ആശമാരുടെ സമരത്തിന് വാശികൂട്ടിയത് സി.പി.എം; പരിഹാസങ്ങള്‍ ബൂമറാങ്ങായി (എ.എസ് ശ്രീകുമാര്‍)
വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ സംഘടിപ്പിക്കുന്ന വനിതാ മാഹാസംഗമം നാളെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ നടക്കുകയാണ്. സമരം ഇന്ന് 26-ാം ദിനമാണ്. വാസ്തവത്തില്‍ ഈ സമരം വിജയിപ്പിച്ചതിന്റെ സകല ക്രെഡിറ്റും പിണറായി സര്‍ക്കാരിനാണ്. സമരത്തെ തീര്‍ത്തും വിലകുറഞ്ഞ ഭാഷയിലാണ്, തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് മേനിനടിക്കുന്ന സി.പി.എം അക്ഷേപിച്ചത്. ഇത് വെറും പാട്ടപെറുക്കലുകാരുടെ സമരമാണെന്നു വരെ പരിഹസിച്ചവരുണ്ട്. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ കിട്ടിയപ്പോള്‍ സമരം ചെയ്യുന്നവര്‍ക്ക് ഹരമായെന്നുമായിരുന്നു സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ എളമരം കരീമിന്റെ കളിയാക്കല്‍.