2012 ലെ മഞ്ഞു കാലം. വിന്റർ കടുക്കുന്നതിന്റെ മുന്നറിവുമായി തണുപ്പ് പിടി മുറുക്കിക്കഴിഞ്ഞു. സ്റ്റാറ്റൻഐലൻഡിലെ സൗത്ത് ബീച്ച് ഏരിയയിലുള്ള മനോഹരമായ ഒരു കൊച്ചു വീട്ടിൽ യുവതിയായ ഒരമ്മ തന്റെപിഞ്ച് മക്കളോടൊപ്പം വീട് അടച്ചു പൂട്ടിയിരിക്കുന്നു.
പുറത്ത് ചെറിയ നിലയിൽ ചുളു ചുളുപ്പൻ കാറ്റ് വീശുന്നുണ്ട്. സൗത്ത് ബീച്ചിലെ പഞ്ചാര മണൽനക്കിത്തോർത്തുന്ന കൊച്ചു തിരമാലകൾക്ക് ഇന്നല്പം ധൃതി കൂടുന്നുണ്ടോ എന്നൊരു സംശയത്തോടെജനൽചില്ലുകൾ അങ്ങോട്ട് മിഴി നട്ടിരിക്കുന്നു.
ഏതാനും ദിവസങ്ങൾക്കു മുൻപ് അറ്റ്ലാന്റിക് മഹാ സമുദ്രത്തിന്റെ അജ്ഞാത ഇടങ്ങളിലെങ്ങോ രൂപപ്പെട്ടതുംകാലാവസ്ഥാ നിരീക്ഷകർ ’ സാൻഡി ‘ എന്ന് പേര് നല്കിയിട്ടുള്ളതുമായ ട്രോപ്പിക്കൽ സ്‌ട്രോം കരീബിയൻനാടുകൾ കടന്നു വൻകര തൊട്ടു കഴിഞ്ഞു എന്ന ലൈവ് വാർത്തയാണ് ടി.വി. യിൽ.
കാറ്റും മഴയും ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് കുട്ടികളെ പുറത്ത് കളിക്കാൻ വിടരുതെന്നുംകരുതിയിരിക്കണമെന്നും പറഞ്ഞിട്ടാണ് അവരുടെ ഡാഡി സിറ്റിയിൽ ജോലിക്ക് പോയിട്ടുള്ളത്. വളരെപ്രശസ്തമായ ഒരമേരിക്കാൻ കമ്പനിയുടെ ഉന്നത പദവിയിലുള്ള ആ ഡാഡി ഇന്നത്തേക്ക് അവധിയെടുക്കാൻപരമാവധി ശ്രമിച്ചുവെങ്കിലും കമ്പനി അതിന് സമ്മതിച്ചില്ല. അത്യാവശ്യ ചുമതലകൾ പൂർത്തിയാക്കി ഉച്ചയോടെമടങ്ങിക്കൊള്ളാൻ ബോസ് സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ പതിവിന് വിപരീതമായി സ്വന്തം കാർ ഡ്രൈവ്ചെയ്താണ് യുവാവ് ഓഫീസിൽ എത്തിയിട്ടുള്ളത്.
അഞ്ചു വയസുകാരിയുടെ പതിവായുള്ള വീഡിയോ ചാറ്റിൽ 'അടി മോണയിൽ മുളച്ച അരിപ്പല്ലുകളിൽതേനൊലിപ്പിച്ച് 'അമ്മ മടിയിൽ അത്ഭുതം കൂറുന്ന ഒരു വയസുകാരനെ ഡാഡി കണ്ടു. അമ്മക്കഴുത്തിൽ അരുമവദനം ചേർത്തു വച്ച് അൽപ്പം നാണത്തോടെ ഡാഡിക്ക് റ്റാറ്റാ പറയുന്ന അഞ്ചു വയസുകാരി. ജോലിതീർന്നതിനാൽ ഇപ്പോൾത്തന്നെ ഇറങ്ങുകയാണെന്നു പറഞ്ഞ ഡാഡിയോട് താങ്ക്യൂ പറഞ്ഞ് ഫോൺ കട്ടാവുന്നു.
മഴ കനക്കുകയാണ്. വീശിയടിക്കുന്ന കാറ്റിൽ കമ്പികൾ ഒടിഞ്ഞ് ചുരുണ്ടു പോയ കുട ഉപേക്ഷിക്കേണ്ടി വന്നു. വളരെ പാട് പെട്ടിട്ടാണ് പാർക്കിങ് ലോട്ടിലെ കാറിൽ കയറിപ്പറ്റിയത്. നനഞ്ഞു കുതിർന്ന വസ്ത്രങ്ങളുമായി യാത്ര. വഴിയോ പുഴയോ എന്നറിയാതെയുള്ള ഡ്രൈവിങ്. എത്രയും വേഗം വീട്ടിലെത്തണം എന്ന ഉൾവിളി.
വഴിയിൽ രണ്ടു വശത്തേക്കും കനത്ത ട്രാഫിക് ജാം. വെർസാനോയിൽ അപ്പർ ലെവലിൽ ട്രാക്റ്റർ ട്രെയിലർമടിഞ്ഞ് റോഡ് ക്ളോസ്. ലോവർ ലെവലിൽ വാഹനപ്പെരുപ്പം മാത്രമല്ലാ ഇരുട്ടും പ്രളയവും കുടി ഒച്ചിഴയുന്നവേഗതയിലാണ് യാത്ര. വീട്ടിൽ നിന്ന് വിളി വന്നു. ഭാര്യയുടെ ശബ്ദത്തിൽ പേടി കലർന്ന വിറയൽ ശരിക്കുമുണ്ട്. വീട് വിറയ്ക്കുകയും അനങ്ങുകയും ചെയ്യുന്നതായി അവൾ പറയുന്നു. കുട്ടികൾ പേടിച്ചു കരയുന്നു. തിരമാലകൾ മുറ്റം കടന്നു വീട്ടിലേക്കു കയറാനൊരുങ്ങുകയാണെന്നു ഭാര്യ നിലവിളിക്കുന്നു.
ഒരു വിധത്തിൽ എക്സിറ്റ് എടുത്ത് ഇറങ്ങി. ഇനി അധിക ദൂരമില്ല. എങ്കിലും വഴിയിലാകെ തടസ്സങ്ങളാണ്. കൂടുതലും മരച്ചില്ലകൾ. ചിലത് പുറത്തിറങ്ങി എടുത്തു മാറ്റേണ്ടി വന്നു. പെട്ടന്നാണത് സംഭവിച്ചത്. വഴിയിറമ്പിൽആടിയുലഞ്ഞു നിന്ന വൻമരം കടപുഴകി റോഡിനു കുറുകേ വീണു. അതിന്റെ ആഘാതത്തിൽ കാർ ഒന്ന്കുലുങ്ങി നിന്നു. ഇനി ഒരടി മുന്നോട്ടില്ല എന്നുറപ്പായി.
ഇനിയെന്ത് എന്ന വേവലാതിക്കുള്ള ഉത്തരം പോലെ ഫോൺ ശബ്‌ദിക്കുന്നു.
“ ഡാർലിംഗ് !? “
ഭാര്യയുടെ തേങ്ങലുകൾക്കിടയിൽ കൊച്ചു കുഞ്ഞിന്റെ കരച്ചിൽ. മോളുടെ ഭയം കലർന്ന കിളിക്കൊഞ്ചൽ :
“ വേഗം വാ ഡാഡീ “
“ ഡാഡി വരികയാണ് “
“ ഓ! മൈ ഗാഡ് “ ഭാര്യയുടെ പൊട്ടിക്കരച്ചിൽ.
“ ഡാർലിംഗ് !? “
“ നമ്മുടെ വീട് ഒഴുകുകയാണ് ഡാഡീ “
“ ഗാഡ് ..മൈ കിഡ്സ് ”
“ വി ഫൈൻ ഡാഡീ “
“ മോളെ !”
തിരിച്ചറിയാനാവാത്ത ശബ്ദ സമുദ്രത്തിൽ നിന്ന് തെറിക്കുന്ന അവ്യക്തമായ
കുറേ അലർച്ചകൾ…. അതിലലിഞ്ഞ് മുഴച്ചു നിൽക്കുന്ന ഏക കിളിക്കൊഞ്ചൽ :
“ ഐ ലവ് യു ഡാഡീ “
“ മോളെ ? ”
“ ഡാ..ഡീ, ..…ഡാ …,.. ….’”
ഒരു യതാർത്ഥ സംഭവത്തെ അധികരിച്ച് .