്‍
സ്ഥിരതാമസമാക്കിയിരുന്നവരാണെന്നു രൊഹിംഗ്യകള്‍ തെളിയിക്കാത്തതിനാല്‍, അവരെ
അനധികൃത കുടിയേറ്റക്കാരായി കണക്കാക്കാതെ നിവൃത്തിയില്ല, അവര്‍ക്ക് ഒരു
തരത്തിലുള്ള പൗരത്വവും നല്‍കാനുമാവില്ല എന്ന യുക്തിരഹിതമായ,
കര്‍ക്കശനിലപാടാണു മ്യാന്‍മാര്‍ സര്‍ക്കാര്‍ സ്വീകരിച്ചുപോന്നിട്ടുള്ളത്.
194 കൊല്ലത്തിനു മുമ്പ് മ്യാന്‍മാറില്‍ താമസിച്ചിരുന്നവരാണെന്നു
തെളിയിക്കുന്നതു രൊഹിംഗ്യകള്‍ക്ക് തികച്ചും അസാദ്ധ്യമാണെന്നു സര്‍ക്കാരിനു
ബോദ്ധ്യവുമുണ്ട്. രൊഹിംഗ്യകള്‍ക്കു പൗരത്വം കൊടുക്കരുത് എന്നതാണു
സര്‍ക്കാരിന്റെ ഗൂഢലക്ഷ്യമെന്നു വ്യക്തം.
മ്യാന്‍മാറിനു വിസ്തീര്‍ണത്തില്‍ ഇന്ത്യയുടെ അഞ്ചിലൊന്നിലേറെ
വലിപ്പമുണ്ടെങ്കിലും, അവിടത്തെ ജനസംഖ്യ (5.1 കോടി) ഇന്ത്യയുടേതിന്റെ
ഇരുപത്തഞ്ചിലൊന്നു മാത്രം. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും താഴ്ന്ന
ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നാണു മ്യാന്‍മാര്‍: ഒരു ചത്രുരശ്ര
കിലോമീറ്ററില്‍ നാം ചുറ്റി നടന്നാല്‍ കണ്ടുമുട്ടാന്‍ പോകുന്നത് വെറും 76
പേരെ മാത്രം. ഇതു ദേശീയശരാശരി. മ്യാന്‍മാറിന്റെ ഭൂരിഭാഗം വരുന്ന
നാട്ടിന്‍പുറങ്ങളിലെ ജനസാന്ദ്രത ദേശീയശരാശരിയേക്കാള്‍
വളരെക്കുറവായിരിക്കണം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര
കിലോമീറ്ററില്‍ 390 ആണ്. കേരളത്തിലേത് 859. ബംഗ്ലാദേശിലേതാണു ഭീകരം: 1319.
ബംഗ്‌ളാദേശില്‍ നിന്ന് മ്യാന്‍മാറിലേക്കും ഇന്ത്യയിലേക്കും ജനം
കുടിയേറിപ്പാര്‍ക്കുന്നതില്‍ അതിശയമില്ല. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍
ഇന്നുള്ള അനധികൃത ബംഗ്‌ളാദേശി കുടിയേറ്റക്കാരുടെ എണ്ണം ഒരുകോടിയിലേറെ
വരുമെന്നു വിക്കിപ്പീഡിയയില്‍ കാണുന്നു. ഇതിന് ആധികാരികതയില്ല, ശരിയാകാം,
തെറ്റുമാകാം. മ്യാന്‍മാറിലെ രൊഹിംഗ്യകളാകെ പന്ത്രണ്ടു ലക്ഷമേ ഉള്ളൂ.
വാസ്തവത്തില്‍, ജനസാന്ദ്രത വളരെക്കുറഞ്ഞ മ്യാന്‍മാര്‍ ബംഗ്‌ളാദേശില്‍
നിന്ന് ഇനിയുമേറെപ്പേരെ സ്വമേധയാ സ്വീകരിക്കേണ്ടതാണ്. നിസ്സഹായരായ
അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന മഹാമനസ്‌കരായ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്
മ്യാന്‍മാറൊന്നു ശിരസ്സുയര്‍ത്തി നോക്കിയിരുന്നെങ്കില്‍!
രൊഹിംഗ്യകള്‍ ബംഗ്‌ളാദേശില്‍ നിന്നു വന്നവരാണെന്ന പൊതുധാരണ
നിലവിലുണ്ടെങ്കിലും, അവരെ തിരിച്ചെടുക്കാന്‍ ബംഗ്‌ളാദേശും ഒരുക്കമല്ല.
മ്യാന്‍മാര്‍ സര്‍ക്കാരാണെങ്കില്‍ രൊഹിംഗ്യകളെ പലവിധത്തില്‍
ഞെക്കിഞെരുക്കുകയും. രൊഹിംഗ്യകളെ അനധികൃതകുടിയേറ്റക്കാരായി കണക്കാക്കി,
അവര്‍ക്കു യാതൊരുവിധ പൗരത്വവും മ്യാന്‍മാര്‍ സര്‍ക്കാര്‍
നല്‍കുന്നില്ലെന്നതിനു പുറമെ, ബുദ്ധമതക്കാരായ രഹൈനുകള്‍
രൊഹിംഗ്യകള്‍ക്കെതിരേ ലഹള നടത്തിയപ്പോഴൊക്കെ സര്‍ക്കാര്‍ സേന
കണ്ണടച്ചുകളയുകയോ, ക്രൂരതകളില്‍ രഹൈനുകളോടൊപ്പം പങ്കുചേരുകയോ
ചെയ്തിട്ടുമുണ്ട്. രഹൈനുകളും സൈന്യവും ചേര്‍ന്ന് എല്ലാത്തരം ക്രൂരതകളും
രൊഹിംഗ്യകളുടെ മേല്‍ അഴിച്ചു വിട്ടിട്ടുണ്ട്. പല തവണ.
ഉപദ്രവം അസഹനീയമായാല്‍ ഏതു കടിക്കാത്ത നായ് പോലും കടിച്ചെന്നു വരും.
രൊഹിംഗ്യകളും സഹികെട്ട് ചില്ലറ അക്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
'സൈന്യത്തിന്റെ ബോര്‍ഡര്‍ പോസ്റ്റുകള്‍ രൊഹിംഗ്യകള്‍ കത്തിച്ചു':
സൈന്യത്തിന്റെ ഭാഷ്യമാണ്. സൈന്യത്തിന്റെ ഭാഷ്യങ്ങള്‍ ശരിയും തെറ്റുമാകാം.
ആഭ്യന്തരവകുപ്പു സൈന്യത്തിന്റെ പിടിയിലാണ്. ഒന്നിനു പത്ത് എന്ന
സൈന്യത്തിന്റെ പ്രതികാരനയത്തിനുള്ള ന്യായീകരണമാകാം സൈന്യത്തിന്റെ
പ്രത്യാരോപണങ്ങള്‍. ജനാധിപത്യത്തിനു ഭരണത്തില്‍ പങ്കാളിത്തം ലഭിച്ച
സമീപവര്‍ഷങ്ങളില്‍ പോലും (2012, 2013, 2014, 2016) രൊഹിംഗ്യകളുടെ മേലുള്ള
കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്: കുറഞ്ഞ തോതിലും കൂടിയ തോതിലും. നിരവധി
ലോകരാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും ഇതിനെതിരേ പതിവായി
ശബ്ദമുയര്‍ത്താറുണ്ട്. എങ്കിലും, കാര്യമായ ഫലമുണ്ടായിട്ടില്ല.
ശ്രീബുദ്ധന്റെ ഉപദേശങ്ങളാണു ബുദ്ധമതത്തിന്റെ അടിസ്ഥാനം. അന്യരെ
ദ്രോഹിക്കാതിരിക്കുകയും, അവരെ പൂര്‍ണമായി സ്‌നേഹിക്കുകയും, അവരുടെ
സുഖത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതാണു ശ്രീബുദ്ധന്റെ
ഉപദേശങ്ങളിലൊന്ന്. ഈ ഉപദേശം തൊണ്ണൂറ്റൊന്നു ശതമാനത്തോളം
ബുദ്ധമതവിശ്വാസികളുള്ള മ്യാന്‍മാറില്‍ പതിവായി അവഗണിക്കപ്പെടുകയാണു
ചെയ്തിട്ടുള്ളത്. രൊഹിംഗ്യകളോടുള്ള സമീപനത്തില്‍ പ്രത്യേകിച്ചും.
രൊഹിംഗ്യകളെ ഉപദ്രവിക്കാറുള്ള രഹൈനുകളും മ്യാന്‍മാര്‍ സേനയും
ബുദ്ധമതാനുയായികളാണ്. ഉറുമ്പുകളെപ്പോലും ദ്രോഹിക്കരുതെന്ന് ഉപദേശിച്ച
ശ്രീബുദ്ധനെ ഈശ്വരനായി ആരാധിക്കുന്നവര്‍ തന്നെ സഹജീവികളെ നിഷ്‌കരുണം
ഉപദ്രവിക്കുന്നുവെന്നതു വൈരുദ്ധ്യവും കാപട്യവും ദുഃഖകരവുമാണ്.
രൊഹിംഗ്യകളുടെ മേല്‍ മ്യാന്‍മാര്‍ സൈന്യം നടത്തിയ കൂട്ടക്കൊലകള്‍
അന്താരാഷ്ട്രനിയമങ്ങളനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങളാണെന്ന
ലോകാഭിപ്രായം ബലപ്പെട്ടിട്ടുണ്ട്. കൂട്ടക്കൊലകള്‍ വിചാരണ ചെയ്യുന്ന
അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ മ്യാന്‍മാര്‍ ഇതുവരെ
അംഗീകരിച്ചിട്ടില്ലാത്തതും മനപ്പൂര്‍വമായിരിക്കണം. സൈന്യം കുറ്റവാളികളെന്ന
നിലയില്‍ വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും കാണാന്‍ ഏതു
സര്‍ക്കാരാണിഷ്ടപ്പെടുക! കഴിഞ്ഞ അര നൂറ്റാണ്ടു കാലം മ്യാന്‍മാറില്‍
പട്ടാളഭരണമാണു നടന്നിരുന്നത്. ജനാധിപത്യവിരുദ്ധമായ പട്ടാളഭരണകൂടത്തിനു
സങ്കുചിതമായ സാമുദായിക പക്ഷപാതിത്വം കൂടിയായപ്പോള്‍ മ്യാന്‍മാര്‍
സര്‍ക്കാര്‍ ഒരു ഫാഷിസ്റ്റ് ഭരണകൂടമായി, ജനവിരുദ്ധവുമായി.
