Image

മരണഭീതി (കവിത: വാസുദേവ് പുളിക്കല്‍)

Published on 28 February, 2017
മരണഭീതി (കവിത: വാസുദേവ് പുളിക്കല്‍)
കിഡ്‌നി കൊളാപ്‌സായ്
ആശുപത്രിയില്‍ കിടക്കുമ്പോള്‍
മരിച്ചു പോകുമോ എന്ന ഭയത്തില്‍
കാര്‍മേഘങ്ങളെന്‍ മനസ്സില്‍ പടര്‍ന്നു.
നിത്യാനാമാത്മാവിനില്ല മരണമെന്നും
പഞ്ചഭൂതാത്മകമാം മാംസള-
ശരീര നാശത്തിന്‍ ദുഃഖം
അര്‍ത്ഥശൂന്യമെന്നും പ്രസംഗിച്ച നാളുകള്‍
മരണം മുഖാമുഖം വന്നപ്പോള്‍-
മനസ്സിലോര്‍ത്തു ഞാന്‍ ഞെട്ടി.

ഡയബെറ്റിക് ന്യൂറോപ്പതിയില്‍
സുന്ദരമാം പുരുഷാവയവത്തിനുപയോഗം
കൂടെ കൂടെ മൂത്രമൊഴിക്കാന്‍ മാത്രം
പെണ്ണിന്നഴകില്ലാകര്‍ഷണീയതയില്ലെന്ന
അവസ്ഥയിലെത്തിച്ച രോഗത്തിന്‍ പിടിയില്‍
അമര്‍ന്നപ്പോള്‍ വ്യര്‍ത്ഥമീ ജീവിതമെന്ന്
തോന്നിയ നാളുകള്‍ക്കത്ര നീളമില്ലതായി...

സ്‌നേഹം ചൊരിഞ്ഞു നിന്ന മനസ്വിനിതന്‍ പുഞ്ചിരി
നല്‍കി ജീവിതത്തിന്നൊരു നവോത്മേഷം
വീണ്ടും തോന്നി ഈ ജീവിതം മധുരതരം
മനസ്സു രമിക്കേണ്ടത് സ്ത്രിയുടെ ശരീരവടിവില്ല-
വളുടെ സ്‌നേഹത്തിന്‍ ലഹരിയിലല്ലോ.
അവളൊഴുക്കും സ്‌നേഹത്തിന്‍ പാലാഴിയില്‍
എന്നെന്നും നീന്തിത്തുടിക്കാനുള്ള മോഹം
മരണഭയത്തിന്‍ സ്ഥാനമപഹരിച്ചു.
എങ്കിലുമെന്‍ വിധി നിര്‍ണ്ണയിക്കാന്‍
ഞാനാളല്ലെന്ന ചിന്തയില്‍ മുഴുകി
മധുരം കിനിയും പൂര്‍വ്വകാല സ്മരണകള്‍
അയവിറക്കിയിറക്കി ഞാന്‍ കിടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക