വത്തിക്കാന്‍ ചൈനയിലെ നാസ്തിക സര്‍ക്കാരിന്
കീഴടങ്ങുമോയെന്നതാണ് പ്രശ്നം. ചൈനയില്‍ കത്തോലിക്ക ജനസംഖ്യ വളരെ
കുറവാണെങ്കിലും അവിടെ ബിഷപ്പിനെ നിയമിക്കുന്നത് സര്‍ക്കാരിന്റ ചുമതലയിലാണ്.
ചൈനീസ് സര്‍ക്കാരിനെ പിന്താങ്ങുന്നവരും മാര്‍പാപ്പയെ
അനുകൂലിക്കുന്നവരുമായി കത്തോലിക്കര്‍ അവിടെ രണ്ടു വിഭാഗങ്ങളായി ചേരി
തിരിഞ്ഞുകൊണ്ടു ആരാധനകള്‍ നടത്തന്നു. മാര്‍പാപ്പയെ അനുകൂലിക്കുന്നവര്‍
രഹസ്യമായ സങ്കേതങ്ങളില്‍ മതപരമായ ചടങ്ങുകള്‍ നിര്‍വഹിക്കുന്നു. ചൈനയുമായി
ഒരു ഒത്തുതീര്‍പ്പില്‍ എത്തുന്നുണ്ടെങ്കിലും ചൈനയുടെ വ്യവസ്ഥകള്‍ മുഴുവനായി
വത്തിക്കാന്‍ സ്വീകരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍
ബിഷപ്പുമാരെ നിയമിക്കുന്നത് അവിടെയുള്ള കമ്മ്യുണിസ്റ്റ് പാര്‍ട്ടിയാണ്.
അങ്ങനെ വരുകയാണെങ്കില്‍ ചൈനയിലെ കമ്മ്യുണിസത്തെ വത്തിക്കാന്‍
മാനിക്കേണ്ടി വരും. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ നയതന്ത്രം ചൈനയ്ക്ക്
നല്കുന്ന ഏകപക്ഷീയമായ ഒരു ഔദാര്യവുമായിരിക്കും. വത്തിക്കാന്‍ ഒരു നാസ്തിക
സര്‍ക്കാരായ ചൈനയുടെ തീരുമാനത്തിന് വിധേയപ്പെടേണ്ടിയും വരും.
മാര്‍പാപ്പയുടെ ഈ ദൗത്യം വിജയിക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ 1.4
ബില്യണ്‍ ജനസംഖ്യയുള്ള ചൈനയും ഏറ്റവും വലിയ മതം 1.2 ബില്ലിയനുള്ള
കത്തോലിക്ക സഭയുമായി ഒരു ഐക്യം സ്ഥാപിക്കാന്‍ സാധിക്കും. മാര്‍പാപ്പയെ
അംഗീകരിക്കുന്ന പത്തു മില്യണ്‍ കത്തോലിക്കര്‍ മാത്രമേ ചൈനയിലുള്ളു. അവര്‍
ആചാരങ്ങള്‍ നടത്തുന്നത് ഒളിവു സങ്കേതങ്ങളില്‍ നിന്നുമാണ്. ചൈനയുടെ
സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 70 മില്യണ്‍ കത്തോലിക്കരില്‍
വത്തിക്കാനു യാതൊരു സ്വാധീനവുമില്ല. അവരില്‍ പ്രൊട്ടസ്റ്റന്റ് സഭകളും
ഉള്‍പ്പെടും. ചൈനയിലെ കമ്മ്യുണിസ്റ്റ് നാസ്തിക സര്‍ക്കാര്‍ കൂടുതല്‍
ഔദാര്യം കാണിക്കുമോയെന്നതും കാത്തിരുന്നു കാണേണ്ട സംഗതിയാണ്.
ഇന്ന് കത്തോലിക്ക സഭയുടെ സിനഡുകളില്‍ നടക്കുന്ന സംവാദങ്ങളും ചര്‍ച്ചകളും
മാര്‍പാപ്പ നേരിട്ട് നടത്തുന്നതും ശ്രദ്ധേയമാണ്. മുന്‍കാലങ്ങളില്‍
വത്തിക്കാനിലെ ബ്യുറോ ക്രാറ്റുകള്‍ അവരുടെ അധികാരം ഉപയോഗിച്ച്
മെത്രാന്മാരുടെ സഭാ സിനഡ് വിളിച്ചുകൂട്ടുമായിരുന്നു. അഭിപ്രായങ്ങള്‍
പറയുന്നതും തീരുമാനങ്ങളെടുക്കുന്നതും വത്തിക്കാനിലെ അധികാരികളുടെ
താല്പര്യങ്ങളില് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഫ്രാന്‍സിസ് മാര്‍പാപ്പ
നേരിട്ട് മാര്‍പാപ്പയെ വിമര്‍ശിക്കുന്നവരെയും സിനഡിലേക്ക്
ക്ഷണിക്കാറുണ്ട്. പൊതുവായ വിഷയം കൂടാതെ മെത്രാന്മാര്ക്ക് തുറന്ന
അഭിപ്രായങ്ങളും ചര്‍ച്ചകളും നടത്താന്‍ കഴിയുന്നുവെന്നത് വത്തിക്കാനിലെ
പുത്തന്‍ നടപടിക്രമങ്ങളില്‍പ്പെട്ടതാണ്.
പരിസ്ഥിതി, ആഗോള താപനം എന്നീ വിഷയങ്ങളെ ആധാരമാക്കി അദ്ദേഹം ഒരു ചാക്രീയ
ലേഖനം തന്നെ ഇറക്കിയിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതിയുടെ സൃഷ്ടി
ജാലങ്ങളെയും സംരക്ഷിക്കണമെന്നാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
നാശോന്മുഖമായിരിക്കുന്ന പരിസ്ഥിതിയെ പ്രോത്സാഹിപ്പിക്കാന്‍, രക്ഷിക്കാന്‍
ലോകത്ത് ഇന്ന് ഏറ്റവും കഴിവുള്ള നേതാവായിട്ടാണ് മാര്‍പാപ്പയെ
കരുതിയിരിക്കുന്നത്. പരിസരങ്ങളും അന്തരീക്ഷവും മലിനമാക്കുന്നത്
പാപമാണെന്നും അദ്ദേഹം പറഞ്ഞു.
വിശുദ്ധ വാരങ്ങളില്‍ അക്രൈസ്തവരുടെയും രോഗികളുടെയും ജയില്‍
അന്തേവാസികളുടെയും സ്ത്രീകളുടെയും കാലുകള്‍ കഴുകി പാരമ്പര്യത്തെ
പവിത്രീകരിക്കുകയും മാറ്റിയെഴുതുകയും ചെയ്തു. ഇത്തരം വിനയപൂര്‍വ്വമായ
പ്രവര്‍ത്തികള്‍മൂലം അദ്ദേഹത്തെ സ്നേഹത്തിന്റെ മൂര്‍ത്തികരണ ഭാവമായ
മാര്‍പാപ്പയെന്ന നിലയില്‍ ലോകം ആദരിക്കാന്‍ തുടങ്ങി. മില്യണ്‍ കണക്കിന്
ചെറുപ്പക്കാരായ കത്തോലിക്കര്‍ അദ്ദേഹത്തിന്റെ പടങ്ങളും നല്ല
പ്രവര്‍ത്തികളും പ്രഭാഷണങ്ങളും പങ്കു വെക്കുന്നു. കത്തോലിക്ക സഭയില്‍നിന്നു
പിരിഞ്ഞു പോയ അനേകര്‍ മാതൃസഭയിലേക്ക് മടങ്ങി വന്നുകൊണ്ടുമിരിക്കുന്നു.
ഗര്‍ഭചിന്ദ്രം കൊടുംപാപമായിട്ടാണ് സഭ കരുതിയിരുന്നത്. അതിനുള്ള പാപമോചനം
ബിഷപ്പിന്റെ അധികാര പരിധിയിലായിരുന്നു. മാര്‍പാപ്പ അതിന് മാറ്റം വരുത്തി
അത് സാധാരണ പാപത്തിനു തുല്യമാക്കി. വിവാഹമോചന കാര്യത്തിലും മാര്‍പാപ്പ
ഇടപെട്ടു. മുമ്പൊക്കെ പുനര്‍വിവാഹം ചെയ്യുന്നതിന് സഭാ കോടതി വേണമായിരുന്നു.
ഇന്ന് ഒരു വിവാഹം റദ്ദാക്കാന്‍ (nullify) സ്ഥലത്തെ ബിഷപ്പിന് അനുവാദം
കൊടുക്കാം. രണ്ടാമത് വിവാഹം ചെയ്യുന്നവര്‍ക്കും സഭയുടെ വാതില്‍ തുറന്നു
കൊടുക്കാന്‍ മാര്‍പാപ്പ പറഞ്ഞു.
സ്ത്രീയും പുരുഷനുമല്ലാത്ത മൂന്നാം ലിംഗ വിഭാഗക്കാരെ
(transgenders)പിശാചിന്റെ മക്കളെന്നു വരെ വിളിച്ചപമാനിക്കുന്ന
വ്യവസ്ഥിതിയാണുള്ളത്. അവര്‍ ദൈവത്തിന്റെ മക്കളെന്നു മാര്‍പാപ്പ ഉച്ചത്തില്‍
പറഞ്ഞു. മാര്‍പാപ്പ ഈ വിഷയം സംസാരിച്ചുകൊണ്ടിരിക്കെ, അങ്ങകലെ ലെജറാഗേ
(Lejarrage) എന്ന ട്രാന്‍സ്ജെന്‍ഡര്‍ 'പാപ്പ' എനിക്ക് സഭയില്‍
പ്രവേശനമുണ്ടോയെന്നു വിളിച്ചു ചോദിച്ചു. മാര്‍പാപ്പ അയാളുടെ സമീപത്തു
ചെന്ന് സഭയിലങ്ങനെ ഒരു വിവേചനമില്ലെന്നും അറിയിച്ചു.
മറ്റുള്ള മാര്‍പാപ്പമാരില്‍ നിന്നും വ്യത്യസ്തനായി സ്വവര്‍ഗ രതികളുടെ
അവകാശങ്ങള്‍ക്കായി ഫ്രാന്‍സീസ് മാര്‍പാപ്പ വാദിക്കുന്നു. സ്വവര്‍ഗ രതികളുടെ
നീതിക്കായി പോരാടുന്ന എല്‍.ജി.ബി.റ്റി സംഘടനയെ പിന്താങ്ങുകയും ചെയ്യുന്നു.
കത്തോലിക്ക സ്കൂളുകളിലെ വേദപാഠം ക്ലാസിലും സ്വവര്‍ഗ രതികളുമായി
സഹവര്‍ത്തിത്വം പാടില്ലെന്നു പഠിപ്പിക്കാറുണ്ട്. സ്വവര്‍ഗ സമൂഹങ്ങള്‍
മാര്‍പാപ്പയുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കാറുമുണ്ട്. പേപ്പസിയുടെ
നിലവിലുള്ള നയങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു.
2015 ജൂലൈയില്‍ ബ്രസീലില്‍ നിന്നുള്ള മടക്കയാത്രയില്‍ സ്വവര്‍ഗ
രതിക്കാരെപ്പറ്റി മാര്‍പാപ്പ പറഞ്ഞു, 'ഒരാള്‍ സ്വവര്‍ഗാനുരാഗിയെങ്കില്‍
അയാള്‍ ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍ അവനില്‍ നന്മയുണ്ടെങ്കില് ഞാന്‍
ആര് അവനെ വിധിക്കാന്‍.'
ബെനഡിക്റ്റ് പതിനാറാമന്‍ സ്വവര്‍ഗ രതിലീലകള്‍ ചാവു
ദോഷമായി(Intrinsic sin) കരുതിയിരുന്നു. മാര്‍പാപ്പ, അനുകൂലമായ
അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ടെങ്കിലും വത്തിക്കാനില്‍ നിന്നുള്ള
അറിയിപ്പില്‍ സഭ സ്വവര്‍ഗരതികളെ അംഗീകരിക്കില്ലെന്നും പ്രസ്താവനകള്‍
നടത്തിയിരുന്നു. മറ്റുളളവരെ വിധിക്കാതെ എല്ലാ മനുഷ്യര്‍ക്കും സഭയില്‍
ആത്മീയതയ്ക്കായുള്ള അവസരങ്ങള്‍ നല്കണമെന്നുള്ളതാണ്, ഫ്രാന്‍സീസ്
മാര്‍പാപ്പാ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ പാസ്റ്ററല്‍ ശുശ്രുഷ
ലോകത്തിന്റെ നാനാതുറകളിലുള്ള ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
നല്ലവനായി, മാന്യനായി ജീവിക്കുന്ന നാസ്തികര്‍ക്കുപോലും
സ്വര്‍ഗ്ഗമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ക്രിസ്തു ബലിയര്‍പ്പിച്ചത്
കത്തോലിക്കരെ മാത്രം രക്ഷിക്കാനല്ല, എല്ലാവരും, ദൈവവിശ്വാസം ഉള്ളവരും
ഇല്ലാത്തവരും അതില്‍ ഉള്‍പ്പെടും.
ഫ്രാന്‍സീസ് മാര്‍പാപ്പ സഭയുടെ ചരിത്രത്തില്‍ പുരോഗമനപരമായ നിരവധി
മാറ്റങ്ങള്‍ വരുത്തിയെങ്കിലും ദൈവശാസ്ത്ര മേഖലയില്‍ കടുത്ത യാഥാസ്ഥിതികമായ
ചിന്തകളാണ് അദ്ദേഹത്തിനുള്ളത്. ഗര്‍ഭഛിദ്രം, സ്ത്രീ പൗരാഹിത്യം, വൈദിക
ബ്രഹ്മചര്യം, കൃത്രിമ ജനന നിയന്ത്രണം മുതലായ സഭയുടെ വിശ്വാസങ്ങളില്‍
അദ്ദേഹം തന്റെ മുന്‍ഗാമികളുടെ പാതകള്‍ തന്നെ പിന്തുടരുന്നു.
മാറ്റങ്ങള്‍ക്ക് കാര്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ല.
സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തിലും അവരോട് കരുണ കാണിച്ചെങ്കിലും
വത്തിക്കാന്റെ കീഴ്വഴക്കങ്ങള്‍ക്കെതിരായി അദ്ദേഹം യാതൊരു
പരിഷ്ക്കാരങ്ങള്‍ക്കും മുതിര്‍ന്നിട്ടില്ല. സ്വവര്‍ഗ രതികള്‍ സഭയുടെ
ദൃഷ്ടിയില് ഇന്നും കടുത്ത പാപമായി തന്നെ തുടരുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ലാറ്റിനമേരിക്കന്‍ നാടുകളില്‍
കടുത്ത വിമോചന ശാസ്ത്രം പ്രചരിച്ചിരുന്നു. ദൈവശാസ്ത്രത്തോടൊപ്പം
മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളും കൂട്ടിക്കുഴച്ചുള്ള വിഷയങ്ങള്‍ സഭയൊന്നാകെ
പ്രതിഫലിച്ചിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പ കര്‍ദ്ദിനാളായിരുന്ന
നാളുകളില്‍ മാര്‍ക്സിയന്‍ തത്ത്വങ്ങളും ദൈവശാസ്ത്രവുമായി കലര്‍ന്ന
തത്ത്വങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്നു. മാര്‍ക്സിയന്‍ ചിന്താഗതികളെ
എതിര്‍ത്തിരുന്ന മിലിറ്ററി ഏകാധിപത്യ ഭരണത്തെ അദ്ദേഹം പിന്താങ്ങിയിരുന്നു.
അനേക പുരോഹിതരും വിമോചന ദൈവശാസ്ത്രത്തെ അനുകൂലിച്ചു.
അവരെ ഇല്ലാതാക്കാന്‍,
കമ്മ്യുണിസത്തെ ചെറുക്കാന്‍ അന്നത്തെ മിലിട്ടറി ഭരണകൂടം കൊടും ക്രൂരതകളും
കാണിച്ചിട്ടുണ്ട്. പുതിയ ദൈവശാസ്ത്രത്തെ അനുകൂലിച്ച പുരോഹിതരെ
ജയിലിലുമടച്ചു. ചിലരെ വധിക്കുകയും ചെയ്തു. ഫ്രാന്‍സീസ് മാര്‍പാപ്പ
മിലിറ്ററി ഭരണകൂടത്തെ അനുകൂലിച്ചെങ്കിലും സാധാരണക്കാര്‍ക്ക് വേണ്ടിയും
ദരിദ്ര കോളനികളിലും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നു. എങ്കിലും അദ്ദേഹം
മിലിട്ടറി ഭരണത്തിന്റെ ക്രൂരതയില്‍ കണ്ടില്ലെന്നു ഭാവിച്ച് നിശ്ശബ്ദത
പാലിച്ചതിലും വിമര്‍ശനങ്ങളുണ്ട്.
ഒരു മാര്‍പാപ്പയുടെ ലളിതമായ ജീവിതം ഇത്രമാത്രം പ്രാധാന്യം കൊടുക്കണമോയെന്നു
തോന്നിപ്പോവും! ഭൂമുഖത്തെ ഏറ്റവും പ്രസിദ്ധനായ ഈ പാസ്റ്റര്‍ ഇങ്ങനെ ലളിത
ജീവിതം നയിക്കാന്‍ പ്രതീക്ഷിക്കണമോയെന്നും ചോദ്യം വരാം. സംഘിടിത
മതങ്ങളെല്ലാം 'അത് ചെയ്യണം, അത് ചെയ്യരുതെന്നുള്ള' തത്ത്വങ്ങളാണ്
എഴുതിയുണ്ടാക്കിയിരിക്കുന്നത്. അങ്ങനെയുള്ള നിയമങ്ങള്‍ മനുഷ്യരെ
യോജിപ്പിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനു കാരണമാകുന്നു. അവിടെയാണ്
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ലാളിത്വത്തിന്റെ മഹത്വം വെളിവാകുന്നത്.
മതത്തിന്റെ മൂല്യതയില്‍ വിലമതിക്കാനും ഗര്‍വ് കളഞ്ഞു വിനയശീലനാവാനും ഇത്
സഭയിലുള്ള അംഗങ്ങള്‍ക്കു പ്രചോദനമാകും. ദുഃഖിതരായവരെ സഹായിക്കുക,
നമുക്കെതിരായുള്ളവരെയും തുല്യമായി കരുതുക എന്നീ തത്ത്വങ്ങള്‍
പ്രാവര്‍ത്തികമാക്കാനും സഹായകമാകും. കത്തോലിക്ക ലോകം വിവാദ വിഷയങ്ങള്‍
കൊണ്ട് പരസ്പ്പരം വിഘടിച്ചു ജീവിക്കുന്നു. മതസ്വാതന്ത്ര്യം, മൂല കോശ ഗവേഷണം
(stem cell research) എന്നീ കാര്യങ്ങളില്‍ സഭയൊന്നാകെ അഭിപ്രായ
വിത്യാസങ്ങളിലാണ്. അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ
മാര്‍പാപ്പയ്ക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
Pope Francis is a smart politician. ഓടുന്ന പട്ടിക്കു മുന്‍പേ ഒരു മുഴം എറിയുന്ന തന്ത്രം. There is massive exodus from the Catholic church in many parts of the Globe. Many churches are closed or consolidated due to shortage of priests & faithful. Many real-estates are being sold to pay the lawsuits on sexual harassment & sodomy of the priests. If the pope remains as a radical conventional conservative, more will be abandoning the church. Personally, he may not be sincere or committed to what he is doing and the changes he says he will do. Yes, it is a smart political move.