യഥാര്‍ത്ഥ ജനാധിപത്യമാണു മ്യാന്‍മാറില്‍ നിലവിലിരുന്നതെങ്കില്‍ ഒരു
ജനവിഭാഗവും, അതെത്ര ന്യൂനപക്ഷമായാലും, കൂട്ടക്കൊലയ്ക്കു
വിധേയമാകുമായിരുന്നില്ല. വ്യക്തിജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും
അഹിംസാസിദ്ധാന്തം പാലിക്കേണ്ടതുണ്ടെന്ന് അടിയുറച്ചു വിശ്വസിക്കുന്ന ആങ്
സാന്‍ സൂ കീ രാഷ്ട്രപതിയാകുകയും, സൂ കീയുടെ കീഴില്‍, സൈന്യത്തിന്റെ
ഇടപെടലില്ലാത്ത, യഥാര്‍ത്ഥ ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍ വരികയും
ചെയ്യുന്നെങ്കില്‍ രൊഹിംഗ്യകളുടെ ഇന്നത്തെ പരിതാപാവസ്ഥയില്‍ ആശാവഹമായ
പുരോഗതിയുണ്ടാകുമെന്നു തീര്‍ച്ച. ഇന്നു നിലവിലിരിക്കുന്ന, പട്ടാളത്തിനു
മേല്‍ക്കൈയുള്ള സര്‍ക്കാരില്‍ സൂ കീയ്ക്കു പങ്കാളിത്തമുണ്ടെങ്കിലും അതു
യഥാര്‍ത്ഥ ജനാധിപത്യസമ്പ്രദായം അനുസരിച്ചുള്ളൊരു സര്‍ക്കാരല്ല.
2015 നവമ്പര്‍ എട്ടാം തീയതി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂ
കീയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡിമോക്രസി (എന്‍ എല്‍ ഡി) തെരഞ്ഞെടുപ്പു നടന്ന
സീറ്റുകളുടെ എണ്‍പതു ശതമാനത്തിലേറെ നേടിയെന്നും, രാഷ്ട്രപതിയാകാന്‍
ആവശ്യമുള്ളതിനേക്കാള്‍ വളരെയധികം സീറ്റുകള്‍ നേടിയിട്ടും സൂ കീയ്ക്കു
രാഷ്ട്രപതിയാകാനായിട്ടില്ലെന്നും മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
സ്വയം രാഷ്ട്രപതിയാകാന്‍ സൂ കീയ്ക്കു സാധിച്ചില്ലെങ്കിലും, എന്‍ എല്‍
ഡിയിലെ ഒരംഗം (ഹിതിന്‍ ക്യാവ്) തന്നെയാണു രാഷ്ട്രപതിയായി 2016 മാര്‍ച്ച്
മുപ്പതാം തീയതി സത്യപ്രതിജ്ഞ ചെയ്ത് രാജ്യഭാരമേറ്റത്. രണ്ടു മാറ്റങ്ങള്‍
ആവശ്യമാണ്: ഒന്ന്, സൂ കീ തന്നെ രാഷ്ട്രപതിയാകണം; രണ്ട്, പട്ടാളത്തിനു
സര്‍ക്കാരിന്റെ മേല്‍ ഇപ്പോഴുമുള്ള പിടി വിടുവിക്കണം. ജനാധിപത്യ
ഭരണവ്യവസ്ഥയില്‍ സര്‍ക്കാരിനു സൈന്യത്തിന്റെ മേലാണു പിടി വേണ്ടത്;
സര്‍ക്കാരിന്റെ മേല്‍ ജനത്തിനും. പക്ഷേ, മ്യാന്‍മാറില്‍ നിലവിലിരിക്കുന്ന
നിയമങ്ങള്‍ ഇത് അസാദ്ധ്യമാക്കുന്നു; അവയിലേക്കൊന്നു കണ്ണോടിക്കാം.
2008ല്‍ അന്ന് അധികാരത്തിലിരുന്ന പട്ടാളസര്‍ക്കാര്‍ ഭരണഘടനയില്‍ വരുത്തിയ
ഭേദഗതികള്‍ മൂലമാണു 2015ലെ പൊതുതെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം
കിട്ടിയിട്ടും, സൂ കീയ്ക്കു രാഷ്ട്രപതിയാകാന്‍ ആകാത്തത്.
രാഷ്ട്രപതിയാകുന്നയാള്‍ക്കു രാഷ്ട്രത്തിന്റെ രാഷ്ട്രീയ, ഭരണ,
സാമ്പത്തികവിഷയങ്ങളോടൊപ്പം സൈനികവിഷയവും സുപരിചിതമായിരിക്കണം എന്നു 2008ല്‍
പരിഷ്‌കരിച്ച ഭരണഘടനയുടെ അദ്ധ്യായം മൂന്ന്, വകുപ്പ് 57ഡി
നിര്‍ദ്ദേശിക്കുന്നു. സൂ കീയ്ക്കു മറ്റു മൂന്നു വിഷയങ്ങളിലും
തഴക്കമുണ്ടെങ്കിലും, സൈനികവിഷയത്തില്‍ പരിചയമില്ല. ഈ നിബന്ധന
ജനാധിപത്യത്തിനു നിരക്കുന്നതല്ലെങ്കിലും, ഈ നിബന്ധനയുടെ പാലനം അത്ര
കര്‍ക്കശമല്ലെന്ന് ഇപ്പോള്‍ രാഷ്ട്രപതിയായ ഹിതിന്‍ ക്യാവോയുടെ നിയമനം
സൂചിപ്പിക്കുന്നു; ക്യാവോയ്ക്കു സൈനികവിഷയത്തില്‍ പരിചയമില്ല.
കൂടുതല്‍ കര്‍ക്കശമായത് ഇനിയുദ്ധരിക്കുന്ന നിബന്ധനയാണ്: രാഷ്ട്രപതിയുടെ
മാതാപിതാക്കള്‍, പതി അഥവാ പത്‌നി, സന്താനങ്ങള്‍ എന്നിവരില്‍ ആരും തന്നെ ഒരു
വിദേശരാജ്യത്തെ പൗരന്മാരായിരിക്കരുത് എന്നാണു ഭരണഘടനയുടെ അദ്ധ്യായം
മൂന്ന്, വകുപ്പ് 59 എഫ് നിഷ്‌കര്‍ഷിക്കുന്നത്. സൂ കീയുടെ ഭര്‍ത്താവ്,
പരേതനായ മൈക്കില്‍ ആരിസ് ഒരു ബ്രിട്ടീഷ് പൗരനായിരുന്നു. സൂ കീയുടെ മക്കളായ
അലക്‌സാണ്ടര്‍ ആരിസും കിം ആരിസും ബ്രിട്ടീഷ് പൗരന്മാരാണ്. അതുകൊണ്ട്,
അലക്‌സാണ്ടറും കിമ്മും വിദേശപൗരന്മാരായിരിക്കുന്നിടത്തോളം സൂ കീയ്ക്കു
രാഷ്ട്രപതിയാകാനാവില്ല.
ഭരണഘടനയില്‍ ഭേദഗതി വരുത്തിയാല്‍ മുകളില്‍ വിവരിച്ച പ്രതിബന്ധങ്ങളകറ്റി സൂ
കീയ്ക്കു രാഷ്ട്രപതിയാകാം. ഭരണഘടനയില്‍ ഭേദഗതി വരുത്താനുമുണ്ട് വലിയൊരു
കടമ്പ. അതു ചുരുക്കി വിവരിക്കാം.
ഇന്ത്യയില്‍ പാര്‍ലമെന്റും പാര്‍ലമെന്റില്‍ ലോക്‌സഭയും രാജ്യസഭയും ഉള്ളതു
പോലെ, കേന്ദ്രത്തില്‍ ഒരു പാര്‍ലമെന്റും അതില്‍ രണ്ടു സഭകളും
മ്യാന്‍മാറിലുമുണ്ട്. പിഡാങ്‌സു ഹ്‌ലുട്ടോ എന്നാണ് ഇരുസഭകളുമുള്‍പ്പെടുന്ന
മ്യാന്‍മാര്‍ പാര്‍ലമെന്റ് അറിയപ്പെടുന്നത്. പയിതു ഹ്‌ലുട്ടോ നമ്മുടെ
ലോക്‌സഭയ്ക്കും അമ്യോതാ ഹ്‌ലുട്ടോ രാജ്യസഭയ്ക്കും സമാനമാണ്.
പയിതു ഹ്‌ലുട്ടോയില്‍ ആകെയുള്ള 440 സീറ്റില്‍ 323 എണ്ണത്തിലേക്കാണു 2015
നവമ്പറില്‍ തെരഞ്ഞെടുപ്പു നടന്നത്. അതില്‍ 255 എണ്ണം സൂ കീയുടെ നാഷണല്‍
ലീഗ് ഫോര്‍ ഡിമോക്രസി (എന്‍ എല്‍ ഡി) നേടി. തീവ്രവാദപ്രവര്‍ത്തനം മൂലം
ഷാന്‍ എന്ന സംസ്ഥാനത്തില്‍ തെരഞ്ഞെടുപ്പിനനുകൂലമായ സമാധാനാന്തരീക്ഷം
നിലവിലുണ്ടായിരുന്നില്ല. അതുകൊണ്ട് ഷാനില്‍ നിന്നുള്ള ഏഴു സീറ്റുകളില്‍
തെരഞ്ഞെടുപ്പു നടന്നില്ല. ഷാനിലെ ഏഴു സീറ്റുകള്‍ കൂടി കണക്കിലെടുത്താല്‍
തന്നെയും 330 സീറ്റുകളേ ആകുന്നുള്ളൂ. പയിതു ഹ്‌ലുട്ടോയില്‍ ആകെയുള്ളത് 440
സീറ്റുകളാണു താനും. ശേഷിക്കുന്ന 110 സീറ്റുകളില്‍ എന്തുകൊണ്ടു
തെരഞ്ഞെടുപ്പു നടന്നില്ല? ന്യായമായ ചോദ്യം. ഉത്തരം വിചിത്രമാണ്. ആ 110
സീറ്റുകള്‍ സൈന്യത്തിനുള്ളതാണ്. അവയില്‍ തെരഞ്ഞെടുപ്പില്ല. ആ
സീറ്റുകളിലേക്ക് സൈന്യം സൈനികരെ നാമനിര്‍ദ്ദേശം ചെയ്യും. അവരെ രാഷ്ട്രപതി
കണ്ണുമടച്ചു സ്വീകരിച്ചുകൊള്ളണം.
