ഇത് പണ്ട് നടന്ന ഒരു സംഭവം ആണ്. പണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ കരുതരുത് പണ്ട് പണ്ട്......പണ്ട് നടന്നതാണെന്ന്. ഏകദേശം 10 20 വര്‍ഷം മുന്‍പ് നടന്നത് എന്ന് കരുതിയാല്‍ മതി. ഇത് ഒരു സംഭവം ആണോ എന്ന് ചോദിച്ചാല്‍ ...... അത് നിങ്ങള്‍ വായനക്കാര്‍ക്ക് വിടുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ 10 കഴിഞ്ഞ് തുടര്‍ന്നും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കേണ്ട കാലം അല്ല. കോളേജിനോട് ചേര്‍ന്ന് പ്രീഡിഗ്രി ഉള്ള സമയം. ഹൈസ്‌കൂള്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാവരും കുമാരന്‍മാരും കുമാരികളും ആകുന്ന കാലം. ഏതോ ഒരു സിനിമയില്‍ പറയുന്നതുപോലെ 'പ്രീഡിഗ്രി അത്ര മോശം ഡിഗ്രി ഒന്നും അല്ല ' എന്ന് വിശ്വസിച്ചിരുന്നവര്‍ ഉള്ള കാലം.
സ്‌കൂളിന്റെ കെട്ടുപാടുകളില്‍ നിന്നും അദ്യാപകരുടെ ശിക്ഷണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടി ഒറ്റ ബുക്കും പേനയുമായി ബസ്സിന്റെ ഫുഡ്‌ബോഡിലും, ലാഡറിലും തൂങ്ങി നിന്ന് യാത്ര ചെയ്യാന്‍ അനുവാദം കിട്ടുന്ന കാലം. സ്‌കൂളിലെ സ്‌കൗട്ടില്‍ നിന്നും ,എന്‍ സി സി യിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതും, എസ് ഫ് ഐ, കെ സ് യു, എ ബി വി പി, തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്താനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനും, സമരം ചെയ്ത് പരസ്പരം തല്ലിയും കോളേജ് ബസ്സും, കെ സ് ആര്‍ ടി സി യും തല്ലിതകര്‍ത്ത് വീര്യം കാണിക്കാനും ചോര തിളക്കുന്ന സമയം.
ഇത് മാത്രമല്ല കേട്ടോ ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് പ്രേമമെന്ന വികാരം തളിരിടുന്ന സമയവും കൂടിയാണത്. പെണ്‍കുട്ടികള്‍/ആണ്‍കുട്ടികള്‍ സുഹൃത്തുക്കളായി ഉണ്ടെങ്കില്‍ പോലും ഒരു പ്രത്യേക ഇഷ്ടവും താല്‍പര്യവും ഏതെങ്കിലും ഒരാളോട് കൂടുതലായി ഉണ്ടാവുകയും ആ ആളെ കാണാന്‍ വേണ്ടി മാത്രമായി പഠിക്കാനെന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവരും ഉള്ള കാലം. (നമ്മുടെ ഇന്നത്തെ കാലത്ത് കോളേജ് വിദ്യാഭ്യാസം വരെയൊന്നും പോകണ്ട പ്രേമിക്കാന്‍.) ആ അതു പോട്ടെ അതല്ലല്ലോ നമ്മള്‍ പറഞ്ഞ് വന്നത്.
നമ്മുടെ നാട്ടിലെ ചുരുക്കം ചില കോളേജുകള്‍ ഒഴിച്ചാല്‍ 7080%കോളെജുകളും ഏതെങ്കിലുമൊക്കെ കുന്നിന്റെ മുകളില്‍ ആയിരിക്കും. രാവിലെ ബസ്സിറങ്ങി കുന്നുകയറി വേണം കോളെജില്‍ എത്താന്‍. ഞങ്ങളുടെ കോളെജിന് താഴെ ഒരു അച്ചായന്റെ ബേക്കറി ഉണ്ടായിരുന്നു. വായില്‍ കൊതിയൂറും വിഭവങ്ങള്‍ ചില്ലുകൂട്ടിലും അലമാരയിലുമൊക്കെ ആയി നിരത്തി വെച്ചിരിക്കും. കൂടാതെ അവിടെയുള്ള മേശപ്പുറത്ത് 200 പേജിന്റെ വരയിട്ട ഒരു ബുക്കും. പിള്ളേരുടെ പറ്റ്പടി എഴുതുന്നത് അതിനകത്താണ്. ചില വിരുതന്‍മാര്‍ മുങ്ങി നടക്കും, പക്ഷേ അച്ചായന്റെ കണ്ണ് വെട്ടിച്ച് ബസ്സിറങ്ങി മല കയറാം എന്ന് കരുതേണ്ട, പുളളിക്കാരന്‍ ഓടിച്ചിട്ട് പിടിച്ചിരിക്കും. ഇങ്ങനെ ഒക്കെ ആണെങ്കിലും കോളേജ് ബസില്‍ ചേട്ടായിമാരൊത്തുള്ള യാത്ര ഇപ്പോഴും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.
വൈകുന്നേരത്തെ തിരിച്ചുള്ള യാത്രയാണ് രസം പകരുന്നത്. പകല്‍ മുഴുവന്‍ പ്രഫസര്‍മാരുടെ ക്ലാസും ബോറന്‍ ലാബും കഴിഞ്ഞ് തളര്‍ന്ന് കോളേജ് ബസില്‍ കയറുംബേള്‍ ഏറ്റവും പുറകിലുള്ള മൂന്ന്, നാല് സീറ്റുകള്‍ ഞങ്ങള്‍ കൈയ്യടക്കും പിന്നീട് ഉച്ചത്തിലുള്ള പാട്ടും ബഹളവും തന്നെ.പണ്ടൊക്കെ നെല്ല് കൊയ്യുംമ്പോളും കറ്റ കെട്ടുംമ്പോഴുമൊക്കെ കര്‍ഷകര്‍ പാടുന്ന പാട്ടിന് സാമ്യമായി വരും.'താനാരോ തന്നാരോ' പാട്ടും കൊടുങ്ങല്ലൂരെ ഭരണിപ്പാട്ടുകളും ആദ്യമായി പരിചയപ്പെടുന്നത് ഈ യാത്രകളില്‍ ആയിരുന്നു. മറിച്ച് ചൊല്ലല്‍ എന്നൊരു കലാരൂപവും പരിചയപ്പെടുന്നതും ഇവിടുന്ന് തന്നെ.
നമ്മള്‍ പറഞ്ഞ് വന്ന വിഷയത്തില്‍ നിന്നും മാറിപ്പോകുന്നോ എന്ന് ഒരു സംശയം. അല്ല അത് അങ്ങനെയാണ് പഴയ കാല ഓര്‍മ്മകളിലേയ്ക്ക് കൂപ്പുകുത്തുംമ്പോള്‍ സംഭവിക്കുന്ന ഒരു ചെറിയ പ്രശ്‌നം... തിരിച്ച് വിഷയത്തിലേയ്ക്ക് വരാം.അക്കാലത്ത് പ്രേമിക്കാന്‍ മാത്രമായും, രാഷ്ട്രീയം കളിക്കാന്‍ മാത്രമായും, പിന്നെ പഠിക്കാന്‍ മാത്രമായും കോളേജിലേയ്ക്ക് വരുന്ന കൗമാരക്കാര്‍; ഇനിയും ചില കൂട്ടര്‍ സിനിമ കാണാന്‍ വേണ്ടി മാത്രമായി കോളേജിലേയ്ക്ക് എന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നവര്‍, സിനിമയ്ക്കുള്ള കാശ് തികഞ്ഞില്ലെങ്കില്‍ അതിന് വേണ്ടി ബക്കറ്റ് പിരിവ് വരെനടത്തും.
1 ഒരിക്കല്‍ മോഹന്‍ലാലിന്റെയോ മറ്റോ ഒരു സിനിമ റിലീസ് ചെയ്യുന്ന ദിവസം, എന്തുകൊണ്ടോ റിലീസ് ദിവസം സിനിമകാണാന്‍ സാധിച്ചില്ല. പിറ്റേ ആഴ്ച്ച 3 ദിവസത്തേയ്ക്ക് കോളേജ് അവധിയും, കൂട്ടുകാര്‍ എല്ലാം ചേര്‍ന്ന് സിനിമയ്ക്ക് പോകാന്‍ പദ്ധതി തയ്യാറാക്കി.3 നോയമ്പ് പ്രമാണിച്ചായിരുന്നു കോളേജിന് അവധി; അത് മന:സിലാക്കാതെ വീട്ടില്‍ 'ക്ലാസ്' ഉണ്ടെന്ന് പറഞ്ഞ് നേരെ സിനിമയ്ക്ക് വിട്ടു. കൂട്ടുകാരൊത്ത് ആര്‍ത്തുല്ലസിച്ച് സിനിമ ടിക്കറ്റിന് വരിവരിയായി നില്‍ക്കുംബോള്‍ ആള്‍ക്കൂട്ടത്തില്‍ നല്ല പരിചയമുള്ള ഒരു മുഖം.
ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ പിറകെ എന്റെ കൂടെ പഠിക്കുന്ന ചില പഠിപ്പിസ്റ്റുകളെ വിളിച്ച് ക്ലാസ് ഇല്ലെന്ന് ഉറപ്പ് വരുത്തി എന്റെ കള്ളത്തരം കൈയ്യോടെ പൊക്കാന്‍ വന്ന എന്റെ സ്വന്തം അപ്പനായിരുന്നു അത്. അപ്പനെന്നെ കണ്ടോ എന്നൊന്നും ഉറപ്പ് വരുത്താന്‍ നില്‍ക്കാതെ തീയറ്ററില്‍ നിന്നും ഇറങ്ങി ഓടി. ഒരു വിധത്തില്‍ ബസ് പിടിച്ച് വീട്ടില്‍ എത്തി ഒന്നും സംഭവിക്കാത്തവനെപ്പോലെ ഭക്ഷണം കഴിച്ച് അപ്പന്റെ വരവും പ്രതീക്ഷിച്ച് ഇരുന്നു.
അപ്പന്‍ എന്നെ കാണാഞ്ഞിട്ട് സിനിമയ്ക്ക് കയറിയതോ അല്ലെങ്കില്‍ അടുത്തുള്ള ബാറില്‍ നാരങ്ങാവെള്ളം കുടിക്കാന്‍ കേറിയതോ എന്താണെന്ന് അറിയില്ല വീട്ടില്‍ എത്താന്‍ താമസിച്ചു.
അപ്പന്റെ വരവ് താമസിക്കുംതോറും എന്റെ ഉള്ളില്‍ പെരുംമ്പറ മുഴങ്ങിക്കൊണ്ടെ ഇരുന്നു. എന്തും സംഭവിക്കാം.വടിക്കണോ അതോ ബെല്‍റ്റിനാണോ അടി വീഴുന്നത് എന്ന് ഇനി അറിഞ്ഞാല്‍ മതി. അന്നൊക്കെ സിനിമയ്ക്ക് പോവുക എന്ന് പറയുന്നത് ഞങ്ങള്‍ ഗ്രാമങ്ങളില്‍ പാര്‍ക്കുന്നവര്‍ക്ക് കൊടിയ പാപങ്ങളുടെ ഗണത്തില്‍ പെടുന്ന കാര്യങ്ങള്‍ ആണ്. കാത്തിരിപ്പിന് വിരാമമിട്ട് അപ്പന്‍ കയറി വന്നു. ബാറില്‍ കയറി നാരങ്ങാ വെള്ളം വല്ലതും കുടിച്ചിട്ടുണ്ടോ! അറിയില്ല. വീടിന്റെ പുറക് വശത്ത് എരുത്തിലിനോട് ചേര്‍ന്ന് അപ്പന്റെ വിളിക്കായി പേടിച്ച് വിറച്ച്‌നിന്നു. അകത്ത് അമ്മയും അപ്പനും എന്തൊക്കെയോ സംസാരിക്കുന്നു. ഒന്നും വ്യക്തമല്ല.പുന്നാര അനിയന്‍മാരെ ചാരന്‍മാരായി അയച്ചു. അവര് അവിടൊക്കെ കറങ്ങി തിരിഞ്ഞ് എത്തി.അച്ചാച്ചാ അടി മേടിക്കാന്‍ പുറകുവശം റെഡിയാക്കി വെച്ചോളു എന്ന് ഉപദേശിച്ച് കളിക്കാനായി ഓടി.
ആകെ ഒരാശ്വാസം അമ്മയാണ്. മൂത്ത മകന്‍ എന്നൊരു പരിഗണനയും സ്‌നേഹവും എന്നും തന്നിരുന്നു. തലയ്ക്ക് കൈയ്യും കൊടുത്ത് ഇനി എന്ത് ചെയ്യും എന്നോര്‍ത്ത് ഇരിക്കുംമ്പോള്‍ പുറകിലൊരു കാല്‍പ്പെരുമാറ്റം. ഇപ്പോ അടി വീഴും എന്ന പ്രതീക്ഷയില്‍ പുറകോട്ട് നോക്കാന്‍ പോലും കെല്‍പ്പില്ലാതെ ഇരിക്കുംബോള്‍ സ്‌നേഹത്തോടെ അമ്മയുടെ കരതലം തോളില്‍ പതിഞ്ഞു. അതുവരെ ഹൃദയത്തില്‍ കൊണ്ടു നടന്ന ഭയവും, സങ്കടവും ദൂരെ ഒഴിഞ്ഞു. സ്‌നേഹത്തോടെ നിറുകയില്‍ തടവി അമ്മ പറഞ്ഞു ' എടാ മോനെ മൂന്നു നൊയമ്പിന് കോളേജില്‍ ക്ലാസ് ഇല്ലെന്ന് ഉള്ള കാര്യം ഞങ്ങള്‍ക്ക് അറിയില്ല എന്ന് കരുതിയോ' അമ്മയോട് എന്ത് പറയാന്‍ പറ്റിപ്പോയി. അപ്പന്‍ എന്നെ തപ്പി നടന്ന ക്ഷീണം കൊണ്ടാ അതോ ബാറില്‍ കയറി നാരങ്ങാ വെള്ളം കുടിച്ചതിന്റെ ഹാംഗ്ഓവര്‍ കൊണ്ടോ അധികം സംസാരിക്കാന്‍ നില്‍ക്കാതെ നേരെ ബെഡ് റൂമിലേയ്ക്ക് കയറി
ഇപ്പോള്‍ എന്റെ കുട്ടികളുമായി തീയറ്ററില്‍ സിനിമയ്ക്ക് പോകുംപോള്‍ എന്തിനെന്നറിയാതെ ഈ കാര്യങ്ങള്‍ മറവിയുടെ മൂടുപടം നീക്കി ഉള്ളിലേയ്ക്ക് എത്തി നോക്കും..... ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല എന്ന് എന്നെ വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ വേണ്ടിയാകാം.....
റോബിന്‍ കൈതപ്പറമ്പ്: ...
സെന്റി അടിക്കണം.