(കണ്ണൂര്‍ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതിയ കവിത)
"അടിക്കുവിന്‍ നിങ്ങള്‍, ചെന്നവന്റെ തലയുമറുക്കുക
അരിഞ്ഞു കീറുക ഞരമ്പുകള്‍, ഒഴുകട്ടെ നിണച്ചാലുകള്‍
അറിയട്ടെ ജനം, ചുറ്റികയരിവാളിന്‍ ശക്തിയത്രയും"
അടിമയാമനുയായിയതു കേള്‍ക്കുമ്പോളോര്‍ക്കുന്നതെന്തായിരിക്കും?
"വടിവാളുകളേന്തുവിന്‍, ഒപ്പമീ വെട്ടുകത്തിയും
വൈരികളെയൊറ്റതിരിച്ചു നിങ്ങളരിഞ്ഞു വീഴ്ത്തുവിന്‍
വെറും ഖദര്ധാരികളല്ലഹിംസാവാദികളുമല്ല നമ്മളിനി"
വീറോടെയതു കേള്‍ക്കുമ്പോളവരോര്‍ക്കുന്നതെന്തായിരിക്കും?
"കരിച്ചിലുകളൊരിക്കലും തളര്‍ത്തരുത് നിങ്ങളെ
കരങ്ങള്‍ വെട്ടിയെടുത്തവിടെ നാട്ടുക കാവിക്കൊടി
കരുത്തരാണ് നാം, ദില്ലിയിലുണ്ട് നമുക്ക് പിടി"
കരുണയില്ലാതതു കേള്‍ക്കുമ്പോളവനോര്‍ത്തതെന്തായിരിക്കും?
ചിരിച്ചും കളിച്ചുമുല്ലസിക്കേണ്ട നിറയൗവ്വനം
ചുടുചോര വീഴ്ത്തിയും ചുടലപ്പറമ്പുകളൊരുക്കിയും
ചതിയരാം നേതാക്കള്‍തന്‍ ചാവേറുകളായ്യിവിധം
ചിതയിലെരിയുമ്പോളവരുടെ അമ്മയോര്‍ക്കുന്നതെന്തായിരിക്കും?