രാവിലെ തൊട്ട് പാതിരാത്രി വരെ വാട്‌സ്
ആപ്പില്‍ തൂങ്ങിക്കിടന്നാടുന്ന ചിലരെ നമ്മുടെ ചുറ്റുപാടു നിന്നും
വളരെയെളുപ്പം കണ്ടെത്താന്‍ കഴിയും. അവര്‍ക്ക് എപ്പോഴും ഫോണില്‍ ഇങ്ങനെ
നോക്കിയിരിക്കാനെ സമയമുള്ളോ എന്നു തോന്നിയിട്ടുണ്ട്. വാട്‌സ് ആപ്പിലെ
സന്ദേശങ്ങള്‍ അപ്പപ്പോള്‍ വായിക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. അതങ്ങനെ
തന്നെ മറ്റുള്ളവര്‍ക്കു ഫോര്‍വേഡ് ചെയ്യുകയും ചെയ്യും. മറ്റുള്ളവര്‍ക്ക്
ആരെങ്കിലും സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്തു കൊടുക്കുന്നതിനു മുന്നേ തന്നെ,
തന്റെ ഫോര്‍വേഡ് മെസേജ് ആദ്യം വായിക്കണമെന്നും അങ്ങനെ അവരുടെ മുന്നില്‍
താനൊരു ഹീറോ ആകുമെന്നുമൊക്കെയാവാം ഇവരുടെ വിചാരം. അല്ലെങ്കില്‍ പിന്നെ
ഇങ്ങനെ ചൂടാറുന്നതിനു മുന്നേ ഫോണിലെ കോണ്‍ടാക്ടില്‍ കിടക്കുന്ന മുഴുവന്‍
പേര്‍ക്കും സന്ദേശങ്ങള്‍ തൂത്തു വാരി അയയ്‌ക്കേണ്ടതുണ്ടോ? ഇത്തരത്തില്‍
രണ്ടു പേര്‍ നമ്മുക്കിടയിലുണ്ടായാല്‍ മതി. പിന്നെ ഫോണിലെ ഇത്തരം ഫോര്‍വേഡ്
സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ മാത്രം കൂലിക്ക് ആളെ ഇരുത്തേണ്ട
ഗതികേടാവും ഉണ്ടാവുക.
ഇത്തരക്കാര്‍ക്ക് ശരിക്കും "ടെക്ക് മാനിയാക്ക്' ആണെന്നു പറയേണ്ടി വരും.
ഇങ്ങനെയുള്ളവരെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. അവര്‍ക്ക് അടിയന്തരമായി
കൗണ്‍സിലിങ്ങ് നല്‍കണം. അവരെ ചികിത്സിച്ചില്ലെങ്കില്‍ അവര്‍ വല്ല മാനസിക
രോഗത്തിനും അടിപ്പെടുമെന്നുറപ്പാണ്. (ഇതു വായിക്കുന്ന
ഏതെങ്കിലുമൊരാള്‍ക്ക്, അല്ലെങ്കില്‍ നിങ്ങളുടെ പരിചയക്കാര്‍ക്ക് ഇത്തരം
പ്രശ്‌നമുണ്ടെങ്കില്‍ ഉടന്‍ തന്നെ മുന്‍കരുതലെടുക്കുന്നത് നന്ന.്) വാട്‌സ്
ആപ്പ് ഊണിലും ഉറക്കത്തിലും ഉപയോഗിക്കുന്നവരുടെ മാനസിക വൈകല്യം
പഠനവിധേയമാക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ലോകത്താകമാനം, വാട്‌സ് ആപ്പ്
ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ ഏതാണ്ട് 150 കോടി കഴിഞ്ഞു.
ഫേസ്ബുക്കിന്റെ അധീനതയിലാണ് വാട്‌സ് ആപ്പ് എന്നൊക്കെ പറയാമെങ്കിലും ഇതിന്റെ
വലയില്‍പ്പെട്ടവര്‍ക്ക് ഇതു മാത്രമാണ് ശരണം. അവര്‍ തൊട്ടതും
പിടിച്ചതുമൊക്കെ മറ്റുള്ളവരുടെ ഫോണിലേക്ക് നിരന്തരം പ്രക്ഷേപിച്ചു
കൊണ്ടിരിക്കുന്നു. സന്ദേശം ലഭിക്കുന്നവരുടെ ശാപവചനങ്ങള്‍
ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്ക് വ്യാപകമായപ്പോഴും ഇതു
തന്നെയായിരുന്ന അവസ്ഥ. വീട്ടിലുണ്ടാക്കുന്ന അതിവിശിഷ്ട ഭോജ്യത്തിന്റെ
വിവരണങ്ങള്‍, മുറ്റത്ത് ഉണ്ടായ ഒരു പൂവിന്റെയോ ചെടിയുടെയോ പടങ്ങള്‍, യാത്ര
പോയപ്പോള്‍ എടുത്ത സെല്‍ഫികളുടെ നീണ്ട നിര എന്തൊക്കെയായിരുന്നു
കാണേണ്ടിയിരുന്നത്.
എന്തു വിശേഷപ്പെട്ട ദിവസങ്ങള്‍ വന്നാലും ഇപ്പോള്‍ ആശങ്കയാണ്. ഇത്തരം
ഫോര്‍വേഡ് ഗ്രീറ്റിങ്ങുകള്‍ കൊണ്ട് ഫോണ്‍ നിറയും. മൊബൈല്‍ ഡേറ്റ ഓഫ് ചെയ്തു
വയ്ക്കാമെന്നു വിചാരിച്ചാല്‍ ഏറ്റവും പ്രധാനമായ സന്ദേശങ്ങള്‍ നഷ്ടപ്പെട്ടു
പോകാന്‍ സാധ്യതയുണ്ട്. അതു കൊണ്ടു തന്നെ അതിനുള്ള ധൈര്യമില്ല. പിന്നെ,
ഇതൊക്കെ സഹിക്കുക മാത്രമാണ് മാര്‍ഗ്ഗം. ഫോണിലേക്ക് വരുന്ന ഇത്തരം
സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ മാര്‍ഗ്ഗമുണ്ടെന്നൊക്കെ പലരും പറയാറുണ്ട്.
എന്നാല്‍ ഓര്‍ക്കണം, ഇങ്ങനെ ടെക്ക് സാവിയായ ഒരു ജനതയല്ല ഇതൊന്നും
ഉപയോഗിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ഫോണ്‍ വിളിക്കണം, അത്യാവശ്യം
സന്ദേശങ്ങള്‍ അയയ്ക്കണം, ഇങ്ങോട്ടു വരുന്നത് വായിക്കാന്‍ പറ്റണം. ഇതിപ്പോ,
വാട്‌സ് ആപ്പിലെ വീഡിയോകളും ഓഡിയോകളും കാരണം ഫോണിന്റെ മെമ്മറി തന്നെ
പലപ്പോഴും പൂര്‍ണ്ണമായി പോവുകയാണ്. സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടത്
എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല.
അഥവാ, അതു ഡിലീറ്റ് ചെയ്യാന്‍ പോലും പറ്റാത്ത വിധത്തില്‍ ചിലപ്പോള്‍ ഫോണ്‍
ഹാങ് ആയി പോവുകയും ചെയ്യും. ആ സമയത്ത് ഫോണ്‍ നിലത്തെറിഞ്ഞു നശിപ്പിച്ചാലോ
എന്നു പോലും തോന്നിപ്പോകും. വാട്‌സ് ആപ്പ് ശരിക്കും ആപ്പായി മാറി പോകുന്ന
അവസ്ഥ. അറിയാതെ വെറുതേ പോകും ഇത്. ഇതിനു പുറമേ, ഫേസ്ബുക്ക്,
ഇന്‍സ്റ്റാഗ്രാം, സ്‌നാപ്പ് ചാറ്റ്, ലിങ്ക്ഡ് ഇന്‍, ട്വിറ്റര്‍ എന്നിവ കൂടി
ഉള്ളവരുടെ കാര്യമൊന്ന് ഓര്‍ത്തു നോക്കിയേ.. കഷ്ടമെന്നല്ലാതെ എന്തു
പറയാന്‍. ഇവര്‍ക്കൊക്കെയും ഇതൊക്കെ കുത്തിക്കുത്തി കൈയുടെ വിരലുകള്‍ ഒരു
പരുവമാകാതെ ഇരുന്നാല്‍ മതി. എപ്പോഴും ഇതിലേക്ക് തന്നെ നോക്കിയിരുന്ന്
കണ്ണുകള്‍ കേടാകാതിരുന്നാല്‍ മതി. ഇതിപ്പോള്‍ കണ്ണട കച്ചവടക്കാര്‍ക്കും
ചാകരയായിട്ടുണ്ട്. ബ്ലൂലൈറ്റിനെ പ്രതിരോധിക്കുന്ന ലെന്‍സും വിപണിയില്‍
ലഭ്യമായിരിക്കുന്നു. ഇത്തരക്കാര്‍ ഭക്ഷണം കഴിക്കുമ്പോഴും ടിവി കാണുമ്പോഴും
(വായന ഇല്ലെന്നത് ഭാഗ്യം), എന്തിന് വല്ലതും പറയുമ്പോള്‍ പോലും മൊബൈലില്‍
നിന്നും കണ്ണെടുക്കാറില്ലല്ലോ. തമാശയ്ക്ക് മുന്‍പ് വാട്‌സ് ആപ്പില്‍ തന്നെ
വായിച്ചൊരു സന്ദേശം ഓര്‍മ്മ വന്നു. ഫോണ്‍ നന്നാക്കാനായി കടയില്‍
കൊടുത്തപ്പോഴാണേ്രത അറിഞ്ഞത് വീട്ടില്‍ അച്ഛനും അമ്മയും ഒക്കെ ഉണ്ടെന്നും,
മുറ്റത്ത് ഇറങ്ങി നടന്നാല്‍ പറമ്പുണ്ടെന്നും അതിനൊക്കെ എത്ര
സൗന്ദര്യമുണ്ടെന്നുമൊക്കെ... സത്യത്തില്‍ ഇതല്‍പ്പം വിരോധാഭാസമായി
തോന്നാമെങ്കിലും യാഥാര്‍ത്ഥ്യത്തിലേക്കുള്ള പോക്കായി ഇതു കാണണം. എപ്പോഴും
ഫോണില്‍ കുത്തിയിരിക്കുന്ന ഒരു തലമുറ ചുറ്റും നടക്കുന്നതൊന്നും കാണുന്നും
കേള്‍ക്കുന്നുമില്ല. എന്തൊരു പോക്കാണിത്.
വാട്‌സ് ആപ്പിനെ എങ്ങനെ നിയന്ത്രിക്കണം എന്നതു സംബന്ധിച്ച് ആരോടും
ഉപദേശിച്ചിട്ട് കാര്യമില്ല. സ്വയം നിയന്ത്രിക്കുക മാത്രമാണ് മാര്‍ഗ്ഗം.
ഫോണ്‍ ഉപയോഗിക്കുന്നതിന് മാത്രമായി ഒരു നിശ്ചിത സമയം മാറ്റി വെക്കുക.
നിങ്ങള്‍ അസമയത്ത് ഫോണ്‍ എടുത്തില്ലെങ്കിലും സന്ദേശങ്ങള്‍
വായിച്ചില്ലെങ്കിലും പ്രത്യേകിച്ച് ഒന്നു സംഭവിക്കാനില്ലെന്നു സ്വയം
മനസ്സിലാക്കുക. അടിയന്തര സ്വഭാവമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതിനും ഫോണ്‍
വിളിക്കുന്നതിനു മാത്രം ഒരു എമര്‍ജന്‍സി നമ്പര്‍ ഉപയോഗിക്കുക. ബാക്കിയൊക്കെ
ജീവിതത്തിന്റെ ഭാഗമല്ലെന്നും അതില്ലെങ്കിലും ഒരു കുഴപ്പമില്ലെന്നും സ്വ.യം
കരുതുക. വാട്‌സ് ആപ്പ് ഉപയോഗിക്കാതിരുന്നു നോക്കൂ. ഒന്നും സംഭവിക്കാനില്ല.
ആരും നിങ്ങളെ തിരക്കിയെന്നു പോലും വരില്ല. ആരും അന്വേഷിച്ചു
വരാനുമില്ലെന്ന് അറിയുക. ഒരാള്‍ വന്നില്ലെങ്കില്‍ അടുത്തൊരാള്‍ എന്ന
നിലയ്ക്കാണ് ഗ്രൂപ്പിലെ പ്രവണതകള്‍. നിങ്ങള്‍ വന്നു കുശലാന്വേഷണം
പറഞ്ഞില്ലെങ്കില്‍ ഗ്രൂപ്പ് നശിക്കുമെന്നും അതു തന്റെ ജീവിതം തന്നെ
തകര്‍ത്തു കളയുമെന്നുമാണ് ചിലരുടെ ധാരണകള്‍. അതൊക്കെയും നിശേഷം
തൂത്തെറിയേണ്ടിയിരിക്കുന്നു. ഗ്രൂപ്പുകള്‍ തുടങ്ങുമ്പോള്‍ നിര്‍ബന്ധമായും
അത് ആശയവിനിമയത്തിനുള്ള ഉപാധി മാത്രമാണെന്ന് മനസ്സിലാക്കുക. എല്ലാവരുടെയും
വിലപ്പെട്ട സമയം നഷ്ടപ്പെടുത്താതിരിക്കുക, പരസ്പരം തര്‍ക്കിക്കാതിരിക്കുക,
ഫോര്‍വേഡ് മെസേജുകള്‍ (കട്ട് ആന്‍ഡ് പേസ്റ്റ്) പൂര്‍ണ്ണമായും ഒഴിവാക്കുക,
വീഡിയോ-ഓഡിയോ മെസ്സേജുകളും സ്വകാര്യമായ സന്ദേശങ്ങളും (അതു ആശംസകള്‍
ആണെങ്കില്‍ പോലും) ഒഴിവാക്കുക തുടങ്ങിയവ ശീലിച്ചാല്‍ വാട്‌സ് ആപ്പ് വലിയ
ആപ്പായി മാറുകയില്ല.ശാസ്ത്ര സാങ്കേതിക ലോകം അനുനിമിഷം
മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് സ്മാര്‍ട്ട് ഫോണ്‍ ജീവിതവും
മാറിക്കൊണ്ടിരിക്കും. അതിനു പിന്നാലെ നമുക്കും ഓടേണ്ടി വരും.
അതോര്‍ത്തിരുന്നാല്‍ നന്ന്. ഇല്ലെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരും.
Read your article about WhatsApp craziness. True, very true.
Glad to see someone wrote about it, finally.
Totally agree with your points.
Can’t understand why people are so adamant about forwarding those junk videos and picture messages to everyone in their contact list.
Recently I gently informed one of such maniacs in New York about filling my phone memory unnecessarily due to his forwarded videos and links of his articles from all the online media around the globe, but he apparently got annoyed, and wrote back saying he would delete me from his contacts (thank God... interesting thing is that it was he who got my number from someone and added me to his contact list. I had to ask him who he was when he sent me the first message !)
What a pity...
Anyway, thought of appreciating your write up, which is truly relevant.
Tc,
Shajan Anithottam,
Chicago.