'പഗാര്‍ പാഞ്ച് സൌ റുപ്പയാ പെര്‍ മഹിന ദൂംഗ മേം. സമച്ചാ?' ധശമ്പളം മാസം അഞ്ഞൂറ് രൂപ. മനസ്സിലായോ?പ
മാന്‍ചന്ദ കണ്ണട താഴ്ത്തി എന്നെ നോക്കി പറഞ്ഞു.
സമ്മതമാണെന്ന് ഹിന്ദിയില്‍ തലകുലുക്കി കാണിക്കാന്‍ അറിയാകയാല്‍ ഞാന്‍ മലയാളത്തില്‍ തലകുലുക്കി കാണിച്ചു. കൂട്ടത്തില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാകാതെ വരുമ്പോള്‍ മദ്രാസികള്‍ ചിരിച്ചു കാണിക്കുന്ന അര്‍ത്ഥമില്ലാത്ത ആ വളിച്ച ചിരിയും പാസ്സാക്കി!
മാസ്സ ശമ്പളം അഞ്ഞൂറ് രൂപ! തരക്കേടില്ല. എം. കോം കഴിഞ്ഞ് കറുകച്ചാല്‍ സന്തോഷ് കോളേജില്‍ പഠിപ്പിച്ചപ്പോള്‍ ഗോപിസാര്‍ തന്നത് വെറും ഇരുനൂറ്റന്‍പത് തൂമ്പ ആരുന്നു. ഇതിപ്പൊ നേരെ ഇരട്ടി. ജീവിതത്തില്‍ പുരോഗതി കാണുന്നുണ്ട്.
നാട്ടില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ എനിക്കാദ്യം ഒരു ജോലി തന്നത് സ്‌റ്റോക്ക് ബ്രോക്കറും ബംഗാളിയുമായ മാന്‍ചന്ദ ആയിരുന്നു. അയാളോട് എനിക്ക് വളരെ അധികം ബഹുമാനവും അതിനേക്കാള്‍ ഉപരി സ്‌നേഹവും ആരാധനയും ആയിരുന്നു.
കാരണം പലതാണ്. എനിക്ക് എം. കോം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ കണ്ണുമടച്ച് വിശ്വസിച്ച ആദ്യത്തെ അപരിചിതന്‍. ആ വാക്കിന്റെ ബലത്തില്‍ എനിക്കൊരു ജോലി വാഗ്ദാനം ചെയ്ത ആദ്യത്തെ നോര്‍ത്ത് ഇന്ത്യന്‍! ഹിന്ദി ഒരു തരി ബോല്‍ത്താന്‍ അറിയാത്ത എന്നെ കുറെ എങ്കിലും ഹിന്ദി വാക്കുകള്‍ പഠിപ്പിച്ച ഗുരു. സ്‌നേഹപൂര്‍വ്വം 'ലല്ലൂ' എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്...പക്ഷെ അതിന്റെ മീനിംഗ് മനസ്സിലാക്കിയപ്പോള്‍ എനിക്കത് ഫീല്‍ ചെയ്തു എങ്കിലും ഞാനത് പുറത്ത് പറഞ്ഞില്ല. വീട്ടില്‍ ചെന്ന് ചേട്ടന്റെ ഭാര്യയോട് പറഞ്ഞപ്പോള്‍ അവരാണ് അര്‍ത്ഥം മനസ്സിലാക്കി തന്നത്.
ജോലിക്ക് കയറിയ ദിവസ്സം രാവിലെ ഗണപതിക്ക് തേങ്ങാ ഉടക്കാഞ്ഞതിനാല്‍ ആവണം ഏറ്റെടുത്ത ജോലി അത്ര നീറ്റായി പോയില്ല. പുസ്തകത്താളുകളില്‍ ഞാന്‍ പഠിച്ച അക്കൗണ്ടിംഗ് അല്ല ശരിക്കും അക്കൗണ്ടിംഗ് എന്ന് തിരിച്ചറിഞ്ഞ നാളുകള്‍ ആയിരുന്നു അത്.
ഡെബിറ്റും ക്രെഡിറ്റും തെറ്റായി എഴുതിയപ്പോള്‍ ബാലന്‍സ് ഷീറ്റ് ബാലന്‍സ് ആയില്ല. അതിനാല്‍ തെറ്റായി എഴുതിയ ഡെബിറ്റുകള്‍ ഞാന്‍ വലിച്ചുകീറി വേസ്റ്റ് ബാസ്‌ക്കറ്റില്‍ ഇട്ടു. ബംഗാളിയായ അയാളുടെ സെക്രട്ടറി അവര്‍തി അത് മാന്‍ചന്ദയുടെ അടുത്ത് പോയി പറയുന്നിടം വരെ ഞാന്‍ സുരക്ഷിതന്‍ ആയിരുന്നു. പക്ഷെ അതോടെ എല്ലാം തീര്‍ന്നു. എന്നെ ശത്രുതാ മനോഭാവത്തോടെ അവള്‍ കാണാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാന്‍ അവളെ വിളിച്ചത് 'അവരാതി' എന്നായിരുന്നു.
രണ്ടാഴ്ച്ച അങ്ങനെ താളുകള്‍ കീറിയും അവര്‍തിയുടെ വായില്‍ നോക്കിയും കടന്നുപോയി.
ഒരു ദിവസം അപ്രതീക്ഷിതമായി മാന്‍ചന്ദ എന്നെ അയാളുടെ ഓഫീസിലേക്ക് വിളിച്ച് ഇരുനൂറ്റിയന്‍പത് രൂപ കൈയില്‍ വച്ചു തന്നു...എന്നിട്ട് പറഞ്ഞു
'അച്ചാ ഭായ്, ചലേ ജാവോ'.
ഇതെന്താ ഇങ്ങനെ...മാസ്സത്തില്‍ ഒരിക്കല്‍ അല്ലെ ശമ്പളം. ഇതിപ്പൊ ഞാന്‍ ജോലിക്ക് കേറീട്ട് രണ്ടാഴ്ച്ച പോലും തികഞ്ഞില്ലല്ലോ.
എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നന്ദിപുരസ്സരം ആ പൈസയും മേടിച്ച് ശമ്പള ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് നമസ്‌കരിച്ച് വീണ്ടും കസ്സേരയില്‍ പോയിരുന്നു.
അവര്‍തി എന്നെ തുറിച്ചു നോക്കി. അസാധാരണമായ ഒരു പരിഹാസം അവളുടെ കണ്ണുകളില്‍ ഞാന്‍ കണ്ടു.
എന്തോ പിറുപിറുത്ത് കൊണ്ട് അവള്‍ മാന്‍ചന്ദയുടെ മുറീലോട്ട് പോയി അയാളോട് എന്തോ പറഞ്ഞ് ഉടനെ തിരികെ വന്നു. എന്നിട്ട് വീണ്ടും എന്റെ നേരെ രൂക്ഷമായ് നോക്കി.
നിമിഷങ്ങള്‍ക്കകം മാന്‍ചന്ദ മുറിയില്‍ നിന്നും പുറത്ത് വന്നു. എന്നിട്ട് എന്റെ നേരെ നോക്കി പറഞ്ഞു
'ലല്ലൂ, പ്ലീസ് ലീവ്. യുവര്‍ ജോബ് ഈസ് ഓവര്‍!'
ഇംഗ്ലീഷില്‍ പറഞ്ഞപ്പോള്‍ എനിക്ക് വിവരം ഏകദേശം വ്യക്തമായി.
ഞാന്‍ ശരിക്കും ഞെട്ടിപ്പോയി.
മാന്‍ചന്ദ എന്നെ പിരിച്ചു വിടുകയാണ്. നാട്ടില്‍ ആരുന്നെകില്‍ യൂണിയന്‍ നേതാക്കളെ കണ്ട് മാന്‍ചന്ദയെ സ്വാധീനിക്കാരുന്നു. ഇല്ലേല്‍ വിരട്ടാരുന്നു. ഇരുട്ടടി അടിക്കാരുന്നു. അയാളുടെ കാറിന്റെ ടയറിലെ കാറ്റ് അഴിച്ചു വിടാരുന്നു. ഓഫീസ് കത്തിക്കാരുന്നു.
ഇതിപ്പൊ വടക്കേന്ത്യ ആയിപ്പോയി.
ഒരു പരാജിതനെപ്പോലെ ഞാന്‍ തറയില്‍ നോക്കി നോക്കി 'ട്ട' വരച്ചു. അവര്‍തിക്ക് ഇപ്പൊ ആശ്വാസ്സവും സന്തോഷവും ആയിക്കാണും. ജോലി പോയതിനേക്കാള്‍ എന്നെ വേദനിപ്പിച്ചത് എന്റെ വീഴ്ച്ചയില്‍ അവള്‍ ആഹ്ലാദം കണ്ടെത്തിയതിലാണ്.
പിന്നെ ഞാന്‍ അവിടെ നിന്നില്ല. ഗുരുവിന്റെ ഖബറില്‍ ഒരുപിടി പച്ചമണ്ണ്! വാരിയിട്ടിട്ട് അടുത്ത വണ്ടി പിടിച്ച് വീട്ടിലെത്തി.
*
പതിവിലും നേരത്തെ വീട്ടിലെത്തിയപ്പോള്‍ ചേട്ടനും ചേടത്തിയമ്മയും കാര്യം തിരക്കി. എന്നെ പിരിച്ചുവിടാനുള്ള സാഹചര്യം എനിക്കപ്പഴും വ്യക്തം അല്ലാത്തതിനാല്‍ ഞാന്‍ വിശദമായി ഒന്നും പറഞ്ഞില്ല പക്ഷെ ഓഫീസ്സിലെ സാഹചര്യങ്ങള്‍ വിവരിച്ചതില്‍ നിന്നും അവര്‍ എല്ലാം ഗ്രഹിച്ചു കാണും എന്ന് വേണം മനസ്സിലാക്കാന്‍.
അങ്ങനെ ജോലിയില്ലാതെ തേരാപാര നടക്കുമ്പോഴാണ് കസിന്‍ സാലസ് ഐ. സി. എ. ഐക്ക് ചേരുന്നതിനെ പറ്റി അഭിപ്രായപ്പെട്ടത്. നാട്ടീന്ന്! എം.കോം പാസ്സായ എനിക്ക് നല്ല സ്‌കോപ്പുള്ള മേഖല. പഠിച്ചു വലിയവനായാല്‍ കിട്ടാവുന്ന ജോലിയുടെയും ശമ്പളത്തിന്റെയും പദവിയുടെയും കണക്കുകള്‍ ഒന്നൊന്നായി സാലസ് മുന്നില്‍ നിരത്തിയപ്പോള്‍ എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.
ആദ്യം ഇന്റര്‍ പാസ്സാവണം. പിന്നെ അഡ്വാന്‍സ്ഡ്. ഇന്റര്‍ പാസ്സായാല്‍ ജോലിക്ക് അപ്ലൈ ചെയ്തു തുടങ്ങാം. ജോലിക്ക് അപേക്ഷിക്കുമ്പോള്‍ നെഞ്ചു വിരിച്ചു പറയുകേം ചെയ്യാം 'ഇന്റര്‍' ചെയ്യുന്നു അല്ലെങ്കില്‍ 'ഇന്റര്‍' കഴിഞ്ഞു എന്ന്!.
സ്ത്രീധനം കിട്ടിയ തുകയില്‍ കല്യാണ ചിലവും കഴിഞ്ഞു ബാക്കിയുണ്ട്. എന്നാ പിന്നെ അതാവട്ടെ അടുത്ത സംരംഭം!
രജിസ്റ്റര്‍ ചെയ്തു, കോഴ്‌സ് തുടങ്ങി, പരീക്ഷണങ്ങള്‍ ഓരോന്ന്! ഓരോന്നായി വന്ന് തുടങ്ങി. ചിലത് ജയിച്ചു, മറ്റ് ചിലത് എട്ടുനിലയില്‍ പൊട്ടി.
കൈയില്‍ ഇരുന്ന പൈസ മിക്കാവാറും തീര്‍ന്നു. പണി ഒന്നും ആയിട്ടില്ല. വാടക കൊടുക്കണം, ഭാര്യക്ക് ചിലവിന് കൊടുക്കണം. പോരാഞ്ഞ് അവള്‍ ഗര്‍ഭിണിയും!
ഒരു ജോലി കണ്ടുപിടിക്കണം. ജോലി ചെയ്‌തോണ്ട് പഠിക്കാല്ലോ.
ഹിന്ദുസ്ഥാന്‍ ടൈംസ് ആയിരുന്നു അന്നൊക്കെ എന്റെ ഇഷ്ട്ടപ്പെട്ട പത്രം. ക്ലാസ്സിഫൈഡ് ദിവസ്സവും നോക്കി യോഗ്യത ഉണ്ടെന്ന്! തോന്നിയ എല്ലാത്തിനും കടലാസ്സില്‍ എഴുതിയ അപേക്ഷ അയച്ചു. ഇന്നത്തെപോലെ ഓണ്‍ലൈന്‍ അപ്ലിക്കേഷന്‍ അല്ല. ഓരോന്നും കുത്തിയിരുന്ന്! കൈകൊണ്ട് എഴുതണം.
ഒടുവില്‍ എനിക്കും കിട്ടി ഒരു ഇന്റര്‍വ്യൂ കാള്‍.
*
ഇന്റര്‍വ്യൂ ബോര്‍ഡില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ ആകെ അഞ്ചുപേര്‍. കൂട്ടത്തില്‍ നമ്മുടെ ആള്‍ എന്ന് തോന്നിക്കുന്ന ഒരാള്‍. മലയാളി ആവാം, അല്ലെങ്കില്‍ തമിഴന്‍.
രണ്ടായാലും പാര ആവും കാരണം ലോക ചരിത്രം എടുത്ത് നോക്കിയാല്‍ മലയാളികള്‍ മറ്റ് മലയാളികളെ പാര വച്ച അത്രയും പാര ഹിറ്റ്‌ലര്‍ പോലും യഹൂദര്‍ക്കിട്ട് വച്ചിട്ടുണ്ടാവില്ല.
പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞപ്പോള്‍ ചോദ്യം ഓരോന്നായി വന്ന് തുടങ്ങി.
'നാടെവിടെ?'
'ആരാ അപ്പന്‍'
'അപ്പന്‍ എന്ത് ചെയ്യുന്നു'
'എന്നാണ് ജനിച്ചത്'
'എന്തിനാണ് ജനിച്ചത്'
'വിവാഹിതന്‍ ആണോ?'
'എന്താ ജാതി'
എന്നിങ്ങനെ മര്‍മ്മപ്രധാനങ്ങളായ കുറെ കൂതറ ചോദ്യങ്ങള്‍!
അതിനിടെ കൂടെ ഉണ്ടായിരുന്ന സര്‍ദാര്‍ജി എന്റെ ബയോഡേറ്റ വായിച്ചിട്ട് ചോദിച്ചു
'ആര്‍ യു സ്റ്റഡിയിംഗ് നൌ?'
അഭിമാനപൂര്‍വ്വം ഞാന്‍ പറഞ്ഞു
'യേസ്, ഐ. സി. എ. ഐ'
'ഐ ആം ഡൂയിംഗ് ദി ഇന്റര്‍കോഴ്‌സ് നൌ'
അത് ഞാന്‍ പറഞ്ഞതും ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്ന അഞ്ചു പേരും നിശബ്ദരായി.
അവര്‍ പരസ്പരം നോക്കി. മദ്രാസ്സിയുടെ മുഖത്തൊരു ചമ്മല്‍! സര്‍ദാര്‍ജി ഒന്നിളകിയിരുന്നു. കൂട്ടത്തില്‍ പ്രായമുള്ള ആള്‍ ചുണ്ടില്‍ ഒരു പുഞ്ചിരിയുമായി എന്റെ അപ്ലിക്കേഷനില്‍ നോക്കി ഇരുന്നു. സ്ത്രീകള്‍ വായ് പൊത്തി ചിരിച്ചു
ഒടുവില്‍ സര്‍ദാര്‍ജി മൌനം ഭജിച്ചു
['ക്യാ ബോലാ ആപ്പ്‌നെ? വാട്ട് യു മീന്‍?' എന്താണ് താങ്കള്‍ പറഞ്ഞത്?]
'ഐ മീന്‍ ഐ ആം ഫിനിഷിംഗ് മൈ ഇന്റര്‍...കോ' പെട്ടെന്ന്! ഞാന്‍ നിറുത്തി.
ഞാന്‍ പറഞ്ഞ മണ്ടത്തരം എനിക്ക് തന്നെ മനസ്സിലായത് അപ്പോഴാണ്.
ശുദ്ധ അശ്ലീലം! അതും പ്രായമായവരുടെയും സ്ത്രീകളുടെയും മുന്‍പില്‍!
ഈ ഇന്റര്‍വ്യൂ വെടി തീര്‍ന്നു. പൊട്ടി പാളീഷായി. എന്ത് പറഞ്ഞിട്ടും ഇനി കാര്യമില്ല. ഇനിയിപ്പൊ അവരെന്നെ എപ്പൊ ഗെറ്റ് ഔട്ട് അടിക്കുന്നു എന്ന് നോക്കിയാ മതി.
എന്താണ് ചെയ്യേണ്ടത്. മനസ്സില്‍ ഉദേശിച്ചത് അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ഇമ്മാതിരി അസ്സഭ്യം പരസ്യമായി വിളമ്പുന്നവര്‍ക്ക് ജോലി കിട്ടുമോ?
ഞാന്‍ ആകപ്പാടെ ഇരുന്ന്! വിയര്‍ത്തു.
ആരും ഒന്നും മിണ്ടുന്നില്ല. സര്‍ദ്ദാര്‍ജിയുടെ ചുണ്ടില്‍ ഒരു പരിഹാസ പുഞ്ചിരി. മദ്രാസ്സി ആണെകില്‍ അടിയേറ്റ പാമ്പ് പോലെ. കാരണം അയാളുടെ അഭിമാനം പോയില്ലേ!
ഒടുവില്‍ ഞാന്‍ തന്നെ മൌനം ഭേദിച്ചു. ആവശ്യം എന്റെ അല്ലെ.
'സര്‍, ഐ ആം സോറി...ഐ മീന്‍ ഐം ആം ഫിനിഷിംഗ് അപ്പ് ദി ഇന്റര്‍മീഡിയേറ്റ് ഓഫ് ഐ. സി. എ. ഐ '
ധസാറന്മാരെ ക്ഷമിക്കണം, ഐ. സി. എ. ഐ യുടെ ഇന്റര്‍മീഡിയേറ്റ് കോഴ്‌സ് ചെയ്യുന്നു എന്നാണ് ഞാന്‍ ഉദേശിച്ചത്പ
ഞാന്‍ പറഞ്ഞത് മനസ്സിലാക്കി എടുക്കാന്‍ അവര്‍ പത്ത് സെക്കണ്ട് എടുത്തു.
പിന്നെ അവിടെ ആകെ ഒരു പൊട്ടിച്ചിരി ആയിരുന്നു. ആദ്യമൊക്കെ ബലം പിടിച്ചിരുന്ന ഞാനും പുറകെ ചിരിച്ചു.
'സര്‍, ഐ ആം സോറി...ഐ മീന്‍ ഐം ആം ഫിനിഷിംഗ് അപ്പ് ദി ഇന്റര്‍മീഡിയേറ്റ് ഓഫ് ഐ. സി. എ. ഐ '
ധസാറന്മാരെ ക്ഷമിക്കണം, ഐ. സി. എ. ഐ യുടെ ഇന്റര്‍മീഡിയേറ്റ് കോഴ്‌സ് ചെയ്യുന്നു എന്നാണ് ഞാന്‍ ഉദേശിച്ചത്
ഞാന്‍ പറഞ്ഞത് മനസ്സിലാക്കി എടുക്കാന്‍ അവര്‍ പത്ത് സെക്കണ്ട് എടുത്തു.
പിന്നെ അവിടെ ആകെ ഒരു പൊട്ടിച്ചിരി ആയിരുന്നു. ആദ്യമൊക്കെ ബലം പിടിച്ചിരുന്ന ഞാനും പുറകെ ചിരിച്ചു.