പ്രിയമുള്ളവര്‍ ദേഹം വെടിഞ്ഞാലും
വിട്ടു പോകുന്നില്ലവര്‍ നമ്മേ.
ഏകാഗ്രതയില്‍ ചിറകു വിരിയും
നമ്മുടെയോര്‍മ്മയിലവര്‍ ജീവിക്കുന്നു.
ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍
അമ്മയുടെയോര്‍മ്മ നീര്‍ച്ചാലുപോലെന്‍
മനസ്സിലേക്കൊഴുകിയൊഴുകി വന്നു.
ദുഃഖത്തിന്നാഴക്കടലില്‍ ഇളകിമറിയുമീ
ഓര്‍മ്മകളിലില്ലൊന്നുമേ താലോലിക്കാന്‍.
തോളിലേഴു പെണ്‍കുട്ടികളുടെ ഭാരം
പാടത്തു പണിയെടുക്കും കര്‍ഷകര്‍ക്കൊപ്പം
വയലില്‍ മൂവന്തിയോളം പണിയെടുത്തെത്ര
തളര്‍ന്നിട്ടുണ്ടാകുമാ ശരീരവും മനസ്സും.
സൂര്യതാപത്തിലിരുണ്ടമ്മയുടെ മുഖകാന്തി.
ദുഃഖച്ചുടിലെരിഞ്ഞു നിന്നമ്മയുടെ മനസ്സ്.
കാലിടറാതെ മുന്നോട്ടു പോയയമ്മ
പ്രലോഭനത്തില്‍ കുടുങ്ങിയില്ലൊട്ടുമേ
സാന്ത്വനത്തണലിനായ് കൊതിച്ചെങ്കിലും
ഭയത്താല്‍ തുണയായ് സ്വീകരിച്ചില്ലാരേയും
മനസ്സുരുകിയ ഏകാകിയുടെ ഗദ്ഗദം
അന്തരീക്ഷവായുവിലലിഞ്ഞു പോയ്.
കര്‍മ്മനിരതയായമ്മ കര്‍ത്തവ്യങ്ങള്‍
ഒന്നൊന്നായ് നിറവേറ്റി സ്വസ്ഥയായ്.
വാര്‍ദ്ധ്യക്യത്തിലുള്ളതു പകുത്തുകൊടുത്തും
പേരക്കുട്ടികളെ തലോലിച്ചും സുന്തുഷ്ടയായ്.
മാറി മാറിയുള്ള മരുമക്കളുടെ ഔദാര്യത്തില്‍
സ്വന്തമിടമില്ലെന്ന ചിന്ത അമ്മയെയലട്ടിയോ?
വിലക്കുകളില്‍ അമ്മയുടെ മനം നൊന്തുവോ?
തൂവെളിച്ചം നല്‍കാന്‍ ജീവിതത്തിരിയിലില്ലെണ്ണ
എരിയുന്നത് കരിന്തിരിയെന്നു തോന്നിയോ?
പലവട്ടം വിളിച്ചിട്ടും നില്‍ക്കാതെ, മിണ്ടാതെ
മൗനത്തിന്‍ വലയത്തിലൊതുങ്ങിയയമ്മ
കണ്ണിരില്‍ കുളിച്ച് കോടിയുടുത്ത് ഭര്‍ത്താവിന്‍
ചിതാകുംഭം കയ്യിലെടുത്തു പോയതെങ്ങോട്ട്?
പുണ്യനദിയുടെ പുണ്യത്തിനു മാറ്റുകൂട്ടും
ഭഗീരഥി-മന്ദാകിനി സംഗമത്തിലേക്കോ?
മക്കളുടെ തേങ്ങലുകള്‍ ചിതയുടെ സൂചനയോ?
ബഷ്പാജ്ഞലിയായോയവരുടെ കണ്ണിര്‍കണങ്ങള്‍!