Image

കാത്തിരുന്ന അന്ത്യ വിധി (ചെറുകഥ-ജോയ്‌സ് തോന്ന്യാമല)

Published on 28 April, 2017
കാത്തിരുന്ന അന്ത്യ വിധി (ചെറുകഥ-ജോയ്‌സ് തോന്ന്യാമല)
കനത്ത മഴയുടെ ചിതറിയ തുള്ളികള്‍ വലിയ ശബ്ദത്തോടെ ജനാല ചില്ലില്‍ ആഞ്ഞു പതിക്കുന്നു. മഞ്ഞിന്റെ നേര്‍ത്ത പുക പാകിയ ചില്ലിലൂടെ ആര്‍ത്തു പെയ്യുന്ന മഴയെ വെറുതെ നോക്കിയിരിക്കുകയാണ്. മഴ മനസ്സിനേകുന്ന കുളിര്‍മ എന്നും എനിക്ക് ഭ്രാന്തമായ അഭിനിവേശമായിരുന്നു. മഴയുടെ താളങ്ങള്‍ പുറത്തു കുതിരുന്ന മണ്ണില്‍ കവിത രചിക്കുന്നു. വായിച്ചെടുക്കും മുമ്പേ സ്വയം മായ്ച്ചു കളയുന്ന കാവ്യഗീതം. പ്രപഞ്ചത്തിന്റെ നിഗൂഢമായ അഭൗമ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാതെ ഞാന്‍ സ്വയം മറന്നു പോയ നിമിഷങ്ങള്‍. പുതു മഴ മണ്ണില്‍ വീഴുമ്പോഴുള്ള ത്രസിപ്പിക്കുന്ന ഗന്ധം ഇന്ന് എന്നെ വല്ലാതെ വേട്ടയാടുന്നു.

ഉപജീവനമാര്‍ഗം തേടി പ്രവാസി വേഷം കെട്ടി മഹാനഗരത്തില്‍ വന്നിട്ട് മാസങ്ങള്‍ പിന്നിട്ടു. ആദ്യമയാണ് ഇവിടെ ഒരു മഴ കാണുന്നത്. സ്‌നിഗ്ധമായ ഗൃഹാതുരത ഓര്‍മകള്‍ ഇവിടെ പുനര്‍ജനിക്കുന്നു. അംബര ചുംബിയായ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അഴുക്കു ചാലിലേക്ക് കുത്തി ഒലിക്കുന്ന മഴയെ നിസംഗനായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവനാവുകയായിരുന്നു ഞാന്‍. അങ്ങനെ മനസുകൊണ്ട് എന്റെ കൊച്ചു ഗ്രാമത്തിലേക്ക്... ഓര്‍മകളുടെ വേദനയിലേക്ക് തിരഞ്ഞു നടക്കാന്‍ പ്രേരിതനാവുന്നു ഇപ്പോള്‍.

മഴ പെയ്തു തോര്‍ന്നൊരു വേളയിലെ വീട്ടുമാവിന്‍ ചോട്ടില്‍ ചെളി വെള്ളത്തില്‍ കടലാസ് വള്ളമുണ്ടാക്കി മതി മറന്നു കളിക്കുന്ന നേരം. മാമ്പൂവും പിന്നെ മാമ്പഴവും... കല്ലെറിയലിനായി കൊതിച്ചു വിളിച്ചിട്ടും പിന്‍തിരിയാത്ത എനിക്ക് വേണ്ടി നിലത്തു പൊഴിഞ്ഞു വീണു കരയുമ്പോള്‍ അവയെ കൊത്തി പറക്കാന്‍ വന്ന കിളികളെ ആട്ടിപ്പായിച്ച് മധുരം കിനിയുന്ന മാമ്പഴം കൈപിടിയില്‍ ഒതുക്കിയതും... തിരിച്ചു വരാത്ത ബാല്യവും കുസൃതികളും... വാത്സല്യം കോരി വിളമ്പിയ അമ്മയുടെ നിറസാന്നിദ്ധ്യവും... എന്റെ ഓര്‍മ വൃക്ഷത്തിലെ ഇല കൊഴിയാത്ത പച്ചപ്പായി, വാടാത്ത പനിനീര്‍ പൂവായ് വിടര്‍ന്നു നില്‍ക്കുന്നു. മഞ്ഞിന്റെ അപാരമായ കുളിര്‍മ പോലെ.

പെട്ടെന്നാണ് എന്റെ കണ്ണുകള്‍ എതിര്‍വശത്തുള്ള ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഉടക്കിയത്. താമര പോലെ വിരിഞ്ഞ കണ്ണുകളും ചിരിക്കുമ്പോള്‍ വിരിയുന്ന നുണക്കുഴിയും ചന്ദ്രന്‍ ഉദിക്കുന്ന കണക്കെ മുഖലാവണ്യവും ഉള്ള ആറുവയസ്സോളം പ്രായം തോന്നുന്ന ഒരു പെണ്‍കുട്ടി. പുതുതായി വന്ന താമസക്കാരാണ്. പൊതുവേ എല്ലാവരുമായും വേഗത്തില്‍ ചങ്ങാത്തം കൂടുന്ന ഞാന്‍, മഴ കൊണ്ടുവന്ന അയല്‍ക്കാരുടെ നേരെ കൈ വീശി സ്‌നേഹ സാന്നിദ്ധ്യം അറിയിച്ചു. അവരുടെ സൗഹാര്‍ദ്ദപരമായ നോട്ടവും മന്ദഹാസവും എന്നെ അങ്ങോട്ട് ക്ഷണിക്കുന്നുവെന്ന തോന്നലാവാം മഴ തെല്ലൊന്നു ശമിച്ചപ്പോള്‍ എന്നെ അവരുടെ അടുത്തേക്ക് എത്തിച്ചത്.

അല്പനേരത്തെ സംഭാഷണത്തിനിടയില്‍ അവരെ കുറിച്ചുള്ള ഏകദേശ രൂപം മനസ്സിലാക്കി. എന്നെപ്പോലെ പ്രവാസലോകത്ത് എത്തിയ ഭാഗ്യാന്വേഷികള്‍. നാടും വീടും വിട്ടു ജീവിതം കരുപ്പിടിപ്പിക്കാന്‍ എത്തിയവര്‍. വളരെ പെട്ടെന്ന് ഞാന്‍ ആ കുരുന്നുമായി അടുത്തു. യാത്ര പറഞ്ഞ് ഇറങ്ങുന്നതിനിടയില്‍ അവളുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു, 'ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങള്‍ക്ക് കിട്ടിയ നിധി ആണിവള്‍...' അതേ, ഞാനും മനസ്സില്‍ ഉറപ്പിച്ചു എന്റെ കൂടെ പിറക്കാതെ പോയ അനിയത്തി കുട്ടിയാണിവള്‍.

പിന്നീടുള്ള എന്റെ സായാഹ്നങ്ങള്‍ക്ക് നിറം പകര്‍ന്നിരുന്നത് ഈ കൊച്ചു മിടുക്കിയാണ്. പകലന്തിയോളം ജോലിയിലെ ക്ഷീണവും മാനസിക പിരിമുറുക്കവും എല്ലാം കഴിഞ്ഞു യാന്ത്രികത നിറച്ച മുറിയിലേക്ക് മടങ്ങുമ്പോള്‍ എന്റെ നഷ്ട സ്വപ്നങ്ങള്‍ തിരിച്ചു പിടിച്ചത് അവളിലൂടെ ആയിരുന്നു. അവളെ ഞാന്‍ സ്‌നേഹത്തോടെ 'നിഷൂ...' എന്ന് വിളിച്ചു. അവള്‍ എന്നെ 'ചാച്ച...' എന്നും. 

എല്ലാ സായന്തനങ്ങളിലും അവള്‍ എന്റെ വരവും നോക്കി ബോഗണ്‍വില്ലകള്‍ പൂത്തുലയുന്ന ആ ഗേറ്റിനരികില്‍ നില്‍ക്കുമായിരുന്നു. എന്നെ ദൂരെ കാണുമ്പോള്‍ തന്നെ ആഹ്ലാദത്തിന്റെ പൊന്‍ വസന്തം ആ കുഞ്ഞു മുഖത്തു വിരിയും. കിലുകിലാരവ ചിരിയോടൊപ്പം അവള്‍ ഓടി എന്റെ അരികില്‍ എത്തുകയായി. എന്റെ കൈകളില്‍ തൂങ്ങി ആടുകയായി. ഞാന്‍ പറഞ്ഞു കൊടുക്കുന്ന മുത്തശ്ശിക്കഥകള്‍ കേള്‍ക്കാന്‍, കുട്ടി കവിതകള്‍ കേള്‍ക്കാന്‍, അവള്‍ക്കായി കരുതുന്ന മിഠായികള്‍ നുണയാന്‍...

അച്ഛന്റെ തിരക്കിട്ട ജോലി കാരണം അവള്‍ക്കു നഷ്ടപ്പെടുന്നത് നിറമാര്‍ന്ന ബാല്യത്തിലെ സ്‌നേഹ ലാളനകള്‍ ആയിരുന്നു. അതായിരിക്കാം എന്റെ സ്‌നേഹവായ്പ്പില്‍ ആ കുരുന്നു ഹൃദയം സ്വയം മറന്നുല്ലസിച്ചിരുന്നത്. അല്ലെങ്കിലും ഒരു പരിധി കഴിഞ്ഞാല്‍ മുതിര്‍ന്നവര്‍ക്ക് കുഞ്ഞുങ്ങളും അവരുടെ വിശേഷങ്ങളും കേള്‍ക്കുമ്പോള്‍ തങ്ങളും ഇതൊക്കെ കഴിഞ്ഞു വന്നതാണ് എന്നുള്ള ഭാവമല്ലേ.

ജനിച്ചു വീണ നാടിനെ കുറിച്ചും ഓര്‍മകളിലെ ആഘോഷങ്ങളെ കുറിച്ചും ഇതിഹാസ കഥകളിലെ വീര നായകരെ പറ്റിയും പറയുമ്പോള്‍ അവളുടെ നുണക്കുഴിയിലെ നക്ഷത്ര തിളക്കവും ആകാംക്ഷയോടെ വിടരുന്ന കണ്ണുകളും എന്നെ ആഹ്ലാദചിത്തനാക്കിയിരുന്നു. പറന്ന് പോകുന്ന ദിവസങ്ങളില്‍ എന്നും അവള്‍ എന്റെ കൂട്ടായി. അവളുടെ കൊഞ്ചലുകള്‍ കേള്‍ക്കാതെ എന്റെ ദിവസങ്ങള്‍ നീങ്ങില്ലെന്നായി. എന്റെ വിരല്‍ തുമ്പില്‍ തൂങ്ങി കുട്ടിക്കഥകള്‍ കേട്ട് വര്‍ണ്ണാഭമായ ലോകത്തിന്റെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ കണ്ട് പാതയോരത്ത് കൂടി നടന്നിരുന്ന അവള്‍ ഇന്ന് എനിക്ക് ഓര്‍മ്മയാണ്... നൊമ്പരപ്പെടുത്തുന്ന, തോരാക്കണ്ണീരിന്റെ മായാത്ത ഒരോര്‍മ്മ...

മഴ കോരിച്ചൊരിയുന്ന മിക്ക രാത്രികളിലും അവള്‍ നിശബ്ദം എന്നിലേക്ക് ഇറങ്ങി വരികയാണോ... തൂവെള്ള കുപ്പായം അണിഞ്ഞ്, തലയില്‍ നിറയെ ചെമ്പനീര്‍ പൂക്കള്‍ ചൂടി എന്റെ സ്വപ്നങ്ങളിലെ കുഞ്ഞു മാലാഖയായി...

അവളുടെ പൂവിരല്‍ തുമ്പിലൂടെ അടര്‍ന്നിറങ്ങിയ മഴത്തുള്ളികളില്‍ അവള്‍ എനിക്ക് കൈമാറിയത് അവളുടെ ഓജസാര്‍ന്ന ജീവനായിരുന്നു. പറന്നുയരാന്‍ വെമ്പി നിന്ന അവളുടെ ആത്മാവായിരുന്നു എന്നത് എനിക്കു കരള്‍ മുറിക്കുന്ന നേരറിവാകുന്നു. 

നിത്യദുഖം പേറാന്‍ എന്നിലേക്ക് പെയ്തിറങ്ങിയ മഴ, ജീവിതത്തിലെ അഭിശപ്തമായ ഇരുണ്ട ദിനം... അതാ, ബാല്‍ക്കണിയില്‍ നിന്ന് അവള്‍ എന്നെ വിളിക്കുന്നുണ്ട്. അലസത കാരണം എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെല്ലാന്‍ ലേശം മടി കാണിച്ച ഞാന്‍ അവളെ എന്റെ അടുത്തേക്ക് വിളിച്ചു.

എന്റെ ജീവിതത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന അവളുടെ ഓര്‍മ്മകളെ എനിക്ക് സമ്മാനിച്ച എന്റെ നശിച്ച അലസതയെ ഞാന്‍ ഇന്ന് ഈ ലോകത്ത് മറ്റെന്തിനേക്കാളും വെറുത്തു പോകുന്നു. ഒരു പക്ഷേ ഞാന്‍ ഒന്ന് എഴുന്നേറ്റ് ചെന്നിരുന്നെങ്കില്‍, അവളെ മരണത്തിന്റെ അഗാധമായ ഇരുളിന്‍ കുഴിയില്‍ വീഴാതെ തടുക്കാന്‍ കഴിയുമായിരുന്നോ...?

ഉത്തരം കിട്ടാത്ത, എപ്പോഴും ചെവിയില്‍ പ്രതിധ്വനിക്കുന്ന സത്യം. എന്റെ അടുത്തേക്ക് ഓടിവരാന്‍ ഇറങ്ങിയ അവളെ കാത്തിരുന്നത് നിത്യമായ ഉറക്കത്തിലേക്ക്  വഴുതി വീഴാനുള്ള കല്‍പ്പിതമായ വിധി ആയിരുന്നോ...?

അവധിക്കു നാട്ടില്‍ പോയി വന്ന ഏതോ കളിക്കൂട്ടുകാരി സമ്മാനിച്ച മഞ്ചാടിക്കുരു, പാതവക്കത്തു നിന്ന് എണ്ണുന്ന നിഷുവിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഒരു വാഹനം അതു വഴി ചീറിപ്പാഞ്ഞു പോയി.

ഹോ... പിന്നീട് ഞാന്‍ കാണുന്നത് റോഡില്‍ ചിതറി കിടക്കുന്ന മഞ്ചാടിക്കുരുക്കളാണ്. ഓടിയിറങ്ങി വന്നു ഞാന്‍ അവളെ വാരി എടുക്കുമ്പോഴും, മരണം തണുത്ത ചുണ്ടാല്‍ അവളെ ചുംബിക്കുമ്പോഴും അവള്‍ അവസാനമായി പറഞ്ഞു... 'ചാച്ചയ്ക്കു വേണ്ടി ഞാന്‍ കൊണ്ടുവന്ന മഞ്ചാടിക്കുരുക്കളാണത്...'


മനസ്സില്‍ അപകടകരമായ തോതില്‍ വേദനയുടെ ഇരുട്ട് നിറക്കുന്ന ചതിയാണ് മരണം. വിഷലിപ്തമായ ഓര്‍മ്മകള്‍ നിറയ്ക്കുന്ന സംഭരണിയാണ് മരണം എന്ന് വിതുമ്പലോടെ ഞാനന്ന് തിരിച്ചറിഞ്ഞു. അവളെ ആറടി മണ്ണില്‍ ഉറക്കി കിടത്തി തിരിച്ചു വരുമ്പോള്‍ ഞെട്ടലോടെ സ്വന്തം ഹൃദയത്തോട് ഞാന്‍ കേണു പറഞ്ഞു, യഥാര്‍ത്ഥത്തില്‍ ഞാനാണ് മരിക്കേണ്ടിയിരുന്നത്. ആഹ്ലാദിച്ച് കൊതി തീരാത്ത അവള്‍ ഇനി എത്രയോ സംവത്സരങ്ങള്‍ ജീവിക്കണമായിരുന്നു...

പിന്നീട് കരിമേഘങ്ങള്‍ ഘനീഭവിച്ച് തിമിര്‍ത്തു പെയ്യുന്ന ഓരോ മഴക്കാല രാത്രികളിലും, എന്റെ ഏകാന്തമായ ഇടനാഴിയിലെ ജനലഴികളിലൂടെ അരിച്ചെത്തുന്ന നിഷുവിന്റെ ഓര്‍മ്മകളില്‍ ഹൃദയം വിങ്ങി പൊട്ടുമ്പോഴും ഞാന്‍ പാട് പെടുകയാണ്, എന്റെ കണ്ണുകളില്‍ നിന്നും പൊഴിയുന്ന കണ്ണുനീര്‍ കണങ്ങള്‍ നിലയ്ക്കാതെ ഒഴുകുന്ന ഒരു പുഴ ആകാതിരിക്കാന്‍...

കാത്തിരുന്ന അന്ത്യ വിധി (ചെറുകഥ-ജോയ്‌സ് തോന്ന്യാമല)
Join WhatsApp News
വിദ്യാധരൻ 2017-04-28 07:25:05

മനസ്സിന്റെ  ഭാവത്തെ  മാറ്റിമറിക്കുവാൻ
മഴയ്ക്കുള്ള വൈഭവം വേറെതന്നെ
ഹൃദയത്തിൽ ഉറകൂടി കിടക്കുന്ന ദുഖത്തെ
ഉണർത്തുന്ന  നേരംതാൻ, 
ഉണർത്തുന്നു അനുഭൂതചിന്തകൾ പെട്ടെന്ന്
ഉണർത്തി വല്ലാതെ വിവശരാക്കും
ഇതിനുള്ള കാരണം തിരയുമ്പോൾ കാണുന്നു
മഴയല്ല കാരണം സ്നേഹമത്രെ
സ്നേഹത്തിനുണ്ടല്ലോ ബന്ധങ്ങൾ എപ്പോഴും
മനുഷ്യന്റെ നവരസ ഭാവവുമായി
സ്നേഹത്തിൻ 'വ്യഹതി' മൃതിയാണന്നുള്ള
കവിവാക്ക്യം കഥയിൽ ഉചിതമത്രെ

(സ്നേഹവ്യാഹതി (തടസ്സം) തന്നെ മരണം -ആശാൻ)


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക