Image

വിചാരവേദിയിലെ ഒരു നിരൂപണ സായാഹ്നം മേയ് 14, 2017 (രണ്ടു കഥകളും ഒരു കവിതയും: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 20 May, 2017
വിചാരവേദിയിലെ ഒരു നിരൂപണ സായാഹ്നം മേയ് 14, 2017 (രണ്ടു കഥകളും ഒരു കവിതയും: ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍)
ബാബു പാറയ്ക്കലിന്റെ "ഗലിലീയില്‍ഒരു സൂര്യോദയം'' എന്ന കഥയുടെ തലക്കെട്ട് കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മയിലോടിയെത്തിയത് സുപ്രസിദ്ധ കഥാക്രുത്തും നോവലിസ്റ്റുമായ എം.മുകുന്ദന്റെ "ആവിലായിലെ സൂര്യോദയം'' എന്ന ക്രുതിയുടെ തലക്കെട്ടുമായുള്ള സാമ്യമാണ്.അതവിടെ നില്‍ക്കട്ടെ. ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് യേശുദേവന്റെ കര്‍മ്മഭൂമിയായിരുന്ന ഗലിലീയിലേക്ക് ഒരു ഹ്രുസ്വ വിവരണത്തോടെ ശ്രീപാറയ്ക്കല്‍ നമ്മെകൊണ്ടുപോകുന്നു. പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടനത്തിനുപോകുന്ന സാധാരണക്കാരെ പോലല്ലല്ലോ ഒരു സാഹിത്യകാരന്‍. സാധാരണക്കാരന്‍ ഗൗനിക്കാത്ത പലതും ഒരു കഥാക്രുത്ത് തന്റെ നിരീക്ഷണപാടവത്തിലൂടെ കണ്ടെത്തിയെന്നിരിക്കും; അനുഭവച്ചെന്നിരിക്കും. അതാണല്ലൊ ഒരു എഴുത്തുകാരന്റെ മൗലികമായവിവേചനം. കൊച്ചുകൊച്ചു വാചകങ്ങളിലുള്ള ഇമ്പമാര്‍ന്ന വര്‍ണ്ണനയിലൂടെ കഥ തുടങ്ങുന്നു. കഥാക്രുത്തിന്റെ പ്രിയതമ അടക്കമുള്ളവര്‍ യാത്രയ്ക്ക്‌പോകാന്‍ ഉടുത്തൊരുങ്ങി, പ്രാതലിനു തിടുക്കം കൂട്ടുമ്പോള്‍ കഥാക്രുത്ത്തനിയ്ക്ക് തികച്ചും അപരിചിതയായ, തദ്ദേശവാസിയായ, റൊട്ടി വില്‍ക്കുന്ന ഒരു പെണ്‍കൊടിയെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ജിജ്ഞാസയുമായി അവളുടെ വസതിയിലേക്ക്തിരിക്കുന്നു.

കഥാക്രുത്ത് പ്രിയതമയെവെടിഞ്ഞ് ഒരു സുന്ദരിയായ യഹൂദ യുവതിയുടെ പിന്നാലെ പോകുന്നോ എന്ന മുന്‍വിധിയൊന്നും വായനക്കാരനുവേണ്ട. അപരിചിതമായനാട്ടില്‍, ഏതുതരം മനുഷ്യരാണ് എന്നൊന്നും ചിന്തിക്കാതെസ്വന്തം പ്രാതല്‍പോലും ത്യജച്ചിറങ്ങിയ അന്വേഷണ കുതുഹിയായ കഥാക്രുത്തിനു് ധൈര്യം പകര്‍ന്നത് അനുകമ്പയും യേശുദേവന്റെ നാട്ടില്‍ ദൈവക്രുപയാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകില്ലെന്ന ശുഭാപ്തിവിശ്വാസവുമാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇതിനോടനുബന്ധമായി ഈയിടെ വായിച്ച ഒരു പത്രവാര്‍ത്തയുമായി കൂട്ടിവായിക്കട്ടെ. അനില്‍ വണ്ണാവലി എന്ന ഒരു ഡാറ്റാ അഡ്മിനിസ്‌ട്രേറ്റര്‍, മന്‍ഹാട്ടനിലേക്കുള്ള സബ്‌വേട്രെയിന്‍ കാത്തുനില്‍ക്കുന്ന അവസരത്തില്‍ ഇരുപത്തിയാറുവയസ്സുള്ള മാധുരി റെച്ചേര്‍ ലാ എന്ന ഒരു യുവതിബോധം കെട്ട്‌വീഴുകയും അവരെരക്ഷിക്കാനായി അനിലും മറ്റൊരാളും കൂടിട്രാക്കിലേക്ക് എടുത്ത് ചാടിപാഞ്ഞ്‌വരുന്ന ട്രെയിനിന്റെ അടിയില്‍ പെടാതെ രക്ഷിച്ചതുമായ വാര്‍ത്തയാണത്. യുവതിയെ രക്ഷിക്കാനായി ട്രാക്കിലേക്ക് എടുത്ത് ചാടുന്നതിനു മുമ്പ്തന്റെ ലാപ്‌ടോപ്പും 200 ഡോളറടക്കമുള്ള ബാക്ക്പാക്കും പ്ലാാറ്റുഫോമില്‍ വച്ചത് ഒരു കള്ളന്‍ തക്കസന്ദര്‍ഭം മുതലെടുത്ത് കവര്‍ന്നുകൊണ്ടുപോയി. എഡിസന്‍ പോലിസ്പിന്നീട് ധീരതക്കുള്ളസൂചനയായ് ആയിരം ഡോളര്‍ സമ്മാനിച്ചെങ്കിലും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്താല്‍,നല്ലതേവരൂ'' എന്നത് പഴയ പ്രമാണം. സല്‍ക്കര്‍മ്മം ചെയ്യുമ്പോഴും തിരിച്ചടികളുടെ തിക്താനുഭവങ്ങള്‍ ലഭിച്ചേക്കാമെന്നത് നൂതനഭാഷ്യം.കാലം മാറി,കോലവും മാറി.

ഉപകഥ വിട്ട് പ്രമേയത്തിലേക്ക് തിരിച്ച് വരട്ടെ. കഥാക്രുത്തിന്റെ സുന്ദരിക്കൊച്ചുമായുള്ള കൊച്ചുകൊച്ചുവര്‍ത്തമാനങ്ങള്‍ വായനാസ്വാദനത്തിനു അല്‍പ്പസ്വല്‍പ്പം മാധുര്യം പകരുന്നുണ്ട്. പുണ്യഭൂമിയില്‍ ഈശ്വരക്രുപയുടേയും, കാരുണ്യത്തിന്റേയും അണുരണങ്ങള്‍ പ്രതിഫലിക്കുന്നതിന്റെ ഒരു സൂചനയും വായനക്കാര്‍ക്ക്‌ലഭിക്കുന്നുണ്ട് കഥാക്രുത്തിനു എല്ലാ നന്മകളും നേരുന്നു.

ഇനി വിചാരവേദിയുടെ വിചിന്തനത്തിനായുള്ളത് വാസുദേവ് പുളിക്കലിന്റെ ക്രുപാരസം എന്ന കവിതയാണ്. കവിതയില്‍ നിഗൂഢതയും ദുരൂഹതയും ഒന്നുമില്ല. അല്‍പ്പം ദാര്‍ശനിക വിചാരം മറയില്ലാതെ, നേരെചൊവ്വേ വെളിവാക്കുന്നുണ്ട്‌നമ്മുടെ കവി. "മഹാത്മാക്കളോതിത്തന്ന അഹിംസാമന്ത്രങ്ങള്‍ കാറ്റില്‍ പറത്തി മ്രുഗീയമായ ഹിംസയെ പുല്‍കും മനുഷ്യര്‍'' എന്ന വരികള്‍ ക്രൂരതക്കെതിരെയുള്ള കവിയുടെ മനോഭാവം പ്രകടമാക്കുന്നുണ്ട്. അതേപോലെതന്നെ, "ഒരു പീഡയുറുമ്പിനും വരരുതെന്ന കരുണാമയമാം ജീവിതതത്വത്തിലേക്ക് '' എന്നും "ശാന്തമാം സാത്വിക ജീവിതത്തിനായ് ക്രുപാലുക്കളാകൂമ്രുഗ സഞ്ചയത്തോടും'' എന്നുമുള്ള വരികളും "നിറയട്ടെമനസ്സില്‍ ക്രുപാരസം, വിഹരിക്കട്ടെ മ്രുഗങ്ങള്‍യഥേഷ്ടം'' എന്ന കവിയുടെ സദ്ഭാവനക്ക് പ്രണാമം.

"ഒന്നുമറ്റൊന്നിനാഹാരമിതു ജന്തുലോകത്തിലനിവാര്യം'' ജന്തുലോകത്തില്‍ മാത്രമല്ല "ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിനുവളം'' എന്ന്‌സസ്യലോകത്തുമില്ലേ? "ഗോവധം ന്യായീകരിക്കാനവര്‍ ഉദ്ധരിക്കുന്നു ഹൈന്ദവസിദ്ധാന്തങ്ങള്‍'' എന്ന വരികളോട് വിയോജിപ്പുണ്ട്. കറവവറ്റിയ പശുക്കളേയും വയസ്സന്‍ കാളകളേയും കൊല്ലുന്നതില്‍ വേദപുസ്തകങ്ങളും സിദ്ധാന്തങ്ങളും എതിര്‍ക്കുന്നില്ല. അതേപോലെ''അനാരോഗ്യകരമാം മാംസാഹാരം ഉണര്‍ത്തുന്നു മ്രുഗീയവികാരങ്ങള്‍'' എന്നീവരികളോടും എതിര്‍പ്പു;കാരണം സസ്യഭുക്കുകളായ മനുഷരും മ്രുഗീയവികാരങ്ങള്‍ക്കടിമകളാകുന്നില്ലേ എന്നതകൊണ്ട്. ''സസ്യാഹാരം ശ്രേഷ്ഠമെന്നറിയും നാള്‍ വരും" എന്ന വരിവായിച്ചപ്പോള്‍ കവി ഒരു റിപ്പ് വാന്‍വിങ്കിളായി മാറിപോയോ എന്ന സന്ദേഹവും ഇല്ലാതില്ല. നാള്‍ വരുകയല്ല ,വന്നു കഴിഞ്ഞിരിക്കുന്നു. സസ്യാഹാരം ശ്രേഷ്ഠമെന്ന് ആഹാരവിദഗ്ദ്ധരും ശാസ്ര്തവും എന്നേവിധിച്ചു കഴിഞ്ഞിരിക്കുന്നു.കവിയുടെ ഉദ്ദേശ്യശുദ്ധിക്ക ്പ്രണാമം.

ഈ കവിതയുടെ ശീര്‍ഷകവും ആശയവും തമ്മില്‍ അല്‍പ്പം പൊരുത്തക്കേടില്ലേ എന്നൊരുസംശയമുണ്ട്.വ്യാഘ്രത്തിന്റെ ഇരയായി ഉടയോന്‍ വിധിച്ചിരിക്കുന്നത് മാന്‍പേടയാണ്. മാംസസ്‌നേഹിക്ക് ഇഷ്ടഭോജനം കാണുമ്പോള്‍ വെള്ളമൂറുന്നതും സ്വാഭാവികം. ഉറുമ്പിനെമാത്രം ഭക്ഷിക്കുന്ന ഉറുമ്പ് തീനികളുണ്ട്. അവയ്ക്ക് എറുമ്പിന്‍ പുറ്റുകളില്‍നിന്നും പെറുക്കിയെടുക്കാന്‍ ശേഷിയുള്ള നീണ്ടുമെലിഞ്ഞ കുഴല്‍പോലെയുള്ളവായും ഒട്ടലുള്ള നാക്കും നല്‍കിയതും വ്യാഘ്രത്തിനു കൂര്‍ത്തുമൂര്‍ത്ത നഖങ്ങള്‍കൊടുത്തതും സ്രുഷ്ടാവ്തന്നെ. ഇങ്ങനെയുള്ള പ്രക്രുതിനിയമങ്ങള്‍ സ്രുഷ്ടിച്ച സ്രുഷ്ടാവിനു ക്രുപാരസം ഉണ്ടാകാതിരിക്കാന്‍ തക്ക കാരണങ്ങളുണ്ടാകും. ജീവികളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തണമെങ്കില്‍ ചിലനിയമങ്ങളും മൂപ്പര് കണ്ടിരിക്കും. ''വായ കീറിയിട്ടുണ്ടെങ്കില്‍ ഇരയും കല്‍പ്പിച്ചിട്ടുണ്ടാകും എന്നവച്ച് വരരുചി വചനം.എന്നിരിക്കിലും മനുഷ്യനുമാത്രം ക്രുപാരസം ഊറിയത്‌കൊണ്ടുള്ള പ്രസക്തി എന്തു്? അഹിംസയിലൂന്നിയ കവിഭാവനക്ക് അനുമോദനങ്ങള്‍. മ്രുഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ളനിയമങ്ങള്‍ നിലനില്‍ക്കെതന്നെനിയമങ്ങളെ കാറ്റില്‍പറത്തി വംശനാശത്തിന്റെവക്കത്തെത്തിനില്‍ക്കുന്ന പുള്ളിപുലികളെ മ്രുഗയാവിനോദമാക്കിയ അഭ്യസ്തവിദ്യരായ സല്‍മാന്മാരുള്ളപ്പോള്‍, കവി ഭാവന വെറും ഒരുവ്രുഥാവിലാപമാകാതിരിക്കട്ടെ എന്നും പ്രത്യാശിക്കുന്നു.

അടുത്തത് വിചാരവേദിയുടെ എല്ലാമെല്ലാമായ സാംസി കൊടുമണ്ണിന്റെ "ദേശാടനക്കിളിയുടെ ചിറകേറിയ യാത്രികന്‍" എന്ന പുതുപുത്തന്‍ കഥയാണ്. കഥയിലെനായകനും ദേശാടനക്കിളികളെപോലെ സുരക്ഷിതത്താവളം തേടിയുള്ള അലച്ചിലിലാണ്. ആദ്യം പഠിപ്പ് കഴിഞ്ഞ ഉടനെ വൈദികന്റെ നിര്‍ദ്ദേശപ്രകാരം പരിചയക്കാരനുള്ള കത്തുമായി ബോംബേയിലേക്ക ്‌പോകുന്നു.പിടിപ്പുള്ള ആള്‍ അവിടെ ഉള്ളതിനാല്‍ ജോലി തേടി അലയേണ്ടിവന്നില്ല.ഭാര്യയും കിട്ടി, ജോലിയും കിട്ടി. കൗമാരപ്രായത്തിലെ ചാപല്യം ഈ കോളേജ് കുമാരനേയും ബാധിച്ചിരുന്നതിനാല്‍, അന്ന (ജോലി) ദാതാവിന്റെ കല്യാണാലോചന പിടിച്ചില്ലെങ്കിലും ഭാവിസുരക്ഷിതത്വം ഓര്‍ത്ത് ഇയാള്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍തുടങ്ങി. കയ്ചിട്ട് ഇറക്കാനുംവയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന നിലയിലായിരുയിരുന്നു മകന്‍. അപ്പനെ പോലെമകനും പണം ധാരാളം വാരിക്കൂട്ടിയെങ്കിലും സന്തോഷവും സംത്രുപ്തിയും കിട്ടിയിരുന്നില്ല. കലഹക്കാരി ഭാര്യയുമായി അത്രസുഖകരമായ ദാമ്പത്യവുമായിരുന്നില്ല.മകനും വളര്‍ന്നുവലുതായി ഒരു വെള്ളക്കാരിയെ പരിണയിച്ച് അകന്ന ജീവിതം.കുട്ടിക്കാലത്ത് തേങ്ങയും നെല്ലും അടങ്ങുന്ന സമ്പത്തിനെ താലോലിച്ചിരുന്നപിതാവിനുസ്‌നേഹം കൊടുക്കാന്‍ സാധിച്ചിരുന്നില്ല.സ്‌നേഹം കിട്ടാനും കൊടുക്കാനും പറ്റാത്ത ഒരു ജീവിതം ഒടുവില്‍ എല്ലാം വിട്ടെറിഞ്ഞ് നായകനും ഒരു ദേശാടനത്തിനിറങ്ങി.

ഇതിലെപ്രമേയം നമ്മള്‍ മറ്റു പല കഥകളിലും നോവലുകളിലും വായിച്ചിട്ടുണ്ടെങ്കിലും സാംസിയുടെ ചാരുത നിറഞ്ഞ കഥനരീതിവേറൊന്നായതിനാല്‍ ഇമ്പത്തോടു കൂടിവായിക്കാം.ലളിതവും ഓജസ്സുമുള്ള ഭാഷ. ആശയഗരിമയുടെ തീവ്രതക്കനുസരിച്ച് ചാട്ടുളിപോലുള്ള ചിലപ്രയോഗങ്ങളും കാണാം.അധികം പരത്തിപ്പറയാതെ ചുരുക്കം വാക്കുകളില്‍ ആശയപ്രകടനം നടത്താനുള്ള സാംസിയുടെ കഴിവ്പ്രശംസനീയം തന്നെ. "കാലുകള്‍ ചാഞ്ചാടുന്നു, ഊന്നുവടിയില്‍ ബലപ്പെട്ട് എണ്‍പതാണ്ടുകളുടെ ജീവിതം'. കാലമിത്രയും മറ്റാരോടും പങ്കുവയ്ക്കാത്തനൊമ്പരങ്ങള്‍ ഉരുണ്ടുകൂടിയമുഴ.ആ ത്മനൊമ്പരങ്ങളുടെ മാറാപ്പു് സ്വന്തം അഹന്തയെതാലോലിച്ച് സ്വാര്‍ത്ഥതയുടെ ചിതല്‍പ്പുറ്റിനകത്തു ജീവിച്ചു. ഒുറ്റപ്പെടലിന്റെ തിരിക്ലറിവില്‍വാല്‍മീകം പൊളിച്ച് പുറത്തുവരാന്‍ കഴിയാത്തവണ്ണം അതുറച്ചുപോയിരിക്കുന്നു. അല്ലെങ്കില്‍ തിരിച്ചറിവിലേയ്ക്ക്തിരിഞ്ഞു നടക്കാന്‍ പറ്റാത്തവിധം അതുറച്ചുപോയിരിക്കുന്നു.''ചില ഉദാഹരണങ്ങള്‍മാത്രം.

ഈ കൊച്ചുകഥയില്‍ ശക്തമായമൂന്നു ബിംബങ്ങള്‍വായനകാരുടെ ശ്രദ്ധയില്‍പ്പെടും.
1.ഊന്നുവടി.കഥാനായകന്റെ ജീവിതത്തിലെ സകലപാകപ്പിഴകളുടേയും അമര്‍ഷങ്ങളുടേയും നേര്‍ക്ക് ഓങ്ങാനുള്ള ഒരു വടിയാകാം; അല്ലെങ്കില്‍ ദുര്‍ബ്ബലമായിത്തീര്‍ന്ന ശരീരത്തേയും പാദങ്ങളേയും താങ്ങാനുള്ള ഊന്നുവടിയുമാകാം.

2. മുതുകിലെമുഴ - ചെയ്തുകൂട്ടിയപാപങ്ങളും അവഗണനകളും അടിഞ്ഞ്കൂടി വളര്‍ന്നുവലുതായമുഴ. മുഴയുടെ വേദനയുടെ മൂലകാരണം കണ്ടുപിടിക്കാന്‍ എല്ലാസാങ്കേതിക വൈദഗ്ദ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ക്ക്പറ്റിയിക്ല. ഈ ബാഹ്യമായമുഴശാരീരിക ക്ലേശത്തിന്‍റ്റേതല്ല ,എന്നാലോമാനസിക സമ്മര്‍ദ്ദങ്ങളുടേയും പിരിമുറുക്കങ്ങളുടേയും മനഃശ്ശാന്തിയില്ലായ്മയുടേയും ഭാണ്ഡമാണുതാനും.

3.ദേശാടനക്കിളി. മൂന്നാമത്തെ അതിശക്തമായ ബിംബമാണൂദേശാടനക്കിളി. എല്ലാലൗകിക സുഖങ്ങളും അനുഭവിക്കാന്‍ഭാഗ്യദേവത കടാക്ഷിച്ചിട്ടും മനഃസ്സുഖവും സമാധാനവും എന്താണെന്നു ആസ്വദിച്ചറിയാനുള്ളയോഗമുണ്ടായില്ല. താന്‍ ആരേയും സ്‌നേഹിച്ചിട്ടില്ലതന്നെ ആരും സ്‌നേഹിക്കുന്നുമില്ല. ഇഹലോകവാസത്തില്‍തന്നെപിടിച്ച് നിര്‍ത്താനുള്ള പാശങ്ങളെല്ലാം മുറിഞ്ഞ്,മുറിച്ച് എങ്ങോട്ടുപോകേണ്ടു എന്ന വൈക്ലബ്യത്താല്‍ നാല്‍ക്കവലയില്‍വിഷണ്ണനായിനില്‍ക്കുമ്പോള്‍, നിയോഗമോനിമിത്തമോ എന്തോ ഒരു ദേശാടനക്കിളി കൂട്ടം തെറ്റിപറന്നുവന്ന് കാല്‍ക്കല്‍ വീഴുന്നു. തനിക്ക് ഇനിയും അപരിചിതമായ മറ്റൊരുലോകത്തേക്ക്‌കൊണ്ടുപോകാന്‍ വന്നതാകാം ഈ ദേശാടനക്കിളി. അനുകൂല അന്തരീക്ഷം തേടിതാനും ദേശാടനപക്ഷികളെപ്പോലെ ബഹുദൂരം താണ്ടിയില്ലേ?

കൂടുതല്‍ കൂടുതല്‍ മേന്മയുള്ള രചനകള്‍ ഈ മൂന്നുഅനുഗ്രഹീത എഴുത്തുകാരില്‍ നിന്നും ഉണ്ടായിക്കൊണ്ടേ ഇരിക്കട്ടെ എന്ന ശുഭകാമനയോടെ വിരമിക്കട്ടെ. നന്ദി നമസ്കാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക