Image

കയ്പ്പും മധുരവും (ലേഖനം: നൈനാന്‍ മാത്തുള്ള)

Published on 25 July, 2017
കയ്പ്പും മധുരവും (ലേഖനം: നൈനാന്‍ മാത്തുള്ള)
പിതൃദിനം വന്നു കടന്നുപോയി. എങ്കിലും പിതാവിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ എന്നും മനസ്സില്‍ പച്ച പിടിച്ചു നില്കുന്നു.

എന്റെ ചില ഓര്‍മ്മകളും, കുട്ടികളെ വളര്‍ത്തുന്ന രീതിയില്‍ തലമുറകളില്‍ വന്ന മാറ്റങ്ങളുമാണ്
വായനക്കാരുമായി പങ്കിടുന്നത്. July ലെ മലയാളം സൊസൈറ്റി ഓഫ് ഹൂസ്റ്റണ്‍ സമ്മേളനത്തില്‍ ഇത് അവതരിപ്പിക്കാമെന്ന് ഏറ്റിരുന്നതു കാരണം പ്രസിദ്ധീകരിക്കുവാന്‍ അല്പം താമസിച്ചു. പിതാക്കന്മാരെ ബഹുമാനിക്കാനാണ് പിതൃദിനമെങ്കിലും ഇന്നത്തെ പാശ്ചാത്യ സമൂഹത്തില്‍ പിതൃത്വം അത്ര പ്രശക്തമല്ല എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

എന്റെ പിതാവിനെപ്പറ്റിയുള്ള ബാല്യകാല സ്മരണകള്‍ അത്ര നിറപ്പകിട്ടുള്ളതായിരുന്നില്ല. ബാലനായിരുന്നപ്പോള്‍ ബഹുമാനത്തേക്കാള്‍ ഏറെ ഭയത്തോടെയാണ് പിതാവിനെക്കണ്ടിരുന്നത്. നാട്ടുനടപ്പും ഏറെക്കുറെ അതായിരുന്നു.

നേരില്‍ക്കാണുന്നത് ചുരുക്കമായിരുന്നു. അദ്ദേഹം അതികാലത്തുതന്നെ കുട്ടികള്‍ എഴുന്നേല്ക്കുന്നതിനു മുന്‍പ്  എഴുന്നേറ്റ് കര്‍മ്മ നിരതനായിരിക്കും. അതുപോലെ പലപ്പോഴും ഞങ്ങള്‍
കുട്ടികള്‍  ഉറങ്ങിക്കഴിഞ്ഞായിരിക്കും എത്തുന്നത്. എന്നാല്‍ വീട്ടിലെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി നോക്കിയിരുന്നു.  വീട്ടില്‍ ഭക്ഷണത്തിനോ മറ്റാവശ്യങ്ങള്‍ക്കോ കുറവുണ്ടായിരുന്നില്ല. പിതാവില്‍ നിന്നുള്ള വാത്സ്യല്യം മാത്രം പേരിനു മാത്രമേ ലഭിച്ചിരുന്നുള്ളു. എന്നാല്‍ അതിനു കൂടെ അമ്മയില്‍ നിന്നും വല്യമ്മച്ചിയില്‍ നിന്നും ലാളനം ലഭിച്ചിരുന്നു.

അദ്ദേഹം നാലു ക്ലാസ് മാത്രമേ പഠിച്ചിരുന്നുള്ളു. വല്യപ്പച്ചന്റെ കച്ചവടത്തിലും കൃഷിയിലും സഹായിക്കാന്‍ പിന്നിട് സ്കൂളില്‍ വിട്ടില്ല. എന്റെ മാതാവും ഇതേ അവസ്ഥയുണ്ടായി. വീട്ടിലെ ജോലികളില്‍ വല്യമ്മച്ചിയെ സഹായിക്കാന്‍ വീട്ടില്‍ കൂടേണ്ടി  വന്നു. രണ്ടു പേരൂടെയും മറ്റു സഹോദരി സഹോദരന്മാര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചു. അവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി.

സാമാന്യവിദ്യാഭ്യാസം ലഭിച്ചില്ല എങ്കില്‍ ഭാവി ഇരുണ്ടതാകാം എന്ന് സാമാന്യ ബുദ്ധിയുള്ള ഏവര്‍ക്കുമറിയാം. എന്നാല്‍ അതിന്റെ പേരില്‍ അവര്‍ വഴേക്കുണ്ടാക്കുകയോ വൈരാഗ്യബുദ്ധികാണിക്കുകയോ ചെയ്തില്ല.

മറ്റൊരു അനുഭവം അവരുടെ വിവാഹത്തോടുള്ള ബന്ധത്തിലായിരുന്നു. വിവാഹത്തിന് പള്ളിയില്‍ എത്തുമ്പോഴാണ് അവര്‍ ആദ്യമായി കാണുന്നത്. വല്യപ്പച്ചനും അമ്മാച്ചനും കണ്ട് വിവാഹം ഉറപ്പിച്ചു. ഞാനായിരുന്നു പിതാവിന്റെ സ്ഥാനത്തെങ്കില്‍ ചിലപ്പോള്‍ ഈ ഭൂമി കിഴ്‌മേല്‍ മറിച്ചുവയ്ക്കാന്‍ സാദ്ധ്യതയുണ്ട്.

എന്നാല്‍ അവര്‍ ഇതിന്റെ പേരില്‍ വഴക്കുണ്ടാക്കുകയോ വൈരാഗ്യബുദ്ധി കാണിക്കുകയോ ചെയ്തില്ല. ദൈവം തങ്ങളുടെ കാര്യം നോക്കാന്‍ വിശ്വസ്തനാണ് എന്ന വിശ്വാസം രണ്ടു പേരെയും ഭരിച്ചിരുന്നു - സകല ബുദ്ധിയെയും കവിയുന്ന സമാധാനം. സാമാന്യവിദ്യാഭ്യാസം ലഭിച്ചില്ല എങ്കില്‍ ഭാവി ഇരുണ്ടതാകാം. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചില്ല എങ്കില്‍ വിവാഹജീവിതം തകരാറിലാവാം. കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണാനുള്ള കഴിവിനെയാണല്ലോ നാം ബുദ്ധി എന്നു പറയുന്നത്. എന്നാല്‍  സകല ബുദ്ധിയെയും കവിയുന്ന ദൈവീക സമാധാനം ഇതിലൊക്കെ കവിയുന്ന ബുദ്ധിയും സമാധാനവുമാണ് നല്കുന്നത്. അവരുടെ കാര്യം നോക്കാന്‍ ദൈവം വിശ്വസ്തനായിരുന്നു എന്ന് കാലം തെളിയിച്ചു. ഭാവിയിലുണ്ടായ ഉയര്‍ച്ച പലതും സ്വന്തം പരിശ്രമ ഫലമായിരുന്നില്ല. നമ്മുടെ ജീവിതത്തിലെ ജയപരാജയങ്ങളില്‍ പലതും അപകടം, രോഗങ്ങള്‍, ഉയര്‍ച്ചയ്ക്കുള്ള വഴികള്‍ പലതും നമ്മുടെ അനുവാദത്തോടെയല്ലല്ലോ സംഭവിക്കുന്നത്..

മാതാപിതാക്കള്‍ രണ്ടുപേരും വലിയ പരോപകാരികളായിരുന്നു. വീട്ടില്‍ യാചകന്‍ വന്നാല്‍ അമ്മ ഒരാളെപ്പോലും വെറുതെ വിടുകയില്ല. കയ്യില്‍ പണമില്ല എങ്കിലും അരിയോ ഭക്ഷണ സാധനങ്ങളോ കൊടുത്ത് അവരെ വിടുമായിരുന്നു. അതുപോലെ ഗ്രാമത്തില്‍ ഒരാള്‍ പ്രയാസത്തില്‍ക്കൂടി കടന്നു  പോകുന്നു എന്നറിഞ്ഞാല്‍ പിതാവിന്റെ സാന്നിദ്ധ്യം അവിടെയുണ്ടാകുമായിരുന്നു.

ഞങ്ങളുടെ ഗ്രാമത്തില്‍ അദ്ദേഹം വളരെ മാന്യനായിരുന്നു. പ്രധാന കല്യാണങ്ങള്‍ക്കൊക്കെ അദ്ദേഹത്തിന് ക്ഷണനമുണ്ടായിരിക്കും. ചിലതിനൊക്കെ എന്നെയും കൊണ്ടുപോകുമായിരുന്നു. പെണ്ണുകാണല്‍ ചടങ്ങില്‍ പലരും അദ്ദേഹത്തെ വിളിച്ചിരുന്നു. കാരണം അദ്ദേഹത്തിന് ഒരാളുടെ മുഖം നോക്കി ആ വ്യക്തിയുടെ മാനസിക നിലയെപ്പറ്റിയും സ്വഭാവത്തെപ്പറ്റിയും വ്യക്തമായി പറയാന്‍ കഴിഞ്ഞിരുന്നു.
ഒരാളുടെ കൈ നോക്കി ഭാവി പറയാന്‍ മിടുക്കനായിരുന്നു എന്നത് ഗ്രാമത്തിലെ സംസാരവിഷയമായിരുന്നു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി വിവാഹസദ്യയുടെ സമയത്ത് അടുത്തുവരുകയും കൈ നോക്കണ
മെന്ന് കെഞ്ചി അപേക്ഷിക്കുകയും ചെയ്തു. ഓണത്തിനിടയിലാണ് പുട്ടുകച്ചവടം എന്ന് പറഞ്ഞ് അദ്ദേഹം കൈമടക്കിയെങ്കിലും നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ ഒരു ക്ഷണം കൈയ്യില്‍ നോക്കിയിട്ട്
വെള്ളവും തീയും സൂക്ഷിക്കണമെന്ന് പറഞ്ഞു. 

അരമണിക്കൂറിനുള്ളില്‍ ആ പെണ്‍കുട്ടി വെള്ളം കോരിയെടുക്കുമ്പോള്‍  കിണറ്റില്‍ വീഴുകയും പലരും ചേര്‍ന്നു രക്ഷപ്പെടുത്തുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണസമയത്തെപ്പറ്റി മുന്നറിവുണ്ടായിരുന്നു. അതു ഞങ്ങളോട് പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട് ഞങ്ങള്‍ കൈനോക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കയ്യില്‍ പലപ്പോഴും നോക്കിയിട്ട് ഇച്ചിച്ചി വാരുന്ന കൈയ്യാണന്നു പറഞ്ഞ് കളിയാക്കി ഒന്നും തന്നെ പറയുകയില്ലായിരുന്നു. ഞങ്ങള്‍ ആ വിഷയത്തില്‍ അമിത താല്പര്യം കാണിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു. അതിനെ നിരുത്സാഹപ്പെടുത്തിയിരുന്നു. കാരണം അദ്ദേഹം പ്രായോഗിക ബുദ്ധിക്കാരനായിരുന്നു. കൈതുറന്ന് അദ്ധ്വാനിക്കുന്നതിന്റെ മഹത്വം അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.

അതിരാവിലെ ഉണരുകയും താമസിച്ച് കിടക്കുകയും പതിവായിരുന്നു. തന്റെ പലചരക്കുകടയും കെപ്രാകച്ചവടവും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലാതെ അദ്ദേഹം നടത്തി. അതേ സമയത്ത് സ്വന്തം പിതാവിന് കച്ചവടത്തില്‍ വലിയ നഷ്ടം ഉണ്ടായി. തന്റെ സമൂഹത്തിലെ സ്ഥാനവും പേരും പ്രശസ്തിയും സ്വന്തം പ്രയ്‌നം കൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. ഞങ്ങളുടെ കുടുംബചരിത്രം എഴുതിയ വ്യക്തി ഒരു  വാചകത്തില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചിരിക്കുന്നത് ""ഇടപാടില്‍ വെടിപ്പുള്ള വ്യക്തിയായിട്ടാണ്''. അദ്ദേഹം വലിയ പണമൊന്നും വാരിക്കൂട്ടിയില്ല. വലിയ കെട്ടിടെങ്ങളൊന്നും പണിയിച്ചില്ല. ഞങ്ങള്‍ ഏഴു കുട്ടികള്‍ക്കും സാമാന്യം നല്ല വിദ്യാഭ്യാസം ലഭിച്ചു.

ജീവിതത്തിലെ തിരക്കിനിടയിലും പുസ്തകങ്ങള്‍ വാങ്ങുന്നതിനും വായിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ പോലും ദിനപത്രം വായന മുടക്കിയിരുന്നില്ല. ലോക സംഭവങ്ങളെപ്പറ്റി നല്ല
ഗ്രാഹ്യമായിരുന്നു. നാട്ടിലെ രാഷ്ട്രീയ സ്ഥിതി ഗതികള്‍ അദ്ദേഹം സസൂക്ഷമം വീക്ഷിച്ചിരുന്നു. ഹസ്തരേഖാ സംബന്ധമായ പുസ്തകങ്ങള്‍ വായിച്ചിട്ട് വച്ചിരുന്നത് ആ വിഷയത്തെപ്പറ്റി പഠിക്കാന്‍ എനിക്കും അവസരം ഒരുക്കി. വിദ്യാഭ്യാസമുണ്ടന്നു പറയുന്ന പലരും പലവിഷയങ്ങളിലും മുന്‍വിധിയുള്ളവരാണ്. 

ഹസ്തരേഖയോ, ജ്യോതിഷമോ എന്താണെന്ന് നന്നായി പഠിക്കാതെ അതിന്റെ സാദ്ധ്യതകളോ പരിമിതികളോ മനസ്സിലാക്കാതെ വഴിയരികിലിരുന്നു ഫലം പറയുന്നവരുടെ വാക്ക് കേട്ട് അതിനെപ്പറ്റി വിലയിരുത്തുന്നവരാണ് പലരും. അതിനെപ്പറ്റി പഠിക്കാന്‍ അവസരം ഉണ്ടായതുകൊണ്ട് അത് ഗവേഷണം അര്‍ഹിക്കുന്ന വിഷയമായിട്ടാണ് എനിക്ക് വ്യക്തമായത്. ഭാവി പറയുന്നതിനേക്കാള്‍ ഒരു വ്യക്തിയുടെ മനസ്സിന്റെ സ്ഥിതിയും, ജന്മ വാസനകളും, ഉദ്ദിപിപ്പിക്കാവുന്ന കഴിവുകളെപ്പറ്റിയും അത് വ്യക്തമായ മുന്നറിവ് നല്കുന്നുണ്ട്. പറ്റിയ തൊഴില്‍ തിരഞ്ഞെടുക്കുന്നതില്‍ ഇതു സഹായിക്കും. ഏതു ജോലിയും അതു  ചെയ്യുന്നതില്‍ പറ്റിയ ആളിനെ കണ്ടുപിടിച്ച് ഏല്പിച്ചാല്‍ പകുതി അദ്ധ്വനം കഴിഞ്ഞു എന്നു പറയാം. അതുകൊണ്ട് ജോലി സംബന്ധമായ (vocational) കൗണ്‍സലിങ്ങ്-ന് ഇതില്‍ വലിയ സാദ്ധ്യതകളുണ്ട്. അത് ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍.

അദ്ദേഹത്തിന്റെ നര്‍മ്മബോധം അപാരം തന്നെയായിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു കല്യാണത്തില്‍ സംബന്ധിച്ചിട്ട് ദൂരനിന്ന് നടന്നുവരുന്നത് കൂട്ടംകൂടിനിന്ന ചില സ്‌നേഹിതര്‍ ശ്രദ്ധിച്ചു. അദ്ദേഹം അടുത്തുവന്നപ്പേള്‍ ഒരാള്‍ ചോദിച്ചു ""വിളിച്ചിട്ടാണോ കല്യാണത്തിനു പോയത്'' ഉരുളക്കുപ്പേരിപോലെ മറുവടി ""എടാ നിനക്കന്തറിയാം? മാന്യന്മാരെയും പട്ടികളെയും കല്യാണത്തിനു വിളിക്കണോ?'' എല്ലാവരും ചിരിച്ച് ചിരിച്ച് മണ്ണുകപ്പി.

അദ്ദേഹത്തെപ്പറ്റിയുള്ള എന്റെ കൗമാരകാല സ്മരണകള്‍ക്ക് അത്ര നിറപ്പകിട്ടില്ലായിരുന്നുവെന്ന്  സൂചിപ്പിച്ചിരുന്നല്ലോ!. സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് എനിക്ക് അദ്ദേഹത്തെ തീരെ ഇഷ്ടമല്ലായിരുന്നു. കാരണം കൗമാരകാലത്ത് വെറുതെ ഇരിക്കുവാന്‍ സമ്മതിക്കുകയില്ലായിരുന്നു. വീട്ടില്‍ അല്ലെങ്കില്‍ പറമ്പില്‍ എന്തെങ്കിലും പണി ചെയ്യുവാന്‍ അദ്ദേഹം ഏല്പിച്ചിരിക്കും എന്നാല്‍ അത് ഗുണകരമായിട്ടാണ് പിന്നീട് തോന്നിയിട്ടുള്ളത്. കാരണം എന്റെ മടി മാറ്റിയെടുത്തത് ഈ പരിശീലനമായിരുന്നു. ഏതു പ്രയാസമുള്ള പണിയും ചെയ്യാമെന്ന ആത്മവിശ്വാസം എന്നില്‍ ഇതോടെ വളര്‍ന്ന് വന്നു. അതുപോലെതന്നെ വിഷമ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ത്രാണിയും.

എന്റെ പിതാവിന് ഒരു പലവ്യജ്ഞനക്കടയും കെപ്രായുടെ കച്ചവടവും ഉണ്ടായിരുന്നതായി സൂചിപ്പിച്ചിരുന്നല്ലോ! പലപ്പോഴും തേങ്ങ വെട്ടി ഉണക്കി കെപ്രാ ആക്കുന്നതില്‍ സഹായിക്കണമായിരുന്നു. സാധനങ്ങള്‍ പൊതിഞ്ഞുകെട്ടി കൊടുക്കുന്നതും പണം വാങ്ങി ബാക്കി ചില്ലറ കൊടുക്കുന്നതു ഞാന്‍ കൗതുകത്തോടെ നോക്കി നില്ക്കും. ആ ജോലി ചെയ്യുന്നതില്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. എന്റെ പിതാവിന്റെ സ്‌നേഹിതനും ഇതുപോലെ ഒരു പലചരക്കുകട ഉണ്ടായിരുന്നു. അദ്ദേഹം തന്റെ മകനെ തന്റെ അസാന്നിദ്ധ്യത്തില്‍ പലചരക്കു സാധനങ്ങള്‍ വില്ക്കുന്നതിന് അനുവദിച്ചിരുന്നു. എന്റെ പിതാവ് ഒരിക്കല്‍ പോലും അതിന് എന്നെ അനുവദിച്ചില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിഷറിസില്‍ എം.എസ് ഡിഗ്രി എടുത്തു. മാന്യമായ ശമ്പളമുള്ള ഒരു ജോലിയില്‍ പ്രവേശിച്ചു. ഞങ്ങള്‍ കുടുംബമായി യു.എസ് ലേക്ക് കുടിയേറിയതിനു ശേഷം എന്റെ പിതാവ് ഇന്ത്യയില്‍ നിന്നും ഞങ്ങളെ സന്ദര്‍ശിക്കുന്നതിനു വരുമായിരുന്നു. എന്നെ എന്തുകൊണ്ടാണ് ആ ജോലി ചെയ്യാന്‍ അനുവദിക്കാതിരുന്നത് എന്ന് ഒരിക്കല്‍ ചോദിച്ചു. അത് നിന്റെ പഠനത്തെ ബാധിക്കുമെന്ന് ഭയന്നിട്ടായിരുന്നു എന്നായിരുന്നു മറുവടി. ഈ കാര്യത്തില്‍  അദ്ദേഹം ബുദ്ധിയോടെ പ്രവര്‍ത്തിച്ചു. ഒരിക്കല്‍ ഞാന്‍ എന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ പിതാവിന്റെ സ്‌നേഹിതന്റെ മകന്‍ ഇപ്പോഴും ആ ജോലി ചെയ്യുന്നതു കണ്ട്. ചുറ്റുപാടുകള്‍ അത്ര പന്തിയായി തോന്നിയില്ല.

നമ്മുടെ ആഗ്രഹങ്ങള്‍ എല്ലാം അതതു സമയത്ത് നിറവേറ്റപ്പെടുന്നതു ദോഷകരമാണന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു. എളുപ്പത്തില്‍ വഴി തെറ്റിപ്പോകുവാന്‍ സാദ്ധ്യതയുണ്ട്. എന്റെ എല്ലാ ആഗ്രഹങ്ങളും നിവര്‍ത്തിച്ചു തരാതിരിക്കുന്നതില്‍ പിതാവ് വളരെ ജാഗ്രത കാണിച്ചു. ദൈവഹിതപ്രകാരം നാം ജീവിക്കുന്നുവെങ്കില്‍, നമ്മുടെ ജീവിതത്തില്‍ അത്യുത്തമം എന്താകുന്നുവെന്ന് നമ്മുടെ സ്വര്‍ഗസ്ഥനായ പിതാവിന് അറിയാം. ഈ ദാനങ്ങള്‍ എപ്പോഴാണ് നമുക്ക് നല്‌കേണ്ടത് എന്നും അറിയാം. അപ്പോഴാണ് നാം അതിന്റെ വില മനസ്സിലാക്കുന്നതും പരമാവധി പ്രയോജനപ്പെടുത്തുന്നതും. പഠിക്കുന്ന കാലത്ത്
ഒരു സൈക്കിള്‍ പോലും സ്വന്തമായി ഇല്ലായിരുന്നു. ഇപ്പോള്‍ എനിക്ക് പല കാറുകള്‍ സ്വന്തമായുണ്ട്.
എന്റെ ജീവിതത്തില്‍ യോഗ്യമായ സമയത്ത് ദൈവം എനിക്കു നല്കിയവയാണ്.

പിതാവിനെ ഭയബഹുമാനങ്ങളോടെയാണ് ഞങ്ങള്‍ കണ്ടിരുന്നത്. പിതാക്കാന്മാരെപ്പറ്റിയുള്ള ആ  സങ്കല്പത്തില്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. രണ്ടു തരത്തിലുള്ള ബന്ധത്തെപ്പറ്റി നാം പഠിച്ചിരിക്കും- ഒന്ന് കുട്ടികള്‍ മടിയന്മാരാണന്നും വേണ്ടതായ ശിക്ഷണമില്ല എങ്കില്‍ അവര്‍ മടിയന്മാരായി ജീവിതത്തില്‍  പരാജയമാകും എന്നതാണ്. മറ്റൊരു ചിന്താഗതി അവരോട് സ്‌നേഹബന്ധത്തില്‍ കാര്യങ്ങള്‍ സാധിക്കുന്നതാണ് അഭികാമ്യം എന്നാണ്. ഈ രണ്ടു ചിന്താഗതികള്‍ക്കും അതിന്റേതായ ഗുണവും ദോഷവും  ഉണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. പിതാവിനെപ്പറ്റിയുള്ള ഭയബഹുമാനങ്ങള്‍ കാരണം ബാല്യത്തിന്റെയും കൗമാരത്തിന്റെയും പല വീണ്ടുവിചാരമില്ലാഴ്മയില്‍ നിന്നും ഏടാകൂടാങ്ങളില്‍നിന്നും അകന്നു നിന്നിട്ടുണ്ട്- കാരണം അതല്ല എങ്കില്‍ അടി ഉറപ്പാണ്. നിയമവ്യവസ്ഥയോട് ബഹുമാനവും, കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതും അധികാരസ്ഥാനത്തുള്ളവരെ ബഹുമാനിക്കുന്നതും വീട്ടില്‍ മാതാപിതാക്കളോടുള്ള ഭയബഹുമാനത്തില്‍നിന്നും ശിക്ഷണത്തില്‍ നിന്നും ലഭിക്കുന്നതാണ്. മാതാപിതാക്കള്‍ രണ്ടു പേരും കുട്ടികളെ അമിതമായി ലാളിച്ചാല്‍ അവര്‍ വഷളാകാന്‍, അലസരാകാന്‍ സാദ്ധ്യതയുണ്ട്. ഒരാളോടെങ്കിലും കുട്ടികള്‍ക്ക് ഭയബഹുമാനങ്ങള്‍ ഉണ്ടായിരിക്കേണം.

അദ്ദേഹം വലിയ അദ്ധ്വാനശീലനായിരുന്നു. പകല്‍ പലചരക്കു കടയും കെപ്രാ ഉണക്കലും. ചങ്ങനാശ്ശേരിയില്‍ കെപ്രായുടെ കച്ചവടം ആഴ്ചയില്‍ രണ്ടുദിവസം രാത്രിയിലായിരുന്നു. അദ്ദേഹം എത്ര
അദ്ധ്വാനശീലനായിരുന്നുവെന്ന് ഇതില്‍ നിന്ന് ഊഹിക്കാമല്ലോ?. രാത്രിയിലെ കച്ചവടം കഴിഞ്ഞ് പന്ത്രണ്ടു കിലോമിറ്റര്‍ കാളവണ്ടിയിലാണ് തിരിച്ചുവരുന്നത്. ഒരിക്കല്‍ ഞാന്‍ ആ യാത്ര ചെയ്തത് ഓര്‍ക്കുന്നു.
കാളവണ്ടിയുടെ ചക്രം കുണ്ടിലും കുഴിയിലും അകപ്പെടുമ്പോള്‍ കാളവണ്ടിക്കകത്ത് ഉരുളലും മറിയലും. ഒരു പോള കണ്ണടക്കാന്‍ പറ്റില്ല. വെളുപ്പാന്‍ കാലത്ത് നാലുമണിയോടെ വന്നു കിടന്നാല്‍ ഒന്നു മയങ്ങിയെന്നിരിക്കും. പണം വാങ്ങന്‍ പലരും നേരം പുലരുന്നതിനു മുന്‍പേ എത്തിയിരിക്കും.

കൗമാരപ്രായത്തില്‍ പണത്തിന് പല ആവശ്യങ്ങളുമുണ്ടല്ലോ. പിതാവിന്റെ കൈയ്യിലാണ് പണം. അത് അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ ലഭിക്കുകയുള്ളു. നിസ്സാര കാര്യങ്ങള്‍ക്ക് പണം ചോദിക്കാനുള്ള ധൈര്യമില്ല. അതുകൊണ്ട് ബീഡിയും അല്പം ചില്ലറയൊക്കെ തലയിണയുടെ അടിയില്‍നിന്നും മോഷ്ടിച്ചതായി ഓര്‍മ്മയുണ്ട്. അങ്ങനെ തുടരവേ ഒരു ദിവസം അദ്ദേഹം കെപ്രാ കച്ചവടം കഴിഞ്ഞ് വന്ന് നല്ല
മയക്കത്തിലായിരുന്നു. തുണി തൂക്കിയിരുന്ന അയയില്‍ അദ്ദേഹത്തിന്റെ നിക്കര്‍ (Under Wear) കിടക്കുന്നതും അതിന്റെ പോക്കറ്റില്‍ നിന്ന് കറന്‍സി നോട്ടുകള്‍ പുറത്തേക്ക് തള്ളി നില്കുന്നതും എന്റെ ശ്രദ്ധയില്‍പെട്ടു. അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ നല്ല മയക്കമാണ്. പതുക്കെ കറന്‍സിയില്‍ കൈവച്ചതും അദ്ദേഹം കണ്ണുതുറന്നതും ഒപ്പമായിരുന്നു. ഞാന്‍ ഇറങ്ങി ഓടിയെങ്കിലും പൊതിരെ തല്ലു കിട്ടി. എന്റെ ജീവിതത്തിലെ അവസാനത്തെ മോഷണമായിരുന്നു അത്. കുട്ടികളെ ശാസിച്ച് വളര്‍ത്തിയില്ല എന്നത് മാതാവിനെക്കാള്‍ പിതാവിന്റെ കുറവായിട്ടാണ് ബൈബിള്‍ ചുണ്ടിക്കാണിക്കുന്നത്. കള്ളം പറഞ്ഞ് പിടിക്കപ്പെട്ടാല്‍ അടി നിശ്ചയമായിരുന്നു. വരുംവരാഴ്കളെപ്പറ്റിയുള്ള ഭയം ഇല്ല എങ്കില്‍ മനുഷ്യന്‍ എന്തും ചെയ്യാന്‍ മടിക്കയില്ല. അടി കിട്ടുമെന്നുള്ള ഭയമായിരുന്നു നിയമലംഘന്നത്തില്‍ നിന്നും അകറ്റിയിരുന്നതും. നിയമ ലംഘിച്ചാലുള്ള ഭവിഷ്യത്തുകളെപ്പറ്റിയുള്ള ഭയമാണ്.

 ഏടാകുടത്തിലൊന്നും ചെന്നു ചാടാതെ കാക്കുന്നത്. എന്നാല്‍ നമ്മില്‍ പലരും   പ്രശ്‌നങ്ങളില്‍ അകപ്പെട്ടിട്ടാണ് പാഠങ്ങള്‍ പഠിക്കുന്നത്. വിളക്കിന്റെ ജ്വാല അപകടകരമാണെന്നും അതിന്റെ ആകക്ഷകത്വം കാരണം പിടിക്കാന്‍  നോക്കിയാല്‍ കൈ പൊള്ളുമെന്നും പറഞ്ഞത് കേള്‍ക്കാതെ അതില്‍ പിടിച്ച് കൈ പൊള്ളിയവരാണ് പലരും. മറ്റുള്ളവരുടെയും മാതാപിതാക്കളുടെയും അനുഭവത്തില്‍ നിന്നും വേദപുസ്തകത്തിലെയും  പൂരാണങ്ങളിലെയും ഇതിഹാസങ്ങളിലെയും കഥാപാത്രങ്ങളുടെയും അനുഭവങ്ങളില്‍ നിന്നും നാം പഠിക്കുന്നില്ല എങ്കില്‍ കഷ്ടതയില്‍ക്കൂടി കടന്ന് നാം പഠിക്കേണ്ടി വരുമല്ലോ.
മോഷ്ടിക്കരുതന്നു പറഞ്ഞത് കേള്‍ക്കാതിരുന്നതുകൊണ്ടുണ്ടായ അനുഭവമാണ് എനിക്കു കിട്ടിയ  ചുട്ട അടി. അന്ന് മോഷണത്തിന് പിതാവ് ശിക്ഷിച്ചിരുന്നില്ല എങ്കില്‍ മോഷണം തന്നെ തരമെന്നു ചിന്തിക്കുകയും വലിയ ജീവിത പ്രശ്‌നങ്ങളില്‍ അകപ്പെടാമായിരുന്നു.

ഒരു കഥ ഓര്‍മ്മവരുന്നത്, രണ്ട് ബാലന്മാര്‍ സ്‌നേഹിതന്മാരായിരുന്നു. രണ്ടുപേരെയും വളര്‍ത്തിയിരുന്നത് മാതാക്കളായിരുന്നു. ചെറിയ ചെറിയ മോഷണങ്ങള്‍ പതിവായി. ഒരു ദിവസം കോഴിയെ മോഷ്ടിച്ചു  കൊണ്ടു വന്നപ്പോള്‍ ഒരു മാതാവ് അതില്‍ കാഞ്ഞിരമിട്ട് കറിവച്ചുകൊടുത്തു. അതോടെ ഒരാള്‍ മോഷണം നിര്‍ത്തിയെങ്കിലും മറ്റെ ബാലന്‍ മാതാവ് നിരുത്സാഹപ്പെടുത്താതിരുന്നതു കാരണം ചെറിയ കുറ്റകൃത്യങ്ങളില്‍ നിന്ന് അക്രമണങ്ങളിലേക്ക് തിരിയുകയും ഒരു കൊലക്കുറ്റത്തിന് തൂക്കുകയറിന് വിധിയുണ്ടായി. അവസാന ആഗ്രഹമായി അമ്മയെ കാണാന്‍ അവസരമുണ്ടാക്കി. അമ്മയുടെ ചെവിയില്‍ എന്തോ രഹസ്യം പറയാനുണ്ട് എന്ന ഭാവത്തില്‍ അമ്മയുടെ ചെവി കടിച്ചു പറിച്ചെടുത്തതായാണ് കഥ. കാരണം തന്നെ കുറ്റകൃത്യത്തില്‍നിന്നും ആ മാതാവ് വിലക്കിയില്ല എന്നതു തന്നെ. പെണ്‍കുട്ടികളെ ശിക്ഷണത്തില്‍ വളര്‍ത്തിയില്ല എങ്കില്‍ ചെല്ലുന്ന വിടുകളിലായിരിക്കും പ്രശ്‌നം. അത് ഈ തലമുറയില്‍ വളരെയധികം കാണാനുണ്ട്.

പണത്തിനുള്ള ബുദ്ധിമുട്ടും ഞെരുക്കവും പഠിച്ച് നല്ല ജോലി കരസ്ഥമാക്കുന്നതിനുള്ള ഒരു ത്വര അങ്കുരിപ്പിക്കുന്നതില്‍ ഒരു സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. എല്ലാം സുഭിക്ഷമാണങ്കില്‍, ജീവിതയാത്രയില്‍ എല്ലാ സുഖസൗകര്യങ്ങളുമുണ്ടെങ്കില്‍ നാം അതില്‍ ലയിച്ച് മുന്‍പോട്ടുള്ള പ്രയാണത്തില്‍ ശ്രദ്ധിക്കാതെ ഒരു തുറമുഖത്ത് കെട്ടികിടക്കാന്‍ സാദ്ധ്യതയുണ്ട്. ഇങ്ങനെയുള്ളവര്‍ ജീവിതത്തിലെ പല വിജയങ്ങളും കരസ്ഥമാക്കാന്‍ കഴിയാതെ നിശ്ചല ജലം പോലെ കെട്ടികിടക്കാന്‍ സാദ്ധ്യതയുണ്ട്. Pilgrim's progress എന്ന നോവലില്‍ പല യാത്രക്കാരുടെയും അനുഭവമാണിത്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന പല കുട്ടികളിലും കണ്ടു വരുന്ന ഒരു പ്രതിഭാസമാണിത്. മാതാപിതാക്കള്‍ അവര്‍ക്ക് എല്ലാം തന്നെ ആവശ്യത്തിനും ആവശ്യമില്ലാതെയും കൊടുക്കുന്നതു കാരണം സ്വന്തമായി അദ്ധ്വാനിച്ച് കൈവശപ്പെടുത്താനുള്ള ഒരു ആഗ്രഹം അഥവ ത്വര നഷ്ടമാകുന്നതായി കാണാറുണ്ട്. ഒരു Constructive Competition അഥവ ജയിച്ച് മുന്നേറാനുള്ള ചുറുചുറുക്കും ഉത്സാഹവും പലരിലും കാണുന്നില്ല. നാട്ടില്‍ ജനിച്ചുവളര്‍ന്ന നമുക്ക്  ഇടിച്ച് ബസ്സിനകത്ത് കയറിയില്ല എങ്കില്‍ അവിടെ നിന്നതുതന്നെ. ആ മത്സര മനോഭാവം കുട്ടികള്‍ക്ക്  പലര്‍ക്കും നഷ്ടമായതായി കാണുന്നു. വിഷമമുള്ള ജോലികള്‍ ചെയ്യാതെ, അലസത മാറാത്ത, ആത്മവിശ്വാസം 
ഷ്ടപ്പെട്ട, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവില്ലാത്ത ഒരു തലമുറയെയാണ് നാം വാര്‍ത്തെടുക്കുന്നതെന്ന് സംശയിക്കുന്നു.

ഞാന്‍ ബാലനായിരുന്നപ്പോള്‍ ചിലപ്പോഴൊക്കെ പിതാവ് കൂടെ കിടത്തുകയും നല്ല കഥകള്‍ പറഞ്ഞു തന്നതും ഓര്‍മ്മയുണ്ട്. സഹോദര പ്രീതി നിലനിര്‍ത്തുന്നതിനും കുടുംബന്ധങ്ങള്‍ സൂക്ഷിക്കുന്നതിനും ഇങ്ങനെയുള്ള കഥകള്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. കുടുംബ മഹിമ, പാരമ്പര്യം എന്നെക്കെ നാം പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് തലമുറകളായി ചില കുടുംബങ്ങളില്‍ കണ്ടുവരുന്ന, മാതാപിതാക്കള്‍ കൈമാറിയ മൂല്യങ്ങളില്‍നിന്നും കുടുംബാംഗങ്ങളിലുള്ള സ്വാര്‍ത്ഥതയില്ലാഴ്മയും അതുമൂലം സമൂഹത്തിലുണ്ടായ മാന്യതയുമാണ്.

ബാലനായിരിക്കുമ്പോള്‍ പിതാവ് നമ്മുടെ പലരുടെയും എല്ലാമറിയാവുന്ന role models ആണെങ്കിലും കൗമാര പ്രായത്തില്‍ പലതും പിതാവിനെ മൂരാച്ചിയായിട്ടാണ് കാണുന്നത്. നമ്മുടെ പല ആഗ്രഹങ്ങള്‍ക്കും വിലങ്ങുതടിയായി നില്കുന്ന, കേന്ദ്രം, Switch Board എന്നൊക്കെ ഓമനപ്പരില്‍ വിളിക്കുന്ന മാര്‍ഗ്ഗതടസ്സം. വിവാഹിതനായി പിതാവായി പല അനുഭവങ്ങളില്‍ക്കൂടി കടന്നു കഴിഞ്ഞാണ് അവരെപ്പറ്റിയുള്ള ചിന്താഗതികള്‍ക്ക് മാറ്റം വരുന്നത്. പല പല അനുഭവങ്ങളില്‍ക്കൂടി കടന്ന് ജീവിതം എന്താണെന്ന് രുചിച്ചറിഞ്ഞ് കഴിഞ്ഞാണ് നമുക്ക് പ്രായോഗിക ബുദ്ധിയുണ്ടാവുന്നത്. അനുഭവസമ്പത്തില്ലാ

ത്തതു കാരണം കുട്ടികള്‍ പൊതുവെ Liberal ചിന്താഗതിക്കാരാണ്. കാര്യങ്ങള്‍ മുന്‍കൂട്ടിക്കാണാനുള്ള കഴിവിനെയാണല്ലോ നാം ബുദ്ധി എന്ന് പറയുന്നത്. നമ്മുടെ അനുഭവങ്ങള്‍, മാതാപിതാക്കള്‍ ഉപദ്ദേശിച്ചുതന്ന വഴികള്‍, അതുപോലെ മതഗ്രന്ഥങ്ങള്‍ ഉപദ്ദേശിച്ചുതന്ന വഴികളാണ് നമ്മെ ബുദ്ധിയുള്ളവരാക്കുന്നത്. സ്വന്തം അനുഭവത്തില്‍ നിന്ന് പഠിച്ച കൈ പൊള്ളി ബുദ്ധി പഠിച്ചവരും കുറവല്ല. നിന്റെ വചനങ്ങള്‍ എന്നെ വയോധികരിലും വിവേകമുള്ളവനാക്കുന്നു (ബൈബിള്‍)

നമ്മെ ശരിയായ കാര്യങ്ങള്‍ അഭ്യസിപ്പിച്ചതില്‍, മതവിശ്വാസത്തില്‍ വളര്‍ത്തിയതില്‍ സമുഹം അംഗീകരിക്കുന്ന, ബഹുമാനിക്കുന്ന ജീവിതമൂല്യങ്ങള്‍ കൈമാറിയതില്‍, ശിക്ഷണത്തില്‍ വളര്‍ത്തിയതില്‍ മാതാപിതാക്കള്‍ വഹിച്ചപങ്ക് പ്രത്യേകിച്ച് പിതാവിന്റെ പങ്ക് സുത്യര്‍ഹമാണ്. ആദ്യം അവരുടെ ശിക്ഷണം കയ്പായി അനുഭവപ്പെടുമെങ്കിലും പിന്നീടത് മധുരമായിതീരുന്നു. നമ്മുടെ നാട്ടിലൊരു ചെല്ലുണ്ട്
""മൂത്തവര്‍ പറയും മുതുനെല്ലിക്ക, ആദ്യം കയ്പിക്കും പിന്നെ മധുരിക്കും'' എന്നത് പിതാവില്‍ അന്വര്‍ത്ഥമായിതീര്‍ന്നു. നമ്മുടെ കുട്ടികളെ ശിക്ഷണത്തില്‍ വളര്‍ത്തുന്നതില്‍ നെല്ലിക്കയുടെ കയ്പ്പും മധുരവും
പകര്‍ന്ന് കൊടുക്കുമെങ്കില്‍ നമ്മുടെ തലമുറകളുടെ ഭാവി ശോഭനമായിരിക്കും 

 എന്റെ പിതാവ് ഇവിടെ അമേരിക്കയില്‍ വരുന്നതിനും മക്കളുടെ കൂടെ സ്ഥിരതാമസമാക്കാനും ഈശ്വരന്‍ വഴികള്‍ തുറന്നു. ഇവിടെ ജോലി 
ചെയ്തിട്ടില്ല എങ്കിലും അമേരിക്കന്‍ ഗവണ്‍മെന്റ് കൊടുക്കുന്ന പെന്‍ഷനും മെഡിക്കല്‍ ഇന്‍ഷുറന്‍സും ദൈവം ഉറപ്പുവരുത്തി. നമ്മുടെ മാതാപിതാക്കളെ നാമാണ് ഇവിടെ കൊണ്ടുവന്നതെങ്കിലും അവരെ ഇവിടെ കൊണ്ടു വരാന്‍ അല്ലെങ്കില്‍ നാട്ടില്‍ അവര്‍ക്ക് നല്ല ജീവിത സൗകര്യവും വീടുകളും പണിയാന്‍ ദൈവം നമ്മെ ഉപയോഗിച്ചു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. കാരണമില്ലാതെ ഒരു കാര്യം ഉണ്ടാവുകയില്ലല്ലോ.

1994 -ല്‍ എന്റെ പിതാവ് കത്തൃ സന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഭൗതികശരീരം ഇവിടെ അമേരിക്കയില്‍  അടക്കിയിരിക്കുന്നു. ശവസംസ്കാരചടങ്ങില്‍ പ്രധാന കാര്‍മ്മികത്വം വഹിച്ച ഹൂസ്റ്റന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി Fr. ഗീവര്‍ഗീസ് അരുപാല അച്ചന്‍ ചെയ്ത ചരമപ്രസംഗം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയൊരു ചരമപ്രസംഗം അതിനുമുന്‍പോ അതിനുശേഷമോ ഒരു വ്യക്തിയെപ്പറ്റി ഞാന്‍ ശ്രവിച്ചിട്ടില്ല. ""ഇന്ന് ഇസ്രായേലില്‍ ഒരു പ്രഭുവും മാഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ'' ( II samuel 3:38). ഹൂസ്റ്റനില്‍ അധികം ജനങ്ങള്‍ അദ്ദേഹത്തെ അറിയുകയില്ലങ്കിലും തന്റെ ഗ്രാമത്തില്‍ അദ്ദേഹം ഒരു പ്രഭു തന്നെയായിരുന്നു. തന്റെ സഭയുടെ വിശ്വാസത്തില്‍ ഇത്രയും അടിയുറച്ച ഒരു അപ്പച്ചന്‍ ഹൂസ്റ്റനില്‍ ഇല്ല എന്നാണ് അച്ചന്‍ പറഞ്ഞത്. അതേ, ക്രിസ്തീയ വിശ്വാസം എന്താണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ബൈബിള്‍ സംബന്ധമായ, വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ അദ്ദേഹത്തോടെതിര്‍ത്തു നില്ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. 

നാലു ക്ലാസ് മാത്രമേ പഠിച്ചിട്ടുള്ളു എങ്കിലും ബൈബിള്‍ സംബന്ധമായ അറിവും മറ്ററിവുകളും സ്വന്തം പ്രയ്ത്‌നം കൊണ്ട് നേടിയെടുത്തതാണ്. നമ്മുടെ മരണസമയത്തും ഇതുപോലെയുള്ള ചരമപ്രസംഗംങ്ങള്‍ ഉയരുമെങ്കില്‍ ആ ജീവിതം സഫലമായി എന്നു പറയാം ദൈവത്തിനും മനുഷ്യനും കൊള്ളാവുന്നതായ ജീവിതം. അതിന് കൈതുറന്ന് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി കൂടി അദ്ധ്വാനിക്കുകയാണ്
വേണ്ടത്. മഹാകവി ഉള്ളൂരിന്റെ നാലുവരികളാണ് ഓര്‍മ്മയില്‍ വരുന്നത്

മിക്കിലുയരാം നടുകില്‍ തിന്നാം
നല്കില്‍ നേടിടാം
നമുക്കുനാമേ പണിവതു നാകം
നരകവുമതുപോലെ.

സാധാരണ മനുഷ്യരില്‍ കണ്ടുവരുന്ന പല ബലഹീനതകളും അദ്ദേഹത്തിനും ഉണ്ടായിരുന്നു എങ്കിലും താന്‍ ആയിരുന്ന മണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ കഴിഞ്ഞു എന്നത് നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കാവുന്നതാണ് കൈതുറന്ന് മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടികൂടി അദ്ധ്വാനിക്കുമെങ്കില്‍.
ശുഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക