കണ്മുന്നില് കാണുന്ന ഇത്തിരി 'വട്ട' ത്തില്‍
എന്തല്ലാം കാഴ്ച്ചകള്‍ കാണ്മൂ നമ്മള്
സൂര്യനുദിക്കുന്നു, ചന്ദ്രനുദിക്കുന്നു
രാപ്പകല്‍ മാറി മറഞ്ഞീടുന്നൂ
ഇന്നലെ കണ്ടവര്‍ ഇന്നില്ല ലോകത്തില്‍
'ഇന്നോ', നാളെയിന്നായി മാറീടുന്നു.
എത്ര കുറച്ചു നാം കാണുന്നു, അറിയുന്നു
പഞ്ചേന്ദിയങ്ങളിലൂടെ നിത്യം
പരിധികളുണ്ട്, പരാധീനതയുണ്ട്
നരജന്മം ഒട്ടുമേ പൂര്‍ണ്ണമല്ല
അല്പജ്ഞാനത്തിന്റെ' ഠ' വട്ടമല്ലാതെ
ഞാനെന്ന് ഭാവിക്കാന്‍ ഒന്നുമില്ല
നിത്യം കലഹിച്ചഹങ്കരിച്ചീ ജന്മം
പാഴാക്കുന്നല്ലോ മനുഷ്യരെല്ലാം
കാഴ്ച്ചകള്‍ കണ്ടു നാം മുന്നോട്ട് നീങ്ങുമ്പോള്‍
കാഴ്ച്ചകള്‍ പിന്നിലും മാറിപ്പോകും
ഒരു കൊച്ചു ജീവിതം ജീവിച്ച് തീര്‍ക്കുന്ന
മനുഷ്യനറിയുന്നതെത്ര തുച്ഛം
എന്നിട്ടുമെല്ലാമറിയുന്ന നാട്യവും
ഞാനെന്ന ഭാവവും എന്തിനാവോ?
ജീവിതം ദുഷ്ക്കരമാണു കവി
ചുറ്റിലും ഗർവ്വിഷ്ഠർ പൊയ്ക്കാലിൽ ആടുമ്പോൾ
മറ്റുള്ളോർ എന്താണ് ചെയ്യ്തിടേണ്ടേ?
അന്യന്റെ നാഭിയിൽ കുത്തിപിടിച്ചിട്ട്
കൊള്ള ചെയ്താൽ നീ ശക്തനത്രെ.
അല്ലാതെ വേദാന്തം ഓതിനടപ്പോർക്ക്
പാരിടം എപ്പോഴും നരകതുല്യം
ലോകത്തിൽ എന്താണോ പ്രബലമായി കാണ്മത്
ആയത് നമ്മളും ആചരിപ്പൂ
ആരേലും നിന്റെയാ ചെള്ളയ്ക്കടുക്കുകിൽ
ഉടനെ നീ രണ്ടെണ്ണം തിരികെ നൽകൂ
കൈക്കൂലി പീഡനം കള്ളത്തരം കൊള്ള
ഇല്ലാത്ത മാനുഷർ മനുഷ്യരല്ല.
ഇവിടൊരു മന്ത്രിയോ എംപിയോ ആകണേൽ
പീഡനം ചെയ്തതിൻ രേഖവേണം
ആരേലും നിൻപേരിൽ കുറ്റം ചുമത്തിയാൽ
ആ കുറ്റം അവൻ തലയിൽ വച്ചിടേണം
ആരേലും നിന്നുടെ മാർഗ്ഗം മുടക്കിയിൽ
വെട്ടിയും കുത്തിയും കൊന്നിടേണം
ഗുണ്ടകൾ കൊട്ടേഷൻ ഈവക ഒക്കവേ
മുറപോലെ നീയങ്ങു പ്രയോഗിക്കേണം
അടിക്കടി ബൈബിളും ഗീതയും ചൊല്ലിനീ
മതസൗഹാർദ്ദം പുലർത്തിടേണം
അതുകൊണ്ടു കാര്യങ്ങൾ നേരെയായില്ലെങ്കിൽ
ശ്രീകൃഷണോപദേശം കേട്ടുകൊൾക
വെട്ടണം വേണെങ്കിൽ ഗുരുക്കന്മാരെ കൂടാതെ
വെട്ടിനുറുക്കണം കൂട്ടുകാരേം
അർജ്ജുനനെപോലെ അവസരം നോക്കി നീ
ഉയരണം വേദാന്തം കാറ്റിൽ പറത്തിയിട്ട്
ഇങ്ങെനെയൊക്കെ നീ ചെയ്യുകിൽ വന്നിടും
സുരലോകം ഭൂമിയിൽ ശീഘ്രമായി
നിറുത്തുന്നു ഞാനെന്റെ ഉപദേശംമൊക്കയും
ഏറെയായാലമൃതും വിഷമെന്നല്ലേ ചൊല്ല് (പാന)