നൂറുശതമാനം മാലിന്യ മുക്ത നവകേരളത്തിനായി കൊണ്ടുപിടിച്ച കാമ്പെയ്‌നാണ് മലയാളികള്‍ കണ്ടത്. 2024 ഒക്ടോബര്‍ 2-ാം തീയതി ഗാന്ധി ജയന്തി ദിനത്തിലാണ് മാരത്തോണ്‍ ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ മാലിന്യ മുക്തമാക്കി ഭംഗിയുള്ളതാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപാരി വ്യവസായി സംഘടനകള്‍, ഗ്രന്ഥശാലകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി സംഘടനകള്‍, യുവജനപ്രസ്ഥാനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റ് സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. 2025 മാര്‍ച്ച് 30-ലെ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ സമ്പൂര്‍ണ്ണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയുംവിധമാണ് കാമ്പെയ്ന്‍ ആസൂത്രണം ചെയ്തത്.
അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം കഴിഞ്ഞിട്ട് ഇന്നേയ്ക്ക് എട്ട് ദിവസമായി. ഏപ്രില്‍ 7-ാം തീയതിയായ ഇന്ന് ലോക ആരോഗ്യ ദിനമാണ്. കേരളം സമ്പൂര്‍ണ മാലിന്യ മുക്ത കേരളമായോ എന്ന് ചോദിച്ചാല്‍ പരസ്പരം മുഖത്തോടുമുഖം നോക്കുകയല്ലാതെ മറ്റു നിവര്‍ത്തിയില്ല. മാലിന്യ മുക്ത നവകേരള കാമ്പെയ്ന്‍ കൊണ്ട് കൊച്ചിയിലെ കൊതുകുകളെല്ലാം ആത്മഹത്യ ചെയ്‌തോയെന്നറിയില്ല. പൊതുസ്ഥലത്ത് വേസ്റ്റ് ഇടുന്നവര്‍ ആ പരമ്പരാഗത കലാ പരിപാടിയില്‍ നിന്ന് പിന്തിരിഞ്ഞതായി ബ്രേക്കിങ് ന്യൂസും കേട്ടില്ല. കേരളത്തിലെ 10 ജില്ലകളിലുള്ള 74 സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയതായി കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് പറയുകയും ചെയ്യുന്നു.
ഇതിനിടെ കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു എന്ന കുറ്റത്തിന് മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ 25,000 രൂപ പിഴയൊടുക്കേണ്ടി വന്ന സംഭവമുണ്ടായി. എന്നാല്‍ അദ്ദേഹം യഥാസമയം പിഴയടച്ചതിനാല്‍ കാര്യങ്ങള്‍ ശുഭകരമായി പര്യവസാനിച്ചു. മാത്രമല്ല ചാനലുകാര്‍ക്കത് മല്‍സരിച്ച് ആഘോഷിക്കാന്‍ കഴിഞ്ഞതുമില്ല. തികച്ചും ആകസ്മികമായാണ് പിഴയൊടുക്കലിന് ആസ്പദമായ സംഭവമുണ്ടായത്.
പിണറായി സര്‍ക്കാരിന്റെ മാലിന്യമുക്ത നവകേരള യജ്ഞത്തിന്റെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുന്ന സമയമായിരുന്നു. തിരുവനന്തപുരം വള്ളക്കടവിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ ബിസിനസ് ഡവലപ്പ്‌മെന്റ് ഓഫീസറായ എം.വി നസീം എന്ന വ്യക്തി ഏഴു മാസം മുമ്പ് കൊച്ചി കായലിലൂടെ ഒരു ഹൗസ് ബോട്ടില്‍ നാട്കാണാന്‍ ഇറങ്ങി. കായലിന്റെ ഒരു വശത്ത് ബോള്‍ഗാട്ടി പാലസും കടന്ന് ഹൗസ് ബോട്ട് മുന്നോട്ടു നീങ്ങി. കായല്‍ത്തീരത്ത് താമസിക്കുന്നവരെല്ലാം സെലിബ്രിറ്റികളാണ്.
അങ്ങനെ ഒരു വീടിനടുത്തെത്തിയപ്പോള്‍ അത് എം.ജി ശ്രീകുമാറിന്റെ വീടാണെന്ന് ബോട്ട് ജീവനക്കാരന്‍ പറഞ്ഞു. ആവേശത്തോടെ നസീം വീടിന്റെ ദൃശ്യങ്ങളൊക്കെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. പെട്ടെന്ന് എം.ജിയുടെ വീട്ടില്‍ നിന്ന് ഒരാള്‍ എന്തോ ഒരു സാധനം കായലിലേക്ക് വലിച്ചെറിയുന്നതും കണ്ടു. അതും കൃത്യമായി മൊബൈലില്‍ പതിഞ്ഞു. ബോട്ടു യാത്രയില്‍ കണ്ട കാഴ്ചകളൊക്കെ ആവോളം ചിത്രീകരിച്ച് നസീം തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയും ചെയ്തു.
ആ ദിവസങ്ങളില്‍ തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എം.ബി രാജേഷ് മാലിന്യമുക്ത നവകേരള കാംപെയ്ന്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഒരു വിശദീകരണക്കുറിപ്പ് പുറപ്പെടുവിച്ചത് നസീം കണ്ടു. പൊതു സ്ഥലങ്ങളിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി ആരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ തെളിവു സഹിതം അറിയിച്ചാല്‍ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്. അതിനായി ഒരു ടോള്‍ ഫ്രീ നമ്പറും ഈ അറിയിപ്പിനൊപ്പം ചേര്‍ത്തിരുന്നു.
മന്ത്രിയുടെ കുറിപ്പു വായിച്ച എം.വി നസീം താന്‍ നേരത്തെ ചിത്രീകരിച്ച എം.ജി ശ്രീകുമാറിന്റെ വീടും അവിടെ നിന്ന് ഒരാള്‍ കായലിലേക്ക് എന്തോ വലിച്ചെറിയുന്ന ദൃശ്യവും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു. അത് മന്ത്രിക്കും ടാഗ് ചെയ്തു. എം.ജി ശ്രീകുമാര്‍ കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ടാഗ് ലൈന്‍. ദൃശ്യം കണ്ട മന്ത്രി ഉടനടി നടപടിയെടുക്കുവാന്‍ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ബോള്‍ഗാട്ടി പാലസിന്റെ അതേ തീരത്തുള്ള എം.ജി ശ്രീകുമാറിന്റെ വീട് മുളവുകാട് പഞ്ചായത്തിന്റെ 12-ാം വാര്‍ഡിലാണ്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ തങ്ങേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലാണ് അദ്ദേഹം ഈ വീട്ടില്‍ താമസിക്കുന്നത്.
ഇത്തരം കേസുകളില്‍ പിഴയാണ് ശിക്ഷ. പിഴ അടച്ചു കഴിയുമ്പോള്‍ ഈ വിവരം തെളിവു സഹിതം നല്‍കിയ ആള്‍ക്ക് ഒരു പ്രോല്‍സാഹനമെന്ന നിലയില്‍ പാരിതോഷികം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവം അന്വേഷിച്ച് വ്യക്തത വരുത്തിയ മുളവുകാട് പഞ്ചായത്ത് അധികൃതര്‍ എം.ജി ശ്രീകുമാറിന് അഞ്ചു ദിവസത്തിനുള്ളില്‍ 25,000 രൂപ പഞ്ചായത്ത് രാജ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം പിഴയൊടുക്കാന്‍ നോട്ടീസ് അയച്ചു. സംഭവസമയത്ത് എം.ജി ശ്രീകുമാര്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും ജോലിക്കാരി മാങ്ങ കഴിച്ച ശേഷം ബാക്കി കടലാസില്‍ പൊതിഞ്ഞ് കായലിലേക്ക് എറിയുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ് അക്ബറിന്റെ വാദം.
നോട്ടീസ് കിട്ടിയതോടെ എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ തന്നെ എം.ജി ശ്രീകുമാര്‍ പിഴയൊടുക്കുകയായിരുന്നു. അതേസമയം കായലിലേക്ക് ജോലിക്കാരിയാണ് ചീഞ്ഞ മാങ്ങയുടെ അവശിഷ്ടം വലിച്ചെറിഞ്ഞതെന്ന് എം.ജി ശ്രീകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ''ഞാന്‍ അന്ന് വീട്ടില്‍ ഇല്ലായിരുന്നു. കായല്‍ തീരത്ത് ഒരു മാവ് നില്‍പ്പുണ്ട്. അതില്‍ നിന്ന് ഒരു മാങ്ങാ പഴുത്തത് നിലത്ത് വീണ് ചിതറി. അതിന്റെ മാങ്ങാണ്ടി പേപ്പറില്‍ പൊതിഞ്ഞ് ജോലിക്കാരി വെള്ളത്തിലേക്ക് എറിഞ്ഞതാണ്. അത് തെളിയിക്കാനും ഞാന്‍ തയ്യാറാണ്. പക്ഷേ അങ്ങനെ ചെയ്തത് തെറ്റാണ്. സത്യത്തില്‍ അവരത് അറിയാതെ ചെയ്തതാണ്...'' എം.ജി ശ്രീകുമാര്‍ പറഞ്ഞു.
കേരളത്തിലെ പഞ്ചായത്തുകളില്‍ മാത്രമല്ല, സകല പൊതു ഇടങ്ങളിലും തള്ളപ്പെടുന്ന മാലിന്യങ്ങളുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ എം.ജി ശ്രീകുമാര്‍ എന്ന സെലിബ്രിറ്റി പിഴ അടച്ചത് കൊണ്ട് മാത്രം അതൊരു വലിയ സംഭവമായി മാറുന്നുമില്ല. പക്ഷേ, ന്യായീകരണങ്ങളൊന്നും നിരത്താതെ അദ്ദേഹം പിഴയൊടുക്കി മാതൃക കാട്ടി. ഇക്കാര്യം താന്‍ മന്ത്രി എം.ബി രാജേഷിനോട് സംസാരിച്ചുവെന്നും ഇങ്ങനെ ഒരു മാതൃക കാട്ടിയതില്‍ അദ്ദേഹം അഭിനന്ദിച്ചുവെന്നും എം.ജി പറഞ്ഞു. എം.ജി ശ്രീകുമാറിനെ മാലിന്യമുക്ത കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാമെന്നും മന്ത്രി പറഞ്ഞത്രേ.
ഇക്കാര്യത്തില്‍ എം.ജി ശ്രീകുമാര്‍ ഒരു കാര്യം വ്യക്തമാക്കുകയുണ്ടായി. ''ഞാന്‍ തെറ്റ് സമ്മതിക്കുന്നു. അതിന് പണവും അടച്ചു. ഞാന്‍ മനസാ വാചാ കര്‍മണാ അറിയാത്തൊരു തെറ്റിന് 25,000 രൂപ പിഴ ചാര്‍ത്തിയപ്പോള്‍ ഇവിടുത്തെ ഹോട്ടലുകാരും അതുപോലെ പല സ്ഥലങ്ങളില്‍ നിന്നുമൊക്കെ കൊണ്ടുവന്നു തള്ളുന്ന മാലിന്യങ്ങള്‍ അധികൃതര്‍ കണ്ണുതുറന്ന് കാണണം. അതിനൊക്കെ വന്‍ തുക ഈടാക്കുകയും വേണം...'' ഇങ്ങനെയൊക്കെ നേരേ ചൊവ്വേ ചെയ്തിരുന്നുവെങ്കില്‍ ഈ കേരളം എന്നേ 'ദൈവത്തിന്റെ ഇഷ്ടപ്പെട്ട' നാടാകുമായിരുന്നു...