2018 ഇലക്ഷനില്‍ ന്യൂജേഴ്സിയില്‍ ഏഴാം ഡിസ്ട്രിക്ക്റ്റില്‍ നിന്നും മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് അല്ല, പോരാടുമെന്ന് തറപ്പിച്ചു പറയുന്ന ഈ അവസരത്തില്‍ ആ ചെറുപ്പക്കാരന് സര്‍വ്വവിധ പിന്തുണയും പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്.
ലോകത്തെവിടെയും സ്ത്രീ അവഗണിക്കപ്പെടുന്ന വര്‍ഗ്ഗമാണ്. അതിന് ഏറ്റക്കുറച്ചിലുകള്‍ കണ്ടേക്കാമെങ്കിലും അടിസ്ഥാനപരമായി പുരുഷകേന്ദ്രീകൃതമാണ് ഓരോ രാജ്യവും. അതുകൊണ്ടാണ് സ്ത്രീയുടെ അവകാശങ്ങള്‍ വിലകല്പിക്കപ്പെടാത്തത്. ആദിമകാലം മുതലെ സ്ത്രീ പുരുഷനുവേണ്ടി സൃഷ്ടിക്കപ്പെട്ടവള്‍ എന്ന ധാരണ അടിച്ചേല്‍പ്പിക്കപ്പെട്ടതിന്റെ ഫലമായി പുരുഷന് എന്തു ചെയ്താലും സഹിച്ചും ക്ഷമിച്ചും അടിമപ്പെട്ടും സ്ത്രീ ജീവിച്ചു പോന്നു.
പെണ്‍കുട്ടികള്‍ വിപണനച്ചരക്കുകളാകുന്നു; വേശ്യാലയങ്ങള്‍ വേണമെന്ന്, പുരുഷന് മുറവിളിക്കൂട്ടുന്നു, പരസ്യങ്ങളിലൂടെ സ്ത്രീകളെ ചൂഷണം ചെയ്യുന്നു, ലൈംഗികാതിക്രമങ്ങള്‍ പെരുകുന്നു, മാധ്യമങ്ങളിലൂടെ സ്ത്രീ അവഹേളിക്കപ്പെടുന്നു, അമ്മയെന്ന ഔദാര്യത്തെ മുതലെടുക്കുന്നു. തുടങ്ങി പലതും പ്രതികരണമര്ഹിക്കുന്നതാണ്.
അനാഥരും ദരിദ്രരുമായ ബാലികമാരെ സംരക്ഷിക്കാനെന്ന വ്യാജേന എത്തുന്ന പകല്മാന്യന്മാരുടെ കൈകളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് വെറും നമ്പരുകളായി മാറുന്നു. അവര്‍ക്കു പേരോ വീടോ മാതാപിതാക്കളോ ഇല്ല. പിന്നെ അവര്‍ മുഖം നഷ്ടപ്പെട്ടവര്‍, കാഴ്ചയില്ലാത്ത, കേഴ് വിയില്ലാത്ത, വെറും വില്പനച്ചരക്കുകള്! കാമവെറിക്കു കീഴടങ്ങാന്‍ വിധിക്കപ്പെട്ട വെറും അവയവങ്ങള്‍! എന്തുകൊണ്ടു ഗവണ്മെന്റുകള് ഈ വന്‍ മാഫിയാ സംഘത്തെ കണ്ടെത്തുന്നില്ല? കോടിക്കണക്കിനു വരുന്ന വിപണന ലാഭത്തിന്റെ പങ്ക് അവര്‍ക്കും ലഭിക്കുന്നുണ്ടാവുമോ?
വേശ്യാലയങ്ങള്‍ വേണമെന്നു മുറവിളിക്കൂട്ടുന്ന ഒരു വിഭാഗം പുരുഷന്മാരുണ്ട്. എല്ലാ പിരിമുറുക്കങ്ങള്‍ക്കും വേശ്യാലയം മരുന്നാകുന്നുണ്ടെന്നു വിശ്വസിക്കുന്നവര്‍. ലൈംഗിക ദാരിദ്ര്യമാണ് പീഡനങ്ങള്‍ക്കു കാരണമെന്ന് കണ്ടെത്തുന്നവര്‍. ഇവരൊക്കെ അവനവന്റെ സുഖം മാത്രമാണ് നോക്കുന്നത്. അവിടെയും പെണ്ണഅ വില്പനയ്ക്കു വച്ചിരിക്കുന്ന മാംസം മാത്രമായി അധഃപതിക്കണം.
പെണ്ണിന്റെ അംഗലാവണ്യത്തെ പരസ്യങ്ങളിലൂടെ പ്രദര്‍ശിപ്പിച്ച് കോടികള്‍ കൊയ്യുമ്പോള്‍ അവള്‍ക്കു കൊടുക്കുന്നത് തുച്ഛമായ വേതനം മാത്രം. ഗ്ലാമറും പണവും പ്രശസ്തിയും ആഗ്രഹിച്ച് അവിടേക്ക് ആകര്ഷിക്കപ്പെടുമ്പോള് അവളും ചൂഷണവിധേയമാകുന്നത് അറിയുന്നതേയില്ല. അഭിനയ മോഹത്തിന്റെ പേരില്‍ ബലിയാടുകളാകുന്നവരും അതിന്റെ പേരില്‍ കാണാതാകുന്നവരും ഏതു തുരുത്തിലാണാവോ ചെന്നുപെട്ടിരിക്കുക?
പതിനൊന്നുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധകള്‍ വരെ ബലാല്‍സംഗം ചെയ്യപ്പെടുന്നു. പുറത്തറിയുന്നത് വളരെകുറച്ചു മാത്രം. അഭിമാനക്ഷതം ഭയന്ന് എല്ലാം മൂടിവയ്ക്കപ്പെടുകയാണ്. ബന്ധുക്കള്‍, കൂട്ടുകാര്‍, വ്യാജകാമുകന്മാര്, പീഢന വീരന്മാര് തുടങ്ങി സ്ത്രീയെ ദുരുപയോഗം ചെയ്യുന്നവര്‍ കൂടി വരുമ്പോള്‍ അതിനെയൊക്കെ നിസ്സംഗരായി നോക്കി നില്ക്കുന്ന ഒരു ജനം നമുക്കിടയിലുണ്ട്. വൃത്തികെട്ട ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനെ ഇത് ഉപകരിക്കൂ. പീഢകനാണ് ശിക്ഷിക്കപ്പെടേണ്ടത് മറിച്ച് ഇരയല്ല. മാനം സ്ത്രീക്കു മാത്രമല്ല ഇരുക്കൂട്ടര്‍ക്കും വേണ്ടതാണെന്ന ബോധ്യം സ്ത്രീ വളര്‍ത്തിയെടുക്കുകയും പീഢനമുണ്ടായാല്‍ അതിനെതിരെ പ്രതികരിക്കുകയും വേണം.
നോവലും സിനിമയുമൊക്കെ പുരുഷ കേന്ദ്രീകൃത സമൂഹത്തിനു വളം ചേര്‍ക്കുകയേ ചെയ്തിട്ടുള്ളൂ. പുരുഷന്റെ ഇംഗിതം മാത്രം പരിഗണിച്ചു നടക്കുന്ന വിവാഹകഥകള്‍ സ്ത്രീയെ വാതില്‍ മറിയില്‍ നിര്‍ത്തുന്ന ആഭിജാത്യ കഥകള്‍, 'നീ വെറും പെണ്ണെന്നു' പ്രമുഖ നടന്മാരെക്കൊണ്ടു പറയിച്ചു കൈയടി വാങ്ങുന്ന സംവിധായകര്‍ അസൂയമൂത്ത് സ്ത്രീ സ്ത്രീക്കുതന്നെ ശത്രുവാകുന്നത് ഇതിനെല്ലാം മാറ്റങ്ങള്‍ ഉണ്ടായെ മതിയാകൂ.
സമൂഹത്തില്‍ മാന്യസ്ഥാനം നഷ്ടമാകുമെന്നു ഭയന്ന് കുടുംബത്തിലെ സ്വരച്ചേര്‍ച്ച ആരെയുമറിയിക്കാതെ സഹിച്ചും നരകിച്ചും ജീവിക്കുന്ന എത്രയോ സ്ത്രീകളരുണ്ട്. തന്റെ ഇഷ്ടങ്ങളും അഭിലാഷങ്ങളും മനസിലാക്കുന്ന ഭര്‍ത്താവുമ1ത്ത് സ്നേഹവും ഊഷ്മളതയും നഷ്ടപ്പെട്ട് പരസ്പരം വെറുത്തുജീവിക്കുന്നവര്! സ്ത്രീ അമ്മയാണ്. ദൈവം അത്ര മഹത്തായ ഒരു പദവി അവള്‍ക്കു നല്‍കിയിരിക്കുന്നത് അവളെ പിന്തുണച്ച് സംരക്ഷിച്ച് അവളോടൊപ്പം കുടുംബം മുഴുവന്‍ നില്‍ക്കാനാണ്; അല്ലാതെ അവളുടെ സനേഹവും കരുണയും ചൂഷണചെയ്യപ്പെടാനല്ല: സ്ത്രീയെ സ്നേഹിക്കുകയും ബഹുമാനിക്കുക്യും ചെയ്യുന്ന ധാരാളം ഭര്ത്താക്കന്മാരുണ്ട്. അവര്‍ കെട്ടുറുപ്പുള്ള കുടുംബ പാരമ്പര്യത്തില്‍ നിന്നു വന്നവരാണ്. പേശീബലവും തന്റേടവും ചേര്‍ത്തു വച്ച് പുരുഷന് എന്തുമാകാം എന്ന തോ്ന്ന്യാസത്തിന് വളം വെയ്ക്കുന്ന സമൂഹത്തിലാണ് സ്ത്രീ ഇരയാകുന്നതും പുരുഷന് സര്‍വ്വതന്ത്ര സ്വതന്ത്രനായി വിലസുന്നതും.
ലക്ഷക്കണക്കിനാളുകള്‍ ഒരുമിച്ചു നിന്ന് സമൂഹ മധ്യത്തില്‍ സ്വരമുയര്ത്തിയാലെ ഈ സ്ഥിതികള്ക്കൊക്കെ മാറ്റം വരൂ. സ്ത്രീകള്‍ക്ക് ആത്മാവില്ലെന്നുവരെ പറയുന്ന പുരുഷന്മാരുള്ളിടത്ത് സ്ത്രീയുടെ അവകാശങ്ങളും മനുഷ്യാവകാശങ്ങള്‍ തന്നെയാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെടണം, പ്രത്യേകിച്ച് രാഷ്ട്രത്തലവന്മാര്ക്കും ഭരണത്തലത്തിലുള്ളവര്ക്കും. സര്‍ക്കാരിന്റെ ഭാഗത്ത് ഭരണതലത്തില്‍ മാറ്റങ്ങളുണ്ടാകണം. പ്രത്യേക സംവിധാനങ്ങളുണ്ടാകണം. ശക്തമായ നിയമ പരിരക്ഷകളുണ്ടാകണം.
കുട്ടികളെ വീട്ടിലും, താഴ്ന്ന ക്ലാസ്സുകള്‍ മുതല്‍ സ്്ക്കൂളിലും ലിംഗ് സമത്വത്തോടെ വളര്‍ത്തണം. പൊതുവേദികളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണം. സ്ക്കൂളുകളിലും കോളേജുകളിലും ലിംഗസമത്വം പാഠ്യവിഷയമാക്കണം. ലൈംഗിക വിദ്യാഭ്യാസം നിര്‍ബ്ബന്ധമാക്കണം. സ്ത്രീപക്ഷ ചിന്തകള്‍ക്കു പ്രാധാന്യമുള്ള എഴുത്തുകള്‍ ഉണ്ടാകണം; സിനിമകള്‍ ഉണ്ടാകണം. സ്ത്രീ പ്രാതിനിധ്യം ഭരണതലത്തില്‍ കൂടുതലായുണ്ടാകണം. സ്ത്രീ സംവരണം എന്നൊന്ന് ആവശ്യമില്ലാതെയാകണം.
പരമ്പരാഗതമായ ആണ് മേല്‍ക്കോയ്മ തിരുത്തിക്കുറിക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ പീറ്റര്‍ ജേക്കബിനെപ്പോലെയുള്ളവര്‍ തരുന്ന പ്രതീക്ഷ വളരെയാണ്. ലിംഗസമത്വമുള്ള ഒരു നല്ല നാളെയെ പ്രതീക്ഷിക്കുവാന്‍ ഓരോ സ്ത്രീയുടെയും ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകണം. സ്ത്രീ സ്വയം ബോധവതിയാകണം.