ഭരണഘടന ഭേദഗതി ചെയ്യാന്‍ പയിതു ഹ്‌ലുട്ടോവില്‍ 75 ശതമാനം അനുകൂലവോട്ടു
കിട്ടണം. 440ന്റെ 75 ശതമാനമെന്നാല്‍ 330. സൂ കീയുടെ എന്‍ എല്‍ ഡീയ്ക്ക് 255
സീറ്റുകളാണു കിട്ടിയത്. ഇതു തെരഞ്ഞെടുപ്പു നടന്ന 323 സീറ്റിന്റെ എണ്‍പതു
ശതമാനത്തോളം വരുന്നുണ്ടെങ്കിലും, ആകെയുള്ള 440 സീറ്റിന്റെ 58 ശതമാനമേ
ആകുന്നുള്ളൂ. ഭേദഗതി പാസ്സാകണമെങ്കില്‍ എന്‍ എല്‍ ഡിയുടെ 255
വോട്ടുകള്‍ക്കു പുറമെ, 75 വോട്ടു കൂടി കിട്ടണം. മറ്റു പതിനൊന്നു
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കായി ഇപ്പോള്‍ 68 സീറ്റുണ്ട്, അത്രയും തന്നെ
വോട്ടുകളുമുണ്ട്. അവരൊന്നടങ്കം എന്‍ എല്‍ ഡിയോടൊപ്പം ഭേദഗതിയെ അനുകൂലിച്ചു
വോട്ടു ചെയ്യണം. ഷാനിലെ ഏഴു സീറ്റുകളില്‍ തെരഞ്ഞെടുപ്പു നടക്കുകയും,
അവയില്‍ ജയം നേടുന്നവരും ഭേദഗതിയെ അനുകൂലിക്കുകയും വേണം. എങ്കില്‍ മാത്രമേ,
ഭേദഗതി പയിതു ഹ്‌ലുട്ടോയില്‍ പാസ്സാകാനാവശ്യമുള്ള 330 വോട്ടുകള്‍ ആകെ
വോട്ടിന്റെ 75% തികയുകയുള്ളൂ.
ഇതു നടക്കില്ല. കാരണം, എന്‍ എല്‍ ഡി കൂടാതെയുള്ള പതിനൊന്നു പാര്‍ട്ടികളില്‍
പ്രമുഖമായതു യൂണിയന്‍ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്‌മെന്റ് പാര്‍ട്ടി (യു
എസ് ഡി പി) എന്ന കക്ഷിയാണ്. ഇതു സൈന്യം രൂപം കൊടുത്ത, സൈന്യത്തെ
അനുകൂലിക്കുന്ന പാര്‍ട്ടിയുമാണ്. 2015ലെ തെരഞ്ഞെടുപ്പില്‍ പയിതു
ഹ്‌ലുട്ടോയിലെ 255 സീറ്റു നേടിയ എന്‍ എല്‍ ഡി ഭരണപക്ഷത്തായപ്പോള്‍,
സൈന്യത്തിന്റെ അനുഗ്രഹാശിസ്സുകളുള്ള യു എസ് ഡി പി 30 സീറ്റു മാത്രം നേടി
പ്രതിപക്ഷത്താണ്. തെരഞ്ഞെടുപ്പില്‍ തങ്ങളെ തോല്പിച്ച എന്‍ എല്‍ ഡിയെ
ബദ്ധശത്രുവായാണു യു എസ് ഡി പി കണക്കാക്കുന്നത്. എന്‍ എല്‍ ഡി
നിര്‍ദ്ദേശിക്കുന്ന ഭരണഘടനാഭേദഗതി എത്ര തന്നെ മഹത്തായിരുന്നാലും യു എസ് ഡി
പി അതിനെ പിന്തുണയ്ക്കില്ല. അമ്മയെത്തല്ലിയാലും പക്ഷം രണ്ട് എന്നാണല്ലോ
ചൊല്ല്! യു എസ് ഡി പി ഭേദഗതിയെ തുണയ്ക്കാതിരുന്നാല്‍, മറ്റെല്ലാ കക്ഷികളും
എന്‍ എല്‍ ഡി നിര്‍ദ്ദേശിക്കുന്ന ഭേദഗതിയെ തുണച്ചാല്‍പ്പോലും, അത് ആകെ
വോട്ടിന്റെ 68% മാത്രമേ ആകുകയുള്ളൂ. ഭേദഗതി പയിതു ഹ്‌ലുട്ടോയില്‍
പാസ്സാകാനാവശ്യമുള്ള 75% എന്‍ എല്‍ ഡിയുടെ കൈയെത്തും ദൂരത്തിനുമകലെയാണ്.
സമാനമാണ് അമ്യോതാ ഹ്‌ലുട്ടോയിലേയും സ്ഥിതി. ആകെയുള്ള 224 സീറ്റില്‍ 168
എണ്ണത്തില്‍ തെരഞ്ഞെടുപ്പു നടന്നു. സൂ കീയുടെ എന്‍ എല്‍ ഡി 135 സീറ്റുകള്‍
നേടി: തെരഞ്ഞെടുപ്പു നടന്ന സീറ്റുകളുടെ 80 ശതമാനം. പക്ഷേ, ഇത് ആകെയുള്ള 224
സീറ്റുകളുടെ 60% മാത്രമേ ആകുന്നുള്ളൂ. 56 സീറ്റുകളില്‍ തെരഞ്ഞെടുപ്പില്ല;
അവ സൈന്യത്തിനുള്ളതാണ്; അവയിലേക്കായി സൈന്യം നാമനിര്‍ദ്ദേശം ചെയ്യുന്ന
സൈനികരെ കണ്ണുമടച്ചു സ്വീകരിക്കാനേ രാഷ്ട്രപതിക്കാവൂ. ഭരണഘടനാഭേദഗതി
അമ്യോതാ ഹ്‌ലുട്ടോയില്‍ പാസ്സാകണമെങ്കില്‍ 75% വോട്ടു നേടണം. അമ്യോതാ
ഹ്‌ലുട്ടോയില്‍ യു എസ് ഡി പിയ്ക്ക് 11 സീറ്റുണ്ട്. അവര്‍ എന്‍ എല്‍ ഡി
കൊണ്ടുവരുന്ന ഭരണഘടനാഭേദഗതിയെ എതിര്‍ക്കും. മറ്റെല്ലാ പാര്‍ട്ടികളുടേയും
പിന്തുണ ഭേദഗതിക്കു കിട്ടിയാല്‍ത്തന്നെയും അത് 70 ശതമാനമേ ആകൂ. അതുകൊണ്ടു
ഭരണഘടനാഭേദഗതി അമ്യോതാ ഹ്‌ലുട്ടോയിലും പരാജയപ്പെടുക തന്നെ ചെയ്യും.
ഭരണഘടനാഭേദഗതി പാസ്സാകാന്‍ പയിതു ഹ്‌ലുട്ടോയിലും അമ്യോതാ ഹ്‌ലുട്ടോയിലും
75% വോട്ടുവീതമെങ്കിലും നേടിയിരിക്കണം എന്ന വ്യവസ്ഥയ്ക്കു പുറമെ,
തുടര്‍ന്നു രാഷ്ട്രമാകെ നടത്തുന്ന ഹിതപരിശോധനയില്‍ രജിസ്റ്റര്‍
ചെയ്തിരിക്കുന്ന ആകെ വോട്ടര്‍മാരില്‍ പകുതിപ്പേരെങ്കിലും
ഭേദഗതിക്കനുകൂലമായി വോട്ടു ചെയ്തിരിക്കണമെന്ന വ്യവസ്ഥയുമുണ്ട്.
എളുപ്പമല്ല, മ്യാന്‍മാറിലെ ഭരണഘടനാഭേദഗതി. ഭരണഘടനാഭേദഗതി ഇത്ര
ദുഷ്‌കരമെങ്കില്‍, 2008ല്‍ നടന്ന ഭരണഘടനയുടെ അഴിച്ചുപണികള്‍ എങ്ങനെ
സാദ്ധ്യമായി? അന്നു മ്യാന്‍മാര്‍ ഭരിച്ചിരുന്നതു സൈനികഭരണകൂടമായിരുന്നു;
സൈനികമേധാവി തന്നെ പ്രധാനമന്ത്രിയും: ജനറല്‍ ഖിന്‍ ന്യുന്റ്. പുതിയ ഭരണഘടന
എഴുതിയുണ്ടാക്കാനായി സൈനികഭരണകൂടം ഒരു കണ്‍വെന്‍ഷന്‍ നടത്തി.
കണ്‍വെന്‍ഷന്‍ എഴുതിയുണ്ടാക്കിയ ഭരണഘടന 54 അംഗങ്ങളുള്ളൊരു കമ്മീഷന്‍
പരിശോധിച്ചംഗീകരിച്ചു. സൈന്യം തന്നെ രൂപം കൊടുത്തതായിരുന്നു, കമ്മീഷന്‍.
കമ്മീഷന്‍ അംഗീകരിച്ച ഭരണഘടന നേരിട്ട് ജനത്തിന്റെ ഹിതപരിശോധയ്ക്കു
സമര്‍പ്പിക്കപ്പെട്ടു. ജനഹിതം പുതുക്കിയ ഭരണഘടനയ്ക്ക് അനുകൂലമായിരുന്നു:
93.8%. ഈ ഹിതപരിശോധനയെപ്പറ്റി നിരവധി വിമര്‍ശനങ്ങളും പരാതികളും
ഉയര്‍ന്നിരുന്നെങ്കിലും, സൈനികഭരണകൂടം അവയെയെല്ലാം അവഗണിക്കുകയും, പുതിയ
ഭരണഘടന പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തു. സത്യത്തിനും നീതിക്കും
അനുസൃതമായ രീതിയിലായിരുന്നില്ല ഹിതപരിശോധന നടന്നതെന്നു വ്യക്തം.
ഇപ്പോള്‍ മ്യാന്‍മാര്‍ ഭരിക്കുന്നതു സൈനികഭരണകൂടമല്ല, 2015ലെ
പൊതുതെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന, ആങ് സാന്‍ സൂ കീയുടെ
നേതൃത്വത്തിലുള്ള ജനാധിപത്യസര്‍ക്കാരാണ്. പ്രശ്‌നമുള്ളത് ഇവിടെയാണ്:
പ്രതിരോധം, ആഭ്യന്തരം, അതിര്‍ത്തിവിഷയങ്ങള്‍ എന്നീ കാതലായ വകുപ്പുകള്‍
സൈന്യത്തിന്റെ പിടിയിലാണ്; നിലവിലിരിക്കുന്ന സര്‍ക്കാരിന്റെ ഗുരുതരമായ
ന്യൂനതകളിലൊന്നാണത്. ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു സൈന്യം
നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്ന സൈനികരാണ്: സൈനികമന്ത്രിമാര്‍. ജനം വോട്ടു
ചെയ്തു ജയിപ്പിച്ചയച്ച സാക്ഷാല്‍ ജനപ്രതിനിധികള്‍ക്കു നിഷിദ്ധമാണീ മൂന്നു
വകുപ്പുകള്‍. ഇതു മൂലം സൈന്യം, പോലീസ് എന്നിവ രണ്ടും
ജനാധിപത്യസര്‍ക്കാരിന്റെ അധികാരത്തിന്‍ കീഴിലല്ല, പ്രത്യുത, സൈന്യത്തിന്റെ
പിടിയിലാണ്; ആങ് സാന്‍ സൂ കീയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്ക് ഈ
വകുപ്പുകളില്‍ യാതൊരു സ്വാധീനവും ചെലുത്താനാവില്ല. സൈന്യം
രൊഹിംഗ്യകള്‍ക്കെതിരേ നടത്തുന്ന അതിക്രമങ്ങളെ തടയാന്‍ പട്ടാളക്കാരോടു
വിനീതമായി അപേക്ഷിക്കുകയല്ലാതെ സൂ കീയുടെ നേതൃത്വത്തിലുള്ള
ജനാധിപത്യസര്‍ക്കാരിനു മറ്റൊരു നിര്‍വാഹവുമില്ല. ജനാധിപത്യസര്‍ക്കാര്‍
സ്വയം നിസ്സഹായര്‍!
2015ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ആങ് സാന്‍ സൂ കീയുടെ പാര്‍ട്ടി
2016 ഏപ്രിലില്‍ അധികാരമേറ്റു. വാസ്തവത്തില്‍ ലോകത്തിലെ ഏറ്റവും പ്രായം
കുറഞ്ഞ ജനാധിപത്യസര്‍ക്കാരാണു സൂ കീയുടെ നേതൃത്വത്തിലുള്ള
ജനാധിപത്യസര്‍ക്കാര്‍; പ്രായം ഒരു വയസ്സു പോലും തികഞ്ഞിട്ടില്ല. സൂ കീയുടെ
ജനാധിപത്യസര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏതാനും മാസങ്ങള്‍ക്കകം തന്നെ
രൊഹിംഗ്യകളുടെ മേല്‍ അതിക്രമങ്ങള്‍ നടന്നു. അവ നടത്തിയതു രഹൈനുകളും
സൈന്യവുമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, നടന്ന
അതിക്രമങ്ങള്‍ക്കുള്ള ഉത്തരവാദിത്തം ആങ് സാന്‍ സൂ കീയുടെ മേല്‍
ചാര്‍ത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങള്‍ അന്യരാജ്യങ്ങളില്‍ നിന്നുയര്‍ന്നു.
പോലീസിന്റെയും പട്ടാളത്തിന്റേയും കടിഞ്ഞാണ്‍ സൂ കീയുടെ നേതൃത്വത്തിലുള്ള
സിവിലിയന്‍ സര്‍ക്കാരിന്റെ കൈയിലല്ലാത്തിടത്തോളം, ഈ വിമര്‍ശനങ്ങള്‍ക്കു
യാതൊരു ന്യായീകരണവുമില്ല. പോലീസും പട്ടാളവും സൂ കീയുടെ സര്‍ക്കാരിന്റെ
അധികാരപരിധിക്കു പുറത്താണ്: 'പരിധിക്കു പുറത്ത്'. പോലീസിനേയും
പട്ടാളത്തേയും നിലയ്ക്കു നിറുത്താനുള്ള അധികാരം സൂ കീയുടെ സിവിലിയന്‍
സര്‍ക്കാരിനു കൈ വന്നെങ്കില്‍ മാത്രമേ മനുഷ്യക്കുരുതി തടയാനാകൂ.
വാസ്തവത്തില്‍ രൊഹിംഗ്യകള്‍ മാത്രമല്ല, ആങ് സാന്‍ സൂ കീയും മാറിമാറി
വന്നിരുന്ന പട്ടാളഭരണകൂടങ്ങളുടെ അതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. സൂ കീ
1989 മുതല്‍ 2010 വരെയുള്ള ഇരുപത്തൊന്നു വര്‍ഷക്കാലത്തിനിടയില്‍ പതിനഞ്ചു
വര്‍ഷത്തോളം, പലപ്പോഴായി, തടങ്കലിലായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നീണ്ട
ഇരുപത്തേഴു വര്‍ഷക്കാലത്തെ ജയില്‍ വാസം കഴിഞ്ഞ് നെല്‍സന്‍ മണ്ടേല 1990ല്‍
മോചിതനായ സമയത്തു മ്യാന്‍മാറില്‍ ആങ് സാന്‍ സൂ കീ തന്റെ രണ്ടു
പതിറ്റാണ്ടോളം നീണ്ട ജയില്‍ വാസം ആരംഭിക്കുകയായിരുന്നു.
1988നു മുമ്പു പ്രായേണ ബ്രിട്ടനിലും അമേരിക്കയിലുമായി കഴിഞ്ഞിരുന്ന സൂ കീ,
രോഗഗ്രസ്തയായിരുന്ന അമ്മയെ കാണാന്‍ 1988ല്‍ മ്യാന്‍മാറില്‍ തിരിച്ചെത്തിയ
സമയത്തായിരുന്നു, '8888' എന്നു പില്‍ക്കാലത്തറിയപ്പെട്ട ജനപ്രക്ഷോഭം
നടന്നത്. 1962ല്‍ പട്ടാളവിപ്‌ളവത്തിലൂടെ അധികാരം പിടിച്ചെടുത്ത
സൈനികഭരണകൂടം കടുത്ത കുറേ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തിയിരുന്നു.
തല്‍ഫലമായി മ്യാന്‍മാര്‍ ലോകത്തുള്ള ഏറ്റവും ദരിദ്രമായ
രാഷ്ട്രങ്ങളിലൊന്നായി മാറിയിരുന്നു. ദാരിദ്ര്യം മൂലം വലഞ്ഞ ജനത
സൈന്യത്തിനെതിരേ ശബ്ദമുയര്‍ത്തി. 1988 ആഗസ്റ്റു മാസം എട്ടാം തീയതി
(അക്കാരണത്താല്‍ '8888' എന്നറിയപ്പെടുന്ന), സമൂഹത്തിന്റെ സമസ്ത തുറകളില്‍
നിന്നുമുള്ളവര്‍ പങ്കെടുത്ത പ്രക്ഷോഭത്തെ സൈന്യം നിഷ്‌കരുണം
അടിച്ചമര്‍ത്തി. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു
പരിക്കേറ്റു.
തല്‍സമയം നാട്ടിലുണ്ടായിരുന്ന സൂ കീ സൈന്യത്തിന്റെ കിരാതമായ
നടപടികള്‍ക്കെതിരേ പ്രക്ഷോഭം നയിക്കാന്‍ മുന്നിട്ടിറങ്ങി. നാഷണല്‍ ലീഗ്
ഫോര്‍ ഡിമോക്രസി രൂപീകരിച്ചു. പെട്ടെന്നു തന്നെ സൂ കീ വലുതായ ജനപ്രീതി
നേടി. അതുകണ്ട് അസ്വസ്ഥരായ സൈനികഭരണകൂടം 1989 ജുലായ് 20ന് സൂ കീയെ
വീട്ടുതടങ്കലിലാക്കി. വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവില്‍ പാര്‍പ്പിക്കാന്‍
അനുവദിക്കുന്ന പട്ടാളനിയമമനുസരിച്ചായിരുന്നു അത്. സൂ കീ
തടങ്കലിലായിരുന്നെങ്കിലും 1990ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സൂ കീയുടെ
എന്‍ എല്‍ ഡി എണ്‍പതു ശതമാനത്തിലേറെ സീറ്റുകള്‍ നേടി. അധികാരനഷ്ടം ഭയന്നു
പട്ടാളസര്‍ക്കാര്‍ ആ തെരഞ്ഞെടുപ്പിനെയൊന്നാകെ അസാധുവാക്കി. അഹിംസ
വൈയക്തികജീവിതത്തില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും
പ്രാവര്‍ത്തികമാക്കണമെന്നു ദൃഢനിശ്ചയമെടുത്തിരുന്ന സൂ കീ
പട്ടാളഭരണകൂടത്തിനെതിരേ ആയുധമെടുക്കാനോ എടുപ്പിക്കാനോ ഒരിക്കലും
ഒരുങ്ങിയില്ല.
സൂ കീയെ തടവുകാരിയാക്കിയപ്പോഴൊക്കെ പട്ടാളഭരണകൂടം നല്‍കാറുണ്ടായിരുന്ന
ന്യായീകരണങ്ങള്‍ അപഹാസ്യമായിരുന്നു. ഒരിക്കല്‍ നല്‍കിയ ന്യായീകരണം, സൂ കീ
രാജ്യത്തിന്റെ സമാധാനവും സുരക്ഷയും അപകടത്തിലാക്കും എന്നായിരുന്നു.
ഒരിക്കല്‍, പട്ടാളഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളുള്ളൊരു
രാഷ്ട്രീയപ്പാര്‍ട്ടിയായിരുന്ന യൂണിയന്‍ സോളിഡാരിറ്റി ആന്റ്
ഡിവലപ്പ്‌മെന്റ് അസ്സോസിയേഷനിലെ ഇരുനൂറോളം പ്രവര്‍ത്തകര്‍ സൂ കീയുടെ
വാഹനത്തെ ആക്രമിച്ചു. തലനാരിഴയ്ക്കു മാത്രമായിരുന്നു സൂ കീ അവിടന്നു
രക്ഷപ്പെട്ടത്. സൂ കീയുടെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ കൊല്ലപ്പെട്ടു. സൂ
കീയെ ആക്രമിച്ചവര്‍ക്കു പട്ടാളം അതിനായി അഞ്ഞൂറു ക്യാട്ട് (മ്യാന്‍മാര്‍
നാണയം) വീതം കൊടുത്തിരുന്നുവത്രേ; കൊട്ടേഷന്‍ സംഘം മ്യാന്‍മാറിലും! സൂ കീയെ
ആക്രമിച്ചവരെ പിടികൂടുന്നതിനു പകരം, പട്ടാളം സൂ കീയെ തടങ്കലിലാക്കി. സൂ
കീയുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണത് എന്നായിരുന്നു ഭരണകൂടത്തിന്റെ
വിശദീകരണം!
മറ്റൊരിക്കല്‍, സൂ കീ വീട്ടുതടങ്കലില്‍ കഴിയുമ്പോള്‍, ജോണ്‍ യെട്ടോ എന്നൊരു
അമേരിക്കക്കാരന്‍ സൂ കീയുടെ വീടിന്റെ മുന്നിലുള്ളൊരു തടാകം രഹസ്യമായി
നീന്തിക്കടന്ന് സൂ കീയെ സന്ദര്‍ശിച്ചു. തടാകം നീന്തിക്കടന്ന യെട്ടോ
അവശനായിത്തീര്‍ന്നിരുന്നു. കനിവു തോന്നിയ സൂ കീ അവശത തീരും വരെ വീട്ടില്‍
താമസിച്ചുകൊള്ളാന്‍ യെട്ടോയെ അനുവദിച്ചു. രണ്ടു ദിവസം കഴിഞ്ഞ്, വന്ന വഴിയേ
തിരികെപ്പോകാന്‍ ശ്രമിക്കുന്നതിനിടയില്‍ യെട്ടോ പോലീസിന്റെ പിടിയിലായി.
അനുമതി കൂടാതെ അന്യരെ കണ്ടു എന്ന കുറ്റമാരോപിച്ച് സൂ കീയ്ക്കു
പട്ടാളഭരണകൂടം അഞ്ചുവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചു.
മുകളില്‍ പറഞ്ഞ ജോണ്‍ യെട്ടോ സംഭവം 2009ലായിരുന്നു. 2008ല്‍ നിലവില്‍ വന്ന
പുതിയ നിയമത്തില്‍, ജയില്‍ശിക്ഷ അനുഭവിക്കുന്നവര്‍ തെരഞ്ഞെടുപ്പില്‍
മത്സരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നു. 2010ലെ
പൊതുതെരഞ്ഞെടുപ്പില്‍ നിന്ന് സൂ കീയെ അകറ്റി നിറുത്താന്‍
പട്ടാളഭരണകൂടത്തിന് ഈ നിയമം സഹായകമായി. ജോണ്‍ യെട്ടോ സംഭവത്തിന്റെ പേരില്‍
വീട്ടുതടങ്കലിലായിരുന്ന സൂ കീയ്ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള
അര്‍ഹത മുകളില്‍ പരാമര്‍ശിക്കപ്പെട്ട നിയമം നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍
മത്സരിക്കാന്‍ സൂ കീയെ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സൂ കീയുടെ
പാര്‍ട്ടിയായ എന്‍ എല്‍ ഡി തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുകയും ചെയ്തു.
2010ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള കൃത്രിമങ്ങള്‍ നടന്നുവെന്നതു
ലോകം മുഴുവനറിഞ്ഞു. നിരവധി വിദേശരാജ്യങ്ങള്‍ മ്യാന്‍മാര്‍ സര്‍ക്കാരിനെ
നിശിതമായി വിമര്‍ശിച്ചു, സാമ്പത്തികനിയന്ത്രണങ്ങള്‍ ചുമത്തി. തെരഞ്ഞെടുപ്പ്
ഒരു പ്രഹസനം മാത്രമായിരുന്നെന്നും, സൈനികഭരണകൂടം തെരഞ്ഞെടുപ്പിനെ ഹൈജാക്കു
ചെയ്‌തെന്നും പല രാജ്യങ്ങളും ആരോപിച്ചു. സൈന്യത്തിന്റെ ഒത്താശയും
പങ്കാളിത്തവും ആ തെരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമങ്ങളിലുണ്ടായിരുന്നു.
ഏറ്റവുമധികം ജനപ്രീതിയുള്ള കക്ഷിയായ എന്‍ എല്‍ ഡി തെരഞ്ഞെടുപ്പു
ബഹിഷ്‌കരിച്ചിരുന്നതുകൊണ്ടും, സൈനികഭരണകൂടം തെരഞ്ഞെടുപ്പില്‍ നടത്തിയ
കൃത്രിമങ്ങള്‍ മൂലവും യൂണിയന്‍ സോളിഡാരിറ്റി ആന്റ് ഡെവലപ്പ്‌മെന്റ്
പാര്‍ട്ടി (യു എസ് ഡി പി) സീറ്റുകള്‍ തൂത്തുവാരി. രാജ്യം പട്ടാളഭരണത്തില്‍
നിന്നു ജനാധിപത്യത്തിലേയ്ക്കു മാറിയെന്നു വരുത്താനും, എന്നാല്‍ അധികാരം
കൈവിടാതിരിക്കാനും വേണ്ടി സൈന്യം രൂപീകരിച്ച പാര്‍ട്ടിയായിരുന്നു യു എസ് ഡി
പി. അതുവരെ സര്‍വസൈന്യാധിപനും മുഖ്യഭരണകര്‍ത്താവുമായിരുന്ന ജനറല്‍ തെയിന്‍
സെയിന്‍ തന്നെയായിരുന്നു യു എസ് ഡി പിയുടെ നേതാവും. ആ തെരഞ്ഞെടുപ്പില്‍ യു
എസ് ഡി പി വിജയിച്ചപ്പോള്‍ തെയിന്‍ സെയിന്‍ തന്നെ രാഷ്ട്രപതിയുമായി.
1990 മുതല്‍ വീട്ടുതടങ്കലില്‍ കിടക്കുമ്പോള്‍ ആകെ അഞ്ചു തവണ മാത്രമാണു സൂ
കീയ്ക്കു ഭര്‍ത്താവായ മൈക്കേല്‍ ആരിസിനെ കാണാനായിരുന്നത്. 1995ലെ
ക്രിസ്തുമസ്സിനായിരുന്നു അവസാനത്തെ സമാഗമം; അന്ന് ആരിസ് മ്യാന്‍മാറിലെത്തി
സൂ കീയെ സന്ദര്‍ശിച്ചു. അധികം താമസിയാതെ ആരിസിനു അര്‍ബുദരോഗം പിടിപെട്ടു.
രോഗഗ്രസ്തനായ ആരീസിനെ മ്യാന്‍മാറിലേക്കു കൊണ്ടുവരാന്‍ സൂ കീ ശ്രമിച്ചു.
സൈനികഭരണകൂടം ആരിസിനു വീസ നല്‍കിയില്ല. മ്യാന്‍മാറിലെ
ചികിത്സാസൗകര്യക്കുറവായിരുന്നു ഭരണകൂടം നല്‍കിയ ന്യായീകരണം. വിദേശത്തുള്ള
ആരിസിനെ മ്യാന്‍മാറിലേക്കു കൊണ്ടുവരുന്നതിനു പകരം, ആരിസിന്റെ
പരിചരണത്തിനായി സൂ കീയോടു വിദേശത്തേക്കു പോകാന്‍ സര്‍ക്കാര്‍ ഉപദേശിച്ചു.
സൂ കീ രാജ്യം വിട്ടു പോകുന്നെങ്കില്‍ പോകട്ടേയെന്നു കരുതി സര്‍ക്കാര്‍ സൂ
കീയെ തടങ്കലില്‍ നിന്നു താല്‍ക്കാലികമായി മോചിപ്പിക്കുകയും ചെയ്തു. ഏതു
വിധേനയും തന്നെ ഒഴിവാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന
സൈനികഭരണകൂടത്തിന്റെ വാക്കില്‍ സൂ കീയ്ക്കു വിശ്വാസമുണ്ടായിരുന്നില്ല.
താന്‍ മ്യാന്‍മാറില്‍ നിന്നു പോയാല്‍, തിരികെ വരാന്‍ സൈനികഭരണകൂടം
അനുവദിക്കാതിരുന്നേക്കുമെന്നു സൂ കീ ഭയന്നു. അതുകൊണ്ടു സൂ കീ ആരിസിന്റെ
അടുത്തേക്കു പോയില്ല. പരസ്പരം വീണ്ടും സന്ധിക്കാന്‍ ഇരുവര്‍ക്കുമായില്ല.
1999ല്‍ ആരിസ് വിദേശത്തു വെച്ചു ചരമമടഞ്ഞു.
വീട്ടുതടങ്കലിലായിരുന്ന കാലമത്രയും മക്കളായ അലക്‌സാണ്ടറേയും കിമ്മിനേയും
കാണാന്‍ സൂ കീയ്ക്കു കഴിഞ്ഞിരുന്നില്ല. അവര്‍ക്കു മ്യാന്‍മാറിലേയ്ക്കു
വന്ന് അമ്മയെ സന്ദര്‍ശിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടായിരുന്നില്ല. മക്കളെ
കാണാന്‍ കഴിയാത്തതായിരുന്നു സൂ കീയെ ഏറ്റവുമധികം ദുഃഖിപ്പിച്ചിരുന്നത്.
എങ്കിലും, മറ്റു പലരും തന്നേക്കാള്‍ എത്രയോ അധികം ത്യാഗങ്ങള്‍
അനുഷ്ഠിച്ചിരിക്കുന്നു, എന്നു സൂ കീ സ്വയം ആശ്വസിപ്പിച്ചു. സൂ കീ 2010ല്‍
മോചിതയായ ശേഷം, അലക്‌സാണ്ടറും കിമ്മും സൂ കീയെ പല തവണ
സന്ദര്‍ശിച്ചിട്ടുണ്ട്. അവരിരുവരും ബ്രിട്ടീഷ് പൗരന്മാരായിത്തന്നെ
തുടരുന്നു, ബ്രിട്ടനില്‍ത്തന്നെ സ്ഥിരതാമസവും തുടരുന്നു.
ഇന്ത്യയില്‍ ഒരു പാര്‍ലമെന്റംഗം കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയായാല്‍
അദ്ദേഹത്തിനു പാര്‍ലമെന്റ് അംഗത്വം നഷ്ടമാകുകയില്ല; അദ്ദേഹം ഒരേ സമയം
മന്ത്രിയാണ്, പാര്‍ലമെന്റ് അംഗവുമാണ്. മ്യാന്‍മാറില്‍ കാര്യങ്ങളല്പം
വിഭിന്നമാണ്. പിഡാങ്‌സു ഹ്‌ലുട്ടോയിലേക്ക് (പാര്‍ലമെന്റിലേക്ക്)
തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ മന്ത്രിയുമായെന്നു കരുതുക. ഉടന്‍
അദ്ദേഹത്തിന്റെ പാര്‍ലമെന്റംഗത്വം നഷ്ടപ്പെടും. ഒന്നുകില്‍ മന്ത്രി,
അല്ലെങ്കില്‍ എം പി; ഒരേ സമയം മന്ത്രിയും എം പിയും ആകാനാവില്ല, അതാണവിടത്തെ
നിയമം. എം പി മാര്‍ മന്ത്രിമാരായിത്തീരുമ്പോള്‍ അവരുടെ എം പി സീറ്റുകള്‍
കാലിയാകും. അവയിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കും.
2010ലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇത്തരത്തില്‍ ഒഴിവു വന്ന 45
സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 2012ല്‍ നടന്നു. തടങ്കലിലുള്ളവര്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ലെന്ന നിയമം മൂലം സൂ കീയ്ക്കു 2010ലെ
പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നില്ലെന്നും, അതില്‍
പ്രതിഷേധിച്ച് സൂ കീയുടെ എന്‍ എല്‍ ഡി പാര്‍ട്ടി ആ തെരഞ്ഞെടുപ്പു
ബഹിഷ്‌കരിച്ചിരുന്നെന്നും മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. 2010ല്‍ സൂ കീയെ
സര്‍ക്കാര്‍ മോചിപ്പിച്ചു. അതുകൊണ്ട് 2012ല്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍
സൂ കീയുടെ എന്‍ എല്‍ ഡി മത്സരിച്ചു. ഉപതെരഞ്ഞെടുപ്പു നടന്ന 45 സീറ്റുകളില്‍
43ലും അവര്‍ വിജയം നേടി. അങ്ങനെ, 1988ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയ സൂ
കീ, ഇരുപത്തിനാലു വര്‍ഷത്തിനും, ഇരുപത്തൊന്നു വര്‍ഷത്തോളം നീണ്ട
ജയില്‍വാസത്തിനും ശേഷം, 2012ല്‍ ആദ്യമായി എം പിയായി, നിയമനിര്‍മ്മാതാവായി.
2015ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ സൂ കീയുടെ എന്‍ എല്‍ ഡി മത്സരിക്കുകയും
വന്‍വിജയം കൈവരിക്കുകയും 2016 ഏപ്രില്‍ മുതല്‍ അധികാരത്തില്‍ വരികയും
ചെയ്തു.
രാഷ്ട്രപതിയാകാന്‍ സൂ കീയെ ഭരണഘടന അനുവദിക്കാത്തതുകൊണ്ട്, സൂ കീയുടെ
പാര്‍ട്ടിയില്‍ത്തന്നെയുള്ള ഹിതിന്‍ ക്യാവോ ആണു രാഷ്ട്രപതിയായിരിക്കുന്നത്.
നീതിയുക്തമായ തെരഞ്ഞെടുപ്പിലൂടെ ആദ്യമായി അധികാരത്തില്‍ വന്ന മ്യാന്‍മാര്‍
സര്‍ക്കാരിന്റെ നേതൃസ്ഥാനം എന്‍ എല്‍ ഡിയുടെ അനിഷേദ്ധ്യനേതാവും ഭൂരിപക്ഷം
ജനതയുടേയും പ്രിയങ്കരിയുമായ സൂ കീ തന്നെ വഹിക്കണമെന്ന ശക്തമായ ജനവികാരം
മാനിച്ച് സ്റ്റേറ്റ് കൗണ്‍സലര്‍ എന്നൊരു പദവി പാര്‍ലമെന്റ്
വോട്ടെടുപ്പിലൂടെ സൃഷ്ടിച്ചു. ഇതിനുള്ള നിയമം അമ്യോതാ ഹ്‌ലുട്ടോ 2016
ഏപ്രില്‍ ഒന്നാം തീയതിയും പയിതു ഹ്‌ലുട്ടോ അഞ്ചാം തീയതിയും പാസ്സാക്കിയതോടെ
സ്റ്റേറ്റ് കൗണ്‍സലര്‍ എന്ന പദവി ഔപചാരികമായി നിലവില്‍ വന്നു. അടുത്ത
ദിവസം തന്നെ സൂ കീ മ്യാന്‍മാറിന്റെ സ്റ്റേറ്റ് കൗണ്‍സലറായി സത്യപ്രതിജ്ഞ
ചെയ്ത് ഭരണനേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. സ്റ്റേറ്റ് കൗണ്‍സലര്‍
('കൗണ്‍സിലര്‍' അല്ല) എന്ന ഈ പദവിയ്ക്ക് രാഷ്ട്രത്തിന്റെ ഉപദേഷ്ടാവ് എന്ന
അര്‍ത്ഥമാണുള്ളത്. സര്‍ക്കാരിന്റേയും രാഷ്ട്രപതിയുടേയുമെല്ലാം ഉപദേഷ്ടാവ്.
ജനാധിപത്യസര്‍ക്കാരിലെ സര്‍വരും രാഷ്ട്രത്തിന്റെ ഉപദേഷ്ടാവിന്റെ
ഉപദേശങ്ങള്‍ മാനിക്കുന്നു. ഇതൊക്കെയാണെങ്കിലും പോലീസ്, സൈന്യം
അതിര്‍ത്തികാര്യങ്ങള്‍ എന്നിവ പട്ടാളത്തിന്റെ മാത്രം വകുപ്പുകളാണെന്നു
മുകളില്‍ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
ലോകഭരണകര്‍ത്താക്കളില്‍ ഏറ്റവും 'കനം' കുറഞ്ഞ ഭരണകര്‍ത്താവാണു ആങ് സാന്‍ സൂ
കീ. സൂ കീ ശാരീരികമായി പൊതുവില്‍ ദുര്‍ബലയാണ്. തൂക്കം 48 കിലോ മാത്രം!
വീട്ടു തടങ്കലിലായിരിക്കുമ്പോഴും അതിനു ശേഷവും ഒന്നിലേറെത്തവണ അനാരോഗ്യം
ബാധിച്ച് സൂ കീ ആശുപത്രിയിലായിരുന്നു. ഇപ്പോള്‍
അനാരോഗ്യമൊന്നുമില്ലെങ്കിലും, പൊതുവിലുള്ള ആരോഗ്യക്കുറവു നിമിത്തം എളുപ്പം
ക്ഷീണിതയാകാനിടയുണ്ട് എന്നു സൂ കീയുടെ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. ശാരീരികമായ
ബലക്കുറവുണ്ടെങ്കിലും, അതു സൂ കീയുടെ ദൃഢനിശ്ചയത്തേയും സേവനമനസ്‌കതയേയും
സ്ഥിരോത്സാഹത്തേയും തരിമ്പും ബാധിച്ചിട്ടില്ല.
വാസ്തവത്തില്‍ ആങ് സാന്‍ സൂ കീയുടെ ജനാധിപത്യസര്‍ക്കാരിന് എന്തിനു
പൂര്‍ണാധികാരം ലഭിക്കണം? പല കാരണങ്ങളുണ്ട്. 1962 മുതല്‍ 2010 വരെ
മ്യാന്‍മാര്‍ ഭരിച്ചിരുന്നതു സൈനികഭരണകൂടങ്ങളായിരുന്നു. ജനാധിപത്യത്തെ
അവജ്ഞയോടെ വീക്ഷിച്ചിരുന്ന സൈനികഭരണകൂടങ്ങള്‍ക്കെതിരേ ആങ് സാന്‍ സൂ കീ
അഹിംസയിലധിഷ്ഠിതമായ പോരാട്ടം ഇരുപത്തെട്ടു കൊല്ലത്തോളം നടത്തിയതിന്റെ
ഫലമായാണു മ്യാന്‍മാറില്‍ ഭാഗികമായ ജനാധിപത്യമെങ്കിലും
സാദ്ധ്യമായിരിക്കുന്നത്. അതു പൂര്‍ണജനാധിപത്യമാക്കാനുള്ള നിരന്തരശ്രമം
നടത്താനും ഫലപ്രാപ്തിയിലെത്തിക്കാനും മറ്റാരേക്കാളും സൂ കീയ്ക്കു തന്നെയാണു
കഴിയുക. മ്യാന്‍മാര്‍ ജനതയ്ക്കു സൂ കീയില്‍ 1988 മുതലുണ്ടായ വിശ്വാസത്തിന്
ഇരുപത്തെട്ടു കൊല്ലമായിട്ടും യാതൊരു കോട്ടവും തട്ടിയിട്ടില്ല.
ജനാധിപത്യത്തില്‍ ഏറ്റവുമധികം ജനപിന്തുണയുള്ള നേതാവു തന്നെയാണു ഭരണം
നടത്തേണ്ടത്. അതു സൂ കീ തന്നെ.
രൊഹിംഗ്യകള്‍ വിദേശികളാണ്, അവര്‍ക്കു പൗരത്വം നല്‍കാനാവില്ല എന്ന നിലപാടാണു
പല പതിറ്റാണ്ടുകളായി മ്യാന്‍മാറിലെ ഭരണകൂടങ്ങളും ഭൂരിപക്ഷം വരുന്ന
ബുദ്ധമതസമുദായങ്ങളും സ്വീകരിച്ചുപോന്നിട്ടുള്ളത്. സമ്പൂര്‍ണജനാധിപത്യത്തിനു
വേണ്ടി വാദിച്ചുകൊണ്ടിരിക്കുന്ന സൂ കീയുടെ എന്‍ എല്‍ ഡി പാര്‍ട്ടിയിലെ
ഭൂരിപക്ഷനിലപാടും, രൊഹിംഗ്യകളുടെ വിഷയത്തില്‍, പൊതുധാരയുടേതില്‍ നിന്നു
വ്യത്യസ്തമല്ല. ജനാധിപത്യത്തില്‍ ഭൂരിപക്ഷനിലപാടാണു സ്വീകരിക്കപ്പെടുന്നത്.
തൊണ്ണൂറു ശതമാനം ജനതയും രൊഹിംഗ്യകള്‍ക്കെതിരാണെങ്കില്‍, ആര്‍ക്കെന്തു
ചെയ്യാന്‍ കഴിയും! ജനതയുടെ മനസ്സു മാറ്റിയെടുക്കാന്‍ ആര്‍ക്കെങ്കിലും
കഴിയുമെങ്കില്‍ അതു സൂ കീയ്ക്കു മാത്രമേ ആകൂ. സൂ കീയുടെ
ജനാധിപത്യസര്‍ക്കാരിനു സമ്പൂര്‍ണാധികാരം സിദ്ധിച്ചാല്‍, രൊഹിംഗ്യകള്‍ക്കു
പൗരത്വം കിട്ടുന്നില്ലെങ്കില്‍പ്പോലും, ഇന്ന് അവര്‍ക്കെതിരേ നടക്കുന്ന
അതിക്രമങ്ങള്‍ക്ക് അറുതി വന്ന്, അവര്‍ക്കു മ്യാന്‍മാറില്‍ത്തന്നെ
സമാധാനത്തോടെ അതിജീവനം നടത്താനുള്ള സാഹചര്യമുണ്ടാകുമെന്നു തീര്‍ച്ച.
അത്തരമൊരു സമാധാനസാഹചര്യം ക്രമേണ നിലവില്‍ വന്നാല്‍, ഏറെക്കാലം
കഴിയുമ്പോള്‍ അവര്‍ക്കു പൗരത്വവും കിട്ടിയെന്നു വരാം. യഥാര്‍ത്ഥ
ജനാധിപത്യസര്‍ക്കാരുകള്‍ ബഹുസ്വരത സ്വാഗതം ചെയ്യുകയേ ഉള്ളൂ, ന്യൂനപക്ഷങ്ങളെ
അടിച്ചമര്‍ത്തുകയില്ല.
2010ല്‍ തടങ്കലില്‍ നിന്നു മോചിതയാകുകയും, 2012ല്‍ പയിതു ഹ്‌ലുട്ടോയില്‍
അംഗമാകുകയും ചെയ്തപ്പോള്‍ത്തന്നെ സൂ കീ രാഷ്ട്രവികസനത്തേയും ജനക്ഷേമത്തേയും
മുന്‍നിര്‍ത്തിയുള്ള നയപരിപാടികള്‍ സ്വീകരിക്കാന്‍ അന്ന് എതിര്‍കക്ഷിയുടെ
അധീനതയിലായിരുന്ന സര്‍ക്കാരിനെ തുടരെത്തുടരെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
അതിനു ഫലമുണ്ടാകുകയും ചെയ്തിരുന്നു. 2008ല്‍ 3.6 ശതമാനവും 2011ല്‍ 5.6
ശതമാനവും മാത്രമുണ്ടായിരുന്ന മ്യാന്‍മാറിന്റെ സാമ്പത്തികവളര്‍ച്ച 2012ല്‍
7.3%, 2013ല്‍ 8.4%, 2014ല്‍ 8.7%, 2015ല്‍ 7.2% എന്നിങ്ങനെ വര്‍ദ്ധിച്ചു.
2016ല്‍ വെള്ളപ്പൊക്കക്കെടുതികളുണ്ടായിട്ടും 8.4% ശതമാനം വളര്‍ച്ച
കൈവരിച്ചിട്ടുണ്ടാകുമെന്നും, 2017ലെ വളര്‍ച്ച 8.3% ആകാനിടയുണ്ടെന്നും
ഏഷ്യന്‍ ഡിവലപ്പ്‌മെന്റ് ബാങ്കു പ്രവചിച്ചിട്ടുണ്ട്. എങ്കിലും,
മ്യാന്‍മാര്‍ ഇനിയുമേറെ വളരാനുണ്ട്: ഒരു തെളിവിതാ: യാങ്ങോണ്‍ സ്റ്റോക്ക്
എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യപ്പെട്ടിരിക്കുന്നത് വെറും നാലു കമ്പനികള്‍
മാത്രം! വേറെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും അവിടെയില്ല. ഇന്ത്യയിലാകട്ടെ,
ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 5788 കമ്പനികളും, നാഷണല്‍ സ്റ്റോക്ക്
എക്‌സ്‌ചേഞ്ചില്‍ 1659 കമ്പനികളും ലിസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ വേറേയും
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുണ്ടു താനും. മ്യാന്‍മാര്‍ ബഹുകാതം
സഞ്ചരിക്കേണ്ടതായാണിരിക്കുന്നത്.
പക്ഷേ, സാക്ഷരതയുടെ കാര്യത്തില്‍ മ്യാന്‍മാര്‍ നമ്മെ
അതിശയിപ്പിക്കുന്നുണ്ട്: 93 ശതമാനമാണ് അവരുടെ സാക്ഷരത. ഇന്ത്യയുടേത് 72
ശതമാനം മാത്രവും. ഉയര്‍ന്ന സാക്ഷരത ഉയര്‍ന്ന സാമൂഹ്യമൂല്യങ്ങളിലേക്കു
നയിക്കുമെന്നാണു പൊതുധാരണ. സാക്ഷരര്‍ വിപരീതമായാല്‍ രാക്ഷസരായി മാറും.
രൊഹിംഗ്യകളോടുള്ള ക്രൂരതയെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍,
അവരോടുള്ള സമീപനത്തില്‍ മ്യാന്‍മാറിലെ സാക്ഷരരില്‍ പലരും 'രാക്ഷസര്‍' ആയി
മാറുന്നുവെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഉയര്‍ന്ന സാക്ഷരത ഉയര്‍ന്ന
സാംസ്‌കാരികതയിലേക്കു നയിക്കണം. സഹജീവികളുടെ കഷ്ടപ്പാടുകള്‍ കണ്ടാല്‍
ദേശിവിദേശിയെന്ന വ്യതിരേകം മറന്ന് അവരെ സഹായിക്കാനുള്ള സന്നദ്ധത ഉളവാകണം.
സമ്പൂര്‍ണമായ ജനാധിപത്യവ്യവസ്ഥിതിയില്‍ മാത്രമേ, ജനവിഭാഗങ്ങള്‍ തമ്മിലുള്ള
സഹിഷ്ണുതയും സൗഹൃദവും വളരൂ. ഇതിനെല്ലാം വേണ്ടി ആഭ്യന്തരഭരണം സൈന്യത്തില്‍
നിന്നടര്‍ത്തി ആങ് സാന്‍ സൂ കീയുടെ ജനാധിപത്യസര്‍ക്കാരിനെ പൂര്‍ണമായും
ഏല്പിക്കേണ്ടതുണ്ട്. പക്ഷേ, പൂച്ചയ്ക്കാരു മണി കെട്ടും? കാതലായ
അധികാരങ്ങള്‍ ഇപ്പോഴും കൈയടക്കി വെച്ചിരിക്കുന്ന സൈന്യത്തെക്കൊണ്ടു
ത്യജിപ്പിക്കാന്‍ സൂ കീയ്ക്ക് കഴിയുമോ? അര നൂറ്റാണ്ടോളം പരമാധികാരം
കയ്യാളിയിരുന്ന സൈന്യം ജനാധിപത്യസര്‍ക്കാരിന്റെ അച്ചടക്കമുള്ള
ഭൃത്യരായിത്തീരാന്‍ സ്വമേധയാ തയ്യാറാകുമോ? സൂ കീ ഏറ്റെടുത്തിരിക്കുന്ന
ദൗത്യം എളുപ്പമല്ല.
ഇന്ത്യയും മ്യാന്‍മാറും തമ്മില്‍ ചില സമാന്തരങ്ങള്‍ കാണാം. ഇരു രാജ്യങ്ങളും
ബ്രിട്ടീഷ് കോളനികളായിരുന്നു. അടുത്തടുത്തു കിടന്നിരുന്ന കോളനികള്‍.
മ്യാന്‍മാര്‍ ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്നെന്നു മുകളില്‍ സൂചിപ്പിച്ചു
കഴിഞ്ഞിട്ടുമുണ്ട്. ഇരുരാജ്യങ്ങളിലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം
നടന്നിരുന്നു. ഇന്ത്യയിലേത് ഗാന്ധിജിയുടെ നേതൃത്വത്തില്‍,
അഹിംസയിലധിഷ്ഠിതമായ സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍, മ്യാന്‍മാറിലേത്
ആയുധം പ്രയോഗിച്ചുള്ള യുദ്ധം തന്നെയായിരുന്നു. ബ്രിട്ടനെ തുരത്താന്‍ വേണ്ടി
സുഭാഷ് ചന്ദ്രബോസ് ജപ്പാന്റെ സഹായം തേടി; മ്യാന്‍മാറില്‍ ആങ് സാനും (സൂ
കീയുടെ പിതാവ്) അതു തന്നെ ചെയ്തു. ആങ് സാനിന്റെ ശ്രമം കുറേക്കൂടി
മുന്നോട്ടു പോയി, ബ്രിട്ടന്‍ തുരത്തപ്പെടുകയും ജപ്പാന്‍
ആധിപത്യമുറപ്പിക്കുകയും ചെയ്തു.
നമുക്കു ബ്രിട്ടനില്‍ നിന്ന് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍
തൊട്ടടുത്ത വര്‍ഷം തന്നെ മ്യാന്‍മാറിനും സ്വാതന്ത്ര്യം കിട്ടി. ഇന്ത്യയില്‍
ജനാധിപത്യം നിലവില്‍ വന്നപ്പോള്‍ മ്യാന്‍മാറിലും ജനാധിപത്യം നിലവില്‍
വന്നു. നമ്മുടെ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രു ലോകപ്രശസ്തനായ
നേതാവായിരുന്നു. മ്യാന്‍മാറിന്റെ പ്രധാനമന്ത്രിയും പ്രശസ്തനായിരുന്നു: യൂ
നു.
1962ല്‍ മ്യാന്‍മാറിനു വഴി പിഴച്ചു: പട്ടാളം ഭരണം പിടിച്ചെടുത്തു.
ഇന്ത്യയില്‍, നെഹ്രു 1964ല്‍ ചരമമടഞ്ഞു. പക്ഷേ, ജനാധിപത്യത്തിനു യാതൊരു
കോട്ടവും തട്ടിയില്ല. മ്യാന്‍മാറില്‍, പട്ടാളഭരണകൂടം കമ്പനികളെ കൂട്ടത്തോടെ
ദേശസാല്‍ക്കരിച്ചു. സ്വകാര്യമൂലധനനിക്ഷേപകരുടെ ചൂഷണത്തില്‍ നിന്നു ജനതയെ
രക്ഷപ്പെടുത്തി, സോഷ്യലിസം നടപ്പാക്കലായിരുന്നു, ലക്ഷ്യം. ലക്ഷ്യം നന്ന്.
പക്ഷേ, വ്യവസായരംഗത്തെ വളര്‍ത്താനുള്ള സാമ്പത്തികശേഷി മ്യാന്‍മാര്‍
സര്‍ക്കാരിനുണ്ടായിരുന്നില്ല. ഉള്ള വ്യവസായം മുരടിക്കുകയും ചെയ്തു. രാജ്യം
ദാരിദ്ര്യത്തിന്റെ പിടിയിലമര്‍ന്നു. ഇന്ത്യയിലും ദേശസാല്‍ക്കരണമുണ്ടായി:
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അറുപതുകളില്‍ ബാങ്കുദേശസാല്‍ക്കരണം നടത്തി.
വിദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ തദ്ദേശീയമൂലധനത്തിനു
കടന്നുചെല്ലാനുള്ള വഴിയൊരുക്കുകയും ചെയ്തു. ഇന്ത്യ പൊതുമേഖലയെ
വളര്‍ത്തിയെങ്കിലും, അതു സ്വകാര്യമേഖലയെ തളര്‍ത്തിക്കൊണ്ടായിരുന്നില്ല.
അതുകൊണ്ട് ഇന്ത്യയിലെ വ്യവസായരംഗം വളര്‍ന്നു, മ്യാന്‍മാറിലേതു തളര്‍ന്നു.
ഇന്ത്യയിലെ വ്യവസായരംഗം വളര്‍ന്നിട്ടും, തൊണ്ണൂറുകളുടെ തുടക്കത്തില്‍
വിദേശമൂലധനത്തെ ക്ഷണിക്കാതെ സാമ്പത്തികനില ഭദ്രമാക്കാനാവില്ലെന്ന സ്ഥിതി
വന്നു. മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള പല അവികസിതരാഷ്ട്രങ്ങളുടേയും സ്ഥിതി
അതു തന്നെയായിരുന്നു. ചുവരിലെഴുത്ത് ഇന്ത്യ വായിച്ചു, അമാന്തം കൂടാതെ
വിദേശമൂലധനത്തിനായി വഴി തുറന്നുകൊടുക്കുകയും ചെയ്തു. മ്യാന്‍മാര്‍ അവിടേയും
പിന്നാക്കം നിന്നു. രണ്ടു പതിറ്റാണ്ടോളം കാലതാമസം വരുത്തിയ ശേഷം, കഴിഞ്ഞ
ഏതാനും വര്‍ഷങ്ങളിലാണ് മ്യാന്‍മാര്‍, ഗത്യന്തരമില്ലാതെ, വൈമനസ്യത്തോടെ
അതിനൊരുങ്ങിയത്. തുച്ഛമായ വിദേശമൂലധനം മാത്രമേ ഇപ്പോഴും
മ്യാന്‍മാറിലെത്തിയിട്ടുള്ളൂ. വിദേശമൂലധനനിക്ഷേപകര്‍ക്ക് മ്യാന്‍മാര്‍
സര്‍ക്കാരില്‍ പൂര്‍ണവിശ്വാസം വന്നിട്ടില്ല. മ്യാന്‍മാറിലെ
തൊഴിലില്ലായ്മാനിരക്ക് 4.02% മാത്രമാണെങ്കിലും, പകുതിയിലേറെപ്പേരും
കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. മൂന്നിലൊന്നോളം ജനങ്ങള്‍
വൈദ്യുതി ലഭിക്കാത്തവരാണ്. വരുമാനക്കുറവു മൂലം ജനതയുടെ ജീവിതനിലവാരം
താരതമ്യേന താഴ്ന്നതുമാണ്.
മ്യാന്‍മാറിനു വഴി പിഴച്ചുപോയ മറ്റൊരു രംഗം ബംഗ്‌ളാദേശില്‍ നിന്നുള്ള
കുടിയേറ്റക്കാരോടുള്ള സമീപനത്തിലാണ്. ബംഗ്‌ളാദേശില്‍ നിന്നു അനധികൃതമായി
കുടിയേറിയവര്‍ മ്യാന്‍മാറില്‍ പന്ത്രണ്ടു ലക്ഷം മാത്രമാണുള്ളതെങ്കില്‍
ഇന്ത്യയിലവര്‍ ഒരു കോടിയിലേറെയുണ്ട്. ഇന്ത്യയുടെ ഉത്തരപൂര്‍വമേഖലയിലും
പശ്ചിമബംഗാളിലും മറ്റും അവര്‍ ധാരാളമുണ്ട്. അനധികൃതകുടിയേറ്റക്കാരെ
തിരിച്ചയയ്ക്കാന്‍ വേണ്ടി ആസ്സാമില്‍ വര്‍ഷങ്ങളോളം പ്രക്ഷോഭവും
നടന്നിരുന്നു. പക്ഷേ, മ്യാന്‍മാറിലെ രൊഹിംഗ്യകള്‍ വിധേയമായതുപോലുള്ള
അതിക്രമങ്ങള്‍ക്ക് ഇന്ത്യയിലെ അനധികൃതകുടിയേറ്റക്കാര്‍ വിധേയമാകേണ്ടി
വന്നിട്ടില്ല. 1983 ഫെബ്രുവരിയില്‍ ആസ്സാമിലെ നെല്ലിയില്‍ നടന്ന
കൂട്ടക്കൊലയെ വിസ്മരിച്ചുകൊണ്ടല്ല, ഇതെഴുതുന്നത്. 'നെല്ലി'
സംഭവമുണ്ടായെങ്കിലും, ഇന്ത്യയിലെ അനധികൃതകുടിയേറ്റക്കാര്‍ക്ക് പൊതുവില്‍
സാധാരണജീവിതം നയിക്കാനാകുന്നുണ്ട്. അവര്‍ക്കും പൗരത്വം
കിട്ടിയിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കണം, കൂടുതല്‍
അനധികൃതകുടിയേറ്റക്കാര്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
ഇന്ത്യയില്‍ ബുദ്ധമതാനുയായികള്‍ 0.8% മാത്രമേയുള്ളെങ്കിലും, ഇന്ത്യയിലെ
മുഖ്യധാരാജനത അഹിംസയെ മുറുകെപ്പിടിക്കുന്നവരല്ലെങ്കിലും, കഷ്ടപ്പെടുന്ന
സഹജീവികളോടു പൊതുവില്‍ കനിവു കാണിക്കുന്നവരാണ് ഇവിടത്തെ ജനത. ഇവിടത്തെ
പൗരത്വത്തില്‍ ഉച്ചനീചത്വങ്ങളുമില്ല.
ഇന്ത്യന്‍ ജനത ജനാധിപത്യത്തിലും ബഹുസ്വരതയിലും അടിയുറച്ചു
വിശ്വസിക്കുന്നവരാണ്. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള എഴുപതു
വര്‍ഷത്തിനിടയില്‍ ജനാധിപത്യത്തില്‍ നിന്ന് ഇന്ത്യ അല്പമൊന്നു
വഴിമാറിപ്പോയത് എഴുപതുകളില്‍, അടിയന്തരാവസ്ഥ നിലനിന്നിരുന്ന
ഒന്നേമുക്കാല്‍ക്കൊല്ലം മാത്രമാണ്. വഴി തെറ്റിയെന്നു മനസ്സിലാക്കിയ ജനത
ഉടന്‍ സ്വയം തിരുത്തി, ജനാധിപത്യത്തിലേക്കു മടങ്ങുകയും ചെയ്തു.
മ്യാന്‍മാറാകട്ടെ, നീണ്ട നാല്പത്തെട്ടു വര്‍ഷമാണ് ജനാധിപത്യത്തെ
അടിച്ചമര്‍ത്തി വെച്ചിരുന്നത്! ലോകത്തിലെ ഏറ്റവും മഹത്തരമായ
ജനാധിപത്യമെന്ന് ഇന്ത്യയെ ലോകം വിശേഷിപ്പിക്കാറുള്ളത് തൊട്ടടുത്തുള്ള
മ്യാന്‍മാറിലെ ജനാധിപത്യത്തിന്റെ ശോചനീയാവസ്ഥ കണ്ടിട്ടു കൂടിയാകണം.
കുറിപ്പുകള്‍: മ്യാന്‍മാറിലെ പാര്‍ലമെന്റില്‍ മാത്രമല്ല,
സംസ്ഥാനനിയമസഭകളിലും 25% സീറ്റുകള്‍ പട്ടാളത്തിനുള്ളതാണ്.
സംസ്ഥാനഭരണത്തിലും സൈന്യത്തിന്റെ കൈകടത്തലുണ്ട് എന്നു ചുരുക്കം.
ആങ് സാന്‍ സൂ കീയോടുള്ള സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കാന്‍ മ്യാന്‍മാറിലെ
ജനത ഡൗ സൂ എന്നാണു വിളിക്കാറ്. ഡൗ എന്നാല്‍ ബര്‍മ്മീസില്‍ വലിയമ്മ അഥവാ
'aunt' എന്നാണര്‍ത്ഥം. സൂ കീ പ്രസിഡന്റ് ഒബാമയെ സന്ദര്‍ശിച്ചപ്പോള്‍
ഒബാമയും ആദരവോടെ ഡൗ സൂ എന്നു പല തവണ പരാമര്‍ശിക്കുകയുണ്ടായി. മ്യാന്‍മാര്‍
ജനത 'അമായ് സൂ' എന്നും സൂ കീയെ വിളിക്കാറുണ്ട്: അമ്മ എന്ന അര്‍ത്ഥത്തില്‍.
ഏറെ ബുദ്ധിമുട്ടിയിട്ടും പിഡാങ്‌സു ഹ്‌ലുട്ടോയുടെ ശരിയുച്ചാരണം
കണ്ടുപിടിക്കാന്‍ ഈ ലേഖകനു കഴിഞ്ഞിരുന്നില്ല. ഒരുപായം തോന്നി:
ന്യൂഡല്‍ഹിയില്‍ മ്യാന്‍മാറിന്റെ എംബസിയുണ്ട്. എംബസിയുടെ ഫോണ്‍ നമ്പര്‍
കണ്ടെത്തി വിളിച്ചു. മറുപടിയുണ്ടായില്ല. ആവശ്യം അറിയിച്ചുകൊണ്ട്
ഈമെയിലയച്ചു. പത്തു മിനിറ്റു കഴിയും മുമ്പ് ഫോണടിച്ചു. എടുത്തപ്പോള്‍,
മ്യാന്‍മാര്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍! അദ്ദേഹം ശരിയുച്ചാരണം ക്ഷമയോടെ,
ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേള്‍പ്പിച്ചു തന്നു. അത്ഭുതപ്പെട്ടുപോയി.
ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങള്‍ക്കു സ്വാഗതം. പ്രതികരണങ്ങള്‍
sunilmssunilms@rediffmail.comഎന്ന ഈമെയില്‍ ഐഡിയിലേയ്ക്ക് അയയ്ക്കാന്‍
അഭ്യര്‍ത്ഥിക്കുന്നു.