Image

അരുത്, സാഹിത്യത്തിലസൂയയരുത് (കവിത: വാസുദേവ് പുളിക്കല്‍)

Published on 11 March, 2017
അരുത്, സാഹിത്യത്തിലസൂയയരുത് (കവിത: വാസുദേവ് പുളിക്കല്‍)
കാവ്യ ചര്‍ച്ചാവേദിയിലേക്കൊരു കവി
സുസ്‌മേരവദനനായ് സസന്തോഷം
കയറി വന്നു, കയ്യിലൊരു കവിതയുമായ്
സദസ്യരില്‍ ചിലരാ വരവുകണ്ടൊളി
കണ്ണെറിഞ്ഞതും ഊറിച്ചിരിച്ചതും
എന്തിനെന്നാദ്യമറിഞ്ഞില്ല നിഷ്കളങ്കനാം കവി.
കവിതയെടുക്കൂ, അവതരിപ്പിക്കൂ
അദ്ധ്യക്ഷന്‍ ചൂണ്ടിയവര്‍ കവിത ചൊല്ലി.
പിന്നയോ ചര്‍ച്ച, ചൂടുള്ള ചര്‍ച്ച
എല്ലാവരും കവിത ചൊല്ലിയിട്ടും
ഗൗനിച്ചില്ലാദ്ധ്യക്ഷനീ കവിയെ.

കവിയോ, സമര്‍ത്ഥന്‍ ബുദ്ധിമാന്‍
കവിതയെടുത്തീണത്തില്‍ ചൊല്ലി
പുച്ഛത്തില്‍ പുഞ്ചിരിയുമായ്
പലരും പരസ്പരം നോക്കി കണ്ണിറുക്കി
ഗളഛേദത്തിനാരംഭമായ്
ഭാവനയില്ലാ, ആശയമില്ലാ,
ആത്മാവില്ലാ ശുഷ്ക്കമാം കവിത
അദ്ധ്യക്ഷനെ പിന്‍താങ്ങിപ്പലരും
പറഞ്ഞു നിന്ദ്യമാം കമന്റുകള്‍

കയറി വന്നപ്പോള്‍ സദസ്യരില്‍ക്കണ്ട
ഭാവമാറ്റത്തിന്‍ പൊരുളറിഞ്ഞു കവി
വീട്ടില്‍ കുത്തിയിരുന്നു കുത്തിക്കുറിക്കും
പൊതു നന്മ കാംക്ഷിക്കും കവിക്ക്
ശത്രുക്കളുണ്ടാകുന്നതെട്ടാമത്ഭുതം
സുഹൃത്തു പറഞ്ഞതോര്‍ത്തു കവി.

കവിയുടെ ആവിഷ്ക്കരണശേഷിയപാരം
സര്‍ഗ്ഗപ്രതിഭകൊണ്ടനുഗൃഹീതന്‍
സ്വാഭാവികതയോടും സഹജഭംഗിയോടും
ജീവിതാനുഭവങ്ങളാവിഷ്ക്കരിക്കപ്പെട്ട
മനോഹരമാം കാല്പനിക സൃഷ്ടികള്‍
പ്രശസ്തിയെ പുല്‍കിയ കവിയെക്കണ്ട്
ലജ്ജിച്ചു തല താഴ്ത്തിയസൂയാലുക്കള്‍
ദൈവികമാം സര്‍ഗ്ഗ വൈഭവത്തില്‍
നഷ്പ്രഭമീ തമോബാധിത മനസ്സുമായ്
കുശുമ്പുകുത്തും സാഹിത്യവിരുദ്ധന്മാര്‍
അരുത്, സാഹിത്യത്തിലസൂയയരുത്.
Join WhatsApp News
vayanakaaran 2017-03-11 09:49:25
ആരാണീ കവി?  "വീട്ടിൽ കുത്തിയിരുന്നു കുത്തിക്കുറിക്കും"  കവി പുറത്തേക്ക് ഇറങ്ങട്ടെ. ശത്രുക്കളോട് പൊരുതുക.
വിദ്യാധരൻ 2017-03-11 19:05:11
കവികളെ നിങ്ങൾ കവിത കുറിക്കുവാൻ 
ഒട്ടും മടിക്കല്ലേ ഒരിക്കലും
നിങ്ങളിൽ പൊന്തിവരുന്നൊരാശയം 
സങ്കലപ്പങ്ങളൊക്കയും 
കുത്തിക്കുറിക്കണം മടിയാതുടൻ തന്നെ 
കുത്തണം ചെന്നതസൂയാലുക്കളെ 
കൂർത്തതാം കുന്ത മുനപോലെ ചെന്ന്

കുത്തിക്കുറിയ്ക്കുന്നു എന്തോ ചിലർ   
വിളിക്കുന്നവയെ കവിതയെന്നു പിന്നെ 
നെട്ടോട്ടം ഓടുന്നു അവാർഡിനായെങ്ങും  
പ്ലാക്കുകൾ പൊന്നാട എന്നിവ 
വാങ്ങി നിരത്തുന്നു ചില്ലലമാരയിൽ
വീമ്പിളക്കുന്നു നാടുനീളെ നടന്ന് 
മഹാകവിയായി നടിക്കുന്നു 
ഇല്ലിവർക്കു സാമൂഹ്യ പ്രതിബദ്ധത 
ഇല്ലിവർക്കാരോടും കടപ്പാട് 
ഉള്ളതോ അഹംഭാവത്തോടു മാത്രം 
ആവില്ലിവർക്കൊരിക്കലും പറവാൻ 
നല്ലതെന്നു വരില്ല നാവിൽ നിന്നൊരിക്കലും 

ഒന്ന് തിരിഞ്ഞു നോക്കുക വയലാർ വിപ്ലവം 
കണ്ടു നില്ക്കാനായില്ല വയലാറെന്ന കവിക്ക് 
എത്രയെത്ര വിപ്ലവ കവിതകൾ പിറന്നാ 
തൂലിക തുമ്പിൽ നിന്ന് 
"സർക്കാരിൻ നെറികേടുകളോടെതിർ -
നില്കാനെത്തിയ സമരത്തിൽ 
അങ്കം വെട്ടിയൊരെന്മകനിന്നൊരു 
വൻകൊലമരമാണരികത്തിൽ 
അവനെചൂണ്ടി തലമുറപറയും 
-----അഴകൻ നമ്മുടെ മുൻഗാമി "

"പൊട്ടിപ്പുറപ്പെട്ടു നാട്ടിലെല്ലാടവും
പട്ടിണിക്കാരുടെ ജീവിത വിപ്ലവം 
കത്തിപ്പിടിച്ചു പടർന്നു തീനാമ്പുകൾ 
മർദ്ദകർതൻ നെടുങ്കോട്ടകൾക്കുള്ളിലും 
വേലക്ക് പാടത്തു ചെന്നവർ, കൊയ്ത്തരി -
വാളുമുയർത്തി സമരരംഗങ്ങളിൽ 
ആർത്തണയുന്നതു കാൺകെ കരിമ്പടം 
നിർത്തും പരിസരം ഞെട്ടി വിറച്ചുപോയി "

എഴുതു  കവികളെ മടിയാതെ നിങ്ങൾ 
ചെന്നതു കത്തിപ്പടരട്ടദ്ധ്യക്ഷൻറെ 
ആസനത്തിനു ചൂട് പിടിക്കട്ടെ ചാടട്ടെ 
കുത്തി  ഇരിക്കും കസേരയിൽ നിന്നവർ
കീറുക പൊയ്‌മുഖം പിച്ചിച്ചീന്തുക നിങ്ങൾ 
എല്ലുപോലെ കടുകട്ടിയാം വാക്കിനാൽ 
തീർത്തതാം കവിതകൾ ഇടയ്ക്കിടെ 
ഇട്ടുകൊടുക്കുക പട്ടിക്ക് എല്ലെന്നപോലെ 
കടിച്ചു ചവച്ചിരിക്കുമല്ലോ കവിത 
കുരയ്ക്കില്ല ശല്യം ഒഴിവായിടും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക