Image

റമദാൻ കഴിഞ്ഞു ഇനി പെരുന്നാൾ....(ഷുക്കൂർ ഉഗ്രപുരം)

Published on 31 March, 2025
റമദാൻ കഴിഞ്ഞു ഇനി പെരുന്നാൾ....(ഷുക്കൂർ ഉഗ്രപുരം)

വ്രതത്തിൻ്റെ ഒരു മാസക്കാലം കഴിഞ്ഞു. ഇനി ചെറിയ പെരുന്നാൾ ആഘോഷം. നോമ്പിൻ്റെ വിശുദ്ധി നഷ്ടപ്പെടുത്താതെ ഒരു മാസക്കാല വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധിയെയും അതിലൂടെ നേടിയെടുത്ത ആത്മീയ ജൈവിക തേജസിനേയും നഷ്ടപ്പെടുത്തുന്നതാവരുത് തുടർന്നുളള ജീവിതം. പട്ടിണിയിലൂടെയും ആത്മ നിയന്ത്രണത്തിലൂടെയും നേടിയെടുത്ത മനക്കരുത്ത് ആത്മ ധൈര്യവും ഇനിയുള്ള ജീവിതത്തിന് ദിശനിർണയിക്കുന്ന തരത്തിലുള്ളതാകുമ്പോഴാണ് നമ്മുടെ വ്രതം അർത്ഥപൂർണ്ണമാകുന്നത്.

നോമ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് യൂണിവാഴ്സിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത ഒരു മലയാളം പ്രഥസർ എഴുതിയത് നോക്കു.


"ഉള്ളിൽ സ്വയം വിളക്ക് കത്തണം.അല്ലെങ്കിൽ അത് കണ്ടെത്തി തിരി കൊളുത്തണം.

പോയ കാലങ്ങളെപ്പൊലെയല്ല നമ്മുടെത്.പരസഹസ്രം തേജോപുഞജങ്ങൾ നമുക്ക് ചുറ്റുമുണ്ട്.ഏത് സൂര്യ മുഖത്തുനിന്ന് നമ്മുടെ തിരി കത്തിക്കും എന്നതിലാണ് ആശങ്ക. നവ മുതലാളിത്തത്തിന്റെ കാലത്തെ കൺഫ്യൂഷൻ ആണത്.നഞ്ഞെന്തിനാ നാനാഴി എന്നുപറയുമ്പോലെത്തന്നെ ഒരു കുടം വേണ്ട,വെളിച്ചം ഒരു തുള്ളി മതി.


ചോംസ്കി ചോദിച്ചപോലെ,’ഇത്രമേൽ വിവരങ്ങൾ നമുക്ക് ചുറ്റുമുണ്ടായിട്ടും നാമിത്രമാത്രം ‘അജ്ഞരാ’യിപ്പോയതെന്ത്യേ?.

വിവര സാങ്കേതികകാലത്തിന്റെ മർമ്മമറിഞ്ഞു കൊണ്ടുള്ള ചോദ്യമായിരുന്നു അത്.

സ്വർഗത്തിൽനിന്നും അഗ്നി മോഷ്ടിച്ചു നമുക്ക് വെളിച്ചം പകരാൻ ഒരു  പ്രൊമത്യൂസ് ഇനിയു ണ്ടാവൂല.ദൈവമുമായി മനുഷ്യന് നേരിട്ടൊരു സംഘർഷത്തിന്റെ കാലം കഴിഞ്ഞു പോയിരിക്കുന്നു.നമ്മുടെ കാലത്ത് മതങ്ങൾ നിഷ്പ്രഭമായിത്തീർന്നത് അതുകൊണ്ടാണ്.ദൈവത്തേക്കാൾ  വലിപ്പമുള്ള അധികാര ചിഹ്ങ്ങളാണ്,നിത്യേന നമ്മുടെ ജീവിതത്തിൽ കയറിയിറങ്ങി അടിയന്തിരാവസ്ഥയുടെ ലാത്തിച്ചാർജ്ജ് നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സുപ്രഭാതത്തിൽ,ബഷീറിനെ ചൊറിച്ചു മല്ലിയാൽ,’ഇബ്‌ലീസ്  എമ്പുരാന്റെ കോലത്തിലും വരും’.


ഓരോരുത്തരുടെയും ഉള്ളിൽ അതുണ്ട്- ഒരു തുള്ളി വെളിച്ചം.അത് സ്വയം കെടൂല.കെടുത്തിക്കളഞ്ഞവർക്കുനേരെ  എത്ര ടോർച്ചടിച്ചാലും കാര്യമിവുമില്ല.സ്വയം കെട്ട് അന്യരുടെ പ്രകാശം കാത്തിരിക്കുന്നത് കൊണ്ടാണ്,മനുഷ്യ സമൂഹം അതിന്റെ ദുരന്തമുഖത്ത് തന്നെ നങ്കൂരമിടുന്നത്.

ഇന്ന് വെളിച്ചത്തിന്റെ വൻ ഫാക്ടറികളുള്ളത് കോർപ്പൊറേറ്റുകൾക്കാണെന്നറിയുക.


ആയതുകൊണ്ട് ഉള്ളിൽകിടക്കുന്ന ആ ഒരു തുള്ളി വെളിച്ചത്തിനുമേൽ ഇരുട്ട് വീഴാതെ നോക്കുക.മുനിഞ്ഞു കത്തുന്ന വഴിവിളക്കുകളായാൽ പോലും അവകൊണ്ടേ എണ്ണ പകരാനാവൂ.സ്നേഹവും സാന്ത്വനവും അതുകൊണ്ട് കിട്ടും.മനുഷ്യത്വത്തിനെതിരെയുള്ള സദാ തുടരുന്ന നിന്ദ അവസാനിക്കണം.പ്രത്യേക ജനവിഭാഗങ്ങൾക്കുമേൽ കുതിര കയറുന്ന അധികാരസ്ഥാനങ്ങൾ ഇല്ലാതാവണം.മനുഷ്യർക്ക് അവരായി ജീവിക്കാൻ കഴിയണം.സ്വാതന്ത്ര്യദിനങ്ങൾ പോരാ,സ്വാതന്ത്ര്യം നിത്യം വാഴണം.


പ്രവാചകൻ പറഞ്ഞപോലെ,നിങ്ങളിൽ ഒരു അവയവമുണ്ട്.അത് നന്നായാൽ എല്ലാം നന്നായി.അത് ചീത്തയായാൽ ഒക്കെ ചീത്തയായി.അതിന്റെ പേരാണ്, ഹൃദയം"

ആരാധനാ കർമ്മങ്ങൾക്കപ്പുറത്ത്  ഹൃദയ വിശുദ്ധിക്കാണ് നാം പ്രാധാന്യം കൊടുക്കേണ്ടത്.


നോമ്പു നമ്മുടെ സാമൂഹിക ചിന്തകളിലൂടെ നമ്മുടെ സമൂഹ നന്മയ്ക്ക് വേണ്ടിയുള്ളതാവണം. അത്തരത്തിലുള്ള മാഷിൻ്റെ ഒരു എഴുത്തു കൂടി വായിക്കൂ


27 - രാവിനെയല്ല,

മാർച്ചിൽ പെയ്യുന്ന ഈ മഴയാണ് എനിക്ക് പേടി. കാരണം ദൈവത്തെയും ഭൂമിയിലെ

ജൈവജാലങ്ങളെയും ഞാൻ സ്നേഹിക്കുന്നു.


ജനുവരി പുലരും മുമ്പേ മലയാളി ‘ചൂട് സഹിക്കാൻ വയ്യ’ എന്നുരുവിട്ട് തുടങ്ങുകയാണ്.

പരസ്പരം ഒന്നും മിണ്ടാനില്ലാതാവുമ്പോൾ നാമിന്ന് ഉച്ചരിക്കുന്ന ആചാര പ്രയോഗം കൂടിയാണ്,അത് - ‘എന്തൊരു ചൂടാല്ലേ’…എന്ന്.

ഇക്കാലത്ത് നമ്മുടെ പാടങ്ങളിലേക്ക് ശ്രദ്ധിച്ചിട്ടുണ്ടോ.നെല്ല് വിളഞ്ഞു കിടക്കുന്ന സമയമാണ്.വയൽ മണ്ണിന്റെ നിറത്തിൽ കതിര് വിളഞ്ഞു നിൽക്കുന്നു.

മതിയായ കൊയ്ത്തുകരോ കൊയ്ത്തുപകരണങ്ങളോ ഇല്ലാതെ ഇക്കാലമായാൽ വയലുകളിൽ വിളയേറ്റിയ മനുഷ്യർ വിറങ്ങലിച്ചു നിൽപ്പ് തുടങ്ങും.മാർച്ചിൽ മഴയില്ലെങ്കിൽ അതൊരു പ്രശ്നവുമല്ല.


കുറേ കാലമായി.സമ്പൂർണ്ണ കൺസ്യൂമർ സ്റ്റേറ്റ് ആയി പരിണമിച്ചു കൊണ്ടിരിക്കുന്ന കേരളം മാർച്ചിലെ വിളഞ്ഞുനിൽക്കുന്ന ഈ വയലുളെ കുറിച്ച് വേവലാതിപ്പെടാറുണ്ടോ?ഇല്ല,എന്നാണ് പൊതുവായ ഉത്തരം.

മഴ പെയ്യട്ടെ,ചൂടിനെതായാലും ഒരു ശമനമായി എന്നാണ് അശ്വസിക്കാറ്.ന്യൂ ജനറേഷനെ ഇതൊന്നും ബാധിച്ചു കണ്ടിട്ടേയില്ല.അവരെ നാം കേരളത്തിന്റെ  ചരിത്രവും  കാർഷിക സംസ്കാരത്തിന്റെ കണ്ണും കരളും പഠിപ്പിച്ചു കൊടുത്തിട്ടില്ല.നാം അവരെ ആദരിച്ചു കൊണ്ടിരിക്കുന്നത്,ജനറേഷൻ ഗ്യാപ്പ് സൂക്ഷിക്കുന്ന വെറും ഭീതി മൂലമാണെന്ന് തോന്നാറുണ്ട്.അവർക്കും നമുക്കുമിടയിൽ ക്രിയാത്മകമായ ചിന്തയും പരിചയവും നിലനിൽപ്പുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.നമ്മുടെ ചെറുമക്കളെ നാം ആദരിച്ചു കൊണ്ടേയിരിക്കുന്നു എന്നതിനപ്പുറം  ആർക്കോ വേണ്ടി ജീവിക്കാനുള്ള സിലബസ് ഒരുക്കികൊടുത്തിരിക്കുന്നു.പ്രകൃതിയും പരിസ്ഥിതിയും തമ്മിലുള്ള ജീവത് ബന്ധം അവരിൽ ഭൂരിപക്ഷത്തെയും സംബന്ധിച്ച് കാടും കടലാടിയും പോലെയാണ്.


14 ശതകം കഴിഞ്ഞുപോയെങ്കിലും  ഇബ്നു ഖൽദൂൻ എന്ന ചരിത്ര ദാർശനികൻ,

തന്റെ മുഖദ്ദിമ ( ചരിത്രത്തിന് ഒരാമുഖം ) യിൽ പ്രവചിച്ച ഒരു കാര്യമുണ്ട്.സ്വന്തം അന്നം ഉൽപാദിപ്പിക്കാത്ത ജനത  ക്രമേണ നശിക്കും എന്ന ജീവിത സാരമാണത്.ലോക ചരിത്രത്തിൽനിന്നുമുള്ള നിരവധി ഉദാഹരണം നിരത്തിയാണ് അദ്ദേഹം ഇത് സ്ഥാപിച്ചിട്ടുള്ളത്.അതെന്നെ  പലപ്പോഴും അലട്ടാറുണ്ട്.

വെറും സ്വാർത്ഥത്തിലും അമിതമായ അലച്ചയിലും കോർപ്പറേറ്റ് കച്ചവടക്കണ്ണിലും മാത്രം ഉണർന്നിരിക്കുന്ന ലോകത്തെ നയിക്കുന്ന ട്രമ്പുമാർ ലോക കാലാവസ്ഥയെ ഒട്ടും വക വെക്കുന്നില്ല.ആഗോള താപനത്തിനെതിരെയുള്ള ഉടമ്പടികളെയെല്ലാം കാറ്റിൽപ്പറത്തി കൊന്നും മുടിച്ചും മുന്നേറുന്നു.Drill baby drill എന്ന് ഉരുവിട്ട് ട്രപ്പീസ് കളിക്കുന്നു.ലോകമെമ്പാടുമുള്ള മനുഷ്യരെ കൊച്ചാക്കുന്നു.


മാർച്ചിൽ മഴ പെയ്താൽ നമുക്ക് സംഭവിക്കാവുന്നത് കൊടിയ രണ്ടുദുരിതങ്ങളാണ്.ഒന്ന്,ഉണ്ടാക്കിയ വിള കാര്യക്ഷമമായി വിളവെടുക്കാൻ കഴിയാതെ നശിച്ചുപോകും.രണ്ട്.അതുകൊണ്ട് കർഷകർക്ക് ഭീമമായ നഷ്ടമുണ്ടാവും.കർഷകരുടെ,ബാക്കിയുള്ള വീര്യത്തെക്കൂടി അത് ചോർത്തിക്കളയും. ബാക്കിയുള്ള നെൽ കൃഷിയെയും  വയലിൽനിന്നും ക്രമേണ പുറത്താക്കും.മതിയായ കൊയ്ത്തു പകരണങ്ങളുടെയും കൊയ്ത്തു തൊഴിലാളികളുടെയും അഭാവം കേരളം അനുഭവിക്കാൻ തുടങ്ങിയിട്ട് നാൾ കുറച്ചായി.അവക്കൊന്നും ശാസ്ത്രീയമായ പരിഹാരം കാണാൻ നമുക്കുതുവരെ കഴിഞ്ഞിട്ടില്ല…നമ്മുടെ രാഷ്ട്രീയ വിഷയങ്ങൾ വേറെയാണല്ലോ!


കാലാവസ്ഥയാവട്ടെ സമ്പൂർണ്ണമായും തകിടം മറിഞ്ഞിരിക്കയാണ്.മെട്രോളജിക്കൽ വിഭാഗം നൽകുന്ന കാലാവസ്ഥ- ദിനാന്തരീക്ഷ സ്ഥിതിയെ കുറിച്ചുള്ള സ്ഥിതി വിവര വാർത്തകൾ നമുക്കിന്നു വെറും തമാശയാണ്.സേഫായി ബയ്ക്കോ ഇന്നോവയോയെടുത്ത് പുറത്തിറങ്ങാനുള്ള ഒരു സർക്കാർ വിളംബരം.

സത്യത്തിൽ നാം ആരുടെ ചിലവിലാണ് ജീവിക്കുന്നത്?എന്ന് നമുക്ക് പോലുമറിയില്ല.നമുക്ക് സ്വന്തമായി ഒന്നും അവകാശപ്പെടാനില്ല.

കാര്യമറിയുന്ന രാഷ്ട്രീയ നേതൃത്വവുമില്ല.


കഴിഞ്ഞുപോയ 2 അതിവർഷങ്ങളും കെടുതിയും എത്ര പൊടുന്നനെയാണ് നമ്മുടെയൊക്കെ മനസ്സുകളിൽ വെറും കല്പനിക സിനിമകൾ മാത്രമായി അവശേഷിച്ചത്? ഓഗസ്റ്റ് മാസങ്ങളിലായിരുന്നു ആ രണ്ട് കൊല്ലവും

അതിമഴ പെയ്തത്.

ഇപ്പോഴിതാ,,മാർച്ചിൽ മഴ തൂങ്ങി നിൽക്കുന്നു.നമ്മുടെ വിളഞ്ഞു നിൽക്കുന്ന,അവശേഷിക്കുന്ന നെൽപ്പാടങ്ങളെ ആര് സംരക്ഷിക്കും?


അന്ധമായ മത വേഷങ്ങളും ആർക്കും അവശ്യമില്ലാത്ത സാംസ്‌കാരിക ചിഹ്നങ്ങളും ആചാരങ്ങളും വെറുപ്പുത്പാദന സാമഗ്രികളും അല്പന്മാരുടെ രാഷ്ട്രീയ ജൽപനങ്ങളുമല്ലാതെ നമുക്ക് ചുറ്റും എന്താണുള്ളത്?ഒരു ഭാഗത്ത്.കാലവും പ്രകൃതിയും അറിയാതെയുള്ള അത്യാഡംബര  -കുത്തക വിദ്യാഭ്യാസ സമ്പ്രദായങ്ങൾ.മറുഭാഗത്ത്,ഉള്ളവന്റെ ‘കൺസ്യൂമറിസ്റ്റ് ഡെമോക്രസി’.


സ്വയം നിലനിൽക്കാനുള്ള എന്തെങ്കിലും ഭാവി പരിപാടി നമ്മുടെ കൈയിലുണ്ടോ ?

എന്നതാണ് ഇപ്പോൾ ചോദിക്കേണ്ട ക്രൂഷ്യൽ ആയ ചോദ്യം എന്നാണ് എനിക്ക് തോന്നുന്നത്.നാഴികയ്ക്ക് നാല്പത് വട്ടം, 'വികസനം' ഉച്ചരിച്ചുകൊണ്ട് ആളെ പറ്റിക്കുന്ന പണി മാത്രമേ ഇപ്പോൾ കാണുന്നുള്ളൂ.


- ഷുക്കൂർ ഉഗ്രപുരം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക